മമ്മൂട്ടി
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബർ 7, 1951). അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.
മമ്മൂട്ടി | |
---|---|
ജനനം | മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ (1951-09-07) 7 സെപ്റ്റംബർ 1951 (72 വയസ്സ്)[1][2] |
ദേശീയത | ഇന്ത്യ |
കലാലയം | തേവര സേക്രട്ട് ഹാർട്ട് കോളജ് എറണാകുളം മഹാരാജാസ് കോളജ് എറണാകുളം ലോ കോളജ് (എൽ എൽ ബി) |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് ചലച്ചിത്ര നിർമ്മാതാവ് |
സജീവ കാലം | 1979– ഇതുവരെ |
ജീവിതപങ്കാളി(കൾ) | സുൽഫത്ത് (1979–ഇതുവരെ)[3] |
കുട്ടികൾ | സുറുമി ദുൽഖർ സൽമാൻ |
പുരസ്കാരങ്ങൾ | 1988 ൽ പത്മശ്രീ പുരസ്കാരം 1989 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 1994 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 1999 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 2010 ൽ ഡോക്ടറ്റേറ്റ് - കേരള സർവ്വകലാശാല 2010 ൽ ഡോക്ടറേറ്റ് - കാലിക്കറ്റ് സർവ്വകലാശാല |
വെബ്സൈറ്റ് | www |
മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. [4][5]
മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. [6] കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ് വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.