Remove ads
From Wikipedia, the free encyclopedia
പതിനെട്ടാം നൂറ്റാണ്ടിലെ (7 മേയ് 1711 25 ഓഗസ്റ്റ് 1776) ഒരു സ്കോട്ടിഷ് ദാർശനികനും, ചരിത്രകാരനും, സാമ്പത്തികശാസ്ത്രജ്ഞനും, പ്രബന്ധകാരനും ആയിരുന്നു ഡേവിഡ് ഹ്യൂം. തത്ത്വചിന്തയിലെ അനുഭവൈകവാദത്തിന്റേയും (empiricism) സന്ദേഹവാദത്തിന്റേയും (skepticism) പേരിലാണ് അദ്ദേഹം പ്രത്യേകം അറിയപ്പെടുന്നത്. പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും പ്രധാനചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഹ്യൂം, "സ്കോട്ടിഷ് ജ്ഞാനോദയം" (Scottish Enlightenment) എന്നറിയപ്പെടുന്ന ചിന്താപരമായ ഉണർവിന്റെ നായകസ്ഥാനികളിൽ ഒരാൾ കൂടിയാണ്. ജോൺ ലോക്കിനും, ജോർജ്ജ് ബെർക്ക്‌ലിക്കും വിരലിലെണ്ണാവുന്ന മറ്റു ചിലർക്കുമൊപ്പം അദ്ദേഹത്തെ ഒരു ബ്രിട്ടീഷ് അനുഭവൈകവാദിയായി കണക്കാക്കുക പതിവാണ്.[1]
1739-ൽ പ്രസിദ്ധീകരിച്ച "മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള നിബന്ധം" മുതലുള്ള രചനകളിൽ ഹ്യൂം, മനുഷ്യസ്വഭാവത്തിന്റെ മനഃശാസ്ത്രപരമായ അടിത്തറയുടെ പരിശോധനയിലൂടെ, തികച്ചും പ്രാകൃതികമായ ഒരു മാനവശാസ്ത്രം (Science of Man) വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചു. തത്ത്വചിന്തയിൽ തന്റെ പൂർവഗാമികളായിരുന്ന റെനെ ദെക്കാർത്തിനെപ്പോലുള്ളവരുടെ നിലപാടിനു നേർവിപരീതമായി, മനുഷ്യകർമ്മങ്ങളുടെ അടിസ്ഥാനചോദന യുക്തിയല്ല കാമനകാളാണ് എന്നു ഹ്യൂം വാദിച്ചു. "യുക്തി, വികാരങ്ങളുടെ അടിമയാണ്; അങ്ങനെയാണ് ആകേണ്ടതും" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രസിദ്ധമാണ്. തത്ത്വചിന്തയിലെ സന്ദേഹവാദ, അനുഭവൈകവാദ പാരമ്പര്യങ്ങളുടെ ശക്തനായ വ്യക്താവായിരുന്ന അദ്ദേഹം, മനുഷ്യർക്ക് ഉണ്ടെന്ന് പറയപ്പെട്ട ജന്മസിദ്ധമായ ആശയങ്ങളെ നിഷേധിക്കുകയും വ്യക്തികൾക്ക് അവരുടെ അനുഭവത്തിൽ വരുന്ന കാര്യങ്ങൾ മാത്രമാണ് അറിയാവുന്നത് എന്നു വാദിക്കുകയും ചെയ്തു. അനുഭവങ്ങളെ ഹ്യൂം, നേരിട്ടുള്ള ശക്തവും സജീവവുമായ മുദ്രകൾ, അവയുടെ മങ്ങിയ പകർപ്പുകൾ, എന്നിങ്ങനെ രണ്ടായി തിരിച്ചു. മനസ്സിന്റെ പ്രതികരണങ്ങൾ പൂർവാനുഭവങ്ങളെ (customs) ആശ്രയിച്ചിരിക്കുന്നു എന്ന നിലപാട് അദ്ദേഹം വികസിപ്പിച്ചെടുത്തു; ഉദാഹരണമായി കാര്യകാരണയുക്തിയിലേക്കു നയിക്കുന്നത് കാരണവും കാര്യവും തമ്മിൽ നിരന്തരം കാണുന്ന ബന്ധത്തിന്റെ അനുഭവമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
അതിഭൗതികമായൊരു സ്വത്വത്തിന്റെ (metaphysical self) നേർക്കാഴ്ച ഒരിക്കലും ലഭിക്കാത്തതിനാൽ മനുഷ്യർക്ക് യഥാർത്ഥമായ സ്വത്വബോധം ഇല്ലെന്നും, സംവേദനങ്ങളുടെ മാറാപ്പിനെ (bundle of sensations) ഓരോരുത്തരും സ്വത്വമായി കരുതുകയാണെന്നും ഹ്യൂം കരുതി. സ്വതന്ത്രമനസ്സിന്റെ വിഷയത്തിൽ അദ്ദേഹം പിന്തുടർന്നത് ആനുരൂപ്യതാവാദം (compatibilism) എന്നറിയപ്പെട്ട നിലപാടാണ്. സ്വതന്ത്രമനസ്സും, വിധിയും പരപ്സരം ചേർന്നു പോകുമെന്ന ഈ നിലപാട് പിൽക്കാലങ്ങളിൽ സദാചാരശാസ്ത്രത്തെ ഏറെ സ്വാധീനിച്ചു. ധാർമ്മികതയുടെ മേഖലയിൽ അനുഭൂതിവാദി (sentimentalist) ആയിരുന്ന ഹ്യൂം, സദാചാരത്തിന്റെ അടിത്തറയായിരിക്കുന്നത് അമൂർത്തമായ ധാർമ്മിക തത്ത്വങ്ങളല്ല, അനുഭൂതികളാണെന്ന് വിശ്വസിച്ചു. ധർമ്മശാസ്ത്രത്തിലെ "ആയിരിക്കുന്നതിന്റേയും-ആകേണ്ടതിന്റേയും സമസ്യ"-യേയും (Is-ought problem) ഹ്യൂം പരിശോധിച്ചു. ക്രിസ്തുമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ അവയുടെ സന്ദിഗ്ദ്ധസ്വഭാവം മൂലം യാഥാസ്ഥിതികർക്കിടയിൽ കുപ്രസിദ്ധിനേടി.[2] പ്രപഞ്ചത്തിന്റെ സംവിധാനക്രമം ദൈവാസ്തിത്വത്തിനു തെളിവാണെന്ന വാദത്തിനെതിരെ "പ്രാകൃതികധാർമ്മികതയെ സംബന്ധിച്ച പ്രഭാഷണങ്ങളിൽ" (Dialogues concerning Natural Religion) അദ്ദേഹം ഉയർത്തിയ വെല്ലുവിളി പ്രസിദ്ധമാണ്.
പിൽക്കാലചിന്തയിലെ ഒട്ടേറെ പദ്ധതികളേയും പ്രസ്ഥാനങ്ങളേയും അതികായന്മാരേയും ഹ്യൂം അഗാധമായി സ്വാധീനിച്ചു. തന്നെ സൈദ്ധാന്തികമായ നിദ്രയിൽ നിന്നുണർത്തിയത് ഹ്യൂം ആണെന്ന് ഇമ്മാനുവേൽ കാന്റ് ഏറ്റു പറഞ്ഞിട്ടുണ്ട്. പ്രയോജനവാദം, യുക്തിപരമായ നിശ്ചിതവാദം(logical positivism) ശാസ്ത്രദർശനം, അനലിറ്റിക് തത്ത്വചിന്ത എന്നിവയിലും വില്യം ജെയിംസിനെപ്പോലുള്ള ചിന്തകന്മാരിലും അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാണ്. മനുഷ്യസ്വഭാവത്തെപ്പറ്റിയുള്ള ഹ്യൂമിന്റെ നിബന്ധത്തെ "അവബോധശാസ്ത്രത്തിന്റെ (cognitive science) അടിസ്ഥാനരേഖയെന്ന്" ചിന്തകനായ ജെറി ഫോദോർ വിശേഷിപ്പിച്ചിട്ടുണ്ട്.[3] ഒരു ശൈലീവല്ലഭൻ എന്ന നിലയിൽ പേരെടുത്ത ഹ്യൂം ആണ് ഉപന്യാസത്തെ ഒരു സാഹിത്യജനുസ്സായി പ്രചരിപ്പിച്ചത്.[4] റുസ്സോ, ജെയിംസ് ബോസ്വെൽ, ആഡം സ്മിത്ത്, ജോസഫ് ബട്ട്ലർ, തോമസ് റീഡ് തുടങ്ങിയ സമകാലീനരുമായി അദ്ദേഹം അടുത്തിടപഴകി.
വക്കീലായ ജോസഫ് ഹോമിന്റേയും കാതറീൻ ഫാൽക്കണറുടേയും മകനായി സ്കോട്ട്ലണ്ടിലെ ഏഡിൻബറോയിലാണ് ഡേവിഡ് ഹ്യൂം ജനിച്ചത്. ഹോം എന്ന കുടുംബപ്പേര് സ്കോട്ടിഷ് രീതിയിൽ ഉച്ചരിക്കാൻ ഇംഗ്ലീഷുകാർക്ക് കഴിയുകയില്ലെന്നു മനസ്സിലായപ്പോൾ, അദ്ദേഹം അതിനു പകരം 1734-ൽ ഹ്യും എന്ന പേരു സ്വീകരിച്ചു. ജീവിതകാലമത്രയും അദ്ദേഹം അവിവാഹിതനായിരുന്നു.
പതിവിൽ കുറഞ്ഞ പ്രായമായ പന്ത്രണ്ടാമത്തേയോ പത്താമത്തെ തന്നെയോ വയസ്സിൽ ഹ്യൂം എഡിൻബറോ സർവകലാശാലയിൽ വിദ്യാർത്ഥിയായി. നിയമം പഠിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. എങ്കിലും അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ "തത്ത്വചിന്തയും പൊതുപഠനങ്ങളും ഒഴിച്ചുള്ള എല്ലാത്തിനോടും എനിക്കു മറികടക്കാനാവാത്ത വെറുപ്പ് തോന്നി; (നിയമവിദഗ്ദ്ധരായ) വോയറ്റിന്റേയും വിന്നിയസിന്റേയും കൃതികൾ വായിക്കുകയാണു ഞാനെന്നു വീട്ടുകാർ കരുതിയിരുന്നപ്പോൾ ഞാൻ രഹസ്യമായി വായിച്ചിരുന്നത് സിസറോയേയും വിർജിലിനേയും ആയിരുന്നു".[5] തന്റെ കാലത്തെ പ്രൊഫസർമാരെ അദ്ദേഹത്തിനു വളരെക്കുറിച്ചു മതിപ്പേ ഉണ്ടായിരുന്നുള്ളു. 1735-ൽ അദ്ദേഹം ഒരു സുഹൃത്തിനോടു പറഞ്ഞത്, "പുസ്തകങ്ങളിൽ കാണാത്തതൊന്നും പ്രൊഫസർമാരിൽ നിന്നു പഠിക്കാനില്ല" എന്നായിരുന്നു".[6]
അക്കാലത്തെ ദാർശനികമായ ഒരു കണ്ടെത്തൽ തനിക്ക് "...ചിന്തയുടെ ഒരു പുതിയ ചിത്രം," തുറന്നു തന്നതായി ഹ്യൂം വെളിപ്പെടുത്തിയിട്ടുണ്ട്. അത് അദ്ദേഹത്തെ "...മറ്റെല്ലാ സന്തോഷങ്ങളേയും ജീവിതചര്യകളേയും അതിനായി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു."[7] തനിക്കു തുറന്നുകാട്ടപ്പെട്ട ചിത്രം എന്തായിരുന്നുവെന്ന് ഹ്യൂം വ്യക്തമാക്കിയിട്ടില്ലെങ്കിലും വ്യാഖ്യാതാക്കൾ അതിനെക്കുറിച്ച് പലതരം ഊഹാപോഹങ്ങൾ നടത്തിയിട്ടുണ്ട്.[8] ഈ പ്രചോദനത്തെ തുടർന്ന് ഒരു ദശകം മുഴുവൻ എഴുത്തിനും വായനയ്ക്കും മാത്രമായി നീക്കിവയ്ക്കാൻ ഹ്യൂം തീരുമാനിച്ചു. എന്നാൽ അത് അദ്ദേഹത്തെ മാനസികമായ തകർച്ചയുടെ വക്കോളം എത്തിച്ചു. തുടർന്ന് അദ്ദേഹം, തന്റെ വിജ്ഞാനദാഹത്തെ കൂടുതൽ ഫലപ്രദമായി പിന്തുടരത്തക്കവണ്ണം കുറേക്കൂടി സക്രിയമായ ഒരു ജീവിതം നയിക്കാൻ തീരുമാനിച്ചു.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.