നരേന്ദ്ര മോദി
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രി / From Wikipedia, the free encyclopedia
പതിനാലാമത് ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രവർത്തിച്ച ഒരു രാഷ്ട്രീയപ്രവർത്തകനാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ഗുജറാത്തി:નરેન્દ્ર દામોદરદાસ મોદી,) ജനനം സെപ്റ്റംബർ 17, 1950[2]. 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവർത്തിച്ച മോദി, 2014 മുതൽ ഭാരതീയ ജനതാ പാർട്ടിയുടെ വാരാണസി എം.പിയായി ലോക്സഭയിൽ തുടരുന്നു. ഹിന്ദുദേശീയവാദ-അർദ്ധസൈനിക സംഘടനയായ ആർ.എസ്.എസിൽ അംഗമായ മോദി, ഇന്ത്യൻ പ്രധാനമന്ത്രിപദത്തിൽ രണ്ട് കാലാവധി തുടർന്നു. ആദ്യമായാണ് ഒരു കോൺഗ്രസ്സിതര പ്രധാനമന്ത്രി ഇത്ര ദീർഘമായി പദവിയിൽ തുടരുന്നത്.
നരേന്ദ്ര മോദി | |
---|---|
ഇന്ത്യൻ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 2014 മേയ് 26 | |
രാഷ്ട്രപതി | റാം നാഥ് കോവിന്ദ് |
മുൻഗാമി | മൻമോഹൻ സിങ് |
മണ്ഡലം | വാരണാസി |
14-മത്തെ ഗുജറാത്ത് മുഖ്യമന്ത്രി | |
ഓഫീസിൽ 2001 ഒക്ടോബർ 7 – 2014 മേയ് 21 | |
ഗവർണ്ണർ | സുന്ദർസിങ് ഭണ്ഡാരി കൈലാസ്പതി മിശ്ര ബൽറാം ജാഖർ നവാൽ കിഷോർ ശർമ്മ എസി.സി.ജാമിർ കമല ബനിവാൽ |
മുൻഗാമി | കേശുഭായ് പട്ടേൽ |
പിൻഗാമി | ആനന്ദിബെൻ പട്ടേൽ |
ബിജെപിയുടെ ജനറൽ സെക്രട്ടറി | |
ഓഫീസിൽ 1998 മേയ് 19 – 2001 ഒക്ടോബർ | |
പിൻഗാമി | സുനിൽ ശാസ്ത്രി |
ബിജെപിയുടെ ദേശീയ സെക്രട്ടറി | |
ഓഫീസിൽ 1995 നവംബർ 20 – 1998 മേയ് 19 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1950-09-17) സെപ്റ്റംബർ 17, 1950 (73 വയസ്സ്) ഞായർ രാവിലെ 11 മണി, വാട്നഗർ, മെഹ്സാന ജില്ല, ഗുജറാത്ത്, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | യെശോദാ ബെൻ[1] |
വസതിs | 7, ലോഗ് കല്യാണ് മാർഗ്, ന്യൂ ഡൽഹി |
ഒപ്പ് | |
വെബ്വിലാസം | www.narendramodi.in |
As of ജൂൺ 18, 2006 ഉറവിടം: ഗുജറാത്ത് സർക്കാർ |
വടക്കുകിഴക്കൻ ഗുജറാത്തിലെ വഡ്നഗറിലാണ് മോദി ജനിച്ചതും വളർന്നതും, അവിടെ അദ്ദേഹം സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. എട്ടാം വയസ്സ് മുതൽ ആർഎസ്എസ് പ്രവർത്തനങ്ങളിലേർപ്പെട്ടുതുടങ്ങി. വഡ്നഗർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കാൻ പിതാവിനെ സഹായിച്ചതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദം പക്ഷെ, വിശ്വസനീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 18-ാം വയസ്സിൽ അദ്ദേഹം ജശോദബെൻ എന്ന സ്ത്രീയെ വിവാഹം കഴിച്ചുവെങ്കിലും, താമസിയാതെ അവരെ ഉപേക്ഷിക്കുകയായിരുന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷം നിയമപരമായി ആവശ്യം വന്നപ്പോൾ മാത്രമാണ് വിവാഹവിവരം മോദി പരസ്യമായി അംഗീകരിച്ചത്. 1971-ൽ മോദി ഗുജറാത്തിൽ ആർ. എസ്. എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 1985ൽ ആർഎസ്എസ് അദ്ദേഹത്തെ ബിജെപിയിലേക്ക് നിയമിക്കുകയും 2001 വരെ പാർട്ടി ശ്രേണിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉയരുകയും ചെയ്തു.
1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന[3] നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽ രാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[4][5]
2002-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ക്ക് 182 അംഗ നിയമസഭയിൽ 126 സീറ്റുകൾ ലഭിക്കുകയും മോദി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2002-ൽ (തിരഞ്ഞെടുപ്പിനു മുൻപ്) ഗുജറാത്തിൽ നടന്ന വംശീയ കലാപത്തിൽ സർക്കാരിന്റെ പരാജയവും നീതിനിഷേധവും ആരോപിക്കപ്പെട്ടതിനാൽ ഈ തിരഞ്ഞെടുപ്പ് പ്രത്യേകം നിരീക്ഷിക്കപ്പെട്ടിരുന്നു.[6] ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘ(എസ്.ഐ.ടി.)ത്തിനു മുമ്പാകെ ഹാജരായ നരേന്ദ്രമോദി ക്രിമിനൽ കേസിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്.[7]
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകൻ ആയിരുന്ന നരേന്ദ്രമോദിയെ മാധ്യമങ്ങളും,[8][9] 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ദേശീയവും, അന്തർദ്ദേശീയവുമായി നരേന്ദ്രമോദി ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്.[10][11]അദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ കൊണ്ട് ഗുജറാത്തിൽ വികസനങ്ങൾ ഉണ്ടായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.[12]
കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള നടപടിയുടെ ഭാഗമായി 2016 നവംബർ 8 ന് 500 രൂപ,1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി.