ആംബ്ലിയോപ്പിയ
From Wikipedia, the free encyclopedia
ഒരു കണ്ണിൽ നിന്നുള്ള ഇൻപുട്ടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ മസ്തിഷ്കം പരാജയപ്പെടുകയും കാലക്രമേണ മറ്റൊരു കണ്ണിനെ അനുകൂലിക്കുകയും ചെയ്യുന്ന, കാഴ്ചയുടെ ഒരു തകരാറാണ് ആംബ്ലിയോപിയ. ഇത് മടിയൻ കണ്ണ് എന്നും അറിയപ്പെടുന്നു. സാധാരണഗതിയിൽ, കൂടുതൽ കാഴ്ചക്കുറവുള്ള കണ്ണിലെ കാഴ്ചയാണ് ക്രമേണ കുറഞ്ഞ് വരുന്നത്. കുട്ടികൾക്കും ചെറുപ്പക്കാർക്കും ഇടയിൽ ഒരു കണ്ണിൽ മാത്രമായി കാഴ്ച കുറയാനുള്ള ഏറ്റവും സാധാരണ കാരണം ആംബ്ലിയോപിയയാണ്.[1]
ആംബ്ലിയോപ്പിയ | |
---|---|
മറ്റ് പേരുകൾ | മടിയൻ കണ്ണ്[1] |
ആംബ്ലിയോപ്പിയ ചികിൽസയിൽ ഉള്ള ഒരു കുട്ടി ഐപാച്ച് ഉപയോഗിച്ച് ഒരു കണ്ണ് മൂടിയിരിക്കുന്നു | |
ഉച്ചാരണം |
|
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം ഒപ്റ്റോമെട്രി |
ലക്ഷണങ്ങൾ | കാഴ്ച വൈകല്യം |
സാധാരണ തുടക്കം | 5 വയസ്സിന് മുമ്പ്[2] |
കാരണങ്ങൾ | കോങ്കണ്ണ്, അസ്റ്റിഗ്മാറ്റിസം, ഒരു കണ്ണിന് മാത്രമുള്ള കാഴ്ച വൈകല്യം, കുട്ടികളിലെ തിമിരം[1] |
ഡയഗ്നോസ്റ്റിക് രീതി | നേത്ര പരിശോധന[1] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | തലച്ചോറിനെയും വിഷ്വൽ പാത്ത്വേയെയും ബാധിക്കുന്ന മറ്റ് അസുഖങ്ങൾ[3] |
Treatment | കണ്ണട, ഐപാച്ച്[1][2][4] |
ആവൃത്തി | ~2% of adults[5] |
കുട്ടിക്കാലത്ത് തന്നെ കണ്ണിലെ റെറ്റിനയിൽ പ്രകാശം ഫോക്കസ് ചെയ്യുന്നതിന് തടസ്സമാകുന്ന ഏത് അവസ്ഥയും ആംബ്ലിയോപിയയുടെ കാരണം ആകാം.[1] [6] കണ്ണുകളുടെ മോശം വിന്യാസത്തിൽ (കോങ്കണ്ണ്) നിന്ന് ഇത് സംഭവിക്കാം, ഒരു കണ്ണിൽ മാത്രമായി അപവർത്തന ദോഷം ഉണ്ടായാലോ, അല്ലെങ്കിൽ ഒരു കണ്ണിന് മറ്റൊന്നിനേക്കാൾ കൂടുതൽ ഹ്രസ്വദൃഷ്ടി അല്ലെങ്കിൽ ദീർഘദൃഷ്ടി ഉണ്ടെങ്കിലോ (അനൈസോമെട്രോപ്പിയ), കണ്ണിന്റെ ലെൻസ് വെളുത്ത് പോയാലൊ (തിമിരം) ഇത് ഉണ്ടാകാം. ആംബ്ലിയോപ്പിയ ഉണ്ടെങ്കിൽ അടിസ്ഥാന കാരണം പരിഹരിച്ചതിനുശേഷവും (ഉദാ: കണ്ണട ധരിക്കൽ, തിമിര ശസ്ത്രക്രിയ) കാഴ്ച പുനസ്ഥാപിക്കപ്പെടില്ല.[7] ആംബ്ലിയോപിയ കണ്ടുപിടിക്കാൻ പ്രയാസമാണ്, അതിനാൽ നാല് മുതൽ അഞ്ച് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും കാഴ്ച പരിശോധന ശുപാർശ ചെയ്യുന്നു.[2]
നേരത്തെയുള്ള കണ്ടെത്തൽ ആംബ്ലിയോപ്പിയ ചികിത്സയുടെ വിജയം മെച്ചപ്പെടുത്തുന്നു.[2] ചില കുട്ടികൾക്ക് കണ്ണട മാത്രമേ ആവശ്യമായി വരികയുള്ളൂ.[4] ഇത് പര്യാപ്തമല്ലെങ്കിൽ, ദുർബലമായ കണ്ണ് കൂടുതൽ ഉപയോഗിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കിൽ നിർബന്ധിക്കുന്ന ചികിത്സകൾ ഉപയോഗിക്കുന്നു.[1] ഒന്നുകിൽ ഒരു പാച്ച് ഉപയോഗിച്ചോ അല്ലെങ്കിൽ കൂടുതൽ കാഴ്ചയുള്ള കണ്ണിൽ അട്രൊപിൻ ഇടുന്നതിലൂടെയോ ആണ് ഇത് ചെയ്യുന്നത്.[8] ചികിത്സിച്ചില്ലെങ്കിൽ ആംബ്ലിയോപിയ മാറ്റമില്ലാതെ നിലനിൽക്കുന്നു. അതേപോലെ ഒരു പ്രായം കഴിഞ്ഞാൽ ചികിത്സ ഫലപ്രദമാവണമെന്നുമില്ല.
സാധാരണയായി അഞ്ചുവയസ്സോടെയാണ് ആംബ്ലിയോപിയ ആരംഭിക്കുന്നത്.[2] മുതിർന്നവരിൽ, ഈ രോഗം, ജനസംഖ്യയുടെ 1–5% വരെ ആളുകളെ ബാധിച്ചിരിക്കാമെന്ന് കണക്കാക്കപ്പെടുന്നു.[5] ചികിത്സയിലൂടെ കാഴ്ച മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും, ഇത് ബാധിച്ച കണ്ണിലെ കാഴ്ച പൂർണ്ണമായ നിലയിലേക്ക് പുനസ്ഥാപിക്കുന്നില്ല. 1600 കളിലാണ് ആംബ്ലിയോപിയ എന്ന അവസ്ഥയെക്കുറിച്ച് ആദ്യമായി വിവരിച്ചത്.[9] ഈ അവസ്ഥ ആളുകളെ പൈലറ്റുമാരോ പോലീസ് ഉദ്യോഗസ്ഥരോ ആകാൻ യോഗ്യരാക്കില്ല.