യഹോവയുടെ സാക്ഷികൾ
അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗം / From Wikipedia, the free encyclopedia
മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുത്ഥാനവിശ്വാസികളും,[2] സഹസ്രാബ്ദവാഴ്ച്ചക്കാരും,[3] അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ[4] മതവിഭാഗമാണ്[5] യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്:Jehovah's Witnesses).[6] ഈ മതം എൺപത്തിയെട്ട് ലക്ഷത്തിലധികം വിശ്വാസികൾ സുവാർത്ത പ്രചാരക വേലയിൽ ഏർപ്പെടുന്നതായും, ഒരു കോടി അമ്പതു ലക്ഷത്തിൽപരം സമ്മേളനഹാജർ ഉള്ളതായും, രണ്ട് കോടിയിൽ അധികം വാർഷിക സ്മാരക ഹാജർ ഉള്ളതായും രേഖപ്പെടുത്തുന്നു. ലോകവ്യാപകമായി ഏതാണ്ട് 240 ദേശങ്ങളിൽ ഇവരുടെ പ്രവർത്തനം നടത്തപ്പെടുന്നു.[7] ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടും എന്നുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.[8]
യഹോവയുടെ സാക്ഷികൾ | |
---|---|
![]() | |
വിഭാഗം | ക്രിസ്തീയസഭാപുനരുദ്ധാരണം |
വീക്ഷണം | സഹസ്രാബ്ദവാദം |
ഘടന | മുകളിൽ നിന്ന് താഴേക്കുള്ള മേൽനോട്ടം |
പ്രദേശം | ലോകവ്യാപകം |
മുഖ്യകാര്യാലയം | വാർവിക്ക്, ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ |
സ്ഥാപകൻ | ചാൾസ് റ്റെയ്സ് റസ്സൽ |
ഉത്ഭവം | 1876: ബൈബിൾ വിദ്യാർത്ഥികൾ സംഘടന ആരംഭിച്ചു 1931: യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചു പെൻസിൽവാനിയ, അമേരിക്കൻ ഐക്യനാടുകൾ |
അംഗങ്ങൾ | ആഗോളമായി 88.19 ലക്ഷം ഇന്ത്യയിൽ 57,795 |
വെബ്സൈറ്റ് | http://www.jw.org/ml/ |
യഹോവയുടെ സാക്ഷികളുടെ 2023 സേവന റിപ്പോർട്ടിലെ വിവരം.[1] |
സി.റ്റി. റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ യെശയ്യാവ് 43:10-12(൨) ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്. [9]
യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ[10] എന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സർവ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.[11] യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു.[12]
ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടെന്ന് തന്നെ ദൈവം ആയ യഹോവ ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക് രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. പറുദീസ ആയി മാറ്റപ്പെടുന്ന ഈ ഭൂമിയിൽ മരിച്ചുപോയ നല്ലവരായ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകുമെന്നും ഇവർ പ്രത്യാശിക്കുന്നു.[13]
മുഖ്യധാരാ ക്രൈസ്തവ സഭകളുടെ ഉപദേശങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ പഠിപ്പിക്കലുകൾ.[14] വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല.
ഇവരുടെ ആരാധനാലയത്തെ 'രാജ്യഹാൾ' എന്നാണ് വിളിക്കുന്നത്. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല.[15] കൂടാതെ, ഇവർക്ക് വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവർത്തകരും സ്വമേധയാ സേവകർ ആണ്. പുകവലി, അടക്ക ചവക്കൽ, മയക്കുമരുന്നിന്റെ ദുരുപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങൾ ഇവർക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാൽ മദ്യം മിതമായ അളവിൽ ഉപയോഗിക്കുന്നതിൽ തടസം ഇല്ല.[16] യഹോവയുടെ സാക്ഷികൾ വൈദ്യ ചികിത്സാ തേടുന്നവർ ആണെങ്കിലും മറ്റുള്ളവരിൽ നിന്നും രക്തമോ രക്തത്തിന്റെ പ്രധാന ഘടകംശങ്ങളോ സ്വീകരിക്കില്ല. എന്നാൽ രക്തരഹിത വൈദ്യചികിത്സയും ശസ്ത്രക്രീയയും സ്വീകരിക്കും.[17]
വീടുതോറുമുള്ള സുവിശേഷ പ്രവർത്തനം ഇവരുടെ മുഖമുദ്ര ആണ്. വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. ഇവരുടെ പ്രവർത്തകർ 'പ്രചാരകർ' എന്നാണ് അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്സൈറ്റ് യഹോവയുടെ സാക്ഷികളുടേത് ആണ്. www.jw.org എന്ന ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ് 2023ലെ കണക്ക് അനുസരിച്ച് 1,087 ഭാഷകളിൽ ലഭ്യമാണ്. [18] യഹോവയുടെ സാക്ഷികൾ തങ്ങളെ ദേശീയമോ, വർഗീയമോ, വംശീയമോ ആയ വ്യത്യാസമില്ലാത്ത ഒരു ആഗോള സഹോദരകുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ഇവർ യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. [19]
രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്.[20] ഉദാഹരണത്തിന്, നാസി ജർമനിയിലും മുൻ സോവിയറ്റ് ഭരണത്തിൻ കീഴിലും ഇവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. [21] ഹിറ്റ്ലറിന്റെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു എന്ന ഒറ്റ കാരണത്താൽ ആയിരകണക്കിന് യഹോവയുടെ സാക്ഷികളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുകയും നൂറ് കണക്കിന് അംഗങ്ങളെ നേരിട്ട് വധിക്കുകയും ചെയ്തിട്ടുണ്ട്.[22] [23]
ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, അമേരിക്കൻ ഐക്യനാടുകളിലെ പരമോന്നത കോടതിയിൽ തന്നെ അമ്പതോളം നിയമവിജയങ്ങൾ ഇവർ നേടിയിട്ടുണ്ട്.[24][25] കൂടാതെ, യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും അറുപതോളം കേസുകൾ ഇവർ വിജയിച്ചിട്ടുണ്ട്.[26] ഇന്ത്യൻ സുപ്രീം കോടതിയിൽ 1986ൽ ദേശീയഗാന ആലാപനത്തോട് ബന്ധപ്പെട്ട് ഇവർ നേടിയ നിയമവിജയം ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നാണ്.