യഹൂദമതത്തിൽ വിശ്വസിക്കുന്നവരുടെ ആരാധനാലയത്തിനു പറയുന്ന പേരാണ് ജൂതപ്പള്ളി അഥവാ സിനഗോഗ് (synagogue from ഗ്രീക്ക്: συναγωγή, transliterated synagogē, "assembly"; בית כנסת beyt knesset, "house of assembly"; שול or בית תפילה beyt t'fila, "house of prayer", shul; אסנוגה, esnoga).
യഹൂദരുടെ ആരാധനാലയങ്ങളെന്നതിനു പുറമേ മതബോധനത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും കേന്ദ്രം എന്ന നിലയിലും പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ് സിനഗോഗുകൾ. നീതിന്യായക്കോടതികളുടേയും നഗരസഭകളുടേയും ചുമതലകളും യഹൂദസമൂഹങ്ങളിൽ അവ ചിലപ്പോൾ നിർവഹിക്കാറുണ്ട്.[1] യാഥാസ്ഥിതികയഹൂദർ ഇവയെ പരാമർശിക്കുന്നത് യൂറോപ്യൻ യഹൂദതയിൽ പ്രചാരമുള്ള യിദ്ദിഷ് ഭാഷയിലെ 'ശൂൽ' എന്ന വാക്കുപയോഗിച്ചാണ്. അമേരിക്കയിലെ യഹൂദർ ഈ സ്ഥാപനങ്ങളെ 'ക്ഷേത്രങ്ങൾ' (Temples) pഎന്നും വിളിക്കാറുണ്ട്. ഒരു സിനഗോഗിലെ അംഗബലം പൂർത്തിയാകാൻ ചുരുങ്ങിയത് പ്രായപൂർത്തിയായ 10 പുരുഷന്മാരെങ്കിലും വേണം. ഇതിൽ കുറഞ്ഞ ആളെണ്ണത്തിൽ (quorum) സാമൂഹ്യാരാധന അനുവദിക്കപ്പെട്ടിട്ടില്ല.[2]
പുരോഹിതഗണത്തിന്റെ മേൽനൊട്ടത്തിലുള്ള ആഹുതികൾക്കു പകരം പ്രാർത്ഥന, പഠനം, ഉദ്ബോധനം എന്നിവയെ ദൈവസേവനത്തിനുള്ള മാർഗ്ഗങ്ങളാക്കിയ പുത്തൻ യഹൂദതയെ സൂചിപ്പിച്ച വിപ്ലവകരമായ സംഭവമായിരുന്നു സിനഗോഗുകളുടെ ആവിർഭാവം. എങ്കിലും യഹൂദധാർമ്മികതയിലേയും സാമൂഹ്യജീവിതത്തിലേയും കേന്ദ്രസ്ഥാപനങ്ങളെന്ന നിലയിൽ സിനഗോഗുകളുടെ ചരിത്രപരമായ തുടക്കം വ്യക്തമല്ല. [3]
യെരുശലേമിലെ ദേവാലയത്തിന് കല്പിക്കപ്പെട്ടിരുന്ന അതുല്യമായ സ്ഥാനം പരിഗണിക്കുമ്പോൾ, ആരാധനക്കായി യെരുശലേമിലെത്താൻ നിവൃത്തിയില്ലാതിരുന്ന പ്രാചീനകാലത്തെ ജൂതപ്രവാസികൾക്കിടയിലും തുടർന്ന് എഡി 70-ൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു ശേഷം പലസ്തീനയിൽ തന്നെയും സിനഗോഗുകൾ രൂപപ്പെട്ടിരിക്കാം എന്നു കരുതാം. എന്നാൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു മുൻപു തന്നെ പലസ്തീനയിൽ സിനഗോഗുകൾ നിലവിൽ വന്നിരുന്നു എന്നത് ഈ അനുമാനത്തെ ദുർബ്ബലമാക്കുന്നു.[4] യഹൂദതയുടെ കേന്ദ്രസ്ഥാപനമായി സിനഗോഗുകൾ അംഗീകരിക്കപ്പെട്ടപ്പോഴേക്ക് അവ മോശെയോളം പൗരാണികതയുള്ളതായി സങ്കല്പിക്കപ്പെട്ടിരുന്നെന്നും യഹൂദചരിത്രത്തിലെ ഒരു യുഗത്തേയും അവയെ ഒഴിവാക്കി സങ്കല്പിക്കുക സാദ്ധ്യമല്ലെന്നും യഹൂദവിജ്ഞാനകോശം പറയുന്നു.[5]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.