Remove ads
From Wikipedia, the free encyclopedia
മഹാഭാരതത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ഭരതൻ. കൗരവരിൽ രണ്ടാമനായ ദുശ്ശാസനന്റെ പുത്രനാണ് ഭരതൻ.അതിധീരനായിരുന്നു ഭരതൻ എന്ന് കുരുക്ഷേത്രയുദ്ധം തെളിയിക്കുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പതിമൂന്നാം നാൾ ദ്രോണാചാര്യർ ചക്രവ്യൂഹം ചമച്ച് അർജ്ജുനപുത്രൻ അഭിമന്യുവിനെ ഉള്ളിൽ കയറ്റി വധിക്കാൻ ശ്രമിക്കുമ്പോൾ ദുര്യോധന നിർദ്ദേശത്താൽ ദുര്യോധനപുത്രൻ ലക്ഷണനും, ദുശ്ശാസനപുത്രൻ ഭരതനും അവനോട് ഏറ്റുമുട്ടുന്നു. അഭിമന്യുവിനെ കൊല്ലുന്നത് ഭരതനാണ്. ഇവർ തമ്മിലുണ്ടായ ഗദായുദ്ധത്തിൽ ഭരതനു സാരമായ പരിക്കേറ്റിരുന്നു. ഭരതന്റെ ഗദാപ്രഹരത്തിലാണ് അഭിമന്യു മരിച്ചു വീഴുന്നത്.
വ്യാസൻ ഭരതനെ അതിധീരയുവാവായി മഹാഭാരതത്തിൽ കാണിച്ചിരിക്കുന്നു. ഭരതനിലും മുതിർന്ന ലക്ഷണനെക്കാളും യുദ്ധനൈപുണ്യം ഉണ്ടായിരുന്നുവെന്നും എടുത്തുപറയുന്നുണ്ട്. അഭിമന്യുവിനു പതിനാറു വയസ്സുമാത്രം പ്രായം ഉണ്ടായിരുന്നതിനാൽ ദുര്യോധനാദികൾ നേരിട്ട് അവനോട് യുദ്ധം ചെയ്യണ്ട എന്നുകരുതിയാവാം ദുര്യോധനൻ അവന്റെ പുത്രനായ ലക്ഷണനേയും ദുശ്ശാസനന്റെ പുത്രൻ ഭരതനേയും ശകുനി പുത്രന്മാരെയും, ശല്യപുത്രന്മാരേയും അഭിമന്യുവിനോട് എതിരിടാൻ നിയോഗിച്ചത്. മുതിർന്നവർ അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുവെന്നു മാത്രം. കർണ്ണനും, ദ്രോണരും, ദുര്യോധനനും, ശകുനിയും, ജയദ്രഥനും, ശല്യരും ചേർന്ന് അവന്റെ തേരിനേയും, തേരാളിയേയും കുതിരകളേയും, നശിപ്പിച്ചു ആയുധങ്ങളേയും ഇല്ലാതാക്കി ഭരതനടക്കമുള്ളവർക്ക് സഹായം ചെയ്തുകൊടുത്തു. ദ്രോണർ ഞാൺ മുറിച്ചു, മാർച്ചട്ട മുറിച്ചു കർണ്ണനും ഭരതനെ സഹായിച്ചു.
വ്യാസഭാരതത്തിലെ പ്രസ്താവം ഇങ്ങനെയാണ് . "അശ്വത്തോട് കൂടിയ ദുശ്ശാസ്സനപുത്രന്റെ രഥം അഭിമന്യു ഗദ കൊണ്ടടിച്ചു തകർത്തു . ദുശ്ശാസ്സന പുത്രൻ ചൊടിച്ചുകൊണ്ടു ഗദയുമെടുത്തു അഭിമന്യുവിനോട് പാഞ്ഞേറ്റു . ആ വീരന്മാർ ഗദയുമായി പരസ്പരം കൊല്ലാനൊരുങ്ങി . രുദ്രനും അന്തകനുമെന്നപോലെ ആ ഭ്രാതൃവ്യർ പരസ്പരം പോരടിച്ചു . അവർ തമ്മിൽ ഗദകൊണ്ട് അടിച്ചു രണ്ടുപേരും ഭൂമിയിലഴിച്ച ചക്രധ്വജങ്ങളെന്നപോലെ വീണു .കുരുക്കളുടെ കീർത്തിയെ വളർത്തിയ ദുശ്ശാസ്സനപുത്രൻ ഉടനെ പിടഞ്ഞെഴുന്നേറ്റു . എഴുന്നേൽക്കാനൊരുങ്ങുന്ന അഭിമന്യുവിനെ അവൻ തഞ്ചത്തിൽ തലയ്ക്കടിച്ചു . ഗദാവേഗം കൊണ്ടും , അത്യധികമായ ആയാസം കൊണ്ടും ശത്രുനാശകനായ സുഭദ്രാപുത്രൻ ഉഴന്നു ഭൂമിയിൽ മോഹിച്ചു വീണു . അപ്രകാരം പലരും കൂടി അഭിമന്യുവിനെ കൊന്നു ".
കുരുക്ഷേത്രയുദ്ധത്തിൽ പതിനാലാം നാൾ ഘടോൽകചനാണ് ഭരതനെ കൊല്ലുന്നത്. തലേനാൾ അഭിമന്യുവിനെ ചതിച്ചു കൊന്നത് നേരിട്ട് കണ്ട ഘടോൽകചൻ പിറ്റേന്ന് അവനെ യുദ്ധഭൂമിയിൽ തിരഞ്ഞു കണ്ടുപിടിച്ചു യുദ്ധം ചെയ്തു കൊല്ലുകയായിരുന്നു.[1] [അവലംബം ആവശ്യമാണ്]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.