വർക്കലയിലെ പുരാതന ക്ഷേത്രം From Wikipedia, the free encyclopedia
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വർക്കല പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുവർക്കല ശ്രീ ജനാർദ്ദനസ്വാമി മഹാക്ഷേത്രം.[1] ഇവിടത്തെ പ്രധാനപ്രതിഷ്ഠ ത്രിമൂർത്തികളിൽ ഒരാളും ലക്ഷ്മിദേവിക്കും ഭൂമിദേവീക്കുമൊപ്പമുള്ള ഭഗവാൻ മഹാവിഷ്ണുവാണ്. ജനാർദ്ദന സ്വാമി എന്ന രൂപത്തിലാണ് ഇവിടെ മഹാവിഷ്ണുവിനെ ആരാധിക്കുന്നത്. വർക്കലേശ്വരൻ എന്ന് ഭഗവാൻ അറിയപ്പെടുന്നു. ആറടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹത്തിൽ, ലക്ഷ്മീദേവിയ്ക്കും ഭൂമീദേവിയ്ക്കുമൊപ്പം കിഴക്കോട്ട് ദർശനമായാണ് ഭഗവദ്പ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തോടെ ശിവനും ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശ്രീരാമൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ ദർശനം നടത്തിയാൽ ഐശ്വര്യവും ദുരിതമുക്തിയും മോക്ഷവും ഉണ്ടാകുമെന്നാണ് വിശ്വാസം.[2] അറബിക്കടലിന്റെ തീരത്ത് ഒരു കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പിതൃതർപ്പണത്തിന് വളരെയധികം പേരുകേട്ട ക്ഷേത്രമാണിത്. തിരുവല്ലം, തിരുനാവായ, തിരുനെല്ലി, എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രം,ആലുവ
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 8°28′58″N 76°56′37″E |
പേരുകൾ | |
മറ്റു പേരുകൾ: | ദക്ഷിണ കാശി |
ദേവനാഗിരി: | श्री जनार्दन स्वामी मन्दिर, वरकला |
മറാത്തി: | श्री जनार्दन स्वामी मन्दिर |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തിരുവനന്തപുരം |
പ്രദേശം: | വർക്കല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ജനാർദ്ധന സ്വാമി അഥവാ ശ്രീദേവിഭൂദേവി സമേതനായ മഹാവിഷ്ണു |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
സ്ഥാപിതം: | 2000 years |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | 2000 വർഷങ്ങൾക്ക് മുമ്പ് എന്ന് കരുതപ്പെടുന്നു |
സൃഷ്ടാവ്: | ബ്രഹ്മ ദേവൻ ( ആദ്യകാല ക്ഷേത്രം ) ശുഭ്രയശസ്സ് എന്ന പാണ്ഡ്യ വംശ രാജാവ് (ഇന്ന് കാണുന്ന ക്ഷേത്രം) |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ഭരണം: | തിരുവിതാംകൂർ ദേവസവംബോർഡ്
travancore dewasom board थ्रावणकूर देवस्वम समिति |
ശിവരാത്രി മണപ്പുറം എന്നിവയ്ക്കൊപ്പമാണ് പിതൃതർപ്പണത്തിൽ വർക്കലയുടെയും സ്ഥാനം. കർക്കടകവാവ് ദിവസം നിരവധി ഭക്തരാണ് ക്ഷേത്രത്തിനടുത്തുള്ള പാപനാശം ബീച്ചിൽ കുടുംബത്തിലെ മരിച്ചവർക്കായി ബലിതർപ്പണത്തിനെത്തുന്നത്. ബലിയിടാനായി പ്രത്യേക സൗകര്യങ്ങൾ ക്ഷേത്രം ഒരുക്കിവച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിൽ തൊഴുത് ബലിയിട്ടാൽ മരിച്ചവരുടെ ആത്മാവിന് സ്വർഗ്ഗമോ ഭഗവാന്റെ സന്നിധിയിൽ മോക്ഷമോ ലഭിക്കും എന്നാണ് വിശ്വാസം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഒരു ദിവസം നാരദമഹർഷി ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് മുകളിലുള്ള ആകാശത്തുകൂടെ മഹാവിഷ്ണുവിനൊപ്പം സഞ്ചരിയ്ക്കുകയായിരുന്നു. അപ്പോൾ നാരദന്റെ ജ്യേഷ്ഠന്മാരായ ഒമ്പത് പ്രജാപതിമാർ (മരീചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ, ദക്ഷൻ, ഭൃഗു) ഇത് കാണുന്നുണ്ടായിരുന്നു. എന്നാൽ, അവർക്ക് ഭഗവാനെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ഈ വിവരം അവർ പിതാവായ ബ്രഹ്മാവിനെ അറിയിച്ചു. എന്നാൽ, ബ്രഹ്മാവ് ആ ധാരണ തിരുത്തി. തുടർന്ന്, സ്വന്തം സഹോദരനെ സംശയിച്ചതിൽ ഏറെ ദുഃഖിതരായ അവർ പാപപരിഹാരാർത്ഥം തപസ്സനുഷ്ഠിയ്ക്കാൻ തീരുമാനിച്ചു. നാരദൻ തന്റെ വൽക്കലം (മരവുരി) വലിച്ചെറിഞ്ഞ് അവർക്ക് തപസ്സനുഷ്ഠിയ്ക്കാനുള്ള സ്ഥലം കാണിച്ചുകൊടുത്തു. അങ്ങനെ, നാരദന്റെ വൽക്കലം വന്നുവീണ സ്ഥലം 'വൽക്കല' എന്നും പിന്നീട് അത് ലോപിച്ച് 'വർക്കല' എന്നും അറിയപ്പെട്ടു.
ഒരിയ്ക്കൽ ബ്രഹ്മാവ് ഒരു വലിയ യാഗം നടത്താൻ തീരുമാനിച്ചു. ഇതിന് ഏറ്റവും ഉചിതമായ സ്ഥലമായി അദ്ദേഹം വർക്കല തിരഞ്ഞെടുത്തു. കടലിന്റെ മനോഹാരിതയും, മണപ്പുറങ്ങളും അദ്ദേഹത്തെ വളരെയധികം ആകർഷിച്ചു. തുടർന്ന് യാഗശാലയൊരുങ്ങി. ബ്രഹ്മാവ് യാഗം തുടങ്ങി. എന്നാൽ, യാഗത്തിൽ മുഴുകിയ അദ്ദേഹം സൃഷ്ടികർമ്മം മറന്നുപോയി. ഭൂമിയിൽ ജീവജാലങ്ങൾ വേദനകൊണ്ട് പുളഞ്ഞു. ഈയൊരു സംഭവം മനസ്സിലാക്കിയ മഹാവിഷ്ണു ഒരു വൃദ്ധന്റെ വേഷത്തിൽ യാഗശാലയിലെത്തി ഭിക്ഷ യാചിച്ചു. ബ്രഹ്മാവിന്റെ പരികർമ്മികൾ വൃദ്ധനെ കാണുകയും അദ്ദേഹത്തിന് ഭക്ഷണം നൽകുകയും ചെയ്തു. എന്നാൽ, എത്ര കഴിച്ചിട്ടും വൃദ്ധന് മതിയായില്ല. ഈയൊരു വിഷയം പരികർമ്മികൾ ബ്രഹ്മാവിനെ അറിയിച്ചു. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് വൃദ്ധനായി വന്നിരിയ്ക്കുന്നതെന്ന് മനസ്സിലാക്കിയ ബ്രഹ്മാവ് ഉടനെ പരികർമ്മികൾക്കൊപ്പം ഭഗവാന്റെയടുത്തെത്തി. ഭഗവാൻ ഭക്ഷണം കഴിയ്ക്കുന്ന കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി. അദ്ദേഹം ഉടനെ ഭക്ഷണം കഴിയ്ക്കുന്നത് നിർത്തണമെന്നും തുടർന്നാൽ ലോകാവസാനം സംഭവിയ്ക്കുമെന്നും ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതുകേട്ടതും ഭക്ഷണം കഴിയ്ക്കുന്നത് മതിയാക്കിയ ഭഗവാൻ ഉടനെ ബ്രഹ്മാവിനോട് യാഗം മതിയാക്കി സൃഷ്ടികർമ്മം നടത്താൻ അഭ്യർത്ഥിച്ചു. തുടർന്ന്, യാഗം നടന്ന സ്ഥലത്ത് ഇന്ദ്രാദിദേവന്മാർ ക്ഷേത്രം പണിത് ലക്ഷ്മിഭൂമി സമേതനായ ഭഗവാന്റെ പ്രതിഷ്ഠ നടത്തി. ആ ക്ഷേത്രമാണ് വർക്കല ജനാർദ്ദനസ്വാമിക്ഷേത്രം.
ഈ ഐതിഹ്യത്തെ അനുസ്മരിപ്പിയ്ക്കും വിധത്തിലാണ് ഇന്ന് ജനാർദ്ദനസ്വാമിയുടെ വിഗ്രഹം കാണപ്പെടുന്നത്. സാധാരണയായി ചതുർബാഹു മഹാവിഷ്ണുവിഗ്രഹങ്ങൾ കൈകളിൽ പാഞ്ചജന്യം (ശംഖ്), സുദർശനചക്രം, കൗമോദകി (ഗദ), താമര എന്നിവ ധരിച്ചാണ് കാണപ്പെടാറുള്ളത്. ഇവ ധരിച്ച കൈകൾക്ക് പ്രതിഷ്ഠാരൂപമനുസരിച്ച് വ്യത്യാസം കാണും. എന്നാൽ ജനാർദ്ദനസ്വാമിയുടെ പുറകിലെ വലതുകയ്യിൽ താമരയ്ക്കുപകരം ഭക്ഷണപാത്രമാണ് കാണപ്പെടുന്നത്. ഓരോ ദിവസം ചെല്ലുംതോറും ഭഗവാൻ അത് മുകളിലേയ്ക്ക് പൊക്കിക്കൊണ്ടുവരികയാണെന്നും അത് അദ്ദേഹത്തിന്റെ വായിലെത്തുമ്പോൾ ലോകാവസാനം സംഭവിയ്ക്കുമെന്നുമാണ് ഭക്തർ വിശ്വസിയ്ക്കുന്നത്.
വർക്കല ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ അത് വ്യക്തമാക്കാനുള്ള രേഖകൾ കുറവാണ്. പിന്നീടൊരു കാലത്ത് ക്ഷേത്രം വിദേശികളുടെയും മറ്റും ആക്രമണം കാരണം തകർന്നുപോയി. ആ സമയത്താണ് ബാധോപദ്രവം കൊണ്ട് പൊറുതിമുട്ടിയിരുന്ന ഒരു പാണ്ഡ്യരാജാവ് ഇവിടെയെത്തിയത്. തന്റെ നാട്ടിലേതടക്കം പ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടും അദ്ദേഹത്തിന് ബാധോപദ്രവത്തിൽ നിന്ന് മുക്തിയുണ്ടായില്ല. അങ്ങനെ പതുക്കെ വർക്കലയിലെത്തിയ അദ്ദേഹം, നാശോന്മുഖമായ ജനാർദ്ദനസ്വാമിക്ഷേത്രം കാണാനിടയായി. ആ ക്ഷേത്രം നന്നാക്കണമെന്ന് ആഗ്രഹിച്ച രാജാവ് ജനാർദ്ദനസ്വാമിയോട് പ്രാർത്ഥിച്ചു. അങ്ങനെയിരിയ്ക്കേ ഒരു അശരീരിയുണ്ടായി. അതിങ്ങനെയായിരുന്നു:
“ | എന്റെ വിഗ്രഹം കടലിനടിയിലാണ് ഇപ്പോഴുള്ളത്. നീ അത് പുറത്തെടുക്കണം. അതിനായി നാളെ വീണ്ടും കടൽത്തീരത്ത് വരിക. തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അവിടെ കാണാം. അതിനടുത്താകണം നീ നിൽക്കേണ്ടത്. അപ്പോൾ നിനക്ക് കടലിൽ ഒരു സ്ഥലത്ത് ധാരാളം പൂക്കളൊഴുകുന്നത് കാണാം. അവിടെയിറങ്ങി നോക്കിയാൽ നിനക്ക് വിഗ്രഹം കിട്ടും. അതിലെ മുന്നിലെ വലതുകൈ കൈ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സ്വർണ്ണക്കൈ കൂടി നീ വച്ചുപിടിപ്പിയ്ക്കണം. അതോടെ നിന്റെ ബാധോപ്രദവവും തീരും. | ” |
ഭഗവാന്റെ അരുളപ്പാടാണ് ഇതെന്ന് മനസ്സിലാക്കിയ രാജാവ്, പിറ്റേന്ന് കടൽത്തീരത്തെത്തുകയും പൂക്കളൊഴുകുന്നത് കണ്ട ഭാഗത്ത് ഇറങ്ങിത്തപ്പി വിഗ്രഹം കണ്ടുപിടിയ്ക്കുകയും ചെയ്തു. പറഞ്ഞതുപോലെ വിഗ്രഹത്തിന്റെ മുന്നിലെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. അവിടെ സ്വർണ്ണത്തിൽ ഒരു കൈ വച്ചുപിടിപ്പിയ്ക്കുകയും അത് ഉറച്ചുപോകുകയും ചെയ്തു. തുടർന്ന്, തന്റെ ചെലവുമുഴുവൻ വിനിയോഗിച്ച് അദ്ദേഹം ക്ഷേത്രം പണിതു. അങ്ങനെയാണ് ഈ ക്ഷേത്രം നിലവിൽ വന്നത്.
ഒരിയ്ക്കൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള കടൽ വഴി പോകുകയായിരുന്ന ഡച്ചുകാർ, പെട്ടെന്ന് കപ്പൽ കുടുങ്ങിയതായി മനസ്സിലാക്കുകയും, നാട്ടുകാരിൽ നിന്ന് ക്ഷേത്രത്തെക്കുറിച്ചറിഞ്ഞ കപ്പിത്താൻ, സഹായിയോടൊപ്പം ക്ഷേത്രത്തിലെത്തുകയും രണ്ട് പടുകൂറ്റൻ മണികൾ ക്ഷേത്രത്തിൽ സമർപ്പിയ്ക്കുകയും ചെയ്തു. അതോടെ കപ്പൽ ഓടിത്തുടങ്ങി. ഈ മണികൾ ഇന്നും ക്ഷേത്രമുറ്റത്ത് തെക്കുഭാഗത്തായി കാണാം. ഇവയിൽ കപ്പിത്താന്റെയും സഹായിയുടെയും പേരുകൾ കൊത്തിവച്ചിട്ടുണ്ട് (പീറ്റർ വോൺ ബെൽസൺ, മൈക്കിൾ എഡ്വാർഡ്).
പിൽക്കാലത്ത്, ക്ഷേത്രം തിരുവിതാംകൂർ രാജാക്കന്മാരുടെ കീഴിൽ വന്നു. അക്കാലത്ത് ക്ഷേത്രം വൻ ഭൂസ്വത്തുക്കളുള്ളതായിരുന്നു. വർക്കലയിലും സമീപപ്രദേശങ്ങളിലുമായി കണ്ടമാനം ഭൂസ്വത്തുകൾ ഇവരുടെ പേരിലുണ്ടായിരുന്നു. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോഴാണ് ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തത്. ഇപ്പോൾ ദേവസ്വം ബോർഡിനുകീഴിലെ ഒരു ഗ്രൂപ്പ് ആസ്ഥാനമാണ് വർക്കല. വൻ നടവരവുള്ള ക്ഷേത്രമാണിത്.
വർക്കല പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് പാപനാശം ബീച്ചിനടുത്ത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 200 അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കിഴക്കേ നടയിൽ നിന്ന് മുകളിലെത്താൻ ഏതാണ്ട് അൻപതിനടുത്ത് പടിക്കെട്ടുകളുണ്ട്. കേരളീയ ശൈലിയിൽ പണിത ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം പ്രൗഢിയോടെ നിലകൊള്ളുന്നു. ചക്രതീർത്ഥം എന്ന് പേരുള്ള ക്ഷേത്രക്കുളം വടക്കുഭാഗത്ത് നീണ്ടുനിവർന്നുകിടക്കുന്നു. ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ സുദർശനചക്രം കൊണ്ടുണ്ടായ കുളമാണിത്. അതിനാലാണ് 'ചക്രതീർത്ഥം' എന്ന പേര്. ചക്രതീർത്ഥത്തിന്റെ കിഴക്കേക്കരയിൽ ഒരു ചെറിയ ശ്രീരാമ-ഹനുമാൻ ക്ഷേത്രവുമുണ്ട്. വളരെ ചെറിയൊരു ക്ഷേത്രമാണിത്. 2021-ലാണ് ഇത് നവീകരിച്ചത്. വടക്ക്, തെക്ക് വശങ്ങളിലും പടിക്കെട്ടുകളോടുകൂടിയ പ്രവേശനകവാടങ്ങൾ കാണാം. വടക്കേ പ്രവേശനകവാടത്തിന്റെ താഴെ ക്ഷേത്രക്കുളത്തിനും റോഡിനുമിടയിൽ ഭഗവാന്റെ പാദതീർത്ഥം എന്ന സങ്കല്പത്തിൽ ഒരു ചെറിയ കുളവും കാണാം. അതിന് തൊട്ടടുത്ത് ഒരു ശാസ്താക്ഷേത്രവുമുണ്ട്. 'ചെറിയ കുളത്തൂപ്പുഴ ധർമ്മശാസ്താക്ഷേത്രം' എന്നാണ് ഇതിന്റെ പേര്. വളരെ ചെറിയൊരു ക്ഷേത്രമാണിത്. വടക്കേ പ്രവേശനകവാടത്തിൽ ലക്ഷ്മിദേവി-ഭൂമീദേവീസമേതനായ മഹാവിഷ്ണുവിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ഇരുവശവുമായി ഗരുഡന്റെയും ഹനുമാന്റെയും രൂപങ്ങളും കാണാം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതാണ്. അതിനാൽ, അവിടെ പടിക്കെട്ടുകളില്ല.
കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ഒരു പടുകൂറ്റൻ അരയാൽമരം കാണാം. സാധാരണയായി ഗോപുരത്തിന് പുറത്ത് കാണാറുള്ള അരയാൽ ഇവിടെ അകത്തുവന്നത് അത്ഭുതമാണ്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. അരയാലിന്റെ ചുവട്ടിൽ തന്നെയാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠകളും. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയുമടക്കമുള്ള പരിവാരങ്ങളുമടങ്ങുന്നതാണ് ഇവിടത്തെ പ്രതിഷ്ഠ. ഇതിനടുത്താണ്, ക്ഷേത്രത്തിലെ ആനക്കൊട്ടിൽ. സാമാന്യം വലിയ ആനക്കൊട്ടിലാണ് ഇവിടെയുള്ളത്. ചോറൂണ്, വിവാഹം, ഭജന തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിയ്ക്കുന്നു. ആനക്കൊട്ടിലിനപ്പുറമാണ്, ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം. അമ്പതടി ഉയരം വരും ഈ കൊടിമരത്തിന്. കൊടിമരത്തിനപ്പുറം ക്ഷേത്രത്തിലെ ബലിക്കൽപ്പുരയാണ്. വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. സാമാന്യം വലിപ്പമുള്ള ബലിക്കല്ലാണിത്. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ശീവേലിസമയത്ത് ഇവിടെയാണ് അവസാനം ബലി തൂകുന്നത്. ബലിക്കൽപ്പുരയുടെ മുകളിൽ ശ്രീദേവീ-ഭൂദേവീസമേതനായ ജനാർദ്ദനസ്വാമിയുടെയും ഗരുഡ-ഹനുമാന്മാരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് നീളത്തിൽ ക്ഷേത്രം വക ഓഡിറ്റോറിയമാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയം പോലെ ഇതും തുറന്ന ഓഡിറ്റോറിയമാണ്. ഇവിടെ ക്ഷേത്രം ഉപദേശകസമിതിയുടെയും മറ്റും ഓഫീസുകൾ സ്ഥിതിചെയ്യുന്നു. വിശേഷദിവസങ്ങളിൽ ഇവിടെ പ്രഭാഷണങ്ങളും കലാപരിപാടികളും നടക്കുന്നു. കൂടാതെ, വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത തുടങ്ങിയ ഹൈന്ദവപുണ്യഗ്രന്ഥങ്ങൾ പഠിപ്പിയ്ക്കാനും ഇവിടം ചെലവഴിയ്ക്കാറുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. ചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചു ശ്രീകോവിലാണ് ഗണപതിയുടേത്. ഇതിന്റെ മുന്നിൽ ഒരു ഹോമമണ്ഡപമുണ്ട്. ഇവിടെ നിത്യേന രാവിലെ ഗണപതിഹോമം നടത്തിവരുന്നു. ഗണപതിശ്രീകോവിലിന് തൊട്ടടുത്ത് മറ്റൊരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പസ്വാമി കുടികൊള്ളുന്നു. ഗണപതിയുടെ ശ്രീകോവിലുമായി രൂപത്തിൽ വളരെ സാമ്യമുണ്ട് അയ്യപ്പന്റെ ശ്രീകോവിലിന്. എന്നാൽ, കുറച്ചുകൂടി വലുതാണ് അയ്യപ്പന്റേത്. അയ്യപ്പശ്രീകോവിലിന് മുന്നിലും മണ്ഡപമുണ്ട്. ഇവിടെ എള്ളുതിരി സ്റ്റാൻഡുണ്ട്. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഇവിടെ വച്ചാണ്. ഇരുശ്രീകോവിലുകളും തമിഴ്-കേരള ശൈലികളുടെ സമന്വയമാണ്.
ഈ ശ്രീകോവിലുകൾക്കടുത്ത് കിഴക്കോട്ട് ദർശനമായി ചെറിയൊരു തറയിൽ നാഗരാജാവിന്റെ പ്രതിഷ്ഠയുണ്ട്. അനന്തനായാണ് സങ്കല്പം. മേൽക്കൂരയില്ലാത്ത തറയാണിത്. ഇവിടെ നിത്യേന പൂജയുണ്ട്. പടിഞ്ഞാറുഭാഗത്തെ പ്രവേശനകവാടത്തിന് മുകളിൽ ഗജലക്ഷ്മീരൂപം കാണാം. വടക്കുവശത്താണ് വർക്കല ദേവസ്വത്തിന്റെയും വർക്കല ഗ്രൂപ്പിന്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും ഓഫീസുകളുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ഒരു സ്പെഷ്യൽ ഗ്രേഡ് ദേവസ്വമാണ് വർക്കല ദേവസ്വം. എക്സിക്യൂട്ടീവ് ഓഫീസറാണ് അധികാരി. വടക്കുകിഴക്കുഭാഗത്താണ് ക്ഷേത്രത്തിലെ പ്രധാന ഉപക്ഷേത്രമുള്ളത്. ശിവനാണ് ഇവിടെ പ്രതിഷ്ഠ. പാർവ്വതീസമേതഭാവത്തിലാണ് ശിവൻ ഇവിടെയുള്ളത്. പടിഞ്ഞാറോട്ടാണ് ദർശനം. സാമാന്യം വലിപ്പമുള്ള ശിവലിംഗമാണ് ഇവിടെയുള്ളത്. ഉപദേവതാക്ഷേത്രങ്ങളിൽ ഏറ്റവും വലുത് ഇതാണ്. ശില്പാലംകൃതമായ ശ്രീകോവിലിന്റെ മുകൾനിലയിൽ നിരവധി ദേവതാരൂപങ്ങൾ കാണാം. ശിവന്റെ നടയ്ക്കുമുന്നിൽ മണ്ഡപമുണ്ട്. ഈ മണ്ഡപത്തിൽ ഭഗവദ്വാഹനമായ നന്ദിയുടെ വിഗ്രഹം കാണാം. ഭക്തർ നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ശിവക്ഷേത്രത്തിൽ പൂർണ്ണപ്രദക്ഷിണം അനുവദിച്ചിട്ടില്ല. വടക്കുവശത്ത് ഓവുവരെ മാത്രമാണ് പ്രദക്ഷിണം. ഓവുതാങ്ങിയായി പതിവുപോലെ ചണ്ഡികേശ്വരനും കുടികൊള്ളുന്നു. ശിവക്ഷേത്രത്തിനടുത്ത് ഒരു പാലമരമുണ്ട്. ഇവിടെ മക്കളില്ലാത്ത ദമ്പതികൾ സമർപ്പിച്ചുപോയ പാവകൾ ആണിയടിച്ചുവച്ചിട്ടുള്ളത് കാണാം. ഇതിനടുത്ത് മറ്റൊരു വഴിപാട് കൗണ്ടറുണ്ട്.
വൃത്താകൃതിയിൽ തീർത്ത സാമാന്യം വലിപ്പമുള്ള വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം നൂറടി ചുറ്റളവുണ്ട്. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളാണുള്ളത്. അവയിൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരമുള്ള ചതുർബാഹു വിഷ്ണുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നിൽക്കുന്ന രൂപത്തിലാണ് അഞ്ജനശിലയിൽ തീർത്ത വിഗ്രഹം. ചതുർബാഹുവായ വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും കാണാം. എന്നാൽ മുന്നിലെ വലതുകയ്യിൽ താമരയ്ക്കുപകരം ഭിക്ഷാപാത്രമാണ്. ഈ കൈ ഐതിഹ്യത്തിൽ പറയുംപോലെ സ്വർണ്ണക്കയ്യാണ്. ഐതിഹ്യമനുസരിച്ച് ഭഗവാൻ മുന്നിലെ വലതുകൈ പൊക്കിക്കൊണ്ടിരിയ്ക്കുകയാണെന്നും അത് വായ്ക്കടുത്തെത്തിയാൽ അന്ന് ലോകാവസാനമുണ്ടാകുമെന്നുമാണ് വിശ്വാസം. ഭഗവാന്റെ ഇടതുഭാഗത്ത് ശ്രീദേവി(ലക്ഷ്മി)യും വലതുഭാഗത്ത് ഭൂമീദേവിയുമുണ്ട്. അതിനാൽത്തന്നെ, പ്രതിഷ്ഠയുടെ മാഹാത്മ്യം പതിന്മടങ്ങ് വർദ്ധിയ്ക്കുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ജനാർദ്ദനസ്വാമി, ശ്രീ-ഭൂമീദേവിസമേതനായി വർക്കലയിലെ ശ്രീലകത്ത് കുടികൊള്ളുന്നു.
ശ്രീകോവിൽ, ചുവർച്ചിത്രങ്ങൾ കൊണ്ടോ ദാരുശില്പങ്ങൾ കൊണ്ടോ സമ്പന്നമല്ല. വളരെ ലളിതമായ നിർമ്മിതിയാണ്. കരിങ്കല്ലിന്റെ ഭാഗങ്ങൾ വ്യക്തമായിക്കാണും വിധത്തിലാണ് ഇതിന്റെ നിർമ്മാണം. ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൂട്ടിച്ചേർക്കണമെന്നൊരു ആവശ്യം ഉയർന്നുവരുന്നുണ്ട്. വടക്കുവശത്ത്, ഓവ് പണിതിരിയ്ക്കുന്നു. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. തമിഴ്-കേരള രീതികളുടെ സമന്വയമായ ഈ നിർമ്മിതി പൂർണ്ണമായും കരിങ്കല്ലിലാണ് തീർത്തിരിയ്ക്കുന്നത്. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് വിശേഷാൽ പൂജകളും നിത്യേനയുള്ള ഹോമങ്ങളും നടക്കുന്നത്. വടക്കേ വാതിൽമാടം പ്രധാനമായും വാദ്യമേളങ്ങൾക്കും നാമജപത്തിനുമായാണ് ഉപയോഗിയ്ക്കുന്നത്. പൂജാസമയത്തൊഴികെയുള്ളപ്പോൾ ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. അകത്തെ ഓരോ തൂണിലും നിരവധി ദേവതാരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ദശാവതാരങ്ങൾ, ശ്രീകൃഷ്ണലീല, ശിവകഥകൾ, സാലഭഞ്ജികമാർ, നമസ്കരിച്ചുകിടക്കുന്ന ബ്രാഹ്മണർ - അങ്ങനെ നിരവധി രൂപങ്ങൾ ഈ തൂണുകളിൽ കാണാം. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.
ശ്രീകോവിലിന് ചുറ്റും അകത്തെ ബലിവട്ടം കാണാം. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി/ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗാദേവി (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ മേൽ വിവരിച്ച സ്ഥലങ്ങളിലായി കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. വിഷ്ണുക്ഷേത്രമായതിനാൽ ഇവിടെ ഇവരെക്കൂടാതെ ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പവുമുണ്ട്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കളുടെ തന്നെ വകഭേദമാണ് ഇവർ. വടക്കുഭാഗത്താണ് ഇവർക്ക് സ്ഥാനം അനുവദിച്ചിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ഇവരെ ഉത്തരമാതൃക്കൾ എന്ന് വിളിയ്ക്കുന്നത്. സപ്തമാതൃക്കളുടെ അംഗരക്ഷകരായി ഗണപതിയും വീരഭദ്രനുമുള്ളപോലെ ഇവരുടെ അംഗരക്ഷരായി ശ്രീധരൻ, അശ്വമുഖൻ എന്നീ രണ്ട് ദേവന്മാരുമുണ്ടാകും. ഇവരെ ബലിക്കല്ലുകളുടെ രൂപത്തിൽ പ്രതിനിധീകരിയ്ക്കാറില്ല. എന്നാൽ, ശീവേലിസമയത്ത് ഇവർക്കും ബലിതൂകും. ബലിക്കല്ലുകൾ ദേവന്റെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ലക്ഷ്മിദേവി-ഭൂമീദേവീസമേതനായ മഹാവിഷ്ണുവാണ് ജനാർദ്ദനസ്വാമിയായി കുടികൊള്ളുന്നത്. സമ്പത്തിന്റെ ഭഗവതിയായ ലക്ഷ്മിദേവിയും സർവംസഹയായ ഭൂമിദേവിയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു. ആറടി ഉയരം വരുന്ന, അഞ്ജനശിലാനിർമ്മിതമായ വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ജനാർദ്ദനസ്വാമിയുടെ പ്രതിഷ്ഠ. സാധാരണ വിഷ്ണുവിഗ്രഹങ്ങൾ പോലെ നിൽക്കുന്ന രൂപത്തിലാണ് ജനാർദ്ദനസ്വാമിയുടെയും വിഗ്രഹം. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകിയും കാണാം. എന്നാൽ, മുന്നിലെ വലതുകയ്യിൽ താമരയ്ക്കുപകരം ഭക്ഷണപാത്രമാണ് കാണപ്പെടുന്നത്. ഐതിഹ്യപ്രകാരം ബ്രഹ്മാവ് നടത്തിയ യാഗത്തിനിടയിൽ ഹവിർഭാഗം മുഴുവൻ ഭക്ഷിച്ചുകൊണ്ടിരിയ്ക്കുന്ന സങ്കല്പത്തിലാണ് ഭക്ഷണപാത്രം കൊടുത്തിരിയ്ക്കുന്നത്. എന്നാൽ, ഇത് പ്രപഞ്ചത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു. ഓരോ ദിവസം ചെല്ലും തോറും ഭഗവാൻ ഇത് മുകളിലേയ്ക്ക് കൊണ്ടുപോകുകയാണെന്നും അത് മുഴുവൻ അദ്ദേഹത്തിന്റെ വായിലെത്തിയാൽ അന്ന് ലോകാവസാനമുണ്ടാകുമെന്നാണ് വിശ്വാസം. പാൽപ്പായസം, തുളസിമാല, ത്രിമധുരം, അപ്പം, അട, സഹസ്രനാമാർച്ചന, ചന്ദനം ചാർത്ത്, ലക്ഷ്മിനാരായണപൂജ, സത്യനാരായണപൂജ എന്നിവയാണ് ജനാർദ്ദനസ്വാമിയുടെ പ്രധാന വഴിപാടുകൾ.
ജനാർദ്ദനസ്വാമിയുടെ ഇടതുവശത്താണ് ശ്രീദേവി അഥവാ ലക്ഷ്മിദേവി പ്രതിഷ്ഠ. അഞ്ചടി ഉയരം വരുന്ന ദേവീവിഗ്രഹവും അഞ്ജനശിലാനിർമ്മിതമാണ്. ഭഗവാനോട് ചേർന്നുനിൽക്കുന്നതുകൊണ്ടാകണം, സാധാരണ ചിത്രങ്ങളിൽ കാണുന്നതുപോലെയുള്ള ലക്ഷ്മീരൂപമല്ല ഇവിടെ. രണ്ടുകൈകളേയുള്ളൂ. അവയിൽ ഒന്നിൽ ഒരു താമര കാണാം. മറ്റേ കൈ അരയിൽ കുത്തിനിൽക്കുന്നു. തെച്ചിമാല, പട്ടും താലിയും ചാർത്തൽ, നെയ്പ്പായസം തുടങ്ങിയവയാണ് ശ്രീദേവിയ്ക്ക് പ്രധാന വഴിപാടുകൾ.
ജനാർദ്ദനസ്വാമിയുടെ വലതുവശത്താണ് ഭൂമീദേവിയുടെ പ്രതിഷ്ഠ. അഞ്ചടി ഉയരം വരുന്ന അഞ്ജനശിലാവിഗ്രഹം തന്നെയാണ് ഭൂമീദേവിയ്ക്കുമുള്ളത്. ലക്ഷ്മീദേവിയുടെ അതേ രൂപം തന്നെയാണെങ്കിലും കൈകളുടെ ആകൃതിയിൽ വ്യത്യാസമുണ്ട്. അതായത് വലതുകൈ അരയിൽ കുത്തി, ഇടതുകയ്യിൽ താമര പിടിച്ചാണ് ഭൂമീദേവി നിൽക്കുന്നത്. ലക്ഷ്മീദേവിയ്ക്കുള്ള അതേ വഴിപാടുകളാണ് ഭൂമീദേവിയ്ക്കും.
ക്ഷേത്രത്തിലെ പ്രധാന ഉപദേവതയാണ് ശിവൻ. നാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനം നൽകിയാണ് ശിവനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഏകദേശം നാലടി ഉയരം വരുന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. പാർവ്വതീദേവിയെ ഇടത്തെ തുടയിലിരുത്തി അനുഗ്രഹം നൽകുന്ന ഭഗവാനായാണ് സങ്കല്പം. ശംഖാഭിഷേകം, ധാര, പിൻവിളക്ക്, കൂവളമാല, ശർക്കരപ്പായസം തുടങ്ങിയവയാണ് ശിവന്നുള്ള പ്രധാന വഴിപാടുകൾ. ശിവരാത്രിയാണ് ഇവിടെ പ്രധാന ആഘോഷം.
തിരുവനന്തപുരം-കൊല്ലം ദേശീയപാതയിൽ കല്ലമ്പലത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ പോയാൽ വർക്കലയിലെത്താം. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരം ക്ഷേത്രത്തിലേയ്ക്കുണ്ട്. ക്ഷേത്രനട വരെ ബസ് സർവീസുമുണ്ട്.
മുമ്പ് വർക്കല ദേവസ്വംവകയായി വർക്കല ജനാർദ്ദനൻ എന്നു പ്രസിദ്ധനായ ഒരാനയുണ്ടായിരുന്നു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.