ചന്ദ്രമുഖി (ചലച്ചിത്രം)
2005ൽ പി. വാസു സംവിധാനം ചെയ്ത ചലച്ചിത്രം From Wikipedia, the free encyclopedia
2005ൽ പി. വാസു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ചന്ദ്രമുഖി. ശിവാജി പ്രൊഡക്ഷൻസിനു കീഴിൽ രാംകുമാർ ഗണേശൻ ആണ് ഈ ചലച്ചിത്രം നിർമ്മിച്ചത്. രജനീകാന്ത്, പ്രഭു, ജ്യോതിക, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. കൂടാതെ വടിവേലു, നാസർ, ഷീല, വിജയകുമാർ, വിനയ പ്രസാദ്, സോനു സൂദ്, വിനീത്, മാളവിക, കെ.ആർ. വിജയ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 1993ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന മലയാള ചലച്ചിത്രത്തിന്റെ, പി. വാസു തന്നെ സംവിധാനം ചെയ്ത കന്നഡ റീമേക്ക് ആയ ആപ്തമിത്രയുടെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി. ശേഖർ വി. ജോസഫ് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചലച്ചിത്രത്തിന്റെ ചിത്രസംയോജകൻ സുരേഷ് ആണ്. ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ ബാധിച്ച ഒരു സ്ത്രീയുടെ കുടുംബം നേരിടുന്ന പ്രശ്നങ്ങളും ഒടുവിൽ ഒരു മനോരോഗ വിദഗ്ദ്ധൻ ഈ പ്രശ്നം പരിഹരിച്ച് അവരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്യുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.
ചന്ദ്രമുഖി | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസറ്റർ | |
സംവിധാനം | പി. വാസു |
നിർമ്മാണം | രാംകുമാർ ഗണേശൻ പ്രഭു |
തിരക്കഥ | പി. വാസു |
ആസ്പദമാക്കിയത് | മണിച്ചിത്രത്താഴ് by മധു മുട്ടം |
അഭിനേതാക്കൾ | രജനീകാന്ത് പ്രഭു ജ്യോതിക വടിവേലു നയൻതാര |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | ശേഖർ വി. ജോസഫ് |
ചിത്രസംയോജനം | സുരേഷ് |
സ്റ്റുഡിയോ | ശിവാജി പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹190 മില്യൺ[1] |
സമയദൈർഘ്യം | 164 മിനിറ്റുകൾ[2] |
₹ 190 മില്യൺ മുതൽമുടക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചത്. 2004 ഒക്ടോബർ 24ന് ചന്ദ്രമുഖിയുടെ ഫോട്ടോഗ്രാഫി ആരംഭിച്ചു. തമിഴ് പുതുവർഷത്തോടനുബന്ധിച്ച് 2005 ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്തു. പൊതുവെ അനുകൂലമായ അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 890 ദിവങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിച്ച് കൂടുതൽ ദിവസം പ്രദർശിപ്പിച്ചതിന്റെ റെക്കോർഡ് ചന്ദ്രമുഖി നേടി. എന്നാൽ 2009 ൽ പുറത്തിറങ്ങിയ മഗധീര എന്ന ചലച്ചിത്രം 1000 ദിവസം പ്രദർശിപ്പിച്ച് ഈ റെക്കോർഡ് ഭേദിച്ചു. അഞ്ച് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നാല് ഫാൻസ് അസോസിയേഷൻ പുരസ്കാരങ്ങളും രണ്ട് ഫിലിംഫെയർ പുരസ്കാരങ്ങളും ചന്ദ്രമുഖിയ്ക്ക് ലഭിച്ചു. ജ്യോതിക, വടിവേലു എന്നിവർക്ക് ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് കലൈമാമണി പുരസ്കാരവും ലഭിച്ചു.
ചന്ദ്രമുഖി, തെലുഗു ഭാഷയിൽ ഡബ്ബ് ചെയ്ത് അതേ പേരിൽ റിലീസ് ചെയ്യുകയുണ്ടായി. ഭോജ്പുരി ഭാഷയിലേക്ക് ചന്ദ്രമുഖി കേ ഹുങ്കാർ എന്ന പേരിലും ഡബ്ബ് ചെയ്യപ്പെട്ടു.[3] ജർമൻ ഭാഷയിൽ ഡബ്ബ് ചെയ്യപ്പെട്ട ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് ചന്ദ്രമുഖി. ജർമനിൽ Der Geisterjäger എന്ന പേരിൽ പുറത്തിറങ്ങി.[4] തുർക്കിഷ്, ഹിന്ദി ഭാഷകളിലേയ്ക്കും[5] ചന്ദ്രമുഖി ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. മറ്റ് ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകളും വിജയകരമായിരുന്നു. [6]
കഥ
ഒരു മനോരോഗവിദഗ്ദ്ധനായ ശരവണൻ (രജനീകാന്ത്) തന്റെ അവധിക്കാലത്ത് ഇന്ത്യ സന്ദർശിക്കുന്നു. ഈ സമയം തന്റെ സുഹൃത്തും സഹോദരതുല്യനുമായ സെന്തിൽ എന്ന സെന്തിൽനാഥനെ(പ്രഭു)യും ഭാര്യ ഗംഗ(ജ്യോതിക)യെയും ശരവണൻ കണ്ടുമുട്ടുന്നു. സെന്തിലിന്റെ അമ്മയായ കസ്തൂരി (കെ.ആർ. വിജയ), സെന്തിൽ തന്റെ ബന്ധുവായ കന്തസ്വാമിയുടെ (നാസർ) മകളായ പ്രിയ(മാളവിക)യെ വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. 30 വർഷങ്ങൾക്കുമുൻപ് സെന്തിലിന്റെ അച്ഛൻ (ശിവാജി ഗണേശൻ) കന്തസ്വാമിയുടെ സഹോദരിയായ അഖിലാണ്ഡേശ്വരിയ്ക്കു (ഷീല) പകരം കസ്തൂരിയെ വിവാഹം ചെയ്യുന്നു. ഇതുകാരണം രണ്ട് കുടുംബങ്ങളും പിരിഞ്ഞു. വർഷങ്ങൾക്കുശേഷം രണ്ട് കുടുംബങ്ങളെയും ഒരുമിപ്പിക്കാനായാണ് കസ്തൂരി സെന്തിലും പ്രിയയും വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചത്. സെന്തിൽ, വേട്ടയാർപുരം കൊട്ടാരം വാങ്ങിയെന്ന് ശരവണൻ മനസ്സിലാക്കുകയും സെന്തിൽ കുടുംബസമേതം കൊട്ടാരത്തിലേക്ക് താമസം മാറ്റുകയും ചെയ്യുന്നു. ഇതേ സമയം അഖിലാണ്ഡേശ്വരി, സഹായിയായ ഊമയ്യന്റെ (സോനു സൂദ്) സഹായത്തോടെ ശരവണനെ കൊല്ലാൻ ശ്രമിക്കുന്നു.
കുടുംബക്ഷേത്രം സന്ദർശിക്കുന്നതിനിടെ ക്ഷേത്രത്തിലെ പൂജകൻ വേട്ടയാർപുരം കൊട്ടാരത്തിന്റെ ചരിത്രത്തെക്കുറിച്ച് സെന്തിലിനോടും മറ്റ് കുടുംബാംഗങ്ങളോടും പറയുന്നു. 150 വർഷങ്ങൾക്കു മുൻപ് വേട്ടയ്യൻ എന്ന രാജാവ് ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലേക്ക് വേട്ടയാർപുരത്തു നിന്നും പോകുന്നു. വേട്ടയാർപുരത്തെ ഒരു നർത്തകിയായ ചന്ദ്രമുഖിയെ വേട്ടയ്യൻ പ്രണയിക്കുന്നു. എന്നാൽ ഗുണശേഖരൻ എന്ന മറ്റൊരു നർത്തകനുമായി പ്രണയത്തിലായിരുന്ന ചന്ദ്രമുഖി, വേട്ടയ്യനെ സ്വീകരിക്കുന്നില്ല. ഈ സമയം വേട്ടയ്യൻ വിജയനഗരത്തുനിന്നും സൈന്യത്തോടൊപ്പം തിരിച്ചെത്തുന്നു. വേട്ടയ്യൻ അറിയാതെ ചന്ദ്രമുഖി, ഗുണശേഖരനെ തന്റെ അയൽപക്കത്തുള്ള വീട്ടിൽ താമസിപ്പിക്കുകയും രഹസ്യമായി കണ്ടുമുട്ടുകയും ചെയ്യുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ വേട്ടയ്യൻ, ദുർഗ്ഗാഷ്ടമി ദിവസത്തിൽ ഗുണശേഖരന്റെ തല വെട്ടുകയും ചന്ദ്രമുഖിയെ ജീവനോടെ കത്തിക്കുകയും ചെയ്തു. പ്രതികാരദാഹിയായ ആത്മാവായി ചന്ദ്രമുഖി മാറുകയും വേട്ടയ്യനോട് പ്രതികാരം ചെയ്യാനായി ശ്രമിക്കുന്നു. എന്നാൽ പല മന്ത്രവാദികളുടെ പരിശ്രമങ്ങളാൽ ഒടുവിൽ കൊട്ടാരത്തിന്റെ തെക്കു-പടിഞ്ഞാറ് മൂലയിൽ ചന്ദ്രമുഖിയെ ബന്ധിക്കുന്നു. പ്രിയ, വിശ്വനാഥൻ (വിനീത്) എന്ന നർത്തകനുമായി പ്രണയത്തിലാവുകയും ശരവണൻ ഈ പ്രണയത്തെക്കുറിച്ച് കന്തസ്വാമിയോടെ പറയുകയും ചെയ്യുന്നു.
ചന്ദ്രമുഖിയുടെ കഥ കേൾക്കുന്ന ഗംഗ, തെക്കു-പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാനായി നാട്ടുകാർ കള്ളം പറയുന്നതാണെന്ന് ധരിച്ച് ആ മുറിയിൽ കയറാൻ ശ്രമിക്കുന്നു. മുറിയുടെ താക്കോൽ, ഉദ്യാനപാലകന്റെ ചെറുകമളായ ദുർഗ്ഗ (നയൻതാര)യിൽ നിന്നും കൈക്കലാക്കുന്നു. എന്നാൽ മുറി തുറന്ന നിമിഷത്തിൽ വീട്ടിൽ അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നു. വസ്തുക്കൾ പൊട്ടുകയും ഗംഗയുടെ സാരി തീ പിടിക്കുകയും ചെയ്യുന്നു. സംശങ്ങളെല്ലാം ദുർഗ്ഗയുടെ നേർക്ക് തിരിയുന്നു. സെന്തിൽ ഉടൻതന്നെ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ശരവണനെ വീട്ടിലെത്തിക്കുന്നു. ഈ സമയം പ്രിയയെ ഒരു അജ്ഞാതൻ കൊല്ലാൻ ശ്രമിക്കുന്നു. കാപ്പിയിൽ വിഷം കലർത്തിയും ഫിഷ് ടാങ്ക് മുകളിൽ നിന്ന് തള്ളിയിട്ടും സെന്തിലിനെ കൊല്ലാനും ശ്രമിക്കുന്നു. ശരവണൻ ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു.
പ്രിയയുടെയും വിശ്വനാഥന്റെയും വിവാഹസൽക്കാരത്തിനിടയിൽ ഗംഗ അവിടെനിന്നും അപ്രത്യക്ഷയാകുന്നു. ശരവണൻ ഗംഗയുടെ അസാന്നിധ്യം ശ്രദ്ധിക്കുകയും ഗംഗയെ തിരക്കി പുറത്തേക്ക് പോവുകയും ചെയ്യുന്നു. എന്നാൽ ഈ സമയം അഖിലാണ്ഡേശ്വരിയുടെ നിർദ്ദേശപ്രകാരം ഊമയ്യൻ ശരവണനെ കൊല്ലാൻ ശ്രമിക്കുന്നു. ഊമയ്യനെ കീഴടക്കിയ ശേഷം സെന്തിലിന്റെ സഹായത്തോടെ വിശ്വനാഥനോടൊപ്പം നില്ക്കുന്ന ഗംഗയെ കണ്ടെത്തുന്നു. ദ്വന്ദവ്യക്തിത്വത്താൽ ഗംഗ ബാധിതയാണെന്ന ശരവണൻ സെന്തിലിനോടും വിശ്വനാഥനോടും പറയുന്നു. എങ്ങനെയാണ് ഗംഗ ബാധിതയായതെന്നും ചന്ദ്രമുഖിയുടെ വ്യക്തിത്വം സ്വീകരിച്ചതെന്നും ശരവണൻ വിശദീകരിക്കുന്നു. പ്രിയയെയും സെന്തിലിനെയും കൊല്ലാൻ ശ്രമിച്ചതും ഗംഗയാണെന്ന് ശരവണൻ വ്യക്തമാക്കുന്നു. ചന്ദ്രമുഖിയുടെ കാഴ്ചയിൽ വിശ്വനാഥൻ തന്റെ കാമുകൻ ഗുണശേഖരനായതാണ് ഈ പ്രശ്നത്തിന് കാരണമെന്ന് ശരവണൻ വിശദീകരിക്കുന്നു. ചന്ദ്രമുഖിയെ നിർത്താനുള്ള ഏകമാർഗ്ഗം വേട്ടയ്യൻ മരിച്ചെന്ന് ചന്ദ്രമുഖിയെ വിശ്വസിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ശരവണൻ, വേട്ടയ്യനെ അനുകരിച്ച് സംസാരിക്കുകയും മന്ത്രവാദിയായ രാമചന്ദ്ര ആചാര്യയുടം (അവിനാഷ്) പൂജ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
അഖിലാണ്ഡേശ്വരി, ശരവണന്റെ ത്യാഗം തിരിച്ചറിയുകയും ശരവണനോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും രാമചന്ദ്ര ആചാര്യയുടെയും സാന്നിധ്യത്തിൽ ഗംഗ ശരവണനെ ജീവനോടെ കത്തിക്കുന്നു. ശരവണനെ കത്തിക്കാൻ ആരംഭിക്കവേ ഗംഗയുടെ മുഖത്തേക്ക് പുക തട്ടി ഗംഗയുടെ കാഴ്ച മറയുന്നു. സെന്തിൽ, നിലത്തുള്ള വാതിൽ തുറന്ന് ശരവണനെ രക്ഷപ്പെടുത്തുകയും ചന്ദ്രമുഖി, വേട്ടയ്യൻ മരിച്ചെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. തുടർന്ന ചന്ദ്രമുഖിയുടെ ആത്മാവ് ഗംഗയുടെ ശരീരത്തിൽ നിന്ന് പോകുന്നു. ശരവണനും ദുർഗ്ഗയും പ്രണയിക്കുന്നു.
അഭിനേതാക്കൾ
- രജനീകാന്ത് - ഡോ. ശരവണൻ, വേട്ടയ്യൻ രാജാവ്
- പ്രഭു - സെന്തിൽനാഥൻ
- ജ്യോതിക – ഗംഗ സെന്തിൽനാഥൻ, ചന്ദ്രമുഖി
- വടിവേലു - മുരുകേശൻ
- നയൻതാര – ദുർഗ്ഗ
- നാസർ - കന്തസ്വാമി
- വിനീത് - വിശ്വനാഥൻ, ഗുണശേഖരൻ
- വിജയകുമാർ - ദുർഗ്ഗയുടെ മുത്തച്ഛൻ
- ഷീല – അഖിലാണ്ഡേശ്വരി
- കെ.ആർ. വിജയ – കസ്തൂരി
- അവിനാഷ് - രാമചന്ദ്ര ആചാര്യ
- ത്യാഗു - കുമാർ
- മനോബാല – മന്ത്രവാദി
- മോഹൻ രാജ് - സെന്തിൽനാഥന്റെ ശത്രു
- സോനു സൂദ് - ഊമയ്യൻ
- മദൻ ബോബ് - കാർ ഉടമ
- ടി.പി. രാജേന്ദ്രൻ - സെന്തിൽനാഥന്റെ സഹായി
- മാളവിക – പ്രിയ കന്തസ്വാമി
- വിനയ പ്രസാദ് - ലക്ഷ്മി കന്തസ്വാമി
- സുവർണ മാത്യു - സ്വർണ
- സുജിബാല – കന്തസ്വാമിയുടെ ഇളയ മകൾ
- ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി - ക്ഷേത്രത്തിലെ പൂജാരി
- ശിവാജി ഗണേശൻ - സെന്തിൽനാഥന്റെ അച്ഛൻ (ഫോട്ടോ മാത്രം കാണിക്കുന്നു)
സംവിധായകൻ പി. വാസു, നിർമ്മാതാവ് രാംകുമാർ ഗണേശൻ, രാജ് ബഹദൂർ എന്നിവർ ദേവുഡാ ദേവുഡാ എന്ന ഗാനരംഗത്തിൽ അഭിനയിച്ചിട്ടുണ്ട്. [7][8][9]
നിർമ്മാണം
ആരംഭം
ശിവാജി പ്രൊഡക്ഷൻസ് നിർമ്മിച്ച 50-ാമത്തെ ചലച്ചിത്രമായിരുന്നു ചന്ദ്രമുഖി.[10] മന്നൻ എന്ന ചലച്ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ശിവാജി പ്രൊഡക്ഷൻസിന്റെ 50-ാം ചലച്ചിത്രത്തിൽ അഭിനയിക്കുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു.[11] 2004 സെപ്റ്റംബറിൽ രജനീകാന്ത്, കന്നഡ ചലച്ചിത്രമായ ആപ്തമിത്രയുടെ വിജയത്തിന് സംവിധായകൻ പി. വാസുവിനെ അഭിനന്ദിച്ചു. ചിത്രത്തിന്റെ കഥ കേട്ട രജനീകാന്ത് തുടർന്ന് രാംകുമാർ ഗണേശനെ വിളിക്കുകയും ശിവാജി പ്രൊഡക്ഷൻസിനു കീഴിൽ ഈ ചിത്രം നിർമ്മക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. [12]
രാംകുമാർ, പി. വാസുവുമായി ബന്ധപ്പെട്ട് രജനീകാന്തിന് ആപ്തമിത്രയുടെ തമിഴ് റീമേക്കിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചു.[12] രജനീകാന്തിന്റെ അഭിനയശൈലിയ്ക്ക് അനുസൃതമായി വാസു, ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുകയുണ്ടായി.[13] ദ്വന്ദ വ്യക്തിത്വം (ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ) ബാധിച്ച വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രമുഖി റിലീസ് ചെയ്ത് 2 മാസങ്ങൾക്കു ശേഷം പുറത്തിറങ്ങിയ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അന്ന്യൻ എന്ന ചലച്ചിത്രവും ഇതേ രോഗത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.[14]
തൊട്ട ധരണി ആയിരുന്നു ചിത്രത്തിന്റെ കലാ സംവിധായകനും വസ്ത്രാലങ്കാരം നിർവ്വഹിച്ചതും.[12][15] ചിത്രത്തിലെ ഭൂരിഭാഗം ദൃശ്യങ്ങളും ചിത്രീകരിച്ച വേട്ടയാർപുരം കൊട്ടാരം ഡിസൈൻ ചെയ്യുന്നതിനായി ധരണി, മണിച്ചിത്രത്താഴ്, ആപ്തമിത്ര തുടങ്ങിയ രണ്ട് ചലച്ചിത്രങ്ങളും കണ്ടിരുന്നു. എന്നാൽ മണിച്ചിത്രത്താഴിലെയും ആപ്തമിത്രയിലെയും കൊട്ടാരങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ചന്ദ്രമുഖിയിൽ അദ്ദേഹം കൊട്ടാരം ഡിസൈൻ ചെയ്തതും ചന്ദ്രമുഖിയുടെ മുറി സജ്ജീകരിച്ചതും. [16]
ചിത്രീകരണം

ചിത്രത്തിന്റെ ഫോട്ടോഗ്രഫി 2004 ഒക്ടോബർ 24ന് ശിവാജി ഗണേശന്റെ ഗൃഹമായ അണ്ണൈ ഇല്ലത്തിലെ മുഹൂരത്ത് ഷോട്ടിൽ നടന്ന ചടങ്ങോടുകൂടി ആരംഭിച്ചു. ചലച്ചിത്രത്തിന്റെ ചിത്രീകരണം 2005 ഫെബ്രുവരി 15ന് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുമെന്ന് നിർമ്മാതാവ് രാംകുമാർ ഗണേശൻ അറിയിച്ചിരുന്നു. [17]ചെന്നൈയിലെ രാമവാരത്തിലെ സംഘട്ടനം രംഗമാണ് ആദ്യമായി ചിത്രീകരിച്ചത്. 25ലധികം ടൊയോട്ട ക്വാലിസ് കാറുകളാണ് രജനീകാന്ത് അഭിനയിച്ച ഈ രംഗത്തിൽ ഉപയോഗിച്ചത്.[18] ഹൈദരാബാദിലാണ് വേട്ടയാർപുരം കൊട്ടാരത്തിലെ രംഗങ്ങൾ ചിത്രീകരിച്ചത്.[15] ചിത്രത്തിലെ രജനീകാന്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ഗാനരംഗങ്ങളും, മറ്റ് അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്ന ഗാനരംഗങ്ങളും അവസാന ദൃശ്യത്തിലുള്ള ജ്യോതിക അഭിനയിച്ച ഗാനരംഗവും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ചിത്രീകരണത്തിന് 120 ദിവസങ്ങളാണ് നിശ്ചയിച്ചിരുന്നതെങ്കിലും 78 ദിവസങ്ങൾ കൊണ്ട് പൂർത്തിയി. [19]
ദേവുഡാ ദേവുഡാ എന്ന ഗാനത്തിന്റെ ദൃശ്യങ്ങൾ പല തരത്തിലുള്ള തൊഴിലുകളെക്കുറിച്ചുള്ളതാണ്.[20] നിർമ്മാതാവ് രാംകുമാർ ഗണേശനും വാസുവും കൊഞ്ചം നേരം എന്ന ഗാനം തുർക്കിയിൽ വച്ച് ചിത്രീകരിക്കാൻ തീരുമാനിച്ചു.[21] തുർക്കിയിൽ ചിത്രീകരിച്ച ആദ്യ തമിഴ് ചലച്ചിത്രമാണ് ചന്ദ്രമുഖി. ഇസ്താംബുൾ, ദുബായ്, ചെന്നൈ എന്നിവിടങ്ങളിലായാണ് മറ്റ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.[21] ചിത്രത്തിലെ അവസാന ഗാനമായ രാ രാ എന്ന ഗാനത്തിന്റെ നൃത്തസംവിധാനം നിർവ്വഹിച്ചത് കലയായിരുന്നു. 4 ദിവസം കൊണ്ടാണ് ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ പൂർണ്ണമായും ചിത്രീകരിച്ചത്. [22]
ഗാനങ്ങൾ
ചന്ദ്രമുഖി | ||||
---|---|---|---|---|
Soundtrack album by വിദ്യാസാഗർ | ||||
Released | 5 മാർച്ച് 2005 | |||
Recorded | 2004 - 2005 | |||
Genre | Feature film soundtrack | |||
Label | സ്റ്റാർ മ്യൂസിക് (വിതരണം)[23] An Ak Audio | |||
Producer | വിദ്യാസാഗർ | |||
വിദ്യാസാഗർ chronology | ||||
|
വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. വാലി, യുഗഭാരതി, പാ. വിജയ്, നാ. മുത്തുകുമാർ, ഭുവന ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ തമിഴ് ഭാഷയിലുള്ള ഗാനങ്ങൾ രചിച്ചത്.[24] സൂര്യ രാഗത്തിലാണ് രാ രാ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.[25] ആശാ ഭോസ്‌ലെയും മധു ബാലകൃഷ്ണനും ചേർന്നാണ് ചിത്രത്തിലെ കൊഞ്ചം നേരം എന്ന ഗാനം ആലപിച്ചിരിക്കുന്നത്. [26]
ചന്ദ്രമുഖിയിലെ ഗാനങ്ങൾ 2005 മാർച്ച് 5ന് ചെന്നൈയിൽ വച്ച് പ്രകാശനം ചെയ്തു. [27][28]
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "ദേവുഡാ ദേവുഡാ" | വാലി | എസ്.പി. ബാലസുബ്രഹ്മണ്യം | 05:16 | |
2. | "കൊഞ്ചം നേരം" | യുഗഭാരതി | ആശ ഭോസ്‌ലെ, മധു ബാലകൃഷ്ണൻ | 04:29 | |
3. | "അത്തിന്തോം" | പാ. വിജയ് | എസ്.പി. ബാലസുബ്രഹ്മണ്യം, വൈശാലി | 04:34 | |
4. | "കൊക്ക് പറ പറ" | നാ. മുത്തുകുമാർ | ടിപ്പു, മാണിക്യ വിനായകം, രാജലക്ഷ്മി | 04:52 | |
5. | "അണ്ണനോട പാട്ട്" | കബിലൻ | കെകെ, കാർത്തിക്, സുജാത മോഹൻ, ചിന്നപ്പൊണ്ണ് | 05:25 | |
6. | "രാ രാ" | ഭുവനചന്ദ്ര | ബിന്നി കൃഷ്ണകുമാർ, ടിപ്പു | 05:15 | |
ആകെ ദൈർഘ്യം: |
29:51 |
റിലീസ്
2005 ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്തു.[31] കമൽ ഹാസന്റെ മുംബൈ എക്സ്പ്രസ്, വിജയുടെ സച്ചിൻ എന്നീ ചലച്ചിത്രങ്ങളോടൊപ്പം തമിഴ് പുതുവർഷത്തോടനുബന്ധിച്ചാണ് ചിത്രം പുറത്തിറങ്ങിയത്. മലേഷ്യയിലെ 37 തിയേറ്ററുകളിലും, യൂറോപ്പിലെ 15 തിയേറ്ററുകളിലും, ശ്രീലങ്കയിലെ 9 തിയേറ്ററുകളിലും അമേരിക്കയിലെ 7 തിയേറ്ററുകളിലും കാനഡ, പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ചില തിയേറ്ററുകളിലും ചന്ദ്രമുഖി പ്രദർശിപ്പിക്കുകയുണ്ടായി. ref>"Kollywood to spin magic overseas". Rediff. 12 April 2005. Archived from the original on 26 September 2014. Retrieved 26 September 2014.</ref>
ടാറ്റ ഇൻഡികോം നിർമ്മാതാക്കളുമായി കരാർ ഒപ്പിടുകയും തുടർന്ന് ചിത്രത്തിലെ ഗാനശകലങ്ങൾ റിംഗ്ടോണുകളായി ഉപയോഗിക്കാൻ അനുവാദം തേടുകയും ചെയ്തു.[32] ചിത്രം റിലീസ് ചെയ്തതോടെ രജനീകാന്തിന്റെ വലിയ കട്ട്ഔട്ടുകൾ തമിഴ്നാട്ടിൽ പലയിടങ്ങളിലും സ്ഥാപിച്ചിരുന്നു. വളരെയധികം പോസിറ്റീവ് അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 890 ദിവസങ്ങൾ തുടർച്ചയായി തിയറ്ററുകളിൽ ചന്ദ്രമുഖി പ്രദർശിപ്പിക്കപ്പെട്ടു.തമിഴ് നാട്ടിൽ നിന്നും 51 കോടിയോളമാണ് ചിത്രം കളക്റ്റ് ചെയ്തത്. [33] ചെന്നൈയിലെ 80 തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചു. [34]
2005 ഒക്ടോബറിൽ നടന്ന 18-ാമത് ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ രണ്ടു പ്രാവശ്യം വിൻഡ്സ് ഓഫ് ഏഷ്യ വിഭാഗത്തിന്റെ ഭാഗമായി ചന്ദ്രമുഖി പ്രദർശിപ്പിക്കുകയുണ്ടായി.[35][36] ദുബായിലെ ദുബായ് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന 7-ാം IIFA അവാർഡ്സ് ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് ചന്ദ്രമുഖിയായിരുന്നു. ഈ ചലച്ചിത്രത്തോത്സവത്തിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചലച്ചിത്രമാണ് ചന്ദ്രമുഖി.[37] 2011 നവംബറിൽ റഷ്യയിൽ വച്ചു നടന്ന അന്താരാഷ്ട്ര തമിഴ് ഫെസ്റ്റിവലിൽ തില്ലാന മോഹനാംബാൾ, ശിവാജി, അങ്ങാടി തെരു, ബോസ് എങ്കിര ഭാസ്കരൻ, തെൻമേർക്കു പരുവക്കാറ്റ്, കോ എന്നീ ചലച്ചിത്രങ്ങളോടൊപ്പം പ്രദർശിപ്പിച്ചു. [38]
മണിച്ചിത്രത്താഴിൽ തമിഴ് റീമേക്ക് ആയിരുന്നു ചന്ദ്രമുഖി എങ്കിലും മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിന്റെ പേര് ചിത്രത്തിലെ ആദ്യഭാഗത്തോ അവസാന ഭാഗത്തോ പരാമർശിച്ചിരുന്നില്ല.[39] എന്നാൽ മണിച്ചിത്രത്താഴിന്റെ സീൻ-ബൈ-സീൻ റീമേക്കല്ല ചന്ദ്രമുഖിയെന്നും കഥയുടെ അടിസ്ഥാനം മാത്രമാണ് മണിച്ചിത്രത്താഴിൽനിന്ന് സ്വീകരിച്ചിട്ടുള്ളതെന്നും പി. വാസു അഭിപ്രായപ്പെട്ടു. [40]
പുരസ്കാരങ്ങൾ
വടിവേലു, ജ്യോതിക എന്നിവരുടെ മികച്ച പ്രകടനങ്ങൾക്കാണ് പ്രധാനമായും പുരസ്കാരങ്ങൾ ലഭിച്ചത്. കൂടാതെ രജനീകാന്തിന് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം നേടിയ ബിന്നി കൃഷ്ണകുമാർ ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി:
I will forever remain indebted to composer Vidyasagar, who gave me the song when I was a nobody in playback singing. I had given a cassette of my songs to Vidyasagar, who knew Krishnakumar.[a] Then, about six months later, Vidyasagar invited me to record "Ra ra...". The way that song has helped me in my career—both as a playback and classical singer—has been incredible. I was lucky I got a song in a Rajnikanth film so early in my career and the Filmfare award for my very first song."[42]
പുരസ്കാരം | പരിപാടി | വിഭാഗം | ജേതാവ് | ഫലം |
---|---|---|---|---|
ഫിലിംഫെയർ പുരസ്കാരം സൗത്ത് | 53-ാം ദക്ഷിണേന്ത്യൻ ഫിലിം ഫെയർ പുരസ്കാരം[43] | മികച്ച പിന്നണി ഗായിക | ബിന്നി കൃഷ്ണകുമാർ | Won |
മികച്ച ഹാസ്യനടൻ | വടിവേലു | Won | ||
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം | തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2005[44][45] | മികച്ച ചിത്രം | ചന്ദ്രമുഖി | Won |
മികച്ച നടൻ | രജനീകാന്ത് | Won | ||
മികച്ച നടി | ജ്യോതിക | Won | ||
മികച്ച കലാ സംവിധായകൻ | തൊട്ട ധരണി | Won | ||
മികച്ച നൃത്തസംവിധാനം | കല | Won | ||
കലൈമാമണി പുരസ്കാരം | കലൈമാമണി പുരസ്കാരം 2005[46][47] | ആദരവ് | ജ്യോതിക | Won |
വടിവേലു | Won | |||
ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ് | 55-ാം ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ് Cine bests of 2005[48][49] |
മികച്ച ചിത്രം | ചന്ദ്രമുഖി | Won |
മികച്ച നടി | ജ്യോതിക | Won | ||
മികച്ച ഗാനരചയിതാവ് | വാലി | Won | ||
മികച്ച ഹാസ്യനടൻ | വടിവേലു | Won |
പ്രശസ്തമായ സംഭാഷണങ്ങൾ
രജനീകാന്ത് പറയുന്ന ലക്ക ലക്ക പോലെയുള്ള, ചിത്രത്തിലെ പല രംഗങ്ങളും സംഭാഷണങ്ങളും വളരെ പ്രശസ്തമാവുകയുണ്ടായി.[13] രജനീകാന്തിനോടൊപ്പമുള്ള രംഗങ്ങളിൽ വടിവേലു പറയുന്ന മാപ്പു്... വച്ചിട്ടാണ്ടാ ആപ്പു്... എന്ന ഡയലോഗും പ്രശസ്തമായി. [50]
പ്രഭുവിന്റെ ഡയലോഗായ എന്ന കൊടുമൈ സരവണൻ ഇത് എന്ന ഡയലോഗും ശ്രദ്ധിക്കപ്പെട്ടു. ഈ ഡയലോഗിനെയാണ് പിന്നീട് ചെന്നൈ 600028, ഗോവ, മങ്കാത്ത എന്നീ ചലച്ചിത്രങ്ങളിൽ പ്രേംജി അമരൻ എന്ന കൊടുമൈ സാർ ഇത് എന്ന് മാറ്റി അവതരിപ്പിച്ചത്. [50][51]
റീമേക്കുകൾ
ചന്ദ്രമുഖി എന്ന അതേ പേരിൽത്തന്നെ ചിത്രം ഡബ്ബ് ചെയ്താണ് തെലുഗുവിൽ പുറത്തിറക്കിയത്. [52] തുർക്കിഷി ഭാഷയിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കി.[53] ചിത്രത്തിന്റ അന്യഭാഷാ പതിപ്പുകളും വിജയകരമായിരുന്നു.
മണിച്ചിത്രത്താഴ് (1993) | ആപ്തമിത്ര (2004) | ചന്ദ്രമുഖി (2005) | രാജ്‌മൊഹോൽ (2005) | ഭൂൽ ഭുലായിയാ (2007) | |
---|---|---|---|---|---|
മലയാളം | കന്നഡ | തമിഴ് | തെലുഗു (Dubbed) | ബംഗാളി | ഹിന്ദി |
ഡോ. സണ്ണി ജോസഫ് (മോഹൻലാൽ) |
ഡോ. വിജയ് (വിഷ്ണുവർധൻ (നടൻ)) |
ഡോ. ശരവണൻ (രജനീകാന്ത്) |
ഡോ. ഈശ്വർ (രജനീകാന്ത്) |
ഡോ. അഗ്നി (പ്രോസഞ്ജിത് ചാറ്റർജി) |
ഡോ. ആദിത്യ ശ്രീവാസ്തവ് (അക്ഷയ് കുമാർ) |
നകുലൻ (സുരേഷ് ഗോപി) |
രമേഷ് (രമേഷ് അരവിന്ദ്) |
സെന്തിൽനാഥൻ (പ്രഭു (നടൻ)) |
കൈലാഷ് (പ്രഭു (നടൻ)) |
സുമിത് (അഭിഷേക് ചാറ്റർജി) |
സിദ്ധാർത്ത് ചതുർവേദി (ഷിനി അഹുജ) |
ഗംഗ (ശോഭന) |
ഗംഗ (സൗന്ദര്യ) |
ഗംഗ സെന്തിൽനാഥൻ (ജ്യോതിക) |
ഗംഗ കൈലാഷ് (ജ്യോതിക) |
ദേബശ്രീ (അനു ചാധരി) |
അവ്നി (വിദ്യാ ബാലൻ) |
ശ്രീദേവി (വിനയ പ്രസാദ്) |
സൗമ്യ (പ്രേമ) |
ദുർഗ (നയൻതാര) |
ദുർഗ (നയൻതാര) |
മാലിനി (രചന ബാനർജി) |
രാധ (അമീഷ പട്ടേൽ) |
ഉണ്ണിത്താൻ (ഇന്നസെന്റ്) |
മുകുന്ദ (ദ്വാർകിഷ്) |
മുരുകേശൻ (വടിവേലു) |
ബസവയ്യ (വടിവേലു) |
മാണിക് (സുഭാഷിഷ് മുഖർജി) |
ബതുശങ്കർ ഉപാധ്യായ് (പരേഷ് റാവൽ) |
രണ്ടാം ഭാഗം
ചന്ദ്രമുഖിയുടെ കഥയുടെ തുടർച്ചയായി നാഗവല്ലി എന്ന പേരിൽ തെലുഗുവിൽ പുറത്തിറങ്ങിയിരുന്നു. പി. വാസു സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ ദഗ്ഗുബാട്ടി വെങ്കടേഷ്, അനുഷ്ക ഷെട്ടി, റിച്ച ഗണോപാധ്യായ്, ശ്രദ്ധ ദാസ്, പൂനം കൗർ, കമാലിനി മുഖർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം 2010 ഡിസംബർ 16ന് പുറത്തിറങ്ങി. [54]
ഇതും കാണുക
- മണിച്ചിത്രത്താഴ്
- ആപ്തമിത്ര
കുറിപ്പുകൾ
- Krishnakumar is Binny's husband and also a professional Carnatic musician.[41]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.