From Wikipedia, the free encyclopedia
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പതിനൊന്നാമത്തെ പുസ്തകമാണ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം. "ഫിലിപ്പിയർ" എന്ന ചുരുക്കപ്പേരിലും ഇതറിയപ്പെടുന്നു. തർശീശിലെ പൗലോസ്, കിഴക്കൻ മാസിദോനിയയിൽ ഫിലിപ്പിയിലെ ക്രിസ്തീയ സഭയ്ക്ക് എഴുതിയതാണിത് എന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ വ്യാപകമായ സമ്മതിയുണ്ട്. ഇതിന്റെ രചനാകാലം ക്രി.വ. 62-നടുത്താണെന്ന് കരുതപ്പെടുന്നു.[1]
ഈ ലേഖനം പൗലോസിന്റെ രചനയാണെന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ എക്കാലത്തും അഭിപ്രയൈക്യം ഉണ്ടായിരുന്നു. യൂറോപ്പിലെ ആദ്യത്തെ ക്രിസ്തീയ സഭകളിലൊന്നായ ഫിലിപ്പിയിലെ സഭയ്ക്കായി എഴുതപ്പെതാണിത്. സഭാംഗങ്ങൾക്ക് പൗലോസിനോടും അദ്ദേഹത്തിന് അവരോടും പ്രത്യേകമായ മമത ഉണ്ടായിരുന്നു. ഫിലിപ്പിയരുടെ മഹാമനസ്കതയെ പൗലോസ് ലേഖനത്തിൽ പ്രത്യേകം അനുസ്മരിക്കുന്നു(4:15-16). താൻ സുവിശേഷം പ്രഘോഷിച്ച സഭകളിൽ ഈയൊരു സഭയുടെ ഔദാര്യം മാത്രമേ പൗലോസ് സ്വീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നുള്ളു.[2] മാസിദോനിയ പ്രദേശത്തെ സഭകളുടെ പ്രത്യേകതയായിരുന്നു ഇതെന്നു കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം 8-9 അദ്ധ്യായങ്ങളെ ആധാരമാക്കി എച്ച്. സി. ജി. മൗൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസിഡോണിയയിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ആദ്യം പരിവർത്തിതരായവരിൽ എല്ലാ വിഭാഗക്കാരും ഉൾപ്പെട്ടിരുന്നെങ്കിലും (അപ്പസ്തോല നടപടികൾ16), പൊതുവായി പറഞ്ഞാൽ അവിടത്തെ ക്രിസ്ത്യാനികൾ ദരിദ്രരായിരുന്നുവെന്നും (2 കോറിന്ത്യർ 8:2) അവരുടെ ദാരിദ്ര്യം പൗലോസിനും അദ്ദേഹത്തിന്റ് പ്രേഷിതദൗത്യത്തിനും അവർ കൈതുറന്നു നൽകിയ സഹായത്തെ കൂടുതൽ അകർഷമാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.[3]
റോമിൽ തടവുകാരനായിരുന്ന പൗലൊസിനടുത്തേയ്ക്ക് അദ്ദേത്തിന്റെ ആവശ്യങ്ങൾക്കു വേണ്ട സംഭാവനയുമായി ഫിലിപ്പിയർ തങ്ങളിൽ ഒരുവനായ എപ്പാഫ്രോഡീറ്റസ് എന്ന ആളെ അയച്ചിരുന്നു. മടക്കത്തിൽ അയാൾ വഴി പൗലോസ് കൊടുത്തയച്ചതാണ് ഈ കത്ത്. വിലപ്പെട്ട ഈ സന്ദേശവുമായി എപ്പഫ്രോഡീറ്റസ് സ്വദേശത്തേക്കു മടങ്ങി. ഈ സന്ദേശത്തിന്റെ മൂല്യത്തെക്കുറിച്ച് പൗരസ്ത്യ ബൈബിൾ നിഘണ്ടു ഇപ്രകാരം പറയുന്നു:-
"എപ്പഫ്രോഡീറ്റസിന്റെ തിരിച്ചുവരവിൽ ഉണ്ടായ ആഹ്ലാദവും, അത്ഭുതകരമായ ഈ കത്തിന്റെ ആദ്യവായന ഫിലിപ്പിയയിലെ സഭയിൽ ഉളവാക്കിയിരിക്കാവുന്ന പ്രതികരണങ്ങളും നമുക്ക് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. ഈ കത്തോടുകൂടി ആ സഭ തന്നെ ചരിത്രത്തിൽ നിന്നു മാഞ്ഞു പോയി എന്നും നമുക്കു പറയേണ്ടി വരും. അപ്പസ്തോലിക യുഗത്തിലെ ഏറ്റവും ആകർഷകമായ ക്രിസ്തീയസഭ നിലനിന്നിരുന്ന റോമൻ കോളനിയുടെ സ്ഥാനത്തുള്ള പുൽമേടുകളിൽ ഇന്നു കന്നുകാലികൽ നിശ്ശബ്ദം മേയുന്നു. എന്നാൽ ആ സഭയുടെ സല്പേരും യശസ്സും ആത്മീയതയുടെ മേഖലയിലെ അതിന്റെ സ്വാധീനവും, ഒരിക്കലും മാഞ്ഞു പോവില്ല. റോമിൽ വീട്ടുതടങ്കലിലായിരിക്കെ പൗലോസ് എഴുതുകയും അറിയപ്പെടാത്ത ഒരു ക്രിസ്തീയദൂതൻ എഗ്നാത്തിയ വഴിയിലൂടെ സംവഹിച്ചെത്തിക്കുകയും ചെയ്ത ഈ കത്ത് വ്യത്യസ്ത സ്ഥലകാലങ്ങളിലായി എണ്ണമറ്റ സ്ത്രീപുരുഷന്മാർക്ക് ജീവിതത്തിന്റെ ദുർഘടവഴികളിൽ ദൈവജ്യോതിയും, ഉല്ലാസം പകരുന്ന വഴികാട്ടിയും ആയിരുന്നു.[4]
ഈ ലേഖനത്തിന്റെ കർത്താവ് പൗലോസാണെന്നു സമ്മതിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇതിന്റെ ഭാഗമായ ശൂന്യതാഗീതത്തിന്റെ (Kenosis Passage ഫിലിപ്പിയർ 2:6-11) കാര്യത്തിൽ മുന്നേ ഉണ്ടായിരുന്ന ഒരു ക്രിസ്തീയഗീതത്തോട് രചയിതാവ് കടപ്പെട്ടിരിക്കാം.[5] പ്രഖ്യാതമായ ആ ഗീതം ഇങ്ങനെയാണ്:-
പ്രകൃത്യാ തന്നെ ദൈവമായിരുന്നിട്ടും, ദൈവത്തോടു തനിക്കുള്ള തുല്യതയെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കേണ്ട കാര്യമായി അവൻ പരിഗണിച്ചില്ല.
മറിച്ച്, സ്വയം ശൂന്യനാക്കി അവൻ ദാസന്റെ പ്രകൃതി സ്വീകരിച്ച് മനുഷ്യരൂപത്തിൽ കാണപ്പെട്ടു.
മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട അവൻ സ്വയം വിനീതനാക്കി മരണത്തിന്, അതേ കുരിശുമരണത്തിനു തന്നെ, വിധേയനായി.
അതുകൊണ്ട് ദൈവം അവനെ അത്യധികം ഉയർത്തി, മറ്റേതൊരു നാമത്തേക്കാളും ഉന്നതമായ നാമം അവന്നു നൽകി.
അതിനാൽ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാവരും മുട്ടുമടക്കും;
യേശുക്രിസ്തുവാണ് കർത്താവ് എന്നു പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയും.
ഫിലിപ്പിയർക്കുള്ള ലേഖനം ഏറെ പഠനങ്ങൾക്കു വിഷയമായിട്ടുണ്ട്. ഈ ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിലെ ശൂന്യതാഗീതത്തിലാണ് (Kenosis Passage) ദൈവവിജ്ഞാനീയത്തിലെ ക്രിസ്തുശാസ്ത്രം എന്ന ശാഖയുടെ തുടക്കം എന്ന് റാൽഫ് പി. മാർട്ടിൻ വാദിക്കുന്നു. ഈ അദ്ധ്യായത്തിലെ 5-6 വാക്യങ്ങളിൽ പൗലോസ് നടത്തുന്ന വിശകലനത്തെ അദ്ദേഹം പ്രത്യേകം പരാമർശിക്കുന്നു.[6] ഫിലിപ്പിയർക്കെഴുതിയ ലേഖനം മൂന്നാം അദ്ധ്യായം പത്താം വാക്യത്തിലാണ് ക്രിസ്തുജ്ഞാനവിശകലനത്തിന്റെ (Analysis of the "Knowledge of Christ") തുടക്കം എന്നു വെറോനിക്ക കൊപ്പേർസ്കിയും അഭിപ്രായപ്പെടുന്നു.[7]
ക്രിസ്തുജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള സ്നേഹത്തിനു വേണ്ടിയാണ് ലേഖകന്റെ ആമുഖപ്രാർത്ഥനയെങ്കിൽ(1:9) എല്ല്ലാ അറിവിനേയും അതിശയിക്കുന്ന ദൈവത്തിന്റെ സമാധാനത്തിനു വേണ്ടിയാണ് സമാപന പ്രാർത്ഥന(4:7). അങ്ങനെ സ്നേഹം, ജ്ഞാനം, ശാന്തി എന്നീ സങ്കല്പങ്ങളെ ഇത് ഏകീകരിച്ചു വികസിപ്പിക്കുന്നു.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.