From Wikipedia, the free encyclopedia
സമാന്യമായി ദൈവം, ദേവത, ബ്രഹ്മം, സ്വർഗം, നരകം, ആത്മാവ്, സാത്താൻ തുടങ്ങിയ കാര്യങ്ങൾ നിരാകരിക്കുന്ന നിലപാടോ, ദർശനമോ (Philosophy) ആണ് നിരീശ്വരവാദം (Atheism). [1]
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പാശ്ചാത്യദർശനശാസ്ത്രം (Western Philosophy) അനുസരിച്ചുള്ള ഒരു വിഭാഗമാണ് ഇത്. ആധുനിക ശാസ്ത്രം, സ്വതന്ത്രചിന്ത, ലിംഗനീതി എന്നിവയും ഇതിൽ പ്രാധാന്യമർഹിക്കുന്നു. ഭാരതീയ ദർശനമനുസരിച്ചുള്ള (Indian Philosophy), നാസ്തികവാദം (Heterodoxy), മേല്പറഞ്ഞ നിർവചനമനുസരിച്ചുള്ളതല്ല. വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്നുവോ ഇല്ലയോ എന്നുള്ളതാണ്, ഭാരതീയ ദർശനപ്രകാരമുള്ള ആസ്തിക-നാസ്തിക വിഭജനത്തിന് അടിസ്ഥാനം. ഇതിനെ ചാർവാകദർശനം എന്ന് അറിയപ്പെടുന്നു. വേദം പ്രമാണമായി അംഗീകരിക്കുന്ന, ആസ്തികദർശനമായ, സാംഖ്യദർശനം ദൈവത്തെ അംഗീകരിക്കുന്നില്ല. നാസ്തിക
ചർവാകരും ഇപ്രകാരം ഒരു ദൈവത്തെയോ വേദങ്ങളേയോ അംഗീകരിക്കുന്നില്ല. [2]
നിരീശ്വരവാദികൾ, വ്യവസ്ഥാപിത മതങ്ങളുടെ തത്ത്വങ്ങളെ അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ അസ്തിത്വത്തിന് മതിയായ പ്രത്യക്ഷത്തെളിവുകൾ (Empirical evidence) ഇല്ല എന്ന് നിരീശ്വരർ വാദിക്കുന്നു. എന്നാൽ അജ്ഞേയതാവാദത്തിൽ (Agnosticism) നിന്നും വിഭിന്നമാണ് ഈ വാദം. ദൈവത്തെപ്പറ്റിയോ പ്രപഞ്ചകാര്യങ്ങൾ മുഴുവനുമോ, മനുഷ്യബുദ്ധിക്ക്, അതിന്റെ പരിമിതികൾ കൊണ്ട് അറിയുവാൻ കഴിയില്ല എന്ന തത്ത്വശാസ്ത്രപരമായ നിലപാടാണ് അജ്ഞേയവാദം. [3]
ലോകത്തിൽ 85 കോടിയോളം ജനങ്ങൾ വ്യവസ്ഥാപിത മതങ്ങളിൽ വിശ്വാസമില്ലാത്തവരാണ്. [4]
മനുഷ്യന്റെ ആദ്യതലമുറകൾ ഏതെങ്കിലും വിശ്വാസക്രമങ്ങൾ പിന്തുടർന്നതിന് ലഭ്യമായ തെളിവുകളില്ല. പില്ക്കാലത്ത് അവർ കൂട്ടമായി ജീവിക്കുകയും സാമൂഹിക ജീവിതം വികസിക്കുകയും ചെയ്തതോടെ ചുറ്റുപാടുകളുമായുള്ള അവരുടെ ബന്ധം സങ്കീർണമായിത്തീർന്നു. ഗോത്രങ്ങളും വിശ്വാസക്രമങ്ങളും രൂപപ്പെട്ടു. തന്നെക്കാൾ കരുത്തുള്ള പ്രകൃതിശക്തികളെ അവർ ആരാധിക്കാൻ തുടങ്ങുന്നതും ഇക്കാലത്താണ്. പില്ക്കാലത്ത് ഇത്തരം വിശ്വാസരൂപങ്ങൾ ദൈവങ്ങളും മതങ്ങളുമൊക്കെയായി വളർന്നുവരികയാണുണ്ടായത്. പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനുള്ള അവരുടെ ശ്രമങ്ങളായിരുന്നു ദർശനങ്ങളായി അവയിൽ ഘനീഭവിച്ചത്. എന്നാൽ ഇത്തരം ദർശനങ്ങൾ അതീത ശക്തിയിലും, പ്രപഞ്ചസ്രഷ്ടാവിലും ചെന്നെത്തിയപ്പോൾ അവയോട് വിയോജിക്കുകയും ബദൽ ദർശനങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തുകൊണ്ട് ചില പ്രാചീന ദാർശനികർ അവരുടെ സ്വതന്ത്ര ചിന്ത ആവിഷ്കരിച്ചു.
ഈശ്വരവാദവും നിരീശ്വരവാദവും ഏറ്റവും സ്പഷ്ടമായ അർഥകല്പനകളുള്ള ദാർശനിക നിലപാടുകളായിട്ടാണ് ഇന്ത്യൻ ദാർശനികർ ഉപയോഗിച്ചിരുന്നതെന്ന് ദേബീപ്രസാദ് ചതോപാധ്യായ ചൂണ്ടിക്കാട്ടുന്നു. സർവജ്ഞനും, സർവശക്തനും, ധാർമിക നിയന്താവുമായ ദൈവത്തെക്കുറിച്ചുള്ള വ്യക്തമായ സങ്കല്പമാണ് ഈശ്വരവാദം. എന്നാൽ ഇത്തരം സങ്കല്പങ്ങളുടെ നിഷേധമായിരുന്നു നിരീശ്വരവാദം.
ഇന്ത്യൻ ദാർശനികരിൽ ഒരു വിഭാഗം നിരീശ്വരവാദികളായിരുന്നു. അവർക്ക് ഈശ്വരൻ അന്ധവിശ്വാസവും പൊള്ളയായ സങ്കല്പവും ലക്ഷ്യംതെറ്റിയ ആരാധനാവസ്തുവുമായിരുന്നു. ദൈവത്തെ സർവജ്ഞൻ, സർവശക്തൻ, അനശ്വരൻ എന്നിങ്ങനെ വാഴ്ത്തുന്നത് അർഥശൂന്യമാണെന്നാണ് ജൈനദാർശനികരുടെ അഭിപ്രായം.
വേദാന്തവും, ന്യായ-വൈശേഷികവുമൊഴിച്ച്, ബുദ്ധമതം, ജൈനമതം, [5]ചാർവാകം (ലോകായതം), മീമാംസ, ന്യായ-വൈശേഷികത്തിന്റെ ആദ്യരൂപം, സാംഖ്യം, യോഗം തുടങ്ങിയ ദർശനങ്ങളെല്ലാം നിരീശ്വരവാദപരമായിരുന്നു. ഇതിൽ യോഗം വലിയ ദാർശനിക പദ്ധതിയായി കരുതാനാവില്ല. യോഗത്തിലെ ദാർശനിക കാര്യങ്ങൾ സാംഖ്യത്തിൽനിന്ന് കടംകൊണ്ടിട്ടുള്ളവയാണ്.
ബുദ്ധനു മുൻപ് (ബി.സി. 6-ാം ശ.) എഴുതപ്പെട്ട ശ്വേതാശ്വതരോപനിഷത്തിൽ പ്രപഞ്ചത്തിന്റെ കാരണമന്വേഷിക്കുന്ന ചിന്തകളുടെ സൂചനകളുണ്ട്. അവ, ഈശ്വരനാണ് കാരണമെന്ന് പറയുന്ന ഈശ്വരവാദം, ആകസ്മികത്വമാണെന്ന് വിശേഷിപ്പിക്കുന്ന യദൃച്ഛാവാദം, സ്വഭാവത്തെ കാരണമായി കരുതുന്ന സ്വഭാവവാദം എന്നിവയാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചം തികച്ചും ഭൌതികമായ ഒന്നാണ്. അത് ദ്രവ്യത്തിന്റെ സ്വാഭാവിക പ്രകൃതി നിയമങ്ങളുടെ പ്രവർത്തനഫലമായാണ് ഉദ്ഭവിച്ചത്. പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളും സംഭവങ്ങളും പ്രകൃതി നിയമങ്ങൾക്ക് വിധേയമാണ്. പ്രാർഥനയ്ക്കോ വഴിപാടുകൾക്കോ അവയെ സ്വാധീനിക്കാനാവില്ല. ആകസ്മികതാവാദവും ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്നതാണ്. ലോകയാഥാർഥ്യം സങ്കീർണവും യാദൃച്ഛികവുമാണെന്ന് ആകസ്മികതാവാദികൾ വാദിക്കുന്നു. ബുദ്ധന് മുൻപുതന്നെ ഇന്ത്യയിൽ വികാസം പ്രാപിച്ച അനേകം നിരീശ്വരവാദ നിലപാടുകൾ ശ്വേതാശ്വതരോപനിഷത്തിൽ കാണുന്നു.
ഭൗതികവാദികളായിരുന്ന ചാർവകന്മാരുടെ കൃതികളൊന്നും തന്നെ ലഭ്യമല്ല. ഇവർ സ്വഭാവവാദത്തിന്റെ ആദ്യകാല പ്രതിനിധികളായിരുന്നു. അവരുടെ വാദങ്ങളെ നിഷേധിക്കുന്നതിനുവേണ്ടി ഈശ്വരവാദികൾ ഉദ്ധരിച്ച വാക്യങ്ങളും, സംഗ്രഹിതരൂപങ്ങളുമാണ് ചാർവാകത്തെക്കുറിച്ച് നമുക്ക് അറിവു നല്കുന്നത്. ഈശ്വരൻ, സ്വർഗം തുടങ്ങിയ ആശയങ്ങളെ തികഞ്ഞ ഭൗതികവാദാടിത്തറയിൽനിന്ന് അവർ നിരാകരിച്ചു.
ചതുർഭൂതങ്ങളായ ഭൂമി, ജലം, തേജസ്സ്, വായു എന്നിവ പ്രത്യേകാനുപാതത്തിൽ കൂടിച്ചേർന്നാണ് ശരീരം ഉണ്ടാകുന്നതെന്ന് അവർ സമർഥിച്ചു. ചതുർഭൂതങ്ങൾ ശിഥിലമാവുമ്പോൾ ശരീരം നശിക്കുന്നു. പ്രത്യക്ഷാനുഭവങ്ങളെ മാത്രമേ ലോകായതർ അംഗീകരിച്ചിരുന്നുള്ളു. അതുകൊണ്ട് തെളിവുകളില്ലാത്ത അനുമാനങ്ങളെ അവർ നിരാകരിച്ചു.
|
സ്വർഗമില്ല; മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല; ഫലപ്രദമായ വർണാശ്രമധർമകർമങ്ങളുമില്ല. | |||
|
അഗ്നിഹോത്രം, മൂന്ന് വേദങ്ങൾ, സന്ന്യാസം, ഭസ്മംപൂശൽ ഇവയൊക്കെ ബുദ്ധിയും പൗരുഷവും കെട്ടവരുടെ വയറ്റുപിഴപ്പിന് ഉണ്ടാക്കിയവ മാത്രമാണ്, എന്നിങ്ങനെയുള്ള ബൃഹസ്പതിയുടെ വാദങ്ങൾ ശക്തവും രൂക്ഷവുമാണ്. |
ആസ്തിക ദർശനങ്ങളിൽപ്പെട്ട സാംഖ്യത്തിന്റെ ഭൗതികോന്മുഖതയെ അംഗീകരിക്കാൻ യഥാസ്ഥിതിക പണ്ഡിതർക്ക് മടിയുണ്ടെങ്കിലും ഭൗതികവാദവീക്ഷണം സാംഖ്യത്തിലെ അവിഭാജ്യ സമീപനമാണ്. പ്രാചീനമായ ഈ ദർശനത്തിന്റെ ആദ്യകാല പ്രാമാണിക ഗ്രന്ഥങ്ങളൊന്നും ലഭ്യമല്ല. ക്രി.പി. രണ്ടാം ശതകത്തിലോ അഞ്ചാം ശതകത്തിലോ മറ്റോ രചിക്കപ്പെട്ട 73 കാരികകളുള്ള സാംഖ്യകാരികയാണ് ഒന്ന്. മുഖ്യ തത്ത്വങ്ങളുടെ ഒരു സംഗ്രഹീതരൂപംമാത്രമാണ് ഈ കൃതി. ഗൌഡപാദരും വാചസ്പതി മിശ്രനും ഇതിനു നല്കിയ വ്യാഖ്യാനങ്ങൾ ശ്രദ്ധേയമാണ്. സാംഖ്യസൂത്രം കപിലമുനി (ക്രി.മു. 6-ാം ശ.) രചിച്ചു എന്നു കരുതുന്നുവെങ്കിലും വേദാന്തത്തിന്റെ കലർപ്പുകളുള്ള കൃതിക്കു 14-ാം ശതകത്തിനപ്പുറം പഴക്കമില്ലെന്നാണ് അനുമാനിക്കുന്നത്. ഈ കൃതിക്കു വിജ്ഞാനഭിക്ഷു എഴുതിയ ഭാഷ്യവും പ്രസിദ്ധമാണ്. സാംഖ്യകാരികയിൽ ഈശ്വരനെപ്പറ്റി യാതൊന്നും പറയുന്നില്ല. പ്രകൃതി പരിണമിച്ചാണ് ഭൌതിക പ്രപഞ്ചം ഉണ്ടായതെന്ന് അവർ സമർഥിക്കുന്നു. 61-ാം കാരികയുടെ വ്യാഖ്യാനത്തിലാണ് ഗൗഡപാദൻ സാംഖ്യനിരീശ്വരവാദ ചർച്ച അവതരിപ്പിക്കുന്നത്.
നിർഗുണനായ ഈശ്വരനിൽനിന്ന് സഗുണങ്ങളായ ജീവപ്രപഞ്ചം ഉണ്ടാവില്ല. ത്രിഗുണാത്മക (ഭൌതിക) പ്രകൃതിയിൽനിന്നേ ത്രിഗുണാത്മക പ്രപഞ്ചം ഉണ്ടാവുകയുള്ളൂ. വെള്ള നൂലുകളിൽനിന്ന് വെള്ള വസ്ത്രവും, കറുത്ത നൂലുകളിൽനിന്ന് കറുത്ത വസ്ത്രവുമുണ്ടാകുന്നതുപോലെയാണിത്. ഇതിൽനിന്ന് ഈശ്വരനോ കാലമോ അല്ല, പ്രകൃതിയാണ് പ്രപഞ്ചകാരണമെന്ന് വ്യക്തമാകുന്നു. അതുകൊണ്ട് ഭൗതിക പ്രപഞ്ചകാരണമായി അഭൗതികനായ ഈശ്വരനെ കൊണ്ടുവരേണ്ട ആവശ്യമില്ല - എന്നിങ്ങനെയാണ് ഗൗഡപാദൻ, സാംഖ്യനിരീശ്വരവാദം അവതരിപ്പിക്കുന്നത്; ദുർബലമായ ഈ വാദങ്ങളിൽനിന്നും മുന്നോട്ടുപോകുന്നുണ്ട് വാചസ്പതിമിശ്രന്റെ ചിന്തകൾ.
പ്രകൃതി, ലോകമായി പരിണമിക്കുന്നത് പരപ്രേരണകൂടാതെ സ്വാഭാവികമായാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ബോധപൂർവമായ എല്ലാ പ്രവൃത്തികളും സ്വാർഥം കൊണ്ടോ കാരുണ്യംകൊണ്ടോ ആണ് നടക്കുന്നത്. ലോകസൃഷ്ടിയിൽ ഇത് രണ്ടുമില്ല. അതുകൊണ്ട് അത് ബോധപൂർവുമല്ല.
ദൈവത്തിന് സ്വാർഥതയില്ല. സൃഷ്ടിക്കുമുൻപ് ശരീരവും ഇന്ദ്രിയങ്ങളുമില്ലാത്തതുകൊണ്ട് ദുഃഖങ്ങളുമില്ല. അതുകൊണ്ട് കാരുണ്യത്തിന്റെ ആവശ്യവുമില്ല. കാരുണ്യവാൻ സുഖികളെ മാത്രമേ സൃഷ്ടിക്കു. ഇങ്ങനെ നോക്കിയാൽ ഈശ്വരൻ അപ്രസക്തനാകുന്നുവെന്നാണ് സാംഖ്യദർശനത്തിന്റെ പക്ഷം.
ധർമത്തെക്കുറിച്ചുള്ള അന്വേഷണമാണ് ബൗദ്ധദർശനങ്ങളുടെ കാതൽ. ജീവിതത്തിലെ എല്ലാറ്റിലും ശ്രീബുദ്ധൻ ദുഃഖം കണ്ടെത്തി. [6]അതിൽനിന്നുള്ള മോചന(നിർവാണം)ത്തിനുവേണ്ടി നടത്തിയ അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ദർശനങ്ങൾ. സാംഖ്യവും, ബൗദ്ധദർശനങ്ങളുമായി അഭേദ്യമായ ബന്ധമുള്ളതായി പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്. സത്യത്തിന്റെ സ്വഭാവത്തെയും, ലോകത്തിന്റെ ആത്യന്തിക കാരണത്തെയും കുറിച്ചുള്ള അന്വേഷണങ്ങൾ നിഷ്ഫലമാണെന്ന് ബുദ്ധൻ കരുതി. അതുകൊണ്ടുതന്നെ ഈശ്വരാസ്തിത്വത്തിന്റെ പ്രശ്നം അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഈശ്വരാന്വേഷണം പ്രയോജനരഹിതമാണെന്ന് കരുതിയതിനാൽ അത്തരം ചർച്ചകളെ ശിഷ്യർക്കിടയിൽപ്പോലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.
ദുരിതങ്ങൾക്കറുതിവരുത്തുന്ന പ്രായോഗിക പ്രശ്നങ്ങളിലേക്കാണ് ബുദ്ധൻ തന്റെ ശിഷ്യരുടെ ശ്രദ്ധ ക്ഷണിച്ചത്. അദ്ദേഹം ആധ്യാത്മിക അന്വേഷണ പദ്ധതികളെ അംഗീകരിച്ചില്ലെന്നു മാത്രമല്ല, അവയോട് ഉദാസീനനുമായിരുന്നു. ബുദ്ധന്റെ ഉപദേശങ്ങളെ ശരിയായി ഉൾക്കൊണ്ട അശ്വഘോഷൻ, ഈശ്വരവിചാരം ബുദ്ധമതത്തിൽ എന്തുകൊണ്ട് അർഥശൂന്യമാവുന്നുവെന്ന് തന്റെ കൃതിയായ ബുദ്ധചരിതത്തിൽ വ്യക്തമാക്കുന്നുണ്ട്[അവലംബം ആവശ്യമാണ്].
|
ഈ ലോകം ഈശ്വരൻ സൃഷ്ടിച്ചതാണെങ്കിൽ ഇത്തരം വ്യവസ്ഥകൾ നിലനില്ക്കുകയില്ല; ഒരാൾക്കും ദുഃഖമുണ്ടാവുകയില്ല; പല ജന്മങ്ങളെ പ്രാപിക്കുകയുമില്ല. | |||
|
സങ്കല്പമോ കാരണമോ കൂടാതെ ഈശ്വരൻ ലോകത്തെ നിർമ്മിക്കുകയാണെങ്കിൽ, ബാലനെപ്പോലെ ഈശ്വരനും ബുദ്ധിരഹിതനാവും. |
ആദ്യകാല മഹായാന ബുദ്ധമതക്കാർ ഈശ്വരനിഷേധികളായിരുന്നു. നാഗാർജുനന്റെ ചിന്തകൾ യുക്തിയുക്തം ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്നതായിരുന്നു; ഔപനിഷദികദർശനത്തിന്റെ 'സ്വ-ഭാവ'വാദം അഥവാ 'സത്താവാദ'ത്തെ നിരാകരിക്കാൻ വേണ്ടി, നാഗാർജുനൻ ആവിഷ്കരിച്ച, ശൂന്യതാവാദത്തിൽ ദൈവാസ്തിത്വത്തിനു പ്രസക്തിയില്ല. 'ആത്യന്തികമായ കാരണം' എന്ന അർഥത്തിൽ ദൈവത്തെ കരുതുന്ന വീക്ഷണത്തെ എതിർത്ത നാഗാർജുനൻ, 'കാര്യ'ത്തിൽ കാരണവും 'കാരണ'ത്തിൽ 'കാര്യ'വും അന്തഃസ്ഥിതമാണെന്നും വസ്തു പ്രതിഭാസങ്ങളുടെ ആവിർഭാവവും നിലനില്പും പരസ്പര ബന്ധിതമാണെന്നും സിദ്ധാന്തിച്ചു.
ഈശ്വരാസ്തിത്വത്തെയും സത്താവാദത്തെയും ബുദ്ധൻ നിരാകരിക്കുകയും ധാർമികതയ്ക്ക് പ്രാധാന്യം നൽകുന്ന ദർശനം ആവിഷ്കരിക്കുകയും ചെയ്തെങ്കിലും, പില്ക്കാലത്ത് ബുദ്ധമതം സ്ഥാപനവത്കരിക്കപ്പെടുകയും ജനപ്രീതിയാർജിക്കുകയും ചെയ്തതോടെ അനുഷ്ഠാനപരതയിലേക്കും ഈശ്വരവാദത്തിലേക്കും വ്യതിചലിക്കുകയാണുണ്ടായത്.
ബുദ്ധമതത്തെക്കാൾ പ്രാചീനമായ ജൈനമതം ഈശ്വരാസ്തിത്വത്തെക്കുറിച്ച് തികഞ്ഞ ഉദാസീനത കാണിച്ചിരുന്നു. അവർ പ്രപഞ്ചത്തിലെ സർവ പദാർഥങ്ങളെയും ജീവനുള്ളവയെന്നും, ഇല്ലാത്തവയെന്നും രണ്ടായി വിഭജിക്കുന്നു. കാലം, ആകാശം, പുദ്ഗലം (ദ്രവ്യം), ധർമം, അധർമം എന്നിങ്ങനെ അഞ്ചായി അജീവ വസ്തുക്കളെ തരംതിരിക്കുന്നു. നന്മ, തിന്മ, അശുദ്ധം തുടങ്ങി ഏഴു ധർമങ്ങളെക്കൂടി അവർ പരിഗണിക്കുന്നു. ജീവനില്ലാത്തവയുമായി ജീവൻ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബന്ധനങ്ങളിൽനിന്ന് എങ്ങനെ വിമുക്തമാവുന്നുവെന്നും വിശദീകരിക്കാനാണ് ഈ സങ്കല്പങ്ങൾ ഉപയോഗിച്ചിരുന്നത്. ഈ ഘട്ടത്തിൽ ഒരിടത്തും അവർ ഈശ്വരനെ സങ്കല്പിച്ചിട്ടില്ല. ഈശ്വരവാദത്തെ അഭിമുഖീകരിച്ചപ്പോഴൊക്കെയും അവർ നിരീശ്വരവാദപക്ഷത്ത് ഉറച്ചുനിന്നു. ദാർശനികമായി കരുത്തുറ്റ ഉജ്ജ്വല താർക്കികരായിരുന്നു ജൈനമത പണ്ഡിതർ.
എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൈന സാഹിത്യകാരനായ ഹരിഭദ്രന്റെ സദ്ദർശന സമുച്ചയത്തിന് ഗുണരത്നൻ എഴുതിയ ഭാഷ്യമായ തർക്ക രഹസ്യദീപിക പില്ക്കാല ന്യായവൈശേഷികരുടെ ഈശ്വരവാദത്തെ നിരാകരിക്കുന്നു. ലോകം നിത്യമാണ്; അതുകൊണ്ട് അതിൽ 'കാര്യ'മില്ല. ചിലപ്പോൾ സംഭവിക്കുന്നതും സംഭവിക്കാത്തുമാണ് കാര്യം. ലോകത്തിന് ഈ സ്വഭാവമില്ല. അതുകൊണ്ട് ഇതിന് കാരണവുമില്ല. കാരണമില്ലാത്തതുകൊണ്ട് ഈശ്വരനുമില്ല എന്ന് ഗുണരത്നൻ വാദിക്കുന്നു. ഈശ്വരൻ സർവജ്ഞനാണെങ്കിൽതന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന അസുരന്മാരെ സൃഷ്ടിച്ചതെന്തിന്? ഈശ്വരാസ്തിത്വം തന്നെ നിഷേധിക്കുന്ന നിരീശ്വരവാദികളെ സൃഷ്ടിച്ചതെന്തിന്? എന്നിങ്ങനെ പരിഹസിക്കുകയും ചെയ്യുന്നു.
വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്ന മീമാംസകർ പലരും നിരീശ്വരവാദപരമായ വീക്ഷണങ്ങളാണ് വച്ചുപുലർത്തിയിരുന്നത്. ബി.സി. രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട, ജൈമിനിയുടെ മീമാംസാസൂത്രങ്ങളാണ് മീമാംസയുടെ അടിസ്ഥാനഗ്രന്ഥം. ഇതിന് പ്രഭാകരനും കുമാരിലഭട്ടയും നല്കിയ വ്യാഖ്യാനങ്ങൾ പ്രാഭാകരം, ഭാട്ടം എന്നീ രണ്ടു പ്രസ്ഥാനങ്ങൾക്ക് രൂപം നല്കി.
ജൈമിനി സ്പഷ്ടമായി ഈശ്വരാസ്തിത്വം നിഷേധിക്കുന്നില്ലെങ്കിലും ധർമലക്ഷണസൂത്രം ഈശ്വരനിരാകരണത്തിന്റെ വിത്തുകൾ പേറുന്നുവെന്ന് മീമാംസാപണ്ഡിതൻ എ. സുബ്രഹ്മണ്യശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രഭാകരൻ സംശയരഹിതമായി തന്റെ നിരീശ്വരവാദ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുമാരിലഭട്ട ഈശ്വരവാദത്തിന്റെ നിഗൂഢാനുയായിയാണെന്ന് ഡോ. രാധാകൃഷ്ണൻ വാദിക്കുന്നുവെങ്കിലും അതിൽ അടിസ്ഥാനമില്ലെന്ന് ദേബീപ്രസാദ് സമർഥിക്കുന്നു. എന്നാൽ, വേദപ്രമാണത്തെ അരക്കിട്ടുറപ്പിക്കുന്നതിനും 'യജ്ഞ' സംസ്കാരത്തിന്റെ അപ്രമാദിത്വം സ്ഥാപിക്കുന്നതിനുമാണ് പൂർവമീമാംസകർ ഈശ്വരനിഷേധത്തെ ഉപയോഗിച്ചത്.
പ്രകൃതിപ്രതിഭാസങ്ങൾ ഉൾപ്പെടെ എല്ലായിടത്തും അടിസ്ഥാനം 'യജ്ഞ'മാണെന്നു വാദിച്ച കുമാരിലഭട്ടൻ, ഒരർഥത്തിൽ ദൈവത്തിന്റെ സ്ഥാനത്ത് 'യജ്ഞ'ത്തെ സ്ഥാപിക്കുകയാണ് ചെയ്തത്. ആസ്തികദർശനങ്ങളുടെ 'ദൈവം' പോലും 'യജ്ഞ'ത്തിനു വിധേയമാണെന്ന് കുമാരിലഭട്ടൻ സിദ്ധാന്തിച്ചു. അതിനാൽ, കുമാരിലഭട്ടൻ ഉൾപ്പെടെയുള്ള പൂർവമീമാംസകരുടെ ഈശ്വരനിഷേധത്തെ ദാർശനികമായ അർഥത്തിൽ നിരീശ്വരവാദമെന്ന് നിർവചിക്കാനാവില്ല.
എന്നാൽ പില്ക്കാല മീമാംസകരിൽ പലരും ഈശ്വരാസ്തിത്വത്തെ അംഗീകരിക്കുന്നവരായിരുന്നു.
ന്യായ-വൈശേഷികരുടെ ആദ്യകാല വക്താക്കൾ നിരീശ്വരവാദികളായിരുന്നു. ഗൗതമന്റെ ന്യായസൂത്രങ്ങൾ, കണാദന്റെ വൈശേഷിക സൂത്രങ്ങൾ എന്നിവയാണ് ന്യായ-വൈശേഷിക ദർശനങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങൾ. ന്യായദർശനം തർക്കശാസ്ത്രത്തിനും വൈശേഷിക ദർശനം അണുസിദ്ധാന്തത്തിനും ഊന്നൽ നല്കി.
പില്ക്കാല ന്യായ-വൈശേഷികനായ ഉദയനൻ സ്തുതിക്കുന്ന പരമാത്മാവിനെപ്പറ്റി ന്യായസൂത്രത്തിൽ പരമാർശങ്ങളില്ല. അദ്ദേഹത്തിന്റെ കുസുമാഞ്ജലിയിൽ മോക്ഷപ്രാപ്തിക്ക് ഈശ്വരാരാധനയെ ലക്ഷ്യമാക്കുന്നുവെങ്കിൽ ഗൌതമൻ ഒരിടത്തും ഈശ്വരാരാധനയെപ്പറ്റി പരമാർശിക്കുന്നില്ല.
പില്ക്കാല ന്യായ-വൈശേഷികരുടെ വ്യാഖ്യാനങ്ങൾ അടിസ്ഥാനഗ്രന്ഥങ്ങളിൽനിന്നുള്ള വ്യതിയാനങ്ങളായിരുന്നു. പരമാണുക്കൾ കൂടിച്ചേർന്നാണ് പ്രപഞ്ചത്തിലെ സകല വസ്തുക്കളും ഉണ്ടാകുന്നതെന്ന് വാദിച്ച കണാദന്റെ ആശയങ്ങളുടെ തുടർച്ച വൈശേഷികരിൽ കണ്ടെത്താനാവും. രണ്ടു പരമാണുക്കൾ കൂടിച്ചേരുന്നത് സ്വാഭാവികമായാണെന്ന് ധരിച്ച അവർ സ്വഭാവവാദത്തെ പിൻപറ്റിയിരുന്നു. പില്ക്കാലത്താണ് അവരുടെ വാദങ്ങൾ ഈശ്വരനിലേക്ക് വഴുതി മാറിയത്.
ഇന്ത്യൻ ദാർശനികരിൽ ഒരു വലിയ വിഭാഗം നിരീശ്വരവാദികളായിരിക്കെത്തന്നെ വിഭിന്നങ്ങളും പരസ്പരവിരുദ്ധവുമായ പ്രപഞ്ച വീക്ഷണങ്ങൾ വച്ചുപുലർത്തിയവരുമായിരുന്നു. അവയിൽ പലതും തികഞ്ഞ ആശയവാദങ്ങൾകൂടിയായിരുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ധീരവും ശക്തവുമായ സ്ഥാനം ഈ ദർശനങ്ങൾക്കുണ്ട്.
യൂറോപ്പിൽ നിരീശ്വരവാദം എന്നവാക്ക് വൈവിധ്യമാർന്ന അർഥത്തിൽ ഉപയോഗിച്ചിരുന്നു. പൗരാണിക ഗ്രീസിൽ മതത്തെയും ദൈവത്തെയും നിരാകരിച്ചവരെ നിരീശ്വരവാദികൾ എന്നാണ് വിളിച്ചിരുന്നത്. ഭരണകൂടത്തിന്റെ ഔദ്യോഗിക ദൈവത്തിൽ വിശ്വസിക്കാത്തവരെ സൂചിപ്പിക്കാൻ സോക്രട്ടീസിനെപ്പോലുള്ളവർ നിരീശ്വരവാദികൾ എന്ന പദം ഉപയോഗിച്ചിരുന്നു. പേഗനിസ്റ്റുകളെ സൂചിപ്പിക്കാൻ ക്രൈസ്തവ പൗരോഹിത്യം ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്.
സോക്രട്ടീസിനു മുമ്പ് ജീവിച്ചിരുന്ന തത്ത്വചിന്തകനായ ഡെമോക്രിറ്റസ്(460-370 ബി.സി.) തികഞ്ഞ നിർണയന വാദിയും ഭൗതികവാദിയുമായിരുന്നു. പരമാണുക്കളാൽ നിർമിതമായ പ്രപഞ്ചവസ്തുക്കൾ എന്ന ആശയം അദ്ദേഹം സ്വീകരിക്കുന്നത് ല്യുസിപ്പസിൽനിന്നാണ്. അവിഭജിതവും, നശിപ്പിക്കാനാവാത്തതും, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതുമായ ആറ്റങ്ങളാൽ നിർമിതമാണ് വസ്തുപ്രപഞ്ചം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
പുരാതന ഗ്രീക്കു ചിന്തകനായ എപിക്യൂറസിന്റെ (341-270 ബി.സി.) ചിന്തകൾ ഭൗതികവാദത്തെ പിൻപറ്റുന്നതായിരുന്നു. എപിക്യൂറിയനിസ്റ്റുകൾ ദൈവം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ അവരുടെ അഭിപ്രായത്തിൽ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയുംപോലെ ആറ്റങ്ങൾകൊണ്ട് നിർമിതമായിരുന്നു ദൈവവും. ഭൂമിയിൽനിന്ന് ഒരുപാട് അകലെയാണ് ദൈവം. മനുഷ്യജീവിതത്തിൽ ദൈവത്തിന് താത്പര്യങ്ങളൊന്നുമില്ല. ദൈവം ആർക്കും പുരസ്കാരങ്ങൾ നല്കില്ല; ശിക്ഷിക്കുകയുമില്ല. അതുകൊണ്ടുതന്നെ പ്രാർഥനയുടെ ആവശ്യവുമില്ല. ദൈവം പ്രപഞ്ച സ്രഷ്ടാവല്ല. പ്രപഞ്ചം അനന്തവും അനശ്വരവുമാണ്.
പ്രപഞ്ചചലനം ദൈവേച്ഛയനുസരിച്ച് നടക്കുന്നതല്ലെന്ന് എപിക്യൂറിയനിസ്റ്റുകൾ കരുതി. റോമൻ കവിയും തത്ത്വചിന്തകനുമായ ലുക്രീറ്റിയസ് (99-55 ബി.സി.) ഇത്തരം ആശയങ്ങൾ പുലർത്തിയിരുന്നു. ഭയത്തിൽനിന്നും, വേദനകളിൽനിന്നും മോചനം നേടി ഏറ്റവും നല്ല സന്തോഷത്തെ അന്വേഷിക്കുകയാണ് നന്മയെന്ന് എപിക്യൂറിയനിസ്റ്റുകൾ കരുതി. മരണം ശരീരത്തിന്റെയും ആത്മാവിന്റെയും അവസാനമാണ്, അതുകൊണ്ട് ഭയത്തിന്റെ ആവശ്യമില്ലെന്നവർ വാദിച്ചു.
ബി.സി. മൂന്നാം നൂറ്റാണ്ടിലെ സ്റ്റോയിക്കുകളും ഭൗതികവാദികൾ തന്നെയായിരുന്നു. പ്രകൃതിയും ദൈവവും ഒന്നാണെന്ന് വാദിച്ചവരായിരുന്നു പാൻതീയിസ്റ്റുകൾ. മനുഷ്യരൂപത്തിലുള്ളതും സൃഷ്ടികർത്താവുമായ ദൈവത്തിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നില്ല. പ്രാചീന ഇന്ത്യയെപ്പോലെ ഭൗതികവാദ ആശയങ്ങൾ പ്രാചീന റോമിലും ഗ്രീസിലും മറ്റും നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണിത്. എന്നാൽ ഇരുണ്ട കാലഘട്ടം എന്നു വിളിക്കപ്പെടുന്ന മധ്യകാലയൂറോപ്പിൽ ഗ്രീക്കു ഭൗതികവാദ സമീപനങ്ങൾ ക്രൈസ്തവ പൗരോഹിത്യത്താൽ അടിച്ചമർത്തപ്പെട്ടു. സ്വച്ഛന്ദചിന്തയെ ഇല്ലാതാക്കിക്കൊണ്ട് കടന്നുപോയ ഈ കാലഘട്ടം യൂറോപ്യൻ നവോത്ഥാന ചിന്തയോടെയാണ് ചോദ്യംചെയ്യപ്പെട്ടുതുടങ്ങിയത്. പ്രാചീന ഗ്രീക്കു ഭൌതികവാദചിന്തകളെ പുനരന്വേഷണങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് ആധുനിക യൂറോപ്പ് ശാസ്ത്രചിന്തയുടെ അടിത്തറ കെട്ടിപ്പടുക്കുകയായിരുന്നു.
യൂറോപ്യൻ നവോത്ഥാനകാലത്ത് ഹ്യൂമനിസ്റ്റുകളുടെ ചിന്തയും പ്രവർത്തനങ്ങളുമാണ് നിരീശ്വരവാദ സമീപനങ്ങൾക്ക് പ്രേരകശക്തിയായി മാറിയത്. അവർ യുക്തിചിന്തയിൽ അടിയുറച്ച് ജനാധിപത്യത്തിനും, സ്വതന്ത്രചിന്തയ്ക്കും ലിംഗസമത്വത്തിനും വേണ്ടി വാദിച്ചു. പൊതു രാഷ്ട്രീയ ജീവിതത്തിൽ മതത്തിന്റെ ഇടപെടലുകളെ നിശിതമായി എതിർത്തവരായിരുന്നു മതേതര ഹ്യൂമനിസ്റ്റുകൾ. മറ്റുചിലർ പ്രകൃത്യതീത വാദങ്ങളെ തള്ളിക്കളയുകയും ശാസ്ത്രീയ ധാരണകൾ വച്ചു പുലർത്തുകയും ചെയ്തു. ഹ്യൂമനിസ്റ്റുകളുടെ ചിന്താലോകം പില്ക്കാല നിരീശ്വരവാദത്തിനും ശാസ്ത്രചിന്തയ്ക്കും അടിത്തറ പാകുകയായിരുന്നു.
നിരീശ്വരവാദത്തെ നാലായി തരംതിരിക്കാവുന്നതാണ്.
1. ദൈവാസ്തിത്വം പൂർണമായി നിഷേധിക്കുന്ന ഭൗതിക വാദികളാണ് ആദ്യവിഭാഗത്തിൽപ്പെടുന്നവർ. അവർ അതിഭൗതികാശയങ്ങളെ നിരാകരിക്കുകയും ദ്രവ്യത്തെ അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്യുന്നു. എപിക്യൂറിയൻസ് മുതൽ മാർക്സ് വരെയുള്ളവർ ഇതിൽ ഉൾപ്പെടുന്നു.
2. ദൈവികാസ്തിത്വത്തിന് തൃപ്തികരമായ തെളിവുകളൊന്നും ലഭ്യമല്ലെന്ന് വാദിച്ചവരായിരുന്നു രണ്ടാമത്തെ കൂട്ടർ. ടി.എച്ച് ഹക്സ്ലിയുടെ നിലപാടുകൾ ഇത്തരത്തിലുള്ളതായിരുന്നു. ദൈവമെന്ന ആശയത്തെ നിരാകരിച്ചെങ്കിലേ നിരീശ്വരവാദികളാവൂ, എന്നായിരുന്നു അവരുടെ വാദം. അജ്ഞേയവാദികളായ ഇവരുടെ നിലപാടുകളും വിശാലാർഥത്തിൽ നിരീശ്വരവാദപരമായിരുന്നു.
3. പ്രകൃതി പ്രതിഭാസങ്ങളാണ് സത്യമെന്ന് വിശ്വസിച്ചവരാണ് മറ്റൊരു വിഭാഗം. അവർ ക്രൈസ്തവ വിശ്വാസത്തെ നിരാകരിച്ചു. മനുഷ്യരൂപത്തിലുള്ള ദൈവത്തെയും, പ്രപഞ്ച സ്രഷ്ടാവെന്ന ദൈവത്തിന്റെ സ്ഥാനത്തെയും തള്ളിക്കളയുന്നവരായിരുന്നു അവർ. ഡേവിഡ് ഹ്യൂം ഇതിന്റെ വക്താക്കളിൽ ഒരാളായിരുന്നു.
4. മതാധികാരികളുടെ യാഥാസ്ഥിതികത്വത്തിനും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കുമെതിരെ പ്രതികരിച്ചവരാണ് അവസാന ഗണത്തിൽപ്പെടുന്നവർ. വെളിപാടിൽ ഊന്നിയ മതാധികാരം അവർക്ക് അസ്വീകാര്യമായിരുന്നു. യുക്തിവാദികളും പരിഷ്കർത്താക്കളുമായിരുന്നു അവർ. ചാൾസ് ബ്രദ്ലഹ്, തോമസ് പയ്നെ, ബെർട്രാൻഡ് റസ്സൽ തുടങ്ങിയവർ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
ജ്ഞാനോദയത്തോടെ ശാസ്ത്രത്തിന്റെ രീതിശാസ്ത്രം വികസിക്കുകയും ക്രമേണ മതാധികാരത്തിനുമേൽ സ്വതന്ത്ര യുക്തിചിന്ത ആധിപത്യം നേടുകയും ചെയ്തു. ഇത് നിരീശ്വരവാദത്തെ തത്ത്വചിന്തയിലും, പ്രയോഗത്തിലും ഏറെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഭൗതിക വാദികളായ ജെ. മെസ്ലിയർ[8], പി. ഹോൾബക്,[9] ജെ.നെയ്ജിയോൺ, [10]ഡി. സിഡെറോ, സി.ഹെൽവിത്തസ്, ജെ. ല മെത്രി തുടങ്ങിയവർ നിരീശ്വരവാദത്തിന്റെ വക്താക്കളായിരുന്നു. എന്നാൽ ഇവർ മതവിശ്വാസത്തെ ചരിത്രപരമായി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് മാർക്സിസ്റ്റ് ചിന്തകർ വിലയിരുത്തുന്നു.
പത്തൊൻപതാം ശതകത്തിൽ ജീവിച്ച ഫോയർബാഹ് മതത്തെയും ആശയവാദത്തെയും എതിർത്ത ചിന്തകനായിരുന്നു. മനുഷ്യവികാരങ്ങളും കാമനകളും ഭാവനകളായി മാറി ദൈവത്തിൽ ആരോപിക്കപ്പെടുകയാണെന്ന് അദ്ദേഹം കരുതി. ദൈവത്തിന് മനുഷ്യരെക്കാൾ വലുതായ യാതൊരു കഴിവുകളുമില്ല. മനുഷ്യന്റെ ആന്തരിക സ്വഭാവത്തെ പുറത്തേക്ക് പ്രകടിപ്പിക്കുന്നതാണ് ദൈവസങ്കല്പം. മതം മനുഷ്യനെ പരിശുദ്ധനാക്കുന്നില്ല. പരിശുദ്ധത, മതത്തിൽ ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. ദൈവവുമായുള്ള ബന്ധം കൊണ്ട് പ്രതിഭാസങ്ങൾ പരിശുദ്ധമാവില്ല. ഗുണങ്ങൾ സ്വയം പരിശുദ്ധമാണെങ്കിൽ ദൈവവും പരിശുദ്ധമാവും. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദമുഖങ്ങൾ.
കാൾമാർക്സും എംഗൽസും ചേർന്ന് വികസിപ്പിച്ച ചരിത്രപരമായ ഭൗതികവാദ ദർശനം അതിഭൗതിക ആശയവാദ സമീപനങ്ങളെ നിരാകരിച്ചുകൊണ്ട് ഒരു പടികൂടി മുന്നോട്ടുപോയി. മതത്തെ ഒരു സാമൂഹിക പ്രതിഭാസമായികാണുകയും, സാമൂഹിക യാഥാർഥ്യത്തിന്റെ, ഭാവനാത്മകമായ പ്രതികരണമായി അതിനെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു.
"മതപരമായ ദുരിതം ഒരേ സമയം യഥാർഥ ദുരിതത്തിന്റെ പ്രകടനവും യഥാർഥ ദുരിതത്തോടുള്ള പ്രതിഷേധവുമാണ്. അത് മർദിതരുടെ നെടുവീർപ്പാണ്, ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്. ആത്മാവില്ലാത്ത വ്യവസ്ഥയുടെ ആത്മാവാണ്. ജനതയെ മയക്കുന്ന കറുപ്പാണ്. ഇത് മാർക്സിന്റെ ഏറെ പ്രസിദ്ധമായ വാചകങ്ങളാണ്; അതുപോലെതന്നെ തെറ്റിദ്ധരിക്കപ്പെട്ടതും. ഉത്പാദന ബന്ധങ്ങളിലെ മാറ്റങ്ങളിലൂടെയേ മതത്തെ മറികടക്കാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
1917-ലെ സോവിയറ്റ് വിപ്ലവത്തോടെ നിരീശ്വരവാദം ആദ്യമായി സ്റ്റേറ്റിന്റെ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായി മാറി. ലെനിൻ അതിനെ ശാസ്ത്രീയ നിരീശ്വരവാദം എന്ന നിലയിൽ വികസിപ്പിച്ചു. എന്നാൽ യാന്ത്രികമായ വിലയിരുത്തലുകളും അന്ധമായ പ്രയോഗങ്ങളും ജനതയുടെ സാംസ്കാരിക ജീവിതത്തിനുമേലുള്ള കടന്നുകയറ്റമായി മാറി. മതവിശ്വാസങ്ങൾ അടിച്ചമർത്തപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ മതവിശ്വാസങ്ങൾ പുനരുദ്ധരിക്കപ്പെടുകയാണുണ്ടായത്.
പത്തൊൻപതാം ശതകത്തിലെ നിരീശ്വരവാദം ശാസ്ത്രത്തിന്റെ വികാസവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചോത്പത്തിയെയും ജീവിവർഗ പരിണാമത്തെയും കുറിച്ച് പുതിയ വിവരങ്ങൾ ഉദയം ചെയ്തതോടെ ദൈവത്തിന്റെ നിലനില്പ് കൂടുതൽ ശക്തമായി ചോദ്യംചെയ്യപ്പെട്ടു. ചാൾസ് ഡാർവിന്റെ ജീവിവർഗങ്ങളുടെ ഉദ്ഭവമെന്ന കൃതി ദൈവത്തിന്റെ സൃഷ്ടിയെ തള്ളിക്കളഞ്ഞു. ഇ.പി. ഹെയ്ക്കൽ ഏക പ്രപഞ്ചശാസ്ത്രവാദം മുന്നോട്ടുവയ്ക്കുകയും സംഘടിതമായി മതത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്തു. പ്രപഞ്ചത്തിലെ നിഗൂഢസത്യങ്ങളിലെ പ്രകൃതി നിയമങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തുന്ന ശാസ്ത്രാന്വേഷണങ്ങളുടെ ഉറച്ച ചുവടുവയ്പ് ദൈവത്തെ പ്രപഞ്ച വിജ്ഞാനത്തിൽനിന്ന് നിഷ്കാസനം ചെയ്തു.
പത്തൊൻപതാം ശതകത്തിന്റെ അവസാനം, 'ദൈവം മരിച്ചു' എന്നു പ്രഖ്യാപിച്ച ഫ്രീഡ്രിക്ക് നീച്ച തന്റെ ചിന്താവിപ്ളവം തുറന്നു വിട്ടു. ഹൈഡെഗർ, സാർത്രെ, കാമു തുടങ്ങിയവരാണ് ഇരുപതാം ശതകത്തിൽ മതത്തിനെതിരായി നിരീശ്വര അസ്തിത്വവാദ ദർശനം മുന്നോട്ടുവച്ചത്. ഫ്രോയ്ഡിന്റെ മനോവിശകലന പദ്ധതികളും മതചിന്തയുടെ മുനയൊടിക്കുന്നതായി മാറി. റസ്സലിന്റെ യുക്തിവാദചിന്തകൾ ക്രൈസ്തവതയെ പിടിച്ചുകുലുക്കി. അദ്ദേഹത്തിന്റെ ഞാനെന്തുകൊണ്ടൊരു ക്രിസ്ത്യാനിയല്ല[11] എന്ന പുസ്തകം ലോകമെമ്പാടുമുള്ള നിരീശ്വരവാദികൾക്ക് ഊർജ്ജം പകർന്നു. പില്ക്കാലത്ത് നിരീശ്വരവാദിയായി മാറിയ കത്തോലിക്ക പുരോഹിതൻ ജോസഫ് മക്ബെയുടെ രചനകളും ഇത്തരത്തിൽ ശ്രദ്ധേയമാണ്.
ഐൻസ്റ്റൈൻന്റെ (ഈശ്വര വിശ്വാസി ആയിരുന്നു) കണ്ടെത്തലുകൾ, ജ്യോതിശ്ശാസ്ത്രരംഗത്ത് ശാസ്ത്രം കൈവരിച്ച അപൂർവമായ നേട്ടങ്ങൾ, ജനിതക ഗവേഷണത്തിലെ മുന്നേറ്റങ്ങൾ, പരിണാമ സിദ്ധാന്തത്തിലെ പുതിയ കണ്ടെത്തലുകൾ തുടങ്ങി ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടം ഈശ്വരാസ്തിത്വത്തെ പാടെ ഇല്ലാതാക്കുന്നതായിരുന്നു. റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ള നവഡാർവിനിസ്റ്റുകൾ അതിശക്തമായിത്തന്നെ മതത്തെയും ദൈവത്തെയും നിരാകരിക്കുന്നു. ശാസ്ത്രത്തിലും ചിന്തയിലും ഇത്തരം നേട്ടങ്ങൾ കൈവരിച്ചപ്പോഴും ജനതയുടെ സാമൂഹിക ജീവിതത്തിലും ഭാവനയിലും മതവും ദൈവവും ഒരു 'യാഥാർഥ്യ'മായി ഇന്നും തുടരുന്നു.
പത്തൊൻപതാം ശതകത്തിൽത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീശ്വരവാദസംഘടനകൾ രൂപംകൊണ്ടിരുന്നു. അവയിൽ ചിലവ യുക്തിക്ക് പ്രാധാന്യം കൊടുത്ത് മതത്തെ വിശകലനം ചെയ്ത യുക്തിവാദികളുടേതായിരുന്നു. മതേതരവാദികളും, പ്രകൃതിവാദികളുമൊക്കെയായി നിരീശ്വരവാദികളുടെ ഗണം വൈവിധ്യമാർന്നതാണ്. 1880-ൽ ലോകത്തിന്റെ പല ഭാഗങ്ങളിലെ നിരീശ്വരവാദികൾ ചേർന്ന് 'വേൾഡ് അസോസിയേഷൻ ഒഫ് ഫ്രീ തിങ്കേഴ്സ്' സ്ഥാപിച്ചു. 1941-ൽ അമേരിക്കൻ ഹ്യൂമനിസ്റ്റ് ഫൗണ്ടേഷനും തുടർന്ന്, ഇന്റർ നാഷണൽ ഹ്യൂമനിസ്റ്റ് ആൻഡ് എത്തിക്കൽ യൂണിയനും സ്ഥാപിതമായി. 1946-ൽ അമേരിക്കയിൽ ആദ്യത്തെ എത്തിയിസ്റ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.
എതീസ്റ്റ് അലയൻസ് ഇൻറർനാഷണൽ, ദ ബ്രൈറ്റ് നെറ്റ്, യൂറോപ്യൻ ഹ്യൂമനിസ്റ്റ് ഫെഡറേഷൻ, ഇൻറർനാഷണൽ ഹ്യൂമനിസ്റ്റ് എത്തിക്കൽ യൂണിയൻ, ഇൻറർനാഷണൽ ലീഗ് ഒഫ് ഹ്യൂമാനിറ്റീസ്, ഇൻറർനാഷണൽ ലീഗ് ഒഫ് നോൺ റിലിജിയസ് ആൻഡ് എതീസ്റ്റ്സ്, റാഷനലിസ്റ്റ് ഇൻറർനാഷണൽ തുടങ്ങിയ അന്താരാഷ്ട്രസംഘടനകൾ മതേതരത്വം, ജനാധിപത്യം, ലിംഗതുല്യത, സമാധാനം, പ്രകൃത്യതീത ശക്തിയിൽ വിശ്വസിക്കുന്നതിനെതിരായ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കുവേണ്ടി പ്രചാരണം നടത്തിവരുന്നു. ഇവ കൂടാതെ ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇത്തരം സംഘടനകൾ സജീവമാണ്. റിച്ചാർഡ് ഡോക്കിൻസ് ഫൗണ്ടേഷൻ ഫോർ റീസൺ ആൻഡ് സയൻസ് എന്ന സംഘടന ശാസ്ത്രപ്രചാരണങ്ങൾക്കും, മതേതര സാമൂഹിക പ്രവർത്തനങ്ങൾക്കുംവേണ്ടി സഹായങ്ങൾ ചെയ്തുവരുന്നു. ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പരിഷ്കരണ ശ്രമങ്ങളുടെയും മറ്റും ഭാഗമായാണ് ആധുനിക ഇന്ത്യയിൽ നിരീശ്വരവാദ ആശയങ്ങൾ ആദ്യമായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. പടിഞ്ഞാറൻ തത്ത്വചിന്തയുടെ സ്വാധീനവും നവീന മനുഷ്യനു വേണ്ടിയുള്ള അന്വേഷണങ്ങളും ഇന്ത്യൻ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരു വിഭാഗത്തെയും ചെറുവിഭാഗം സ്വാതന്ത്യ്രസമര പ്രവർത്തകരെയും നിരീശ്വരവാദത്തിലേക്ക് നയിച്ചു. ഭഗത്സിംഗ്, പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കർ, ജവാഹർലാൽ നെഹ്റു, സഹോദരൻ അയ്യപ്പൻ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്രമുഖരായിരുന്നു. 'ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട' എന്ന് ആഹ്വാനം ചെയ്ത് സഹോദരൻ അയ്യപ്പൻ കേരളത്തിൽ യുക്തിവാദത്തിന് അടിത്തറപാകി.
ഗോപരാജു രാമചന്ദ്രറാവു (ഗോറ) 1940-ൽ 'എതിയിസ്റ്റ് സെന്റർ' സ്ഥാപിച്ചു. 1972-ൽ ലോക നിരീശ്വരവാദസമ്മേളനവും സംഘടിപ്പിച്ചു. 1949-ൽ ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപിതമായി. സനൽ ഇടമറുകിന്റെ നേതൃത്വത്തിൽ റാഷണലിസ്റ്റ് ഇന്റർനാഷണൽ എന്ന സംഘടനയും പ്രവർത്തിച്ചു വരുന്നു.
യുക്തിവാദപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്ന എ.ടി. കോവൂർ ഇന്ത്യയിലൂടനീളം സഞ്ചരിച്ച് അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തനങ്ങൾ നടത്തി. ശ്രീലങ്കയും ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖലയായിരുന്നു. സത്യസായി ബാബയെപ്പോലുള്ളവരുടെ അമാനുഷശക്തിയെ ചോദ്യംചെയ്യുകയും അത് തെളിയിക്കാൻ അവരെ വെല്ലുവിളിക്കുകയും ചെയ്തു. അത്തരമൊരു മുഖാമുഖത്തിന് സത്യസായിബാബയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഇന്ത്യയിലും കേരളത്തിലുമുള്ള യുക്തിവാദികൾക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
സഹോദരനയ്യപ്പനോടെ കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പുതിയ ഘട്ടം ആരംഭിക്കുകയായിരുന്നു. സി.വി. കുഞ്ഞിരാമൻ, കെ. രാമവർമ തമ്പാൻ, സി. കൃഷ്ണൻ, എം.സി. ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, ആർ. സുഗതൻ, വി.ടി. ഭട്ടതിരിപ്പാട്, ഡോ. പി.പി. ആന്റണി (കുസുമം), എം.പി. വർക്കി തുടങ്ങിയവർ ഈ ഘട്ടത്തിലെ പ്രമുഖരായിരുന്നു. ഇവർ ഒന്നിച്ചല്ല പ്രവർത്തിച്ചിരുന്നത്. മാത്രമല്ല ഇവരുടെ ആശയങ്ങൾ യാഥാസ്ഥിതിക വിഭാഗങ്ങൾക്ക് അസ്വീകാര്യവുമായിരുന്നു. 1917-ൽ സഹോദരസംഘം രൂപീകരിക്കുകയും മിശ്രഭോജനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഹോദരൻ പത്രത്തിലൂടെ വിപ്ലവകരമായ ചിന്താഗതികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യം പുറത്തുവന്ന യുക്തിവാദിലേഖനം എം.പി. വർക്കിയുടെ 'യഥാർഥ ക്രിസ്തു'വായിരുന്നു. സഹോദരനിലാണ് അത് അച്ചടിച്ചുവന്നത്. അമേരിക്കൻ യുക്തിവാദിയായ ഇംഗർസോളിന്റെ ജീവചരിത്രവും ലേഖനങ്ങളും ഇതിൽ പ്രസിദ്ധീകൃതമായി. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ എഴുത്തുകൾ യുക്തിവാദദർശനങ്ങൾക്ക് താത്ത്വികാടിത്തറ നല്കുന്നവയായിരുന്നു. അദ്ദേഹത്തിനു മുൻപും ശേഷവും അത്രയും ശക്തമായി വാദമുഖങ്ങൾ അവതരിപ്പിച്ച യുക്തിവാദികൾ ഇല്ലെന്നുതന്നെ പറയാം.
കേരളത്തിലെ പ്രമുഖ യുക്തിവാദികൾ കോഴിക്കോട്ട്, മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ വീട്ടിൽ സമ്മേളിച്ചു. ഇതായിരുന്നു കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം. യുക്തിവാദി എന്ന ഒരു മാസിക പ്രസിദ്ധീകരിക്കാൻ ഈ യോഗം തീരുമാനിച്ചു. 1929-ൽ സഹോദരൻ പ്രസ്സിൽനിന്ന് ഇത് അച്ചടിച്ച് പ്രസിദ്ധീകരിച്ചുതുടങ്ങി. കെ. രാമവർമത്തമ്പാൻ, കെ. അയ്യപ്പൻ, സി.വി. കുഞ്ഞുരാമൻ, സി. കൃഷ്ണൻ, എം.സി. ജോസഫ് തുടങ്ങിയവരായിരുന്നു അതിന്റെ പത്രാധിപസമിതിയംഗങ്ങൾ.
രാമവർമത്തമ്പാൻ പ്രസിഡന്റും എം.സി. ജോസഫ് സെക്രട്ടറിയുമായി 1935-ൽ കൊച്ചിയിൽ യുക്തിവാദി സംഘം രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്തും മറ്റുപലയിടങ്ങളിലും ചെറിയ സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഇടമറുകിന്റെ നേതൃത്വത്തിൽ ഇസ്ത്രാ എന്ന മാസിക പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. 1953-ൽ ആലുവ അദ്വൈതാശ്രമം സ്കൂളിൽവച്ച് യുക്തിവാദിസമ്മേളനം, സഹോദരൻ അയ്യപ്പൻ, കുറ്റിപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. 1946-ൽ അഖില കൊച്ചി മിശ്രവിവാഹസംഘം രൂപീകൃതമായി. 1958-ൽ ഇത് കേരള മിശ്രവിവാഹ സംഘമായി മാറി. 1983-ൽ സംഘം പിളർന്നു. ജോസഫ് ഇടമറുകിന്റെ നേതൃത്വത്തിൽ ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷനും 1984-ൽ കേരള യുക്തിവാദിസംഘടനയും രൂപീകൃതമായി. അഖിലേന്ത്യാ സംഘടനയ്ക്കു കേരളത്തിൽ വേരുകൾ നഷ്ടപ്പെട്ടു. നേരത്തേ പരമാർശിക്കപ്പെട്ടവരെക്കൂടാതെ ക്യാപ്റ്റൻ ലക്ഷ്മി, പവനൻ, യു. കലാനാഥൻ, രാജഗോപാൽ വാകത്താനം, ശ്രീനി പട്ടത്താനം, പ്രേംനാഥ്, എം. പ്രഭ, പാറുക്കുട്ടിയമ്മ, കെ. പരമേശ്വരൻ, വി.കെ പവിത്രൻ, ഇ.എ. ജബ്ബാർ തുടങ്ങിയവരാണ് കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാക്കൾ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കേരളീയരായ യുക്തിവാദികളാണ് സനൽ ഇടമറുക്,[12] മനോജ് ജോൺ[13] എന്നിവർ. സനൽ ഇടമറുക് ഫിൻലാൻഡ് ആസ്ഥാനമായ റാഷണലിസ്റ്റ് ഇൻറർനാഷണലിൻറെ പ്രസിഡന്റ് ആണ്. വിവിധ രാജ്യങ്ങളിലെ യുക്തിവാദി സംഘടനകളുടെ ഫെഡറേഷനും ഐക്യരാഷ്ട്ര സഭയിൽ ഉപദേശക പദിവിയുള്ള സന്നദ്ധ സംഘടനയുമായ യു.എസ്. ആസ്ഥാനമായ എതീസ്റ്റ് അലയൻസ് ഇൻറനാഷണലിൻറെ ഡയറക്ടർ ആണ് മനോജ് ജോൺ.[14]
യുക്തിവാദ നിലപാടുകൾ ഭൌതികവാദികളുടെ പക്ഷത്തുനിന്നുതന്നെ വിമർശനവിധേയമായിട്ടുണ്ട്. മതത്തെയും വിശ്വാസക്രമങ്ങളെയും ആരാധനയെയും സംബന്ധിച്ച് കേവല യുക്തിവാദികൾ സ്വീകരിക്കുന്ന നിലപാടുകൾ യാന്ത്രികമാണെന്നാണ് ഇതിൽ പ്രധാനം. ഇത്തരം വിശ്വാസ മണ്ഡലം ബോധവത്കരണത്തിലൂടെയും യുക്തിവിചാരത്തിലൂടെയും നിർമാർജ്ജനം ചെയ്യാൻ കഴിയുമെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ ജനതയുടെ ഭാവനാലോകത്ത് ഇടംകണ്ടെത്തിയ ഇവയ്ക്ക് ഭൌതികാടിത്തറയുണ്ടെന്നും, അതുതന്നെ ഒരു സാമൂഹികശക്തിയാണെന്നുമുള്ള ധാരണ യുക്തിവാദികൾ പിൻപറ്റുന്നില്ല. ജനങ്ങൾ അജ്ഞതയിലാണെന്നും അവരെ ബോധവത്കരിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും കരുതുന്നത് നവോത്ഥാനകാലത്ത് രൂപപ്പെട്ട കേവല യുക്തിയുടെ തുടർച്ചയാണ്. ഭൌതികാടിത്തറയെ വർഗസമരത്തിലൂടെ മാറ്റിമറിക്കുമ്പോൾ മാത്രമേ മതവും വിശ്വാസങ്ങളും അപ്രത്യക്ഷമാവുകയുള്ളൂ എന്നാണ് മാർക്സിസ്റ്റ് വാദം. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അവിടെ തിരിച്ചെത്തിയ മതങ്ങൾ ഇത്തരം ധാരണകളെയും ചോദ്യംചെയ്യുന്നതാണ്. മതാടിത്തറയെ യുക്തിവാദികൾ പരിശോധിക്കുന്നത് ആശയവാദപരമായാണെന്ന വിമർശനങ്ങളും നിലനില്ക്കുന്നുണ്ട്. 'മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങൾക്കെതിരായ സമരമാണ് മതത്തിനെതിരായ സമര'മെന്ന് മാർക്സ് വിശദീകരിക്കുന്നു. യുക്തിവാദികളുടെ ഇത്തരം യാന്ത്രിക സമീപനങ്ങളെ മറികടന്നുകൊണ്ട് ജാതീയവും മതപരവും വിശ്വാസപരവുമായ ആശയലോകങ്ങളെ നിരാകരിക്കുന്ന നിരീശ്വര-ഭൗതികവാദ നിലപാടുകൾ പുതിയ കാലത്ത് കൂടുതൽ സജീവവും വിപുലവുമാകുന്നുണ്ട്.
നിരീശ്വരവാദത്തിൽ 21-ാം നൂറ്റാണ്ടിൽ നടന്ന/നടക്കുന്ന മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. സാം ഹാരിസ്, ഡാനിയൽ സി ഡെന്നത്ത്, റിച്ചാർഡ് ഡോക്കിൻസ്, വിക്ടർ ജെ സ്റ്റെൻജർ, ക്രിസ്റ്റഫർ ഹിച്ചൻസ് എന്നിവരുടെ എഴുത്തുകളാണ് പുത്തൻ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മതനിഷേധത്തിന്റെയും, ഈശ്വര നിഷേധത്തിന്റെയും ദർശനങ്ങൾ രൂപപ്പെടുത്താൻ ഇവർ ഉപയോഗിക്കുന്നത്. മുൻതലമുറ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്ത്വചിന്തയായിരുന്നുവെങ്കിൽ പുതുനിരീശ്വരവാദം ശാസ്ത്രത്തിലാണ് ഊന്നുന്നത്.
'ദൈവം ഉണ്ടെന്ന' പ്രസ്താവന ഒരു ഹൈപൊതിസിസ് ആണെന്നും, ഇത് ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിയുമെന്നും ഡോക്കിൻസും, വിക്ടർ സ്റ്റെൻജറും വാദിക്കുന്നു. ജീവോത്പത്തിയും ഗാലക്സികളും മാനസിക പ്രതിഭാസങ്ങളും തലച്ചോറുമൊക്കെ നാച്വറലിസത്താൽ വിശദീകരിക്കാൻ കഴിയുമെന്നാണ് ഇവരുടെവാദം. ദൈവമുണ്ടെന്നതിന് തെളിവുകളില്ല എന്നതിനർഥം ദൈവം ഇല്ലെന്നതിന്റെ തെളിവാണെന്ന് പുതുനിരീശ്വരവാദം സമർഥിക്കുന്നു. പ്രകൃത്യതീതശക്തികൾ ഉണ്ടോ എന്നത് ശാസ്ത്രീയ അന്വേഷണത്തിന് വിധേയമാക്കാമെന്നും അങ്ങനെ അത്തരം ധാരണകൾ തെറ്റാണെന്ന് തെളിയിക്കാമെന്നുമാണ് വിശദീകരണം. അതുകൊണ്ടുതന്നെ സൃഷ്ടിവാദം പരാജയമടയുന്നു.
ഈ മേഖലയിൽ എഴുതപ്പെട്ട പ്രധാന പുസ്തകങ്ങളാണ് ദ എൻഡ് ഒഫ് ഫെയ്ത്, റിലീജിയൻ ടെറർ ആൻഡ് ഫ്യൂച്ചർ ഒഫ് റീസൺ (2004) എന്നിവ. തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട ലെറ്റർ ടു എ ക്രിസ്ത്യൻ നേഷൻ (2006), ക്രൈസ്തവതയെ വിമർശന വിധേയമാക്കി. ഇതേവർഷം തന്നെ ഗോഡ് ഡെല്യൂഷനും പുറത്തിറങ്ങി. ബ്രെയ്ക്കിങ് ദ സ്പെൽ, റിലിജീയൻ അസ് എ നാച്വറൽ ഫിനോമിനൺ (ഡാനിയൽ സി ഡെന്നത്ത് - 2006), ഗോഡ്: ദ ഫെയിൽഡ് ഹൈപൊതിസസ്, ഹൗ സയൻസ് ഷോസ് ദാറ്റ് ഗോഡ് ഡസ്നോട്ട് എക്സിസ്റ്റ് (വിക്ടർ ജെ സ്റ്റെൻജർ - 2007), ഗോഡ് ഈസ് നോട്ട് ഗ്രെയ്റ്റ്, ഹൗ റിലിജിയൻ പോയിസൺസ് എവരിതിങ്, (ക്രിസ്റ്റഫർ ഹിച്ചൻസ് - 2007) തുടങ്ങിയ കൃതികളും ഇതേ ഗണത്തിൽപ്പെട്ടവയാണ്.
2005-ൽ എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക നടത്തിയ സർവേ പ്രകാരം ലോകത്ത് 11.9% മതേതരവിശ്വാസികളും 2.3% നിരീശ്വരവാദികളുമുണ്ടെന്ന് കണക്കാക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിരീശ്വരവാദികളുടെ എണ്ണം ഇതര മേഖലകളെക്കാൾ കൂടുതലാണ്. ഫ്രാൻസിൽ 27% പേർ മാത്രമാണ് ഈശ്വരവിശ്വാസികൾ എന്ന് 2006-ൽ ഫിനാൻഷ്യൽ ടൈംസ് നടത്തിയ പഠനങ്ങൾ കാണിക്കുന്നു. 85% സ്വീഡൻകാരും, 65% ജാപ്പനീസുകാരും, 48% റഷ്യക്കാരും ദൈവവിശ്വാസികളല്ലെന്നാണ് കണക്കുകൾ പറയുന്നത്.
{{cite journal}}
: Invalid |ref=harv
(help)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.