ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ ലഘുലുബ്ധകൻ (Canis Minor). ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്. കാന്തിമാനം 0.34 ഉള്ള പ്രോസിയോണും 2.9 കാന്തിമാനമുള്ള ഗോമൈസെയും മാത്രമാണ് ഇതിലെ ശ്രദ്ധേയമായ നക്ഷത്രങ്ങൾ. ബെയറിന്റെ കാറ്റലോഗിൽ എട്ടു നക്ഷത്രങ്ങളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. എന്നാൽ ഫ്ലെയിംസ്റ്റീഡിന്റെ കാറ്റലോഗിലാകട്ടെ പതിനാലെണ്ണമുണ്ട്.

വസ്തുതകൾ
ലഘുലുബ്ധകൻ (Canis Minor)
Thumb
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ലഘുലുബ്ധകൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CMi
Genitive: Canis Minoris
ഖഗോളരേഖാംശം: 8 h
അവനമനം: +5°
വിസ്തീർണ്ണം: 183 ചതുരശ്ര ഡിഗ്രി.
 (71-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
14
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
പ്രൊസയോൺ (α CMi)
 (0.38m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
പ്രൊസയോൺ (α CMi)
 (11.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Canis-Minorids
സമീപമുള്ള
നക്ഷത്രരാശികൾ:
ഏകശൃംഗാശ്വം (Monoceros)
മിഥുനം (Gemini)
കർക്കടകം (Cancer)
ആയില്യൻ (Hydra)
അക്ഷാംശം +85° നും 75° നും ഇടയിൽ ദൃശ്യമാണ്‌
മാർച്ച് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
അടയ്ക്കുക

ഈ നക്ഷത്രരാശിയിലെ പ്രൊസയോൺ (α CMi), ഗോമൈസെ ( CMi) നക്ഷത്രങ്ങളും മിഥുനം രാശിയിലെ കാസ്റ്റർ (α Gem), പോളക്സ് ( Gem) നക്ഷത്രങ്ങളും ചേർന്ന് ഒരു സാമാന്തരികം സൃഷ്ടിക്കുന്നു. എല്ലാ ഗ്രഹങ്ങളും ഈ സാമാന്തരികത്തിലൂടെ കടന്നുപോകുന്നതിനാൽ ഇത് സ്വർഗ്ഗത്തിലേക്കുള്ള കവാടം (Gateway to Heaven) എന്നറിയപ്പെടുന്നു.

പ്രൊസയോൺ, ശബരൻ രാശിയിലെ തിരുവോണം (α Ori), ബൃഹച്ഛ്വാനം രാശിയിലെ സിറിയസ് (α CMa) എന്നിവ ചേർന്ന് സൃഷ്ടിക്കുന്ന ത്രികോണം Winter triangle എന്നറിയപ്പെടുന്നു.

ചരിത്രവും ഐതിഹ്യവും

Thumb
ജൊഹാൻ ബോഡിന്റെ യൂറാനോഗ്രാഫിയയിൽ ചിത്രീകരിച്ച ലഘുലുബ്ധകൻ

ലഘുലുബ്ധകനെ കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കാണുന്നത് പുരാതന മെസപ്പൊട്ടേമിയയിൽ നിന്നാണ്. ബി.സി.ഇ. 1100ൽ തന്നെ അവർ ഇതിനെ തിരിച്ചറിയുകയും ഇരട്ടകൾ മാഷ്.ടാബ്.ബാ എന്ന പേര് നൽകുകയും ചെയ്തിരുന്നു. മുൽ.ആപിനിൽ ഈ ഗണത്തെ ഒരു പൂവൻ കോഴിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർ.ലുഗാൽ എന്നാണ് പേരു നൽകിയിരുന്നത്.[1] ബാബിലോണിയക്കാർ പിന്നീട് ഇതിന് ഡാർ.മുസെൻ, ഡാർ.ലുഗാൽ.മുസെൻ എന്നീ പേരുകൾ കൂടി നൽകി. അക്കാഡിയൻ ജ്യോതിശാസ്ത്രജ്ഞർ ഇതിനെ ടാർലുഗാല്ലു എന്നാണ് വിളിച്ചിരുന്നത്.[2]

രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമി അദ്ദേഹത്തിന്റെ പ്രസിദ്ധമായ അൽമെജെസ്റ്റ് എന്ന കൃതിയിൽ ലഘുലുബ്ധകനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരു ആസ്റ്ററിസം ആയാണ് അദ്ദേഹം ഇതിനെ പരിഗണിച്ചിരിക്കുന്നത്. രണ്ടു നക്ഷത്രങ്ങളെ ഉപയോഗിച്ചു കൊണ്ട് ഒരു രൂപം ചിത്രീകരിക്കുന്നത് എളുപ്പമല്ലല്ലോ.[3] പ്രാചീന ഗ്രീക്കുകാർ ഇതിനെ പ്രോസിയോൺ എന്നു വിളിച്ചു. നായക്കു പിറകെ വരുന്നത് എന്നാണ് പ്രോസിയോൺ എന്ന വാക്കിനർത്ഥം. റോമൻ എഴുത്തുകാരാണ് ഇതിന് കാനിസ് മൈനർ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്.[3] ഗ്രീക്ക് പുരാണങ്ങളിൽ ഇതിനെ ട്യൂമേഷ്യൻ കുറുക്കനുമായി ബന്ധിപ്പിക്കുന്നുണ്ട്.[4][5] ഇറത്തോസ്തനീസ് ഇതിനെ ഒറിയോണിന്റെ ചെറിയ വേട്ടപ്പട്ടിയായാണ് അവതരിപ്പിച്ചത്. ഹിജൈനസ് ഈ നക്ഷത്രഗണത്തെ ഇക്കാറിയസിന്റെ മകളായ മെയ്റായുമായാണ് ബന്ധപ്പെടുത്തിയത്.[6][7]

മദ്ധ്യകാല അറേബ്യൻ ജ്യോതിശാസ്ത്രജ്ഞരും ലഘുലുബ്ധകനെ നായയാണ് ചിത്രീകരിച്ചത്. അബ്ദ്-അൽ റഹ്‍മാൻ അൽ-സൂഫിയുടെ സ്ഥിരനക്ഷത്രങ്ങളുടെ പുസ്തകം എന്ന കൃതിയിൽ ഇതിനെ ഒരു നായയുടെ രൂപത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.[8][9] പ്രോസിയോണിനും ഗോമൈസെക്കും നൽകിയിരിക്കുന്ന അറേബ്യൻ പേരുകൾ സിറിയസ്സുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണ്. പ്രോസിയോണിനെ അവർ സിറിയൻ സിറിയസ് (ആഷ്-ഷിറാ ആഷ്-ഷാമിയ) എന്നും മങ്ങിയ കണ്ണുകളോടുകൂടിയ സിറിയസ് (ആഷ്-ഷിറാ ആഷ്-ഘമൈസ) എന്നും വിളിച്ചു.[8] പുരാതന ഈജിപ്തുകാർ ഇതിനെ നായയുടെ തലയോടുകൂടിയ എനൂബിസ് എന്ന ദൈവമായാണ് കണ്ടത്.

പ്രോസിയോൺ, ഗോമൈസെ, ഈറ്റ കാനിസ് മൈനോറിസ് എന്നിവ ചേർന്ന ആസ്റ്ററിസത്തെ തെക്കൻ നദി എന്നർത്ഥം വരുന്ന നാൻഹേ എന്ന പേരാണ് ചൈനക്കാർ നൽകിയത്.[7][10] കാസ്റ്ററും പോളക്സും ചേർന്നതാണ് വടക്കൻ നദിയായ ബെയ്ഹേ.

സവിശേഷതകൾ

Thumb
ലഘുലുബ്ധകൻ. ഒരു ചിത്രീകരണം.

മിഥുനത്തിലെ തിളക്കം കൂടിയ നക്ഷത്രങ്ങളായ കാസ്റ്റർ, പോളക്സ് എന്നിവയുടെ തെക്കുഭാഗത്തായാണ് ലഘുലുബ്ധകൻ സ്ഥിതി ചെയ്യുന്നത്.[11] ചെറിയൊരു നക്ഷത്രരാശിയായ ഇതിന്റെ തെക്കുഭാഗത്ത് ഏകശൃംഗാശ്വവും വടക്ക് മിഥുനവും വടക്കു കിഴക്ക് കർക്കടകം (നക്ഷത്രരാശി)കർക്കടകവും കിഴക്ക് ആയില്യനും സ്ഥിതി ചെയ്യുന്നു. ആകാശത്തിന്റെ 183 ചതുരശ്ര ഡിഗ്രി ഭാഗമാണ് ലഘുലുബ്ധകൻ ഉപയോഗിക്കുന്നത്. 88 നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 71-ാമത്തെ സ്ഥാനമാണ് ഇതിനുള്ളത്.[12] 1930 യൂജീൻ ജോസഫ് ഡെൽപോർട്ട് ഇതിന്റെ അതിർത്തികൾ നിശ്ചയിച്ചു. 14 വശങ്ങളുള്ള ഒരു ബഹുഭുജാകൃതിയാണ് ഇതിന്. ഖഗോളരേഖാംശം 07മ. 06.4മി, 08മ. 11.മി. എന്നിവക്കിടയിലും അവനമനം 13.22°, −0.36° എന്നിവക്കിടയിലുമാണ് ലഘുലുബ്ധകൻ സ്ഥിതി ചെയ്യുന്നത്.[13] ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ ഇതിനെ നന്നായി കാണാൻ കഴിയും.[14] അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 1922ൽ ഇതിന് “CMi” എന്ന മൂന്നക്ഷര ചുരുക്കപ്പേര് അനുവദിച്ചു.[15]

നക്ഷത്രങ്ങൾ

Thumb
ലഘുലുബ്ധകൻ

കാന്തിമാനം നാലിൽ കൂടുതൽ ഉള്ള രണ്ടു നക്ഷത്രങ്ങൾ മാത്രമേ ലഘുലുബ്ധകനിൽ ഉള്ളു. കാന്തിമാനം 0.34 ഉള്ള പ്രോസിയോൺ അഥവാ ആൽഫാ കാനിസ് മൈനോറിസ് തിളക്കം കൊണ്ട് ഒമ്പതാം സ്ഥാനത്തുള്ള നക്ഷത്രമാണ്.[16] നായക്കു മുന്നേയുള്ളത് എന്നാണ് പ്രോസിയോൺ എന്ന ഗ്രീക്കു വാക്കിനർത്ഥം. ശ്വാനനക്ഷത്രം എന്നറിയപ്പെടുന്ന സിറിയസ് ഉദിക്കുന്നതിന് മുമ്പായി ഉദിക്കുന്ന തിളക്കമുള്ള നക്ഷത്രമായതു കൊണ്ടാണ് ഈ പേരു നൽകിയത്. പ്രോസിയോൺ എ എന്ന ഒരു മുഖ്യധാരാനക്ഷത്രവും പ്രോസിയോൺ ബി എന്ന ഒരു വെളുത്ത കുള്ളൻ നക്ഷത്രവും ചേർന്നതാണിത്.[17] പ്രോസിയോൺ എയെ ഒന്നു ചുറ്റിവരാൻ വർഷം എടുക്കുന്ന പ്രോസിയോൺ ബിയുടെ കാന്തിമാനം 10.7 ആണ്.[17] പ്രോസിയോൺ എയ്ക്ക് സൂര്യന്റെതിനേക്കാൾ 1.4 മടങ്ങ് പിണ്ഡമുണ്ട്.[18] ഭൂമിയിൽ നിന്നും 11.4 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഭൂമിയോട് അടുത്തുള്ള നക്ഷത്രങ്ങളിൽ ഒന്നാണിത്.[17][19] ഗോമൈസെ അഥവാ ബീറ്റ കാനിസ് മൈനോറിസിന്റെ കാന്തിമാനം 2.89 ആണ്. ലഘുലുബ്ധകനിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനമാണിതിന്. ഭൂമിയിൽ നിന്നും ഏകദേശം 160 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[20] ഇതൊരു മുഖ്യധാരാനക്ഷത്രമാണ്.[21] ഭൂമിയിൽ നിന്നും നോക്കിയാൽ മങ്ങിയതാണെങ്കിലും പ്രോസിയോണിനേക്കാൾ 250 മടങ്ങ് തിളക്കവും സൂര്യനേക്കാൾ മൂന്നു മടങ്ങു പിണ്ഡവും ഇതിനുണ്ട്.[22] ഇതിനെ വലയം ചെയ്തുകൊണ്ട് ഒരു വാതകപടലം കണ്ടെത്തിയിട്ടുണ്ട്.[21][22]

ജോൺ ബെയർ ഗ്രീക്ക് അക്ഷരമാലയിലെ ആൽഫ മുതൽ ഈറ്റ വരെയുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് എട്ടു നക്ഷത്രങ്ങൾക്ക് പേരു നൽകി. രണ്ടു നക്ഷത്രങ്ങൾക്ക് ഡെൽറ്റ എന്ന പേരു തന്നെ നൽകി. ഡെൽറ്റ1 എന്നും ഡെൽറ്റ2 എന്നിങ്ങനെ.{sfn|Wagman|2003|pp=76–77}} ജോൺ ഫ്ലാംസ്റ്റീഡ് 14 നക്ഷത്രങ്ങൾക്കു പേരു നൽകി.[23] അദ്ദേഹത്തിന്റെ 12 കാനിസ് മൈനോറിസ് എന്ന നക്ഷത്രത്തെ പിൽക്കാലത്ത് കാണാൻ കഴിഞ്ഞിട്ടില്ല.[24] ബെയറിന്റെ യൂറാനോമെട്രിയയിൽ പ്രോസിയോണിന്റെ സ്ഥാനം നായയുടെ വയറിന്റെ ഭാഗത്താണ്. ഗോമൈസ കഴുത്തിലും.[25] ഗാമ, എപ്സിലോൺ, ഈറ്റ എന്നീ നക്ഷത്രങ്ങൾ കഴുത്തിനെയും നെഞ്ചിനെയും പ്രതിനിധാനം ചെയ്തുകൊണ്ട് അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു.[26][25] കാന്തിമാനം 4.34 ആയ ഗാമ കാനിസ് മൈനോറിസ് ഭൂമിയിൽ നിന്നും 318 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[27] ഗാമ എ, ഗാമ ബി, ഗാമ സി, ഗാമ ഡി എന്നീ നാലു നക്ഷത്രങ്ങൾ ചേർന്ന ബഹുനക്ഷത്രവ്യവസ്ഥയാണ് ഇത്. എപ്സിലോൺ കാനിസ് മൈനോറിസ് ഒരു മഞ്ഞഭീമൻ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 4.99ഉം ഭൂമിയിൽ നിന്നുള്ള അകലം 730 പ്രകാശവർഷവും ആണ്.[28][29] സൂര്യന്റെ 13 മടങ്ങ് വ്യാസവും 750 മടങ്ങ് തിളക്കവുമുണ്ട് ഇതിന്.[30] കാന്തിമാനം 5.24 ഉളള ഈറ്റ കാനിസ് മേനോറിസ് ഒരു ഭീമൻക്ഷത്രമാണ്.[31] 11.1 കാന്തിമാനമുള്ള ഒരു സഹനക്ഷത്രവും ഇതിനുണ്ട്.[12][32] ഇവ തമ്മിലുള്ള അകലം 440 സൗരദൂരമാണ്. ഇതിലെ ദ്വിദീയ നക്ഷത്രം പ്രധാനനക്ഷത്രത്തെ ഒന്നു ചുറ്റിവരുന്നതിന് 5000 വർഷങ്ങൾ എടുക്കുന്നു.[33][34][35]

പ്രോസിയോണിന്റെ അടുത്തുള്ള മൂന്നു നക്ഷത്രങ്ങൾക്ക് ഡെൽറ്റ1, ഡെൽറ്റ2, ഡെൽറ്റ3 എന്നിങ്ങനെയാണ് പേരു നൽകിയിരിക്കുന്നത്. ഡെൽറ്റ1ന്റെ കാന്തിമാനം 5.25ഉം ഭൂമിയിൽ നിന്നുള്ള അകലം 790 പ്രകാശവർഷവുമാണ്. സൂര്യന്റെ 360 മടങ്ങ് തിളക്കവും 3.75 മടങ്ങ് പിണ്ഡവും ഇതിനുണ്ട്. അതിവേഗം വികസിക്കുകയും താപനില കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണിത്.[33] 8 കാനിസ് മൈനോറിസ് എന്നു കൂടി അറിയപ്പെടുന്ന ഡെൽറ്റ2 എന്ന നക്ഷത്രം ഒരു എഫ് ടൈപ്പ് മുഖ്യധാരാനക്ഷത്രമാണ്. ഭൂമിയിൽ നിന്നും 136 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 5.59 ആണ്.[36] 9 കാനിസ് മൈനോറിസ് എന്ന ഡെൽറ്റ3 ഒരു വെള്ള മുഖ്യധാരാനക്ഷത്രമാണ്. സ്പെക്ട്രൽ തരം A0Vnn ആയി ഇതിന്റെ കാന്തിമാനം 5.83 ആണ്. ഭൂമിയിൽ നിന്നും 680 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.[37] ഈ മൂന്നു നക്ഷത്രങ്ങൾ കാനിസ് മൈനറിന്റെ ഇടതു കാൽപാദങ്ങളെ അടയാളപ്പെടുത്തുന്നു. കാന്തിമാനം 5.13 ഉള്ള സീറ്റ കാനിസ് മൈനോറിസ് വലതു പിൻകാലിനെ പ്രതിനിധീകരിക്കുന്നു.[25][38] സ്പെക്ട്രൽ തരം B8II ആയ സീറ്റ ഭൂമിയിൽ നിന്നും 623 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[38]

ഭൂമിയിൽ നിന്നും ഏകദേശം 254 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് HD 66141. ഇതിന്റെ കാന്തിമാനം 4.39 ആണ്.[34][35] 680 കോടി വർഷം പ്രായമുള്ള ഈ ഓറഞ്ചു ഭീമന്റെ സ്പെക്ട്രൽ തരം K2III ആണ്. സൂര്യന്റെ 22 മടങ്ങു വ്യാസവും 1.1 മടങ്ങ് പിണ്ഡവും 174 മടങ്ങ് തിളക്കവും ഇതിനുണ്ട്. ഈ നക്ഷത്രത്തിന് വ്യാഴത്തിന്റെ 6 മടങ്ങ് വലിപ്പമുള്ള ഒരു ഗ്രഹമുണ്ട്. HD 66141b എന്നാണ് ഇതിന്റെ പേര്. റേഡിയൽ വെലോസിറ്റി സങ്കേതമുപുയോഗിച്ചാണ് 2012ൽ ഇതിനെ കണ്ടെത്തിയത്. 480 ദിവസമാണ് ഒരു പ്രദക്ഷിണത്തിനെടുക്കുന്നത്.[35]

വിദൂരാകാശവസ്തുക്കൾ

Thumb
ആബേൽ 24 എന്ന നെബുല.[39]

ഏതാനും ഗാലക്സികളും നെബുലകളും ഉള്ള രാശിയാണ് ലഘുലുബ്ധകൻ.[40] 1786ൽ വില്യം ഹെർഷൽ നാലു വിദൂരാകാശവസ്തുക്കൾ രേഖപ്പെടുത്തി. ഇതിൽ രണ്ടെണ്ണം അദ്ദേഹത്തിന് തെറ്റിയതായിരുന്നു.[41] NGC 2459 എന്ന് അദ്ദേഹം പേരു നൽകിയത് യഥാർത്ഥത്തിൽ താരവ്യൂഹമായിരുന്നില്ല. 13ഉം 14ഉം കാന്തിമാനമുള്ള 5 നക്ഷത്രങ്ങളായിരുന്നു ഇത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ അടുത്തായി കാണുമെങ്കിലും യഥാർത്ഥത്തിൽ അവ തമ്മിൽ വളരെ അകലമുണ്ടായിരുന്നു.[42] ഇതുപോലെ തന്നെയായിരുന്നു NGC 2394ന്റെ അവസ്ഥയും.[43] വളരെ മങ്ങിയ 15 നക്ഷത്രങ്ങളായിരുന്നു ഇവ. ഇവയും പരസ്പരബന്ധമില്ലാതെ വളരെ അകന്നു സ്ഥിതി ചെയ്യുന്നവയായിരുന്നു.[41]

NGC 2508 ഒരു ലെന്റികുലാർ ഗാലക്സിയാണ്. ഭൂമിയിൽ നിന്നും 205 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 13 ആണ്. എൺപതിനായിരം പ്രകാശവർഷം ആണിതിന്റെ വ്യാസം.[44] ഒറ്റ വസ്തുവായി ഹെർഷൽ കണ്ട NGC 2402 യഥാർത്ഥത്തിൽ വളരെ അടുത്തു കിടക്കുന്നവയും പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്ന രണ്ടു ഗാലക്സികളായിരുന്നു.[45]

ഉൽക്കാവർഷങ്ങൾ

ബീറ്റ കാനിസ് മൈനോറീഡ്സ് എന്നു കൂടി അറിയപ്പെടുന്ന 11 കാനിസ് മൈനോറീഡ്സ് ആണ് ലഘുലുബ്ധകനിൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ഉൽക്കാവർഷം.[46] കാന്തിമാനം 15 ഉള്ള 11 കാനിസ് മൈനർ എന്ന നക്ഷത്രത്തിന്റെ സമീപത്തു നിന്നാണ് ഉൽക്കകൾ വർഷിക്കുന്നതായി തോന്നുക. 1964ൽ കെയ്ത്ത് ഹിൻഡ്‍ലിയാണ് ആദ്യമായി ഈ ഉൽക്കാവർഷം നിരീക്ഷിച്ച് രേഖപ്പെടുത്തിയത്. D/1917 F1 മെല്ലിഷ് എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഈ ഉൽക്കാവർഷത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.[47] ഡിസംബർ 4 മുതൽ 15 വരെയാണ് ഇതിന്റെ സമയം. ഏറ്റവും കൂടുതൽ ഉൽക്കകൾ കാണപ്പെടുന്നത് ഡിസംബർ 10,11 തിയ്യതികളിലാണ്.[48]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.