22-ാമത്തെ ചാന്ദ്രനക്ഷത്രഗണം From Wikipedia, the free encyclopedia
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിരണ്ടാമത് നക്ഷത്രമാണ് തിരുവോണം. ഇത് സംസ്കൃതത്തിൽ ശ്രവണം എന്നും അറിയപ്പെടുന്നു. ഗരുഡൻ നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ തിരുവോണം നക്ഷത്രമായി പരിഗണിക്കുന്നത്. ഇംഗ്ലീഷിൽ ആൾട്ടേർ (Altair) എന്നറിയപ്പെടുന്ന ആൽഫ അക്വിലെ എന്ന നക്ഷത്രത്തെ മാത്രമായും തിരുവോണം എന്നറിയപ്പെടാറുണ്ട്. പത്താമത്തെ രാശിയായ മകരത്തിലാണ് (Capricorn) തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തിൽ 280º മുതൽ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയിൽ മുഴക്കോലിന്റെ ആകൃതിയിൽ കാണപ്പെടുന്നു.
തിരുവോണ നക്ഷത്രത്തിന്റെ ദേവത വിഷ്ണുവും പക്ഷി കോഴിയും വൃക്ഷം എരുക്കും മൃഗം കരിങ്കുരങ്ങുമാണ്. മഹാവിഷ്ണുവിന്റെ ജന്മനാൾ കൂടിയാണ് തിരുവോണം. ഈ നക്ഷത്രം ദേവഗണത്തിലുൾപ്പെടുന്നു. ഊർധ്വമുഖ നക്ഷത്രമാണിത്. അവിട്ടം, കാർത്തിക, മകം എന്നീ നക്ഷത്രങ്ങളുമായി ഇതിന് വേധമുണ്ട്. തിരുവോണ നക്ഷത്രത്തിന്റെ ആദ്യത്തെ നാല് നാഴിക അഭിജിത് നക്ഷത്രത്തിലാണ് പണ്ട് ഉൾപ്പെടുത്തിയിരുന്നത്. ഊൺനാളുകൾ എന്നു വ്യവഹരിക്കപ്പെടുന്ന ശുഭസൂചകങ്ങളായ പതിനാറ് നാളുകളിലൊന്നാണ് തിരുവോണം. പ്രതിഷ്ഠ, ശാന്തികർമം, ഉപനയനം, ഗൃഹനിർമ്മാണം എന്നിവയ്ക്ക് ഈ ദിനം നല്ലതാണെന്ന് വിശ്വസിക്കുന്നു.
തിരുവോണ നക്ഷത്രത്തിന്റെ ദിശയിൽ ചന്ദ്രൻ പ്രവേശിക്കുന്ന സമയത്താണ് ഒരു കുഞ്ഞ് ജനിക്കുന്നതെങ്കിൽ അതിന്റെ ജന്മനക്ഷത്രം തിരുവോണമായി നാം കണക്കാക്കുന്നു. ഈ നക്ഷത്രത്തിന്റെ രാശ്യാധിപൻ മകരം രാശിയുടെ അധിപനായ ശനിയും ദശാധിപൻ ചന്ദ്രനുമായതിനാൽ ഈ നാളുകാരിൽ ശനിയുടേയും ചന്ദ്രന്റേയും സ്വഭാവ സവിശേഷതകൾ കാണാം. ഈ നാളിൽ ജനിച്ചവർക്ക് ധീരത, ഉദാരശീലം, ജ്ഞാനസമ്പാദനം, കാര്യശേഷി, ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനം തുടങ്ങിയ ഗുണങ്ങൾ കാണുമെന്ന് ജ്യോതിഷികൾ പറയുന്നു.
ചിങ്ങമാസത്തിലെ തിരുവോണനാൾ കേരളീയർ ഓണമായി ആഘോഷിക്കുന്നു. ശ്രാവണ ദ്വാദശി നാളാണ്, നർമദ നദീതീരത്ത് അശ്വമേധം നടത്തിയിരുന്ന മഹാബലിയെ കാണാൻ ഭഗവാൻ വിഷ്ണു വാമനമൂർത്തിയായി എത്തിയത് എന്ന് ശ്രിമദ് ഭാഗവതം പറയുന്നു.
ശ്രാവണമാസത്തിലെ പൗർണമിയാണിത്, അത് മിക്കവാറും തിരുവോണം നാളിൽ (ചിലപ്പോൾ അവിട്ടം ) ആയിരിക്കും. മറ്റുപല സമൂഹങ്ങളും ശ്രാവണപൗർണമിയെ ആണു ഓണമായി ആഘോഷിക്കുന്നത്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.