ഹനുക്കൾ (jaws) ഇല്ലാത്ത മത്സ്യങ്ങളെയാണ് അഗ്നാത്ത എന്നു വിളിക്കുന്നത്. ഇവ മത്സ്യരൂപമുള്ള കശേരുകികളുടെ ആദിമരൂപങ്ങളായി കണക്കാക്കപ്പെടുന്നു. ബാഹ്യഘടനയിലും പരിണാമഘട്ടങ്ങളുടെ സൂചനയിലും ഇവ മറ്റു മത്സ്യവർഗങ്ങളിൽനിന്ന് വിഭിന്നമാണ്. ഇവയ്ക്ക് ശരിക്കുള്ള പല്ലുകൾ കാണാറില്ല.
അഗ്നാത്തയിൽ രണ്ടുവിഭാഗം ഉൾപ്പെടുന്നു; അവയിൽ കശേരുകികളിൽവച്ച് ഏറ്റവും പുരാതനജീവികളായ ഒസ്ട്രാക്കോഡേമുകളാണ് (Ostracoderms) ഒന്ന്. പാലിയോസോയിക് മഹാകല്പത്തിലാണ് ഇവ ഉദ്ഭവിച്ചിട്ടുള്ളത്. ഡെവോണിയൻ മഹാകല്പത്തിലും ഇവയെ കാണപ്പെട്ടിരുന്നതായി തെളിവുകളുണ്ട്. ഇന്ന് ഇവ നാമാവശേഷമായിട്ടുണ്ട്. വളരെ ചെറിയ ജീവികളായിരുന്നെങ്കിലും ശല്കങ്ങളും പ്ളേറ്റുകളും കൊണ്ടുള്ള കനത്ത ബാഹ്യകവചം ഇവയ്ക്കുണ്ടായിരുന്നു. അനേകകോടി വർഷങ്ങൾക്കുശേഷമാണ് അഗ്നാത്തയിലെ രണ്ടാംവിഭാഗമായ സൈക്ളോസ്റ്റോമുകൾ (Cyclostomes) ഉദ്ഭവിച്ചത്. സർപ്പമീനിന്റെ ആകൃതിയിലുള്ള ഇവ പരോപജീവികളാണ്. ഒസ്ട്രാക്കോഡേമുകൾക്കുണ്ടായിരുന്ന കനത്ത പുറംചട്ട കാണാറില്ല; ഉപാസ്ഥികളാണുള്ളത്. എങ്കിലും ഒസ്ട്രാക്കോഡേമുകളുമായി ശരീരഘടനയിൽ തികഞ്ഞ സാമ്യം പുലർത്തുന്നു. പെട്രോമിസോൺ (Petromyzon), മിക്സീൻ (Myxene) എന്നിവ ഈ വിഭാഗത്തിൽപെടുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.