From Wikipedia, the free encyclopedia
1451 മുതൽ 1526 വരെ ദില്ലി സുൽത്താനത്ത് ഭരിച്ചിരുന്ന അഫ്ഗാൻ പഷ്തൂൺ രാജവംശമാമായിരിന്നു ലോധി രാജവംശം. 1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന അലാവുദ്ധീൻ ആലം ഷായുടെ കീഴടങ്ങലിനുശേഷം ദില്ലിയുടെ ഭരണം ഏറ്റെടുത്ത ബഹ്ലൂൽ ലോധിയാണ് ലോധി രാജവംശം സ്ഥാപിച്ചത്.[1] 1526-ൽ ബാബർ ഇബ്രാഹിം ലോധിയെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തി ദില്ലി കീഴടക്കി സുൽത്താന്മാരുടെ ഭരണത്തിന് അറുതി വരുത്തുകയും മുഗൾ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.[2]
സയ്യിദ് ഭരണകാലത്ത് ദില്ലി സുൽത്താനത്തിൽ പഞ്ചാബിലെ സർഹിന്ദ് പ്രവിശ്യയിലെ ഗവർണറായിരുന്ന മാലിക് സുൽത്താൻ ഷാ ലോധിയുടെ അനിന്തിരവൻ ആയിരിന്നു ബഹ്ലൂൽ ലോധി(ഭ.കാ.1451–89). സുൽത്താൻ ഷായുടെ മരണശേഷം സർഹിന്ദിലെ ഗവർണറായ ബഹ്ലൂൽ ലോധി അവിടെ അമീർ (സൈന്യാധിപൻ) ആയി ഉയർത്തപ്പെട്ടു. പഞ്ചാബിലെ ശക്ത്തനും ധൈര്യശാലിയുമായ ഭാരണാധികാരിയായിരിന്നു ബഹ്ലൂൽ ലോധി.[3] അദ്ദേഹം വിവിധ പ്രവിശ്യകളിലെ കലാപങ്ങൾ അടിച്ചമർത്തുകയും ബന്ധുക്കളായ അഫ്ഘാൻ പ്രഭുക്കൾക്ക് ഭൂമിയുടെ അധികാരം നൽകി വ്യാപകമായ രാഷ്ട്രീയപിന്തുണ നേടുകയും ചെയ്തു. 1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന അലാവുദ്ധീൻ ആലം ഷായുടെ കീഴടങ്ങലിനുശേഷം ബഹ്ലൂൽ ലോധി ദില്ലി സുൽത്താനത്തിൻറെ ഭരണം ഏറ്റെടുക്കുകയും ലോധി രാജവംശം സ്ഥാപിക്കുകയും ചെയ്തു.[4]
1489 ൽ ബഹ്ലൂൽ ലോധിയുടെ മരണശേഷം ദില്ലിയുടെ ഭരണം ഏറ്റെടുക്കുകയും സിക്കന്തർ ഷാ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തിൻറെ രണ്ടാമത്തെ പുത്രനായ നിസാം ഖാൻ ആണ് സിക്കന്തർ ലോധി (ഭ.കാ.1489–1517). 1504 ൽ ആഗ്ര നഗരം പണികഴിപ്പിച്ചതും തലസ്ഥാനം ദില്ലിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയതും സിക്കന്തർ ലോധിയാണ്. കമ്പോള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സിക്കന്തർ കവി എന്ന നിലയിലും ശോഭിചിരിന്നു. ഗുൽരുക് എന്ന തൂലികാനാമത്തിലാണ് കവിതകൾ രചിച്ചിരുന്നത്. ബീഹാർ കീഴടക്കി തൻറെ സാമ്രാജ്യത്തോട് ചേർത്തതാണ് സിക്കന്തറിൻറെ പ്രധാന നേട്ടം.[5]
സിക്കന്തർ ലോധിയുടെ ഇളയ പുത്രനായിരിന്നു ദില്ലി ഭരിച്ച അവസാനത്തെ സുൽത്താൻ ആയ ഇബ്രാഹിം ഖാൻ ലോധി (ഭ.കാ.1517–1526). മികച്ച യോധാവായിരിന്നുവെങ്കിലും ഭരണനൈപുണ്യം കുറഞ്ഞവനായിരിന്നു ഇബ്രാഹിം ലോധി. സ്വേച്ഛാധിപത്യ പ്രവണതയും ഭരണവ്യവസ്ഥയും സൈനികശേഷിയും ശക്തിപ്പെടുത്താതെയുള്ള നടപടികളും തികഞ്ഞ പരാജയമായിരിന്നു.[6] അതുകൊണ്ട് തന്നെ നിരവധി ലഹളകളും കലാപങ്ങളും ഇബ്രാഹിമിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇബ്രാഹിം ലോധിയുടെ കീഴിൽ ലാഹോറിലെ ഗവർണറായിരുന്ന ദൗലത് ഖാൻ ലോധിയും, ഇബ്രാഹിം ലോധിയുടെ അമ്മാവനായ ആലം ഖാനും ചേർന്ന് ഗൂഢാലോചന നടത്തി അഫ്ഗാനിൽ നിന്നും ബാബറെ ദില്ലി ആക്രമിക്കുന്നതിന് ക്ഷണിച്ചു. അങ്ങനെ 1526 ലെ പാനിനിപ്പത്ത് യുദ്ധത്തിൽ ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തുകയും മുഗൾ സാമ്രാജ്യത്തിൻറെ സ്ഥാപനത്തിന് വഴി തെളിക്കുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.