നവോത്ഥാനം (ദ് റെനൈസ്സൻസ്; [[ഫ്രഞ്ച്³² അർത്ഥം - "പുനർജ്ജനി"; ഇറ്റാലിയൻ: റിനസ്സിമെന്റോ) എന്നത് മദ്ധ്യ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇറ്റലിയിൽ ആരംഭിക്കുകയും പിന്നീട് യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്ന, ഏകദേശം 14-ആം നൂറ്റാണ്ടുമുതൽ 17-ആം നൂറ്റാണ്ടുവരെ നിലനിന്ന, സാംസ്കാരികപ്രസ്ഥാനമായിരുന്നു. ക്ലാസിക്കൽ ഉറവിടങ്ങൾ ഉപയോഗിച്ചുള്ള വിജ്ഞാനത്തിന്റെ പുനരുജ്ജീവനം, ഈ വളർച്ചയ്ക്ക് രാജകൊട്ടാരങ്ങളുടെയും പോപ്പിന്റെയും പിന്തുണ, ശാസ്ത്രത്തിന്റെ പുരോഗതി, ചിത്രകലയിൽ പെഴ്സ്പെക്ടീവിന്റെ ഉപയോഗം എന്നിവ നവോത്ഥാനത്തിന്റെ പ്രത്യേകതകളായിരുന്നു.[1] ബൌദ്ധിക മേഖലകളിൽ നവോത്ഥാനത്തിനു വ്യാപകമായ സ്വാധീനം ചെലുത്താനായി. എങ്കിലും നവോത്ഥാനം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ലിയനാർഡോ ഡാ വിഞ്ചി, മൈക്കെലാഞ്ജലോ തുടങ്ങിയ സകലകലാവല്ലഭരുടെ കലാപരമായ സംഭാവനകൾക്കാണ്. നവോത്ഥാന മനുഷ്യർ (റെനൈസ്സെൻസ് മെൻ) എന്ന പദം രൂപം കൊള്ളുന്നതിനു ഇവർ കാരണമായി. [2][3]
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇക്കാലത്താണ് ആധുനികശാസ്ത്രത്തിന്റെയും, സാഹിത്യത്തിന്റെയും അടിത്തറ പാകിയ മഹാരഥൻമാർ ജീവിച്ചിരുന്നത്. ഇന്നു നാം ഉപയോഗിക്കുന്ന പല നിത്യോപയോഗസാധനങ്ങളുടെയും രുപരേഖകൾ അന്നത്തെ പലരും വരച്ചിട്ടിരുന്നു. നവോത്ഥാനകാലത്തിന്റെ ഫലമായി ഉണ്ടായ വിജ്ഞാനസ്ഫോടനമാണ് പിന്നീട് പുതിയ ഭൂഭാഗങളുടെ കണ്ടെത്തലിനും അതിനു ശേഷം സാമ്രാജ്യത്വ സംഘട്ടനത്തിനും കാരണമായത്.
യൂറോപ്യൻ നവോത്ഥാനം-ചരിത്രം
ക്രിസ്ത്യൻ പണ്ഡിതർ ചരിത്രത്തെ പേഗൻ അന്ധകാരയുഗമെന്നും ഉറപ്പാണ് ക്രൈസ്തവയുഗമെന്നും രണ്ടായി വിഭജിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ചിന്തകനായ ഫ്രാൻസിസ്കോ പെട്രാർക്ക് ഈ കാലവിഭജനത്തെ കീഴ്മേൽ മറിക്കുകയും റോമൻ ചക്രവർത്തിയായ കോൺസ്റ്റാന്റീൻ ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്നുള്ള ക്രൈസ്തവയുഗത്തെ അന്ധകാരയുഗമെന്നു നിർവചിക്കുകയും ചെയ്തു. പെട്രാർക്കിനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവപൂർവഘട്ടം വെളിച്ചത്തിന്റെ യുഗമാണ്. പെട്രാർക്കിന്റെ അനുയായികൾ പൌരാണികയുഗം, അപചയഘട്ടം, നവീനയുഗം എന്നിങ്ങനെ ചരിത്രത്തെ മൂന്നായി വിഭജിച്ചു. ഈ നവീനയുഗത്തെയാണ് നവോത്ഥാനം പ്രതിനിധാനം ചെയ്യുന്നത്. തികച്ചും ശ്രദ്ധിക്കപ്പെടാതെ ആരംഭിച്ച് വളരെ സാവധാനത്തിലുള്ള പുരോഗതിയിലൂടെയാണ് നവോത്ഥാനത്തിന്റെ പ്രത്യാഘാതങ്ങൾ ഇറ്റലിയിൽനിന്നും ഉത്തരപശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലേക്ക് സംക്രമിച്ചത്.
മധ്യകാലയൂറോപ്പിന്റെ ഭാഗധേയങ്ങൾ നിർണയിച്ച രണ്ട് പ്രധാന ഘടകങ്ങളായിരുന്നു റോമൻ കത്തോലിക്കാസഭയും വിശുദ്ധ റോമാസാമ്രാജ്യവും. എന്നാൽ 16-ാം ശതകത്തോടെ ഇവയ്ക്കുണ്ടായ അപചയവും നവോത്ഥാനത്തിന്റെ മുന്നേറ്റവും സമാന്തരസംഭവങ്ങളാണ്. യൂറോപ്യൻജനതയെ ഏകോപിപ്പിച്ചുനിർത്തിയ വിശുദ്ധ റോമാസാമ്രാജ്യം ബലഹീനമായതിനു പിന്നിൽ വിശുദ്ധ റോമാചക്രവർത്തിയും പോപ്പും തമ്മിലുള്ള അധികാര മത്സരങ്ങൾ നിർണായക പങ്കു വഹിക്കുകയുണ്ടായി.
14-ാം ശതകത്തിൽ ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തിൽ കലാശിച്ച 'കറുത്ത മരണം' (black death) എന്നറിയപ്പെടുന്ന പകർച്ചവ്യാധി, വാസ്തവത്തിൽ പള്ളിയുടെ അർഥശൂന്യതയെക്കുറിച്ചും ക്രൈസ്തവേതരമായ ചിന്താധാരകളെക്കുറിച്ചും ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു തുടങ്ങിയിരുന്നു.
പുതിയ നഗരങ്ങളുടെ വളർച്ചയും വികാസവും നവോത്ഥാനത്തിന് അനുകൂലമായ പശ്ചാത്തലമൊരുക്കി. കാർഷികപ്രധാനമായ മദ്ധ്യകാലസംസ്കാരത്തിൽ നിന്നും വ്യത്യസ്തമായി വാണിജ്യത്തിലും വ്യാപാരത്തിലും അധിഷ്ഠിതമായ സമ്പദ്ഘടനയായിരുന്നു നഗരങ്ങളുടേത്. വാണിജ്യത്തിൽ നിന്നും വ്യാപാരത്തിൽ നിന്നും ലഭിച്ച ധനം നഗരവാസികളുടെ കാഴ്ചപ്പാടിൽ സമഗ്രമായ മാറ്റമുണ്ടാക്കി. ജീവിതനിലവാരം മെച്ചപ്പെട്ടതോടെ വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്താനും വിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും അവർക്കു കഴിഞ്ഞു. നാഗരിക സംസ്കാരത്തിന്റെയും ആധുനികവിദ്യാഭ്യാസത്തിന്റെയും ഫലമായി ജനങ്ങൾക്കിടയിൽ മതത്തിനുണ്ടായിരുന്ന പ്രഭാവം ക്ഷയിക്കുകയും ലൌകികവും മതേതരവുമായ ലോകബോധത്തിനു പ്രചാരം സിദ്ധിക്കുകയും ചെയ്തു.
സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ മതാധിപത്യത്തെ ശക്തമായി പ്രതിരോധിച്ച നവമധ്യവർഗം വിജ്ഞാനത്തിന്റെ പുതിയമേഖലകൾ വികസിപ്പിക്കുകയും മതേതരമായ ആധുനികഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുകയുമാണ് ചെയ്തത്. വ്യക്തിനിഷ്ഠമായ സ്വാതന്ത്ര്യത്തിനും ചിന്താപരമായ നവീകരണത്തിനും വേണ്ടി വാദിച്ച മനുഷ്യവർഗ പ്രബുദ്ധതയുടെ പ്രകാശനമായിരുന്നു നവോത്ഥാനം.
ഇറ്റലിയിലെ ഫ്ളോറൻസിലാണ് നവോത്ഥാനം ആരംഭിച്ചത്. ഫ്ലോറൻസിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം, 'മെഡീചി' എന്ന കുടുംബത്തിന്റെ രക്ഷാകർതൃത്വം, കോൺസ്റ്റാന്റിനോപ്പിളിന്റെ തകർച്ചയോടെ ഗ്രീക്ക് പണ്ഡിതരുടെ കുടിയേറ്റം, സാമ്പത്തിക ഉത്പാദന ബന്ധങ്ങളിലുണ്ടായ മാറ്റങ്ങൾ തുടങ്ങി പല കാരണങ്ങൾ നവോത്ഥാനത്തിന്റെ രൂപപ്പെടലിനെക്കുറിച്ച് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിയമജ്ഞർ, തത്ത്വചിന്തകർ, കവികൾ, കലാകാരന്മാർ തുടങ്ങിയവർ പുരാതന ഗ്രീക്-റോമൻ സംസ്കാരങ്ങളെയും കലയെയും കുറിച്ച് പഠിക്കാനാരംഭിച്ചു. ക്ളാസ്സിക്കൽ കാലത്തെ പുനർനിർമ്മിക്കാനും, അനുകരിക്കാനുമുള്ള ശ്രമങ്ങൾ ശക്തമായിത്തീർന്നു.
15-ാം ശതകത്തോടെ ഗ്രീക്ക് പൗരാണിക കാലഘട്ടം പഠനങ്ങളുടെ സുപ്രധാന മേഖലയായിത്തീർന്നു. നഷ്ടപ്പെട്ട ഗ്രന്ഥങ്ങളുടെ കണ്ടെത്തൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്ര, സാഹിത്യ ഗ്രന്ഥങ്ങളുടെ സൂക്ഷ്മ വായനകൾ, ഗ്രീക്ക് തത്ത്വചിന്തയിലെ മാനവികാംശങ്ങളെ വിപുലീകരണം തുടങ്ങിയവ ഇക്കാലത്തിന്റെ ബൌദ്ധിക സ്വഭാവങ്ങളായിരുന്നു. പ്ലേറ്റോയുടെ കൃതികൾ, ഗ്രീക്ക് ട്രാജഡികൾ, പ്ലൂട്ടാർക്കിന്റെയും കവിനോഫോണിന്റെയും വിവരണങ്ങൾ തുടങ്ങിയവ അന്വേഷണങ്ങളുടെ ഭാഗമായിത്തീർന്നു. കൊലുകിയോ ഡലുടാറ്റി, ലിയൊനാർദോ ബ്രൂണോ തുടങ്ങിയ കൌൺസിലർമാരുടെ കീഴിൽ ഹ്യൂമനിസ്റ്റുകൾ ഫ്ളോറൻസിന്റെ നയങ്ങളെ എതിർത്തു. പോഗിയോ ബ്രാസിയോളിനിയുടെ നേതൃത്വത്തിൽ പുരാതന കൈയെഴുത്തുപ്രതികൾ പഠിക്കുകയും അവരുടെ കാലഘട്ടത്തിലെ ദുരയെയും, പൊള്ളത്തരങ്ങളെയും പരിഹസിച്ചുകൊണ്ട് എഴുതുകയും, പ്രസംഗിക്കുകയും ചെയ്തു. മറ്റുചിലർ സ്വതന്ത്രചിന്തയുടെ ആവശ്യത്തിലൂന്നി, ബൈബിളും, പള്ളിയും, ക്രൈസ്തവതയും വിമർശന വിധേയമാക്കി. വിമർശനാത്മക ചിന്ത, രാഷ്ട്രീയത്തിലും, തത്ത്വചിന്തയിലും വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു. മതപരമായ നോട്ടക്കോണുകളിൽനിന്ന് മാറി മതേതരമായ സമീപനങ്ങൾ വളർന്നുവന്നു.
പൗരോഹിത്യ ഭക്തിയെ അപ്രസക്തമാക്കിക്കൊണ്ട് ഭൗതികവും മതേതരവുമായ ലോകബോധത്തിന് പ്രചാരം കൈവന്നു. വ്യക്തിനിഷ്ഠമായ സ്വാതന്ത്യ്രത്തിനും ചിന്താപരമായ നവീകരണത്തിനുംവേണ്ടി നിലകൊണ്ടതായിരുന്നു നവോത്ഥാനത്തിന്റെ സവിശേഷത. മതമേധാവികൾതന്നെ നിയമങ്ങൾ ലംഘിക്കുകയും പുതിയ മതേതര രാഷ്ട്രീയ വിഭാഗങ്ങളോട് ഐക്യപ്പെടുകയും ചെയ്തു. കത്തോലിക്കാസഭയുടെ അപ്രമാദിത്യത്തിനും അധികാരവാഞ്ജയ്ക്കുമെതിരെ സഭയ്ക്കകത്തുനിന്നുതന്നെ പരിഷ്കരണ ശബ്ദങ്ങൾ ഉയർന്നുവന്നു. ഇറാസ്മസ് തുടങ്ങിവച്ച മതനവീകരണ പ്രക്രിയയെ അതിന്റെ പൂർണതയിലെത്തിച്ചത് മാർട്ടിൻ ലൂഥറാണ്. റോജർ ബേക്കൺ, പീറ്റർ അംബവാർഡ്, ഡൺസ് സ്കോട്ടസ് തുടങ്ങിയ ചിന്തകരും ഇതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 1517-ലാണ് പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ആരംഭിക്കുന്നത്. കത്തോലിക്കാസഭയുടെ മതനിയമങ്ങളെ പരിഷ്കരിക്കണമെന്നുള്ള അവശ്യം ഉന്നയിക്കപ്പെട്ടു. സഭയുടെയും പോപ്പിന്റെയും അധികാരം ചോദ്യം ചെയ്യപ്പെട്ടു. പ്രൊട്ടസ്റ്റന്റനിസം യൂറോപ്യൻ ക്രൈസ്തവസഭയെ മാറ്റിമറിക്കുകയും വിശ്വാസപരമായ ബഹുത്വത്തിന് പ്രചോദകമാവുകയും ചെയ്തു.
മുതലാളിത്തത്തിന്റെ പിറവിക്കൊപ്പം ദേശരാഷ്ട്ര സങ്കല്പങ്ങളുടെ ആദിമാതൃകകളും നവോത്ഥാനം സംഭാവന ചെയ്തിട്ടുണ്ട്. സ്പെയിൻ, ഫ്രാൻസ്, സ്വീഡൻ, ഡച്ച് റിപ്പബ്ലിക് തുടങ്ങിയ ഭരണകൂടങ്ങളുമായി റോമാസാമ്രാജ്യമുണ്ടാക്കിയ വെസ്റ്റ് ഫാലിയൻ സമാധാനക്കരാർ (1648) ഇതിനുദാഹരണമായെടുക്കാം. പരസ്പരം അംഗീകരിക്കാനും, അതിർത്തികൾ മാനിക്കാനും ഇതിൽ തീരുമാനമുണ്ടായി. പരസ്പരം കടന്നാക്രമിക്കാതിരിക്കുക, സ്വയം നിർണയനാവകാശങ്ങൾ അംഗീകരിക്കുക, രാജ്യങ്ങൾക്കിടയിൽ നിയമപരമായ തുല്യത പാലിക്കുക തുടങ്ങിയവയും ഇതിന്റെ ഭാഗമായി നിലവിൽവന്നു. യൂറോപ്പിലെ മതങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച വെസ്റ്റ്ഫാലിയൻ സിസ്റ്റം ദേശരാഷ്ട്ര ഭാവനയുടെ ആദിരൂപമായി കാണാവുന്നതാണ്.
അന്വേഷണാത്മകതയെയോ യുക്തിചിന്തയെയോ (Rationalism) പ്രോത്സാഹിപ്പിക്കാത്ത സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസം, മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിലാണ് വിജയിച്ചത്. മതാധിഷ്ഠിതമായ വിദ്യാഭ്യാസരീതിയെ ചോദ്യം ചെയ്യാൻ ഉത്പതിഷ്ണുക്കൾ മുതിർന്നതോടെ യൂറോപ്പ് അത്ഭുതകരമായ ബൗദ്ധികമുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. കത്തോലിക്കാപ്പള്ളി നേരിട്ട അപചയാവസ്ഥയും ഈ ബൗദ്ധികമുന്നേറ്റത്തെ ത്വരിതപ്പെടുത്തി. ക്രിസ്തുമതത്തിലെ ആശയങ്ങളും പ്രയോഗങ്ങളും തമ്മിലുള്ള അന്തരം മൂലം പള്ളിയെ വിമർശനാത്മകമായി വീക്ഷിക്കുവാൻ ജനം തയ്യാറായി. മതാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ നിന്നും സർഗാത്മകതയുടെ പുതിയ തലങ്ങളിലേക്ക് മനുഷ്യൻ ചെന്നകാലമായിരുന്നു നവോത്ഥാനം.
യൂറോപ്പിന്റെ ഈ ബൗദ്ധിക മുന്നേറ്റത്തിന് നിർണായക സ്വാധീമായ ഘടകങ്ങളാണ് ഗുട്ടൻബർഗ് അച്ചടി കണ്ടുപിടിച്ചതും ഗ്രീക്-റോമൻ ഗ്രന്ഥങ്ങൾക്ക് ലഭിച്ച പ്രചാരവും. അതുകൊണ്ടാണ് പുരാതന ഗ്രീക്ക്-റോമൻ സംസ്കാരങ്ങളുടെ ഉയിർത്തെഴുന്നേല്പായി ചില പണ്ഡിതർ നവോത്ഥാനത്തെ വിശേഷിപ്പിച്ചത്. 15-ാം ശ.-ത്തിലുണ്ടായ അച്ചടിയുടെ കണ്ടുപിടിത്തം യൂറോപ്പിനെ വിപ്ലവകരമായി മാറ്റിമറിച്ചു. അച്ചടിയുടെ കണ്ടുപിടിത്തം വായനയെ ജനപ്രിയമാക്കുകയും വിജ്ഞാനത്തിന്റെ വെളിച്ചം യൂറോപ്പിലാകെ പടർത്തുകയും ചെയ്തു. പുതിയ അറിവ് നേടാനും സ്വതന്ത്രമായി ചിന്തിക്കാനും മനുഷ്യനെ പ്രാപ്തനാക്കിയ ഈ കണ്ടുപിടിത്തം നവോത്ഥാനത്തെ ത്വരിതപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി. ക്ലാസ്സിക്കുകളെ ഗൗരവമായി പഠിച്ചവർ ഹ്യൂമനിസ്റ്റുകൾ എന്നറിയപ്പെട്ടു. വിസ്മൃതിയിലാണ്ട പഴയ ക്ലാസ്സിക്കുകളെ വീണ്ടെടുക്കാൻ ഹ്യൂമനിസ്റ്റുകൾ നടത്തിയ ശ്രമങ്ങൾ അവരെ യൂറോപ്പിന്റെ പല കോണുകളിലും എത്തിച്ചു. 1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതിനെത്തുടർന്ന് പാരിസ്, ബർലിൻ, റോം, നേപ്പിൾസ്, വെനീസ്, ഫ്ലോറൻസ് തുടങ്ങിയ നഗരങ്ങളിൽ അഭയം തേടിയ പണ്ഡിതന്മാർ ഗ്രീക്ക് ഭാഷയും ക്ലാസ്സിക്കുകളും യൂറോപ്പിൽ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഈ നഗരങ്ങളാണ് നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രങ്ങളായി മാറിയത്.
16-ാം ശ.-ത്തോടെ നഗരങ്ങൾ കേന്ദ്രീകരിച്ചു നിലവിൽ വന്ന അക്കാദമികൾ ശാസ്ത്ര-സാഹിത്യവിഷയങ്ങൾക്കു പ്രത്യേക പ്രാമുഖ്യം നല്കിയത് ജനങ്ങളെ പ്രബുദ്ധരാക്കുകയാണുണ്ടായത്. അവരുടെ ചിന്താമണ്ഡലത്തിൽ വിപ്ളവകരമായ പരിവർത്തനങ്ങൾ നടന്നു. സ്വർഗത്തിലെയും ഭൂമിയിലെയും കാര്യങ്ങൾ വിമർശനാത്മകമായി കാണുക എന്നതായിരുന്നു ഈ കാലത്തെ ബൌദ്ധികതയുടെ സവിശേഷത. 18-ാം ശ.-ത്തിന്റെ ആദ്യ പകുതിയിൽ ഫ്രാൻസിൽ ആരംഭിച്ച പ്രബുദ്ധതായുഗം നവോത്ഥാനത്തിന്റെ തുടർച്ചയായിരുന്നു.
സാമൂഹികമേഖലയിൽ നഗരങ്ങളുടെ വളർച്ച, ഫ്യൂഡലിസത്തിന്റെ അപചയം എന്നിവപോലെ സാമ്പത്തികമേഖലയിൽ മുതലാളിത്തത്തിന്റെ വളർച്ചയും യൂറോപ്യൻ പര്യവേക്ഷണങ്ങളും നവോത്ഥാനകാലത്തെ സവിശേഷതകളായിരുന്നു. 16-ാം ശ.-ത്തിലുണ്ടായ യൂറോപ്പിന്റെ സാമ്പത്തികവികസനം ആധുനിക സാമ്പത്തികക്രമത്തിലെ പ്രധാന ഘടകമായ മുതലാളിത്ത വ്യവസ്ഥിതിയുടെ വളർച്ചയ്ക്ക് കാരണമായി. ഏഷ്യ, അമേരിക്ക, ആഫ്രിക്ക എന്നിവയുമായുള്ള വാണിജ്യവ്യാപാരബന്ധങ്ങൾ യൂറോപ്പിൽ മുതലാളിത്തവ്യവസ്ഥയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകമായിരുന്നു.
മുതലാളിത്തവ്യവസ്ഥിതിയുടെ ആവിർഭാവം മധ്യയുഗത്തിൽ നിന്നും ആധുനികയുഗത്തിലേക്കുള്ള പരിവർത്തനത്തിന് ആക്കം കൂട്ടി എന്നു മാത്രമല്ല, അന്താരാഷ്ട്രവ്യാപാരത്തിൽ നിന്നും സമാഹരിച്ച മൂലധനം സർഗാത്മകപ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിന് ആഢ്യവർഗം വിനിയോഗിച്ചതും നവോത്ഥാനകാലഘട്ടത്തെ സജീവമാക്കിയിരുന്നു.
15-ാം ശ.-ത്തിലെ യൂറോപ്യൻ പര്യവേക്ഷണങ്ങൾ യൂറോപ്പും ലോകവുമായുള്ള ബന്ധം മാറ്റിമറിച്ചു. യൂറോപ്പിനെ ലോകത്തിന്റെ ഇതരഭാഗങ്ങളുമായി അടുപ്പിച്ച ഈ പര്യവേക്ഷണങ്ങളെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെന്നാണ് ആഡംസ്മിത്ത് വിശേഷിപ്പിച്ചത്. വാണിജ്യവ്യാപാരത്തിനു പുറമേ മതപരിവർത്തനത്തിന്റെയും കോളനിവത്കരണത്തിന്റെയും അനന്തമായ സാധ്യതകളാണ് ഈ പര്യവേക്ഷണങ്ങൾ യൂറോപ്പിനു തുറന്നുകൊടുത്തത്. യൂറോപ്യൻ അതിരുകൾക്കപ്പുറത്തേക്കുനീണ്ട ഈ പര്യവേക്ഷണങ്ങൾ വിജയിച്ചതിനുപിന്നിൽ യൂറോപ്പ് സ്വായത്തമാക്കിയ സാങ്കേതികമികവിന്റെ പിൻബലമുണ്ടായിരുന്നു. 15-ാം ശ. വരെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സാങ്കേതിക വ്യാവസായികരംഗത്ത് യൂറോപ്പ് പിന്നോക്കാവസ്ഥയിലായിരുന്നു. എന്നാൽ 13-15-ാം ശ.-ത്തിനിടയ്ക്ക് മറ്റ് സംസ്കാരങ്ങളിൽ നിന്നും അറിവ് നേടാനും സമഗ്രമായ പാഠങ്ങൾ ഉൾക്കൊള്ളാനും യൂറോപ്പിനു കഴിഞ്ഞു. ആധുനിക ലോകത്തിന്റെ ഘടനയ്ക്കു വഴിതെളിച്ച അച്ചടി, വെടിമരുന്ന് എന്നിവയ്ക്ക് ചൈനയോടും ആൾജിബ്ര, ജ്യോമിട്രി എന്നിവയ്ക്ക് അറബികളോടും അവർ കടപ്പെട്ടിരുന്നു. യൂറോപ്പിന്റെ മുഖഛായ മാറ്റിയ നവോത്ഥാനത്തിൽ ചൈനീസ്, അറേബ്യൻ സംസ്കാരം ചെലുത്തിയ സ്വാധീനങ്ങൾ നിർണായകമായിരുന്നു.
ആധുനിക യൂറോപ്യൻ സംസ്കാരത്തെ രൂപപ്പെടുത്തിയത് പൗരാണിക ഗ്രീക്ക് റോമൻ മൂല്യങ്ങൾ മാത്രമാണ് എന്നായിരുന്നു ആദ്യകാല യൂറോപ്യൻ ചരിത്രപണ്ഡിതരുടെ വാദം. ലോകത്തെ ഇതര സംസ്കാരങ്ങളെ ഇകഴ്ത്തിക്കൊണ്ടും യൂറോപ്പിനെ മഹത്ത്വവത്കരിച്ചുകൊണ്ടുമുള്ള ഈ യൂറോകേന്ദ്രീകൃത കാഴ്ചപ്പാടിന് ഇന്ന് മങ്ങലേറ്റിട്ടുണ്ട്. യൂറോപ്പിന്റെ സംസ്കാരരൂപീകരണത്തിൽ ഗ്രീക്ക്-റോമൻ മൂല്യങ്ങളോടൊപ്പം ഏഷ്യൻ-ആഫ്രിക്കൻ-അറേബ്യൻ സംസ്കാരവും ഗണ്യമായ സ്വാധീനം ചെലുത്തി എന്ന് ജോസഫ് നീഡ്ഹാം, മാർട്ടിൻ ബെർണൽ, ഗാമിൻ മെൻഡിസ് തുടങ്ങിയ ചിന്തകർ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ നവോത്ഥാനം-സംഭാവനകൾ
സാഹിത്യം
സാഹിത്യരംഗത്താണ് നവോത്ഥാനത്തിന്റെ സ്വാധീനം ആദ്യമായി കണ്ടുതുടങ്ങിയത്. ക്ലാസ്സിക്കൽ ഗ്രീക്ക് സാഹിത്യത്തോടു കിടപിടിക്കത്തക്ക അനേകം ഗ്രന്ഥങ്ങൾ ഇക്കാലത്തു രചിക്കപ്പെട്ടു. ഗ്രന്ഥരചനാരീതിയിലും സാരമായ പരിവർത്തനങ്ങൾ ഉണ്ടായി. നവോത്ഥാനകാലം ആയപ്പോഴേക്കും സാഹിത്യകാരന്മാർ ഗ്രന്ഥങ്ങളിലൂടെ സാധാരണ മനുഷ്യരെ കണ്ടെത്തുവാൻ ശ്രമിച്ചുവെന്നതാണ് പ്രധാനം. മാനവികതയുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ച ചിന്തകന്മാർ 'നവോത്ഥാനഹ്യൂമനിസ്റ്റുകൾ' എന്ന പേരിലറിയപ്പെട്ടു. ക്ലാസ്സിക് പണ്ഡിതന്മാരായ അവർ ഗ്രീക്കുഭാഷ പഠിക്കുകയും ക്ലാസ്സിക് ഗ്രന്ഥങ്ങളെ നവീനമായി വ്യാഖ്യാനിക്കുകയും ചെയ്തു. സമൂഹത്തിലെമ്പാടും പ്രചരിച്ച നവചിന്തയുടെ ഫലമായി ദാർശനികസാഹിത്യമണ്ഡലം വികസിച്ചു. ഹ്യൂമനിസം എന്ന പ്രസ്ഥാനത്തിനുതന്നെ അതു വിത്തു പാകി.
ലോകപ്രശസ്തനായ ഇറ്റാലിയൻ കവിയായിരുന്നു ഡാന്റെ. അദ്ദേഹത്തിന്റെ പ്രസിദ്ധകാവ്യമാണ് ഡിവൈൻ കോമഡി. യൂറോപ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന പല ദുരാചാരങ്ങളെയും ചോദ്യം ചെയ്ത പണ്ഡിതനായിരുന്നു മാക്കിയവെല്ലി. അദ്ദേഹം രചിച്ച ദ് പ്രിൻസ് ,(മാക്കിയവെല്ലി) എന്ന ഗ്രന്ഥം വിഖ്യാതമാണ്. ജനങ്ങളിൽ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിന് ഈ കൃതിയും കാരണമായി. ഗ്രീക്കുഭാഷയിൽ അഗാധപാണ്ഡിത്യം നേടിയിരുന്ന ബൊക്കാച്ചിയോയുടെ പ്രധാനസാഹിത്യസൃഷ്ടിയായിരുന്നു ഡെക്കാമെറോൺ കഥകൾ. ഇറ്റലിയിൽ നിന്നും കാലക്രമേണ സാഹിത്യത്തിന്റെ വളർച്ച മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഡച്ചുസാഹിത്യകാരനായ എറാസ്മസ്സിന്റെ ഏറ്റവും പ്രധാന ഗ്രന്ഥമായിരുന്നു പ്രെയിസ് ഒഫ് ഫോളി. ഡോൺ ക്വിക്സോട്ടിന്റെ രചനയിലൂടെ സ്പെയിൻകാരനായ സെർവാന്തെസ് പുതിയൊരു സാഹിത്യഭാവുകത്വത്തിനു തുടക്കം കുറിച്ചു. നവോത്ഥാനകാലത്തെ ഏറ്റവും വിപ്ലവകാരിയായ ചിന്തകനായിരുന്നു ജർമനിയിലെ മാർട്ടിൻ ലൂഥർ. ഇംഗ്ലീഷ് ചിന്തകരും സാഹിത്യകാരന്മാരുമായ സർ തോമസ് മോർ, ജോൺ മിൽട്ടൺ, വില്യം ഷെയ്ക്സ്പിയർ തുടങ്ങിയവർ നവോത്ഥാനത്തിനു നല്കിയ സംഭാവനകൾ ഗണനീയമാണ്.
സാഹിത്യവും വിമർശനചിന്തയും പുതിയ ഊർജ്ജം കൈവരിച്ചത് അക്കാലത്താണ്. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസയുടെ പുതിയ വ്യാഖ്യാനങ്ങൾ റോബർട്ടെല്ലോ, ബർനാർഡോ സെഞ്ഞി എന്നിവർ പുറത്തിറക്കി. ലോഞ്ജിനസ്, ക്വിന്റ്ലിയൻ എന്നിവരുടെ കൃതികളും ജനകീയമായി വായിക്കപ്പെട്ടു.
പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ഹോറസ് തുടങ്ങിയവരുടെ വിമർശനചിന്തകളും കാവ്യനിരൂപണങ്ങളും ഇക്കാലത്ത് ഏറെ സംവാദാത്മകമായിത്തീർന്നു. 'റെട്ടറിക്' എന്നറിയപ്പെടുന്ന 'അലങ്കാരശാസ്ത്രം' നവോത്ഥാനകാലഘട്ടത്തിന്റെ പ്രധാന സംഭാവനയാണ്. ഒരു കൃതിയിലെ പദവാക്യഛന്ദോലങ്കാരങ്ങളെ വിന്യസിക്കുന്ന ശാസ്ത്രബോധമാണ് 'റെട്ടറിക്' എന്നു പറയാം. സിസറോ, ഹോറസ്, ക്വിന്റ്ലീയൻ, [[സിഡ്നി (ആചാര്യൻ) തുടങ്ങിയ ആചാര്യന്മാർ, അരിസ്റ്റോട്ടിലിന്റെ പോയറ്റിക്സിലെ സിദ്ധാന്തങ്ങൾക്ക് തുല്യമായ സ്ഥാനമാണ് 'റെട്ടറിക്കി'ന് നല്കിയത്. പ്രഭാഷണകലയുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന ഈ പദം നവോത്ഥാനകാലഘട്ടത്തിൽ സാഹിത്യസിദ്ധാന്തമണ്ഡലത്തിൽ ചർച്ചാവിഷയമായിത്തീർന്നു. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസാദർശനങ്ങൾ നവോത്ഥാന സാഹിത്യരംഗത്തെ കൂടുതൽ ചലനാത്മകമാക്കി. കാസ്റ്റൽവെട്രോ, ടാസ്സോ തുടങ്ങിയവർ കാവ്യമീമാംസയെ സംബന്ധിച്ച നിരൂപണങ്ങളിലൂടെ ജനശ്രദ്ധ നേടി.
പ്രാചീന ഗ്രീക്ക്-റോമൻ സാഹിത്യകൃതികളുടെ പ്രചാരവും നവീനപഠനങ്ങളും നവോത്ഥാനകാലത്തിന് ഊർജസംഭരണിയായിത്തീർന്നു. ഭാവനയുടെ സ്വാതന്ത്യ്രവും മതസ്വഭാവമുള്ള സാഹിത്യനിയമങ്ങളും നവോത്ഥാനസാഹിത്യചിന്തയെ ഒരുപോലെ സ്വാധീനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു. പ്രാചീന ആചാര്യന്മാരുടെ ദർശനങ്ങൾ അനുകൂലമായും പ്രതികൂലമായും ചർച്ച ചെയ്യപ്പെടുകയും അതിന് അനുബന്ധമായി ഒട്ടേറെ പുതിയ കൃതികൾ പുറത്തുവരികയും ചെയ്തു. പാരമ്പര്യ ആസ്വാദനസമ്പ്രദായത്തിൽനിന്ന് വേറിട്ട്, നവീനഭാവുകത്വത്തിന്റെ അഭിരുചികൾ പ്രകടമാക്കാൻ നവോത്ഥാനചിന്തകരും ആസ്വാദകരും ശ്രമിച്ചു. യാഥാസ്ഥിതിക ക്രൈസ്തവസഭകളുടെ സാഹിത്യദർശനവും പുതിയ വിപ്ലവാത്മക ചിന്തകളും നവോത്ഥാനത്തെ ജ്വലിപ്പിക്കുകയുണ്ടായി. മധ്യയുഗത്തിന്റെ തുടക്കത്തിൽ കത്തോലിക്കാസഭ കലയെയും സാഹിത്യത്തെയും കർശനനിലപാടോടെയാണ് നോക്കിക്കണ്ടത്. മതസാഹിത്യത്തെയും മതാത്മകദർശനങ്ങളെയും അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഭാനവീകരണത്തിന്റെ ഫലമായി ഉയർന്നുവന്ന പ്രൊട്ടസ്റ്റന്റ് സഭകൾ കലയെയും സാഹിത്യത്തെയും തിന്മയുടെ ശക്തികളായാണ് വിലയിരുത്തിയത്. മനുഷ്യവികാരങ്ങളുടെ സ്വച്ഛന്ദമായ ആവിഷ്കരണം തികച്ചും അധാർമികവും ദുരുപയോഗവുമാണെന്ന് അവർ വ്യാഖ്യാനിച്ചു.
നവോത്ഥാനദശയിൽ സാഹിത്യത്തിന് ലഭിച്ച ഊഷ്മളമായ വരവേൽപ്പ് പ്യൂരിറ്റൻവാദികളായ മതചിന്തകരെ ഭയപ്പെടുത്തിയെന്നുപറയാം. യൂറോപ്യൻ രാജ്യങ്ങളിൽ നവോത്ഥാനത്തിന്റെ ശംഖൊലി കേട്ടുതുടങ്ങിയതോടെ ഗ്രീക്കു, ലാറ്റിൻ ഭാഷകൾ എവിടെയും പ്രിയങ്കരമായിത്തീർന്നു. ഇംഗ്ലണ്ടിലെ പണ്ഡിതന്മാരിലൂടെ 'കേംബ്രിഡ്ജ് സ്കൂൾ', പുതിയ സാഹിത്യദർശനവും ഇംഗ്ലീഷ് ഭാഷയുടെ നവീകരണവും ലക്ഷ്യമിട്ടു.
തത്ത്വചിന്ത
ഹ്യൂമനിസം ശരിയായ അർഥത്തിൽ ഒരു തത്ത്വചിന്ത ആയിരുന്നില്ല. മറിച്ച് ഒരു പഠനരീതിയായിരുന്നു. പുരാതന ലാറ്റിൻ, ഗ്രീക്ക് ഗ്രന്ഥങ്ങൾ പുതിയ പഠനങ്ങൾക്ക് വിധേയമാക്കുകയായിരുന്നു അവർ. ഇറ്റാലിയൻ കവിയും, ചിന്തകനുമായ ഫ്രാൻസിസ് പെട്രാർക്കാണ് ഹ്യുമനിസത്തിന്റെ ആദ്യ വക്താവായി അറിയപ്പെടുന്നത്. 15-ാം ശ.-ത്തിൽ ഒരു ഹ്യൂമനിസ്റ്റ് പാഠ്യപദ്ധതി തയ്യാറാക്കപ്പെട്ടു. സ്റ്റൂഡിയ ഹ്യൂമാനിറ്റാറ്റിസ് (studia humanitatis) എന്ന പേരിലറിയപ്പെട്ട ഇതിൽ വ്യാകരണം, പ്രഭാഷണകല, മോറൽ ഫിലോസഫി, കവിത, ചരിത്രം എന്നിവ ലാറ്റിനിലും, ഗ്രീക്കിലും അഭ്യസിപ്പിച്ചു. ലിയൊനാർദോ ബ്രൂണൊ, ബൊക്കാചിയൊ, സിസെറോ, സൈമൺ അൽമനൊ, ഗീർട്ട് ഗ്രൂടെ, ബെർനട് മെട്ഗെ, നിക്കോലാസ് ഡി നിക്കോളി തുടങ്ങിയവർ ഇതിന്റെ പ്രമുഖ വക്താക്കളായിരുന്നു. നിക്കോളാസ് മാക്കിയ വല്ലിയും, തോമസ് മോറും ഭരണകൂടത്തെ വിമർശിച്ചുകൊണ്ട് പുതിയ രാഷ്ട്രീയചിന്തയെ മുന്നോട്ടുവെച്ചു. ആധുനികസാമൂഹികശാസ്ത്രവികാസത്തിന്റെ നാഴികക്കല്ലായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. പികോസെല്ല മീറൻഡോയുടെ എഴുത്തുകൾ നവോത്ഥാനത്തിന്റെ പ്രഖ്യാപനമായി കരുതപ്പെടുന്നു. മറ്റിയൊ പൽമിയറി സിവിക് ഹ്യൂമനിസത്തിന്റെ വക്താവായിരുന്നു. ഹ്യൂമനിസം ചിന്തയോടും പഠനത്തോടുമൊപ്പം രാഷ്ട്രീയ പ്രവർത്തനവും ചേർന്നതാണെന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. ജനാധിപത്യത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
ഇറാസ്മസ് എന്ന ദാർശനികൻ 'ആദർശമാനവൻ' എന്ന സങ്കല്പത്തെ ഉയർത്തിക്കാട്ടി. തത്ത്വദർശനം, സാമൂഹികാവബോധം, പ്രഭാഷണകല, മതബോധം, കായികശക്തി എന്നിവയെല്ലാം ആദർശവ്യക്തിത്വത്തിന്റെ ഉദാത്തമൂല്യങ്ങളായി ഉയർത്തിക്കാണിച്ചു. മാനവരാശി കണ്ടിട്ടുള്ളതിൽ വച്ച് 'ഏറ്റവും മഹത്തായ പുരോഗമന വിപ്ളവം' എന്നാണ് ഫ്രെഡറിക് എംഗൽസ് നവോത്ഥാനത്തെ വിശേഷിപ്പിച്ചത്. ധൈഷണികരംഗത്തെന്നപോലെ ശാസ്ത്രസാങ്കേതികരംഗത്തും നവോത്ഥാന യൂറോപ്പ് കൈവരിച്ച പുരോഗതി അക്കാലംവരെ ലോകഭൂപടത്തിൽ തികച്ചും അപ്രസ്കതമായിരുന്ന യൂറോപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മാർഗദർശനമേകി.
നവോത്ഥാന ചിന്തകരെ മുഴുവൻ സ്വാധീനിച്ച ചിന്തകനായിരുന്നു അരിസ്റ്റോട്ടിൽ. അരിസ്റ്റോട്ടിലിയൻ ചിന്താപദ്ധതികൾ പരമ്പരാഗത ധാരണകളെ തകർക്കുന്നതിനുള്ള വിമർശനാത്മക ഊർജ്ജം എഴുത്തുകാർക്ക് നല്കി. തത്ത്വചിന്തയുടെ പല സാങ്കേതിക പദങ്ങളും മറ്റും ഈ ചിന്താപദ്ധതിയിൽനിന്നും രൂപപ്പെട്ടു. എന്നാൽ ശാസ്ത്രത്തിന്റെ വികാസത്തോടെ പ്രപഞ്ചത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല സിദ്ധാന്തങ്ങളും നിരാകരിക്കപ്പെട്ടു.
കല
നവോത്ഥാനം സൃഷ്ടിച്ച സമൃദ്ധി അനേകം സർഗസൃഷ്ടികളുടെ ഉദയത്തിന് വഴിതെളിച്ചു. ഇറ്റലിയിലെ സമ്പന്നരായ പ്രഭുക്കന്മാരും ഭൂവുടമകളും ബാങ്കുടമകളും വ്യാപാരികളും തങ്ങളുടെ സമ്പന്നതയിൽ അഭിമാനിക്കുന്നവരായിരുന്നു. കലാകാരന്മാരുടെയും ശില്പികളുടെയും സംരക്ഷണവും മറ്റും ഏറ്റെടുക്കുന്നത് വലിയ അഭിമാനകരമായ കാര്യമായാണ് അവർ കണ്ടിരുന്നത്. പ്രമുഖരായ പണ്ഡിതരെയും കലാകാരന്മാരെയും അതിഥികളാക്കാനും പുസ്തകങ്ങളും കലാസൃഷ്ടികളും വലിയ വിലകൊടുത്ത് വാങ്ങാനും അവർ ഉത്സാഹിച്ചിരുന്നു. ഫ്ളോറൻസിലെ സമ്പന്നകുടുംബങ്ങൾ തങ്ങളുടെ സ്വകാര്യ ആരാധനാലയങ്ങൾ നിർമ്മിക്കാനും അലങ്കരിക്കാനും കലാകാരന്മാരെ ക്ഷണിക്കുകയും അവർക്ക് മികച്ച പ്രതിഫലം നല്കുകയും ചെയ്തിരുന്നു. ഓരോ കുടുംബത്തിന്റെയും പ്രതാപമഹിമകളുടെ സാക്ഷ്യമായിട്ടാണ് അലങ്കരിക്കപ്പെട്ട ചാപ്പലുകൾ നിലനിന്നിരുന്നത്. പള്ളിയിലെ അൾത്താരയ്ക്ക് മുകളിലെ ഭിത്തിയിൽ നിരവധി ഫ്രെസ്കോ പെയിന്റിങ്ങുകൾ ഇടംനേടി. ഫ്ലോറൻസിലെ സാന്റാമറിയ ഡെൽ കാർമൈൻ പള്ളിയിലെ ഫ്രെസ്കോ പെയിന്റിങ്ങുകളാണ് ചിത്രകലയിലെ നവോത്ഥാനത്തിന്റെ ആദ്യതുടിപ്പുകളെന്ന് പല ചരിത്രഗവേഷകന്മാരും വിശ്വസിക്കുന്നു. എന്നാൽ മസോളിനോ, മസാക്കിയോ എന്നിവരുടെ ഫ്രെസ്കോ ചിത്രങ്ങളാണ് മതാത്മകകലയിൽ ഒരു വഴിത്തിരിവുതന്നെയുണ്ടാക്കിയത്. ഗ്ലാസ് ജനാലകളിലും കൈയെഴുത്തുപ്രതികളിലുമാണ് മധ്യകാല ക്രിസ്ത്യൻ കലയുടെ ആവിഷ്കാരങ്ങൾ രൂപപ്പെട്ടിരുന്നത്. അപൂർവമായി മാത്രം മനുഷ്യരൂപങ്ങളും അവർ ചിത്രീകരിച്ചിരുന്നു. സൂക്ഷ്മമായ കലാദർശനം അവരുടെ സൃഷ്ടികളിൽ ഉണ്ടായിരുന്നില്ല. എന്നാൽ മസ്സാക്കിയോയുടെ പേഴ്സ്പെക്ടീവ് രചനാസമ്പ്രദായം ചിത്രകലയ്ക്ക് ഒരു പുതിയ ഊർജവും ദർശനവും നല്കി. സ്ഥലകാലങ്ങളെ ആഴത്തിൽ നോക്കിക്കാണുന്ന ആ കലാദർശനത്തെ ഫിലിപ്പോ ബ്രൂണെൽസ്കിയെപ്പോലുള്ളവർ പിൻതുടരുകയുണ്ടായി. അമൂർത്തചിത്രകലയുടെ കാലംവരെ, (ഏതാണ്ട് 19-ാം ശ.-ത്തിന്റെ അവസാനകാലംവരെ) ഈ ചിത്രകലാരീതി നിലനിന്നു.
നവോത്ഥാനകല, ക്രൈസ്തവമതദർശനത്തിൽനിന്ന് വിമുക്തമായിരുന്നില്ല. മിക്ക പെയിന്റിങ്ങുകളും ബൈബിൾ കഥകളുടെ ആവിഷ്കാരങ്ങളായിരുന്നു. ലിയാനാർദോ ദാവിഞ്ചിയുടെ 'ലാസ്റ്റ് സപ്പർ' എന്ന വിഖ്യാതരചനയും മൈക്കൽ ആഞ്ചലോയുടെ ദാവീദും, ഗോലിയാത്തും, കന്യാമറിയം എന്നീ ശില്പങ്ങളും നവോത്ഥാനകലയുടെ മതപരമായ സ്വാധീനം വ്യക്തിമാക്കിത്തരുന്നവയാണ്. ക്രൈസ്തവ പാരമ്പര്യത്തെ പിന്തുടരുമ്പോഴും പൗരാണികത്വം നവോത്ഥാന കലാകാരന്മാരെ ഏറെ ആകർഷിച്ചിരുന്നു. ക്ലാസ്സിക്കൽ ഗ്രീക്കുവാസ്തുവിദ്യയുടെയും ശരീരശാസ്ത്രത്തിന്റെ വിശദജ്ഞാനത്തിന്റെയും ഉത്തമോദാഹരണമാണ് ദാവീദിന്റെ ശില്പം. ശില്പങ്ങളിലൂടെ മനുഷ്യശരീരത്തിന്റെ നിരവധി ചലനങ്ങളാണ് മൈക്കൽ ആഞ്ചലോ അവതരിപ്പിച്ചത്. വ്യത്യസ്ത പോസുകളിൽ മനുഷ്യനെ ആദ്യമായി ചിത്രീകരിച്ചത് മൈക്കലാഞ്ചലോ ആയിരുന്നു. ഗ്രീക്കു പാരമ്പര്യത്തെയും സംസ്കാരത്തെയും പ്രകീർത്തിച്ചുകൊണ്ട് റാഫേൽ ആവിഷ്കരിച്ച ചിത്രങ്ങളും നവോത്ഥാനത്തിന് ഉത്തേജകമായിത്തീർന്നു. ധീരന്മാരായ യോദ്ധാക്കളെ ചിത്രങ്ങളിലും ശില്പങ്ങളിലും ആവിഷ്കരിക്കുന്ന രീതിയും നവോത്ഥാനകലാകാരന്മാർ പരീക്ഷിച്ചു. അലങ്കരിക്കപ്പെട്ട ശവകുടീരങ്ങളും അക്കാലത്ത് ശ്രദ്ധാകേന്ദ്രമായി. നവോത്ഥാനത്തിന് മുമ്പ് കലാപ്രതിഭകൾക്ക് സ്വതന്ത്രമായ പ്രചോദനം ലഭിച്ചിരുന്നില്ല. എന്നാൽ സമൂഹത്തിലെ ഉന്നതവ്യക്തികൾ കലാകാരന്മാരെ പിന്തുണയ്ക്കാൻ തുടങ്ങിയതോടെ നവോത്ഥാനം ക്രിയാത്മകരൂപം കൈകൊണ്ടു. മരണശേഷവും തങ്ങളുടെ പ്രതാപവും പ്രശസ്തിയും നിലനിൽക്കണമെന്ന് ആഗ്രഹിച്ച പ്രഭുക്കന്മാർ കലാകാരന്മാർക്ക് അകമഴിഞ്ഞ സഹകരണമാണ് നല്കിയത്.
ആദ്യകാല നവോത്ഥാനകാലഘട്ടത്തിലെ പുരസ്കർത്താക്കളിൽ പ്രധാനിയായിരുന്നു കോസിമോ ഡി മെഡിസി. ഫ്ലോറൻസിലെ ഭരണകർത്താവായിരുന്ന അദ്ദേഹം കലകളെയും മാനവികമൂല്യങ്ങളെയും പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ വഴി പിൻതുടർന്ന ചെറുമകൻ ലോറൻസോ കവിയും പരിഷ്കർത്താവുമായിരുന്നു. നവോത്ഥാനകലയുടെ റോമിലെ പരിഷ്കർത്താക്കൾ പോപ്പുമാരായിരുന്നു. പണ്ഡിതരായ മാനവികതാവാദികൾക്ക് വത്തിക്കാൻ കോടതിയിൽ പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. ജൂലിയസ് രണ്ടാമന്റെ കാലത്ത് പ്രാചീനമായ പ്രതിമകളും പൗരാണികവസ്തുക്കളും ശേഖരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തു. ജൂലിയസ് തന്റെ ശവകുടീരം അലങ്കരിക്കാനും, പ്രസിദ്ധമായ വത്തിക്കാൻ സിഡറ്റൈൻപള്ളി പുനരുദ്ധരിക്കാനും ഏല്പിച്ചത് മൈക്കലാഞ്ചലോയെ ആണ്.
ഇറ്റലിയിൽ ആവിർഭവിച്ച നവോത്ഥാനം, അവിടുത്തെ എല്ലാ നഗരങ്ങളിലും ഒരേസമയത്ത് പ്രതിഫലിച്ചില്ല. 15-ാം ശ. വരെയും വെനീസിൽ മാത്രമാണ് നവോത്ഥാനത്തിന്റെ ഉണർവ് പ്രകടമായത്. രണ്ടു നൂറ്റാണ്ടുകൊണ്ട് വെനീസ് കലയുടെയും കച്ചവടത്തന്റെയും നഗരമായി പേരെടുത്തു. ചിത്രരചന അഭ്യസിക്കുന്നതിനുള്ള അനേകം സ്കൂളുകൾ ഈ കാലഘട്ടത്തിൽ ഇറ്റലിയിൽ സ്ഥാപിക്കപ്പെട്ടു. ഇറ്റലിയിൽ നിന്നും ഈ നവീന ചിത്രകല യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങൾ അനേകം ചിത്രകാരന്മാരെ ലോകത്തിനു സംഭാവന ചെയ്തു. ഇംഗ്ലണ്ടിൽ എലിസബത്ത് രാജ്ഞിയുടെ കാലത്ത് ചിത്രകലയ്ക്ക് അസാമാന്യമായ സ്വാധീനം ലഭിച്ചു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും നവോത്ഥാന ചിത്രകലയുടെ സ്വാധീനം ദൃശ്യമായിരുന്നു. ചിത്രകലയോടൊപ്പംതന്നെ ശില്പകലയിലും അസാമാന്യമായ പുരോഗതി ഇക്കാലത്തുണ്ടായി. യൂറോപ്പിലെ ദേവാലയങ്ങളിൽ അലങ്കാരത്തിനുവേണ്ടി മരംകൊണ്ടും മാർബിൾകൊണ്ടും ഉള്ള നിരവധി പ്രതിമകൾ നിർമ്മിക്കപ്പെട്ടു. ഹോളണ്ട്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലും ശില്പകലയ്ക്ക് വലിയ പുരോഗതിയുണ്ടായി.
ഗ്രീക്കു ലാവണ്യശാസ്ത്രത്തിൽ പറയുന്ന 'പ്രകൃതിയുടെ ശരിപ്പകർപ്പ്' (imitation of nature-plato) നവോത്ഥാനകാലത്തെ കലയുടെ ലക്ഷ്യവും സവിശേഷതയുമായിരുന്നു. ഇക്കാലഘട്ടത്തിൽ ഓരോ ചിത്രകാരന്റെയും വ്യക്തിഗത ശൈലിയെക്കുറിച്ചുള്ള ചിന്ത ഉണ്ടാകാൻ തുടങ്ങിയെന്നതും, എണ്ണച്ചായം (oil medium) പ്രചാരത്തിലായിയെന്നതും എടുത്തുപറയേണ്ട കാര്യമാണ്. വ്യക്തിഗത കലാകാരന്മാരെക്കുറിച്ചുള്ള മതിപ്പ് അക്കാലത്ത് ഏറിവന്നു. കലയെ ബുദ്ധിജീവിയുടെ തൊഴിലായി അംഗീകരിക്കാൻ തുടങ്ങുന്നതും നവോത്ഥാനകാലത്തിന്റെ സവിശേഷതയാണ്. വ്യക്തിഗത കലാകാരന്മാരെക്കുറിച്ചുള്ള വിവരം കാര്യമായി ലഭിക്കാൻ തുടങ്ങുന്നത് ഇക്കാലത്താണ്.
യഥാതഥ പ്രതീതി (illusion of reality) നവോത്ഥാന കാലത്ത് ചിത്രകലയിൽ നേടിയെടുക്കാൻ സാധിച്ചത് കലയെ ഉയർന്ന തലത്തിലേക്ക് വികസിക്കുവാൻ സഹായിച്ചു. ചിത്രത്തിൽ പശ്ചാത്തലമായി ഭൂഭാഗദൃശ്യങ്ങൾ (Landscape) വരാൻ തുടങ്ങുന്നത് മിക്കവാറും നവോത്ഥാന കാലഘട്ടത്തോടെയാണ്. പരിപ്രേക്ഷ്യം (perspective) എന്ന രചനാവിദ്യ ഉപയോഗിച്ച് പശ്ചാത്തലഭൂഭാഗത്തിന് യാഥാർഥ്യ പ്രതീതി നൽകിയത് നവോത്ഥാനകാലത്തെ സവിശേഷതയാണ്.
യഥാതഥ പ്രതീതി എന്ന ദൃശ്യവിസ്മയം അതിശ്രേഷ്ഠമായി ചിത്രകലയിൽ ഉപയോഗിച്ചത് ഡച്ചു ചിത്രകാരന്മാരാണ്. ഇറ്റാലിയൻ നവോത്ഥാനം പോലെ ഡച്ചു ചിത്രകലാരംഗവും പാശ്ചാത്യലോകത്ത് ഗണ്യമായ സംഭാവനകൾ നല്കി. ജാൻവാൻ ഐക്(Janvan Eyech)ന്റെ ഘന്റ് അൾത്താര (Ghant altarpiece) ചിത്രം, അർനോൾ ഫിനിയുടെ വിവാഹചിത്രം (wedding portrait of Arnolfling) എന്നിവയിൽ ഓരോ ചെറിയ വസ്തുവിന്റെയും കൃത്യവും വിശദവുമായ ചിത്രീകരണം, വെളിച്ചം പതിയുന്നു എന്നു തോന്നിക്കുന്ന സ്വാഭാവികത എന്നിവയെല്ലാം യാഥാർഥ്യപ്രതീതി ഉണ്ടാകുന്നതിന്റെ ഉത്തമോദാഹരണങ്ങളാണ്.
സംഗീതകലയിലുണ്ടായ പുരോഗതിയും നവോത്ഥാനകാലത്തിന്റെ തനിമയാണ്. ആധുനികരീതിയിലുള്ള സംഗീതവിദ്യകളും സംഗീതോപകരണങ്ങളും കണ്ടുപിടിക്കാൻ ഇക്കാലത്തെ സംഗീതവിദ്വാന്മാർ ശ്രമിച്ചിരുന്നു. ഉപകരണ സംഗീതം, വായ്പാട്ടിൽനിന്ന് വേർപെട്ട് സ്വതന്ത്ര അസ്തിത്വം കൈവരിച്ചു തുടങ്ങുന്നത് ഇക്കാലത്താണ്. പോളിഫോണിക് സംഗീതവും രൂപപ്പെട്ടുതുടങ്ങിയത് നവോത്ഥാനകാല പരീക്ഷണങ്ങളുടെ ഭാഗമായാണ്. മാഡ്രിഗൽ എന്ന സംഗീതരൂപം ഹ്യൂമനിസ്റ്റുകളുടെ മഹത്തായ പരീക്ഷണമായിരുന്നു. നാലോ അഞ്ചോ ശബ്ദങ്ങൾ ഒന്നിച്ചുചേർത്ത സംഗീതരൂപമായിരുന്നു ഇത്. മതേതരമായ പ്രമേയങ്ങൾ സംഗീതത്തിലേക്ക് കൊണ്ടുവരികയും സംഗീതപാരമ്പര്യത്തെ മാറ്റിമറിക്കുകയും ചെയ്തു ഇത്തരം പരീക്ഷണങ്ങൾ.
ശാസ്ത്രം
നവോത്ഥാനകാലത്തുണ്ടായ മറ്റൊരു വലിയ പ്രത്യേകതയായിരുന്നു ശാസ്ത്രീയവിജ്ഞാനത്തിന്റെ വളർച്ച. ആധുനികവിജ്ഞാനത്തിൽ ഗണ്യമായ സംഭാവനകൾ നല്കിയ റോജർ ബേക്കൺ നവോത്ഥാനത്തിന്റെ സൃഷ്ടിയാണ്. ലിയനാർഡോ ഡാ വിഞ്ചി ഒരു ശാസ്ത്രജ്ഞൻ കൂടിയായിരുന്നു പ്രകൃതി ശാസ്ത്രത്തിലും മനുഷ്യശരീരശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും വലിയ പാണ്ഡിത്യം നേടിയിരുന്ന ഡാവിഞ്ചി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വ്യോമയാനത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിരുന്നു. പോളണ്ടുകാരനായ കോപ്പർ നിക്കസ് പഴയ 'ഭൌമ-കേന്ദ്രിത' പ്രപഞ്ചസങ്കല്പത്തെ തകർത്ത് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഒരു ഗ്രഹമാണ് ഭൂമിയെന്ന് സമർഥിച്ചു. കോപ്പർനിക്കസ്സിന്റെ നിരീക്ഷണങ്ങൾ ശാസ്ത്രീയമായി തെളിയിക്കുന്നതിന് ജർമൻകാരനായ കെപ്ലർ എന്ന ശാസ്ത്രജ്ഞനു കഴിഞ്ഞു. 'കോപ്പർ നിക്കസ് വിപ്ളവം' യുഗനിർണായകമായ ശാസ്ത്രീയസംഭാവനയായി വിലയിരുത്തപ്പെടുന്നു. ആധുനിക ബലതന്ത്രത്തിന്റെ ഉപജ്ഞാതാവായ ഗലീലിയോ ദൂരദർശിനി ഉപയോഗിച്ച്, ചന്ദ്രനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ശുക്രന്റെ വൃദ്ധിക്ഷയങ്ങളും നിരീക്ഷിച്ചതാണ് മറ്റൊരു ചരിത്രമുഹൂർത്തം. ക്രൈസ്തവസഭയുടെ സിദ്ധാന്തങ്ങൾക്കെതിരായിരുന്നു ഗലീലിയോയുടെ കണ്ടുപിടിത്തം. കോപ്പർ നിക്കസിന്റെ നിരീക്ഷണങ്ങളെ തെളിയിക്കുയായിരുന്നു ഗലീലിയോ. പോപ്പ് പീയുസ് നാലാമൻ ദൈവനിന്ദ ആരോപിച്ച് അദ്ദേഹത്തെ ഏകാന്ത തടവിന് ശിക്ഷിച്ചു. എന്നാൽ ചരിത്രഗതിയിൽ സഭ പിൻതള്ളപ്പെടുകയും മനുഷ്യഗതിയെ മാറ്റിയ ശാസ്ത്രജ്ഞനായി ഗലീലിയോ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇംഗ്ളണ്ടുകാരനായ സർ ഐസക് ന്യൂട്ടൺ കണ്ടുപിടിച്ച 'ഗുരുത്വാകർഷണ' നിയമവും 'ചലന'നിയമങ്ങളും ശാസ്ത്രത്തെമാത്രമല്ല, മനുഷ്യരുടെ ലോകബോധത്തെത്തന്നെ അഗാധമായി പരിവർത്തിപ്പിച്ചു. 1662-ൽ ലണ്ടനിലെ റോയൽ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതോടുകൂടി ഇംഗ്ലണ്ടിൽ ശാസ്ത്ര ഗവേഷണം അസാമാന്യമായ വളർച്ച പ്രാപിച്ചു.
നവോത്ഥാനകാലത്തെ ഒരു പ്രധാന സംഭവമായിരുന്നു വെടിമരുന്നിന്റെ കണ്ടുപിടിത്തം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ചൈനാക്കാർക്ക് വെടിമരുന്നിനെ ഒരു സ്ഫോടകവസ്തുവായി ഉപയോഗിക്കാൻ അറിയാമായിരുന്നു. യൂറോപ്പിൽ വെടിമരുന്നു കണ്ടുപിടിച്ചത് റോജർബേക്കൺ ആണെന്നു വിശ്വസിക്കപ്പെടുന്നു. റോജർ ബേക്കണിന്റെ കണ്ടുപിടിത്തത്തിനുശേഷം ജർമൻ ശാസ്ത്രജ്ഞനായ ബർത്തോൾഡ് ഷ്വാറ്റ്സ് വെടിമരുന്നിന്റെ ശക്തി കൂടുതൽ വർധിപ്പിച്ചു. അതിനെത്തുടർന്നാണ് വെടിമരുന്നുപയോഗിച്ചുള്ള പീരങ്കികൾ നിലവിൽവന്നത്. അതോടെ വെടിമരുന്നിന്റെ നിർമ്മാണം ഓരോ രാജ്യത്തിന്റെയും നിലനില്പിന് ആവശ്യമായിത്തീർന്നു. വലിയതോതിൽ തോക്കുകളും പീരങ്കികളും നിർമിച്ചു സൂക്ഷിച്ചതിനെത്തുടർന്ന് യൂറോപ്പിലെ പുതിയ രാജാക്കന്മാർ അതിശക്തരായിത്തീർന്നു. യൂറോപ്പിലെ ഫ്യൂഡൽ പ്രഭുക്കന്മാരെ അടിച്ചൊതുക്കുവാൻ അവർ തോക്കുകൾ ഉപയോഗപ്പെടുത്തി. യൂറോപ്യൻ നാവികശക്തികൾക്ക് വിദൂരങ്ങളായ ഭൂഖണ്ഡങ്ങളിൽ കോളനികൾ സ്ഥാപിക്കുന്നതിനുള്ള കഴിവുണ്ടാക്കിക്കൊടുത്തതും വെടിമരുന്നിന്റെ കണ്ടുപിടിത്തം ആയിരുന്നു.
ഭൗതികശാസ്ത്രത്തോടൊപ്പം മറ്റു ശാസ്ത്രശാഖകളും രൂപപ്പെട്ടു തുടങ്ങിയിരുന്നു. ഏതു വസ്തുവിനെയും സ്വർണമാക്കി മാറ്റാമെന്നുള്ള ധാരണയിൽ ആരംഭിച്ച ആൽക്കെമി, രസതന്ത്ര പഠനങ്ങൾക്ക് അടിത്തറയിട്ടു. ലാവോസിയേയിലൂടെ ഈ ശാസ്ത്രീയ അന്വേഷണം കൂടുതൽ മുന്നോട്ടുപോയി. വൈദ്യശാസ്ത്രം, ഗണിതം, ജീവശാസ്ത്രം, ഭൗമശാസ്ത്രം തുടങ്ങിയ മേഖലകളിലും പുതു ചുവടുവെപ്പുകളുണ്ടായി. പരമ്പരാഗത അന്വേഷണരീതികളും അറിവും പരമ്പരകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നിലനിന്നതായിരുന്നു. എന്നാൽ നവോത്ഥാനകാല തത്ത്വചിന്തയും, ഗണിതവും, പുതിയ അന്വേഷണങ്ങളും ചേർന്ന് 'ശാസ്ത്രീയ രീതിശാസ്ത്രം' (Scientific methodology) വികസിച്ചുവന്നു. വസ്തുനിഷ്ഠ അന്വേഷണത്തിന്റെ ഈ മേഖല ലോകത്തെത്തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങൾ നടത്തി. ഒരുപക്ഷേ ശാസ്ത്രീയരീതിശാസ്ത്രത്തിന്റെ വികാസമായിരിക്കും യൂറോപ്യൻ നവോത്ഥാനത്തിന്റെ ഏറ്റവും ചലനാത്മകമായ സംഭാവന. അരിസ്റ്റോട്ടിലിയൻ സിദ്ധാന്തങ്ങളെ നിരാകരിച്ചുകൊണ്ട് കൂടിയാണ് ഇത് മുന്നോട്ടുപോയത്.
വാസ്തുവിദ്യ
ഇറ്റലിയിലെ ഫ്ലോറെൻസിൽ നിന്ന് ആവിർഭവിച്ച് പ്രാന്തപ്രദേശങ്ങളായ റോം, മിലാൻ എന്നിവിടങ്ങളിലൂടെ നെതർലൻഡിലും ക്രമേണ സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിലേക്കും ഒരു നൂതന വാസ്തുവിദ്യാരീതി പ്രചാരത്തിൽ വന്നത് നവോത്ഥാനത്തോടെയായിരുന്നു. ഓരോ രാജ്യത്തിന്റെയും ശൈലിയിൽ തനതായ വ്യത്യാസങ്ങൾ ദർശിക്കാമെങ്കിലും അവയിലെ അടിസ്ഥാനതത്ത്വങ്ങൾക്ക് മാറ്റം ഉണ്ടായിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്.
പുത്തനുണർവ് വാസ്തുശില്പികളെ കൂടുതൽ ലൗകികമനസ്കരാക്കിമാറ്റിയതാകാം പുതിയൊരു വാസ്തുവിദ്യാശൈലിയുടെ ആവിർഭാവത്തിനുകാരണം. പ്രാചീന വാസ്തുശില്പങ്ങളുടെ ആകാരവടിവ് തങ്ങളുടെ വാസ്തുശില്പങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങളോടെ പുനരാവിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു അവരിലാദ്യമുണ്ടായത്. തുടർന്ന് ക്ളാസ്സിക്കൽ, ഗോഥിക് സമ്പ്രദായങ്ങൾക്കും പകരം നൂതനമായ രീതികൾ സ്വീകരിക്കപ്പെട്ടു. റോം, ഗ്രീസ് എന്നിവിടങ്ങളിലെ വാസ്തുശില്പങ്ങൾ അവലോകനവിധേയമാക്കുന്നതിലും നവോത്ഥാനവാസ്തുശില്പങ്ങളിൽ അവയിലെ സൗകുമാര്യം സ്വാംശീകരിക്കുന്നതിലും അന്നത്തെ വാസ്തുശില്പികൾ ബദ്ധശ്രദ്ധരായിരുന്നു.
നവോത്ഥാന വാസ്തുവിദ്യയിൽ അനുപാതങ്ങൾക്കും വീക്ഷണകോണിനും മുൻതൂക്കം നല്കപ്പെട്ടിരുന്നു. ക്ളാസ്സിക്കൽ വാസ്തു വിദ്യാരീതിയിലെ സ്തംഭം, വൃത്താകാരകമാനം, കുംഭഗോപുരം മുതലായവ നവോത്ഥാന വാസ്തുവിദ്യയിലും പുനരാവിഷ്കരിക്കപ്പെട്ടു. കുംഭഗോപുരവും അതിനെ താങ്ങിനിർത്തിയിരുന്ന സംരചനയും ശ്രദ്ധേയമായി മാറി. വൃത്താകൃതിയിലോ ബഹുഭുജരൂപത്തിലോ ഉള്ള ഒരിനം ഡ്രമ്മിന്റെ മുകളിൽ വരുന്ന തരത്തിലാണ് കുംഭഗോപുരം ക്രമീകരിക്കപ്പെട്ടത്. തന്മൂലം വാസ്തുശില്പത്തിലെ കുംഭഗോപുരത്തെ ദൂരെനിന്നു തന്നെ കാണാൻ കഴിയുമായിരുന്നു. വാസ്തുശില്പത്തിലെ വിവിധ ഭാഗങ്ങൾ വ്യതിരിക്തമായി നിർവചിക്കാനും അവ തമ്മിലുള്ള വിഭേദനം വ്യക്തമാക്കാനും ശില്പികൾ ശ്രദ്ധിച്ചിരുന്നു.
നവോത്ഥാന വാസ്തുവിദ്യയുടെ മൗലികഘടകം അതിലെ ക്രമമാണ് (order). ടസ്കൻ, ഡോറിക്. അയോണിക്, കോറിന്തിയൻ, കോംപൊസിറ്റ് എന്നിവ ഇവയിലെ സുപ്രധാനങ്ങളായ പഞ്ചക്രമങ്ങളാണ്. നവോത്ഥാനത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത ക്രമങ്ങൾക്കാണ് മുൻതൂക്കം ലഭിച്ചിരുന്നത്. ഉദാഹരണമായി, വിതാനങ്ങൾക്ക് പ്രാധാന്യം നല്കുന്ന ആലങ്കാരിക ശൈലിയായ കൊറിന്തിയൻ ക്രമത്തിന് നവോത്ഥാനത്തിന്റെ പ്രാരംഭകാലത്ത് പ്രചാരം ലഭിച്ചുവെങ്കിൽ സുദൃഢവും പൗരുഷമൂല്യങ്ങൾക്ക് പ്രാമുഖ്യം നല്കിയിരുന്നതുമായ ഡോറിക് ക്രമമാണ് സമുന്നത നവോത്ഥാന കാലത്ത് (high renaissance) അംഗീകരിക്കപ്പെട്ടത്.
റോമൻ വാസ്തുശില്പങ്ങളിലെപ്പോലെ ഒരേ വാസ്തുശില്പത്തിൽത്തന്നെ ഒന്നിലേറെ ക്രമങ്ങൾ ചിട്ടപ്പെടുത്തുന്ന രീതിയും പ്രാബല്യത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന് ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നില സുദൃഢമായ ടസ്കൻ ക്രമത്തിലോ ഡോറിക് ക്രമത്തിലോ രൂപപ്പെടുത്തിയശേഷം മുകളിലുള്ള നിലകൾ യഥാക്രമം ഭാരം കുറഞ്ഞുവരുന്ന അയോണിക്, കൊറിന്തിയൻ, കോംപൊസിറ്റ് ക്രമത്തിലും പണിതിരുന്നു. സരളഘടകങ്ങൾ ഉൾപ്പെടുത്തി ചിട്ടയോടും സമമിതമായും രൂപപ്പെടുത്തുന്ന വാസ്തുശില്പങ്ങൾ ജ്യാമിതിയുടെ ത്രിമാന മൂർത്തീകരണമായി നിർവചിക്കപ്പെട്ടിരുന്നു.
മധ്യകാലത്ത് വെറുമൊരു യാന്ത്രിക കലയായി കരുതപ്പെട്ട വാസ്തുവിദ്യയ്ക്ക് നവോത്ഥാന കാലത്തോടെ ഒരു സുകുമാരകല എന്ന പരിഗണന ലഭിച്ചു. ഇതോടെ വാസ്തുശില്പിയുടെ വ്യക്തിത്വത്തിനും പ്രാധാന്യം സിദ്ധിച്ചു. സമകാലികർക്കിടയിലും വാസ്തുശില്പങ്ങളോടൊപ്പം സ്വന്തം വ്യക്തിപ്രഭാവവും അംഗീകരിക്കപ്പെടണമെന്ന് നവോത്ഥാനവാസ്തുശില്പികൾ ആഗ്രഹിച്ചിരുന്നു. വാസ്തുവിദ്യാതത്ത്വങ്ങൾ ക്രോഡീകരിക്കപ്പെടുകയും വാസ്തുവിദ്യയിലെ അടിസ്ഥാന സിദ്ധാന്തങ്ങൾ ഉൾപ്പെടുത്തി പല ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമാവുകയും ചെയ്തു. വാസ്തുശില്പികളുടെ രേഖാചിത്രങ്ങളും അവരുടെ ജീവചരിത്രങ്ങളും തയ്യാറാക്കപ്പെട്ടു. കേവലം ഒരു പണിക്കാരൻ എന്നതിലുപരി ഉത്കൃഷ്ട കലാകാരൻ എന്ന പദവിക്ക് വാസ്തുശില്പികൾ അർഹരായി.
കൊറിന്തിയൻ രീതിയുടെ പ്രയോക്താക്കളും നവോത്ഥാന വാസ്തുവിദ്യയുടെ ഉപജ്ഞാതാക്കളുമായി പരിഗണിക്കപ്പെടുന്നവർ ഇറ്റാലിയൻ വാസ്തുശില്പി ഫിലിപ്പൊ ബ്രുനെസ്ഷി, ഗിയാകൊമൊ ദ വിഗ്നൊല, ആൻദ്രെ പല്ലാദിയൊ, നവോത്ഥാന വാസ്തുവിദ്യാ പ്രബന്ധങ്ങൾ തയ്യാറാക്കിയ ലയൊൻ ബത്തിസ്ത അൽബ്രെത്തി എന്നിവരാണ്. സമുന്നത നവോത്ഥാന വാസ്തുശില്പികളായ ദൊനൊറ്റൊ ബ്രമന്തെ, അന്റാനിയൊ ഗിയംബെർത്തി, മൈക്കലാൻഞ്ചലൊ, ലിയനാർദോ ദാവിഞ്ചി തുടങ്ങിയവരും അനശ്വരരാണ്.
യൂറോപ്യൻ നവോത്ഥാനവും ഇതര നവോത്ഥാനങ്ങളും
നവോത്ഥാനം, ആധുനികത എന്നീ സങ്കല്പങ്ങൾ ഇന്ന് വളരെയധികം പ്രശ്നവത്കരിക്കപ്പെട്ടിട്ടുണ്ട്. സമീപകാലംവരെയും ഈ സങ്കല്പങ്ങൾ ലോകത്തിനുമുഴുവൻ ഒരുപോലെ ബാധകമായ സാർവലൌകിക സങ്കല്പങ്ങളായിട്ടാണ് കരുതിപ്പോന്നത്. യൂറോപ്യൻ രാജ്യങ്ങളുടെ കൊളോണിയലിസത്തിനു വിധേയമായിരുന്ന ഏഷ്യനാഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സ്വതന്ത്രമായതോടെ യൂറോപ്യൻ ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും സാർവലൗകികത ചോദ്യംചെയ്യപ്പെട്ടു തുടങ്ങി. നവോത്ഥാനവും ആധുനികതയും യൂറോപ്പിലാരംഭിക്കുകയും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്ത സാർവലൗകിക ചരിത്രപ്രതിഭാസങ്ങളാണ് എന്ന ധാരണ യൂറോകേന്ദ്രിതവാദമായിട്ടാണ് ഇന്നു വിലയിരുത്തപ്പെടുന്നത്. മനുഷ്യചരിത്രത്തിനും സംസ്കാരത്തിനും ഒരു പ്രഭവകേന്ദ്രമുണ്ടെന്നും അത് യൂറോപ്പാണെന്നുമുള്ള വിശ്വാസം ലോകത്തിനുമേൽ യൂറോപ്പിനുണ്ടായിരുന്ന ധൈഷണികവും സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ ആധിപത്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അധിനിവേശാനന്തര ചിന്ത 'ഏകകേന്ദ്ര ലോകം' എന്ന ആശയത്തെ നിരാകരിക്കുകയും 'ബഹുകേന്ദ്രലോകം' എന്ന സങ്കല്പത്തെ സ്ഥാപിക്കുകയും ചെയ്യുന്നു. യൂറോപ്യൻ സംസ്കാരത്തിന്റെ സാർവലൗകിക പ്രതിച്ഛായ യഥാർഥത്തിൽ കൊളോണിയലിസത്തിനുള്ള സാംസ്കാരികവും ആശയപരവുമായ സാധൂകരണമായിരുന്നു. കൊളോണിയലിസത്തിന്റെ മനുഷ്യവിരുദ്ധവും ആധിപത്യപരവുമായ മാനങ്ങളെ മറച്ചുവയ്ക്കാനാണ് അപരിഷ്കൃത രാജ്യങ്ങളെ 'സംസ്കരി'ക്കാനുള്ള ദൗത്യം' തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നു എന്ന് കൊളോണിയലിസ്റ്റുകൾ പ്രചരിപ്പിച്ചത്. യൂറോപ്പിന്റെ പ്രതിഛായയിൽ സംസ്കൃതചിത്തരാവുകയും പുരോഗതിയിലേക്കു മുന്നേറുകയും ചെയ്യണമെങ്കിൽ, 'അവികസിതരാജ്യങ്ങൾ' നവോത്ഥാനം, ജ്ഞാനോദയം, ആധുനികത എന്നിങ്ങനെയുള്ള ചരത്രഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് യൂറോകേന്ദ്രിത പ്രത്യയശാസ്ത്രം നിഷ്കർഷിച്ചു.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ മാതൃകയാക്കേണ്ടത് യൂറോപ്പിന്റെ ചരിത്രത്തെയാണെന്ന ഈ സിദ്ധാന്തം യൂറോപ്പേതര ജനതകളുടെ ചരിത്രങ്ങളെ നിരാകരിക്കുകയും ചരിത്രം എന്നത് യൂറോപ്പിന്റെ ചരിത്രമാണെന്നു സമർഥിക്കുകയും ചെയ്തു. യൂറോപ്പിന്റെ സന്ദർഭബദ്ധവും സവിശേഷവുമായ ചരിത്രത്തെ ലോകചരിത്രമാക്കി വ്യാഖ്യാനിക്കുന്നതിലൂടെയാണ് യൂറോപ്പിൽ സംഭവിച്ച നവോത്ഥാനത്തിനും ആധുനികതയ്ക്കും സന്ദർഭനിരപേക്ഷവും സാർവലൌകികവുമായ പരിവേഷം ലഭിച്ചത്. യൂറോപ്യൻ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും 'മറുവശ'മായിരുന്ന അഥവാ 'കറുത്ത അന്തർധാര'യായിരുന്ന കൊളോണിയലിസത്തെ സാധൂകരിക്കുന്ന ഇത്തരം വാദങ്ങൾ നിരാകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 'ആധുനികത' എന്ന സംജ്ഞ, സാർവലൌകിക പരിവേഷത്തിലേക്കുയർത്തപ്പെട്ട യൂറോപ്യൻ ആധുനികത തന്നെയാണെന്ന തിരിച്ചറിവിൽ നിന്നാണ് 'ബഹുആധുനികതകൾ' (multiple modernities) എന്ന ബഹുസ്വരവും ജനാധിപത്യപരവുമായ സംജ്ഞ ആവിർഭവിക്കുന്നത്. ഏക ആധുനികതയിൽ നിന്നും 'അനേകാധുനികത'യിലേക്കുള്ള ഈ ജനാധിപത്യപരിവർത്തനം നവോത്ഥാനം എന്ന സങ്കല്പത്തെയും ബഹുസ്വരവും ബഹുമുഖവുമാക്കിയിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും സവിശേഷമായ രാഷ്ട്രീയ-സാമൂഹ്യ-ഭൂദേശ ചുറ്റുപാടുകളിൽ നിന്നുമാണ് നവോത്ഥാനം പോലെയുള്ള ചരിത്രവിച്ഛേദങ്ങൾ ആവിർഭവിക്കുന്നത്. മറിച്ച്, യൂറോപ്യൻ നവോത്ഥാനത്തിന്റെ പകർപ്പോ അനുകരണമോ ആയി മറ്റു രാജ്യങ്ങളിലെ ചരിത്രപരിവർത്തനങ്ങളെ വ്യാഖ്യാനിക്കുന്നത് പ്രസ്തുത രാജ്യങ്ങളെ ചരിത്രത്തിൽ നിന്നു നിഷ്കാസനം ചെയ്യുന്നതിനു തുല്യമാണ്. ഇന്ത്യയുടെ നവോത്ഥാനം എന്നത് (യൂറോപ്യൻ) നവോത്ഥാനചരിത്രത്തിലെ ഒരു പില്ക്കാലഘട്ടമായി കാണുന്ന സമീപനമായിരുന്നു സമീപകാലം വരെയും നിലനിന്നിരുന്നത്. എന്നാൽ നവോത്ഥാനചരിത്രം എന്നതിനുപകരം 'നവോത്ഥാനങ്ങളുടെ ചരിത്രങ്ങൾ' എന്നു ചിന്തിക്കാൻ തുടങ്ങിയതോടെ, ഇന്ത്യൻ നവോത്ഥാനത്തിന്റെ ചരിത്രം നിസ്തുലമായ ഒരു ചരിത്രപ്രക്രിയയുടെ ചരിത്രമാണെന്ന ആശയത്തിനു പ്രാമുഖ്യം ലഭിക്കുന്നു.
നവോത്ഥാനം - ഇന്ത്യയിൽ
19-20 ശ.-ങ്ങളിൽ ഇന്ത്യയിലെ മത, സാമൂഹിക, സാംസ്കാരിക മേഖലകളിലുണ്ടായ നവീകരണങ്ങളെയാണ് നവോത്ഥാനം എന്നു വിളിക്കുന്നത്. ഇന്ത്യൻ മത-സാമൂഹിക ജീവിതത്തിന്റെ മുഴുവൻ സങ്കീർണതകളും ഉൾക്കൊള്ളുന്ന ഈ പ്രസ്ഥാനത്തെ യൂറോപ്യൻ നവോത്ഥാനത്തിന്റെ പകർപ്പായി കാണാനാവില്ല. ബഹുസ്വരവും ആധുനികവും മിക്കപ്പോഴും പരസ്പരവിരുദ്ധവുമായ ധാരകൾ ഉൾച്ചേർന്നിട്ടുള്ള നവോത്ഥാനം, യഥാർഥത്തിൽ ബ്രിട്ടീഷ് കോളോണിയലിസത്തോടുള്ള തദ്ദേശീയ സമൂഹങ്ങളുടെ പ്രതികരണത്തിന്റെ ഭാഗമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച വരേണ്യവർഗത്തിന്റെ ആവിർഭാവമാണ് നവോത്ഥാനത്തിന്റെ ചാലകശക്തി. ഇവർ പടിഞ്ഞാറൻ സാഹിത്യവും തത്ത്വചിന്തയും രാഷ്ട്രീയവുമായി ഇടപഴകുകയും അത് അവരുടെ ലോകവീക്ഷണത്തെ പുനർനിർമ്മിക്കുന്നതിനിടയാക്കുകയും ചെയ്തു. യൂറോപ്യൻ മൂല്യങ്ങളുമായുള്ള താരതമ്യത്തിൽ സ്വന്തം മത-സാമൂഹിക സങ്കല്പങ്ങൾ അപരിഷ്കൃതമാണെന്ന് അപകർഷതാബോധം, ഇക്കൂട്ടരിൽ നവീകരണചിന്തയ്ക്കു പ്രചോദനമേകി. യൂറോപ്യൻ ജ്ഞാനോദയചിന്തകളുടെ വെളിച്ചത്തിൽ സ്വന്തം പാരമ്പര്യത്തെ പുനർവ്യാഖ്യാനിക്കാനും പുനർനിർവചിക്കാനും പാശ്ചാത്യവിദ്യാഭ്യാസം ലഭിച്ച വരേണ്യവിഭാഗങ്ങൾ നടത്തിയ ശ്രമങ്ങളെയാണ് പൊതുവിൽ ഇന്ത്യൻ നവോത്ഥാനം എന്നു വിശേഷിപ്പിക്കുന്നത്. യൂറോപ്യൻ നവോത്ഥാനത്തിന് പ്രേരകമായത് അവിടുത്തെ സമൂഹങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങളായിരുന്നു. എന്നാൽ, വൈദേശിക ശക്തികളെയും ആശയങ്ങളെയും അഭിമുഖീകരിക്കേണ്ടവന്ന ഹൈന്ദവ വരേണ്യ വിഭാഗങ്ങളുടെ സ്വത്വപ്രതിസന്ധികളാണ് ഇന്ത്യൻ നവോത്ഥാനത്തിൽ പ്രതിഫലിച്ചത്. അതിനാൽ, യൂറോപ്പിൽ സംഭവിച്ചതുപോലെ പാരമ്പര്യത്തെ അടിസ്ഥാനപരമായി പുനർമൂല്യനിർണയനം ചെയ്യാനോ ജാതിയെന്ന ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ പ്രത്യയശാസ്ത്രാടിത്തറയെ അട്ടിമറിക്കാനോ ഇന്ത്യൻ നവോത്ഥാന പ്രക്രിയയ്ക്ക് കഴിഞ്ഞില്ല.
നവോത്ഥാനത്തിന്റെ ആദ്യചുവടുവയ്പുകൾ നടത്തിയത് ബംഗാളിലെ നവവരേണ്യവിഭാഗമായിരുന്നു. രാജാറാം മോഹൻ റോയ് (1774-1833) ആയിരുന്നു ഇന്ത്യൻ നവോത്ഥാനത്തിന്റെ ആദ്യസാരഥി. വിവിധ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തിന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ പാശ്ചാത്യ സംസ്കാരവുമായും മതചിന്തയുമായും ഇടപഴകാനുള്ള അവസരം ലഭിച്ചു. 1814-ൽ 'ആത്മീയ സഭ' സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം പ്രവർത്തനരംഗത്തേക്ക് കടന്നുവരുന്നത്. യുക്തിഹീനമായ ആചാരാനുഷ്ഠാനങ്ങളെ അദ്ദേഹം എതിർത്തു. ഇംഗ്ളീഷ് വിദ്യാഭ്യാസവും ശാസ്ത്രപഠനവും സാമൂഹികമുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. വിഗ്രഹാരാധനയെ ശക്തമായി എതിർക്കുകയും, സതിനിരോധനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. 1828-ൽ അദ്ദേഹം 'ബ്രഹ്മസമാജം' സ്ഥാപിച്ചു.
1875-ൽ രൂപീകൃതമായ ആര്യസമാജം, നവോത്ഥാനഭാരതത്തിൽ ഹിന്ദുമത പരിഷ്കരണത്തിനുവേണ്ടി പ്രവർത്തിച്ച പ്രധാനപ്പെട്ട മറ്റൊരു സംഘടനയാണ്. ലാലാ ലജ്പത്റായിയും സ്വാമി ശ്രദ്ധാനന്ദയും ആര്യസമാജത്തിന്റെ പ്രവർത്തകരായിരുന്നു.
സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് ആത്മാറാം പാണ്ഡുരംഗ്സ്ഥാപിച്ച [പ്രാർഥനാസമാജ്]]. ആർ.ജി. ഭണ്ഡാർക്കറും ജസ്റ്റിസ് റാനഡെയും ഇതിന്റെ പ്രമുഖ പ്രവർത്തകരായിരുന്നു. റാനഡെ ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിക്ക് രൂപം കൊടുക്കുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു. ഗോഖലെ സർവന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റിയും വനജോഷി സോഷ്യൽ സർവീസ് ലീഗും സ്ഥാപിച്ചു.
ഇന്ത്യയിലെ മറ്റൊരു പ്രമുഖ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായിരുന്നു തിയോസഫിക്കൽ സൊസൈറ്റി. 1875-ൽ മാഡംബ്ലാവറ്റ്സ്കിയും കേണൽ ഓൾകോട്ടും ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നല്കിയത്. 1889-ൽ ആനിബസന്റ് സൊസൈറ്റിയിൽ അംഗമാവുകയും 1893-ൽ ഇന്ത്യയിലെത്തി സ്വജീവിതം സൊസൈറ്റിക്ക് സമർപ്പിക്കുകയും ചെയ്തു.
വിവേകാനന്ദന്റെ നേതൃത്വത്തിലാരംഭിച്ച രാമകൃഷ്ണ മിഷൻ (1896) ഹിന്ദുമത പരിഷ്കരണങ്ങൾക്കുവേണ്ടി ശബ്ദിക്കുകയും ആത്മീയതയെ ഭൗതികജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് പുതിയ മതദർശനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. സ്കൂളുകളും കോളജുകളും സ്ഥാപിച്ചുകൊണ്ട് പ്രവർത്തനം നടത്തിയ നിരീശ്വരവാദികളായിരുന്നു സത്യാനന്ദ അഗ്നിഹോത്രി സ്ഥാപിച്ച 'ദേവസമാജ്'.
സർ സയിദ് അഹമ്മദ്ഖാന്റെ നേതൃത്വത്തിൽ (1817-98) ഇസ്ലാമിക പരിഷ്കരണപ്രസ്ഥാനവും അതിന്റെ സാന്നിധ്യം അറിയിക്കുകയുണ്ടായി. അലിഗർ പ്രസ്ഥാനത്തിന്റെ ഭാഗമായി യു.പി.യിലെ വരേണ്യമുസ്ലിങ്ങൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവർ ഏറ്റെടുത്തു. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി (1920) എന്ന പേരിൽ പിന്നീട് പ്രസിദ്ധമായ ആംഗ്ലോ മുഹമ്മദൻ ഓറിയന്റൽ കോളജ് 1875-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായി.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.