ഏറണാകുളം ജില്ലയിൽ (കേരളം, ഇന്ത്യ) ആലുവ താലൂക്കിൽ പാറക്കടവ് ഗ്രാമപഞ്ചായത്തിൽ മൂഴിക്കുളം ദേശത്ത് ചാലക്കുടിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം.[1] ലക്ഷ്മണപ്രതിഷ്ഠയാണെങ്കിലും വിഗ്രഹം ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ് ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപ്പതികൾ) പതിമൂന്ന് ക്ഷേത്രങ്ങൾ മലയാളനാട്ടിലാണ്, അതിൽ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം.[2] ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്. ലക്ഷ്മണസ്വാമിയുടെ പൂർണ്ണകായ ചതുർബാഹു പ്രതിഷ്ഠയാണ് ഇവിടെ ചാലക്കുടിപ്പുഴയുടെ കിഴക്കേക്കരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദിശേഷന്റെ അവതാരമായ ശ്രീ ലക്ഷ്മണസ്വാമി ഇവിടെ രാവണപുത്രനായ മേഘനാദനെ (ഇന്ദ്രജിത്ത്) വധിക്കുവാൻ പുറപ്പെടുന്ന ഭാവാദിസങ്കല്പങ്ങളോടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ചരിത്ര പ്രസിദ്ധമായ നീയമ വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന മൂഴിക്കുളംക്കച്ചവും, പുരാതന മലയാളത്തിലെ വേദപാഠശാലയായ മൂഴിക്കുളംശാലയും ക്ഷേത്രത്തോടനുബന്ധിച്ചുള്ളവയായിരുന്നു. മധ്യകേരളത്തിലെ പ്രസിദ്ധങ്ങളായ നാലമ്പലങ്ങളിൽ മൂന്നാമത്തെ ക്ഷേത്രമാണിത്. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, കൂടൽമാണിക്യം ഭരതസ്വാമിക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് മറ്റുള്ളവ. രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് അതിവിശേഷമായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ നിരവധി ആളുകളാണ് ഇത്തരത്തിൽ ദർശനം നടത്തുന്നത്. ഗണപതി, ദക്ഷിണാമൂർത്തി, ശ്രീരാമൻ, സീത, ഹനുമാൻ, ശാസ്താവ്, ദുർഗ്ഗാദേവി, ശ്രീകൃഷ്ണൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി നടക്കുന്ന പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷം. കൂടാതെ, രാമായണമാസാചരണം, ശ്രീരാമനവമി, മണ്ഡലകാലം തുടങ്ങിയവയും അതിവിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°11′15″N 76°19′38″E |
പേരുകൾ | |
മറ്റു പേരുകൾ: | Thiru Moozhikulam Temple |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | മൂഴിക്കുളം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ലക്ഷ്മണപെരുമാൾ |
ചരിത്രം | |
സൃഷ്ടാവ്: | വാക്കയിൽ കൈമൾ |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
ഐതിഹ്യം
ദ്വാപരയുഗാന്ത്യത്തോടെ ദ്വാരക സമുദ്രത്തിൽ ആണ്ടുപോകുകയും ഭഗവാൻ ശ്രീകൃഷ്ണൻ ആരാധിച്ചിരുന്ന ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്നന്മാരുടെ കൃഷ്ണശിലാ വിഗ്രഹങ്ങൾ സമുദ്രത്തിൽ ഒഴുകിനടക്കുകയും ചെയ്തു. ഈ വിഗ്രഹങ്ങൾ തൃപ്രയാറിനു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന മുക്കുവർക്ക് ലഭിച്ചു. അവർ വിഗ്രഹങ്ങളെ അന്നത്തെ കരപ്രമാണിയായിരുന്ന വാക്കയിൽകൈമളിന് കാഴ്ചവച്ചു. ദേവപ്രശ്നത്തിൽ അമാനുഷിക നിർമ്മിതമായ വിഗ്രഹങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാവുകയും പ്രശ്നനിർദ്ദേശങ്ങളനുസരിച്ച് ശ്രീരാമസ്വാമിയുടെ വിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണസ്വാമിയുടെ വിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്നവിഗ്രഹം പയിമ്മലിലും പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നുമാണ് ഒരു വിശ്വാസം.
തമിഴ് വിശ്വാസമനുസരിച്ച് വനവാസക്കാലത്ത് ചതുരംഗപടയോടുകൂടി ഭരതൻ ശ്രീരാമനെ കാണാൻ വന്നപ്പോൾ തങ്ങളെ വധിച്ചു അയോദ്ധ്യ എന്നന്നേക്കുമായി കൈക്കലാക്കുവാൻ വന്നതാണെന്ന സംശയത്തോടെ യുദ്ധസന്നദ്ധനായ ലക്ഷ്മണനെ, ശ്രീരാമപാദങ്ങളിൽ നമസ്കരിച്ചു അയോധ്യയിൽവന്നു രാജ്യഭാരമേൽക്കണമെന്ന ഭരതൻറെ അപേക്ഷ പശ്ചാത്താപവിവശനാക്കി. പാപശാന്തിക്കായി പുറൈയാറിൻ തീരത്ത് (ചാലക്കുടിയാർ) ഹരിതമഹർഷി മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലത്ത് തപസ്സനുഷ്ടിക്കുകയും വിഷ്ണു സങ്കല്പത്തിൽ ഗോപുരം, മണ്ഡപം, ചുറ്റമ്പലം എന്നിവയോടുകൂടി ക്ഷേത്രം പണിയുകയും ചെയ്തു. ലക്ഷ്മണനാൽ നിർമ്മിതമായ ക്ഷേത്രം ലക്ഷ്മണക്ഷേത്രമായിതീർന്നുവെന്നു വിശ്വസിക്കുന്നു. വിഷ്ണുക്ഷേത്രമെന്ന നിലയിലാണ് ഈ ക്ഷേത്രത്തിനു 108 ‘പാടൽപെറ്റ തിരുപ്പതി’കളിൽ സ്ഥാനമുള്ളത്. ‘തിരുമൂഴിക്കളത്തപ്പൻ’ എന്നാണ് മൂർത്തീഭാവത്തെ നാമകരണം ചെയ്തിട്ടുള്ളത്. അമാനുഷിക നിർമ്മിതിയെന്നു വിശ്വസിക്കുന്ന വിഗ്രഹം ചതുർബാഹു രൂപത്തിലാണ്. ‘ആനമല ലിഖിതം’ പ്രാചീന തമിഴ് വൈഷ്ണവാലയമായാണ് മൂഴിക്കുളത്തെ വെളിപ്പെടുത്തുന്നത്. (കേരളത്തിൻറെ സാംസ്കാരികചരിത്രം ഭാഗം 7, പേജ് 224 - പി. കെ. ഗോപാലകൃഷ്ണൻ)
മൂഴിക്കുളം ദേശം നിബിഡവനമായിരുന്നു. ഹരിത മഹർഷി ഇവിടെ വളരെ കാലം തപസ്സു ചെയ്ത് ഈ പ്രദേശത്തെ അനുഗൃഹീതമാക്കി. തപസ്സിൽ സം പ്രീതനായ മഹാവിഷ്ണു മഹർഷിക്ക് ദർശനം നൽകുകയും കലിയുഗത്തിൽ ആത്മശാന്തിക്ക് വേണ്ടി ജനങ്ങൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ വേദസാരരൂപത്തിൽ ഉപദേശിച്ചരുളുകയും ചെയ്തു. മഹർഷിക്ക് ഉപദേശം ലഭിച്ചത് ഇവിടെ വച്ചായിരുന്നു. തിരുമൊഴിയുണ്ടായ കളം ‘തിരുമൊഴിക്കളം‘ കാലക്രമത്തിൽ തിരുമൂഴിക്കുളമായി മാറി. മൊഴിക്ക് ‘വേദം’ എന്നും കളത്തിൻ ‘സ്ഥലം‘ എന്ന അർത്ഥവും കൽപ്പിക്കുമ്പോൾ ഈ പേരിനു കൂടുതൽ യുക്തി തോന്നും.
വാക്കയിൾ കൈമൾ എന്ന നാട്ട്പ്രമാണിക്ക് നാല് കൃഷ്ണശിലാ വിഗ്രഹങ്ങൾ ലഭിക്കുകയും അവ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നു പ്രശ്ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠിക്കാൻ നിർദ്ദേശമുണ്ടാകുകയും ചെയ്തു എന്നുമാണ് ഐതിഹ്യം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ലക്ഷ്മണ വിഗ്രഹമാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് എന്നാൺ വിശ്വാസം. ലക്ഷ്മണൻ വിഷ്ണുതുല്യനായ അനന്തന്റെ അവതാരമായതിനാൽ സർപ്പവിമുക്തമാണ് ഈ പരിസരം എന്നാണ് വിശ്വാസം. സർപ്പബാധയേറ്റ മരണവും ഈ പ്രദേശത്ത് കുറവാൺ എന്നാണ് ഐതിഹ്യം. തമിഴ്വിശ്വാസികളുടെ നിഗമനം ചിത്രകൂടത്തിൽ ശ്രീരാമന്റെ സഹചാരിയായ ലക്ഷ്മണന്റെ ഭാവമാണ് ഈ മൂർത്തിക്ക് എന്നാണ്. എന്നാൽ ഇന്ദ്രജിത്തിനെ വധിക്കാനായി കഠിനവ്രതമനായി കാലം കഴിക്കുന്ന ലക്ഷ്മണമൂർതിയാണ് ക്ഷേത്രത്തിലെ ഉപാസനമൂർത്തി എന്ന് മറ്റൊരു വിശ്വാസമുണ്ട്.
പേരിനു പിന്നിൽ
ആലുവ താലൂക്കിൽ പാറക്കടവ് പഞ്ചായത്തിലാണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻകാലത്ത് വനപ്രദേശമായിരുന്നു മൂഴിക്കുളം. ദ്വാപരയുഗത്തിൻറെ അവസാനം, ഹരിതമഹർഷി മഹാവിഷ്ണുവിൻറെ ദർശനത്തിനായി പുറൈയാറിൻ തീരത്ത് (ചാലക്കുടിയാർ) തപസ്സുചെയ്തു. തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു മഹർഷിക്കു ദർശനം നൽകുകയും പിറക്കാനിരിക്കുന്ന പത്താമത്തെ യുഗം സർവ്വനാശിയായ കലിയുഗമാനണെന്നും അക്കാലത്ത് ജനങ്ങൾ ആത്മശാന്തിക്കും മോക്ഷത്തിനുമായി അനുഷ്ഠിക്കേണ്ട കാര്യങ്ങൾ വേദസാരരൂപേണ ഭഗവാൻ മഹർഷിക്കുപദേശിച്ചു. ഭഗവാൻറെ തിരുമൊഴിയുണ്ടായ കളത്തിനു (സ്ഥലം) തിരുമൊഴിക്കളം എന്ന പേര് ലഭിച്ചു. ക്രമേണ തിരുമൂഴിക്കുളമായും മൂഴിക്കുളമായും തീർന്നു. തമിഴ് ഗ്രന്ഥങ്ങളിൽ ഇന്നും തിരുമൂഴിക്കളമെന്നാണ് രേഖപെടുത്തുന്നത്.
ചരിത്രം
തിരുമൂഴിക്കുളം ക്ഷേത്രം ആര്, എന്ന് നിർമ്മിച്ചുവെന്നതിനു ചരിത്രപരമായ രേഖകളൊന്നുമില്ല. കേവലം ഐതിഹ്യങ്ങളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. ക്ഷേത്രനിർമ്മാണം എന്നാണ് നടന്നത് എന്നു വ്യക്തമല്ലെങ്കിലും ചേരരാജാക്കന്മാരുടെ കാലത്ത് പ്രസക്തമായിരുന്ന ഈ ക്ഷേത്രത്തിൽ നാലാം ശതകത്തിൽ കുലശേഖരവർമ്മൻ കൊടിമരം പ്രതിഷ്ഠിച്ചതായും പിന്നീട് ഭാസ്കരവർമ്മന്റെ കാലത്ത് ക്ഷേത്രം പുതുക്കി പണിതതായും ചരിത്രമുണ്ട്. 18ആം ശതകം വരെ നില നിന്നിരുന്ന ഐശ്വര്യവും പ്രതാപവും ടിപ്പുവിന്റെ പടയോട്ടത്തോടെ നശിച്ച് തുടങ്ങി. പൂജപോലും ഇല്ലാത്ത അവസ്ഥയിലെത്തുകയും ഗ്രാമീണരുടെ പ്രവർത്തനഫലമായി പൂജയും ഉത്സവവും പുനരാരംഭിക്കുകയും ചെയ്തു.
തിരുമൂഴിക്കുളം ദേശത്തിന്റെ ഗ്രാമക്ഷേത്രമായി ലക്ഷ്മണപെരുമാൾ ക്ഷേത്രം കണക്കാക്കപെടുന്നു. പ്രാചീന കേരളത്തിൽ ഏറ്റവും അധികം തമിഴ് വൈഷ്ണവർ ദർശനത്തിനു വന്നിരുന്ന ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൽ വച്ച് എടുത്തിരുന്ന ക്ഷേത്ര സംബന്ധമായ തീരുമാണങ്ങൾ കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ അംഗീകരിച്ചിരുന്നു. ഈ ക്ഷേത്രത്തിലെ ക്ഷേത്രസംബന്ധ നിയമാവലിയായിരുന്നു “മൂഴിക്കുളം കച്ചം”. സമസ്ത കേരളവും അംഗീകരിച്ച നിയമ സംഹിതയായി പരിഗണിച്ചിരുന്നു. ചേരസാമ്രാജ്യക്കാലത്തെ 4 പ്രധാന തളികളിൽ മേൽ തളിയായി മൂഴിക്കുളം കണക്കാക്കപ്പെട്ടിരുന്നു. ദർശനത്തിനു വന്നിരുന്ന തമിഴ് വൈഷ്ണവർ ധാരാളം സ്തുതിഗീതങ്ങൾ ലക്ഷ്മണപെരുമാളെ കുറിച്ച് രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. തമിഴ് കവിയായ നമ്മാഴ്‍വാരുടെ “പെരിയ തിരുവായ് മൊഴി” തിരുമൂഴിക്കുളത്തപ്പന്റെ മഹത്ത്വം വ്യക്തമാക്കുന്ന ഒരു കൃതിയാണ്.
ചരിത്രപരമായ കാഴ്ചപാടിൽ ചേരരാജവംശ ആസ്ഥാനമായ മഹോദയപുരത്തിനടുത്ത് (കൊടുങ്ങല്ലൂർ) സ്ഥിതിചെയ്യുന്ന മൂഴിക്കുളത്ത് ചേര രാജാവായ കുലശേഖരവർമ്മൻ ഏ.ഡി 14 -)൦ ശതകത്തിൽ സ്വർണ്ണകൊടിമരം സ്ഥാപിച്ചതായും തുടർന്ന് അധികാരമേറ്റ ഭാസ്കരവർമ്മൻ ക്ഷേത്രം പുനരുദ്ധിച്ചതായും കാണാം. ചേരരാജവംശകാലത്ത് നിർമ്മിക്കപ്പെട്ട അനേകം ശിലാലിഖിതങ്ങളിലും രേഖകളിലും മൂഴിക്കുളത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വില്വമംഗലം സ്വാമിയാർ അനന്തൻ കാടന്വേഷണവേളയിൽ ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. ആദിശങ്കരാചാര്യർ, വൈഷ്ണവ കവികളായ ശതഗോപനമ്മാൾവാർ, തിരുമന്കൈ ആൾവാർ, തിരുവുള്ളുവർ തുടങ്ങിയവരും ക്ഷേത്രത്തിൽ ആരാധന നടത്തിയിരുന്നു.
ഏ.ഡി ആറാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയ്ക്ക് ജീവിച്ചിരുന്ന ആൾവാർ കവിയായ ശതഗോപനമ്മാൾവാർ പെരിയതിരുവായ്മൊഴിയിൽ തിരുമൂഴിക്കുളത്തപ്പന്റെ മഹത്ത്വം പാടിപ്പുകഴ്ത്തിയിട്ടുണ്ട്. ആധാരിക വൈഷ്ണവഗ്രന്ഥമായ കുലശേഖര ആൾവാറുടെ പെരുമാൾ തിരുമൊഴിയെന്ന ദിവ്യപ്രബന്ധത്തിലും തിരുമൂഴിക്കുളത്തപ്പനെക്കുറിച്ചുള്ള സ്തുതികളുണ്ട്. തിരുമന്കൈയ് ആൾവാർ തിരുവായ്‌മൊഴിയിലും അകനാനൂർ, പുരനാനൂർ, പെരിയപുരാണം തുടങ്ങിയ സംഘകാല കൃതികളിലും തിരുമൂഴിക്കുളത്തപ്പനെ സ്തുതിക്കുന്നുണ്ട്. ആധികാരിക വൈഷ്ണവഗ്രന്ഥമായ കുലശേഖര ആൾവാറുടെ പെരുമാൾ തിരുമൊഴിയെന്ന നാലായിരം ദിവ്യപ്രബന്ധത്തിലെ 1553, 2061, 2674 സ്തുതികൾ തിരുമൂഴിക്കുളത്തപ്പനെക്കുറിച്ചാണ്.
ശിലാലിഖിതങ്ങൾ
പണോപയോഗം, വിനിമയം, കാർഷിക വിനിമയം എന്നിവയെപ്പറ്റി പരിസരവിജ്ഞാനം പ്രദാനം ചെയ്യുന്നുവെന്നതാണ് ലിഖിതങ്ങളുടെ സവിശേഷത. ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടുമുതൽക്കിങ്ങോട്ടുള്ള വട്ടെഴുത്തിലുള്ള ശിലാലിഖിതങ്ങൾ കേരളത്തിൻറെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ക്ഷേത്രങ്ങളിൽ പലതിലുമായി നിലനില്ക്കുന്നുണ്ട്. ഇന്ത്യയിൽ മറ്റു ഭാഗങ്ങളിൽ കാണുന്ന ലിഖിതങ്ങളിൽ നിന്നും ചില വ്യത്യാസങ്ങൾ കേരളീയ ലിഖിതത്തിൽ കണ്ടെത്താം. ഇവ താരതമ്യേനെ നീളം കുറഞ്ഞവയും വിശദാംശങ്ങൾ വിട്ടുകളഞ്ഞതും കൊണ്ടുള്ളവയാണ്. മൂഴിക്കുളത്തുനിന്നും കണ്ടുകിട്ടിയ രണ്ടു രേഖകൾ ടി. എ. ഗോപിനാഥറാവു ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസ് വോള്യം 2 ലും 3 ലും ഫോട്ടോ സഹിതം വിവരിക്കുന്നുണ്ട്.
- ക്ഷേത്രത്തിനകത്ത് മുഖമണ്ഡപത്തിനു കിഴക്കുഭാഗത്ത് 1086 – ൽ ഭാസ്കരവർമ്മൻ എന്ന മനുകുലാദിത്യൻറെ ശിലാലിഖിതം (പേജ് 45, വോള്യം II) :- ഗ്രാമവാസികൾക്കും ക്ഷേത്രത്തിലെ പൊതുവാൾക്കും പൂയാട്ടുപറമ്പ്, പെരുമ്പറമ്പ്, കുടയാർവായിൽകാട്, മേലാന്നിപുലൈ തുടങ്ങി കുറെ വസ്തുക്കൾ (ചേരിക്കല്ല്) ക്ഷേത്രത്തിലെ ബ്രാഹ്മണ ഊട്ടിനായി നൽകിയെന്നാണ് ഉള്ളടക്കം. ഒരാളും യാതൊരു കാരണവശാലും അഗ്രത്തിനു (ബ്രാഹ്മണയൂട്ടിനു) മുട്ടുവരുത്തുവാൻ പാടില്ലെന്ന് കർശനമായി നിർദ്ദേശിക്കുന്നുണ്ട്.
- ഏ.ഡി. പത്താം ശതകത്തിൽ ഭരിച്ചിരുന്ന ഇന്ദുക്കോതയുടെ 948 –ലെ ക്ഷേത്രത്തിലെ നിവേദ്യ-പൂജകളെ സംബന്ധിച്ച് ആണ് ഈ ലിഖിതം. :- രാവിലെ 25 അടി നിഴൽ അളക്കുന്നതിന് മുമ്പ് (7 നും 8 നും ഇടയിൽ) കാലത്തെ നിവേദ്യം കഴിഞ്ഞിരിക്കണം, ഉച്ചപൂജ 12 മണിക്കുമുൻപ് കഴിഞ്ഞിരിക്കണം, സന്ധ്യയ്ക്ക് മുൻപ് നിവേദ്യം പാകപെടുത്തിയിരിക്കണം, സന്ധ്യക്കുമുന്പു പിറ്റേദിവസം രാവിലെക്കുള്ള അരി അളന്നിരിക്കണം.
പാടൽപെറ്റ തിരുപ്പതികൾ
പൗരാണിക ഭാരതവർഷം മുതൽ 108 വൈഷ്ണവക്ഷേത്രങ്ങൾ ‘പാടൽപെറ്റ തിരുപ്പതികൾ’ അഥവാ ‘ദിവ്യദേശങ്ങൾ’ ആയി അംഗീകരിച്ചു വൈഷ്ണവർ ആരാധിച്ചുവരുന്നു. പുരാതന മലയാളക്കരയിൽ 13 ദിവ്യദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിൽ ഒന്നാണ് തിരുമൂഴിക്കുളം ക്ഷേത്രം. കേരളത്തിൽ ഇന്ന് നിലവിലുള്ള ദിവ്യദേശങ്ങൾ തിരുമിറ്റക്കോട്, തിരുനാവായ, തിരുമൂഴിക്കുളം, തൃക്കാക്കര, തിരുവല്ല, തിരുച്ചെങ്ങന്നൂർ (തൃച്ചിറ്റാറ്റ്), ത്രിപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം , തിരുവനന്തപുരം,തിരുവട്ടാർ എന്നിവയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പാടൽപെറ്റ 108 തിരുപ്പതികൾ സന്ദർശിച്ചു ആരാധിക്കുകഎന്നത് തമിഴ് വൈഷ്ണവരുടെ ജീവിതാഭിലാഷമാണ്.
മൂഴിക്കുളം കച്ചം
ചേരഭരണകാലത്ത് മലയാളക്കരയെ നാലു വിഭാഗങ്ങളാക്കി (തളികൾ) അവയോടൊപ്പം ഗ്രാമക്ഷേത്രങ്ങൾ രൂപീകരിച്ചാണ് ഭരണസംവിധാനം ചെയ്തിരുന്നത്. ഊരാളരും മറ്റ് അധികാരികളും ‘അവിരോധത്താൽ’ കൂടി എടുക്കുന്ന തീരുമാനങ്ങൾ ചട്ടങ്ങളാകുന്നു. ഇത്തരം ചട്ടങ്ങളെ അഥവാ വ്യവസ്ഥകളെയാണ് കച്ചങ്ങളെന്നു പറയുന്നത്. സാമൂഹിക ബന്ധങ്ങൾക്ക് ആസ്പദമായ വഴക്കങ്ങളെ ക്രമീകരിക്കുന്നവയാണ് കച്ചങ്ങൾ. ഇവയുടെ കാലം അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ കാലം തന്നെയാണ്. മികച്ച ദൃഷ്ടാന്തം മൂഴിക്കുളം കച്ചമാണ്. ഇതിനെക്കുറിച്ചുള്ള പരാമർശം ഉള്ളഏറ്റവും പഴക്കമുള്ള രേഖയായ ചോക്കൂർ കോതരവിയുടെ പതിനഞ്ചാം വർഷം ക്രിസ്തുവർഷം 898, ഇതിനെ ഒരു വ്യവസ്ഥയായിട്ടാണ് പറയുന്നത്. ‘ മൂഴിക്കളത്തൊഴുക്കം’ എന്നുപറയുന്നതിൽ നിന്ന് ഇത് മൂഴിക്കുളത്ത് ഏർപ്പെടുത്തിയ ക്രമീകരണമാണെന്ന് സാരം. പെരുമാളുടെ ആസ്ഥാനമായ മഹോദയപുരത്തിനടുത്ത് (കൊടുങ്ങല്ലൂർ) ഈ ഗ്രാമം തിരുവനന്തപുരം, തിരുവല്ല, മൂഴിക്കുളം, കാന്തല്ലൂർ എന്നീ പെരുമാളുടെ ഉപദേശകസമിതിയായ നാലു തളികളുടെ മേൽത്തളിയായിരുന്നു. പാരമ്പര്യവിശ്വാസമനുസരിച്ചു ഈ നാല് തളികളും 32 ബ്രാഹ്മണഗ്രാമങ്ങളുടെയും നേതൃഘടകങ്ങളാണ്. ഇവിടുത്തെ തീരുമാനങ്ങൾ മറ്റുള്ളവർ മാതൃകയായി സ്വീകരിച്ചു. നാടുകളുടെ കേന്ദ്രീകരണ കാലത്ത് ഒരു ഉദ്ഗ്രഥന ഘടകം എന്ന നിലയിൽ മൂഴിക്കുളം കച്ചത്തിനു പ്രാധാന്യമുണ്ടായിരുന്നു. കേരളചരിത്രത്തിൽ മറ്റു കച്ചങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ചേരസാമ്രാജ്യത്തിൽ എന്ത് നടപടിയും മൂഴിക്കുളം കച്ചത്തിനെ ആസ്പദമാക്കിയായിരുന്നു സ്വീകരിച്ചിരുന്നത് എന്നതാണ് മൂഴിക്കുളത്തിനുള്ള പ്രാധാന്യം. നാല് തളികളുടെ മേൽത്തളിയെന്ന പ്രാമുഖ്യമുള്ളത് കൊണ്ട് ഇവിടുത്തെ ദേവന് മാത്രം ചക്രവർത്തിപദ തുല്യമായ ‘പെരുമാൾ’ സ്ഥാനം നൽകിയിരുന്നത്.
മൂഴിക്കുളം ശാല
ബ്രാഹ്മണ ബാലന്മാർക്ക് വേദമന്ത്രങ്ങൾ പഠിക്കുന്നതിനുവേണ്ടി പ്രധാന ഗ്രാമക്ഷേത്രങ്ങളോട് അനുബന്ധിച്ചു ചാലകൾ (ശാലകൾ) പ്രവർത്തിച്ചിരുന്നു. ഗുരുകുലസമ്പ്രദായത്തിൽ ആയിരുന്നു പഠനം. മലയാളനാട്ടിലെ നാല് തളികലുണ്ടായിരുന്ന ശാലകളിൽ മൂഴിക്കുളത്തിനായിരുന്നു പ്രഥമസ്ഥാനം. ക്ഷേത്രങ്ങലോടനുബന്ധിച്ചുള്ള ശാലകളുടെ നടത്തിപ്പിന് അതത് വകയിൽ വരുന്ന നെല്ല് അതത് സ്ഥാപനങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരുന്നു. ശാലയിൽ പഠിക്കുന്ന ചാത്തിരരെയും (ബ്രാഹ്മണബാലന്മാർ) അവരെ പഠിപ്പിക്കുന്ന ഭാട്ടന്മാരെയും ഊട്ടാൻ വ്യവസ്ഥയുണ്ടായിരുന്നു. 1010-ലെ മൂഴിക്കുളം രേഖയിൽ പുരയിടം വഴിപാടായി വരുന്നത് പറയുന്നുണ്ട്. ഉണ്ണികളെ ഊട്ടാൻ എന്നർത്ഥത്തിൽ നീക്കിവച്ചിരുന്ന ക്ഷേത്രം വക ‘ഉണ്ണിപ്പാടം’ എന്ന വിസ്തൃത വയൽ ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് അന്യാധീനപ്പെട്ടുപോയി. അന്നത്തെ ശാലകളുടെ പരിഷ്കൃതരൂപമായിരിക്കാം ഇന്നത്തെ സർവ്വകലാശാലകൾ അഥവാ യൂണിവേർസിറ്റികൾ!! ഇങ്ങനെ പൂർണ്ണാനദിയുടെ (ചാലക്കുടിയാർ) തീരത്ത് ശാലകളും കുടികളും ഉണ്ടായിരുന്നതിനാലാണ് ശാലൈക്കുടി – ശാലക്കുടി – ചാലക്കുടിയെന്നു നാമവും പുഴക്ക് ചാലക്കുടിപ്പുഴയെന്ന പേരുമായതെന്നു ചരിത്രം രേഖപെടുത്തുന്നു.
രാജപരമ്പരകളുടെ സാന്നിദ്ധ്യം
നാട്ടുഭരണം ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു നടന്നിരുന്ന കാലഘട്ടത്തിൽ ഓരോ ക്ഷേത്രത്തിനും ഒന്നോ ഒന്നിലധികമോ രാജവംശങ്ങളുമായി ബന്ധമുണ്ടായിരുന്നതായി കാണാം. തിരുമൂഴിക്കുളം ക്ഷേത്രത്തെ സംബന്ധിച്ച് നോക്കിയാൽ പ്രധാനമായും ചേരരാജവംശം, കൊച്ചി രാജവംശം, തിരുവിതാംകൂർ രാജവംശം എന്നീ മൂന്നു ബന്ധങ്ങളാണ് കാണുന്നത്.
ചേര രാജവംശം
ചേരഭരണകാലം എന്തുകൊണ്ടും മൂഴിക്കുളത്തിൻറെ സുവർണ്ണകാലമായിരുന്നു. മലയാളക്കരയിലെ നാലു തളികളുടെ മേൽത്തളി, പ്രമുഖ ഗ്രാമക്ഷേത്രം, പ്രശസ്തമായ മൂഴിക്കുളം ശാല, മലയാളക്കരയാകെ പാലിച്ചിരുന്ന നിയമവ്യവസ്ഥയായ മൂഴിക്കുളം കച്ചം തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ പ്രാമുഖ്യം മൂഴിക്കുളത്തിനുണ്ടായിരുന്നു. ലക്ഷ്മണസ്വാമിയെ മാത്രം “പെരുമാൾ” പദവി നൽകി ആദരിച്ചിരുന്നു.
കൊച്ചി രാജവംശം
കൊച്ചി രാജവംശം എക്കാലവും കോഴിക്കോട് സാമൂതിരിയിൽ നിന്നും ആക്രമണം ഭയന്നിരുന്നു ഈ സാഹചര്യത്തിൽ കൊച്ചിയെ ശത്രുക്കളുടെ ആക്രമണസമയത്ത് സംരക്ഷിച്ചുകൊള്ളാമെന്നും തിരുവിതാംകൂറിൻറെ ശത്രുക്കളുമായി ഒരിക്കലും ബന്ധം സ്ഥപിക്കില്ലെന്നും കൊച്ചിയും തിരുവിതാംകൂറും സംയുക്ത കരാറിൽ ഒപ്പ് വയ്ക്കുകയുണ്ടായി. ഏ.ഡി. 1762-ൽ കാർത്തിക തിരുന്നാൾ മഹാരാജാവും കേരളവർമ മഹാരാജാവും ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ചുണ്ടാക്കിയതാണ് പ്രസിദ്ധമായ ഈ ശുചീന്ദ്രം ഉടമ്പടി. ഇതിൽ സന്തുഷ്ടനായ കൊച്ചി മഹാരാജാവ് പറവൂർ, ആലങ്ങാട് നാട്ടുരാജ്യങ്ങൾ തിരുവിതാംകൂറിനു വിട്ടുകൊടുത്തു . പറവൂർ നാട്ടുരാജ്യത്തിലായിരുന്ന മൂഴിക്കുളം അങ്ങനെ തിരുവിതാംകൂറിൻറെ ഭാഗമായി.
ടിപ്പുവിന്റെ ആക്രമണം
പറവൂർ തിരുവിതാംകൂറിൻറെ ഭാഗമായെങ്കിലും സാമന്തനെന്ന നിലയിൽ പറവൂർ തമ്പുരാൻ തന്നെ ഭരണകാര്യങ്ങൾ നടത്തികൊണ്ടിരുന്നു. അങ്ങനെയിരിക്കെ 1790 –ൽ മലബാർ, കൊച്ചി കടന്നു ടിപ്പു മൂഴിക്കുളം ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രം കൊള്ളയടിക്കുകയും തീവക്കുകയും ചെയതതുകൂടാതെ ഭഗവാൻറെ തിരുവിഗ്രഹം തല്ലിയുടക്കുകയും (ഒരു കൈയ്യും ഒരു കാലുമാണ് തല്ലിയൊടിച്ചത്) ചെയ്ത ശേഷം ആലുവയിലേക്ക് നീങ്ങി. ആലുവ മണപ്പുറത്ത് തമ്പടിച്ചിരുന്ന ടിപ്പുവിനു അർദ്ധരാത്രിയിൽ ഓർക്കാപ്പുറത്തുണ്ടായ മലവെള്ളപാച്ചിലിൽ ജീവൻ രക്ഷിക്കാൻ കനത്ത വില നൽകേണ്ടിവന്നു. ഒട്ടുമിക്ക സാധനങ്ങളും നഷ്ടപെട്ട ടിപ്പുവിനു മറക്കാനാവാത്ത തിരിച്ചടിയും കിട്ടി. തിരുമൂഴികുളത്തപ്പനോട് ചെയ്ത കൊടും ക്രൂരതക്ക് അതെ നാണയത്തിൽ തന്നെ മറുപടി ഭഗവാൻ തന്നെ നൽകിയെന്നാണ് ഇന്നും പഴമക്കാർ പറയുന്നത്. ഒരു കാലും ഒരു കൈയ്യും ഒടിഞ്ഞാണ് ടിപ്പുവിൻറെ ജീവരക്ഷാർത്ഥമുള്ള പാലായനം.
പട്ടംതുരുത്തിമന
ടിപ്പുവിൻറെ ആക്രമണശേഷം ഏകദേശം ഒരു നൂറ്റാണ്ട് നിത്യപൂജപോലുമില്ലാതെ ക്ഷേത്രം അനാഥമായിക്കിടന്നു. ആ സമയം പട്ടംതുരുത്തിമനയിലെ ഒരു അന്തർജ്ജനം ക്ഷേത്രത്തിൽ വന്ന് യഥാശക്തി നിവേദ്യം നൽകി ഭഗവാനെ സേവിച്ചു. വൃദ്ധയായപ്പോൾ തനിക്ക് ഇനി ഭഗവാനെ കണ്ടുതൊഴുവാനോ നേദിക്കാനോ കഴിയില്ലെന്ന് ദു:ഖിച്ച ആ അമ്മയ്ക്ക് ഭഗവാൻ സ്വപ്നദർശനം നൽകി സമാശ്വസിപ്പിച്ചു. ആഗ്രഹിക്കുമ്പോഴൊക്കെ മനക്കണ്ണാൽ ഭഗവാൻ ദർശനം നൽകാമെന്നും നിവേദ്യത്തെക്കുറിച്ച് വ്യാകുലപ്പെടേണ്ടെന്നും നേരിട്ടുവന്ന് വർഷത്തിലൊരിക്കൽ മനയ്ക്കൽ നിന്ന് നിവേദ്യം സ്വീകരിച്ചുകൊള്ളാമെന്നും ഭഗവാൻ സ്വപ്നദർശനത്തിലൂടെ പറഞ്ഞുവത്രേ. ക്ഷേത്രപുനരുദ്ധാരണത്തിനു ശേഷം ഉത്സവം ആരംഭിച്ചപ്പോൾ ഒമ്പതാം ഉത്സവദിവസം മനയ്ക്കലേക്ക് ഇറക്കിപൂജ ആരംഭിച്ചു. ഈയൊരു കാര്യത്തിനും ആറാട്ടിനുമല്ലാതെ തിരുമൂഴിക്കുളത്തപ്പൻറെ തിടമ്പ് ക്ഷേത്രമതിൽക്കെട്ടിനു പുറത്തിറക്കാറില്ല.
തിരുവിതാംകൂർ രാജവംശം
ടിപ്പുവിൻറെ ആക്രമണത്തിനുശേഷം ക്ഷേത്രത്തിനുണ്ടായ ദുരവസ്ഥ ശ്രീമൂലംതിരുനാൾ മഹാരാജാവ് അറിഞ്ഞപ്പോൾ ക്ഷേത്രം പുനരുദ്ധരിക്കുവാൻ അനുമതി നൽകി. തുടർന്നു ശ്രീചിത്തിരതിരുനാൾ ഇന്ന് കാണുന്നരീതിയിൽ ക്ഷേത്രം പണിതീർത്തു. എന്നാൽ നിർഭാഗ്യവശാൽ ബിംബത്തിൻറെ കേടുപാടുകൾ തീർക്കുവാനും നഷ്ടപ്പെട്ട കൊടിമരത്തിനു പകരം മറ്റൊന്ന് സ്ഥാപിക്കുവാനും കഴിഞ്ഞില്ല.
ക്ഷേത്രനിർമ്മിതി
അഞ്ചേക്കറോളം വിസ്തൃതിയുള്ള നാല് നടയിലേക്കും ഗോപുരമുള്ള, ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ മദ്ധ്യഭാഗത്തായി വ്യാളികൾ കാവൽ നിൽക്കുന്ന വിളക്കുമാടത്തോടുകൂടിയ ബൃഹത്തായ ചുറ്റമ്പലം കാണാം. കിഴക്കേനടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിൽ പ്രവേശിക്കുമ്പോൾ വിസ്തൃതമായ നമസ്കാരമണ്ഡപത്തിലെത്തും. തേക്കിൽപണിത മേൽക്കൂരയിൽ കാണുന്ന അഷ്ടദിക്പാലകർ പുരാതന ദരുശില്പകലക്ക് മകുടോദാഹരണമാണ്. നാലമ്പലമാകെ വിരിച്ച കരിങ്കൽപാളികൾ നടുമുറ്റത്തെ പ്രൌഡ്ഢമാക്കുന്നു. മലയാളക്കരയിൽ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രം കാണുന്ന രണ്ടുനിലയിൽ ചെമ്പുമേഞ്ഞ വട്ടശ്രീകോവിലാണ് ഇവിടെ. വടക്കുഭാഗത്ത് അഭിഷേകതീർഥം പുറത്തേക്കു വരുന്ന ഓവ് ദേവഭൃത്യൻ താങ്ങിനിറുത്തിയിരിക്കുന്നു. ഒരേ ശ്രീകോവിലിൽ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയെയും ശ്രീമഹാഗണപതിയേയും പ്രതിഷ്ടിച്ചിരിക്കുന്നു. ഓരോ നേരം നിവേദ്യം വെയ്ക്കുവാൻ പ്രത്യേക തിടപ്പള്ളികളുണ്ട്. പൂജാദികർമ്മങ്ങൾക്ക് മാത്രമായി നാലമ്പലത്തിനകത്ത് മണിക്കിണർ (ശംഖതീർത്ഥം) ഉണ്ട്. പൂർണ്ണാനദിയിലെയും മണിക്കിണറിലെയും പെരിയകുളത്തിലെയും ( കിഴക്കേ നടയിൽ ഉണ്ടായിരുന്നതും ഇപ്പോൾ മൂടപെട്ടതും) ജലം പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു അന്തർവാഹിനിയുണ്ടായിരുന്നതായി കേൾവി. മതിക്കകത്തു വടക്കുകിഴക്ക് ഭാഗത്ത് ഗോശാലകൃഷ്ണൻറെ ക്ഷേത്രവും പൊതു ആവശ്യത്തിനുള്ള കിണറും കാണാം. തെക്കുകിഴക്ക് ഭാഗത്ത് കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൂത്തമ്പലങ്ങളിലൊന്നു കാണാം.
പ്രതിഷ്ഠാമൂർത്തികൾ
കിഴക്കോട്ട് ദർശനമായി കാണപ്പെടുന്ന ലക്ഷ്മണനെ പൂർണ്ണപ്രതിഷ്ഠയോടെ പ്രധാനദേവനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ലക്ഷ്മണനു പുറമെ അതേ ശ്രീകോവിലിൽ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തി (ശിവൻ), ഗണപതി എന്നീ ശൈവസാന്നിദ്ധ്യവും ശ്രീരാമൻ,സീത,ഹനുമാൻ എന്നീ വൈഷ്ണവസാന്നിദ്ധ്യവും ഉണ്ട്. നാലമ്പലത്തിൽ തെക്ക് പടിഞ്ഞാറായി ശാസ്താവും ഭഗവതിയും പൂജിക്കപ്പെടുന്നു. ക്ഷേത്രത്തിൽ നാലമ്പലത്തിനു പുറത്ത് വടക്കേ ദിശയിൽ ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുണ്ട്.
ദർശന ക്രമം
ക്ഷേത്രത്തിൽ ദർശനത്തിൻ ഒരു പ്രത്യേക ക്രമമുണ്ട്. കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി ഗണപതി,ദക്ഷിണാമൂർത്തി, മറ്റ് ദേവതകൾ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനേയും ഭഗവതിയേയും തൊഴണം. പിന്നീട് ഗോശാലകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് കിഴക്കേ നടയിൽ എത്തി വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങുക. പൂജാതികർമ്മങ്ങൾക്ക് ജലം സംഭരിക്കുവാൻ ക്ഷേത്രത്തിനകത്തുതന്നെ ഒരു കിണറുണ്ട്. പതിവായി എതൃത്തപൂജ,ഉച്ചപൂജ,അത്താഴപൂജ എന്നീ മൂന്ന് പൂജകളും അനുബന്ധമായി മൂന്ന് ശ്രീബലികളുമുണ്ട്.
പ്രധാന വിശേഷങ്ങൾ
- തിരുവുത്സവം
ക്ഷേത്രത്തിൽ പ്രധാന വിശേഷമായ തിരുവുത്സവം മേടമാസത്തിൽ അത്തം കൊടിയേറി തിരുവോണനാൾ ആറാട്ടോടെ ആഘോഷിക്കുന്നു. ആറാം ഉത്സവദിവസത്തെ ഉത്സവബലിയും ഒമ്പതാം ഉത്സവത്തിലെ പകൽപൂരവും ഇതിൽ പ്രധാനപ്പെട്ടവയാകുന്നു. ഉത്സവദിനങ്ങളിൽ എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ടാകുമെങ്കിലും ക്ഷേത്രകലകൾക്കാണ് പ്രാധാന്യം.
- പ്രതിഷ്ഠാദിനം
മകരം 3-ന് പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.
- തിരുവോണം
എല്ലാമാസവും നവകം, പഞ്ചഗവ്യം പൂജകളോടെ തന്ത്രി അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന ആൾ പ്രത്യേകമായി ചെയ്യുന്നു. ഇതിനോടനുബന്ധിച്ചുള്ള പ്രസാദമൂട്ട് ഭഗവാൻറെ ഇഷ്ടവഴിപാടാണ്.
- വാരം
ധനു 14-ആ൦ തീയതി പറവൂർ സമൂഹം മഠത്തിൽ നിന്ന് നൽകിയ വസ്തുവിൻറെ ഇനാം എന്ന നിലയിൽ പ്രസാദമൂട്ട് നടത്തുന്നു.
- തിരുവാതിര
ധനു മാസത്തിൽ തിരുവാതിരയും ആഘോഷിക്കുന്നു.
- മണ്ഡലപൂജ
വൃശ്ചികമാസത്തിൽ മണ്ഡലകാലം 41 ദിവസങ്ങൾ ആഘോഷിക്കാറുണ്ട്.
- ചാക്യാർകൂത്ത്
ഭഗവാൻറെ ഇഷ്ടകലയെന്നു ദേവപ്രശ്നവിധികളിൽ തെളിഞ്ഞിട്ടുണ്ട്. 41-ദിവസത്തെ കൂത്തും കൂടിയാട്ടവുമാണിവിടെ പതിവ്. വൃശ്ചിക ക്രമത്തിൽ കുടുംബകാരണവർ തലയിൽ കെട്ടുക എന്ന ചടങ്ങ് നടത്തുന്നതോടെ കൂത്തിന് തുടക്കം കുറിക്കുന്നു. 11-ആ൦ ദിവസം അത്താഴപൂജ നടതുറക്കുമ്പോൾ മേൽശാന്തി നെർക്കെടുക്കുന്ന കഥയാണ് ഭഗവാൻറെ ഹിതമെന്നു വിശ്വസിച്ചു വരുന്നു. തിരുമൂഴിക്കുളം ക്ഷേത്രത്തിൽ അമ്മന്നൂർ ചാക്യാർ മഠക്കാർക്കാണ് കൂത്ത് നടത്തുവാൻ അവകാശം. സന്താനസൌഭാഗ്യത്തിനായി അംഗുലിയാങ്കം കൂത്ത് വഴിപാടായി നടത്താറുണ്ട്.
- രാമായണമാസവും നാലമ്പലദർശനവും [3]
കർക്കിടകമാസത്തിൽ രാമായണപാരായണത്തോടെ രാമായണമാസം ആചരിക്കുന്നു. അനന്തശായിയായി ശംഖ് ചക്രധാരിയായ മഹാവിഷ്ണു വാണരുളുന്ന തൃപ്രയാർ, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങളിൽ ഒരുദിനം ദർശനം നടത്തുന്നത് കലികാലത്ത് മഹത്തായൊരു അനുഷ്ഠാനമായി ഭക്തർ നടത്തിവരുന്നു. യാത്രാസൌകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ പൂർവ്വികർ കാൽനടയായിട്ടായിരുന്നു നാലമ്പലദർശനം നടത്തിയിരുന്നത്. തൃപ്രയാർ നിർമാല്യദർശനം, ഇരിങ്ങാലക്കുട ഉഷ:പൂജ, മൂഴിക്കുളത്ത് ഉച്ചപൂജ, പായമ്മൽ അത്താഴപൂജ എന്ന ക്രമമാണ് അക്കാലത്ത് സ്വീകരിച്ചിരുന്നത്. ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന അമാനുഷിക വിഗ്രഹങ്ങൾ ദർശിക്കുവാൻ കഴിയുന്നുവെന്നതാണ് നാലമ്പലദർശനത്തിൻറെ മുഖ്യസവിശേഷതയും ആകർഷണവും. നാലു വേദപ്പൊരുളായ മഹാവിഷ്ണു നാലായി വാഴുന്ന നാലമ്പലങ്ങളിൽ ഒരുദിനം ദർശനം നടത്തുന്നത് അതിശ്രേഷ്ഠമത്രേ.
പൂജാസമയവും വഴിപാടുകളും
രാവിലെ
- 4:00-ന് പള്ളിയുണർത്തൽ
- 5:00-ന് നിർമ്മാല്യം, അഭിഷേകം
- 7:30-ന് എതൃത്തപൂജ, ശിവേലി
- 10:30-ന് ഉച്ചപൂജ, ശിവേലി
- 11:00-ന് നടയടപ്പ്
വൈകീട്ട്
- 5:00-ന് നടതുറപ്പ്
- 6:30-ന് ദീപാരാധന
- 7:30-ന് അത്താഴപൂജ, ശിവേലി
- 8:00-ന് നടയടപ്പ്
വഴിപാടുകൾ
- ലക്ഷ്മണസ്വാമി : കദളിപ്പഴം, പാൽപ്പായസം, മുഴുക്കാപ്പ്, നിറമാല, ചുറ്റുവിളക്ക്, തിരുവോണ പ്രസാദമൂട്ട്.
- ഊർമ്മിളാദേവി : പട്ട്, മഞ്ഞൾപ്പൊടി, വെള്ളി, പാൽപ്പായസം.
- ഗണപതി : ഒറ്റയപ്പം, നാളികേരം ഉടയ്ക്കൽ, അഷ്ടാഭിഷേകം, നീരാജനം, കറുകമാല, വെണ്ണ നിവേദ്യം
- ബ്രഹ്മരക്ഷസ്സ് : പാൽപ്പായസം
ക്ഷേത്രഭരണം
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ വടക്കേയറ്റത്തുള്ള പറവൂർ ഗ്രൂപ്പിൽപ്പെട്ട പ്രധാനപ്പെട്ട ക്ഷേത്രമാണ് തിരുമൂഴിക്കുളം. ഈ മേജർ ക്ഷേത്രത്തിൻറെ കീഴിലായി 10 മൈനർ-പെറ്റി ദേവസ്വങ്ങൾ ഉണ്ട്. ഈ ക്ഷേത്രങ്ങളുടെ അധികാരം തിരുമൂഴിക്കുളം സബ് ഗ്രൂപ്പ് ഓഫീസർക്കാണ്.
ക്ഷേത്രോപദേശക സമിതി
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച നാട്ടുകാരും ദേവസ്വം ഓഫീസേർസ് (2 പേർ) അടങ്ങുന്ന പതിമൂന്നംഗങ്ങൾ ഉള്ള പാനലാണ് ക്ഷേത്രോപദേശകസമിതി.
എത്തിച്ചേരുവാനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - അങ്കമാലി - 10 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള പട്ടണം – ആലുവ / മാള – 16 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം – 12 കിലോമീറ്റർ അകലെ.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.