ക്രൈസ്തവ പ്രചാരകൻ From Wikipedia, the free encyclopedia
പത്രോസിനും നീതിമാനായ യാക്കോബിനും (James the Just)[1] ഒപ്പം, ആദ്യകാല ക്രൈസ്തവസഭയുടെ എറ്റവും ശ്രദ്ധേയരായ പ്രചാരകൻമാരിൽ ഒരാളായിരുന്നു പൗലോസ് അപ്പസ്തോലൻ.(എബ്രായ: שאול התרסי Šaʾul HaTarsi, "തർസൂസിലെ പൗലോസ്" - ca 5 - 67 CE). തർസൂസിൽ ജനിച്ച പൗലോസ്, വിജാതിയരുടെ അപ്പസ്തോലൻ ആയി കരുതപ്പെടുന്നു. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനോ യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല പൗലോസ്. [2]ഏകദേശം CE35നും CE 55 നും ഇടയിലായി അദ്ദേഹം നിരവധി സഭകൾ ഏഷ്യ മൈനരിലും യൂറോപ്പിലുമായി സ്ഥാപിച്ചു. അപ്പസ്തോലപ്രവർത്തികളിലെ സാക്ഷ്യം പിന്തുടർന്നാൽ, ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ യഹൂദറബ്ബി ഗമാലിയേലിന്റെ ശിഷ്യൻ കൂടിയായിരുന്നു പൌലോസ് [3]. റോമൻ ആധിപത്യത്തിലിരുന്ന മദ്ധ്യധരണിമേഖലയിലെ സുവിശേഷവേലയ്ക്ക് അദ്ദേഹത്തിന്റെ റോമൻ പൗരത്വം സഹായകമായി.
വിശുദ്ധ പൗലോസ് | |
---|---|
വിജാതീയരുടെ അപ്പസ്തോലൻ, രക്തസാക്ഷി | |
ജനനം | ജനനവർഷത്തെപ്പറ്റി പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ സമന്വയമില്ല തർസൂസിൽ (നടപടി 22:3) |
മരണം | 64-67 ക്രി.വ. റോമിൽ നീറോയുടെ ക്രിസ്തുമതപീഡനത്തിനിടെ (EH 3.1) |
വണങ്ങുന്നത് | ക്രൈസ്തവലോകം മുഴുവൻ |
ഓർമ്മത്തിരുന്നാൾ | ജനുവരി 25 (മാനസാന്തരം) ഫെബ്രുവരി 10 (മാൾട്ടായിലെ കപ്പൽച്ചേതത്തിന്റെ തിരുനാൾ) ജൂൺ 29 (പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ) നവംബർ 18 (പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ബസിലിക്കായുടെ സമർപ്പണദിനം) |
പ്രതീകം/ചിഹ്നം | അപ്പസ്തോലൻ; പ്രേഷിതൻ; രക്തസാക്ഷി; വാൾ |
അപ്പസ്തോലന്മാരുടെ നടപടികളുടെ പുസ്തകം അനുസരിച്ച്, ക്രിസ്തുമതത്തിലേക്ക് പൗലോസ് പരിവർത്തിതനായത്, ദമാസ്കസിലേക്കുള്ള യാത്രയിൽ വഴിമദ്ധ്യേ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദർശനം ലഭിച്ചതോടെയാണ്. തനിക്ക് സുവിശേഷം ലഭിച്ചത് മനുഷ്യരിൽ നിന്നല്ല യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലിൽ നിന്നാണ് എന്ന് പൗലോസ് അവകാശപ്പെട്ടിരുന്നു.[4]
പുതിയനിയമത്തിലെ പതിമൂന്നു ലേഖനങ്ങൾ പരമ്പരാഗതമായി പൗലോസിന്റേതെന്ന് കരുതിപ്പോരുന്നു. അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഈ ലേഖനങ്ങൾ ക്രൈസ്തവസമൂഹങ്ങളിൽ പ്രചാരം നേടി. മാർഷൻ നിർദ്ദേശിച്ച ആദ്യത്തെ ക്രിസ്തീയലിഖിതസമുച്ചയത്തിൽ പ്രമാണ്യത്തോടെ ചേർക്കപ്പെട്ട ഇവ ഒടുവിൽ സ്വീകൃതമായ പുതിയനിയമ സംഹിതയുടെ വലിയൊരു ഭാഗമായി.
പുതിയനിയമത്തിലെ മറ്റ് ഏതൊരെഴുത്തുകാരനേക്കാളും അധികമായി പൗലോസ് ക്രൈസ്തവചിന്തയുടെ മുഖ്യധാരയെ സ്വാധീനിച്ചിട്ടുണ്ട്.[5] ഹിപ്പോയിലെ അഗസ്തിന്റെ ചിന്തയിലും, ഒൻപതാം നൂറ്റാണ്ടിൽ ഗോച്ചാക്കും റീംസിലെ ഹിങ്ക്മാറും തമ്മിലും പിന്നീട് തോമിസവും മോളിനിസവും തമ്മിലും നടന്നതുപൊലെയുള്ള ആശയസംവാദങ്ങളിലുമെല്ലാം പൗലോസിന്റെ പ്രഭാവം കാണാം. നവീകരണയുഗത്തിൽ മാർട്ടിൻ ലൂഥറിനും ജോൺ കാൽവിനും അർമീനിയന്മാർക്കുമിടയിലും അതിനുശേഷം ജാൻസനിസ്റ്റുകളും ഈശോസഭയിലെ ദൈവശാസ്ത്രജ്ഞന്മാരും തമ്മിലും നടന്ന തർക്കങ്ങളിലും പൗലോസിന്റെ ആശയങ്ങൾ ചർച്ചചെയ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ സഭയെപ്പോലും പ്രഖ്യാതപണ്ഡിതനായ കാൾ ബാർത്തിന്റെ രചനകൾ വഴി പൗലോസ് സ്വാധീനിച്ചിട്ടുണ്ട്. പൗലോസിന്റെ റോമാക്കാർക്കെഴുതിയ ലേഖനത്തെപ്പറ്റിയുള്ള ബാർട്ടിന്റെ നിരൂപണത്തിന് രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ മാനങ്ങളുണ്ട്.
ശൗൽ (ശവുൽ) എന്നും പൌലോസ് എന്നും ഇരട്ടനാമം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആദ്യത്തേത് ഹീബ്രു നാമവും രണ്ടാമത്തേത് റോമൻ/ലാറ്റിൻ നാമവും.
അപ്പസ്തോലൻ എന്നത് ഗ്രീക്കു പദമാണ്. അർത്ഥം അയക്കപ്പെട്ടവൻ എന്നാണ്. [6]
പൗലോസിന്റെ ജീവചരിത്രം എഴുതാൻ പ്രധാന ആശ്രയമായുള്ളത് അദ്ദേഹത്തിന്റെ തന്നെ ലേഖനങ്ങളും പുതിയ നിയമത്തിലെ അപ്പസ്തോലന്മാരുടെ നടപടിപ്പുസ്തകവും ആണ്.[7] നടപടിപ്പുസ്തകത്തിന്റെ വിശ്വസനീയതയെക്കുറിച്ച് പലവിധം അഭിപ്രായങ്ങളുണ്ട്. ഹാൻസ് കോൻസെൽമാൻ, ഇരുപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞൻ ജോൺ നോക്സ് എന്നിവർ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. [8][9] ഗലാത്തിയർക്കെഴുതിയ ലേഖനത്തിലും മറ്റും പൗലോസ് പറയുന്ന കഥയിൽ പലതും വിട്ടുപോയിട്ടുണ്ടെന്ന് സമ്മതിച്ചാൽ തന്നെയും പൗലോസിന്റേയും നടപടികളിലേയും ചരിത്രങ്ങൾ ഒത്തുപോകുന്നില്ല.[10] അപ്രാമാണികഗ്രന്ഥങ്ങളെങ്കിലും പൗലോസിന്റെ നടപടികൾ, ക്ലെമെന്റിന്റെ രചനകൾ എന്നീ കൃതികളും പൗലോസിനെക്കുറിച്ച് വിവരം നൽകുന്നവയാണ്.
അപ്പസ്തോലനമാരുടെ നടപടികൾ [11] അനുസരിച്ച് ആധുനിക കാലത്ത് തുർക്കി എന്ന് അറിയപ്പെടുന്ന പുരാതന ഏഷ്യാമൈനറിലെ സിലീസിയായിൽ, തർസൂസ് എന്ന സ്ഥലത്ത്, ഇസ്രായേൽ വംശത്തിലെ ബന്യാമിൻ ഗോത്രത്തിലാണ് പൗലോസ് ജനിച്ചത്. എട്ടാം ദിവസം യഹൂദാചാരപ്രകാരം പരിഛേദനകർമ്മത്തിന് വിധേയനാക്കപ്പെട്ടു. (ഫിലിപ്പിയർക്കുള്ള ലേഖനം 3:5). ശൗൽ എന്നായിരുന്നു ഹീബ്രുനാമം. എന്നാൽ പൗലോസിന്റെ തന്നെ ലേഖനങ്ങളിൽ ജന്മസ്ഥലമായ തർസൂസോ, ശൗൽ എന്ന ഹീബ്രൂനാമമോ പരാമർശിക്കപ്പെടുന്നില്ല. അപ്പസ്തോലനടപടികൾ അനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു. റോമൻ പൗരത്വം നൽകിയ അവകാശങ്ങൾ നിയമപരമായ സുരക്ഷക്കായി, യഹൂദക്കോടതികളുടെ വിധിക്കെതിരേ റോമിൽ അപ്പീൽ കൊടുത്തുകൊണ്ട് അദ്ദേഹം പലവട്ടം ഉപയോഗിക്കുന്നുണ്ട്(നടപടി 22:25, 27-28). ഒരു ക്രൈസ്തവ പാരമ്പര്യമനുസരിച്ച് [12] പൗലോസിന്റെ മാതാപിതാക്കൾ ഗലീലായിലെ ജിഷ് എന്ന സ്ഥലത്താണ് ജീവിച്ചിരുന്നത്. അക്കാലത്തെ പേരെടുത്ത യഹൂദ റബൈ ആയിരുന്ന ഗമാലിയേലിന് ശിഷ്യപ്പെട്ട്, പൗലോസ് ജെറുസലേമിൽ പഠിച്ചു എന്നും നടപടി പുസ്തകം(22:3) പറയുന്നു. എന്നാൽ ഈ കഥ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.[13] സ്വന്തം സാക്ഷ്യം അനുസരിച്ച് പൗലോസ് ഒരു പരീശനായിരുന്നു(ഫിലിപ്പിയർക്കുള്ള ലേഖനം 3:5). യാത്രകളിലും സുവിശേഷപ്രസംഗങ്ങൾക്കിടയിലും ഉപജീവനത്തിനുള്ളത് സ്വയം കണ്ടെത്തുകയാണ് താൻ ചെയ്തതെന്നും പൗലോസ് പറയുന്നുണ്ട്.(1 കൊറിന്തിയർ 9: 13-15). കൂടാരം നിർമ്മാതാവിന്റെ തൊഴിലാണ് അദ്ദേഹം ചെയ്തിരുന്നതെന്ന് നടപടികളിൽ(13:3) കാണുന്നു.
ഹില്ലലിന്റെ പാരമ്പര്യത്തിൽ പ്രഖ്യാതയഹൂദപണ്ഡിതനായ ഗമാലിയേലിന് കീഴിൽ പരീശനായി പരിശീലനം നേടിയവനെങ്കിലും, മഹാപുരോഹിതന്റെ പുത്രിയെ വിവാഹം കഴിക്കാനായി, യഹൂദന്യായാസനമായ സൻഹെദ്രിനെ അക്കാലത്ത് നിയന്ത്രിച്ചിരുന്നവരും പരീശരുടെ എതിരാളികളും ആയിരുന്ന സദ്ദൂക്കിയരുടെ വിഭാഗത്തിലേക്ക് ശൌൽ കൂറുമാറി എന്നൊരു കഥ, മുഖ്യധാരയിൽ നിന്ന് മാറിനിന്നിരുന്ന ആദിമ ക്രൈസ്തവവിഭാഗമായ എബിയോണൈറ്റുകളുടെ പാരമ്പര്യത്തിൽ ഉൾപ്പെട്ട് പ്രചരിച്ചിരുന്നതായി സഭാചരിത്രകാരനായ യൌസേബിയോസ് പറയുന്നുണ്ട്. പുതിയനിയമത്തിൽ പൗലോസ് ആദ്യം പ്രത്യക്ഷപ്പെടുന്നത്, പ്രഥമ ക്രൈസ്തവരക്തസാക്ഷിയെന്ന് കരുതപ്പെടുന്ന സ്തേഫാനോസിന്റെ വധത്തിന്റെ പശ്ചാത്തലത്തിലാണ്(നടപടി 7:57-8:3). ദമാസ്കസ് വഴിയിലെ പരിവർത്തനാനുഭവം വരെ സഭയെ, നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നവനെന്ന് പൗലോസ് തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്.(1 കൊറിന്ത്യർ 15:9, ഗലാത്തിയർ 1:13). മേല്പ്പറഞ്ഞ എബിയോണൈറ്റ് പാരമ്പര്യം അനുസരിച്ച് യേശുവിന്റെ പേരിൽ നിലവിൽ വന്ന പ്രസ്ഥാനത്തിൽ പൗലോസ് ചേർന്നത്, മഹാപുരോഹിതന്റെ മകളോടുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രേമം തിരസ്കൃതമായതിനുശേഷമാണ്.
തന്റെ പരിവർത്തനാനുഭവത്തിന്റെ യഥാർഥസ്വഭാവം എന്തെന്ന് വ്യക്തമാക്കുവാൻ പൗലോസ് തല്പരനായിരുന്നതായി കാണുന്നില്ലെങ്കിലും(ഗലാത്തിയർ 1:11-24) മറ്റു ശിഷ്യന്മാരിൽ നിന്ന് തനിക്കുള്ള സ്വാതന്ത്ര്യത്തിന്റെ ആധാരമായി ആ അനുഭവം അദ്ദേഹം ഉയർത്തിക്കാട്ടിയിരുന്നു. നടപടിപ്പുസ്തകം പൗലോസിന്റെ പരിവർത്തനാനുഭവത്തെ മൂന്നിടത്ത് പരാമർശിക്കുന്നുണ്ട്.
ഈ വിവരണങ്ങൾ എല്ലാം അനുസരിച്ച്, പ്രകാശധാര അന്ധനാക്കിയ പൗലോസിനെ, കൂടെയുണ്ടായിരുന്നവർ ദമാസ്കസിലേക്ക് കൊണ്ടുപോവുകയും അവിടെ അനന്യാസ് എന്നൊരു ക്രിസ്തുശിഷ്യൻ മുഖാന്തരം അന്ധത മാറിയതിനെത്തുടർന്ന്, അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്നു.
പരിവർത്തനത്തിനുശേഷമുള്ള ദമാസ്കസിലെ താമസവും ജ്ഞാനസ്നാനവും [14]കഴിഞ്ഞ് താൻ അറേബ്യയിലേക്ക് പോയെന്നും അവിടെ നിന്ന് തിരികെ ദമാസ്കസിൽ മടങ്ങിയെത്തിയെന്നും പൗലോസ് പറയുന്നു (ഗലാത്തിയർ 1:15). നടപടിപ്പുസ്തകം അനുസരിച്ച്(9:23) ദമാസ്ക്കസിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പ്രശ്നങ്ങളിലേക്ക് നയിച്ചപ്പോൾ അവിടെ നിന്ന് രക്ഷപെടാൻ പൗലോസ് നിർബ്ബന്ധിതനായി. ഒരു കുട്ടയിലിരുത്തി അദ്ദേഹത്തെ നഗരവാതിലുകൾക്കു മുകളിലൂടെ താഴെയിറക്കുകയാണത്രെ ചെയ്തത്. പരിവർത്തനം നടന്ന് മൂന്നു വർഷം കഴിഞ്ഞു യെരുശലേമിലേക്ക് പോയതും അവിടെ യാക്കോബിനെ കണ്ടതും പത്രോസിനൊപ്പം പതിനഞ്ചു ദിവസം താമസിച്ചതുമൊക്കെ പൗലോസ് ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിൽ(1:13-24) വിവരിക്കുന്നുണ്ട്. നടപടി പുസ്തകം അനുസരിച്ച്, സഭയെ പീഡിപ്പിക്കുന്നവനായി അറിയപ്പെട്ടിരുന്ന പൗലോസിനെ തങ്ങളിലൊരുവനായി കൂട്ടാൻ മറ്റ് അപ്പസ്തോലന്മാർ സമ്മതിച്ചത് ബർണ്ണബാസ് ഇടപെട്ടതിന് ശേഷമാണ്(നടപടി 9:26-27). പിന്നീട്, ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന, യവനവാദികളെന്നറിയപ്പെട്ട യഹൂദരുമായുള്ള അദ്ദേഹത്തിന്റെ തർക്കം പ്രശ്നമുണ്ടാക്കിയപ്പോൾ, പൗലോസിനെ അധികാരികൾ സ്വന്തം നാടായ തർസൂസിലെക്ക് തിരിച്ചയച്ചു.
ഗലാത്തിയർക്കുള്ള ലേഖനത്തിൽ പറയുന്നതനുസരിച്ച്, പരിവർത്തനം കഴിഞ്ഞ് പതിനാലുവർഷം ആയപ്പോൾ പൗലോസ് വീണ്ടും യെരുശലേമിലേക്കു പോയി.[15] നടപടിപ്പുസ്തകവും ഗലാത്തിയാക്കാർക്കെഴുതിയ ലേഖനവും ചില വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും, പതിനാലുവർഷത്തെ ഈ ഇടവേയുടെ പൂർണ്ണചിത്രം ലഭ്യമല്ല. [16] ഏതായാലും ഒടുവിൽ ബർണ്ണബാസ് പൗലോസിനെ തേടിച്ചെന്ന് അന്ത്യോക്യയിലേക്ക് കൊണ്ടുവന്നു(നടപടി 11:26). സ്റ്റീഫന്റെ രക്തസാക്ഷിത്വത്തെ തുടർന്ന് യൂദയായിലെ ക്രിസ്ത്യാനികൾ പലവഴിക്ക് രക്ഷപെട്ട് പോയപ്പോൾ അന്ത്യോക്യ മറ്റൊരു ക്രൈസ്തവകേന്ദ്രമായി മാറിയിരുന്നു. യൂദയായിൽ ക്രി.വ. 45-46-ൽ കൊടിയ ക്ഷാമം ഉണ്ടായപ്പോൾ [17] പൗലോസ്, ബർണ്ണബാസിനോടും തീത്തൂസ് എന്ന് പേരായ യഹൂദേതരനോടുമൊപ്പം ജെറുസലേമിൽ പോയി അന്ത്യോക്യായിലെ സഭാസമൂഹം സമാഹരിച്ചുകൊടുത്ത സഹായധനം ഏല്പ്പിച്ചു.[18]
ഒരു ലേഖനപരമ്പരയുടെ ഭാഗം
|
---|
യേശു ക്രിസ്തു |
കന്യാജനനം · കുരിശുമരണം ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ ക്രിസ്തുമസ് · ഈസ്റ്റർ |
അടിസ്ഥാനങ്ങൾ |
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ പത്രോസ് · സഭ · ദൈവരാജ്യം പുതിയ ഉടമ്പടി · സമയരേഖ · പൗലോസ് |
ബൈബിൾ |
പഴയ നിയമം · പുതിയ നിയമം പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ |
ദൈവശാസ്ത്രം |
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ് ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം മറിയം · അപ്പോസ്തലവിജ്ഞാനീയം യുഗാന്തചിന്ത · രക്ഷ · സ്നാനം |
ചരിത്രവും പാരമ്പര്യങ്ങളും |
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ നവീകരണം · പുനർനവീകരണം പാശ്ചാത്യ-പൗരസ്ത്യ വിഭജനം |
വിഭാഗങ്ങൾ |
*പാശ്ചാത്യ സഭകൾ
|
പൊതു വിഷയങ്ങൾ |
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം ഗിരിപ്രഭാഷണം · സംഗീതം · കല മറ്റ് മതങ്ങളുമായുള്ള ബന്ധം ലിബറൽ തിയോളജി ക്രിസ്തുമതം കവാടം |
നടപടിപ്പുസ്തകം പതിമൂന്നാം അദ്ധ്യായം അനുസരിച്ച്, പൗലോസിന്റെ ആദ്യത്തെ ക്രിസ്തുമതപ്രഘോഷണയാത്രയുടെ തുടക്കം ക്രി.വ.ഏതാണ്ട് 47-നടുത്ത് അന്ത്യോക്യായിലായിരുന്നു. ഈ യാത്രയിൽ അദ്ദേഹത്തിന്റെ സഹചാരിയായിരുന്നത് ബർണബാസാണ്. യഹൂദേതരർക്കിടയിലെ സുവിശേഷപ്രചരണത്തിനായി അവരിരുവരേയും തെരഞ്ഞെടുത്തത് അന്ത്യോക്യായിലെ സഭയിൽ അക്കാലത്തുണ്ടായിരുന്ന പ്രവാചകന്മാരിലും പ്രബോധകരിലും ചിലർ ഉപവസിച്ചും പ്രാർഥിച്ചും കഴിയവേ അവർക്ക് പരിശുദ്ധാത്മാവിൽ നിന്ന് ലഭിച്ച നിർദ്ദേശമനുസരിച്ചാണെന്ന് നടപടിപ്പുസ്തകം പറയുന്നു(13:1). പൗലോസും ബർണ്ണബാസും ആദ്യം പോയത് ബർണ്ണബാസിന്റെ നാടായ(നടപടി 4:36) സൈപ്രസ് ദ്വീപിലേക്കാണ്. ദ്വീപിലാകെ പ്രസംഗിച്ചു നടന്ന അവർ പാംഫോസ് എന്ന പട്ടണത്തിൽ ബാർയേശു എന്ന മാന്ത്രികനെ കണ്ടുമുട്ടി. ദ്വീപിലെ ഉപസ്ഥാനപതി സെർഗ്യോസ് പൗലോസിനൊപ്പമായിരുന്നു അയാൾ. ചതിയും തട്ടിപ്പും നിറഞ്ഞവനെന്ന് വിശേഷിക്കപ്പെട്ട അവനെ പൗലോസ് ശാസിച്ചതോടെ അവൻ അന്ധനായിത്തീർന്നത്രെ.
സൈപ്രസിൽ നിന്ന് പുറപ്പെട്ട ശേഷമാണ് ശൌൽ തന്റെ എബ്രായനാമം മാറ്റി യഹൂദേതർക്കിടയിലെ ദൗത്യത്തിന് സഹായകമാകും വിധം പൗലോസെന്ന ഗ്രെക്കോ-റോമൻ പേര് സ്വീകരിച്ചത്. ഈ ഘട്ടത്തിൽ തന്നെയാണ് അവരുടെ സഹായിയായിരുന്ന യോഹന്നാൻ മർക്കോസ് അവരെ വിട്ടുപോയത്. ഈ വേർപിരിയൽ പിന്നീട് പൗലോസിനും ബർണബാസിനും ഇടയിൽ വലിയ സംഘർഷത്തിന് കാരണമായി, അവരുടെ വേർപിരിയലിൽ ചെന്നെത്തി(നടപടി 15:36-41). ഏഷ്യാമൈനറിലെ പ്രവിശ്യകൾ കടന്നുപോയ അവർ തന്ത്രപ്രാധാന്യമുള്ള പ്രധാനനഗരങ്ങളിൾ പ്രസംഗിച്ചു.
ഒരോ സ്ഥലത്തും, നാട്ടുകാരോട് സുവിശേഷം പ്രസംഗിച്ചുകഴിയുമ്പോൾ അവിടത്തെ യഹൂദർ അവർക്കെതിരായിത്തീർന്നതോടെ അവർക്ക് സ്ഥലം വിടേണ്ടി വരുകയും, അവർ മറ്റൊരിടത്തേക്ക് നീങ്ങുകയുമായിരുന്നു പതിവെന്ന് നടപടിപ്പുസ്തകം പറയുന്നു.പിസീദയിലെ അന്ത്യോക്യയിൽ സംഭവിച്ചത് ഇതിനുദാഹരണമാണ്. അവിടത്തെ സിനഗോഗിൽ പൗലോസ് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള വാർത്ത പരന്ന് അടുത്തയാഴ്ച അദ്ദേഹത്തെ ശ്രവിക്കാൻ നഗരവാസികൾ മുഴുവൻ എത്തി. പൗലോസിന്റെ സന്ദേശത്തിന്റെ പ്രത്യാഘാതങ്ങളെ ഭയന്ന യഹൂദമുഖ്യർ അവരെ പട്ടണത്തിന് പുറത്താക്കി. പിന്നെ അവർ ചെന്ന ഐക്കോണിയം എന്ന പട്ടണത്തിലാകട്ടെ അവരുടെ സന്ദേശം ജനങ്ങളെ രണ്ടുചേരിയാക്കിത്തിരിച്ചു. ഒടുവിൽ, യഹൂദരുടെ അക്രമം ഭയന്ന് അവർക്ക് അവിടവും വിട്ടുപോകേണ്ടിവന്നു.
പിന്നീട് അവർ പോയ ലുസ്ത്രയെക്കുറിച്ച് പറയുന്നിടത്ത് ദൈവഭയമുള്ള വിജാതീയരെക്കുറിച്ചുള്ള പരാമർശമൊന്നുമില്ലാത്തതുകൊണ്ട് അവിടെ പ്രസംഗവേദിയാകാൻ സിനഗോഗ് ഒന്നും ഇല്ലായിരുന്നു എന്ന് കരുതണം.[19] ഒരിടത്ത് ജന്മനാ മുടന്തനായ ഒരു മനുഷ്യനെ കണ്ട് അയാളുടെ വിശ്വാസത്തെപ്പറ്റിബോദ്ധ്യം വന്ന പൗലോസ് അയാളെ സുഖപ്പെടുത്തിയെന്നും അതുകണ്ട് അത്ഭുതപരതന്ത്രരായ നാട്ടുകാർ, പൗലോസിനേയും ബർണ്ണബാസിനേയും സൂയസ്-ഹെർമെസ് ദേവന്മാരുടെ അവതാരങ്ങളായി പരിഗണിച്ച് അവർക്ക് കാളകളെ ബലിയർപ്പിക്കാനൊരുങ്ങിയെന്നും നടപടിപ്പുസ്തകം പറയുന്നു.(നടപടി 14:8-13) അത് വിലക്കിയശേഷം, ഇസ്രായേലിന്റെ ദൈവസങ്കല്പത്തെക്കുറിച്ച് കേട്ടിട്ടേയില്ലാതിരുന്ന അവരോട് പൗലോസ് അത്തരം ആളുകൾക്ക് ചേരുന്ന ശൈലിയിൽ പ്രസംഗിച്ചു(നടപടി 14:15).
തുടർന്ന്, അന്ത്യോക്യയിലും ഐക്കോണിയത്തിലും ശത്രുക്കളായുണ്ടായിരുന്ന യഹൂദർ പൗലോസിനെ പിന്തുടർന്ന് വന്ന് കല്ലെറിഞ്ഞ് മൃതപ്രായനാക്കിയതായി പറയുന്നുണ്ട്. എങ്ങനെയോ രക്ഷപെട്ട അദ്ദേഹവും ബർണ്ണബാസും ദെർബേയിലേക്ക് പോയി അവിടെ പ്രസംഗിച്ചു. അതിനുശേഷം അവർ മുൻപ് സന്ദർശിച്ചിരുന്ന പട്ടണങ്ങളിൽ വീണ്ടും ചെന്ന് വിശ്വാസികളെ പ്രബോധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തശേഷം അന്ത്യോഖ്യയിലേയ്ക്ക് മടങ്ങി. അവിടത്തെ സഭാസമ്മേളനത്തിന് മുൻപിൽ പൗലോസും ബർണ്ണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങൾ വിശദീകരിച്ചു.
അക്കാലത്ത് യെരുശലേമിൽ നടന്ന അപ്പസ്തോലന്മാരുടേയും മറ്റുസഭാനേതാക്കന്മാരുടേയും ഒരു സമ്മേളനത്തിൽ പൗലോസ് പങ്കെടുത്തതായി നടപടി പുസ്തകം(ആദ്ധ്യായം 15) പറയുന്നു. ക്രിസ്തുമതത്തിലേക്ക് വരുന്ന യഹൂദേതരരെ പരിഛേദനകർമ്മത്തിന് വിധേയനാക്കണമോ എന്നതും മോശയുടെ നിയമവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളുമാണ് സമ്മേളനം ചർച്ച ചെയ്തത്. ക്രൈസ്തവപാരമ്പര്യത്തിൽ ഈ ഒത്തുചേരൽ യെരുശലേം സമ്മേളനം[20] എന്നാണ് അറിയപ്പെടുന്നതെങ്കിലും പുതിയനിയമത്തിൽ ഒരിടത്തും ആ പേര് ഉപയോഗിച്ചു കാണുന്നില്ല. പൗലോസും മറ്റപ്പസ്തോലന്മാരും യെരുശലേമിൽ പലവട്ടം സമ്മേളിച്ചാകണം ചർച്ചകൾ നടത്തിയത്. എന്നാൽ ആ സമ്മേളനങ്ങളുടെ പിന്തുടർച്ചാക്രമവും അവയുമായി ബന്ധപ്പെട്ട സംഭവഗതികളുടെ യഥാർഥ സ്വഭാവവും ഉറപ്പില്ല. യെരുശലേമിലെക്കുള്ള ചില സന്ദർശനങ്ങൾ നടപടിപ്പുസ്തകത്തിലും ചിലത് പൗലോസിന്റെ ലേഖനങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ചില സന്ദർശനങ്ങൾ രണ്ടിലും പരാമർശിക്കപ്പെട്ടിട്ടുള്ളതായി തോന്നും. [21] ഉദാഹരണത്തിന് ക്ഷാമദുരിതാശ്വാസവുമായി യെരുശലേമിലേക്ക് നടത്തിയതായി നടപടിപ്പുസ്തകത്തിൽ(11:27-30) പറയുന്ന സന്ദർശനം തന്നെയാണ് ഗലാത്തിയർക്കുള്ള ലേഖനത്തിൽ (1:18-20) കേഫായേയും യാക്കോബിനേയും കാണാൻ അവസരം കിട്ടിയ ആദ്യസന്ദർശനാമായി പൗലോസ് പരാമർശിക്കുന്നത് എന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. [21] ഗലാത്തിയർക്കുള്ള ലേഖനത്തിൽ തന്നെ(2:1) പൗലോസ് രണ്ടാമത്തെ ഒരു 'സ്വകാര്യ' സന്ദർശനത്തിന്റെ കാര്യം പറയുന്നുണ്ട്. എന്നാൽ നടപടിപ്പുസ്തകം (അദ്ധ്യായം 15) ഇതിന് സമാന്തരമെന്ന് തോന്നുമാറ് പറയുന്നത്, സമാപനത്തിൽ യാക്കോബ് പ്രസംഗിച്ച ഒരു പൊതുസമ്മേളനത്തിന്റെ കാര്യമാണ്. മിക്കവരും [21]കരുതുന്നത് ഗലാത്തിയർക്കുള്ള ലേഖനം 2:1-ൽ പരാമർശിക്കപ്പെടുന്നത് നടപടിപ്പുസ്തകം പതിനഞ്ചാം അദ്ധ്യായത്തിൽ പറയുന്ന യെരുശലേം സമ്മേളനം തന്നെയാണെന്നാണ്. എന്നാൽ ഗലാത്തിയർക്കുള്ള ലേഖനത്തിലെ ഈ പരാമർശം നടപടിപ്പുസ്തകം പതിനൊന്നാം അദ്ധ്യയത്തിൽ പറയുന്ന ക്ഷാമദുരിതാശ്വാസവുമായി ബന്ധപ്പെട്ട സന്ദർശനം ആണെന്ന് കരുതുന്നവരും ഉണ്ട്. മറ്റുചില ഊഹങ്ങളും മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണട്. പതിനാലുവർഷത്തെ ഇടവേള രണ്ടു സന്ദർശനങ്ങൾക്കിടയിലല്ല, പൗലോസിന്റെ പരിവർത്തനവും രണ്ടാം സന്ദർശനവും തമ്മിലാണ്എന്നതാണ് ഒരു നിർദ്ദേശം. ജെറുസലേമിൽ നടന്നത് സ്വകാര്യ സന്ദർശനത്തിനുപകരം പരസ്യസമാഗമമാണെങ്കിൽ, ഗലാത്തിയർക്കുള്ള ലേഖനത്തിന്റെ രചനക്കുശേഷം അത് നടന്നതായി കരുതുന്നതാകും ഉചിതം.
നടപടിപ്പുസ്തകവും ഗലാത്തിയർക്കുള്ള ലേഖനവും അനുസരിച്ച്, യഹൂദേതരരുടെയിടയിൽ നിന്ന് ക്രിസ്ത്യാനികളാകുന്നവരെ പരിഛേദനകർമ്മത്തിന് വിധേയരാക്കേണ്ടതുണ്ടോ എന്ന വിഷയം അപ്പസ്തോലന്മാരും ഇതര സഭാനേതാക്കന്മാരുമായി ചർച്ച ചെയ്യാൻ അന്ത്യോഖ്യയിലെ സഭ, പൗലോസിനേയും ബർണ്ണബാസിനേയും തെരഞ്ഞെടുത്ത് ജെറുസലേമിലേക്ക് അയക്കുകയാണ് ചെയ്തത് (നടപടി 15:2; ഗലാത്തിയർ 2:1). [22] താൻ പോയത് ദൈവപ്രേരണയനുസരിച്ചും യഹൂദേതരരുടെയിടയിൽ പ്രസംഗിച്ച സുവിശേഷത്തെപ്പറ്റി ജറുസലേമിലുള്ളവരോട് പറയാൻ വേണ്ടിയുമാണെന്ന് പൗലോസ് പറയുന്നുണ്ട്(ഗലാത്തിയർ 2:2). സമ്മേളനത്തിൽ പത്രോസ്, യഹൂദേതരരെ വിശ്വാസത്താൽ വിശുദ്ധീകരിക്കുന്ന ദൈവം അവരേയും യഹൂദരേയും വേർതിരിച്ചുകാണുന്നില്ലെന്നു(നടപടി 15:9) സമ്മതമായി. ദൈവത്തിലേക്ക് തിരിയുന്ന യഹൂദേതരർക്കുമുൻപിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും യാക്കോബും തിരിച്ചറിയപ്പെട്ടു(നടപടി 15:19-21). ഒടുവിൽ, ക്രിസ്തുമതം സ്വീകരിച്ച് യഹൂദേതരർക്കായി ഒരു കത്ത് പൗലോസിന്റെ കയ്യിൽ യെരുശലേമിലെ സഭാനേതാക്കന്മാർ കൊടുത്തയച്ചു. വിഗ്രഹാരാധന, അസന്മാർഗ്ഗികത എന്നിവയിൽ നിന്ന് അകന്നുനിൽക്കുവാനും രക്തത്തോടുകൂടിയതും ശ്വാസം മുട്ടിമരിച്ച മൃഗങ്ങളുടേതു പോലെയുള്ളതുമായ മാംസം ഭക്ഷിക്കുന്നത് ഒഴിവാക്കുവാനും മറ്റുമായിരുന്നു പിൽക്കാലത്ത് അപ്പസ്തോലന്മാരുടെ തീരുമാനം(Apostolic Decree) എന്നറിയപ്പെട്ട ആ രേഖ യഹൂദേതര ക്രൈസ്തവരോട് ആവശ്യപ്പെട്ടു(നടപടി 15:29).
യെരുശലേം സമ്മേളനത്തിലെ തീരുമാനത്തിനുശേഷവും യഹൂദേതരക്രൈസ്തവരോട് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സഭയിൽ തർക്കങ്ങൾ അവശേഷിച്ചിരുന്നുവെന്ന് കരുതണം. അന്ത്യോഖ്യയിലെ യഹൂദേതരക്രൈസ്തവരോടൊപ്പം[23] ഭക്ഷണത്തിനിരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ താൻ പത്രോസുമായി പരസ്യമായി ഏറ്റുമുട്ടിയതായി പൗലോസ് പറയുന്നുണ്ട്. പത്രോസ് തെറ്റുകാരനായിരുന്നതുകൊണ്ട്, അദ്ദേഹത്തെ താൻ മുഖത്തുനോക്കി വിമർശിച്ചുവെന്നും യഹൂദനായിരുന്നിട്ടും യഹൂദേതരനെപ്പോലെ ജീവിക്കുന്ന പത്രോസിന്, യഹൂദേതരരെ യഹൂദാചാരങ്ങൾ പിന്തുടരുന്നതിനു നിർബ്ബന്ധിക്കാൻ എങ്ങനെ കഴിയുമെന്ന് ചോദിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്(ഗലാത്തിയർ 2:11-14). ആ തർക്കത്തിൽ ബർണ്ണബാസ് പോലും പത്രോസിന്റെ പക്ഷത്തായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.[24] ഈ തർക്കത്തെക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശം പറയുന്നത് പൗലോസിന്റെ വിവരണത്തിൻ നിന്ന് അദ്ദേഹത്തിന്റെ ശകാരം ശരിയായിരുന്നുവെന്ന് പത്രോസ് മനസ്സിലാക്കിയെന്ന് കരുതാമെന്നാണ്. എന്നാൽ, യേശു മുതൽ ക്രിസ്തുമതം വരെ എന്ന കൃതിയിൽ എൽ.മൈക്കൽ വൈറ്റ് എഴുതുന്നത് പത്രോസുമായുള്ള ആ ഏറ്റുമുട്ടലിൽ പൗലോസിന്റെ 'രാഷ്ട്രീയവീരവാദം' (Political bravado) പൂർണ്ണമായും പരാജയപ്പെട്ടെന്നും അന്ത്യോഖ്യയിൽ എല്ലാവർക്കും അസ്വീകൃതനായി തീർന്ന് അവിടം വിടേണ്ടിവന്ന അദ്ദേഹം പിന്നീടൊരിക്കലും അവിടേക്ക് മടങ്ങിയില്ലെന്നുമാണ്. [25] "കുറേനാൾ കഴിഞ്ഞ്" പൗലോസ് "രണ്ടാം പ്രേഷിതയാത്രക്കായി" അന്ത്യോഖ്യ വിട്ടു എന്ന് മാത്രം പറയുന്ന ശ്ലീഹന്മാരുടെ നടപടികൾ അപ്പസ്തോലന്മാരുടെ ഈ ഏറ്റുമുട്ടൽ രേഖപ്പെടുത്തിയിട്ടില്ല(നടപടി 15:36-18:22). താനും ബർണ്ണബാസും സുവിശേഷം പ്രസംഗിച്ച പട്ടണങ്ങൾ സന്ദർശിക്കുകയായിരുന്നു ഈ യാത്രയിൽ പൗലോസിന്റെ ലക്ഷ്യമെങ്കിലും ബർണ്ണബാസ് കൂടെയുണ്ടായിരുന്നില്ല.
യോഹന്നാൻ മർക്കോസ് എന്നയാളെ കൂടെ കൊണ്ടുപോകണമോ എന്ന കാര്യത്തിലെ തർക്കമാണ് രണ്ടാം പ്രേഷിതയാത്രയിൽ പൗലോസും ബർണ്ണബാസും രണ്ടുവഴിക്ക് പോയതിന് കാരണമായി നടപടിപ്പുസ്തകം (15:36-41) പറയുന്നത്. പൗലോസിന്റെ സഹചാരിയായി സിലാസായിരുന്നു ഇത്തവണ. യോഹന്നാൻ മർക്കോസ് ബർണ്ണബാസിനൊപ്പം പോയി.
പൗലോസും സിലാസും ആദ്യം ദെർബേയിലേക്കും അവിടന്ന് ലുസ്ത്രയിലേക്കുമാണ് പോയത്(നടപടി 16:1-18:22). ഇടക്ക് തിമോത്തിയോസെന്ന് പേരുള്ളൊരു യുവാവും അവർക്കൊപ്പം ചേർന്നു. അയാളുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു. യാത്ര തുടരുന്നതിന് മുൻപ് തിമോത്തിയോസിനെ പൗലോസ് പരിഛേദനകർമ്മത്തിന് വിധേയനാക്കി(നടപടി 16:3). [26]തുടർന്ന് ഫിർജിയ, വടക്കൻ ഗലാത്തിയ, ത്രാവോസ് എന്നിവിടങ്ങളിൽ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ മാസിഡോണിയയിലേക്ക് പോകാൻ ദൈവപ്രേരണയുണ്ടായതായി തോന്നിയ അവർ അവിടേക്കു പോയി. മാസിഡോണിയയിലെ ഫിലിപ്പിയിൽ അവർ ത്യാത്തിരായിലെ ലിഡിയ എന്നൊരു ധനികസ്ത്രീയെ കണ്ടുമുട്ടി അവളേയും കുടുംബത്തേയും ജ്ഞാനസ്നാനപ്പെടുത്തി. ഫിലിപ്പിയിൽ പൗലോസ് ബന്ധനത്തിലാവുകയും കഠിനമായി മർദ്ദിക്കപ്പെടുകയും ചെയ്തു. തുടർന്ന് അദ്ദേഹം തെസ്സലോനിക്കയിലേക്കു പോയെന്ന് നടപടിപ്പുസ്തകം പറയുന്നു. [27] ഇത് തെസ്സലോനിക്കർക്കെഴുതിയ ഒന്നാം ലേഖനത്തിൽ(2:2) പൗലോസ് പറയുന്നതുമായി ഒത്തുപോകുന്നുണ്ട്. എന്നാൽ പൗലോസ് ഫിലിപ്പിയിൽ ഏതാനും ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് കണക്കിലെടുക്കുമ്പോൾ, ഫിലിപ്പിയിലെ സഭ സ്ഥാപിച്ചത് മറ്റാരെങ്കിലുമായിരുന്നു എന്ന് കരുതേണ്ടിവരും. തെസ്സലോനിക്കയിൽ നിന്ന് പൗലോസ് ആഥൻസിലെത്തി. അവിടത്തെ അരിയോപാഗസ് എന്ന പൊതുസ്ഥലത്ത് അദ്ദേഹം പ്രസിദ്ധമായൊരു പ്രസംഗം നടത്തിയതായി നടപടിപ്പുസ്തകം പറയുന്നു. 'അറിയപ്പെടാത്ത' ദൈവത്തിനായി ആഥൻസിൽ ഒരു ക്ഷേത്രമുള്ളത് പരാമർശിച്ചിട്ട് അറിയപ്പെടാത്ത ആ ദൈവം യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച ദൈവം തന്നെയാണെന്ന് പൗലോസ് പറഞ്ഞു(നടപടി 17:16-34). ഈ പ്രഭാഷണവും അതിന്റെ ഭൗതികപശ്ചാത്തലം തന്നെയും നടപ്പടിപ്പുസ്തകം രചിച്ചയാളുടെ ഭാവനാസൃഷ്ടികാമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[28]
തുടർന്ന് പൗലോസ് കൊറീന്തിലേക്കുപോയി അവിടെ മൂന്നുവർഷം താമസിച്ചു. ക്രി.വ.50-ലോ 51-ലോ എഴുതിയിരിക്കാവുന്ന തെസ്സലോനിക്കർക്കുള്ള ഒന്നാം ലേഖനം കൊറീന്തിൽ വച്ച് എഴുതിയതാകാം(നടപടി 18:12-17). കൊറീന്തിലെ യഹൂദർ പൗലോസിനെതിരെ തിരിഞ്ഞ്, നിയമാനുസൃതമല്ലാത്തെ രീതിയിൽ ദൈവാരാധന നടത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്നു പരാതികൊടുത്തു. പരാതി പരിഗണിച്ച ഉപസ്ഥാനപതി ഗല്ലിയോ, അത് ഒരു മതത്തിനുള്ളിലെ തർക്കത്തിന്റെ കാര്യമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. തുടർന്ന് സിനഗോഗിലെ അധികാരികളിൽ ഒരാളായിരുന്ന സോസ്തനീസിനെ ചിലർ ചേർന്ന് പിടികൂടി ന്യായാസനത്തിന് മുൻപിലിട്ട് മർദ്ദിച്ചു. ഗല്ലിയോ അതിന്മേലും നടപടിയൊന്നും എടുത്തില്ല.[29] ഗല്ലിയോ ഉപസ്ഥാനപതിസ്ഥാനം വഹിച്ചത് ക്രി.വ. 51-53 വർഷങ്ങൾക്കിടയിലാണെന്ന് ഡെൽഫിയിൽ നിന്ന് കിട്ടിയ ഒരു ലിഖിതത്തിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുള്ളതിനാൽ ഈ സംഭവങ്ങൾ നടന്നത് അക്കാലത്താകാം. പൗലോസിന്റെ ജീവിതത്തിന്റെ സമയക്രമത്തിൽ ഉറപ്പുപറയാവുന്നത് ഇതുമാത്രമാണ്. [30]
യഹൂദരുമായുള്ള തർക്കത്തിനുശേഷം പൗലോസ് തന്റെ പ്രഘോഷണയാത്ര പുനരാരംഭിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ ദൗത്യം മൂന്നാം പ്രേഷിതയാത്ര എന്നാണ് അറിയപ്പെടുന്നത്(നടപടി 18:23-21:26). ഏഷ്യാമൈനറിലേക്കും, മാസിഡോണിയയിലേക്കും, അന്ത്യോക്യയിലേക്ക് തിരികെയും എല്ലാം അദ്ദേഹം സഞ്ചരിച്ചു. പൗലോസിന്റെ പ്രസംഗം മൂലം തങ്ങളുടെ വരുമാനം ഇല്ലാതാകുമെന്ന് ഭയന്ന എഫേസൂസിലെ വെള്ളിപ്പണിക്കാർ അവിടത്തെ പൊതുവേദിയിൽ വലിയ കോലാഹലമുണ്ടാക്കിയതായി നടപടിപ്പുസ്തകം പറയുന്ന. ദയാനദേവിയുടെ പ്രതിമകൾ നിർമ്മിച്ച് ഭക്തർക്ക് വിൽക്കുന്നതായിരുന്നു അവരുടെ വരുമാനമാർഗ്ഗമെന്നും കോലാഹലത്തിനിടെ ജനം പൗലോസിനെയും കൂടെയുള്ളവരേയും കൊല്ലുമെന്ന സ്ഥിതിവരെയായെന്നുമാണു കഥ(നടപടി 19:21-41). പിന്നീട് ജെറുസലേമിലെക്കുള്ള യാത്രാമദ്ധ്യേ എഫേസൂസ് കടന്നുപോയ പൗലോസ് അവിടെ തങ്ങിയില്ല. പെന്തക്കൊസ്തായ്ക്ക് മുൻപ് ജെറുസലേമിലെത്താൻ തിടുക്കമായിരുന്നതാണ് കാരണം.[31] എന്നാൽ എഫേസൂസിലെ സഭയോടുള്ള പ്രത്യേക മമതകാരണം അദ്ദേഹം അവിടത്തെ സഭാനേതാക്കന്മാരെ മിലെത്തസിൽ വിളിച്ചുവരുത്തി കണ്ടു.(നടപടി 20:16-38)
ജറുസലേമിൽ മടങ്ങിയെത്തിയ പൗലോസ് യഹൂദേതരരുടെ ഇടയിലുള്ള തന്റെ ദൗത്യത്തിന്റെ വിശദമായ വിവരണം യാക്കോബിന് നൽകി(നടപടി 21:17-26). മറ്റു സഭാനേതാക്കന്മാരും അപ്പോൾ സന്നിഹിതരായിരുന്നു. യക്കോബും മറ്റുള്ളവരും, തങ്ങൾ കേട്ട കാര്യങ്ങളുടെ പേരിൽ ദൈവത്തിന് നന്ദി പറഞ്ഞു. തുടർന്ന് പലോസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾ കേൾക്കാനിടയായ ചില കാര്യങ്ങൾ പൗലോസിനെ ധരിപ്പിച്ചു. പരിഛേദനം തുടങ്ങി മോശെയുടെ നിയമത്തിൽ വിധിച്ചിട്ടുള്ള ആചാരങ്ങൾ ഉപേക്ഷിക്കാൻ യഹൂദരെ പൗലോസ് പഠിപ്പിക്കുന്നുവെന്നായിരുന്നു അവർ കേട്ടിരുന്നത്. യഹൂദരുടെ ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാനായി മറ്റു നാലു സഭാനേതാക്കന്മാർക്കൊപ്പം ദേവാലയത്തിലെത്തി, മോശെയുടെ നിയമം അനുസരിച്ചുള്ള ശുദ്ധീകരണപ്രതിജ്ഞ എടുക്കാൻ അവർ പൗലോസിനോടാവശ്യപ്പെട്ടു. അദ്ദേഹമതിന് സമ്മതിച്ചു.
പൗലോസിനെ ഒരു യഹൂദേതരനൊപ്പം നേരത്തേ കണ്ടിരുന്ന ചിലർ, അദ്ദേഹം അയാളെ ദേവാലയത്തിലേക്ക് കൊണ്ടുവന്നതാണെന്ന് കരുതി. അങ്ങനെ ചെയ്യുന്നത് മരണശിക്ഷ അർഹിക്കുന്ന കുറ്റമായിരുന്നു.[32] യഹൂദർ പൗലോസിനെ കൊല്ലുമെന്നായപ്പോൾ റോമൻ സൈനികർ ഇടപെട്ടു. അവരുടെ തലവൻ പൗലോസിനെ പിടികൂടി ചോദ്യംചെയ്തിട്ട് ചാട്ടവാറടിക്ക് വിധേയനാക്കിയശേഷം ആദ്യം ജെറുസലേമിലും പിന്നെ കേസറിയായിലും തടവിൽ പാർപ്പിച്ചു.
റോമൻ പൗരനെന്ന നിലയിൽ റോമിൽ വിചാരണചെയ്യപ്പെടാനുള്ള തന്റെ അവകാശം ഉന്നയിച്ചെങ്കിലും അപ്പോൾ ഗവർണ്ണറായിരുന്ന അന്റോണിയസ് ഫെലിക്സിന്റെ അനാസ്തമൂലം പൗലോസ് രണ്ടുവർഷം കേസറിയായിലെ തടവിൽ തുടർന്നു. പുതിയ ഗവർണ്ണർ പോർസിയസ് ഫെസ്റ്റസ് സ്ഥനമേറ്റപ്പോൾ പൗലോസിനെ കപ്പലിൽ റോമിലേക്കയച്ചു. ഈ യാത്രക്കിടയിൽ കപ്പൽച്ചേതമുണ്ടായതിനെതുടർന്ന്, കപ്പലിലുണ്ടായിരുന്നവരെല്ലാം അടുത്തുള്ള ദ്വീപായ മാൾട്ടായിൽ ചെന്നുപെട്ടു. പൗലോസ് അവിടെ പ്രസംഗിക്കുകയും ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തതായി നടപടിപ്പുസ്തകം പറയുന്നുണ്ട്. അതു പരിഗണിച്ച്, റോമൻ കത്തോലിക്കാസഭ അദ്ദേഹത്തെ മാൾട്ടായുടെ മദ്ധ്യസ്ഥനായ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. മാൾട്ടായിൽ നിന്ന് പൗലോസ്, ഇറ്റലിലെ ദ്വീപായ സിസിലിയിലുള്ള സൈറാക്കൂസ് വഴി റോമിലേക്ക് പോയതായി കരുതപ്പെടുന്നു. നടപടിപ്പുസ്തകം (28:30-31)അനുസരിച്ച് പൗലോസ് റോമിൽ രണ്ടുവർഷം വീട്ടുതടങ്കലിൽ കഴിഞ്ഞു. അപ്പോഴും അദ്ദേഹം പഠിപ്പിക്കലും സുവിശേഷപ്രഘോഷണവും തുടർന്നു.
റോമിൽ തടവിൽ കഴിഞ്ഞ കാലത്തെക്കുറിച്ചറിയാൻ പൗലോസ് ഫിലിപ്പിയർക്കെഴുതിയ ലേഖനം സഹായകമാണ്. പ്രിട്ടോറിയൻ കാവൽക്കാരെയും സീസറിന്റെ ഭവനത്തേയും മറ്റുമൊക്കെപ്പറ്റി പരാമർശിക്കുന്നതിനാൽ അതിന്റെ രചന ജയിലിലാണ് നടന്നിരിക്കുക എന്നു കരുതണം.
പൗലോസ് റോമിൽ വച്ച് മരിക്കുകയാണോ അതോ റോമാക്കാർക്കെഴുതിയ ലേഖനത്തിൽ(15:22-27) സൂചിപ്പിച്ച ആഗ്രഹം സഫലമായി സ്പെയിനിലേക്ക് പോവുകയാണോ ഉണ്ടായത് എന്ന് വ്യക്തമല്ല. ക്ലെമെന്റിന്റെ ഒന്നാം ലേഖനത്തിൽ പൗലോസിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു:-[33]
“ | ക്ഷമാപൂർവമായ സഹനത്തിനു വിധിച്ചിരിക്കുന്ന സമ്മാനത്തിന് പൗലോസ് മാതൃകയും വഴികാട്ടിയുമായി. എഴുവട്ടം ബന്ധനവും, നാടുകടത്തലും, കല്ലേറും സഹിച്ച് കിഴക്കും പടിഞ്ഞാറും സുവിശേഷം പ്രസംഗിച്ച അദ്ദേഹം വിശ്വാസത്തിന്റെ സമ്മാനമായ പെരുമ കൈവരിച്ചു. മുഴുവൻ ലോകത്തേയും നീതിയുടെ മാർഗ്ഗം പഠിപ്പിച്ച് പൗലോസ് പശ്ചിമദിക്കിന്റെ വിദൂരപരിധിയിയോളമെത്തി. ഭരണാധികാരികളുടെ സമക്ഷം സാക്ഷ്യം പറഞ്ഞ് സഹനത്തിന്റെ ശ്രദ്ധേയമായ മാതൃക നൽകിയ അദ്ദേഹം ഒടുവിൽ ഈ ലോകത്തുനിന്ന് വിശുദ്ധസ്ഥലത്തേക്ക് യാത്രയായി. | ” |
ഈ ലേഖനഭാഗത്തിന്റെ നിരൂപണത്തിൽ റെയ്മണ്ട് ബ്രൗൺ പറയുന്നത് പൗലോസ് റോമിൽ വച്ച് രക്തസാക്ഷിയായി എന്ന് അത് തെളിവായി പറയുന്നില്ലെങ്കിലും അതിന്റെ ഏറ്റവും യുക്തിപൂർവമായ വ്യാഖ്യാനം അതുതന്നെയാണെന്നാണ്.
ക്രി.വ.നാലാം നൂറ്റാണ്ടിൽ കേസറിയായിലെ യൂസീബിയസ് എഴുതിയത് നീറോചക്രവർത്തിയുടെ വാഴ്ചക്കാലത്ത് പൗലോസ് ശിരഛേദം ചെയ്യപ്പെട്ടു എന്നാണ്. ഈ സംഭവം നടന്നത് റോമിൽ വലിയ അഗ്നിബാധയുണ്ടായ വർഷമായ ക്രി.വ. 64-ലോ അല്ലെങ്കിൽ പിന്നീട് 67-ലോ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. റോമൻ കത്തോലിക്കാ സഭയും പൌരസ്ത്യ സഭകളും ജൂൺ 29-ന് ആചരിക്കുന്ന പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ ഒരുപക്ഷേ പൗലോസിന്റെ രക്തസാക്ഷിത്ത്വത്തിന്റെ അനുസ്മരണ ആകാം. പത്രോസും പൗലോസും ഒരേ ദിവസം (ഒരുപക്ഷേ ഒരേ വർഷം തന്നെയും) ആണ് മരിച്ചത് എന്ന് ചില പാരമ്പര്യങ്ങൾ സൂചിപ്പിക്കുന്നതായും അവകാശവാദം ഉണ്ട്. [34]സ്പെയിനിലേക്കുള്ള യാത്രക്കുശേഷം പൗലോസ് ഗ്രീസും ഏഷ്യാമൈനറും വീണ്ടും സന്ദർശിച്ചിരിക്കാമെന്നും ത്രാവോസിൽ വച്ച് ബന്ധനത്തിലാക്കപ്പെട്ട് റോമിലേക്ക് കൊണ്ടുപോയി വധിക്കപ്പെട്ടിരിക്കാമെന്നും പറയുന്നവരും ഉണ്ട്(2 തിമോത്തി 4:13). ഒരു റോമൻ കത്തോലിക്കാ പാരമ്പര്യം അവകാശപ്പെടുന്നത്, അപ്പിയൻ വഴിയിലെ കറ്റാക്കോംബുകളിലൊന്നിൽ പത്രോസിനൊപ്പം പൗലോസ് സംസ്കരിക്കപ്പെട്ടുവെന്നും പിന്നീട് അദ്ദേഹത്തിന്റെ ശരീരം റോമിന്റെ മതിലുകൾക്കുപുറത്തുള്ള പൗലോസിന്റെ ബസിലിക്കായിലേക്ക് മറ്റപ്പെട്ടുവെന്നുമാണ്. സംപൂജ്യനായ ബീഡ്(Venerable Bede) തന്റെ സഭാചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പൗലോസ് കാരാഗൃഹത്തിൽ ധരിച്ചിരുന്ന ചങ്ങല കൊണ്ടുണ്ടാക്കിയ ഒരു കുരിശടക്കമുള്ള അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ ക്രി.വ. 665-ൽ വിത്താലിയൻ മാർപ്പാപ്പ വടക്കൻ ബ്രിട്ടണിലെ നോർത്തുംബ്രിയായിലെ രാജാവായിരുന്ന ഓസ്വേക്ക് കൊടുത്തു എന്നാണ്. തിരുശേഷിപ്പുകൾ എന്ന വാക്ക് ബീഡ് ഉപയോഗിച്ചത് ശരീരാവശിഷ്ടം എന്നുള്ള അർത്ഥത്തിലല്ല.
ലൂക്കായുടെ സുവിശേഷവും അദ്ദേഹത്തിന്റെ തന്നെ രചനയായി കരുതപ്പെടുന്ന നടപടിപ്പുസ്തകവും ചേർന്നാൽ പുതിയനിയമത്തിന്റെ മൂന്നിലൊന്നാകും. ലൂക്കാ കഴിഞ്ഞാൽ ഏറ്റവുമധികം പുതിയനിയമലിഖിതങ്ങളുടെ കർതൃത്വം പൗലോസിന് അവകാശപ്പെട്ടതാണ്. പതിമൂന്നുലേഖനങളുടെ കർത്താവ് അദ്ദേഹമാണെന്ന് കരുതിവരുന്നു. അവയുടെയെല്ലാം ഭാഷ ഗ്രീക്കുഭാഷയുടെ കൊയ്നേ വകഭേദമാണ്(Koine Greek). പൗലോസ് കേട്ടെഴുത്തുകാരെ ഉപയോഗിക്കുകയും വല്ലപ്പോഴും മാത്രം സ്വന്തം കൈപ്പടയിൽ എഴുതുകയും ആയിരുന്നിരിക്കണം. [35] പൗലോസിന്റേതെന്ന് ഉറപ്പായിപറയാവുന്ന ലേഖനങ്ങൾ ക്രൈസ്തവസിദ്ധന്തങ്ങളുടെ ആദ്യത്തെ ക്രമീകൃതമായ അവതരണമാണ്. ക്രിസ്തുമതത്തിന്റെ ശൈശവകാലത്തെക്കുറിച്ചുള്ള വിവരങ്ങളും അവ ഉൾക്കൊള്ളുന്നു. പുതിയനിയമഗ്രന്ഥങ്ങളിൽ ഏറ്റവും ആദ്യത്തേത് അവയാണെന്നതിൽ സംശയമില്ല. ലൂക്കാ എഴുതിയതെന്ന് കരുതപ്പെടുന്ന നടപടിപ്പുസ്തകത്തിലും പൗലോസ് പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, ആ കൃതിയിലേയും പൗലോസിന്റെ ലേഖനത്തിലേയും വസ്തുതകൾ തമ്മിൽ താരതമ്യം ചെയ്തു പഠിക്കാനും അവസരമുണ്ട്.
ലേഖനങ്ങൾ മിക്കവയും പൗലോസ് സ്ഥപിച്ചവയോ സന്ദർശിച്ചവയോ ആയ സഭകൾക്ക് എഴുതിയവയാണ്. പൗലോസ് ഒരു വലിയ ദേശാടകനായിരുന്നു. സൈപ്രസ്, ഇന്ന് ടർക്കി എന്നറിയപ്പെടുന്ന പുരാതനഏഷ്യാമൈനർ, മാസിഡോണിയ, ഗ്രീസിന്റെ മറ്റുഭാഗങ്ങൾ, ക്രീറ്റ്, റോം എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സുവിശേഷപ്രചണാർഥം സഞ്ചരിച്ചു. ലേഖനങ്ങൾ നിറയെ, ക്രിസ്ത്യാനികൾ എന്തൊക്കെ വിശ്വസിക്കണം എങ്ങനെ ജീവിക്കണം എന്നതിനെയൊക്കെപ്പറ്റിയുള്ള ആഹ്വാനങ്ങളാണ്. ഈ രചനകൾ അവയുടെ സ്വീകർത്താക്കളായിരുന്നവർക്കോ, ആധുനികകാലത്തെ വായനക്കാർക്കോ, യേശുവിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ അറിവൊന്നും നൽകുന്നില്ല. ഇക്കാര്യത്തിൽ ഏറ്റവും വെളിവായ പരാമർശമുള്ളത് യേശുവിന്റെ അന്ത്യഅത്താഴത്തെയും(1 കൊറിന്ത്യർ 11:17-34), കുരിശുമരണത്തേയും ഉയിർത്തെഴുന്നേല്പ്പിനേയും (1 കൊറിന്ത്യർ 15)കുറിച്ചാണ്. അതുപോലെതന്നെ, യേശുവിന്റെ പഠനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും വിരളമാണ്(1 കൊരിന്ത്യർ 7:10-11, 9:14). നാലുസുവിശേഷങ്ങൾ, നടപടിപ്പുസ്തകം, യാക്കോബിന്റെ ലേഖനം എന്നിവയുമായി പൗലോസിന്റെ വിശ്വാസസാക്ഷ്യത്തിന് എത്രമാത്രം ചേർച്ചയുണ്ട് എന്നത് ഇപ്പോഴും ഒരു സജീവപ്രശ്നമായി നിലനിൽക്കുന്നു. അഡോൾഫ് ഹാർനാക്കും മറ്റുപലരും പൗലോസിന്റെ ക്രിസ്തു, ചരിത്രത്തിലെ ക്രിസ്തുവിൽ നിന്ന് വളരെ ഭിന്നനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതായാലും ക്രിസ്ത്യാനിയായിരിക്കുകയെന്നതും ക്രൈസ്തവമായ ആത്മീയതയും എന്താണെന്നതിനെക്കുറിച്ച് ആദ്യമായി എഴുതിയത് പൗലോസാണ്.
പരമ്പരാഗതമായി പൗലോസിന്റേതായി കരുതപ്പെട്ട് പുതിയനിയമസംഹിതയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള 13 ലേഖനങ്ങളിൽ ഏഴെണ്ണത്തിന്റെയെങ്കിലും രചയിതാവ് പൗലോസാണെന്ന കാര്യത്തിൽ കാര്യമായ തർക്കമില്ല. റോമാക്കാർക്കെഴുതിയ ലേഖനം, കൊറിന്ത്യർക്കുള്ള ഒന്നും രണ്ടും ലേഖനങ്ങൾ, ഗലാത്തിയാക്കാർക്കെഴുതിയ ലേഖനം, ഫിലിപ്പിയർക്കുള്ള ലേഖനം, തെസ്സലോനിക്കർക്കുള്ള ഒന്നാംലേഖനം, ഫിലെമോനുള്ള ലേഖനം എന്നിവയാണ് ആ ലേഖനങ്ങൾ. പിന്നെയുള്ള ആറുലേഖനങ്ങളുടെ കാര്യത്തിൽ പൗലോസിന്റെ കർതൃത്വം വിവിധ അളവുകളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണട്.
കൊളോസിയർക്കെഴുതിയ ലേഖനത്തിന്റെ ആധികാരികത സംശയിക്കപ്പെടാൻ കാരണം പൗലോസിന്റെ മറ്റുരചനകളിൽ കാണാത്തതരത്തിൽ, യേശുവിനെ അദൃശ്യനായ ദൈവത്തിന്റെ പ്രതിഛായയായി വിവരിക്കുന്നതായി അതിലുള്ള ഭാഗമാണ്. അത്തരം ക്രിസ്തുശാസ്ത്രം വേറെ കാണുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ്. അതേസമയം, ആ ലേഖനത്തിലെ വ്യക്തിപരമായ പരാമർശങ്ങൾ കണക്കിലെടുക്കുമ്പോൾ, പൗലോസിന്റേതെന്ന് സമ്മതിക്കപ്പെട്ടിരിക്കുന്ന ഫിലെമോനുള്ള ലേഖനവുമായി അത് പ്രകടിപ്പിക്കുന്ന സമാനത അവഗണിക്കുകയും വയ്യ. എഫേസിയർക്കുള്ള ലേഖനത്തിന്റെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാണ്. കൊളോസിയർക്കുള്ള ലേഖനവുമായി സാമ്യമുള്ളതെങ്കിലും അതിന് ഒരു പ്രകടനപത്രികയുടെ മട്ടാണ്. വ്യക്തിപരമായ അനുസ്മരണങ്ങൾ തീരെയില്ല. അതിന്റെ ശൈലി പ്രത്യേകമാണ്. പൗലോസിന്റെ മറ്റു ലേഖനങ്ങളേപ്പോലെ അത് കുരിശിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നില്ല. യേശുവിന്റെ രണ്ടാംവരവിനെക്കുറിച്ച് അത് നിശ്ശബ്ദവുമാണ്. കൊറീന്ത്യർക്കുള്ള ഒന്നാം ലേഖനത്തിൽ(7:8-9) വിവാഹബന്ധത്തെ വളരെ മടിച്ചുമടിച്ചെന്ന മട്ടിൽ പരാമർശിക്കുമ്പോൾ എഫേസിയർക്കുള്ള ലേഖനം ക്രിസ്തീയവിവാഹത്തിന്റെ ഔന്നത്യം പ്രത്യേകം പുകഴ്ത്തിയിരിക്കുന്നു. അപ്പസ്തോലന്മാരുടേയും പ്രവാചകന്മാരുടേയും അടിത്തറയിൽ പണിയപ്പെട്ടിരിക്കുന്നതെന്ന് സഭയെക്കുറിച്ച് എഴുതിയിരിക്കുന്നത് രണ്ടാം തലമുറയിലെ ക്രൈസ്തവന്റെ രചനയാണതെന്ന തോന്നലുണ്ടാക്കുന്നു.[36] അത് പൗലോസിന്റെ തന്നെ രചനയാണെന്ന് വാദിക്കുന്നവർ അവകാശപ്പെടുന്നത് ഒരേസമയം പല സഭകളിൽ വായിക്കപ്പെടാനുദ്ദേശിച്ച് രചിച്ച അത് തർസൂസിലെ പൗലോസിന്റെ ചിന്തയുടെ വികസിതരൂപമാണെന്നാണ്.
അജപാലകർക്കുള്ള ലേഖനങ്ങൾ എന്നറിയപ്പെടുന്ന തിമോത്തിക്കുള്ള രണ്ടു ലേഖനങ്ങളുടേയും തീത്തൂസിനുള്ള ലേഖനത്തിന്റേയും കാര്യത്തിൽ പൗലോസിന്റെ കർതൃത്വം ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത് മൂന്നു വാദങ്ങളെ ആധാരമാക്കിയാണ്: പൗലോസിന്റേതെന്ന് സമ്മതിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങളിൽ നിന്ന് പദാവലിയിലും, ശൈലിയിലും, ദൈവശാസ്ത്രത്തിലും അവ വ്യത്യസ്തമായിരിക്കുന്നുവെന്നാണ് ഒരു വാദം. കൊളോസിയർക്കും എഫേസിയർക്കും എഴുതിയ ലേഖനങ്ങളെപ്പോലെ തടവിൽ ആയിരിക്കുമ്പോൾ എഴുതിയമട്ടിലുള്ളവയെങ്കിലും, പിന്നീട് ജയിൽമുക്തിയും അതേതുടർന്നുള്ള യാത്രകളുംകൂടി ഈ ലേഖനങ്ങൾ സങ്കല്പിക്കുന്നുണ്ടെന്നതിനാൽ, പൊതുവേ അറിയപ്പെടുന്ന പൗലോസിന്റെ ജീവചരിത്രവുമായി അവ ഒത്തുപോകുന്നില്ല എന്നാണ് അടുത്ത വാദം. ഒരു സഭ എങ്ങനെ പ്രവർത്തിക്കണം എന്ന പ്രായോഗികപ്രശ്നമാണ് ഈ ലേഖനങ്ങൾ ഉന്നയിക്കുന്നത്. നിത്യവൃത്തിയെക്കുറിച്ച് വേവലാതിപ്പെടുന്ന അവ സുവിശേഷപ്രഘോഷണത്തെക്കുറിച്ച് മൗനമാണ്.
തെസ്സലോനിക്കർക്കുള്ള രണ്ടാം ലേഖനത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നത് ശൈലീപരമായ കാരണങ്ങളാലാണ്. അത് തെസ്സലോനിക്കർക്കുള്ള ആദ്യലേഖനത്തെ ആശ്രയിച്ചെഴുതിയത് എന്നു തോന്നുമെങ്കിലും ശൈലി പൗലോസിന്റേതിൽ നിന്ന് ഭിന്നമായിരിക്കുന്നു.
പൗരാണികകാലത്ത് പൗലോസിന്റേതായി കരുതപ്പെട്ടിരുന്ന ഹെബ്രായർക്കുള്ള ലേഖനം പൗലോസിന്റേതല്ലെന്ന് അക്കാലത്തും വാദമുണ്ടായിരുന്നു. ആധുനികകാലത്ത് മിക്കവാറും വിദഗ്ദ്ധന്മാരെല്ലാം തന്നെ അത് പൗലോസിന്റേതല്ല എന്ന അഭിപ്രായക്കാരാണ്.
ചരിത്രത്തിലെ യേശുവിനെക്കുറിച്ച് പൗലോസിന്റെ ലേഖനങ്ങളിൽ കാര്യമായ വിവരമൊന്നും ഇല്ല. പൗലോസ് പ്രത്യേകമായി പരാമർശിക്കുന്നത് യേശുവിന്റെ ആന്ത്യ-അത്താഴവും(1 കൊറിന്ത്യർ 11:23) കുരിശുമരണവും (1 കൊറിന്ത്യർ 2:2, ഫിലിപ്പിയർ 2:8) പുനരുത്ഥാനവുമാണ്(ഫിലിപ്പിയർ 2:9). അതിന് പുറമേ, യേശു ദാവീദിന്റെ വംശത്തിൽ പിറന്ന യഹൂദനായിരുന്നെന്നും (റോമാക്കാർക്കെഴുതിയ ലേഖനം 1:3) ഒറ്റിക്കൊടുക്കപ്പെട്ടെന്നും (1 കൊറിന്ത്യർ 11:12)പൗലോസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലേഖനങ്ങളുടെ പ്രധാന ഊന്നൽ ക്രിസ്തുവുമായി ക്രിസ്ത്യാനികൾക്കുണ്ടായിരിക്കേണ്ട ബന്ധത്തിലും ക്രിസ്തുവിന്റെ രക്ഷാകരവൃത്തിയിലുമാണ്. താൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി തന്റെ ജീവൻ നൽകാനിരിക്കുന്നതായി യേശു മർക്കോസിന്റെ സുവിശേഷത്തിൽ പറയുന്നുണ്ട്.[37] ഈ ആശയത്തിന്റെ വികസിതരൂപം പല ലേഖനങ്ങളിലും, പ്രത്യേകിച്ച് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ, പൗലോസ് അവതരിപ്പിക്കുന്നുണട്.
തന്നിൽ വിശ്വസിക്കുന്നവർക്കായി യേശു നേടിയതെന്തെന്നതിനെ പൗലോസ് വിശദീകരിക്കുന്നത് "നിയമത്തിന് കീഴിൽകഴിഞ്ഞിരുന്ന പാപികളായിരുന്ന അവരെ ദാനമായിക്കിട്ടിയ അവന്റെ കൃപ നീതീകരിച്ചു"; "അവന്റെ മരണം അവരെ ദൈവവുമായി രമ്യപ്പെടുത്തി"; "യേശുവിന്റെ മരണം പരിഹാരബലിയോ സാന്ത്വനബലിയോ, വീണ്ടെടുപ്പുവിലയോ ആയിരുന്നു" എന്നൊക്കെയാണ്. യേശുനേടിയ കൃപ ദാനമായിക്കിട്ടുന്നത് വിശ്വാസം വഴിയാണെന്ന് പൗലോസ് വിശദീകരിക്കുന്നുണ്ട്(റോമാക്കാർക്കെഴുതിയ ലേഖനം 3:24, 5:9). ഇവിടെ നീതീകരണം, രമ്യപ്പെടൽ, വീണ്ടെടുക്കൽ എന്നീ ആശയങ്ങളിലാണ് ഊന്നൽ നൽകിയിരിക്കുന്നത്.
നീതീകരണം എന്നത് നിയമക്കോടതികൾ വഴി വന്ന ഒരു സങ്കല്പമാണ്.[38] നീതീകരിക്കപ്പെട്ടവർ കുറ്റവിമുക്തരാവുന്നു. പാപികൾ തെറ്റുകാരായതുകൊണ്ട്, മറ്റാർക്കെങ്കിലുമേ അവരെ കുറ്റവിമുക്തരാക്കാൻ കഴിയൂ. യേശു അതുചെയ്യുന്നുവെന്ന സങ്കല്പത്തിൽ നിന്നാണ് 'ശിക്ഷ-ഏറ്റെടുക്കൽ' (Penal substitution) എന്ന ആശയം ഉരുത്തിരിഞ്ഞത്. പാപികൾ, പൗലോസിന്റെ ഭാഷയിൽ, "വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നു"(റോമാക്കാർക്കെഴുതിയ ലേഖനം 5:1). ക്രിസ്തുവിനോട് ചേർന്നുനിന്നുകൊണ്ട്, പാപി, മരണത്തിലും ഉയിർപ്പിലും ക്രിസ്തുവിനോടുകൂടി ഒന്നാകുന്നു. കുറ്റവിമുക്തി നടക്കുന്നത് പാപി ക്രിസ്തുവിന്റെ നിഷ്കളങ്കത പങ്കുവക്കുന്നതുവഴിയല്ല. നിഷ്കളങ്കനായ യേശു, തന്റെ ത്യാഗംവഴി പാപിയുടെ ഓഹരിയായ ശിക്ഷ ഏറ്റെടുക്കുന്നതുവഴിയാണ്. പാപികൾ അർഹിക്കുന്ന ശിക്ഷ ഏറ്റെടുത്തുകൊണ്ട് യേശു അവരെ ദൈവകോപത്തിൽ നിന്ന് രക്ഷപെടുത്തിയെന്ന്(റോമാക്കാർക്കെഴുതിയ ലേഖനം 5:9) പൗലോസ് വാദിച്ചു. വിശ്വാസത്താലുള്ള നീതീകരണത്തിന്റെ വിശദീകരണത്തിന് പൗലോസ്, താൻ അനേകം ജനതകളുടെ പിതാവാകുമെന്ന ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ച പഴയനിയമത്തിലെ അബ്രാഹമിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മോശെക്ക് സിനായ് മലയിൽ വച്ച് ദൈവത്തിൽ നിന്ന് നിയമം ലഭിക്കുന്നതിന് മുൻപാണ് അബ്രാഹം ജീവിച്ചിരുന്നത്. യേശുവിന്റെ കാലത്തിനുമുന്പ് ജീവിച്ചിരുന്നവനെങ്കിലും, സുവിശേഷം മുൻകൂറായി അബ്രാഹമിന് വെളിപ്പെടുത്തപ്പെട്ടു എന്ന് പൗലോസ് അവകാശപ്പെട്ടു(ഗലാത്തിയർ 3:8).[39] യേശു നേരത്തേ ഉണ്ടായിരുന്നവനാണ് എന്ന പൗലോസിന്റെ വിശ്വാസവുമായി ചേർന്നുപോകുന്ന നിലപാടാണിത്(ഫിലിപ്പിയർ 2:5-11). കഴിഞ്ഞ ദശാബ്ദങ്ങളിൽ പല ദൈവശാസ്ത്രജ്ഞന്മാരും, വിശ്വാസം വഴിയുള്ള നീതീകരണം എന്ന പൗലോസിന്റെ സങ്കല്പത്തെ പുതിയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാൻ ശ്രമിച്ചിട്ടുണ്ട്. നീതീകരണമെന്നതിന് അവർ നൽകുന്ന അർത്ഥം വിശ്വസിക്കുന്നവരായ യഹൂദരേയും യഹൂദേതരരേയും ദൈവം സ്വീകരിക്കുന്നു എന്നാണ്. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പൗലോസ് ഇങ്ങനെ പറയുന്നു: "നിയമത്തോടുള്ള അനുസരണവഴിയല്ലാതെ, വിശ്വാസം വഴി ഒരാൾ നീതീകരിക്കപ്പെടുന്നു എന്നാണ് നമ്മുടെ വിശ്വാസം. ദൈവം യഹൂദരുടെ മാത്രം ദൈവമാണോ? അവിടുന്ന്, യഹൂദേതരരുടേയും ദൈവമല്ലേ. പരിഛേദിതരേയും അല്ലാത്തവരേയും ഒരേ വിശ്വാസം വഴി നീതീകരിക്കുന്നവനയ അവൻ യഹൂദേതരരുടേയും ദൈവമാണ്."(റോമാക്കാർക്കെഴുതിയ ലേഖനം 3:28-30). നീതീകരണത്തെ സംബന്ധിച്ച പൗലോസിന്റെ സിദ്ധാന്തം കേന്ദ്രീകൃതമായിരിക്കുന്നത് വിശ്വാസത്തിലാണ്. ദൈവം ഒരു ജനതയുടെ മാത്രമല്ലാതെ യഹൂദരുടേയും യഹൂദേതരരുടേയും ദൈവമായതുകൊണ്ട്, യഹൂദേതരർക്ക് ക്രിസ്തുമതത്തിൽ ചേരുന്നതിന് യഹൂദരായി മാറണമെന്നില്ല എന്നാണ് അതിൽ നിന്ന് സിദ്ധിക്കുന്നത്.[40]
നീതീകരണത്തിന്റെ വേരുകൾ നിയമക്കോടതികളിലാണെങ്കിൽ, വീണ്ടെടുപ്പ് എന്ന ആശയത്തിന്റെ ഉത്ഭവം അടിമകളുടെ വിമോചനത്തിൽ നിന്നാണ്. വ്യത്യസ്തമായ അർത്ഥത്തിലാണെങ്കിലും മോചനദ്രവ്യം കൊടുക്കൽ എന്ന ആശയവുമായി അതിന് ബന്ധമുണ്ട്. മോചനദ്രവ്യം ഒരാൾക്ക് അയാളുടെ ഉടമസ്ഥതയിലുള്ള ഒരടിമയുടെ സ്വാതന്ത്ര്യത്തിന് കൊടുത്തിരുന്ന വിലയായിരുന്നു. ഇവിടെയാകട്ടെ, യേശുവിന്റെ മരണമാണ് വിമോചനം സാദ്ധ്യമാക്കിയത്. പാപം മനുഷ്യന്റെമേൽ സാത്താന് അധികാരം നൽകിയതുമൂലം മോചനത്തന് നൽകിയ ഈ വില ലഭിച്ചത് സാത്താനാണെന്ന് ഒരിജനേയും അഗസ്റ്റിനേയും പോലുള്ള ചിന്തകന്മാർ വാദിച്ചിട്ടുണ്ട്.[41] പൗലോസാകട്ടെ, വില ആർക്കാണ് നൽകിയതെന്ന് പറയുന്നില്ല.
വീണ്ടെടുപ്പ് എന്ന ആശയത്തിന്റെ മറ്റൊരവതരണമായ രമ്യപ്പെടൽ എന്നതിന് ഒത്തുതീർപ്പാകുക, കലഹം അവസാനിപ്പിക്കുക എന്നൊക്കെയാണർഥം(റോമാക്കാർക്കെഴുതിയ ലേഖനം 5:9). യഹൂദർക്കും യഹൂദേതരർക്കുമിടയിൽ നിയമം പടുത്തുയർത്തിയ ഭിത്തി തകർക്കുകയാണ് യേശു ചെയ്തതെന്നും പൗലോസ് പറയുന്നുണ്ട്(എഫേസൂസുകാർക്കെഴുതിയ ലേഖനം 2:14).
യേശുവിന്റെ മരണം സാധ്യമാക്കിയ രക്ഷ പ്രാപിക്കാനുള്ള വഴി ജ്ഞാനസ്നാനം വഴി യേശുവുമായുള്ള ആത്മീയ ഐക്യമാണെന്ന് പൗലോസ് കരുതി. "യേശുവിൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട നാം യേശുവിന്റെ മരണത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടിരിക്കുന്നു" എന്നും((റോമാക്കാർക്കെഴുതിയ ലേഖനം 6:4) വിശ്വാസികൾ ക്രിസ്തുവിലും ക്രിസ്തു മഹത്ത്വത്തിന്റെ പ്രതീക്ഷയായി വിശ്വാസികളിലും ആയിരിക്കുനുവെന്നും അദ്ദേഹം എഴുതി. ഒരാളുടെ തെറ്റിന് മറ്റൊരാളെ ശിക്ഷിക്കുന്നത് അനീതിയാണെന്ന വാദത്തെ ജ്ഞാനസ്നാനത്തിൽ ക്രിസ്ത്യാനിയും ക്രിസ്തുവും ഒന്നായിരിക്കുകയാണെന്ന മറുവാദം കൊണ്ടു നേരിടുകയാണിവിടെ.
നീതീകരണം, രമ്യപ്പെടൽ, വീണ്ടെടുക്കൽ തുടങ്ങിയ പൗലോസിന്റെ ആശയങ്ങൾ, ക്രിസ്ത്യാനികളെ ക്രിസ്തുവിന്റെ മരണം എങ്ങനെ ബാധിക്കുന്നുവെന്ന് പ്രതീകാത്മകമായി വിശദീകരിക്കാനുള്ള ശ്രമമാണെന്ന് മധ്യകാല യൂറോപ്യൻ പണ്ഡിതനായ പീറ്റർ അബെലാർഡിനേയും ആധുനികകാലത്തെ ഹേസ്റ്റിങ്ങ്സ് റാഷ്ദാലിനേയും പോലെയുള്ളവർ കരുതി.[42] രക്ഷാകർമ്മത്തിന്റെ വ്യക്തിനിഷ്ടവിശദീകരണമെന്ന് ഇത് അറിയപ്പെടുന്നു. ഈ വാദമനുസരിച്ച്, ലക്ഷണമൊത്ത ഒരു ദൈവശാസ്ത്രം എഴുതുകയായിരുന്നില്ല പൗലോസ്; വിശദീകരിക്കാനാവാത്തത് വിശദീകരിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്. അതേസമയം ഇയാൻ മാർഖാമും, മറ്റും റോമാക്കാർക്കെഴുതിയ ലേഖനം കുഴഞ്ഞചിന്തയാണ് പ്രകടിപ്പിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.[43]
പൗലോസിന്റെ രചനകളെ വീണ്ടെടുക്കലിന്റെ വസ്തുനിഷ്ഠമായ ഒരു സിദ്ധാന്തമായി വിശദീകരിക്കാൻ പൗരാണികരും ആധുനികരുമായ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു സിദ്ധാന്തത്തെക്കുറിച്ച് അവർക്കിടയിൽ ആശയസമന്വയമില്ല. വിശ്വാസം വഴി മാത്രമായ നീതീകരണം എന്ന സിദ്ധാന്തം, പാശ്ചാത്യക്രൈസ്തവസഭയിൽ പതിനാറാം നൂറ്റാണ്ടിലുണ്ടായതും പ്രൊട്ടസ്റ്റന്റ് നവീകരണം എന്നപേരിൽ അറിയപ്പെടുന്നതുമായ പിളർപ്പിന് ഒരു വലിയ കാരണമായി. ആ സിദ്ധാന്തത്തിന് എതിരായി നിന്നത്,ദൈവനിയമങ്ങൾ പാലിച്ചും സഭ അനുവദിക്കുന്ന ദണ്ഡവിമോചനങ്ങൾ നേടിയും കാരുണ്യപ്രവർത്തികൾ മുഖേനയും രക്ഷ കൈവരിക്കാമെന്ന കാഴ്ചപ്പാടാണ്. ഈ തർക്കം, പണം കൊടുത്തു പ്രാർഥനകൾ ചൊല്ലിക്കുന്ന സംവിധാനം, ശുദ്ധീകരണസ്ഥലമെന്ന ആശയം തുടങ്ങിയവയെ ദുർബ്ബലമാക്കുകയും പടിഞ്ഞാറൻ യൂറോപ്പിൽ റോമൻകത്തോലിക്കാസഭക്ക് ബദലായ പ്രൊട്ടസ്റ്റന്റ് സഭകളുടെ സൃഷ്ടിക്ക് കാരണമാവുകയും ചെയ്തു. ഇക്കാര്യത്തിൽ മാർട്ടിൻ ലൂഥറും അനുയായികളും കൈക്കൊണ്ട നിലപാട് അറിയപ്പെടുന്നത്, 'വിശ്വാസമാത്രവാദം' എന്ന് അർത്ഥം വരുന്ന സോളിഫിഡിയനിസം (Solifidianism : Sola - മാത്രം; Fida - വിശ്വാസം) എന്ന പേരിലാണ്.
ദൈവശാസ്ത്രജ്ഞന്മാരായ അൻസെൽം,[44] ജോൺ കാൽവിൻ,[45] ആധുനികകാലത്തെ ഗുസ്താഫ് ഔലെൻ[46] എന്നിവരും വീണ്ടെടുപ്പിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയോന്നും സഭകളുടെ വിശ്വാസപ്രമാണങ്ങളുടെ ഭാഗമായില്ല. പാപികൾ അർഹിച്ച ശിക്ഷ യേശു എറ്റെടുക്കുകയാണ് ചെയ്തതെന്നുള്ള 'ഏറ്റെടുക്കൽ സിദ്ധാന്തം' വലിയ വിവാദമായി. ചിലർ അതിനെ അവശ്യസിദ്ധാന്തമായി കരുതിയപ്പോൾ മറ്റുള്ളവർക്ക് അത് നിന്ദനീയമെന്ന് തോന്നി. ഒരാളുടെ കുറ്റത്തിന് മറ്റൊരാളെ ശിക്ഷിക്കുന്നത് അനീതയും നിയമദൃഷ്ടിയിൽ അസ്വീകാര്യവും ആണെന്നായിരുന്നു അതിനെ എതിർത്തവരുടെ നിലപാട്.
രക്ഷ അർഹതയുടെ പേരിൽ ലഭിക്കുക സാധ്യമല്ലെന്നതിനാൽ അത് സൗജന്യദാനമാണെന്നും കൃപ വഴി ലഭിക്കുന്നതാണെന്നും പൗലോസ് വാദിച്ചു. സാധാരണയായി കൃപ എന്ന ആശയം പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടതാണെങ്കിലും പൗലോസിന്റെ രചനകളിൽ അത് യേശുക്രിസ്തുവിൽ നിന്ന് ലഭിക്കുന്നതായും (റോമാക്കാർക്കെഴുതിയ ലേഖനം 1:5) ദൈവത്തിൽ നിന്ന് യേശുക്രിസ്തുവിലുള്ള രക്ഷമൂലം ലഭിക്കുന്നതായും(റോമാക്കാർക്കെഴുതിയ ലേഖനം 3:24; കൊറിന്ത്യർക്കെഴുതിയ രണ്ടാം ലേഖനം 13:14) ഒക്കെയാണ് പറയുന്നത്. ആതമാവിനെയാകട്ടെ അദ്ദേഹം യേശുവിന്റെ ആത്മാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. അർഹിക്കാതെ സൗജന്യദാനമായി കിട്ടുന്ന രക്ഷ എന്ന ആശയം മുൻകൂറായുള്ള വിധിയിലുള്ള (Pre-destination) വിശ്വാസത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. മുൻകൂർ വിധിഎന്ന സങ്കല്പം ഏറെ വിവാദമുണർത്തിയിട്ടുണ്ട്. ഇരട്ടമുൻകൂർ വിധി(Double Pre-destination) എന്ന ആശയം അതിലേറെ വിവാദപരമാണ്. ദൈവം തന്റെ കൃപക്ക് പാത്രമാകാനിരിക്കുന്നവരെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നും അല്ലാത്തവരെ കഠിനഹൃദയന്മാരാക്കിയെന്നുമാണ് ഇരട്ടമുൻകൂർ വിധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്(റൊമാക്കാർക്കെഴുതിയ ലേഖനം 9:18).
യേശു എന്തുചെയ്തു എന്ന് പറയാൻ ശ്രമിച്ചതുപോലെ തന്നെ യേശു എന്തായിരുന്നു, എന്താണ് എന്നൊക്കെ വിശദീകരിക്കാനും പൗലോസ് ശ്രമിച്ചു. റോമാക്കാർക്കെഴുതിയ ലേഖനത്തിന്റെ തുടക്കത്തിൽ (1:4) യേശുവിനെ വിവരിച്ചിരിക്കുന്നത് "മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകവഴി തന്നിലുള്ള വിശുദ്ധിയുടെ ആത്മവിന് അനുസൃതമായി ദൈവപുത്രനെന്ന് പ്രഖ്യാപിക്കപ്പെട്ടവൻ എന്നാണ്". കൊളോസിയർക്കുള്ള ലേഖനത്തിൽ (1:15) കൂടുതൽ വ്യക്തതയോടെ യേശുവിനെ അദൃശ്യദൈവത്തിന്റെ പ്രതിഛായ എന്ന് വിശേഷിപ്പിച്ചിരുക്കുന്നു. കൊളോസിയർക്കുള്ള ലേഖനം പൗലോസിന്റേതല്ലെന്ന് പലരും കരുതാൻ ഒരു കാരണം ആ വിശേഷണത്തിന്റെ ഔന്നത്യവും അതുല്യതയും ആണ്.[47] പൗലോസിന്റേതെന്ന് പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ള ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ യേശുവിനെ "ദൈവസാദൃശ്യത്തിലായിരുന്നിട്ടും ദൈവവുമായി തുല്യത കാംക്ഷിക്കാതെ ദാസന്റെ വേഷം ധരിച്ച് സ്വയം ശൂന്യനാക്കിയവൻ, മനുഷ്യരൂപത്തിൽ സ്വയം താഴ്ത്തി കുരിശുമരണത്തോളം കീഴ്വഴങ്ങിയവൻ" എന്നൊക്കെയാണ്(ഫിലിപ്പിയർക്കുള്ള ലേഖനം 2:5-7) വിശേഷിപ്പിച്ചിരിക്കുന്നത്.
ആത്മാവിന്റെ വരങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ അഭിപ്രായങ്ങൾ വൈവിദ്ധ്യവും പ്രത്യേകതകളും നിറഞ്ഞതാണ്. ഉദാഹരണമായി, ഭാഷാവരത്തെ (Glosolalia) പരാമർശിക്കുന്നിടത്ത് (കൊറിന്ത്യർക്കുള്ള ഒന്നാം ലേഖനം, അദ്ധ്യായം 14) ആർക്കും മനസ്സിലാകാത്ത ഉന്മത്ത ജല്പനങ്ങളേക്കാൾ കേൾക്കുന്നവർക്ക് മനസ്സിലാകുന്ന പ്രവചനമാണ് അഭികാമ്യമായത് എന്നാണ് അദ്ദേഹം പറയുന്നത്. അനുവദനീയമായതെല്ലാം അഭികാമ്യമല്ലെന്ന് പൗലോസ് വാദിച്ചു. അന്യദൈവങ്ങൾക്ക് സമർപ്പിച്ച മാംസം ഭക്ഷിക്കുന്നതും, അവരുടെ ദേവാലയങ്ങൾ സന്ദർശിക്കുന്നതും, ഉന്മത്തമായ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും അദ്ദേഹം വർജ്ജ്യമായി കരുതി. അതേസമയം, പലതരം ദൈവികദാനങ്ങളിൽ കൂടി പ്രകടമാകുന്നതെങ്കിലും ഒരേ ലക്ഷ്യത്തിന്റെ പ്രാപ്തിക്കുതകുന്ന ഏകീകരണശക്തിയായാണ് ദൈവാത്മാവിനെ അദ്ദേഹം കണ്ടത്(കൊറിന്ത്യർക്കുള്ള ഒന്നാം ലേഖനം, അദ്ധ്യായം 12). ക്രൈസ്തവസമൂഹത്തെ അദ്ദേഹം മനുഷ്യശരീരവുമായി താരതമ്യപ്പെടുത്തി. ക്രിസ്തുവിന്റെ ആത്മാവിനാൽ ഒന്നിക്കപ്പെട്ട പലതരം അംഗങ്ങൾ ചേർന്നതായാണ് അദ്ദേഹം സഭയെ കണ്ടത്. അത്മാവിന്റെ വരങ്ങളിൽ ഭരണനൈപുണ്യം, അധ്യാപനശേഷി, രോഗശാന്തിവരുത്താനുള്ള കഴിവ്, പ്രവചനത്തിനും അത്ഭുതപ്രവർത്തനത്തിനും മറ്റുമുള്ള കഴിവുകൾ എന്നിവയെ അദ്ദേഹം ഉൾപ്പെടുത്തി. ആത്മാവിന്റെ ഫലങ്ങളിലാകട്ടെ സ്നേഹം, ആഹ്ലാദം, സമാധാനം, ക്ഷമ, ദയ, വിശ്വസ്തത, ശാന്തശീലം, ആത്മസംയമനക്ഷമത എന്നിവ ഉൾപ്പെട്ടു(ഗലാത്തിയർക്കുള്ള ലേഖനം 5:22).
പുതിയ ജീവിതത്തെ ജഡത്തിലല്ലാതെ ആത്മാവിലുള്ള ജീവിതമായി അദ്ദേഹം ചിത്രീകരിച്ചു. ഇതനുസരിച്ച്, ആത്മാവ് ക്രിസ്തുവിന്റെ ആത്മാവാകയാൽ വിശ്വസിക്കുന്നവർ ദൈവമക്കളാകുന്നു. ദൈവം അവരുടെ പിതാവും അവർ ക്രിസ്തുവിന്റെ അനന്തരാവകാശികളും ആയിത്തീരുന്നു(റോമാക്കാർക്കെഴുതിയ ലേഖനം 8:14).
പരിഛേദിതനായ യഹൂദനായിരുന്ന പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ(3:1-2) പരിഛേദനകര്മ്മത്തെ പുകഴ്ത്തുന്നതായി തോന്നുമെങ്കിലും കൊറിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിൽ (7:19) പരിഛേദനത്തിൽ കാര്യമില്ലെന്നു പറയുന്നു. ഗലാത്തിയർക്കെഴുതിയ ലേഖനത്തിലാകട്ടെ(6:11-13) പരിഛേദനവാദികളെ മാംസമാത്രമായ കാര്യങ്ങൾ ഘോഷിച്ചുനടക്കുന്നവരെന്നും ശാരീരികമായ കീർത്തി തേടുന്നവരെന്നും വിശേഷിപ്പിക്കുന്നു. ചിലയിടങ്ങളിൽ യഹൂദനിയമത്തിന്റെ ആധികാരികതയെ അദ്ദേഹം ചോദ്യം ചെയ്യുന്നു. പിൽക്കാലത്തെഴുതിയ ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ(3:2) ക്രിസ്ത്യാനികളോട് 'അംഗവിഛേദം' നടത്തുന്നവര്ക്കെതിരെ ജാഗ്രതപുലർത്താനും[48] ആ 'നായ്ക്കളെ' സൂക്ഷിച്ചുകൊള്ളുവാനും പറയുമ്പോൾ, യഹൂദരോടും യഹൂദനിയമത്തോടും അദ്ദേഹം കുറേക്കൂടി കടുത്തനിലപാടെടുക്കുന്നതായി തോന്നും. യഹൂദനോ യവനനോ ഇല്ലെന്നും എല്ലാവരിലും ആയിരിക്കുന്നവനായ ക്രിസ്തു മാത്രം എല്ലാം ആണെന്നും അദ്ദേഹം പറയുന്നു. അതേസമയം, പൗലോസ് യഹൂദരുടെ നാസീർവൃതം സ്വീകരിച്ചതായും[49] യഹൂദരെ തൃപ്തിപ്പെടുത്താനായി തിമോത്തിയെ പരിഛേദനകർമ്മത്തിന് വിധേയനാക്കിയതായും [50]നടപടിപ്പുസ്തകം പറയുന്നു. യഹൂദരെ നേടാനായി യഹൂദർക്കിടയിൽ താൻ യഹൂദനായതായി(1 കൊറിന്ത്യർ 9:20) അദ്ദേഹം തന്നെ പറയുന്നുണ്ട്. റോമാക്കാർക്കെഴുതിയ ലേഖനത്തിലാണെങ്കിൽ(7:12), നിയമം പരിശുദ്ധമാണ്, കല്പ്പനകൾ വിശുദ്ധവും, നീതിയുക്തവും നല്ലതുമാണ് എന്നും പറയുന്നു.
യഹൂദനിയമാനുസൃതമുള്ള ജീവിതത്തിൽ പൗലോസ് എത്രമാത്രം ഊന്നൽകൊടുത്തുവെന്നത് ആരംഭം മുതലേ തർക്കവിഷയമാണ്.[51] വിശ്വാസം വഴിയുള്ള നീതീകരണത്തെക്കുറിച്ച് എഴുതുന്ന അതേ ലേഖനത്തിൽ തന്നെ അദ്ദേഹം യഹൂദേതരരെക്കുറിച്ച് പറയുന്നത് നിയമം ശ്രവിക്കുന്നവരെയല്ല അത് പ്രവർത്തിക്കുന്നവരെയാണ് ദൈവം നീതീകരിക്കുക എന്നാണ്. പൗലോസിന്റെ നിലപാട് വൈരുദ്ധ്യരഹിതമായിരുന്നു എന്നു കരുതുന്നവർ അദ്ദേഹം വിശ്വാസമാത്രവാദിയായിരുന്നില്ല എന്ന് വാദിക്കുന്നു. യഹൂദരും യഹൂദേതരരും ഒരേ വിധത്തിൽ പാപത്തിന് ദാസ്യപ്പെട്ടിരിക്കുകയാണ് എന്നേ അദ്ദേഹം പറയുന്നുള്ളു എന്ന് മറ്റുചിലർ വാദിക്കുന്നു.
പൗലോസ് ഒരിക്കൽ യഹൂദനിയമം അനുശാസിക്കുന്ന ശുദ്ധീകരണകർമ്മത്തിന് വഴങ്ങുന്നതും(നടപടി 21:18-26), തിമോത്തിയെ പരിഛേദനത്തിന് വിധേയനാക്കുന്നതും(നടപടി 16:3), ഗലാത്തിയർക്കും ഫിലിപ്പിയർക്കുമെഴുതിയ ലേഖനങ്ങളിൽ യഹൂദനിയമത്തെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങളുമായി ചേർന്നുപോകുന്നതല്ല എന്ന് ചില പണ്ഡിതന്മാർ കരുതുന്നു. ഉദാഹരണമായി, നടപടിപ്പുസ്തകം വിശകലനം ചെയ്ത ജെ.ഡബ്ല്യൂ. മക്ഗാർവി അതിൽ ഇരുപത്തിയൊന്നാം അദ്ധ്യായത്തിലെ 18 മുതൽ 26 വരെ വാക്യങ്ങൾ അഗ്രാഹ്യവും, മോശെയുടെ നിയമത്തെക്കുറിച്ച് പൗലോസ് മറ്റിടങ്ങളിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് ഇണങ്ങാത്തവയും ആണെന്ന് പറയുന്നു.[52] പൗലോസിന്റെ കഥയിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായി തിമോത്തിയുടെ പരിഛേദനത്തെ കണ്ട മക്ഗാർവി, യഹൂദനിയമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടിന്റെ സ്ഥിരതയെ ആ സംഭവം തുരങ്കം വക്കുന്നതായി കരുതി.[53]
പൗലോസിന്റെ നിലപാടിലെ ഈ വൈരുദ്ധ്യത്തിന് വിശദീകരണമായി പറയാറ് യഹൂദനിയമത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം അയവുള്ളതായിരുന്നു എന്നാണ്. ഉദാഹരണമായി 1910-ലെ കത്തോലിക്കാ വിജ്ഞാനകോശം[54] പറയുന്നത്, "യഹൂദേതരരുടെ സ്വാതന്ത്ര്യത്തിന് വിഘ്നം വരാത്ത കാലത്തോളം മോശെയുടെ നിയമം പിന്തുടരുന്നതിന് പൗലോസ് എതിരായിരുന്നില്ലെന്നു മാത്രമല്ല, സാഹചര്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം തന്നെ ആ നിയമത്തിന്റെ അനുശാസനങ്ങളെ പിന്തുടർന്നു" എന്നാണ്(1 കൊറീന്ത്യർ 9:20).
മോശെയുടെ നിയമത്തോടും സാബത്തിനോടുമുള്ള പുതിയനിയമത്തിന്റെ സമീപനത്തിലുണ്ടെന്ന് തോന്നുന്ന വൈരുദ്ധ്യങ്ങൾക്ക് നൽകാറുള്ള മറ്റൊരുവിശദീകരണം, യേശുവും പൗലോസും, യഹൂദർ മോശെയുടെ നിയമവും യഹൂദേതരർ നോഹയുടെ ഏഴു ധാർമ്മിക നിയമങ്ങൾ മാത്രവും അനുസരിക്കണമെന്ന് അനുശാസിച്ചു എന്നാണ്.[55]
പൗലോസ് തന്റെ ആശയങ്ങൾ വികസിപ്പിക്കുന്നത് എഴുതുന്ന ലേഖനം ഏതു സഭാസമൂഹത്തെ ഉദ്ദേശിച്ചാണ് എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ്(1 കൊറിന്ത്യർ 9:19-23). കൊറിന്ത്യർക്കുള്ള ഒന്നാം ലേഖനത്തിൽ(15:29), ക്രിസ്തുവിലായിരിക്കുന്നവർക്ക് നൽകപ്പെടുന്ന രക്ഷ, മറ്റുള്ളവർ അവരുടെ പേരിൽ സ്വീകരിക്കുന്ന ജ്ഞാനസ്നാനം വഴി, മുൻകാലങ്ങളിൽ മരിച്ചവർക്കും ലഭിക്കും എന്ന് അദ്ദേഹം എഴുതുന്നുണ്ട്. ഈ ഉദ്ദേശത്തിലുള്ള ജ്ഞാനസ്നാനത്തെ പൗലോസ് പിന്തുണച്ചിരുന്നോ എന്ന് വ്യക്തമല്ല.
ലോകാവസാനത്തെക്കുറിച്ചുള്ള പൗലോസിന്റെ ആശയങ്ങൾ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത് തെസ്സലോനിക്കയിലെ സഭക്കെഴുതിയ ലേഖനങ്ങളിലാണ്. ഏറെ പീഡനങ്ങൾക്ക് ഇരയായിരുന്ന ആ സഭയിലെ ക്രിസ്ത്യാനികൾ ആദ്യം, നേരത്തേ മരണമടഞ്ഞവരുടെ വിധിയെക്കുറിച്ചും പിന്നീട് ലോകാവസാനം എപ്പോഴാണുണ്ടാവുകയെന്നും അന്വേഷിച്ച് അദ്ദേഹത്തിന് എഴുതിയെന്ന് കരുതണം. യേശുവിന്റെ പുനരാഗമനത്തിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുമെന്നും തുടർന്ന് ജീവിച്ചിരിക്കുന്നവർ അവരോടൊപ്പം ചേരുമെന്നും പൗലോസ് അവർക്ക് വിശദീക്കരിച്ചുകൊടുത്തു(1 തെസ്സലോനിയർ 4:16). ഇത് ഏറെ വൈകാതെ നടക്കുമെന്ന് ഒരു പക്ഷേ അദ്ദേഹം കരുതിയിരുന്നിരിക്കാമെങ്കിലും സമയകാലങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും നൽകാതിരിക്കുകയും കാലതാമസത്തിന് ഒരുങ്ങിയിരിക്കാൻ മുന്നറിയിപ്പുനൽകുകയുമാണു ചെയ്തത്.[56] അന്ത്യനാളുകളിൽ, യേശുവും വിനാശത്തിന്റെ മനുഷ്യനും തമ്മിൽ യുദ്ധം ഉണ്ടകുമെന്നും അത് യേശുവിന്റെ വിജയത്തിൽ കലാശിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
പൗലോസിന്റേയും മറ്റും യുഗാന്ത്യപ്രതീക്ഷയുടെ സാഫല്യം വൈകിയതിന് പല വിശദീകരണങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. യുഗാന്ത്യത്തിന്റെ കാര്യത്തിൽ പൗലോസിനും മറ്റും തെറ്റുപറ്റി എന്നാണ് ഒരു വിശദീകരണം. യുഗാന്ത്യം ഒരൊറ്റ സംഭവമല്ല, നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതാണെന്നും വ്യക്തികളെന്ന നിലയിൽ നാമെല്ലാം ഓരോ നിമിഷവും വിധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമാണെന്ന ഓസ്റ്റിൻ ഫാറരുടെ നിലപാട് മറ്റൊരു വിശദീകരണമാണ്. യുഗാന്ത്യം വൈകുന്നത് ദൈവം ക്ഷമാപൂർണ്ണനാണ് എന്നതിന് തെളിവായും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്(2 തെസ്സലോനിയർ 2:6).
പൗലോസ് പ്രതീക്ഷിച്ച യുഗാന്ത്യത്തിന്റെ രൂപമെന്തായിരുന്നു എന്നതിനെപ്പറ്റി കത്തോലിക്കാ വിജ്ഞാനകോശം വ്യതിരിക്തമായ രണ്ട് ആശയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തേത് സങ്കല്പ്പിക്കുന്നത് ദുഷ്ടന്മാർക്കും നീതിമാന്മാർക്കുമെന്നല്ല (റോമാക്കാർക്കെഴുതിയ ലേഖനം 14:10-12) മാലാഖാമാർക്കുപോലും(1 കൊറിന്ത്യർ 6:3) ബാധകമായ ഒരു പൊതുവിധിയാണ്. രണ്ടാമത്തേത് കൂടുതൽ വിവാദപരമാണ്: അതനുസരിച്ച് ദുഷ്ടരും (2 കൊറിന്ത്യർ 11:15) നീതിമാന്മാരും (2 തിമോത്തി 4:14) അടക്കം മനുഷ്യരെല്ലാം (റോമാക്കാർക്കെഴുതിയ ലേഖനം 2:6-9) വിശ്വാസത്തിന്റേയും കർമ്മങ്ങളുടേയും അടിസ്ഥാനത്തിൽ വിധിക്കപ്പെടുന്നു.
അപ്പസ്തോലനടപടികളിലും ലേഖനങ്ങളിലും പ്രത്യക്ഷപ്പെടുന്ന പൗലോസ് വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്ന് താൽമുദ് പണ്ഡിതനായ ഹ്യാം മക്കോബി വാദിക്കുന്നു. രണ്ടിലും കാണുന്ന ജീവിതരേഖകളെ സമന്വയിപ്പിക്കുവാനുള്ള ബുദ്ധിമുട്ടുകൾക്ക് പുറമേയാണിത്. നടപടികളിൽ പൗലോസിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രഭാഷണങ്ങളിൽ തെളിയുന്നത് തികച്ചും വ്യത്യസ്തമായൊരു മനസാണ്. നടപടികളിലെ പൗലോസിന് ദൈവശാസ്ത്രത്തേക്കാൾ താത്പര്യം ഭൗതികചരിത്രമാണ്. വിശ്വാസം വഴിയുള്ള നീതീകരണത്തെക്കുറിച്ചും ദൈവാത്മാവിനെക്കുറിച്ചും ഒക്കെ നടപടികളിലെ പൗലോസിന് ഒന്നും പറയാനില്ല. അതേസമയം സ്നാപകയോഹന്നാനെ പൗലോസ് ലേഖനങ്ങളിൽ പരാമർശിക്കുന്നതേയില്ല; നടപടികളിലെ പൗലോസാകട്ടെ അദ്ദേഹത്തെക്കുറിച്ച് പലവട്ടം സംസാരിക്കുന്നു എന്നും മക്കോബി ചൂൺടിക്കാട്ടുന്നു.
ജർമ്മനിയിലെ റ്റൂബിങ്ങൻ സർവകലാശാലയിലെ അദ്ധ്യാപകനും ക്രൈസ്തവദൈവശാസ്ത്രത്തിലെ റ്റൂബിങ്ങൻ ശാഖയുടെ പിതാവുമായ എഫ്.സി. ബൗർ(1792-1860) അഭിപ്രായപ്പെട്ടിട്ടുള്ളത്, 'പുറജാതികളുടെ' അപ്പസ്തോലനായിരുന്ന പൗലോസ് മറ്റ് അപ്പസ്തോലന്മാരുമായി കടുത്ത എതിർപ്പിൽ ആയിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പൗലോസ് മറ്റ് അപ്പസ്തോലന്മരുമായി സഹകരിച്ച് പ്രവർത്തിച്ചതായി ചിത്രീകരിക്കുന്ന ശ്ലീഹന്മാരുടെ നടപടികൾ, വിശ്വാസയോഗ്യമല്ലാത്ത പിൽക്കാലരചനയാണ്. ബൗർ തുടങ്ങിവച്ച ചർച്ച തുടർന്നുകൊണ്ടേയിരുന്നു. അതിൽ പങ്കെടുത്തവരിൽ അഡോൾഫ് ഡീസ്മാനെയും(1866-1937) റിച്ചാർഡ് റീറ്റ്സൻസ്റ്റീനിനേയും(1861-1931) പോലെയുള്ളവർ പൗലോസിന്റെ യവനപശ്ചാത്തലത്തിനും ആൽബർട്ട് ഷ്വൈറ്റ്സറും മറ്റും യഹൂദമതത്തിലെ അദ്ദേഹത്തിന്റെ വേരുകൾക്കും പ്രാധാന്യം കല്പിച്ചു.
മക്കോബിയുടെ സിദ്ധാന്തമനുസരിച്ച് യഹൂദമതം ജ്ഞാനവാദം, മിസ്റ്റിസിസം എന്നിവയെ സമന്വയിപ്പിച്ച് ഒരു സമഗ്രരക്ഷാമതമായി ക്രിസ്തുമതത്തെ രൂപപ്പെടുത്തുകയാണ് പൗലോസ് ചെയ്തത്. പൗലോസിന്റെ ഫരീസേയപശ്ചാത്തലം അദ്ദേഹത്തിന്റെ ഭാവനാസൃഷ്ടിയായിരുന്നെന്നും ഒരുപക്ഷേ സദ്ദൂക്കിയരുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നിരിക്കാമെന്നും മക്കോബി കരുതി. ക്രിസ്തുമതത്തിൽ കടന്നുകൂടിയ യഹൂദവിരോധത്തിന്റെ തുടക്കം പൗലോസിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീപുരുഷസമത്വസങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന നിരിവധി പരാമര്ശങ്ങൾ പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന പല ലേഖനങ്ങളിലും കാണാം. അവയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് തിമോത്തിക്കുള്ള ആദ്യലേഖനം തീത്തൂസിനുള്ള ലേഖനം എന്നിവയിൽ ഉള്ളവയാണ്. ജ്ഞാനവാദപണ്ഡിതയായ എലൈൻ പേഗൽസിന്റെ അഭിപ്രായം പൗലോസ് ജ്ഞാനവാദിയായിരുന്നെന്നും ജ്ഞാനവാദത്തെ വിമർശിക്കുന്നവയും അജപാലനലേഖനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നവയും ആയ തിമോത്തിക്കും തീത്തൂസിനും ഉള്ള ലേഖനങ്ങൾ ഈ വസ്തുത മറച്ചുവക്കാൻ വേണ്ടി പിൽക്കാലത്ത് ചമച്ച കപടരചനകളാണ് എന്നുമാണ്.[57] രണ്ടാം നൂറ്റാണ്ടിലെ ഭൂരിഭാഗം ക്രൈസ്തവസഭകളും മധ്യവർഗ്ഗത്തിലെ ഭൂരിഭാഗത്തിനൊപ്പം സ്ത്രീസമത്വത്തിനെതിരായ നിലപാടെടുത്തു എന്ന് അവർ പറയുന്നു. ക്രി.വ. 200-നടുത്തായപ്പോൾ, തിമോത്തിക്കുള്ള ഒന്നാം 'കപട-പൗലോസ്' (Pseudo Pauline) ലേഖനത്തിന് ഭൂരിഭാഗം സഭകളും ആധികാരകത കല്പിച്ചത്രെ. ആ ലേഖനം പൗലോസിന്റെ നിലപാടിലെ സ്ത്രീവിരോധത്തിൽ ഊന്നൽ കോടുത്തും പെരുപ്പിച്ചുകാട്ടിയും "ഓരോ സ്ത്രീയും മൗനത്തിലും കീഴ്വഴക്കത്തിലും പഠിക്കട്ടെ; സ്ത്രീ പഠിപ്പിക്കുന്നതോ പുരുഷന്മാരുടെമേൽ അധികാരം പ്രയോഗിക്കുന്നതോ ഞാൻ അനുവദിക്കുന്നില്ല; അവൾ മൗനം പാലിക്കട്ടെ" എന്നെഴുതി. സ്ത്രീകളോട് എല്ലാക്കാര്യത്തിലും ഭർത്താക്കന്മാർക്ക് വഴങ്ങിയിരിക്കാൻ ആവശ്യപ്പെടുന്ന കൊളോസിയർക്കും എഫേസിയർക്കും ഉള്ള ലേഖനങ്ങളും സ്ത്രീകളുടെനേരെ പൗലോസിനുണ്ടായിരുന്ന അനുകൂലമനോഭാവത്തെ പ്രതിഫലിപ്പിക്കാത്ത കൃത്രിമരചനകളാണെന്നും പേഗൽസിന് അഭിപ്രായമുണ്ട്.
സഭയിലും വിവാഹജീവിതത്തിലും സ്ത്രീകളെ പാർശ്വവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടവയാണ് 'കപട-പൗലോസ്' ലേഖങ്ങളെന്നതിനോട്, ദൈവശാസ്ത്രജ്ഞനായ റോബർട്ട് ക്രാമറും യോജിക്കുന്നു. ക്രി.വ. 115-നടുത്ത് എഴുതപ്പെട്ടവയാണെന്ന് ഇന്ന് മിക്കവാറും സമ്മതിക്കപ്പെട്ടിരിക്കുന്ന അജപാലനലേഖനങ്ങൾ രചിക്കപ്പെട്ടത് പൗലോസിന്റെ രക്തസാക്ഷിത്വം നടന്ന് അരനൂറ്റാണ്ട് കഴിഞ്ഞാണെന്നും കൊറിന്ത്യർക്കെഴുതിയ ആദ്യലേഖനത്തിലെ ചിലഭാഗങ്ങൾക്ക് തിമോത്തിക്കുള്ള ഒന്നാം ലേഖനവുമായുള്ള സാമ്യം കണക്കെലെടുക്കുമ്പോൾ, ആ ഭാഗങ്ങളും തിമോത്തിക്കുള്ള ഒന്നാം ലേഖനവും ഒരേ ആളോ ആളുകളോ പിന്നീട് എഴുതിയവയാണെന്ന് അനുമാനിക്കാമെന്നും അദ്ദേഹം പറയുന്നു. ഈ വീക്ഷണം അനുസരിച്ച്, സ്ത്രീകളെ പാർശ്വവൽക്കരിക്കുന്ന പിൽക്കാലരീതിക്ക് ആധികാരികത നൽകുകയായിരുന്നു ഈ കൃത്രിമരചനകൾ ഉദ്ദേശിച്ചത്.[58]
ഫാദർ ജെറോം മർഫി ഓക്കോണറും പൗലോസിന്റെ ലേഖനങ്ങളിൽ സ്ത്രീവിരുദ്ധമെന്നു തോന്നിക്കുന്ന വാക്യങ്ങൾ അദ്ദേഹത്തിന്റെ കാലശേഷം കൂട്ടിച്ചേർക്കപ്പെട്ടവയണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ "സഭയിൽ സംസാരിക്കുന്നത് സ്ത്രീകൾക്ക് ലജ്ജാകരമാണ് എന്നും മറ്റുമുള്ള കൊറിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിലെ വാക്യങ്ങൾ (14:34-35)പലരും പറയുന്നതുപോലെ ആ ലേഖനത്തിന്റെ പ്രധാനഭാഗമല്ല, പൗലോസിന് ശേഷം കൂട്ടിച്ചേർക്കപ്പെട്ടവയാണ്. യഹൂദനിയമത്തെ അടിസ്ഥാനമാക്കിയുള്ള അതിലെ വാദം പൗലോസിന്റെ പൊതുരീതിക്ക് എതിരും ആ ലേഖനത്തിലെ തന്നെ പതിനൊന്നാം അദ്ധ്യായത്തിലെ (പ്രവചിക്കുമ്പോൾ സ്ത്രീകൾ ശിരസ് മൂടിയിരിക്കണമെന്ന് പറയുന്ന)അഞ്ചാം വാക്യത്തിന് വിരുദ്ധവുമാണ്. അത് തിമോത്തിക്കുള്ള ഒന്നാം ലേഖനം 2:11-14-ലെ സ്ത്രീവിരുദ്ധതയെ പ്രതിഫലിപ്പിക്കുന്നു. അവ രണ്ടിന്റേയും ഉറവിടം ഒന്നുതന്നെയാകാം." [59]
ക.^ Christianity is degenerative, full of decaying and excremental elements; its driving force is the revolt of the bungled and botched. This revolt was begun by the Jews, and brought into Christianity by "holy epileptics" like Saint Paul, who had no honesty.[66]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.