ഒപ്റ്റോമെട്രി
From Wikipedia, the free encyclopedia
കാഴ്ചയുടെയും, കണ്ണുകളുടെയും, വിഷ്വൽ സിസ്റ്റത്തിന്റെ ഭാഗമായ മറ്റ് അവയവങ്ങളുടെയും വൈകല്യങ്ങൾ അല്ലെങ്കിൽ അസ്വഭാവികതകൾ എന്നിവ പരിശോധിക്കുന്നതിനൊപ്പം, ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ ഉപയോഗിച്ച് റിഫ്രാക്റ്റീവ് പിശക് തിരുത്തലും, നേത്രരോഗങ്ങളുടെ പ്രാഥമിക ചികിത്സയും ഉൾപ്പെടുന്ന ഒരു ആരോഗ്യ പരിപാലന മേഖലയാണ് ഒപ്റ്റോമെട്രി.
Occupation | |
---|---|
Names | ഒപ്റ്റോമെട്രിസ്റ്റ്, ഡോക്ടർ ഓഫ് ഒപ്റ്റോമെട്രി |
Occupation type | മെഡിക്കൽ സ്പെഷ്യാലിറ്റി |
Activity sectors | ആരോഗ്യ സംരക്ഷണം |
Description | |
Competencies | റിഫ്രാക്റ്റീവ് പിശക്, ഒക്കുലാർ ഡിസീസ് മാനേജ്മെന്റ്, മെഡിക്കൽ തെറാപ്യൂട്ടിക്സ്, ബൈനോക്കുലർ വിഷൻ, സ്പോർട്സ് വിഷൻ, വിഷൻ തെറാപ്പി, കോണ്ടാക്ട് ലെൻസുകൾ |
Education required | ഒപ്റ്റോമെട്രിയിയിൽ ഡിപ്ലോമ/ ബിരുദം/ ബിരുദാന്തര ബിരുദം/ ഡൊക്ട്രേറ്റ് |
Fields of employment | ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ |
Related jobs | ഒഫ്താൽമോളജിസ്റ്റ്, ഡിസ്പെൻസിങ് ഒപ്റ്റീഷ്യൻ |
പരമ്പരാഗതമായി, കണ്ണട ലെൻസുകൾ നിർദ്ദേശിച്ച് റിഫ്രാക്റ്റീവ് പിശക് തിരുത്തുന്നതിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഒപ്റ്റോമെട്രി എന്ന മേഖല ആരംഭിച്ചത്. എന്നാൽ പിന്നീട് റിഫ്രാക്റ്റീവ് പിശകുകൾ തിരുത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, കാലക്രമേണ കാഴ്ചയുമായി ബന്ധപ്പെട്ട മറ്റ് പല മേഖകളിലേക്കും വ്യാപിച്ച് ആധുനികകാല ഒപ്റ്റോമെട്രി വികസിച്ചുവന്നു. ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളിലും, നേത്ര രോഗനിർണയത്തിലും, അതിന്റെ മാനേജ്മെന്റിലും ഉള്ള കാര്യമായ പരിശീലനം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടി ഒപ്റ്റോമെട്രി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഈ തൊഴിൽ മേഖല വിപുലീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
നേത്ര പരിശോധനയ്ക്കൊപ്പം കാഴ്ചയിലെ അസാധാരണതകൾ, നേത്രരോഗങ്ങൾ എന്നിവ കണ്ടെത്തി ചികിത്സിക്കുക എന്നിങ്ങനെയുള്ള കടമകളുള്ള, പ്രാഥമിക നേത്ര സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ആരോഗ്യ പ്രൊഫഷണലുകൾ ആണ് ഒപ്റ്റോമെട്രിസ്റ്റ് എന്ന് അറിയപ്പെടുന്നത്. ചില രാജ്യങ്ങളിൽ ഒ.ഡി ബിരുദം ഉള്ളവർ ഡോക്ടെഴ്സ് ഓഫ് ഒപ്റ്റോമെട്രി എന്നും അറിയപ്പെടുന്നു. നിയന്ത്രിത തൊഴിൽ ആയതിനാൽ, ഒപ്റ്റോമെട്രിസ്റ്റിന്റെ പരിശീലന വ്യാപ്തി വിവിധ സ്ഥലങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം. അതിനാൽ, ഒപ്റ്റോമെട്രിസ്റ്റുകളുടെ പരിശോധനയിൽ കണ്ടെത്തിയ തകരാറുകൾ അല്ലെങ്കിൽ രോഗങ്ങൾ (അതായത് ചില ശസ്ത്രക്രിയാ ഇടപെടലുകൾ ആവശ്യമുള്ളവ) ഒപ്റ്റോമെട്രിയുടെ ചികിത്സാ പരിധിക്കുപുറത്ത് എത്തുന്ന പക്ഷം, ഉചിതമായ പരിചരണത്തിനായി പ്രസക്തമായ മെഡിക്കൽ പ്രൊഫഷണലുകളിലേക്ക് (സാധാരണയായി കണ്ണിന്റെ മെഡിക്കൽ, ശസ്ത്രക്രിയാ പരിചരണത്തിൽ വിദഗ്ധരായ നേത്രരോഗവിദഗ്ദ്ധർ) അയയ്ക്കപ്പെടുന്നു. ഇൻഡ്യയിൽ നേത്ര രോഗ ചികിൽസയും, ശസ്ത്രക്രിയയും മെഡിക്കൽ ഡോക്ടർമാരുടെ, പ്രത്യേകിച്ചും ഒഫ്താൽമോളജിസ്റ്റുകളുടെ ചുമതലയാണ്. ഒപ്റ്റോമെട്രിസ്റ്റുകൾ പ്രാഥമിക നേത്ര സംരക്ഷണം നടത്തുകയും, കണ്ണുമായും കാഴ്ചയുമായും ബന്ധപ്പെട്ട വൈകല്യങ്ങൾ കണ്ടെത്തുകയും, കണ്ണടയും കോണ്ടാക്റ്റ് ലെന്സും നിർദ്ദേശിക്കുകയും ചെയ്യുന്നു. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട നിരവധി നൂതന ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും ഒപ്റ്റോമെട്രിസ്റ്റുകളുടെ ചുമതലയിൽ പെട്ട കാര്യമാണ്. കണ്ണിന്റെ ചലനം, കൺവെർജൻസ്/അക്കൊമഡേഷൻ പ്രശ്നങ്ങൾ, കോങ്കണ്ണ്, ലോ-വിഷൻ മുതലായവയും ഒപ്റ്റോമെട്രിസ്റ്റുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്. ഓപ്റ്റോമെട്രിസ്റ്റ് സാധാരണ ജനങ്ങൾക്ക് ഗുണനിലവാരവും കാര്യക്ഷമവുമായ നേത്ര സംരക്ഷണം നൽകുന്നതിന് നേത്രരോഗവിദഗ്ദ്ധർ, ഒപ്റ്റീഷ്യൻമാർ തുടങ്ങിയരുമായി ചേർന്ന് പ്രവർത്തിക്കുന്നു.