Remove ads
ഭഗവദ്ഗ From Wikipedia, the free encyclopedia
ഭാരതീയ ഇതിഹാസ ഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ് ഭഗവദ്ഗീത അല്ലെങ്കിൽ ഭഗവാൻ്റെ ഗീതം എന്നർത്ഥമുള്ള ഭാഗവതഗീതം. ഹൈന്ദവരുടെ ഒരു പ്രധാന വിശുദ്ധ ഗ്രന്ഥമാണിത്. സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനനും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. [1] കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ് ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർമയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശ മണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ് ഗീതയിലുള്ളത്.
കർത്താവ് | കൃഷ്ണദ്വൈപായനൻ |
---|---|
രാജ്യം | ഭാരതം |
ഭാഷ | സംസ്കൃതം |
ISBN | ലഭ്യമല്ല |
ഭഗവദ്ഗീത എന്നതിന് ഭഗവാന്റെ പാട്ട് എന്നാണ് വാച്യാർത്ഥം
പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയിൽ ആകെ ഉള്ളത്. അനുഷ്ടുഭ വൃത്തത്തിലെഴുതിയ ശ്ലോകങ്ങളാണ് അവയുടെ ഉള്ളടക്കം. ശ്ലോകങ്ങളുടെ മൊത്തം എണ്ണം എഴുനൂറ് എന്നാണ് സാധാരണ പറയാറുള്ളത്. എന്നാൽ പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽ ഉൾപ്പടുത്തിയിട്ടില്ലാത്തതുമായ ഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.[2]
മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട കൌരവ സൈന്യത്തോട് ഏറ്റുമുട്ടുവാൻ വിമുഖത കാട്ടിയ അർജ്ജുനനെ യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്റെ രചന. യുദ്ധം കാണുവാൻ ദിവ്യദൃഷ്ടി ലഭിച്ച സഞ്ജയൻ ഈ യുദ്ധം ധൃതരാഷ്ട്രരോട് വിവരിച്ചു കൊടുക്കുന്നതായാണ് മഹാഭാരതത്തിൽ വ്യാസൻ വിവരിച്ചിരിക്കുന്നത്. മഹാഭാരത യുദ്ധത്തിൽ ഭീഷ്മർ ശരശയ്യയിൽ ആവുന്ന സമയത്ത് ദുഖിതനായ ധൃതരാഷ്ട്രർ സഞ്ജയനോട് എന്താണ് മഹാഭാരതത്തിൽ സംഭവിച്ചത് എന്ന് ചൊദിക്കുകയും, അതിന്റെ ഉത്തരമായിട്ടാണ് യുദ്ധത്തിന്റെ ആരംഭത്തിൽ(മുൻപ്) ഗീതോപദേശം നടന്നത് സഞ്ജയൻ വിവരിയ്ക്കുന്നത്.
ഭഗവദ്ഗീതയുടെ സന്ദേശം അർജ്ജുനന് മാത്രമല്ല ആദ്യമായി ഉപദേശിക്കുന്നത് എന്ന് ശ്രീകൃഷ്ണൻ (വ്യാസൻ) പറയുന്നു.
“ | ഇമം വിവസ്വതേയോഗം പ്രോക്തവാഹനമവ്യയം വിവസ്വാൻ മനവേ പ്രാഹ മനുരിക്ഷ്വാകവേ ബ്രവീത് |
” |
അതായത് ഈ യോഗം അവ്യയമാണ്, വ്യവച്ഛേദിക്കാൻ സാധിക്കാത്തതുമാണ്, നാശമില്ലാത്തതാണ്. ഞാൻ വിവസ്വാനും, വിവസ്വാൻ മനുവിനും മനു ഇക്ഷ്വാകു വിനും ഇത് മുൻപേ ഉപദേശിച്ചിട്ടുണ്ട്. (ഗീത-4-1)
ഗീത സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട്. അവരിൽ ഭാരതത്തിൽ നിന്നുള്ളവരിൽ ഏറ്റവും പ്രമുഖൻ കോസാംബിയാണ്. ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളിൽ ഏറ്റവും പ്രമുഖമായത് ഗീതയാണെന്നുമാണു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് മറ്റു പല ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കൃഷ്ണനെന്ന ദൈവം തന്നെ അർവ്വാചീനനാണ്. അദ്ദേഹത്തിന്റെ പരമദൈവത്വം പിന്നീട് ഏറെ നൂറ്റാണ്ടുകളോളം അംഗീകരിക്കപ്പെട്ടില്ല. ഗീതയിലെ സംസ്കൃത ഭാഷ മൂന്നാം നൂറ്റാണ്ടിലേതുമാണ്.[3] മറ്റു ചില ചരിത്രകാരന്മാർ പറയുന്നത് കൃഷ്ണദ്വൈപായനൻ എന്ന വേദവ്യാസൻ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ് കൃഷ്ണനെന്നും അദ്ദേഹത്തെ പിന്നീട് ആര്യബ്രാഹ്മണർ തങ്ങളുടെ ദൈവങ്ങളുടെ സ്ഥാനത്തേക്ക് ഉയർത്തുകയും അതിനായി പുരാണങ്ങളും മറ്റു കൃതികളും രചിച്ചു എന്നുമാണ്. ഗുജറാത്തിൽ ജീവിച്ചിരുന്ന കൃഷ്ണവസുദേവ് എന്ന പ്രാദേശിക ആൾ ദൈവത്തെ ഈ ഗണത്തിലേക്ക് കൊണ്ടുവരികയായിരുന്നു [4].എന്നാൽ പുരാണങ്ങളിലെയും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളിലെയും കാലഗണനാ രീതിയും ആയി ഒത്തു പോകുന്നതല്ല ഈ വാദങ്ങൾ എന്നത് കൊണ്ട് ഇവ ആധികാരികമാണ് എന്ന് ഉറപ്പിച്ചു പറയാനും സാധിക്കില്ല...മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ..ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മധുര ,അദ്ദേഹത്തിന്റെ രാജധാനി ആയ ദ്വാരക തുടങ്ങിയവയുടെ കാലപ്പഴക്കം നിർണയിക്കാൻ മതിയായ ഗവേഷണങ്ങൾ നടത്താത്തതും ഒരു പോരായ്മ തന്നെ ആണ്...
ചില പണ്ഡിതന്മാർ 5-ആം നൂറ്റാണ്ട് മുതൽ BCE 2-ആം നൂറ്റാണ്ട് വരെയുള്ള തീയതികൾ സാധ്യതയുള്ള ശ്രേണിയായി അംഗീകരിക്കുന്നു, ഹിന്ദുമത പണ്ഡിതനായ ജീനീൻ ഫൗളർ, ഗീതയെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനത്തിൽ, ബിസി രണ്ടാം നൂറ്റാണ്ട് രചനയുടെ സാധ്യതയുള്ള തീയതിയായി കണക്കാക്കുന്നു.[5] ജെ. എ. ബി. വാൻ ബ്യൂട്ടെനൻ ഗീത രചിക്കപ്പെട്ടത് ഏകദേശം 200 BCE ആണെന്നും പ്രസ്താവിക്കുന്നു[6]. അരവിന്ദ് ശർമ്മയുടെ അഭിപ്രായത്തിൽ, ഗീത പൊതുവെ 2-ആം നൂറ്റാണ്ടിലെ ഒരു ഗ്രന്ഥമായി അംഗീകരിക്കപ്പെടുന്നു.ഗീത എന്നും മഹാഭാരതത്തിന്റെ ഭാഗമായിരുന്നുവെന്ന് കാശി നാഥ് ഉപാധ്യായ പറയുന്നു. വർഷവും നൂറ്റാണ്ടും അനിശ്ചിതത്വത്തിലാണെങ്കിലും, റിച്ചാർഡ് ഡേവിസ് ന്റെ അഭിപ്രയട്ടത്തിൽ, ഗ്രന്ഥത്തിലെ ആന്തരിക തെളിവുകൾ ഗീതാ പ്രഭാഷണത്തിന്റെ ഉത്ഭവം ഹിന്ദു ചാന്ദ്ര മാസമായ മാർഗശീർഷയിൽ നിന്നാണ് (അഗ്രഹയാനം എന്നും അറിയപ്പെടുന്നു, പൊതുവെ ഗ്രിഗോറിയൻ കലണ്ടറിലെ ഡിസംബർ അല്ലെങ്കിൽ ജനുവരി).
ആദി ശങ്കരാചാര്യർ ഭഗവദ്ഗീതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്:
"ഭഗവദ്-ഗീതയെക്കുറിച്ചുള്ള വ്യക്തമായ അറിവിൽ നിന്ന് മനുഷ്യന്റെ അസ്തിത്വത്തിന്റെ എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കപ്പെടുന്നു. വേദഗ്രന്ഥങ്ങളിലെ എല്ലാ പഠിപ്പിക്കലുകളുടെയും പ്രത്യക്ഷമായ സത്തയാണ് ഭഗവദ്ഗീത."
രാമാനുജാചാര്യ ആചാര്യ രാമാനുജം (1017-1137) വിശിഷ്ടാദ്വൈത വേദാന്തത്തിന്റെ മഹാനായ വക്താവായിരുന്നു.
"എല്ലാ ആത്മീയ അറിവുകളുടെയും സത്തയായ ഈശ്വരഭക്തിയുടെ ശാസ്ത്രം വെളിപ്പെടുത്താൻ ഭഗവാൻ കൃഷ്ണൻ പറഞ്ഞതാണ് ഭഗവദ്ഗീത. പരമാത്മാവായ കൃഷ്ണന്റെ അവതാരത്തിനും അവതാരത്തിന്റെ പ്രാഥമിക ഉദ്ദേശ്യം, ആത്മീയ വികാസത്തിന് വിരുദ്ധമായ ഏതെങ്കിലും പൈശാചികവും, നിഷേധാത്മകവും, അനഭിലഷണീയവുമായ സ്വാധീനങ്ങളിൽ നിന്ന് ലോകത്തെ മോചിപ്പിക്കുക എന്നതാണ്. അതേ സമയം എല്ലാ മനുഷ്യരാശിക്കും ശാശ്വതമായി അതിൽ എത്തിച്ചേരുക എന്ന ഉദ്ദേശവും ഉണ്ട്.
സ്വാമി വിവേകാനന്ദൻ
"സ്വാമി വിവേകാനന്ദൻ ഭഗവദ്ഗീതയിൽ വളരെയധികം താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പുസ്തകങ്ങളിൽ ഒന്നായിരുന്നു ഭഗവദ്ഗീതയെന്ന് പറയപ്പെടുന്നു. 1888-1893-ൽ വിവേകാനന്ദൻ അലഞ്ഞുതിരിയുന്ന സന്യാസിയായി ഇന്ത്യയൊട്ടാകെ സഞ്ചരിക്കുമ്പോൾ അദ്ദേഹം തന്റെ പക്കൽ ഗീതയും സൂക്ഷിച്ചിരുന്നു."
മോഹൻദാസ് കരംചന്ദ് ഗാന്ധി (മഹാത്മാ ഗാന്ധി/ഗാന്ധിജി)
ഭഗവദ്ഗീത നിസ്വാർത്ഥ സേവനത്തിന് ഊന്നൽ നൽകിയത് ഗാന്ധിജിക്ക് പ്രചോദനത്തിന്റെ ഒരു പ്രധാന സ്രോതസ്സായിരുന്നു. ഗാന്ധി പറഞ്ഞു -
"സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശകൾ എന്നെ തുറിച്ചുനോക്കുമ്പോൾ, ചക്രവാളത്തിൽ പ്രതീക്ഷയുടെ ഒരു കിരണവും കാണാതെ, ഞാൻ ഭഗവത് ഗീതയിലേക്ക് തിരിയും. ഗീതയിൽ, എന്നെ ആശ്വസിപ്പിക്കാൻ ഒരു ശ്ലോകം കണ്ടെത്തും. അതികഠിനമായ സങ്കടത്തിനിടയിൽ ഞാൻ ഉടനെ പുഞ്ചിരിക്കാൻ തുടങ്ങുന്നു.
ഗീതയെ ധ്യാനിക്കുന്നവർക്ക് ഓരോ ദിവസവും പുതിയ സന്തോഷവും പുതിയ അർത്ഥങ്ങളും ലഭിക്കും."
ജവഹർലാൽ നെഹ്‌റു
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അഭിപ്രായത്തിൽ ,
"ഭഗവദ് ഗീത പ്രധാനമായും മനുഷ്യന്റെ അസ്തിത്വത്തിന്റെ ആത്മീയ അടിത്തറയാണ് കൈകാര്യം ചെയ്യുന്നത്. ജീവിതത്തിന്റെ കടമകളും കടമകളും നിറവേറ്റാനുള്ള പ്രവർത്തനത്തിന്റെ ആഹ്വാനമാണിത്;അതിനോടൊപ്പം അത് പ്രപഞ്ചത്തിന്റെ ആത്മീയ സ്വഭാവവും മഹത്തായ ലക്ഷ്യവും കണക്കിലെടുക്കുന്നു."
സുനിത വില്യംസ്
അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഭഗവദ് ഗീതയുടെയും ഉപനിഷത്തുകളുടെയും ഒരു പകർപ്പ് ബഹിരാകാശത്തേക്ക് കൊണ്ടുപോയി.അവർ അതിനെക്കുറിച്ചു പറഞ്ഞത്
"നമ്മെത്തന്നെയും ജീവിതത്തെയും നമ്മുടെ ചുറ്റുമുള്ള ലോകത്തെയും പ്രതിഫലിപ്പിക്കാനും, അവയെയൊക്കെ മറ്റൊരു രീതിയിൽ നോക്കിക്കാണുന്നതിനും അത് സഹായകരമായി" എന്നാണ.
എ.പി.ജെ.അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുൾ കലാം ഭഗവദ്ഗീത വായിക്കുകയും മന്ത്രങ്ങൾ ചൊല്ലുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രയത്തിൽ എല്ലാ സംശയങ്ങൾക്കും അസ്വസ്തതകൾക്കും ഉള്ള പരിഹാരം ആണു ഗീത.
ഇ.ശ്രീധരൻ (മെട്രൊ മാൻ) അദ്ദെഹം ഗീതയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ.
"ആത്മീയതയ്ക്ക് മതപരമായ മുഖമുദ്രകളില്ല. ഒരു വ്യക്തിയെ അവന്റെ മനസ്സിലും ചിന്തകളിലും ശുദ്ധമാക്കുക എന്നതാണ് ആത്മീയതയുടെ സത്ത. "ഭഗവദ് ഗീത വായിക്കാൻ തുടങ്ങിയപ്പോൾ അത് ദിവസത്തിന് ഉപയോഗപ്രദമാണെന്ന് ഞാൻ കണ്ടെത്തി. അതിനാൽ ഞാൻ അത് പരിശീലിക്കാൻ തുടങ്ങി. ഒരു ഭരണപരമായ സുവിശേഷമായി ഞാൻ ഇതിനെ കണക്കാക്കുന്നു. ഒരു സ്ഥാപനം നടത്തുക പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ സഹായിക്കും"
തത്വജ്ഞാനമാണ് ഗീതയുടെ പ്രമേയം. ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദർശനഗ്രന്ഥങ്ങളിൽ ഒന്നായി ഭഗവദ്ഗീത പരിഗണിയ്ക്കപ്പെടുന്നു.
ഇരുഭാഗത്തെയും സൈന്യങ്ങൾ ഒരുങ്ങി നിൽക്കേ മഹായോദ്ധാവായ അർജ്ജുനൻ തന്റെ അടുത്ത ബന്ധുക്കളും, ഗുരുജനങ്ങളും, പിതാമഹന്മാരും യുദ്ധസന്നദ്ധരായി നിലകൊള്ളുന്നതുകണ്ട് ദുഃഖത്തിനും അനുകമ്പയ്ക്കും വശംവദനായി അധീരനാവുകയും,യുദ്ധം ചെയ്യാനുള്ള നിശ്ചയം ഉപേക്ഷിയ്ക്കുകയും ചെയ്യുന്നതാണ് ഒന്നാമദ്ധ്യായത്തിലെ പ്രതിപാദ്യം. ഈ അദ്ധ്യായത്തിൽ 47 ശ്ലോകങ്ങൾ ഉണ്ട്.
വ്യാസഭഗവാനിൽ നിന്ന് ദിവ്യദൃഷ്ടി സ്വായത്തമാക്കിയ സഞ്ജയനോട് യുദ്ധരംഗവർണന ചെയ്യാൻ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രർ പറയുന്ന;
“ | ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ? |
” |
(പുണ്യക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡവരും എന്തു ചെയ്തു?)എന്ന ശ്ലോകമാണ് ഒന്നാമദ്ധ്യായത്തിലെ ആരംഭശ്ലോകം. തുടർന്ന്..
“ | സഞ്ജയ ഉവാച ദ്യഷ്ട്വാ തു പാണ്ഡവാനീകം വ്യൂഡ്ഡം ദുര്യോധനസ്തദാ ""ആചാര്യമുപസംഗ്യമ രാജാ വചനമബ്രവീത് |
” |
(സഞ്ജയൻ പറഞു: അണിനിരന്ന സെന്യത്തെ കണ്ടിട്ട് രാജവായ ദുര്യോധനൻ ദ്രോണാചാര്യരുടെ അടുക്കൽച്ചെന്ന് ഈ വാക്കുകൾ പറഞ്ഞു.)
തുടർന്ന് യുദ്ധക്ഷേത്രത്തിന്റെയും യോദ്ധാക്കളുടെയും വർണന പുരോഗമിയ്ക്കേ,യഥാക്രമം പാഞ്ചജന്യവും ദേവദത്തവും ഊതിക്കൊണ്ട് ശ്രീകൃഷ്ണനും,അർജ്ജുനനും രംഗപ്രവേശം ചെയ്യുന്നു.
“ | സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയ മേച്യുത യാദവേതാൻ നിരീക്ഷ്യേഹം യോദ്ധുകാമാൻ അവസ്ഥിതാൻ |
” |
(ഹേ അച്യുത,ഇരു സൈന്യങ്ങൾക്കും മദ്ധ്യത്തിലായി എന്റെ തേർ കൊണ്ടു നിർത്തുക.യുദ്ധകാംക്ഷികളായി ഇവിടെ വന്നിരിക്കുന്നവരെ ഞാനൊന്നു കാണട്ടെ.)എന്ന അർജ്ജുനന്റെ നിർദ്ദേശപ്രകാരം ശ്രീകൃഷ്ണൻ ഇരുസേനാവിഭാഗങ്ങൾക്കും നടുവിലേയ്ക്കു രഥം തെളിയ്ക്കുന്നു.
യുദ്ധത്തിനൊരുങ്ങിവന്ന ബന്ധുമിത്രാദികളെ കണ്ട് അവയവങ്ങൾ തളർന്ന്,മുഖം വരണ്ട്,ഗാണ്ഡീവം കൈയിൽന്നിന്നു വഴുതി,
“ | ന ച ശ്രേയോ നുപശ്യാമി ഹത്വാ സ്വജനമാഹവേ ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച |
” |
(ബന്ധുക്കളെ യുദ്ധത്തിൽ കൊല്ലുന്നതു കൊണ്ട് എങ്ങനെ എന്തു ഗുണമുണ്ടാകുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല.കൃഷ്ണാ,എനിക്ക് വിജയം ആവശ്യമില്ല.രാജ്യവും സുഖവും എനിയ്ക്കു വേണ്ട)
എന്നു വിലപിച്ച് തേരിൽ തളർന്നിരിയ്ക്കുന്ന അർജ്ജുനന്റെ ചിത്രത്തോടെ ഒന്നാമദ്ധ്യായം അവസാനിയ്ക്കുന്നു.
വരാനിരിയ്ക്കുന്ന ജ്ഞാനയോഗത്തിന്റെയും കർമയോഗത്തിന്റെയും മഹിമ വ്യക്തമാക്കുന്നതാണ് സാംഖ്യയോഗം. കരുണാഭരിതനായ അർജ്ജുനൻ ശിഷ്യനെന്ന നിലയിൽ ശ്രീകൃഷ്ണനെ അഭയം പ്രാപിയ്ക്കുന്നു. നശ്വരമായ ഭൗതികശരീരവും ശാശ്വതമായ ആത്മാവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ വിവരിച്ചുകൊണ്ട് കൃഷ്ണൻ തന്റെ ഉപദേശം ആരംഭിയ്ക്കുന്നു.പുനർജന്മമെന്ന പ്രക്രിയയും, ആത്മസാക്ഷാത്കാരവുമാണ് പ്രതിപാദ്യം.
72 ശ്ലോകങ്ങളാണ് സാംഖ്യയോഗത്തിലുള്ളത്.
“ | കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം അനാര്യജുഷ്ടമസ്വർഗ്യമകീർത്തികരമർജ്ജുന |
” |
(പ്രിയപ്പെട്ട അർജ്ജുന,നിന്നിൽ എവിടുന്നാണ് ഈ മാലിന്യം വന്നു പെട്ടത്?ജീവിതമൂല്യമെന്തെന്ന് അറിയുന്ന ഒരാൾക്ക് ഇത് യോജിച്ചതല്ല. ഉപരിലോകങ്ങളിലേക്കല്ല,അകീർത്തിയിലേക്കാണത് നയിക്കുക.)എന്ന ശ്ലോകത്തോടെയാണ് കൃഷ്ണാർജ്ജുനസംവാദം ആരംഭിയ്ക്കുന്നത്.
“ | നത്വേവാഹം ജാതു നാസം ന ത്വം നേ മേ ജനാധിപാഃ ന ചൈവ ന ഭവിഷ്യാമഃ സർവ്വേ വയമതഃ പരം |
” |
(ഞാൻ ഇല്ലാതിരുന്ന ഒരുകാലം ഉണ്ടായിട്ടേയില്ല.അതുപോലെ നീയും ഇക്കാണുന്ന രാജാക്കന്മാരുമെല്ലാം എന്നും ഉണ്ടായിരുന്നു. ഒരിക്കലും നാമാരും ഇല്ലാതാവുകയില്ല.) എന്ന വൈദികസത്യം വ്യക്തമാക്കപ്പെടുകയാണ് തുടർന്നുള്ള ശ്ലോകങ്ങളിൽ.ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും മഞ്ഞുകാലത്തിന്റെയും വേനൽക്കാലത്തിന്റെയും ഗതിവിഗതികൾ പോലെയാണെന്നും ഭൗതികശരീരം ക്ഷണികവും ആത്മാവ് സനാതനവുമാണെന്നും കൃഷ്ണൻ വ്യക്തമാക്കുന്നു.അജനും നിത്യനും ശാശ്വതനും പ്രാചീനനുമായ ആത്മാവിനെ ആയുധങ്ങൾക്കു മുറിവേല്പിയ്ക്കുവാനോ അഗ്നിയ്ക്കു ദഹിപ്പിയ്ക്കുവാനോ വെള്ളത്തിനു നനയ്ക്കാനോ കാറ്റിനുശോഷിപ്പിയ്ക്കുവാനോ കഴിയുകയില്ല,അതുകൊണ്ടുതന്നെ ജീവനെക്കുറിച്ച് വ്യസനിയ്ക്കാതെ കർമം ചെയ്യുന്നവൻ മാത്രമാണ് മോക്ഷാർഹൻ എന്ന ഹൈന്ദവചിന്താധാരയാണ് സാംഖ്യയോഗം ഉയർത്തിക്കാട്ടുന്നത്.
യോഗത്തെ നിർവചിയ്ക്കുന്നതും ഈ അധ്യായത്തിലാണ്,
“ | യോഗസ്ഥഃ കുരു കർമാണി സംഗം ത്യക്ത്വാ ധനഞ്ജയ സിദ്ധ്യസിദ്ധ്യൗ സമേ ഭൂത്വാ സമത്വം യോഗ ഉച്യതേ |
” |
(അല്ലയോ അർജുന, ജയാപചയങ്ങളോടുള്ള മമത വെടിഞ്ഞ് സമചിത്തതയോടെ നിന്റെ കർമം അനുഷ്ഠിയ്ക്കുക.ഈ സമചിത്തതയാണ് യോഗം)എന്നു പറയുന്ന ഭഗവാൻ യോഗത്തിനായി യജ്ഞിയ്ക്കുന്നവൻ കർമഫലശുദ്ധീകരണത്തിലൂടെ ദിവ്യാവബോധം ലഭിയ്ക്കുമെന്നും അവൻ സ്ഥിതപ്രജ്ഞനായി,ഇന്ദ്രിയനിയന്ത്രണംപാലിച്ച് സ്ഥിരബുദ്ധിയുള്ളവനായി ഭൗതികതയുടെ കയത്തിൽ നിന്ന് കരകയറുവാൻ പ്രാപ്തനാവുമെന്നും പരമമായ ശാന്തി ലഭിയ്ക്കുമെന്നും പ്രസ്താവിയ്ക്കുന്നു.
“ | ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാർത്ഥ നൈനാം പ്രാപ്യ വിമുഹ്യതി സ്ഥിത്വാസ്യാമന്തകാലേ പി ബ്രഹ്മനിർവാണമൃച്ഛതി |
” |
(ഏതൊന്നിലെത്തിയാൽ മനുഷ്യന് വിഭ്രാന്തിയൊഴിയുന്നുവോ ആ ആത്മീയവും ദൈവികവുമായ പഥമാണിത്. ഇവിടെ നിലയുറപ്പിച്ച് മരണവേളയിലും തൽസ്ഥിതി തുടരുന്നവൻ ഭഗവദ്ധാമത്തിലെത്തും.) എന്ന ഉപദേശത്തോടെ സാംഖ്യയോഗം അവസാനിയ്ക്കുന്നു.
ഒരുവൻ കർമം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് കർമയോഗം.കർമ്മങ്ങൾക്ക് ഒരുവനെ ഈ ലോകവുമായി ബന്ധിപ്പിയ്ക്കുകയോ അതിൽ നിന്ന് വിമോചിപ്പിയ്ക്കുകയോ ചെയ്യാം.ഭഗവത്പ്രീതിമാത്രം കാംക്ഷിച്ച് സ്വാർത്ഥമോഹങ്ങളില്ലാതെ കർമം ചെയ്യുന്നതിലൂടെ യഥാർത്ഥജ്ഞാനം നേടാനാവും എന്നതാണ് മൂന്നാമദ്ധ്യായത്തിന്റെ സത്ത.ആദ്ധ്യാത്മികജ്ഞാനത്തിലേയ്ക്കുള്ള പാത നിസ്സ്വാർത്ഥകർമ്മത്തിലൂടെ മാത്രമേ പ്രാപ്തമാവുകയുള്ളൂ എന്ന ഗീതയുടെ മഹത്തായ സന്ദേശം വ്യക്തമാക്കപ്പെടുന്നത് ഈ അദ്ധ്യായത്തിലാണ്.
മഹാഭാരതം ഭീഷ്മപര്‌വ്വത്തിലെ 27-ആം അധ്യായമാണിത്. ആകെ 43 ശ്ലോകങ്ങൾ.
“ | ജ്യായസീ ചേത് കർമണസ്തേ മതാ ബുദ്ധി ജനാർദ്ദന തത് കിം കർമണി ഘോരേ മാം നിയോജയസി കേശവ |
” |
(ഹേ ജനാർദന, അല്ലയോ കേശവ, ഫലകാംക്ഷയോടെ ചെയ്യുന്ന കർമ്മത്തെക്കാൾ ശ്രേഷ്ഠമാണ് ബുദ്ധി എന്നു കരുതുന്നുവെങ്കിൽ അങ്ങ് എന്തിനാണ് എന്നെ ക്രൂരമായ ഈ യുദ്ധത്തിന് പ്രേരിപ്പിയ്ക്കുന്നത്?) എന്ന ചോദ്യത്തോടെയാണ് മൂന്നാമദ്ധ്യായത്തിലെ സംവാദം ആരംഭിയ്ക്കുന്നത്.
ദ്വയാർത്ഥങ്ങളുള്ള ഉപദേശങ്ങൾ നിറഞ്ഞ ഗീത വായിക്കുന്ന ഏതൊരു സാധാരണക്കാരനും ഉണ്ടാകാനിടയുള്ള ഈ ചോദ്യത്തിന്,
“ | ന കർമണാമനാരംഭന്നൈഷ്കർമ്യം പുരുഷോശ്നുതേ ന ച സംന്യസനാദേവ സിദ്ധിം സമതിഗച്ഛതി ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത് കാര്യതേ ഹ്യവശഃ കർമ സർവഃ പ്രകൃതിജൈർഗുണൈ |
” |
(കർമ്മം ചെയ്യാതിരുന്നതുകൊണ്ടു മാത്രം ആരും കർമഫലങ്ങളിൽ നിന്നു മുക്തരാവുന്നില്ല. സന്യാസം കൊണ്ടു മാത്രം ഒരാൾ പൂർണത നേടുന്നില്ല.ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളിൽ നിന്നുളവാകുന്ന വാസനകൾക്കനുസരിച്ച് ഓരോ മനുഷ്യനും കർമം ചെയ്യാൻ നിർബന്ധിതനാണ്.ആർക്കും ഒരൊറ്റനിമിഷം പോലും കർമത്തിൽ നിന്നൊഴിഞ്ഞു നിൽക്കാനാവില്ല.) എന്ന് വ്യക്തമായ ഉത്തരവും നൽകുന്നുണ്ട് രചയിതാവ്.
ത്രിഗുണങ്ങളിൽ നിന്നാർജ്ജിച്ച സ്വഭാവത്തിനനുസരിച്ചാണെങ്കിലും നിഗ്രഹം കൊണ്ട് പ്രയോജനമില്ലെന്നു പറയുന്ന അർജ്ജുനനോട്,പുകതീയിനേയും,പൊടി കണ്ണാടിയെയുമെന്നപോലെ ജീവാത്മാവിനെ പരമാത്മാവിൽനിന്നകറ്റുന്ന കാമമാണ് യഥാർത്ഥ ശത്രുവെന്നു പറഞ്ഞ്,
“ | ഏവം ബുധേ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനാത്മനാ ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം |
” |
(ഭൗതികങ്ങളായ ഇന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിയ്ക്കും അതീതനാണ് താനെന്നറിഞ്ഞിട്ട് ദൃഢനിശ്ചയത്തോടെയുള്ള ആത്മീയ ബുദ്ധിയും ആത്മീയശക്തിയും കൊണ്ട് മനസ്സിനെ ഉറപ്പിച്ച് അദമ്യനായ കാമമെന്ന ശത്രുവിനെ കീഴടക്കുക)എന്ന ഉപദേശം നൽകുന്നതോടെ മൂന്നാമധ്യായം സമാപ്തമാകുന്നു.
കർമം ആദിനാരായണനുള്ള (മഹാവിഷ്ണു) യജ്ഞവും പാപങ്ങൾക്കതീതവുമാവുമ്പോൾ, ആത്മാരാമാനായി വർത്തിയ്ക്കുകയും ആത്മാവിൽ പൂർണതൃപ്തനാവുകയും ചെയ്യുന്ന മനുഷ്യൻ, കർത്തവ്യങ്ങളിൽ നിന്ന് മുക്തനായി പരമപദത്തിലെത്തുന്നുവെന്നതാണ് മൂന്നാമദ്ധ്യായത്തിന്റെ സാരം.
സഗുണബ്രഹ്മത്തിന്റെ ശക്തി വ്യക്തമാക്കുന്ന യോഗമാണിത്, 42 ശ്ലോകങ്ങൾ. വിവിധ യജ്ഞങ്ങളുടെ മാഹാത്മ്യവും സംസാരമധ്യേ കടന്നു വരുന്നുണ്ട്. ആദ്ധ്യാത്മികജ്ഞാനം ആത്മാവും ദൈവവുമായുള്ള അകലം കുറയ്ക്കുകയും ആത്മശുദ്ധീകരണത്തിലൂടെ മോക്ഷം നൽകുകയു ചെയ്യുന്നു. നിസ്സ്വാർത്ഥകർമ്മത്തിന്റെ ഫലമായി ലഭിയ്ക്കുന്ന ആ അറിവ് ഗുരുവിലൂടെ പൂർണമാക്കപ്പെടുന്നു.
ഗീതയുടെ ചരിത്രമാണ് നാലാമദ്ധ്യായത്തിന്റെ ആദ്യ ഭാഗത്തെ പ്രതിപാദ്യം.രാജവംശജർക്കായാണ് ഭഗവദ് ഗീത ഉപദേശിയ്ക്കപ്പെട്ടത്. വിവസ്വാനെന്ന സൂര്യദേവൻ സ്വയം ക്ഷത്രിയനായതുകൊണ്ടും സൂര്യകുലത്തിന്റെ ആദിപിതാവായതുകൊണ്ടും ഭഗവദ്ഗീത ഭഗവാനിൽ നിന്ന് സ്വായത്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭഗവാൻ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടവും അപൗരുഷേയവുമാണ്(മനുഷ്യകൃതമല്ലാത്തത്). സൂര്യഭഗവാനിൽ നിന്ന് മനുഷ്യപിതാവായ മനുവിലൂടെ ഇക്‌ഷ്വാകുവിലേയ്ക്കും ആ മഹത്സത്യം വ്യാപിച്ചു.എന്നാൽ വ്യാഖ്യാനങ്ങളിലൂടെ മൂല്യച്യുതി സംഭവിച്ച ഗീത കാലപ്രവാഹത്തിൽ തകർക്കപ്പെട്ടു. ഈ സന്ദർഭത്തിലാണ് അർജുനനിൽക്കൂടി ആ പ്രമാണങ്ങൾ വീണ്ടും മനുഷ്യരാശിയിലെത്തിയ്ക്കാൻ ഗീതോപദേഷ്ടാവായ കൃഷ്ണൻ തീരുമാനിച്ചത്.
ഗീതാചരിത്രം കേട്ട അർജ്ജുനൻ;
“ | അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി |
” |
(വിവസ്വാൻ അങ്ങയെക്കാൾ വളരെ മുൻപ് ജനിച്ചെന്നിരിയ്ക്കെ അങ്ങ് അദ്ദേഹത്തിൻ ഉപദേശം നൽകിയെന്നുപറയുന്നത് ഞാനെങ്ങനെ വിശ്വസിയ്ക്കും?)എന്നു ചോദിയ്ക്കുന്നതോടെ സംവാദം പരമാത്മാവിന്റെ അതീന്ദ്രിയഭാവങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നു.
ആദ്യനും നിരപേക്ഷനും അച്യുതനും തുടക്കമില്ലാത്തവനും ഏറ്റവും പ്രായം കൂടിയവനും എന്നാൽ നവയൗവനയുക്തനും ആണു താനെന്ന് ഗോവിന്ദൻ വ്യക്തമാക്കുന്നു.
“ | യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം |
” |
(ഹേ ഭാരത,എവിടെ ധർമ്മാചരണത്തിന് ക്ഷയം നേരിടുന്നുവോ,എപ്പോൾ അധർമ്മം തഴച്ചു വളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിയ്ക്കുന്നു.) എന്ന പ്രശസ്തമായ ശ്ലോകം ഈ ഭാഗത്താണ്.രാഗം ഭേദം ക്രോധം എന്നിവയിൽ നിന്ന് മുക്തരായി അദ്ദേഹത്തെ അനുഗമിയ്ക്കുന്നവർ, ജ്ഞാനത്താൽ ശുദ്ധീകൃതരായി മോക്ഷത്തെ പ്രാപിയ്ക്കുന്നു. കർമങ്ങൾക്കും കർമഫലങ്ങൾക്കും അതീതനാണ് പരമാത്മാവ്. എല്ലാം അദ്ദേഹത്തിൽനിന്നുത്ഭവിയ്ക്കുകയും അദ്ദേഹത്തിൽ വിശ്രമിയ്ക്കുകയും ചെയ്യുന്നു.ആത്മസാക്ഷാത്കാരം ലഭിച്ച ഒരു വ്യക്തിയിൽ നിന്ന് യഥാർത്ഥജ്ഞാനം ഗ്രഹിച്ച് പാപികളിൽ വച്ച് മഹാപാപിയായവനു പോലും ഭൗതികജീവിതത്തിലെ ദുഃഖസമുദ്രം തരണം ചെയ്യാൻ സാധിയ്ക്കും.അങ്ങനെ കത്തുന്ന തീ വിറകിനെയെന്നപോലെ ജ്ഞാനമാകുന്ന അഗ്നി സർവ്വ കർമഫലങ്ങളെയും ഭസ്മമാക്കി പരമമായ ആദ്ധ്യാത്മികശാന്തി നൽകുന്നു. ഇതാണ് നാലാമധ്യായത്തിന്റെ ഭാവാർത്ഥം.
ജീവസത്തയുടെ സാര്വകാലീനമായ പ്രവർത്തനം അഥവാ സനാതനയോഗം എന്നതാണ് ഈ അദ്ധ്യായത്തിൽ പ്രസ്താവിയ്ക്കപ്പെട്ട യോഗപദ്ധതി. ഇതിന് ദ്രവ്യയജ്ഞം എന്നും ആത്മയജ്ഞം എന്നും രണ്ടു ശാഖകളുണ്ട്. ദ്രവ്യയജ്ഞം ഭൗതികതയുടെ പ്രതീകമാണെങ്കിൽ ആത്മയജ്ഞം ജ്ഞാനത്തിന്റെയും ആത്മസാക്ഷാത്കരണത്തിന്റെയും പാതയാണ്.
ഭക്തിയും ജ്ഞാനവും തമ്മിലുള്ള അഭേദ്യമായ ബന്ധം ചർച്ച ചെയ്യപ്പെടുകയാണ് 29 ശ്ലോകങ്ങളുള്ള ഈ അദ്ധ്യായത്തിൽ.പ്രപഞ്ചത്തിന്റെ മായാശക്തിയാൽ ബന്ധിതരായ ജീവാത്മാക്കൾ,തങ്ങൾ ചുറ്റും കാണുന്ന എന്തിന്റെയും അധീശത്വം ആഗ്രഹിയ്ക്കുന്നു. എന്നാൽ ഭഗവാന്റെ ഭൗതികശക്തിയ്ക്കധീനരാണവർ. ഭഗവാനാണ് പൂർണാധികാരിയെന്ന അറിവോടെ ചെയ്യപ്പെടുന്ന കർമമാണ് പൂർണതയിലെത്തുന്നത്. ഭക്തനും കൂടിയായ യോഗിയാണ് യോഗികളിൽ ശ്രേഷ്ഠൻ.ജ്ഞാനകർമയോഗങ്ങൾ ക്ലേശഭൂവിഷ്ടവും ദീർഘകാലം കൊണ്ടുമാത്രം ഫലം നൽകുന്നവയുമാണ്. എന്നാൽ കഥാശ്രവണാദികൾ കൊണ്ട് ആർക്കും കൈവരിയ്ക്കാവുന്ന ആദ്യന്തം മധുരതരവും ഫലപ്രദവുമായ മോക്ഷോപാധിയാണ് ഭക്തി.
സന്യാസം കർമത്യാഗവും, കർമയോഗം കർമാനുഷ്ടാനവുമാവുമ്പോൾ ഇവയിൽ ഏതാണു ശ്രേഷ്ഠമെന്ന സംശയം അർജ്ജുനനിലുണ്ടാകുന്നു.
“ | യത് സാംഖ്യേ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി |
” |
(ഏതു സ്ഥാനം സാംഖ്യന്മാർ നേടുന്നുവോ അത് യോഗികളും നേടും.സാംഖ്യവും യോഗവും ഒന്നെന്നു മനസ്സിലാക്കുന്നവനാണ് യഥാർത്ഥ ജ്ഞാനി) എന്ന് കൃഷ്ണൻ വ്യക്തമാക്കുന്നു.
അതായത് കാമ്യകർമങ്ങൾ ത്യജിയ്ക്കുന്ന സന്യാസിയോളം ശ്രേഷ്ഠനാണ് ഫലേച്ഛയില്ലാതെ കർമമനുഷ്ടിയ്ക്കുന്നവനും. അഗ്നിയിൽ ഹോമിയ്ക്കുമ്പോൾ "ഇദം ന മമ" എന്നു പറയുന്ന സന്യാസിക്കു സമനാണ് സ്വാർത്ഥമോഹങ്ങളില്ലാതെ ജീവിതോദ്ദേശ്യം നിറവേറ്റുന്ന സാധാരണമനുഷ്യർ.വിദ്വാന്മാരും വിനീതരുമായ അത്തരക്കാർ ബ്രാഹ്മണനെയും പശുവിനെയും പട്ടിയേയും ചണ്ഡാലനെയും സമഭാവത്തോടെ ദർശിക്കുന്നു.സമചിത്തത നേടാതെ കർമം ത്യജിയ്ക്കുന്നവൻ സന്യാസിയല്ല,അലസനാണ്.കർമമല്ല കർമഫലകാംക്‌ഷയാണ് ത്യജിയ്ക്കേണ്ടത്.ഒറ്റനോട്ടത്തിൽ കർമയോഗവും സാംഖ്യയോഗവും പരസ്പരവിരുദ്ധങ്ങളാണെന്നു തോന്നുമെങ്കിലും അവരണ്ടും പരസ്പരപൂരകങ്ങളാണെന്നു വ്യക്തമാക്കുകയാണ് ഗ്രന്ഥകർത്താവ്.
ധ്യാന യോഗം എന്നും അഭ്യാസയോഗം എന്നും ഈ യോഗം അറിയപ്പെടുന്നു.അഷ്ടാംഗ യോഗ പദ്ധതിയുടെ മഹിമയാണ് പ്രധാന പ്രതിപാദ്യം.ആകെ 47 ശ്ലോകങ്ങൾ.മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുവാനും പരമാത്മാവിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനും സഹായിക്കുന്ന അഷ്ടാംഗ യോഗം സമാധിയിൽ(പൂർണമായ ഈശ്വരാവബോധത്തിൽ) പരിണമിയ്ക്കുന്നു.യോഗസിദ്ധിയിലൂടെ ശരീരമല്ല ആത്മാവാണ് താൻ എന്ന തിരിച്ചറിവ് ലഭിയ്ക്കുന്നവൻ പൂർണനാവുന്നു. ഇതാണ് ആറാമദ്ധ്യായത്തിൻറെ സാരം.
അഞ്ചാമദ്ധ്യായത്തിലെന്ന പോലെ കർമത്തെയും കർമഫലത്തെയും കുറിച്ചുള്ള സംവാദത്തോടെയാണ് ആറാമദ്ധ്യായവും ആരംഭിയ്ക്കുന്നത്.ധ്യാനവിധികളും യോഗവിധികളും സംഭാഷണമദ്ധ്യേ കടന്നു വരുന്നുണ്ട്. പരമാത്മാവിലെത്തിച്ചേരാനുള്ള വഴിയായി അഷ്ടാംഗയോഗത്തെ അവതരിപ്പിയ്ക്കയാണ് തുടർന്നുള്ള വരികളിൽ.
“ | ആരുരുക്ഷോർമുനേര്യോഗം കർമകാരണമുച്യതേ യോഗാരൂഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ |
” |
(അഷ്ടാംഗയോഗം പരിശീലിയ്ക്കുന്നവന് കർമം മാർഗ്ഗമായ് ഭവിയ്ക്കുന്നു. യോഗസിദ്ധി അവനെ ശാന്തിയിലേയ്ക്കു നയിക്കുന്നു.)എന്നു പറയുന്ന കൃഷ്ണൻ യോഗമെന്നത് ആത്മസാക്ഷാത്കാരത്തിലേയ്ക്കുള്ള കോണിയാണെന്നു സമർത്ഥിയ്ക്കുന്നു.ഈ കോണിയുടേ പടികൾ ഒരു ജീവന്റെ ഏറ്റവും താഴ്ന്ന തലങ്ങളിൽ നിന്നു തുടങ്ങി ആദ്ധ്യാത്മിക ജീവിതത്തിലെ അത്യുന്നതമായ ആത്മസാക്ഷാത്കാരം വരെയെത്തിനിൽക്കുന്നു. ഇതിന്റെ ആദ്യപടി യോഗാരുരുക്ഷുവും ഒടുവിലത്തേത് യോഗാരൂഢവുമാണ്.
തുടർന്ന്
“ | ജിതോത്മന പ്രശാന്തസ്യ പരമാത്മാ സമാഹിതഃ ശീതോഷ്ണ സുഖദുഃഖേഷു തഥാ മാനാപമാനയോഃ |
” |
(താനെ സ്വയം ഉദ്ധരിയ്ക്കുന്നതും ക്ഷയിപ്പിയ്ക്കുന്നതും താൻ തന്നെയാണ്.) എന്ന അഷ്ടാംഗയോഗതത്വം വ്യക്തമാക്കപ്പെടുന്നു. മനുഷ്യധർമം നിറവേറ്റുന്നതിനായി മനസ്സിനെ നിയന്ത്രിയ്ക്കലാണ് അഷ്ടാംഗയോഗചര്യയുടെ പരമമായ ലക്‌ഷ്യം.മനസ്സിനെ ജയിച്ചവന് മനസ്സു തന്നെയാണ് ഉറ്റസുഹൃത്ത്.അതിനു കഴിയാത്തവനാവട്ടെ മനസ്സ് പരമശത്രുവായി വർത്തിയ്ക്കുന്നു.അതായത്,മനോനിയന്ത്രണമില്ലാത്ത യോഗാഭ്യാസം ബാഹ്യപ്രകടനമായി അവശേഷിയ്ക്കും.മനോവിജയം സാധിച്ചാലാവട്ടെ,പരമാത്മാവിന്റെ നിർദ്ദേശങ്ങൾ സ്വീകരിയ്ക്കാൻ ജീവാത്മാവ് സ്വയം സന്നദ്ധനാവുന്നതു വഴി മോക്ഷം സാധ്യമാകും. ആ മനോവിജയമാണ് അഷ്ടാംഗയോഗം വാഗ്ദാനം ചെയ്യുന്നത്.
യോഗപരിശീലന വിധികളെക്കുറിച്ചും കൃഷ്ണൻ വാചാലനാവുന്നു. യോഗി സംഭാഷണം ചുരുക്കണം. വിജനസ്ഥലത്ത് കുശപ്പുല്ലും മാന്തോലും അതിനു മുകളിൽ വസ്ത്രവും വിരിച്ച്,അത്യുന്നതമോ താഴ്ന്നതോ അല്ലാത്ത ഇരിപ്പിടം തയ്യാറാക്കി ഏകാഗ്രചിത്തനായി ആത്മശുദ്ധീകരണത്തിനു വേണ്ടി യോഗം പരിശീലിക്കണം.ശരീരവും കഴുത്തും ഋജുരേഖയിൽ നിർത്തിക്കൊണ്ട് പ്രാണായാമം പരിശീലിക്കണം.നോട്ടം പുരികങ്ങളുടെ ഇടയിലോ നാസികാഗ്രത്തിലോ ഉറപ്പിക്കണം. ബ്രഹ്മചര്യനിഷ്ഠയും അനിവാര്യമാണ്. ഇത്തരത്തിൽ ആഹാരം, വിഹാരം ,നിദ്ര,പ്രവൃത്തി തുടങ്ങിയവയിൽ മിതത്വം പാലിച്ച് സമചിത്തതയോടെ പരമാത്മാവിനെ മാത്രം ധ്യാനിച്ച് യോഗാഭ്യാസം ചെയ്യുന്നവന് മനശ്ശാന്തി ലഭിയ്ക്കുന്നു.അഭ്യാസമുറകളോ, വ്യായാമമോ അല്ല യഥാർത്ഥ യോഗചര്യ.അത് മനോജയം നേടി പരമപദം പ്രാപിയ്ക്കാനുള്ള മാർഗ്ഗമാണ്.
യോഗാനുഷ്ഠാനത്തിലൂടെ അതീന്ദ്രിയാവസ്ഥ നേടിയ യോഗയുക്തന്റെ സവിശേഷതകളെക്കുറിച്ചും ആറാമദ്ധ്യായത്തിൽ പരാമർശമുണ്ട്.
“ | യഥാ ദീപോ നിവാസ്ഥതോ നേങ്ഗതേ സോപമാ സ്മൃതാ യോഗിനോ യതചിത്തസ്യ യ്ഞ്ജതോ യോഗമാത്മന |
” |
(കാറ്റു തട്ടാത്ത ദീപം പോലെ അചഞ്ചലനായവനാണ് യോഗി)എന്നാണു യോഗയുക്തന്റെ വർണന.സമാധിയെന്ന ഈ പൂർണാവസ്ഥയിൽ ശരീരമല്ല ആത്മാവാണ് താൻ എന്ന ബോധം അഥവാ ആത്മസാക്ഷാത്കാരം ലഭിയ്ക്കുന്നു. നിഷ്ക്രിയവും നിർമ്മലവും നിർഗുണവുമായ ആത്മാവാണ് താൻ എന്നറിഞ്ഞാൽ കർതൃത്വബുദ്ധിയും ഭോക്തൃത്വബുദ്ധിയും നശിക്കും. മറ്റെല്ലാ സുഖങ്ങൾക്കും മീതെയുള്ള ഇന്ദ്രിയാതീതമായ സുഖം ലഭിയ്ക്കാൻ അവൻ യോഗ്യനാവുന്നു.ഇതാണ് ധ്യാനയോഗം സാമാന്യജനത്തിനു നൽകുന്ന ഉപദേശം.
യോഗചര്യയെയും യോഗിയെയും കുറിച്ചുമുള്ള ഭഗവദ്‌വാക്കുകൾ കേൾക്കുന്ന അർജ്ജുനനിൽ ഏതൊരു സാധാരണക്കാരനിലുമെന്നപോലെ, മനോനിയന്ത്രണം സാദ്ധ്യമാണോ എന്ന സംശയമുളവാകുന്നു. നിരന്തരപരിശ്രമം ഫലസിദ്ധി നൽകുമെന്നു പറഞ്ഞ് ഭക്തനും കൂടിയായ യോഗിയാണ് ശ്രേഷ്ഠൻ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ആറാമദ്ധ്യായം അവസാനിക്കുന്നു.
ഭഗവദ്‌ഗീതയിൽ ആകെയുള്ള 18 അദ്ധ്യായങ്ങളിൽ ബാക്കിയുള്ളവ താഴെ സൂചിപ്പിക്കുന്നു.
അദ്ധ്യായം 07: ജ്ഞാനവിജ്ഞാനയോഗം (30 ശ്ലോകം) അദ്ധ്യായം 08: അക്ഷരബ്രഹ്മയോഗം (28 ശ്ലോകം) അദ്ധ്യായം 09: രാജവിദ്യാരാജഗുഹ്യയോഗം (34 ശ്ലോകം) അദ്ധ്യായം 10: വിഭൂതിയോഗം (42 ശ്ലോകം) അദ്ധ്യായം 11: വിശ്വരൂപദർശനായയോഗം (55 ശ്ലോകം) അദ്ധ്യായം 12: ഭക്തിയോഗം (20 ശ്ലോകം) അദ്ധ്യായം 13: ക്ഷേത്ര ക്ഷേത്രജ്ഞ വിഭാഗയോഗം (35 ശ്ലോകം) അദ്ധ്യായം 14: ഗുണത്രയവിഭാഗയോഗം (27 ശ്ലോകം) അദ്ധ്യായം 15: പുരുഷോത്തമയോഗം (20 ശ്ലോകം) അദ്ധ്യായം 16: ദൈവാസുരസമ്പദ്വിഭാഗയോഗ (24 ശ്ലോകം) അദ്ധ്യായം 17: ശ്രദ്ധാത്രയവിഭാഗ യോഗം (28 ശ്ലോകം) അദ്ധ്യായം 18: മോക്ഷ സംന്യാസ യോഗം (78 ശ്ലോകം)
ഉപനിഷത്തുകളുടെ സംഗ്രഹമാണ് ഗീത എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
സർവോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദന:
പാർഥോ വത്സ: സുധീർഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്
എന്ന ഗീതാധ്യാനശ്ലോകം പ്രസിദ്ധമാണ്. ഉപനിഷത്തുകളാകുന്ന പശുക്കളിൽ നിന്ന് അർജുനനാകുന്ന കിടാവിനെ നിമിത്തമാക്കി കറവക്കാരനായ ഗോപാലനന്ദനൻ കറന്നെടുത്ത പാലാണ് ഗീതാമൃതമെന്നാണ് ഇതിന്റെ അർത്ഥം. [8]ഉപനിഷത്തുകളിലെ പല മന്ത്രങ്ങളും തെല്ലു വ്യത്യാസത്തോടെ ഗീതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അദ്ധ്യായം 1. അർജ്ജുനവിഷാദയോഗം
“ | ധൃതരാഷ്ട്രൻ പറഞ്ഞു :
ധർമക്ഷേത്രം കുരുക്ഷേത്രം പുക്കു പോരിന്നൊരുങ്ങിയോർ എൻ കൂട്ടരും പാണ്ഡവരും എന്തേചെയ്തതു സഞ്ജയ! സഞ്ജയൻ പരഞ്ഞു: പാണ്ഡുസൈന്യം വ്യൂഹമാണ്ടു കണ്ടു ദുര്യോധനൻ നൃപൻ ആചാര്യന്റെ സമീപത്തു ചെന്നിട്ടിങ്ങനെ ചൊല്ലിനാൻ: "കൺടാലും പാണ്ഡവരുടെയാചാര്യ, പെരുതാം പട ധീമാൻ ദ്രുപദജൻ നിന്റെ ശിഷ്യൻ വ്യൂഹം ചമച്ചിതാ |
” |
അദ്ധ്യായം 4. ജ്ഞാനകർമവിഭാഗയോഗം
“ | ധർമത്തിനെപ്പോഴൊക്കേയും ഗ്ലാനി ഭവിപ്പൂ ഭാരത!
അധർമാഭ്യുത്ഥാനവുമന്നാത്മസൃഷ്ടി കഴിപ്പു ഞാൻ. |
” |
“ | സാധുസംരക്ഷണത്തിനും ദുഷ്ടസംശിക്ഷണത്തിനും
ധർമത്തിൻ നിലനില്പിനും ജനിക്കുന്നൂ യുഗായുഗം |
” |
കുരുക്ഷേത്ര യുദ്ധത്തിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേർതട്ടിൽ തളർന്നിരുന്ന അർജ്ജുനന് വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചത് ശകവർഷത്തിലെ മാർഗശീർഷമാസ (ആഗ്രഹായമാസം) ശുക്ല ഏകാദശി നാളിലാണെന്ന് കരുതുന്നു. അതിനാൽ അർജുനന് ഗീത ഉപദേശിച്ച ഈ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവ ദിനമായും ഭഗവത് ഗീതാദിനമായും ആഘോഷിക്കുന്നു. [9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.