മാർപ്പാപ്പ

കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരി From Wikipedia, the free encyclopedia

മാർപ്പാപ്പ

കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും റോമൻ കത്തോലിക്കാ സഭയുടെ (ലത്തീൻ സഭയുടെ) പരമാചാര്യനും റോമാ അതിരൂപതയുടെ മെത്രാപ്പോലീത്തയും റോമാ രൂപതയുടെ മെത്രാനും പരിശുദ്ധ സിംഹാസനം എന്ന സ്വതന്ത്ര പരമാധികാര സംവിധാനത്തിന്റെ അധിപതിയും അതുവഴി പരിശുദ്ധ സിംഹാസനത്തിന്റെ ഉടമസ്ഥതയിലുള്ള വത്തിക്കാൻ നഗരരാഷ്ട്രത്തിന്റെ ഭരണാധിപനുമാണ്‌ പാപ്പ അഥവാ മാർപ്പാപ്പ.

വസ്തുതകൾ നിലവിലുള്ള പാപ്പ:ഫ്രാൻസിസ്, അധികാരപ്പേരുകൾ ...

പാപ്പ

Thumb
പേപ്പൽ ചിഹ്നം
നിലവിലുള്ള പാപ്പ:
ഫ്രാൻസിസ്
അധികാരപ്പേരുകൾ പരിശുദ്ധ പിതാവ്
ആസ്ഥാനം വത്തിക്കാൻ സിറ്റി
ആദ്യത്തെ പാപ്പ പത്രോസ് അപ്പസ്തോലൻ
തുടക്കം പരമ്പരാഗതമായി ക്രി.വ.33
വെബ്സൈറ്റ് http://www.va
അടയ്ക്കുക

'പാപ്പ' എന്ന ഔദ്യോഗിക ലത്തീൻ സംജ്ഞയോട് സുറിയാനി ഭാഷയിലെ മാർ (നാഥൻ, തിരുമേനി) എന്ന ബഹുമാനപദം ചേർത്താണ് 'മാർപാപ്പ' എന്ന പദം രൂപപ്പെട്ടത്. ഇത് 130 കോടിയോളം വരുന്ന റോമൻ കത്തോലിക്കരുടെ ഇടയിലുള്ള ഒരു ചെറിയ വിഭാഗമായ 60 ലക്ഷം മാത്രം വരുന്ന സുറിയാനി ക്രൈസ്തവരുടെ ഇടയിൽ മാത്രം പ്രചാരത്തിലിരിക്കുന്നു.

അപ്പസ്തോലിക പിന്തുടർച്ചാപ്രകാരം പത്രോസിന്റെ സിംഹാസനത്തിന്റെ അവകാശിയും അപ്രകാരം ക്രിസ്തുവിന്റെ വികാരിയുമാണ്‌ പാപ്പയെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു. റോമിന്റെ മെത്രാനും യേശുക്രിസ്തുവിന്റെ വികാരിയും അപ്പസ്തോലൻമാരുടെ രാജകുമാരന്റെ പിൻഗാമിയും ആഗോള സഭയുടെ പരമോന്നത പുരോഹിതശ്രേഷ്ഠനും ഇറ്റലിയുടെ സഭാധ്യക്ഷനും (Primate of Italy) റോമൻ സഭാപ്രവിശ്യയുടെ മെത്രാപ്പോലീത്തയും ദൈവദാസൻമാരുടെ ദാസനും (Servus servorum Dei) എന്നാണ് പാപ്പയുടെ സമ്പൂർണ വിശേഷണം. ഇത് അപൂർവമായേ ഉപയോഗിക്കാറുള്ളൂ. 2006 മാർച്ച് ഒന്നു വരെ വിശേഷണങ്ങളുടെ പട്ടികയിൽ പടിഞ്ഞാറിന്റെ പാത്രിയാർക്കീസ് എന്നും ചേർത്തിരുന്നു. 642ൽ തിയഡോർ ഒന്നാമൻ പാപ്പയാണ് ഈ വിശേഷണം ആദ്യമായി ഉപയോഗിച്ചത്. 1054നു ശേഷം ഈ വിശേഷണം അപൂർവമായേ ചേർത്തിരുന്നുള്ളൂ. മീൻപിടുത്തക്കാരൻ ആയിരുന്ന അപ്പസ്തോലപ്രമുഖൻ പത്രോസിന്റെ പിൻഗാമികൾ [1] എന്ന നിലയിൽ മാർപ്പാപ്പാമാർക്ക് വലിയ മുക്കുവൻ എന്ന വിശേഷണവും ഉണ്ട്. ഈശോസഭയ്ക്ക്(ജെസ്യൂട്ട് സഭ) കത്തോലിക്കാ സഭയിലുള്ള അധികാരസ്വാധീനത്തെ ആക്ഷേപിച്ചുകൊണ്ട് കറുത്ത സന്യാസവസ്ത്രത്തോടുകൂടിയ കത്തോലിക്കാസഭയിലെ ജെസ്യൂട്ട് സന്യാസസഭാ മേലധ്യക്ഷനെ കറുത്ത പാപ്പ എന്ന് പറയാറുണ്ട്. അതുപോലെ സുവിശേഷവത്കരണത്തിന്റെ ചുമതലയുള്ള കത്തോലിക്കാസഭയിലെ കർദ്ദിനാളിന്‌ മിഷൻ പ്രവർത്തനത്തിന്റെമേൽ, പ്രത്യേകിച്ച് ഏഷ്യയിലും ആഫ്രിക്കയിലുമുള്ള മിഷൻപ്രവർത്തനത്തിനുമേൽ പരമാധികാരമുള്ളതിനാലും ചുവന്ന ഔദ്യോഗികവസ്ത്രമുള്ള കർദ്ദിനാളാകയാലും ചുവന്ന പാപ്പ എന്ന് അദ്ദേഹത്തിന്റെ സ്ഥാനത്തെ പറയാറുണ്ട്. [2].

വാക്കിന്റെ ഉദ്ഭവം

മാർപ്പാപ്പ എന്നത് പരിശുദ്ധ പാപ്പ അഥവാ പരിശുദ്ധ പിതാവ് എന്ന അർത്ഥത്തിൽ മാർ, പാപ്പ എന്ന പദങ്ങളുടെ സം‌യോജിതരൂപമാണ്‌. മാർ എന്ന പദം സുറിയാനിയിൽനിന്ന് ഉദ്ഭവിച്ചതാണ്‌.[3] പാപ്പ എന്ന പദം പിതാവ്, ആചാര്യൻ എന്നൊക്കെ അർത്ഥമുള്ള ലത്തീൻ പാപ്പ(papa) എന്ന പദത്തിൽനിന്ന് ഉദ്ഭവിച്ചതാണ്‌. പ്രസ്തുത ലത്തീൻ പദം, പാപാസ്(papas) എന്ന ഗ്രീക്ക് പദത്തിൽനിന്നുദ്ഭവിച്ച ക്ലാസിക് ലത്തീൻ പാപ്പാസ്(pappas) എന്ന പദത്തിൽനിന്നുദ്ഭവിച്ചതാണ്‌.[4]

പത്രോസിനു ലഭിച്ച ദൈവികാധികാരവും തുടർച്ചയും

യേശുക്രിസ്തു സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെയാണ്‌ ഏൽപ്പിച്ചതെന്നും ഈ അപ്പസ്തോലനായ പത്രോസിൽനിന്ന് സഭാനേതൃത്വാവകാശം കൈവയ്പുവഴി പിന്തുടരുന്നവരാണ് പാപ്പമാർ എന്നും കത്തോലിക്കർ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ്‌ പാപ്പയുടെ അധികാരത്തിന്റെ മേലുള്ള വിശ്വാസത്തിന്‌ ആധാരം. മറ്റു ക്രിസ്ത്യാനികളാകട്ടെ കത്തോലിക്കാ സഭ അവകാശപ്പെടുന്ന പിന്തുടർച്ചയെ മാത്രമല്ല പത്രോസിന്റെ അപ്പസ്തോലിക നേതൃത്വാവകാശത്തെത്തന്നെയും ചോദ്യം ചെയ്യുന്നു.

പത്രോസിന്റെ സഭാനേതൃത്വാവകാശത്തിന്‌ ബൈബിളിലെ രണ്ടു ഖണ്ഡികകളാണ്‌ ആധാരം. മത്തായി 16:17-19 ഉം യോഹന്നാൻ 21:15-17 ഉം.

യോഹന്നാന്റെ സുവിശേഷത്തിൽ യേശു ശിമയോൻ പത്രോസിനോട് മൂന്നുവട്ടം പറയുന്നു:

പതിനാറാം നൂറ്റാണ്ടിലെ നവീകരണകാലഘട്ടംവരെ മത്തായിയുടെ സുവിശേഷത്തിലെ വാക്യങ്ങൾ പത്രോസിന്റെ അവകാശം വ്യക്തമാക്കുന്നുവെന്നതിന്‌ എതിരഭിപ്രായമില്ലായിരുന്നു. എന്നാൽ അതിനുശേഷം പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ വ്യത്യസ്ത വിശദീകരണങ്ങളുമായി മുന്നോട്ടുവന്നു. ആംഗ്ലിക്കൻ സഭയുടെ വിശദീകരണം പത്രോസ് സഭയുടെ ആരംഭത്തിൽ വഹിക്കാൻ സാധിച്ച പ്രമുഖസ്ഥാനം മാത്രമാണ്‌ ഈ വാക്യങ്ങളിലൂടെ വ്യക്തമാക്കുന്നത് എന്നും പത്രോസിനെ "നേതൃത്വം" ഏൽപ്പിച്ചിരുന്നില്ല എന്നുമാണ്. കത്തോലിക്കാ സഭയാകട്ടെ പ്രസ്തുത പ്രൊട്ടസ്റ്റന്റ് വാദങ്ങൾ ശക്തമല്ല എന്നു വാദിക്കുന്നു.[5] യോഹന്നാന്റെ സുവിശേഷത്തിലെ വാചകത്തിൽ ക്രിസ്തു അജപാലന പരമാധികാരം പത്രോസിനു നൽകുന്നതായി പല പ്രൊട്ടസ്റ്റന്റ് സഭകളും സമ്മതിക്കുന്നു. എന്നാൽ അലക്സാണ്ഡ്രിയയിലെ വിശുദ്ധ സിറിളിന്റെ അഭിപ്രായത്തിൽ മൂന്നുവട്ടം ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതിലൂടെ നഷ്ടമായ അപ്പസ്തോലിക പരമാധികാരം പത്രോസിന്റെ രണ്ടാം വിശ്വാസപ്രഖ്യാപനത്തിലൂടെ ക്രിസ്തു തിരിച്ചുനൽകുകയായിരുന്നു എന്നാണ്‌. എന്നാൽ അപ്പസ്തോലിക നേതൃത്വാധികാരം പത്രോസ് എന്നെങ്കിലും നഷ്ടമാക്കി എന്ന വാദത്തിന്‌ വിശുദ്ധ ഗ്രന്ഥങ്ങളിലോ പാരമ്പര്യത്തിലോ അവലംബമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കത്തോലിക്കാ സഭ തള്ളിക്കളയുന്നു. [5]

പത്രോസിനുശേഷം റോമാസഭാനേതൃത്വം ഏറ്റെടുത്തവരും എല്ലാ ക്രിസ്തീയ സഭകൾക്കുംതന്നെ സമ്മതരുമായ വിശുദ്ധ സിപ്രിയാൻ, കാല്ലിസ്റ്റസ്, സ്റ്റീഫൻ എന്നിവർ പത്രോസിന്റെ സിംഹാസനത്തെയും, പത്രോസിന്റെ അധികാരത്തെയും, പത്രോസിൽനിന്നു തങ്ങൾക്ക് ലഭിച്ച പിന്തുടർച്ചാവകാശത്തെയും പറ്റി ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചതിന്റെ രേഖകൾ മാർപ്പാപ്പ പത്രോസിന്റെ ക്രൈസ്തവസഭാമേലദ്ധ്യക്ഷസ്ഥാനത്തിന്റെ പിന്തുടർച്ചാവകാശിയാണെന്നതിന്റെ തെളിവുകളായി കത്തോലിക്കാസഭ നിരത്തുന്നു.[6] എന്നാൽ സത്യമായ ക്രൈസ്തവവിശ്വാസത്തിന്റെ പിന്തുടർച്ച തങ്ങളുടേതാണെന്ന വാദത്തിൽ കത്തോലിക്കാസഭയും മറ്റു സഭകളും ഉറച്ചുനിൽക്കുന്നതുപോലെതന്നെ പത്രോസിന്റെ അപ്പസ്തോലികനേതൃത്വാവകാശത്തിന്റെ യഥാർത്ഥ പിന്തുടർച്ചാവകാശവും കത്തോലിക്കാസഭയുടേതല്ലെന്ന് ചില ഇതര സഭകൾ വാദിക്കുന്നു. എന്നിരുന്നാലും മാർപ്പാപ്പ എന്ന ആചാര്യസ്ഥാനത്തിന്റെ ആത്മീയവും ഭൗതികവുമായ പരമാധികാരത്തിന്റെ അടിസ്ഥാനം പത്രോസിന്റെ അപ്പസ്തോലിക നേതൃത്വാധികാരവും റോമാ ബിഷപ്പുമാർക്ക് ലഭിച്ച അതിന്റെ പിന്തുടർച്ചാവകാശവുമാണെന്ന് കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

പാപ്പമാരുടെ പരമാധികാരചരിത്രം

ക്രൈസ്തവസഭയുടെ അധികാരമേല്പിക്കപ്പെട്ടതു പത്രോസ് അപ്പസ്തോലനയായിരുന്നുവെന്നും സഭാദ്ധ്യക്ഷൻ, ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായ പത്രോസിന്റെ പിൻഗാമിയാണെന്നുള്ള (അതായതു് പത്രോസിന്റെ ശ്ലൈഹികസിംഹാസനത്തിന്റെ അടിസ്ഥാനത്തിൽ ആരൂഢനാണെന്നുള്ള ) സഭാശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ‍, റോമാ പാപ്പമാരെ പത്രോസിന്റെ‍ പിൻ‍ഗാമികളായി റോമൻകത്തോലിക്കാസഭ കാണുന്നു.[7] പത്രോസപ്പോസ്തലൻ അവസാനകാലത്ത്, ക്രിസ്തുവർഷം 64-ലോ 66-67ലോ റോമായിൽ വന്നുവെന്നും ക്രിസ്തുവർഷം 67ൽ നീറോ ചക്രവർത്തിയുടെ കാലത്ത് പൗലോസ്‌ അപ്പോസ്തലനോടൊപ്പമോ അല്ലാതെയോ രക്തസാക്ഷിമരണംപ്രാപിച്ചുവെന്നുമാണ്‌ പാരമ്പര്യം.[8] അങ്ങനെ, റോമാസഭ ആദ്യ ബിഷപ്പായ പത്രോസിന്റെയും വിജാതീയരുടെ അപ്പസ്തോലനായ പൗലോസിന്റെയും സഭയായി അറിയപ്പെട്ടിരുന്നു. ക്രിസ്തുവർഷം 325-ലെ നിഖ്യാ സുന്നഹദോസ് മുതൽ സഭയുടെ മൂന്നു പാത്രിയർക്കീസുമാരിൽ ഒന്നാമനായിരുന്നു പാപ്പ. അലക്സാന്ത്രിയാ പാത്രിയർക്കീസും അന്ത്യോക്യാപാത്രിയർക്കീസുമായിരുന്നു മറ്റുരണ്ടുപേർ. 383-ലെ കുസ്തന്തീനാ സുന്നഹദോസോടെ കുസ്തന്തീനയിലും (കോൺസ്റ്റാന്റിനോപ്പിൾ) യോർശ്ലേമിലും (ജറുസലേം) പാത്രിയർക്കാസനങ്ങൾ പ്രാബല്യത്തിലായി. 451-ലെ കാൽക്കദോൻ സൂനഹദോസിൽവച്ച് അലക്സാണ്ട്രിയയെയും അന്ത്യോഖ്യയെയും മറികടന്ന് കുസ്തന്തീനാ രണ്ടാംസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. എന്നാൽ എല്ലാക്കാലത്തും പ്രാഥമികസ്ഥാനം റോമിനുതന്നെ ലഭിച്ചുപോന്നു.

ക്രൈസ്തവസഭയുടെ ആദ്യകാലഘട്ടം (ക്രി.വ. 30 മുതൽ 325 വരെ)

ക്രൈസ്തവസഭയുടെ ആദ്യനൂറ്റാണ്ടിൽ (ക്രി.വ. 30 മുതൽ 130 വരെ), റോമൻ തലസ്ഥാനം അതീവ പ്രാധാന്യമുള്ള ക്രിസ്തീയ കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരുന്നു എങ്കിലും റോമൻ സിംഹാസനത്തിന്റെ പരമാധികാരം പുറംനാടുകളിൽ അംഗീകരിക്കപ്പെട്ടിരുന്നുവെന്നെന്നതിന്‌ വളരെ കുറച്ചു രേഖകളെ നിലവിലുള്ളൂ.[9]

പിന്നീട് രണ്ടാം നൂറ്റാണ്ടിൽ റോമൻ സിംഹാസനം റോമിനുപുറത്ത് അധികാരം വിനിയോഗിക്കുന്നതിന്റെ രേഖകൾ സ്പഷ്ടമാണ്‌. ക്രി.വ. 189-ൽ ലയോൺസിലെ ഐറേനിയസ് തന്റെ Against Heresies എന്ന പുസ്തകത്തിൽ തന്റെ അപ്പസ്തോലിക പിന്തുടർച്ചാവകാശ അധികാരം സുവ്യക്തമാക്കുന്നു.[10] പിന്നീട് ക്രി.വ. 195-ൽ പോപ്പ് വിക്ടർ ഒന്നാമൻ ജൂത പാരമ്പര്യമനുസരിച്ച് നിസാൻ 14ആംന് പെസഹാദിനത്തിൽ ഈസ്റ്റർ ആഘോഷിക്കുന്നവരെ പുറത്താക്കിയതിൽനിന്ന് പ്രസ്തുത അധികാരവിനിയോഗം കൂടുതൽ സ്പഷ്ടമാണ്‌.

ആദ്യകാല മാർപ്പാപ്പമാർ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിലും ദൈവശാസ്ത്രപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിലും സഹായിച്ചുപോന്നു.[11]

നിഖ്യ സൂനഹദോസ് മുതൽ വലിയ ഭിന്നിപ്പ് വരെ (ക്രി.വ. 325 മുതൽ 1054 വരെ)

റോമാ ചക്രവർത്തിയായ കോൺസ്റ്റന്റെന്റെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനവും നിഖ്യ സൂനഹദോസും ക്രൈസ്തവരുടെ വ്യാപക ഐക്യവും റോമിന്റെ പരമാധികാരം അരക്കിട്ടുറപ്പിച്ചു. റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ക്രി.വ. 330ൽ കോൺസ്റ്റാൻറിനോപ്പിളിലേക്കു മാറ്റിയതോടുകൂടി പൗരസ്ത്യ സഭകൾ, പ്രത്യേകിച്ച് കോൺസ്റ്റാൻറിനോപ്പിൾ മെത്രാൻ രാജകീയ സ്ഥാനത്തിന്റെ ബലത്തിൽ തന്റെ ശ്രേഷ്ഠത ഉറപ്പിക്കാൻ ശ്രമിച്ചുപോന്നു.

ക്രി.വ. 381-ലെ ഒന്നാം കോൺസ്റ്റാൻറിനോപ്പിൾ സൂനഹദോസ് റോമൻ പ്രഥമത്വം പണ്ടേ ഉറപ്പിച്ചതായി സമർത്ഥിച്ചു. പിന്നീട് ക്രി.വ. 440-ൽ മാത്രമാണ്‌ ശ്രേഷ്ഠനായ ലിയോ സുവ്യക്തമായി പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ക്രിസ്തുവിൽനിന്നു ലഭിച്ച തന്റെ പേപ്പൽ പരമാധികാരം ഒരു അനുശാസനമെന്നവണ്ണം പാലിക്കാൻ വിളംബരം ചെയ്യുകയും കൗൺസിലുകളിൽ ആവശ്യപ്പെടുകയും ചെയ്തത്. അതിനുശേഷം ക്രി.വ. 451-ലെ കൽക്കിദോൻ സൂനഹദോസ് ലിയോ പാപ്പ പത്രോസിന്റെ ശബ്ദത്താലാണ്‌ സംസാരിക്കുന്നതെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതേ കൗൺസിലിൽത്തന്നെ "കോൺസ്റ്റാന്റിനോപ്പിൽ പുതിയ റൊമായിരിക്കക്കൊണ്ട്" കോൺസ്റ്റാൻറിനോപ്പിൾ ബിഷപ്പിന്‌ റോമാ ബിഷപ്പിന്‌ തുല്യമായ ശ്രേഷ്ഠതയും കൽപിച്ചുനൽകി.

പാപ്പാ ആയി സ്വയം അവരോധിച്ച ആദ്യ റോമൻ മെത്രാൻ നാലാം നൂറ്റാണ്ടിന്റെ അവസാനം വാണ‍ സിറിഷ്യസ് മാർപ്പാപ്പയായിരുന്നു.[12] അതിനു മുമ്പ് ക്രി.വ. 232-ൽ ഹെറാക്ലെസ് നിന്ന് തുടങ്ങി അലക്സാണ്ട്രിയൻ പാത്രിയർക്കീസുമാർ "പാപ്പ" എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ചുപോന്നിരുന്നു. [13]

പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം സഭ അറിവിന്റെയും അധികാരത്തിന്റെ പിന്തുടർച്ചയുടെയും കേന്ദ്രമായി വർത്തിച്ചു. ചക്രവർത്തിമാരുടെ ക്രിരീടധാരണവും കലഹങ്ങൾ പരിഹരിക്കലും പാപ്പാമാരുടെ ചുമതലയായി.[14] റോമാ മെത്രാൻ 8ആം നൂറ്റാണ്ടുവരെ ബൈസൻറൈൻ സാമ്രാജ്യത്തിന്റെ ഭരണസം‌വിധാനവുമായി ഐക്യപ്പെട്ടുപോന്നു. തഥവസരത്തിൽ പെപ്പിൻ നേരത്തെതന്നെ പാപ്പയുടെ കീഴിലായിരുന്ന റോമും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും മാർപ്പാപ്പായുടെതന്നെ രാഷ്ട്രീയമായ ഭരണത്തിൻ‌കീഴിലാക്കി പേപ്പൽ സ്റ്റേറ്റുകൾ രൂപവത്കരിച്ചു. ഈ ഭരണസം‌വിധാനം 1870 വരെ തുടർന്നുപോന്നു.

വലിയ ഭിന്നിപ്പ് മുതൽ നവീകരണകാലഘട്ടം വരെ (ക്രി.വ. 1054 മുതൽ 1517 വരെ)

Thumb
പാശ്ചാത്യ ഭിന്നിപ്പിന്റെ ചരിത്രഭൂപടം: ചുവപ്പ് അവിഗ്നോനെ പിന്തുണയ്ക്കുന്നവരെയും നീല റോമിനെ പിന്തുണയ്ക്കുന്നവരെയും സൂചിപ്പിക്കുന്നു

മധ്യകാലഘട്ടങ്ങളിൽ പാപ്പാമാർ രാജാക്കന്മാരുമായി വ്യാപകമായി അധികാരസമരത്തിലേർപ്പെട്ടിരുന്നു.[11] കൗൺസിലുകളിൽ പാപ്പായുടെ മേൽ ‍തങ്ങളുടെ അധികാരം സ്ഥാപിക്കാൻ ശ്രമിച്ച കർദ്ദിനാളന്മാരുമായും പാപ്പാമാർ മല്ലിട്ടിരുന്നു. 1378 മുതൽ 1417 വരെ നിലനിലനിന്നിരുന്ന പാശ്ചാത്യ ഭിന്നിപ്പിന്റെ അവസരത്തിൽ പല മറുപ്പാപ്പാമാരും റോമൻ പാപ്പായുടെ അധികാരം ചോദ്യം ചെയ്തു.

നവീകരണകാലഘട്ടം മുതൽ ഇന്നുവരെ (1517 മുതൽ ഇന്നുവരെ)

പ്രൊട്ടസ്റ്റൻറ് നവീകർത്താക്കൾ പേപ്പസിയെ അഴിമതിനിറഞ്ഞതെന്ന് വിമർശിക്കുകയും ക്രൈസ്തവവിരുദ്ധമെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. പ്രൊട്ടസ്റ്റൻറ് നവീകരണത്തിന്റെ വെല്ലുവിളികൾ നേരിടാൻ 1560-നും 1648-നും ഇടയിൽ പാപ്പാമാർ കത്തോലിക്കാ നവീകരണവും മറ്റു ആന്തരിക പരിവർത്തനങ്ങളും നടപ്പിലാക്കി.[11] ക്രമേണ രാഷ്ട്രീയ അധികാരങ്ങൾ കൈവിടാൻ നിർബന്ധിതരായ പാപ്പാമാർ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുപോന്നു.[11]

പാപ്പായുടെ ആത്മീയ പരമാധികാരാവകാശവാദം ആദ്യ നൂറ്റാൺടുകൾക്കുശേഷം എന്നത്തേതിൽനിന്നുമുപരിയായി സ്പഷ്ടമായി സൂചിപ്പിക്കപ്പെട്ടു. 19ആം നൂറ്റാണ്ടിൽ സഭ ആത്മീയ കാര്യങ്ങളെക്കുറിച്ച് പാപ്പ അപൂർ‌വമായി ex cathedra (വാച്യാർത്ഥത്തിൽ "(പത്രോസിന്റെ) സിംഹാസനത്തിൽനിന്ന്") എന്നവണ്ണം പഠിപ്പിക്കുമ്പോൾ പാപ്പയുടെ തീരുമാനങ്ങൾക്ക് അപ്രമാദിത്യം(infallibility) ഉണ്ട് എന്ന് വിളംബരം ചെയ്തു.[11] പ്രസ്തുത അവകാശവിളംബരത്തിനുശേഷം ഒരിക്കൽമാത്രം, അതും 1950-ൽ മാതാവിന്റെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഘോഷിക്കാൻ മാത്രമേ പാപ്പ ഈ അപ്രമാദിത്യാധികാരം ഉപയോഗിച്ചു പ്രബോധനം നൽകിയിട്ടുള്ളൂ.

ഇന്ന്, റോമാ പാപ്പയുടെ അപ്രമാദിത്വം എന്ന വിശ്വാസം പാശ്ചാത്യ-പൗരസ്ത്യ സഭകളെ തമ്മിൽ ഒന്നിപ്പിക്കുന്നതിൽനിന്നും പ്രൊട്ടസ്റ്റൻറ് വിഭാഗക്കാരെ റോമിൽനിന്ന് അകറ്റുന്നതിനും ഒരു കാരണമായി നിലകൊള്ളുന്നു. ക്രിസ്തു സ്ഥാപിച്ച സഭ,കത്തോലിക്ക സഭയിൽ പൂർണ്ണമാണെന്നും ആ സഭയുടെ പരമാദ്ധ്യക്ഷനെന്ന നിലയിൽ റോമാസഭാദ്ധ്യക്ഷൻ ആദിമസഭയുടെ മേലദ്ധ്യക്ഷന്മാരിൽ ഒന്നാമനായ പത്രോസിന്റെ പിൻഗാമിയാണ്‌ എന്ന കത്തോലിക്കാ സഭയുടെ നിലപാട്‌[15] യഥാർ‍ത്ഥത്തിൽ റോമാ പാപ്പ ക്രൈസ്തവ സഭയുടെ പൊതുമേലദ്ധ്യക്ഷനാണെന്ന അവകാശവാദമായി മറ്റ് സഭകൾ ഭയക്കുന്നു. അതിനാൽ റോമാസഭയുമായി സമ്പൂർ‍ണ്ണ കൂട്ടായ്മയിലാവുക എന്നാൽ റോമാ സഭയുടെ പ്രഥമത്വം അംഗീകരിയ്ക്കുക എന്നതാണെന്നത് സഭാന്തര സംവാദങ്ങളിലെയും സഭാ ഐക്യ പ്രശ്നത്തിലെയും പ്രധാന വിവാദ വിഷയങ്ങളിലൊന്നാണ്‌. [16]

പാപ്പായുടെ തിരഞ്ഞെടുപ്പ്, മരണം അല്ലെങ്കിൽ രാജി

തിരഞ്ഞെടുപ്പ്

പ്രധാന ലേഖനം: മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പ്

ആദ്യകാലങ്ങളിൽ റോമിനടുത്തുള്ള മുതിർന്ന വൈദികരായിരുന്നു മാർപ്പാപ്പയെ തിരഞ്ഞെടുത്തിരുന്നത്. 1059-ൽ സമ്മതിദാനാവകാശം പരിശുദ്ധ റോമാസഭയിലെ കർദ്ദിനാളന്മാർക്കായി നിജപ്പെടുത്തി. 1179-ൽ എല്ലാ കർദ്ദിനാളന്മാരുടെയും വോട്ടിന്റെ മൂല്യം തുല്യമാക്കി. കാനോൻനിയമമനുസരിച്ച്, ഏതൊരു ക്രിസ്ത്യാനിയെയും മാർപ്പാപ്പയായി തിരഞ്ഞെടുക്കാം, എന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രസ്തുതവ്യക്തിയെ കർദ്ദിനാൾ തിരുസംഘം കർദ്ദിനാളായി വാഴിക്കേണ്ടതാണ്‌. 1378-ൽ തിരഞ്ഞെടുക്കപ്പെട്ട ഊർബൻ ആറാമൻപാപ്പയാണ്‌ കർദ്ദിനാളല്ലാതിരിക്കെ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അവസാനവ്യക്തി. നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽത്താഴെ പ്രായമുള്ള കർദ്ദിനാളന്മാർക്കാണ്‌, പാപ്പയെ തിരഞ്ഞെടുക്കാൻ അവകാശം.

Thumb
മാർട്ടിൻ അഞ്ചാമൻ മാർപ്പാപ്പ തെരഞ്ഞെടുക്കപ്പെട്ട കോൺസ്റ്റൻസ്‌ കോൺക്ലേവ്‌ ചിത്രീകരിച്ചിരിക്കുന്നു.
Thumb
മാർട്ടിൻ അഞ്ചാമൻ പാപ്പയുടെ തെരഞ്ഞെടുപ്പിനുശേഷമുള്ള ഔദ്യോഗിക "ഹബേമൂസ്‌ പാപ്പം" അറിയിപ്പ്‌ ചിത്രീകരിച്ചിരിക്കുന്നു.

പരമ്പരാഗതമായി പാപ്പയെ തിരഞ്ഞെടുത്തിരുന്നത്‌ ശബ്ദവോട്ടോടെയോ, ഒരു കമ്മിറ്റിയുടെ തീരുമാനത്തിലൂടെയോ അല്ലെങ്കിൽ പ്ലീനറി വോട്ടിലൂടെയോ ആയിരുന്നു. ശബ്ദവോട്ട്‌ അവസാനമായി ഉപയോഗിച്ചത്‌ 1621-ൽ ആയിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ശബ്ദവോട്ടുവഴിയും കമ്മിറ്റിയുടെ തീരുമാനംവഴിയുമുള്ള തിരഞ്ഞെടുപ്പുകൾ നിർത്തലാക്കി. തന്മൂലം, വരുന്ന തെരഞ്ഞെടുപ്പുകളിൽ, കർദ്ദിനാൾ തിരുസംഘം ബാലറ്റ്‌ വഴിമാത്രമേ മാർപ്പാപ്പയെ തിരഞ്ഞെടുക്കൂ.

പാപ്പയുടെ തിരഞ്ഞെടുപ്പ്‌ എല്ലായെപ്പോഴുംതന്നെ സിസ്റ്റീൻ ചാപ്പലിനുള്ളിൽവച്ചു നടക്കുന്ന കോൺക്ലേവ്‌ എന്നറിയപ്പെടുന്ന സമ്മേളനത്തിൽവച്ചാണ്‌. ആദ്യംതന്നെ മൂന്നു കർദ്ദിനാളന്മാരെ (രോഗം മൂലം) ഹാജരാവാൻ പറ്റാതിരുന്ന കർദ്ദിനാളന്മാരുടെ വോട്ടു ശേഖരിക്കാനും, മൂന്നു കർദ്ദിനാളന്മാരെ വോട്ടെണ്ണാനും മൂന്നു കർദ്ദിനാളന്മാരെ വോട്ടുകളുടെ എണ്ണം പരിശോധിക്കാനും ചുമതലപ്പെടുത്തും. അതിനുശേഷം ബാലറ്റുകൾ വിതരണംചെയ്യുകയും കർദ്ദിനാളായ ഓരോ സമ്മതിദായകനും മാർപ്പാപ്പയാവുന്നതിന്‌, തങ്ങൾ പ്രഥമഗണന നൽകിയ കർദ്ദിനാളിന്റെ പേര്‌, അതിലെഴുതുകയുംചെയ്യുന്നു. "ദൈവത്തിനുകീഴിൽ തെരഞ്ഞെടുക്കപ്പെടേണ്ടവനെന്നു ഞാൻ വിചാരിക്കുന്നവന്‌" താൻ വോട്ടു ചെയ്യുന്നുവെന്ന് ഉച്ചത്തിൽ പ്രതിജ്ഞചെയ്തതിനുശേഷം ബാലറ്റു മടക്കി, പ്രത്യേകപാത്രത്തിൽ നിക്ഷേപിക്കുന്നു. ബാലറ്റിലെ വോട്ടു പരിശോധിക്കുന്നതിനുമുമ്പ്‌, ബാലറ്റുകളുടെ എണ്ണം പരിശോധിക്കും. എണ്ണം, മൊത്തംസമ്മതിദായകരുടെ എണ്ണത്തിൽനിന്നു വ്യത്യസ്തമായാൽ ബാലറ്റുകളൊന്നും തുറക്കാതെ എല്ലാ ബാലറ്റുകളും കത്തിച്ചുകളയുകയും ഒരു പുതിയ തിരഞ്ഞെടുപ്പു നടത്തുകയുംചെയ്യും. എണ്ണം തുല്യമായാൽ, ഓരോ ബാലറ്റും തുറക്കുകയും ഉച്ചത്തിൽ വായിക്കുകയും ചെയ്യും. വായിച്ചശേഷം, സത്യസന്ധതയും കൃത്യതയും ഉറപ്പുവരുത്താനായി ഓരോ ബാലറ്റും സൂചികൊണ്ടു തുളച്ച്‌, ഒരുമിച്ചുതുന്നിക്കെട്ടുന്നു. ഒരു പാപ്പ മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ, പലവട്ടം ഈ തിരഞ്ഞെടുപ്പുപ്രക്രിയ ആവർത്തിക്കുന്നു.

പേപ്പൽതിരഞ്ഞെടുപ്പിലെ പ്രസിദ്ധമായ ഒരു ഭാഗം, മാർപ്പാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോയെന്നറിയിക്കുന്ന രീതിയാണ്‌. ബാലറ്റുകൾ എണ്ണിത്തിട്ടപ്പെടുത്തിയശേഷം, അവ സിസ്റ്റീൻചാപ്പലിലെ ഒരു പ്രത്യേകസ്റ്റൗവിൽ ഉചിതമായവണ്ണം ചില പ്രത്യേകരാസവസ്തുക്കൾ കൂട്ടിക്കലർത്തി, കത്തിക്കുന്നു. ഈ സ്റ്റൗവിൽനിന്നുള്ള പുക, സെൻറ് പീറ്റേഴ്സ്‌ സ്ക്വയറിൽനിന്നു കാണാവുന്ന ഒരു ചിമ്മിനിയിൽക്കൂടെ പുറത്തുവരുന്നു. തീരുമാനമാകാത്ത ഒരു തിരഞ്ഞെടുപ്പിനുശേഷം ബാലറ്റുകൾ കത്തിക്കുമ്പോൾ അതിൽച്ചേർക്കുന്ന രാസവസ്തുക്കളുടെ പ്രവർത്തനഫലമായി, കറുത്തപുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം കത്തിക്കുമ്പോൾ വെളുത്തപുകയും ഈ ചിമ്മിനിയിൽക്കൂടെ പുറത്തുവരും. പലപ്പോഴും പുകയുടെ നിറം കറുത്തതോ വെളുത്തതോ എന്നു സംശയലേശമെന്യേ മനസ്സിലാക്കുക പ്രയാസമാണ്‌. അതിനാൽ പുതിയൊരു കീഴ്‌വഴക്കമെന്നനിലയിൽ ബെനഡിക്ട്‌ പതിനാറാമൻ പാപ്പയുടെ തിരഞ്ഞെടുപ്പു സൂചിപ്പിക്കാൻ സിസ്റ്റീൻ ചാപ്പലിലെ മണികളും മുഴക്കുകയുണ്ടായി.

കർദ്ദിനാൾ തിരുസംഘത്തിന്റെ ഡീൻ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പയോട്‌ രണ്ടു ചോദ്യങ്ങൾ ചോദിക്കും. "താങ്കൾ ഈ തിരഞ്ഞെടുപ്പ്‌ സ്വീകരിക്കുന്നുവോ?" അതെയെന്നാണുത്തരമെങ്കിൽ, അപ്പോൾമുതൽ പാപ്പായുടെ ഭരണമാരംഭിച്ചതായി കണക്കാക്കും.(അല്ലാതെ കുറേ ദിവസങ്ങൾക്കുശേഷംനടക്കുന്ന സ്ഥാനാരോഹണച്ചടങ്ങുമുതലല്ലാ.) അതിനുശേഷം "താങ്കൾ ഏതു നാമത്തിലറിയപ്പെടണം?" എന്നു ചോദിക്കും. (ഡീൻ ആണ്‌, പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ വൈസ്‌-ഡീൻ ഈ കടമ നിർവ്വഹിക്കും.)

അതിനുശേഷം, പുതിയ പാപ്പയെ "കണ്ണീരിന്റെ വാതിലിൽ"ക്കൂടെ, വസ്ത്രംധരിക്കുന്ന മുറിയിലേക്കാനയിക്കുന്നു. അവിടെ മൂന്നുതരം പേപ്പൽവസ്ത്രങ്ങൾ തയ്യാറാക്കിവച്ചിരിക്കും: ചെറുത്‌, ഇടത്തരം, വലുത്‌ എന്നീ വലിപ്പത്തിലുള്ളവ. ഔദ്യോഗികവസ്ത്രങ്ങളണിഞ്ഞ്‌ പോപ്പ്‌, സിസ്റ്റീൻ ചാപ്പലിലേയ്ക്കു തിരിച്ചെത്തുമ്പോൾ ചാമ്പർലെയിൽ അദ്ദേഹത്തെ മുക്കുവൻന്റെമോതിരം അണിയിക്കുന്നു. പുതിയ പാപ്പ ചാമ്പർലെയിന്റെ സ്ഥാനം സ്ഥിരീകരിക്കുകയോ പുതിയൊരാളെ നിയമിക്കുകയോചെയ്യുന്നു. അതിനുശേഷം ആദരണീയമായ ഒരു സ്ഥാനത്തുപവിഷ്ടനായ പാപ്പയുടെ സമീപത്ത്‌, കർദ്ദിനാളന്മാർ ഓരോരുത്തരായി അദ്ദേഹത്തോടു വിധേയത്വംപ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ ആശീർവാദം വാങ്ങാനുമെത്തുന്നു.

സീനിയർ കർദ്ദിനാൾ ഡീക്കൻ അതിനുശേഷം സെന്റ്‌ പീറ്റഴ്സ്‌ ചത്വരത്തിന്റെ ബാൽക്കണിയിൽനിന്ന് വിളംബരം ചെയ്യുന്നു: Annuntio vobis gaudium magnum! Habemus Papam! ("അതീവസന്തോഷത്തോടെ നിങ്ങളെ ഞാനറിയിക്കുന്നു! നമുക്ക്‌ ഒരു പുതിയ പാപ്പയെ ലഭിച്ചിരിക്കുന്നു"). അതിനുശേഷം അദ്ദേഹം പുതിയ പാപ്പയുടെ ക്രിസ്തീയനാമവും അദ്ദേഹം പാപ്പായായിസ്വീകരിച്ച നാമവുമറിയിക്കുന്നു.

1978 വരെ പാപ്പയുടെ തിരഞ്ഞെടുപ്പിനു കുറച്ചു ദിവസങ്ങൾക്കുശേഷം പേപ്പൽ കിരീടധാരണച്ചടങ്ങുനടന്നിരുന്നു. പ്രസ്തുത ചടങ്ങിൽ കിരീടധാരണച്ചടങ്ങിനായി പുതിയ പാപ്പയെ, പല്ലക്കിലേറ്റി സിസ്റ്റീൻ ചാപ്പലിൽനിന്ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്ക് ഗംഭീരമായ ഒരു പ്രദക്ഷിണമായി ആനയിക്കുന്നു. അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാനനടക്കുന്നു. പിന്നീട്‌, കിരീടധാരണവും പാപ്പയുടെ Urbi et Orbi ("റോമാനഗരത്തിനും ലോകത്തിനും") ആശീർവാദവും. കിരീടധാരണച്ചടങ്ങിലെ ഒരു പ്രസിദ്ധമായഭാഗം സ്വർണ്ണംപൂശിയ തൂണിന്മേൽ ഒരു കെട്ടു ചണം കത്തിക്കുന്നതാണ്‌. ഇത്‌, ഒരു നിമിഷം ആളിക്കത്തിയശേഷം Sic transit gloria mundi ("അങ്ങനെ ലോകത്തിന്റെ മഹത്ത്വം കടന്നുപോകുന്നു") എന്ന ഉദ്ഘോഷത്തോടെ കെട്ടുപോകുന്നു. പേപ്പൽ അഹങ്കാരത്തിനെതിരെ "Annos Petri non videbis" എന്ന ഗൗരവത്തിലുള്ള മുന്നറിയിപ്പും ഈ ചടങ്ങിന്റെ ഭാഗമായിരുന്നു. ഇത്‌, പുതിയ പാപ്പയെ തന്റെ ഭരണം 35 വർഷത്തോളം സഭയെ ഭരിച്ചെന്നു വിശ്വസിക്കപ്പെടുന്ന വിശുദ്ധ പത്രോസിന്റെ ഭരണകാലത്തിന്റെയത്രയും നീണ്ട ഭരണംകാണാൻമാത്രം പുതിയ പാപ്പ ജീവിച്ചിരിക്കില്ലെന്ന് ഓർമ്മപ്പെടുത്തുന്നു.

നൂറ്റണ്ടുകളോളം ഇറ്റലിക്കാർമാത്രമായിരുന്നു പാപ്പമാർ. 1978-ൽ പോളിഷ്‌ കർദ്ദിനാളായ കരോൾ വോയ്റ്റിവ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ്‌ 1522-ൽ അഡ്രിയാൻ ആറാമൻ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട നെതർലൻഡുകാരൻ കർദ്ദിനാൾമാത്രമായിരുന്നൂ, ഇറ്റലിക്കു പുറത്തുനിന്നുള്ള പാപ്പ. ജോൺ പോൾ രണ്ടാമനുശേഷം ജർമനിയിൽ ജനിച്ച ബെനഡിക്ട്‌ പതിനാറാമൻ പാപ്പായായത്‌ പാപ്പത്വത്തിനുമേലുള്ള ഇറ്റാലിയൻ അധീശത്വത്തിന്റെ അവസാനമായി ചിലർ കണക്കാക്കുന്നു.

മരണം

തെരഞ്ഞെടുക്കപ്പെട്ട പാപ്പ സ്ഥാനമൊഴിയുന്നത്, മരണത്തിലൂടെയോ അല്ലെങ്കിൽ സ്വയം രാജിവയ്ക്കുന്നതിലൂടെയോമാത്രമാണ്‌. മാർപ്പാപ്പയുടെ അഭാവത്തിൽ, ചാമ്പർലെയിന്റെ നേതൃത്വത്തിലുള്ള കർദ്ദിനാൾ തിരുസംഘം സഭയുടെ ദൈനംദിനഭരണകാര്യങ്ങൾ നിർ‌വ്വഹിക്കുന്നു. എന്നാൽ ഈ അവസരത്തിൽ സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് കർദ്ദിനാളന്മാരെ കാനോൻനിയമം വിലക്കുന്നു.

പാപ്പയുടെ മരണം ചാമ്പർലെയിൽ സ്ഥിരീകരിക്കുന്നത്, പാപ്പയുടെ തലയിൽ വെള്ളിച്ചുറ്റികകൊണ്ട്, മൂന്നുവട്ടം മെല്ലെ കൊട്ടിക്കൊണ്ട്, അദ്ദേഹത്തിന്റെ ജന്മപ്പേര് വിളിച്ചുനോക്കിയാണെന്ന് ഏറെക്കാലമായി കരുതപ്പെടുന്നു. പ്രസ്തുത ആചാരം നിലവിലുണ്ടോയെന്നത്, വത്തിക്കാൻ സമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. കർദ്ദിനാൾ ചാമ്പർലെയിൽ, മരിച്ചപാപ്പയുടെ വിരലിൽനിന്ന് മുക്കുവന്റെ മോതിരം ഊരിയെടുക്കുന്നു. അതിനുശേഷം ചാമ്പർലെയിൽ കർദ്ദിനാളന്മാരുടെ മുമ്പിൽ‌വച്ച് ഈ മോതിരം രണ്ടായി പൊട്ടിക്കുന്നു. പിന്നീട് ദുരുപയോഗം തടയാനായി മരിച്ചപാപ്പയുടെ പേരിലുള്ള മുദ്രകൾ നശിപ്പിക്കുകയും പാപ്പയുടെ സ്വകാര്യഅപ്പാർട്ട്മെന്റ് മുദ്രവയ്ക്കുകയുംചെയ്യുന്നു. മാർപ്പാപ്പയുടെ ശരീരം പോസ്റ്റുമാർട്ടംചെയ്യുന്ന പതിവ്, പരമ്പരാഗതമായി നിലവിലില്ല.

മരിച്ചപാപ്പയുടെ ശരീരം ഏതെങ്കിലും വലിയപള്ളിയിലോ കത്തീഡ്രലിലോ സംസ്കരിക്കുന്നു. പിന്നീട്, സഭ 9 ദിവസം ദുഃഖാചരണംനടത്തുന്നു.

രാജി

പാപ്പ രാജിവയ്ക്കുന്നതിലൂടെയും അദ്ദേഹത്തിനു സ്ഥാനമൊഴിയാം. കാനോൻനിയമപ്രകാരം ഒരു പാപ്പയ്ക്ക്, രാജിവയ്ക്കാൻചെയ്യേണ്ടത്, തന്റെ രാജിതീരുമാനം സ്വതന്ത്രമായ തീരുമാനമായിരിക്കുകയും പ്രസ്തുത രാജിപ്രഖ്യാപനം സുവ്യക്തമായിരിക്കുകയും വേണം. അല്ലാതെ പ്രസ്തുത രാജി ആരും സ്വീകരിക്കേണ്ടതില്ല.[17] ചരിത്രത്തിൽ, 1294-ൽ സെലസ്റ്റീൻ അഞ്ചാമൻ മാർപ്പാപ്പയും, പാശ്ചാത്യവിഭാഗീയത അവസാനിപ്പിക്കാൻ 1409-ൽ ഗ്രിഗറി പന്ത്രണ്ടാമൻ പാപ്പയും 2013-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുംമാത്രമേ പാപ്പാസ്ഥാനം രാജിവച്ചിട്ടുള്ളൂ.

ഔദ്യോഗികവസ്ത്രങ്ങളും ആദരസൂചനകളും

റ്റിയാറ

ഒന്നിനുമേൽ ഒന്നായി മൂന്നുതട്ടുള്ള കിരീടം അഥവാ റ്റിയാറയുടെ ഉപയോഗം മാർപ്പാപ്പയുടെ പ്രത്യേകതയാണ്‌. പാപ്പ എന്നുമുതലാണ്‌ കിരീടം ധരിക്കാൻ തുടങ്ങിയത് എന്നത് അജ്ഞാതമാണ്‌. തീർച്ചയായും ഇത് ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാജമായി ചമയ്ക്കപ്പെട്ട കോൺസ്റ്റന്റൈന്റെ സംഭാവനയെന്ന രേഖയ്ക്കു മുമ്പാവണം. കാരണം പാപ്പായുടെ കിരീടധാരണത്തെപ്പറ്റി ഇതിൽ പറയുന്നുണ്ട്. മൂന്നുതട്ടുള്ള കിരീടം അതിനു വളരെ ശേഷമാണ്‌ ഉപയോഗിച്ചുതുടങ്ങിയത്.[18]

കുരിശ്

പാപ്പ മറ്റു മെത്രാന്മാരെപ്പോലെ വളഞ്ഞ അംശവടി ഉപയോഗിക്കാറില്ല, നിവർന്ന കുരിശാണ്‌ ഉപയോഗിക്കാറ്. ഈ ആചാരം ഇന്നസെന്റ് മൂന്നാമന്റെ(1198-1216) കാലത്തിനുമുമ്പാണ്‌ തുടങ്ങിയത്.[18]

പാല്ലിയം

വിശ്വാസസംബന്ധമായ എല്ലാ ആചാരങ്ങളിലും മാർപ്പാപ്പ പാല്ലിയം അണിയുന്നു. ചടങ്ങുകൾ ഉപയോഗിക്കുന്നതിന്‌ അദ്ദേഹത്തിന്റെ കീഴിലുള്ള മെത്രാപ്പോലീത്താമാർക്ക് ഉള്ളതിലും കുറച്ച് പരിമിതികളോടെയാണ്‌ പാപ്പ ഇത് ഉപയോഗിക്കുന്നത്.[18]

ചുംബനം

പാപ്പയുടെ പാദം ചുംബിക്കുന്ന രീതി എട്ടാം നൂറ്റാണ്ടുമുതൽക്കുതന്നെ നിലവിലുള്ള ഒരു ആചാരമാണ്‌. ക്രിസ്തുവിന്റെ വികാരിയായി പരിശുദ്ധ പാപ്പായെ ആദരിക്കുന്നതാണ് ഈ രീതി. ജസ്റ്റീനിയൻ രണ്ടാമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ പാപ്പയുടെ പാദം ചുംബിക്കുന്നതായും ജസ്റ്റിൻ ചക്രവർത്തി ജോൺ ഒന്നാമൻ മാർപ്പാപ്പയെയും ജസ്റ്റീനിയൻ ഒന്നാമൻ അഗാപെറ്റസ് മാർപ്പായെയും ഈ രീതിയിൽ ആദരിക്കുന്നതായും ചരിത്രരേഖകളിൽ കാണുന്നു.[18]

എതിർപാപ്പാമാർ (Antipopes)

പ്രധാന ലേഖനം: എതിർപാപ്പ

പരമ്പരാഗതമായി, ഒട്ടനവധി കർദ്ദിനാളന്മാരുടെയും വൈദികരുടെയും പിന്തുണയുള്ളവരെ സൂചിപ്പിക്കാനായിരുന്നു എതിർപാപ്പ എന്ന പേര്‌ ഉപയോഗിച്ചു വന്നിരുന്നത്. ചരിത്രത്തിൽ, പാപ്പായായി കാനോനികമായി തിരഞ്ഞെടുക്കപ്പെടാത്ത ചില വ്യക്തികളുടെ (എതിർപാപ്പാമാർക്കു) ചുറ്റും സമൂഹങ്ങൾ പലപ്പോഴും രൂപപ്പെടാറുണ്ടായിരുന്നു. ശീശ്മ മൂലമോ, ആരാണ്‌ നിയമപരമായ പാപ്പ എന്നു വ്യക്തമല്ലാത്തതുമൂലമുള്ള വിഭാഗീയത മൂലമോ ആണ്‌ എതിർപാപ്പാമാർ രൂപപ്പെട്ടിരുന്നത്. 1400കളിൽ കുറച്ചു കാലത്തേക്ക് മൂന്നോളം പാപ്പാമാരും അവരുടെ പിന്തുടർച്ചാവകാശികളും യഥാർത്ഥ പാപ്പാമാർ തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു. ചില ചരിത്രവ്യക്തികൾ, പാപ്പയാണോ എതിർപാപ്പയാണോ എന്ന കാര്യത്തിൽ കത്തോലിക്കരുടെയിടയിലും പല അഭിപ്രായങ്ങളുണ്ട്. ഒരുകാലത്ത് പാപ്പാവിരുദ്ധ മുന്നേറ്റങ്ങൾ പ്രാമുഖ്യമേറിയ വിഷയമായിരുന്നെങ്കിലും ഇന്ന് അവ വളരെ അപ്രധാനമായ ചെറിയ ചരിത്രസംഭവങ്ങൾ മാത്രമാണ്‌.

ഏറ്റവുമധികം കാലം ഭരിച്ച പാപ്പമാർ

Thumb
ഒൻപതാം പീയൂസ് പാപ്പ, ഒരുപക്ഷേ ഏറ്റവും കൂടുതൽ കാലം വാണ മാർപ്പാപ്പ
  1. ഒൻപതാം പീയൂസ് (1846–1878): 31 വർഷം, 7 മാസം, 23 ദിവസം (11,560 ദിവസങ്ങൾ).
  2. ജോൺ പോൾ രണ്ടാമൻ (1978–2005): 26 വർഷം, 5 മാസം, 18 ദിവസം (9,665 ദിവസങ്ങൾ).
  3. ലിയോ പതിമൂന്നാമൻ (1878–1903): 25 വർഷം, 5 മാസം, 1 ദിവസം (9,281 ദിവസങ്ങൾ).
  4. ആറാം പീയൂസ് (1775–1799): 24 വർഷം, 6 മാസം, 15 ദിവസം (8,962 ദിവസങ്ങൾ).
  5. അഡ്രിയാൻ ഒന്നാമൻ (772–795): 23 വർഷം, 10 മാസം, 25 ദിവസം (8,729 ദിവസങ്ങൾ).
  6. ഏഴാം പീയൂസ് (1800–1823): 23 വർഷം, 5 മാസം, 7 ദിവസം (8,560 ദിവസങ്ങൾ).
  7. അലക്സാണ്ടർ മൂന്നാമൻ (1159–1181): 21 വർഷം, 11 മാസം, 24 ദിവസം (8,029 ദിവസങ്ങൾ).
  8. വിശുദ്ധ സിൽ‌വെസ്റ്റർ ഒന്നാമൻ (314–335): 21 വർഷം, 11 മാസം, 1 ദിവസം (8,005 ദിവസങ്ങൾ).
  9. വിശുദ്ധ ലിയോ ഒന്നാമൻ (440–461): 21 വർഷം, 1 മാസം, 13 ദിവസം (7,713 ദിവസങ്ങൾ).
  10. അർബൻ എട്ടാമൻ (1623–1644): 20 വർഷം, 11 മാസം, 24 ദിവസം (7,664 ദിവസങ്ങൾ).

പത്രോസ് അപ്പസ്തോലൻ മുപ്പത് വർഷത്തിനുമേൽ (ക്രി.വ. 29 - 64?/67?) ഭരണം നടത്തിയതായി കരുതപ്പെടുന്നെങ്കിലും കൃത്യമായ ദൈർഘ്യം സുനിശ്ചിതമല്ല.

ഏറ്റവും കുറച്ച് കാലം ഭരിച്ച പാപ്പമാർ

ഒരു മാസത്തിൽത്താഴെമാത്രം ഭരിച്ച പാപ്പമാർ ഏറെയാണ്‌. താഴെയുള്ള പട്ടികയിൽ കലണ്ടർ ദിനങ്ങൾ അപൂർണ്ണ ദിനങ്ങളും കൂടി ചേർത്താണ്‌ കണക്കാക്കിയിരിക്കുന്നത്. അതായത് ഒരു പാപ്പ ഓഗസ്റ്റ് ഒന്നാം തീയതി ഭരിക്കാൻ ആരംഭിച്ച് ഓഗസ്റ്റ് രണ്ടാം തീയതി കാലം ചെയ്താൽ അദ്ദേഹം രണ്ടു കലണ്ടർ ദിനം ഭരിച്ചതായി കണക്കാക്കും.

  1. ഉർബൻ ഏഴാമൻ (സെപ്റ്റംബർ 15സെപ്റ്റംബർ 27 , 1590): 13 കലണ്ടർ ദിനങ്ങൾ ഭരിച്ചു, സ്ഥാനാരോഹണച്ചടങ്ങിനു മുമ്പ് മരിച്ചു.[19]
  2. ബോണിഫസ് ആറാമൻ (ഏപ്രിൽ, 896): 16 കലണ്ടർ ദിനങ്ങൾ ഭരിച്ചു
  3. സെലസ്റ്റിൻ നാലാമൻ (ഒക്ടോബർ 25നവംബർ 10, 1241): 17 കലണ്ടർ ദിനങ്ങൾ ഭരിച്ചു, സ്ഥാനാരോഹണച്ചടങ്ങിനു മുമ്പ് മരിച്ചു.
  4. തിയോഡോർ രണ്ടാമൻ (ഡിസംബർ, 897): 20 കലണ്ടർ ദിനങ്ങൾ ഭരിച്ചു
  5. സിസിന്നിയസ് (ജനുവരി 15ഫെബ്രുവരി 4, 708): 21 കലണ്ടർ ദിനങ്ങൾ ഭരിച്ചു
  6. മാഴ്സലസ് രണ്ടാമൻ (ഏപ്രിൽ 9മെയ് 1, 1555): 22 കലണ്ടർ ദിനങ്ങൾ ഭരിച്ചു
  7. ഡമാസസ് രണ്ടാമൻ (ജൂലൈ 17ഓഗസ്റ്റ് 9, 1048): 24 കലണ്ടർ ദിനങ്ങൾ ഭരിച്ചു
  8. മൂന്നാം പീയൂസ് (സെപ്റ്റംബർ 22ഒക്ടോബർ 18, 1503): 27 കലണ്ടർ ദിനങ്ങൾ ഭരിച്ചു
  9. ലിയോ ഒൻപതാമൻ (ഏപ്രിൽ 1ഏപ്രിൽ 27, 1605): 27 കലണ്ടർ ദിനങ്ങൾ ഭരിച്ചു
  10. ബെനഡിക്ട് അഞ്ചാമൻ (മെയ് 22ജൂൺ 23, 964): 33 കലണ്ടർ ദിനങ്ങൾ ഭരിച്ചു
  • സ്റ്റീഫൻ (മാർച്ച് 23മാർച്ച് 26, 752), തെരഞ്ഞെടുക്കപ്പെട്ടതിനു മൂന്നു ദിവസം ശേഷം, ബിഷപ്പായി വാഴിക്കപ്പെടുന്നതിനു മുമ്പ്, അപ്പോപ്ലെക്സി മൂലം നിര്യാതനായി. അദ്ദേഹത്തെ സാധുവായ ഒരു പാപ്പായായി കണക്കാക്കുന്നില്ല. എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിൽ അദ്ദേഹത്തെ സ്റ്റീഫൻ രണ്ടാമൻ എന്ന പേരിൽ പാപ്പമാരുടെ പട്ടികയിൽ പെടുത്തിയത് പിന്നീട് വന്ന പാപ്പമാർക്ക് സ്റ്റീഫൻ എന്ന നാമം സ്വീകരിക്കാൻ ബുദ്ധിമുട്ടുളവാക്കി (അടുത്തത് എത്രാമത്തെ സ്റ്റീഫൻ പാപ്പയാണ്‌ എന്ന കാരണത്താൽ). പിന്നീട് 1961-ൽ വത്തിക്കാന്റെ പാപ്പാമാരുടെ പട്ടികയിൽനിന്ന് അദ്ദേഹത്തെ നീക്കി. (കൂടുതൽ വിവരങ്ങൾക്ക് ദയവായി "പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ" എന്ന ലേഖനം കാണുക)

ഇവയും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.