From Wikipedia, the free encyclopedia
ക്രിസ്തീയബൈബിളിൽ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിൽ അവസാനത്തേതാണ് യോഹന്നാൻ എഴുതിയ സുവിശേഷം. യേശുവിനു മുന്നേ വഴിയൊരുക്കാൻ വന്നവനായി പറയപ്പെട്ട സ്നാപകയോഹന്നാന്റെ സാക്ഷ്യത്തിൽ തുടങ്ങി യേശുവിന്റെ മരണം, ദേഹസംസ്കാരം പുനരുത്ഥാനം, ഉത്ഥാനാനന്തര പ്രത്യക്ഷങ്ങൾ എന്നിവ വരെയുള്ള സംഭവങ്ങളുടെ ആഖ്യാനമാണിത്.
ഇതിന്റെ കർതൃത്വം അജ്ഞാതമായിരിക്കുന്നു. കൃതിയിലെ തന്നെ അവകാശവാദം അനുസരിച്ച് (21:21) "യേശു സ്നേഹിച്ച ശിഷ്യനായ" യോഹന്നാന്റെ സാക്ഷ്യത്തിലാണ് ഇതിന്റെ ഉല്പത്തി. സുവിശേഷത്തിൽ പേരെടുത്തു പറയാത്ത ഈ ശിഷ്യൻ പത്രോസിനെപ്പോലെ തന്നെ യേശുവിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായിരുന്നു. യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളായ യോഹന്നാൻ ആണ് ഇതു രചിച്ചത് എന്ന പാരമ്പര്യം ആദിമസഭയിൽ നിലവിലുണ്ടായിരുന്നു. യോഹന്നാന്റെ നിലവിലുള്ള 3 ലേഖനങ്ങളുമായി ശൈലിയിലും ഉള്ളടക്കത്തിലും സാമ്യം പ്രകടിപ്പിക്കുന്ന ഈ കൃതിയെ വ്യാഖ്യാതാക്കൾ ആ ലേഖനങ്ങൾക്കൊപ്പം ചേർത്തു പരിഗണിക്കുന്നു. [1] ആധുനിക പണ്ഡിതന്മാരിൽ ഭൂരിപക്ഷവും ഈ കൃതികളെ യേശുശിഷ്യനായ യോഹന്നാന്റെ രചനകളായി കണക്കാക്കുന്നില്ല.[2] ഇതിനെക്കുറിച്ച് ഒന്നും പറയുക വയ്യെന്ന നിലപാടാണ് പല പണ്ഡിതന്മാർക്കും.[3]
ഈ സുവിശേഷത്തിന്റെ രചനയ്ക്കു അവസരമൊരുക്കിയ പാരമ്പര്യശ്രേണി കണ്ടെത്തുന്നതിൽ റെയ്മൺ ഇ ബ്രൗൺ കാര്യമായ സംഭാവന നൽകി.[4] ക്രി.വ. 90-നടുത്തുള്ള ഇതിന്റെ രചനാകാലത്ത് പള്ളികളും സിനഗോഗുകളും തമ്മിൽ നടന്നു കൊണ്ടിരുന്ന സംവാദം ഇതിലെ പ്രഭാഷണങ്ങളിൽ പ്രതിഫലിക്കുന്നു.[5] യഹൂദമത്തിനുള്ളിലെ ഒരു പ്രസ്ഥാനം എന്ന നിലയിലായിരുന്നു ക്രിസ്തുമതത്തിന്റെ തുടക്കമെങ്കിലും ക്രമേണ അവ വഴിപിരിഞ്ഞുപോവുകയും അവയ്ക്കിടയിൽ കടുത്ത ശത്രുത നിലവിൽ വരുകയും ചെയ്തു. [6] രാഷ്ട്രാന്തരവ്യാപ്തിയുള്ള ഒരു ധാർമ്മികമുന്നേറ്റം എന്ന നിലയിലല്ലാതെ, യഹൂദമതവുമായുള്ള ശത്രുതയെ ആധാരമാക്കിയാണ് ക്രിസ്തീയസമൂഹം അപ്പോഴും സ്വന്തം അസ്തിത്വത്തെ നിർവചിച്ചിരുന്നത് എന്നാണ് ഈ സുവിശേഷത്തിലെ ചില പ്രഭാഷണങ്ങൾ നൽകുന്ന സൂചന.[7]
പുതിയനിയമത്തിലെ ആദ്യത്തെ മൂന്നു ഗ്രന്ഥങ്ങളായ സമാന്തരസുവിശേഷങ്ങളിൽ കാണുന്നതിനേക്കാൾ ഉദാത്തമായ ക്രിസ്തുശാസ്ത്രമാണ് നാലാമത്തേതായ യോഹന്നാന്റെ സുവിശേഷത്തിൽ ഉള്ളത്. എല്ലാ സൃഷ്ടിയുടേയും കാരണഭൂതനെന്ന നിലയിൽ ആരാധനായോഗ്യനായ ദൈവവചനവും,[8] മനുഷ്യാവതാരം ചെയ്ത ദൈവം തന്നെയുമായി ഈ സുവിശേഷം ക്രിസ്തുവിനെ അവതരിപ്പിക്കുന്നു.[9] തന്നെക്കുറിച്ചും തന്റെ ദൈവികഭാവത്തെക്കുറിച്ചും യേശു ശിഷ്യന്മാരോട് ദീർഘമായി പ്രഭാഷണം ചെയ്യുന്നത് ഈ സുവിശേഷത്തിൽ മാത്രമാണ്. അനുയായികളെ വിശ്വാസത്തിൽ ഉറപ്പിക്കാനായി യേശു, മരിച്ചുപോയ തന്റെ സുഹൃത്ത് ലാസറിനെ പുനരുജ്ജീവിപ്പിക്കുന്നത് ഈ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളു. യേശുവിന്റെ അന്യാപദേശങ്ങൾക്കും ബാധയൊഴിക്കലുകൾക്കും മറ്റും ഈ സുവിശേഷം വലിയ പ്രാധാന്യം കല്പിക്കുന്നില്ല. ദൈവരാജ്യം മുന്നേ വന്നെത്തിക്കഴിഞ്ഞതിനാൽ വിശ്വസിക്കുന്നവരിലെല്ലാം രക്ഷ കുടികൊള്ളുന്നു എന്ന നിലപാടാണ് ഇത് അവതരിപ്പിക്കുന്നത്. ജ്ഞാനവാദഘടകങ്ങൾ (Gnostic elements) അടങ്ങുന്ന സുവിശേഷമാണിത്.[10][11]
സമാന്തരസുവിശേഷങ്ങളിലേയും യോഹന്നാന്റെ സുവിശേഷത്തിലേയും ആഖ്യാനങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഗണിക്കുമ്പോൾ അവയിൽ ഏതെങ്കിലും ഒരാഖ്യാനത്തിൽ മാത്രമേ ചരിത്രമൂല്യം ഉണ്ടാവൂ എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും കരുതുന്നത്. ഇക്കാര്യത്തിൽ യോഹന്നാന്റെ സുവിശേഷത്തേക്കാളധികം 'സമാന്തരങ്ങളെ' വിശ്വസിക്കാനാണ് മിക്കവരും താത്പര്യം കാട്ടുന്നത്[12][13]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.