ഹിന്ദുമതത്തിൽ സ്ഥിതിയുടെ ദൈവം From Wikipedia, the free encyclopedia
ഹിന്ദുമതത്തിലെ പ്രാഥമിക ദൈവങ്ങളിൽ ഒരാളാണ് സാക്ഷാൽ ഭഗവാൻ മഹാവിഷ്ണു (/V ɪ ʃ n u / ; Sanskrit pronunciation: ; സംസ്കൃതം : विष्णु, IAST : Viṣṇu ). ഹിന്ദു മതത്തിലെ ത്രിമൂർത്തികളിൽ പ്രധാനപ്പെട്ട ദൈവമാണ് വിഷ്ണു. പ്രപഞ്ച പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും സമ്പത്തിന്റെയും ദൈവമാണ് വിഷ്ണു. വൈഷ്ണവമതത്തിൽ മഹാവിഷ്ണു പരമോന്നതദൈവമായും, പരബ്രഹ്മമായും, പരമാത്മാവായും കരുതപ്പെടുന്നു. വിഷ്ണുവിനെയോ അവതാരങ്ങളെയോ ആരാധിക്കുന്ന ഭക്തന്മാരുടെ ആത്മാവ് മരണാനന്തരം വിഷ്ണുസാരൂപ്യം നേടി വിഷ്ണുവായി തീരുന്നുവെന്നും, വൈകുണ്ഠത്തിൽ എത്തിച്ചേർന്നു മഹാവിഷ്ണുവിങ്കൽ ലയിച്ചു മോക്ഷം പ്രാപിക്കുന്നുവെന്നുമാണ് വിശ്വാസം. [5] [6] ബ്രഹ്മം എന്ന സങ്കൽപ്പമായി മഹാവിഷ്ണു കരുതപ്പെടുന്നു. വിവിധ അവതാരങ്ങളാണ് വിഷ്ണുവിന്റെ പ്രത്യേകത. മത്സ്യം,കൂർമ്മം,വരാഹം,നരസിംഹം,വാമനൻ,പരശുരാമൻ,ശ്രീരാമൻ,ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി തുടങ്ങിയ പത്ത് അവതാരങ്ങൾ. അധർമ്മത്തിന്റെയും ദുഷ്ടതയുടെയും നാശത്തിന്റെയും ശക്തികൾ ഉണ്ടാവുമ്പോൾ അവയിൽനിന്ന് ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനാണ് അവതാരങ്ങൾ ഉണ്ടാവുന്നത് എന്നാണ് വിശ്വാസം.[7] ഹിന്ദുമതത്തിന്റെ സ്മാർത്ത പാരമ്പര്യത്തിൽ, പഞ്ചായതാന പൂജയിൽ ആരാധിക്കുന്ന തുല്യമായ അഞ്ച് ദൈവങ്ങളിൽ ഒരാളാണ് മഹാവിഷ്ണു.
വിഷ്ണു | |
---|---|
പരിപാലനത്തിന്റെ ദൈവം, സംരക്ഷണത്തിന്റെ ദൈവം, പ്രപഞ്ചനിയന്ത്രണം നടത്തുന്ന ദൈവം, സമ്പത്തിന്റെ ദൈവം, മോക്ഷത്തിന്റെ ദൈവം[1][2] | |
Member of ത്രിമൂർത്തി | |
വിഷ്ണു | |
സംസ്കൃതം | Viṣṇu |
അറിയപ്പെടുന്നത് | ആദിനാരായണൻ(പരബ്രഹ്മം), ദശാവതാരം, ത്രിമൂർത്തി, ദേവൻ |
നിവാസം | വൈകുണ്ഠം, ക്ഷീരസാഗരം പാലാഴി |
മന്ത്രം | ॐ नमो नारायणाया (Om Namo Narayanaya) ॐ नमो भगवते वासुदेवाय |
ആയുധങ്ങൾ | ശംഖം ( പാഞ്ചജന്യം ) , ചക്രം (സുദർശനം), ഗദ (കൗമോദകി), പത്മം ( നീല താമര ) എന്നീ നാല് തൃക്കൈകളോടെ പീതാംബരപട്ട് ( മഞ്ഞപ്പട്ട് ) അണിഞ്ഞ് വനമാലയും തുളസിമാലയും കഴുത്തിലണിഞ്ഞ് ( നെഞ്ചിൽ ഭൃഗു മഹർഷി ചവിട്ടിയ പാടായ കൗസ്തുഭവും അലങ്കാരമാക്കി ) നിൽക്കുന്ന ഭഗവാൻ വിഷ്ണു. വില്ല് (ശാർങ്ഗം), വാൾ (നന്ദകം) |
പ്രതീകം | സാളഗ്രാമം, താമര |
ജീവിത പങ്കാളി | ലക്ഷ്മിദേവി (ശ്രീദേവി, ഭൂദേവി/ഭൂമിദേവി, നിളദേവി, തുളസി) |
മക്കൾ | ധർമ്മശാസ്താവ് |
വാഹനം | ശേഷനാഗം, ഗരുഡൻ[3] |
ബന്ധപ്പെട്ട ആഘോഷങ്ങൾ | ഹോളി, രാമനവമി, കൃഷ്ണ ജന്മാഷ്ടമി, നരസിംഹ ജയന്തി, ദീപാവലി, തിരുവോണം, വിവാഹ പഞ്ചമി, വിജയദശമി, ആനന്ദ ചതുർദശി, ദേവശയനി ഏകാദശി, കാർത്തിക പൂർണ്ണിമ, തുളസീ വിവാഹം അക്ഷയ ത്രിതീയ വൈശാഖമാസം കർക്കിടകമാസം[4] |
ചുവടു വയ്ക്കുക എന്ന സൂചനയാണ് വിഷ്ണു എന്ന വാക്കിന് നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അർത്ഥം വരുന്ന വിഷ് എന്ന ധാതുവിൽ നിന്നാണ് വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.
പുരാണങ്ങളിൽ വിഷ്ണുവിനെ പറ്റി പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ലഭ്യമാണ്. വിഷ്ണു ഒരു ദൈവമാണെന്നാണ് ഹിന്ദു മത വിശ്വാസം. പല രാജാക്കന്മാരും വിഷ്ണുക്ഷേത്രം പണിയുകയും ആരാധിക്കുകയും ചെയ്തിരുന്നു.
ദ്വാദശ ആദിത്യൻമാരിൽ ഒരാളാണ് വിഷ്ണു. ഋഗ്വേദങ്ങളിൽ ദേവന്മാരുടെ രാജാവായ ഇന്ദ്രന്റെ സഹായിയായാണ് വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. കർമ്മഫലദാതാവായ ഇന്ദ്രന്റെ അനുയോജ്യനായ സഖാവ് എന്നാണ് ഋഗ്വേദത്തിൽ ഒരിടത്ത് പരാമർശം.; (1-22:19) ഇന്ദ്രന്റെ ഓജസ്സുമൂലമാണ് വിഷ്ണുവിന് ചുവടുകൾ വയ്ക്കാൻ കഴിയുന്നതെന്ന് മറ്റൊരിടത്തും പ്രസ്താവിച്ചുകാണുന്നു (8- 12:27).
വിഷ്ണു മൂന്ന് കാൽവെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നു. ത്രിവിക്രമൻ എന്ന പേര് വന്നത് അങ്ങനെയാണ്.
ഋഗ്വേദത്തിന്റെ രചനയ്ക്ക് ശേഷം ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ബ്രാഹ്മണങ്ങൾ രചിക്കപ്പെട്ടത്. എന്നാൽ ബ്രാഹ്മണങ്ങളിൽ വിഷ്ണുവിനെ മറ്റൊരു വിധത്തിലാണ് പരാമർശിക്കുന്നത്. ആദിത്യാത്മാവായ വിഷ്ണുവിന് ബ്രാഹ്മണങ്ങളിൽ അധികം പ്രാധാന്യം നല്കിക്കാണുന്നില്ല. പകരം വിഷ്ണുവും യജ്ഞങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് അത് ഉയർത്തിക്കാട്ടുന്നത്. വിഷ്ണു തന്നെയാണ് യജ്ഞം എന്ന് തൈത്തിരീയം പറയുന്നു (തൈ.1.6.1.5) യജ്ഞകർത്താവ് വിഷ്ണുവിനേപ്പോലെ മൂന്ന് ചുവടുകൾ വച്ചിരിക്കണമെന്ന് ശതപഥം കല്പിക്കുന്നു (ശ. 1.9.1.3.10, 15) വിഷ്ണു വാമന രൂപനായിരുന്നു എന്ന് ശതപഥം ആവർത്തിക്കുന്നു.
വൈദിക കാലത്ത് വിഷ്ണു ഒരു അപ്രധാന ദേവനായിരുന്നു. ഇന്ദ്രനായിരുന്നു അന്നത്തെ പ്രധാന ആരാധനാ മൂർത്തി. വിഷ്ണുവാകട്ടെ ആദിത്യനെയും, ഊർവരതേയും പ്രതിനിധാനം ചെയ്തു. ക്രി.മു. രണ്ടാം നൂറ്റാണ്ടോടെ അന്നത്തെ ദ്രാവിഡ ദേവതയായ നാരായണനുമായി ചേർത്ത് വിഷ്ണുവിനെ കാണാൻ തുടങ്ങി. ഇവർ നാരായണ-വിഷ്ണു എന്നറിയപ്പെടാൻ തുടങ്ങി. അവൈദിക ദേവനായിരുന്ന നാരായണനെ ഭഗവത് എന്നാണ് വിളിച്ചിരുന്നത്, ആരാധനക്കാരെ ഭാഗവതരെന്നും. ഭഗവതിന്റെ ഭാര്യയായിരുന്നു ഭഗവതി. ഭഗവതിയാകട്ടെ അമ്മ അഥവാ സൃഷ്ടിയെ പ്രതിനിധീകരിച്ചു. ഈ രണ്ടു ദേവതകളും അനാര്യന്മാരുടെ ഗോത്രമുഖ്യന്മാർക്ക് സമാനമായിരുന്നു. ഗോത്രമുഖ്യൻ ബന്ധുജനങ്ങളിൽ നിന്ന് കാഴ്ചകൾ സ്വീകരിക്കുകയും അതിന്റെ പങ്ക് ബന്ധുജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നതു പോലെ നാരായണൻ തന്റെ ഭക്തരുടെ മേൽ നന്മ ചൊരിയുമെന്ന് വിശ്വസിക്കപ്പെട്ടു. വിഷ്ണുവിനേയും നാരായണനേയും ചേർത്ത് കാണാൻ തുടങ്ങിയതോടെ വിഷ്ണുവിന് അന്നുവരെ അപ്രധാനമായ ആരാധനയിൽ നിന്ന് പ്രാമുഖ്യം കൈവന്നു. വിഷ്ണുവിന്റേയും നാരായാണന്റേയും ഭക്തരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായതോടെ ആരാധകർ വർദ്ധിച്ചു. വൈദിക ദേവനായ വിഷ്ണുവും അവൈദികദേവനായ നാരായണനും പരസ്പരം ഒന്നുചേരുകയും മറ്റു ദേവതകളുമായി സങ്കലനത്തിലേർപ്പെടുകയും ചെയ്തു.
പടിഞ്ഞാറൻ ഇന്ത്യയിലെ വൃഷ്ണി ഗോത്രത്തിലെ കൃഷ്ണ-വാസുദേവ് എന്ന സാഹസികനും വീരനുമായ ഗോത്രനായകനുമായുള്ള സങ്കലനമായിരുന്നു അടുത്തത്. മഹത്തായ ഇതിഹാസമായ മഹാഭാരതം പിന്നീട് കൃഷ്ണനും വിഷ്ണുവും മറ്റുള്ള എല്ലാ ദേവീദേവന്മാരും ഒന്നാണെന്ന് കാണിക്കാനായി പുനഃക്രമീകരണം നടത്തപ്പെട്ടു. അങ്ങനെ ക്രിസ്തുവിനു മുൻപ് 200 ഓടെ മൂന്നുതരക്കാരായ ഭക്തരും അവരുടെ ദേവന്മാരും താദാത്മ്യം പ്രാപിച്ചു. ഇത് ഭാഗവത ആരാധന അഥവാ വൈഷ്ണവ ആരാധനയുടെ തുടക്കം കുറിച്ചു. [8]
ഭക്തി, അഹിംസ എന്നിവയാണ് വൈഷ്ണവമതത്തിന്റെ ശ്രദ്ധേയമായ അംശങ്ങൾ. സ്നേഹത്തോടെയുള്ള സമർപ്പണമാണ് ഭക്തി. ഒരു ഗോത്രവർഗ്ഗക്കാരൻ തന്റെ മുഖ്യനോടോ ഒരു പ്രജ തന്റെ രാജാവിനോടോ കാണിക്കുന്ന തരത്തിലുള്ള വിശ്വസ്തതയാണത്. അഹിംസയാകട്ടെ കാർഷിക സമൂഹത്തിന് യോജിച്ചതായിരുന്നു. മൃഗങ്ങളെ ഹിംസിക്കാതിരിക്കുക എന്നായിരുന്നു അതുപദേശിച്ചത്. ബലിക്കായി ഗോത്രവർഗ്ഗക്കാരും യജ്ഞങ്ങൾക്കായി ആര്യന്മാരും മൃഗങ്ങളെ ഹിംസിച്ചിരുന്നു. അതിനെ വൈഷ്ണവാരാധന വെറുത്തു. പഴയ ജീവദായക ഊർവരതാരാധനക്ക് ചേർന്നതായിരുന്നു രണ്ടും. ജനങ്ങൾ വിഷ്ണുവിന്റെ മൂർത്തിയെ ആരാധിക്കുകയും അതിന് നെല്ലും എള്ളും നേദിക്കുകയും ചെയ്തു.
വിഷ്ണുവിന്റെ അവതാരകഥകളാണ് ഭാഗവതത്തിലെ ദശാവതാരകഥകൾ. ആദ്യം ഏഴ് അവതാരങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും ബാക്കി പിന്നീട് വന്നുചേർന്നതാണെന്നുമുള്ള ഒരു വാദവുമുണ്ട്. കൂടാതെ മറ്റുപല ഗ്രന്ഥങ്ങളിലും മൂന്നുമുതൽ ഇരുപതുവരെയുള്ള വിവിധ തരത്തിലുള്ള അവതാരങ്ങളെപ്പറ്റി പരാമർശമുണ്ട്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ ഇപ്രകാരമാണ്.
മാധവമാസം എന്നറിയപ്പെടുന്ന ‘വൈശാഖമാസം‘മഹാവിഷ്ണുവിനെ ഉപാസിക്കാൻ അത്യുത്തമമാണെന്നാണ് വിശ്വാസം. വൈശാഖ പുണ്യകാലം എന്ന് പറയപ്പെടുന്നു. ഭഗവാൻ മഹാവിഷ്ണുവിനും ലക്ഷ്മിദേവിക്കും ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖം. മാധവന് പ്രിയങ്കരമായതിനാൽ മാധവ മാസം എന്നും അറിയപ്പെടുന്നു. പൊതുവേ മേയ് മാസത്തിലാണ് വൈശാഖ പുണ്യമാസവും കടന്നു വരുന്നത്. 27 ദിവസങ്ങളുള്ള ഈ മാസം ഭഗവാൻ വൈകുണ്ടം വിട്ടു ഭൂമിയിൽ ഭക്തരുടെ ഭവനങ്ങൾ സന്ദർശിക്കാൻ ലക്ഷ്മി ദേവിയോടൊപ്പം എത്തിച്ചേരുമെന്നാണ് വിശ്വാസം. ചാന്ദ്രമാസങ്ങളിൽ ആദ്യത്തേത് ചൈത്രം, പിന്നെ വൈശാഖം, ഇവ രണ്ടും ചേർന്നത് വസന്തം. പ്രകൃതിതന്നെ പൂവണിയുന്ന കാലമാണിത്. സർവസൽകർമ്മങ്ങൾക്കും വസന്തമാണ് ഉത്തമമായി ആചാര്യന്മാർ വിധിക്കുന്നത്. യജ്ഞങ്ങൾ വസന്തത്തിലാണ്. ക്ഷേത്രോത്സവങ്ങളും ഈ കാലഘട്ടത്തിൽ തന്നെ വരും. മഹാവിഷ്ണുവിന്റെയും അവതാരങ്ങളുടെയും പേരിലുള്ള ക്ഷേത്രങ്ങളിൽ ഈ മാസത്തിൽ ദർശനം നടത്തുന്നത് അതീവ വിശേഷവും സർവ്വ അനുഗ്രഹദായകവുമാണെന്നാണ് വിശ്വാസം. കേരളത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ ആണ് വൈശാഖ പുണ്യകാലം.
*ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം
(അർഥം - ശാന്തമായ ആകാരത്തോടുകൂടിയവനും സർപ്പത്തിന്റെ പുറത്തു ശയിക്കുന്നവനും നാഭിയിൽ താമരപ്പൂ ഉള്ളവനും ദേവന്മാരുടെ ഈശ്വരനും ലോകത്തിനു ആധാരമായിരിക്കുന്നവനും ആകാശത്തിനു തുല്യനും മേഘവർണമുള്ളവനും ശുഭമായ അവയവങ്ങളോടു കൂടിയവനും ലക്ഷ്മീ ദേവിയുടെ ഭർത്താവായവനും താമരയിതൾപോലെയുള്ള കണ്ണുകളുള്ളവനും യോഗിവര്യന്മാരുടെ ഹൃദയത്തിൽ ധ്യാനത്താൽ ഗമിക്കുന്നവനും അഹങ്കാരത്തെയും ഭയത്തെയും ഇല്ലാതാക്കുന്നവനും സർവലോകത്തിനും നാഥനുമായ ഭഗവാൻ മഹാവിഷ്ണുവിനെ ഞാൻ വന്ദിക്കുന്നു.)
മഹാവിഷ്ണു മന്ത്രങ്ങൾ...
*ഓം നമോ നാരായണായ.
*ഓം നമോ ഭഗവതേ വാസുദേവായ.
നാമ ത്രയ അസ്ത്ര മന്ത്രം...
1. അച്യുതായ നമഃ.
2. അനന്തായ നമഃ.
3. ഗോവിന്ദായ നമഃ.
നാമത്രയ അസ്ത്ര മന്ത്രം മഹാവിഷ്ണുവിന്റെ മൂന്ന് നാമങ്ങളെ വിളിക്കുന്നു. ഏതു പ്രതിസന്ധിയിലും ഈ മൂന്നു നാമങ്ങൾ ജപിച്ചാൽ ആഗ്രഹിക്കുന്ന ഫലം, സുരക്ഷ ഇവ വളരെ വേഗത്തിൽ ലഭിക്കുന്നു. അതുകൊണ്ടു ഇവയെ അസ്ത്രങ്ങൾ എന്ന് അറിയപ്പെടുന്നു.
മറ്റ് നാമങ്ങൾ...
ഓം കൃഷ്ണായ നമ:
ഓം നാരായണായ നമ:
ഓം അമൃതായ നമ:
ഓം ധന്വന്തരയെ നമ:
ഓം വിഷ്ണുവേ ഹരി.
Seamless Wikipedia browsing. On steroids.