കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ
വടക്കേ മലബാറിലെ മഹാദേവ ക്ഷേത്രം From Wikipedia, the free encyclopedia
വടക്കേ മലബാറിലെ മഹാദേവ ക്ഷേത്രം From Wikipedia, the free encyclopedia
വടക്കേ മലബാറിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്. 'ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്‘. ഇങ്ങനെ രണ്ടു ക്ഷേത്രങ്ങൾ ആണ് ഇവിടെ ഉള്ളത്.
കൊട്ടിയൂർ വടക്കേശ്വരം ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 11°52′22.29″N 75°51′39.18″E |
പേരുകൾ | |
മറ്റു പേരുകൾ: | ഇക്കരെ കൊട്ടിയൂർ |
ശരിയായ പേര്: | തൃചേരുമന ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കണ്ണൂർ ജില്ല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ |
പ്രധാന ഉത്സവങ്ങൾ: | വൈശാഖ മഹോത്സവം |
വാസ്തുശൈലി: | പരമ്പരാഗത കേരള ക്ഷേത്ര വാസ്തു |
ചരിത്രം | |
സൃഷ്ടാവ്: | പരശുരാമൻ, പടിഞ്ഞിറ്റ ഇല്ലം |
ക്ഷേത്രഭരണസമിതി: | മലബാർ ദേവസ്വം ബോർഡ്[1] |
വെബ്സൈറ്റ്: | http://kottiyoordevaswom.com/ |
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, ഇളനീർ (കരിക്ക്) എന്നിവകൊണ്ടാണ് അഭിഷേകം. തിരുവഞ്ചിറ എന്നുപേരുള്ള വലിയൊരു തടാകത്തിന്റെ മദ്ധ്യത്തിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ആദിപരാശക്തിയായ ശ്രീ പാർവ്വതിയെ ആരാധിക്കുന്നത്.[2] തുമ്പയും, തുളസിയും, കൂവളത്തിലയുമാണ് മണിത്തറയിലുപയോഗിക്കുന്നത്. ഭക്തർക്ക് പ്രസാദവും ഭക്ഷണവും നൽകുന്നത് മലവാഴയുടെ ഇലയിലാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് പ്രസിദ്ധമായ വൈശാഖ മഹോത്സവം നടക്കുന്നത്. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ഒരു പാട് തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്. വയനാടൻ ചുരങ്ങളിൽനിന്ന് ഒഴുകി വരുന്ന ബാവലി പുഴയുടെ വടക്കേ ത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. വടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. കൊട്ടിയൂർ ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകമാണ് കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂക്കൾ. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓർമിപ്പിക്കുന്നത്. കൊട്ടിയൂർ പണ്ട് കാലത്ത് കോട്ടയം രാജവംശവുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് , രാജവംശത്തിന്റെ അധീനതയിലായിരുന്നു ക്ഷേത്രം . മൃജ്യുഞ്ജയമൂർത്തി, ഉമാമഹേശ്വരൻ, ഓംകാരമൂർത്തി, പരബ്രഹ്മമൂർത്തി തുടങ്ങിയവ എല്ലാ ഭാവങ്ങളിലും ഭഗവാൻ ഇവിടെ ആരാധിക്കപ്പെടുന്നു.[3] [4]
കോട്ടയം (പഴശ്ശി) രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും ആദ്യമായി കൊട്ടിയൂർ ദർശനത്തിനു വരുമ്പോൾ “വെള്ളികുടം” ഒപ്പിക്കുകയെന്ന ഒരു ചടങ്ങു നിലനിൽക്കുന്നു. ഉപനയനം കഴിഞ്ഞ ഏതൊരു അംഗവും ദർശനത്തിനു വന്നാൽ വീണ്ടും വെള്ളിക്കുടം ഒപ്പിക്കണം, ഇത് നിര്ബന്ധമാണ്. വലിയരാജാവ് കൊട്ടിയൂർ ഉത്സവം തുടങ്ങിയാൽ അത് കഴിയും വരെ കോട്ടയം രാജ്യത്തിന്റ അതിർത്തി കടന്നു മറ്റെങ്ങും യാത്ര പാടില്ല. കോട്ടയം രാജകുടുംബത്തിലെ തമ്പുരാട്ടിമാർ ക്ഷേത്ര ദർശനത്തിനു വന്നാൽ “തേടൻ” എന്ന ആൾ അവരെ അക്കര കൊട്ടിയൂർക്ക് എതിരേറ്റു കൊണ്ടുപോകേണ്ടുന്നതും അവർ മടങ്ങുന്നതിനിടെ “തൃക്കൂർ അളക്കുക” എന്ന ചടങ്ങു നടത്തേണ്ടതുമാണ്. ഒരു കൊല്ലാതെ ആഹാരത്തിനുവേണ്ട അരി ഭഗവാൻ തമ്പുരാട്ടിക്കു അളന്നു കൊടുക്കുന്നു എന്നതാണ് ഈ അരി അലക്കുന്നതിലെ സങ്കൽപ്പം.
പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷൻ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതിൽ ദുഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷൻറ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിയ്ക്കാൻ കൈലാസത്തിലേക്ക് പോയി.
പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.
മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളിൽ) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു. മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്. കുറിച്യവിഭാഗത്തിൽ പെട്ട സ്ഥാനികനായ ഒറ്റപ്പിലാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിർമ്മാണപ്രവർത്തനങ്ങൾക്ക് അളവ് തിരിച്ചു നൽകാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകൾ നിർമ്മിച്ചു നൽകേണ്ടത് കണിയാൻമാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായർ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം ചാലിയ സമുദായക്കാരമാണ്. ഉൽസവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീർത്ഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അർപ്പിക്കുന്നതാണിത്. മണത്തണയിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു. എടവത്തിലെ ചോതിനാളിൽ വയനാട് ജില്ലയിലെ തവിഞ്ഞാൽ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാൻമാർ കൊട്ടയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുന്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്. ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തിൽ നെയ്യഭിഷേകം, ഇളനീർ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളിൽ നടക്കുക
*കണ്ണൂരിൽ നിന്ന് 68 കിലോമീറ്റർ അകലെ, മലയോര ഹൈവേ, കണ്ണൂർ മട്ടന്നൂർ റോഡ് വഴി. ഒന്നര മണിക്കൂർ യാത്ര.
*തലശേരിയിൽ നിന്ന് 58 കിലോമീറ്റർ. ഒന്നേകാൽ മണിക്കൂർ യാത്ര.
*മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നിന്നും 24.8 കിലോമീറ്റർ, 35 മിനിറ്റ് യാത്ര, മലയോര ഹൈവേ വഴി.
*മാനന്തവാടിയിൽ നിന്ന് - 25.6 കിലോമീറ്റർ, 50 മിനിറ്റ്, മാനന്തവാടി മുതിരരി റോഡ്, മലയോര ഹൈവേ വഴി.
*തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് - 46.8 കിലോമീറ്റർ, ഒരു മണിക്കൂർ 21 മിനിറ്റ് യാത്ര, മലയോര ഹൈവേ വഴി
*അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - കണ്ണൂർ, തലശ്ശേരി
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.