ഔഷധവിജ്ഞാനത്തിന്റെ ദേവത, ദേവകളുടെ വൈദ്യൻ From Wikipedia, the free encyclopedia
ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യ പ്രതിഭയായിരുന്നു ശ്രീ ധന്വന്തരി(ദേവനാഗരി: धन्वंतरी; ഇംഗ്ലീഷ്: Dhanwantari). പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങൾ) വിഭജിച്ചു. ഹൈന്ദവ, വൈഷ്ണവ വിശ്വാസപ്രകാരം പരബ്രഹ്മൻ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും ആരോഗ്യത്തിന്റെയും ചികിത്സയുടേയും ആയുസ്സിന്റെയും ദൈവമായി വർണ്ണിക്കുന്നു. രോഗനിവാരണ ദൈവം, രോഗശമനമൂർത്തി, ആരോഗ്യദായകൻ, മഹാവൈദ്യൻ എന്നൊക്കെ ധന്വന്തരി അറിയപ്പെടുന്നു. അതിനാൽ രോഗികളും ആരോഗ്യ പ്രവർത്തകരും ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി.
“ | നമാമി ധന്വന്തരിമാദിദേവം സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം ധാതാരമീശം വിവിധൌഷധീനാം” |
” |
ധന്വന്തരി | |
---|---|
ദേവനാഗിരി | धन्वंतरी |
പദവി | ആദിനാരായണൻ |
ആയുധങ്ങൾ | ശംഖ്, സുദർശനചക്രം, അമൃതകലശം |
വാഹനം | ഗരുഡൻ |
ഔപധേനവൻ, ഔരദ്രൻ, പൗഷ്കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.
വിവിധതരം ശസ്ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക് അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽ നിന്ന് മനസ്സിലാക്കാം.
സ്കന്ദ-ഗരുഡ-മാർക്കണ്ഡേയ പുരാണങ്ങളനുസരിച്ച് ത്രേതായുഗത്തിലാണ് ധന്വന്തരി ജീവിച്ചിരുന്നത്. എന്നാൽ, വിക്രമാദിത്യ സദസ്സിലെ നവ രത്നങ്ങളിലൊരാളായിരുന്നു ധന്വന്തരിയെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ക്രി.വ. നാലാം ശതകത്തിന്റെ അവസാനമോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയാണ് പിൽക്കാലത്ത് ധന്വന്തരിയെന്ന പേരിൽ പ്രശസ്തയാർജ്ജിച്ചതെന്നു കരുതുന്നു.
ധന്വന്തരി നിഘണ്ടു, ചികിത്സാദർശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ ധന്വന്തരിയുടേതായി അറിയപ്പെടുന്നു.
രോഗികളും എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരും ഒരുപോലെ ആരാധിക്കുന്ന ഭഗവാനാണ് ധന്വന്തരി. വിശ്വാസികൾ ചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ പ്രാർഥിക്കുന്നത് ക്ഷേത്രങ്ങളിൽ ധന്വന്തരി പൂജയും നടത്തുന്നതും കാണാം. പാലാഴി മഥനവേളയിൽ അമൃതകുംഭവുമായി മഹാവിഷ്ണു ധന്വന്തരി ഭാവത്തിൽ അവതരിച്ചു എന്ന് ഭാഗവതം പറയുന്നു. ദേവന്മാർ ജരാനരകൾ അകന്നു ആരോഗ്യവും അമരത്വവും പ്രാപിച്ചത് അമൃതപാനം കൊണ്ടാണെന്നു പുരാണങ്ങൾ വർണ്ണിക്കുന്നു. ധന്വന്ദരിയെ പൊതുവേ ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ധന്വന്തരിയെ ആരാധിച്ചാൽ രോഗങ്ങൾ അകന്ന് ആരോഗ്യവും ആയുസും സിദ്ധിക്കും എന്നാണ് ഹൈന്ദവവിശ്വാസം.
മഹാവിഷ്ണുവിന്റെ 24 അവതാരങ്ങളെ കുറിച്ച് ഭാഗവതം പ്രഥമ സ്കന്ധത്തിലെ തൃതീയ അധ്യായത്തിൽ വിവരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ പന്ത്രണ്ടാമത്തെ അവതാരമായാണ് ധന്വന്തരി മൂർത്തിയെ പരാമർശിക്കുന്നത്. ചാന്ദ്രസമ്പ്രദായ പ്രകാരമുള്ള ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാൻ ക്ഷീരസമുദ്രത്തിൽ നിന്നും ഉയർന്നുവന്നത്. അതിനാൽ ഈ ദിനം ധന്വന്തരി ജയന്തി എന്ന പേരിൽ അറിയപ്പെടുന്നു. ധന്വന്തരി ത്രയോദശി എന്നു കൂടി ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്. അന്നേ ദിവസം ധന്വന്തരീ ക്ഷേത്രത്തിൽ നടത്തുന്ന പൂജകൾക്കും വഴിപാടുകൾക്കും പ്രാർഥനകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട് എന്നാണ് വിശ്വാസം. ആയുരാരോഗ്യ സമ്പദ്സമൃദ്ധിക്കു ധന്വന്തരി ജയന്തി ദിനത്തിൽ വ്രതം എടുത്തു ക്ഷേത്രദർശനം നടത്തുന്നതും ഗുണകരമാണ് എന്നാണ് സങ്കല്പം.
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. ആരോഗ്യത്തിന്റെയും ഔഷധത്തിന്റെയും ഭഗവാനായ ധന്വന്തരിയെ ആരാധിക്കുന്ന ഒരു ഉത്സവമാണ് ധൻതേരസ്. പാലാഴിയിൽ നിന്നും അമൃത കലശവുമായി ധന്വന്തരി അവതരിച്ച ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. അതിനാൽ ധന്വന്തരി ജയന്തി എന്നും അറിയപ്പെടുന്നു. എല്ലാ വർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് വിശ്വാസികൾ ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നത്. ഗണപതിയെയും മഹാലക്ഷ്മിയെയും കുബേരനേയും ധന്വന്തരിയേയും ആരാധിക്കാനും ഐശ്വര്യവും ആരോഗ്യവും നേടുവാനുള്ള അനുഗ്രഹത്തിനും അനുയോജ്യമാണ് ഈ സമയം എന്നാണ് വിശ്വാസം. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു.
ഓം നമാമി ധന്വന്തരിം ആദിദേവം
സുരാസുരൈഃ വന്ദിത പാദപത്മം
ലോകേ ജരാരുഗ്ഭയ മൃത്യുനാശം
ദാതാരമീശം വിവിധൗഷധീനാം
ധന്വന്തരീ സ്തുതി
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ
അമൃതകലശ ഹസ്തായ സർവാമയ വിനാശനായ
ത്രൈലോക്യനാഥായ മഹാവിഷ്ണവേ നമഃ
മറ്റൊരു രീതിയിൽ
ഓം നമോ ഭഗവതേ മഹാസുദർശനായ വാസുദേവായ ധന്വന്തരയെ; അമൃത കലശ ഹസ്തായ, സർവ ഭയ വിനാശായ, സർവ രോഗ നിവാരണായ, ത്രിലോക-പഥായ, ത്രിലോക-നാഥായ, ശ്രീ മഹാവിഷ്ണു സ്വരൂപ, ശ്രീ ധന്വന്തരി സ്വരൂപ, ശ്രീ ശ്രീ ഔഷധ ചക്ര നാരായണായ നമഃ
മറ്റൊരു സ്തുതി ഇപ്രകാരമാണ്
"ധന്വന്തരീ മഹം വന്ദേ
വിഷ്ണുരൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന
രോഗമുക്താ ഭവേഞ്ജനാ"
ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹ ധീമഹീ
തന്നോ ധന്വന്തരി പ്രചോദയാത് "
കേരളത്തിൽ എല്ലാ ജില്ലയിലും ധന്വന്തരി ക്ഷേത്രങ്ങൾ കാണപ്പെടുന്നു. ചില ക്ഷേത്രങ്ങളിൽ ഉപദേവനായും ധന്വന്തരിയെ കാണാം. കൂടാതെ പല വിഷ്ണുക്ഷേത്രങ്ങളിലും, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ധന്വന്തരി സങ്കല്പം കാണാം. പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവാൻ നാരായണീയം എഴുതി സമർപ്പിച്ച മേൽപ്പത്തൂർ ഭട്ടതിരിയുടെ വിട്ടുമാറാത്ത വാതരോഗം ഭേദമാക്കി എന്ന് കഥയുണ്ട്. ധന്വന്തരിയെയും പരമശിവനെയും ഒരുപോലെ ആരാധിക്കുന്നത് രോഗശമനത്തിനും ദീർഘായുസിനും നല്ലതാണ് എന്നാണ് ഹൈന്ദവ വിശ്വാസം.
കേരളത്തിലെ ധന്വന്തരിക്ഷേത്രങ്ങൾ ജില്ല തിരിച്ചു താഴെ കൊടുക്കുന്നു.
തിരുവനന്തപുരം ജില്ല
1) കരുമം ശ്രീ ധന്വന്തരി മഹാവിഷ്ണു ക്ഷേത്രം, കൈമനം, തിരുവനന്തപുരം
2) ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവനന്തപുരം (പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണ ഭഗവൻ ധന്വന്തരി ഭാവത്തിലാണ് കുടികൊള്ളുന്നത്.)
കൊല്ലം ജില്ല
1) പരവൂർ ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം
2) തോട്ടക്കാരൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രണ്ടാം കുറ്റി (പഴയ കൊട്ടാരം വൈദ്യൻ MP കൃഷ്ണൻ വൈദ്യൻ സ്ഥാപിച്ചത്)
3) കന്നേറ്റി ശ്രീ ധന്വന്തരി ക്ഷേത്രം, കരുനാഗപ്പള്ളി
പത്തനംതിട്ട ജില്ല
1) ഇലന്തൂർ പരിയാരം ധന്വന്തരി ക്ഷേത്രം 2) തിരുവല്ല മുത്തൂർ ധന്വന്തരി ക്ഷേത്രം
കോട്ടയം ജില്ല
1) പാറമ്പുഴക്കര വൈകുണ്ഠപുരം ധന്വന്തരി ക്ഷേത്രം, തിരുവഞ്ചൂർ 2) വൈക്കം കുലശേഖരമംഗലം തേവലക്കാട് ശ്രീ ധന്വന്തരി ക്ഷേത്രം 3) ചങ്ങനാശ്ശേരി ശ്രീ വാസുദേവപുരം ധന്വന്തരി ക്ഷേത്രം
ആലപ്പുഴ ജില്ല
1)മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം, ചേർത്തല, ആലപ്പുഴ (ഇവിടത്തെ മുക്കുടി നിവേദ്യവും താൾക്കറിയും രോഗശമനത്തിന് പ്രസിദ്ധമാണ്. ഇവിടുത്തെ സന്താനഗോപാലം കഥകളി വഴിപാട് സന്താന സൗഭാഗ്യത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്.)
2)മണ്ണഞ്ചേരി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രം
3)മാവേലിക്കര പ്രായിക്കര ധന്വന്തരിക്ഷേത്രം
4)ചെങ്ങന്നൂർ കോടിയാട്ടുകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. (ഇവിടെ ധന്വന്തരീ പ്രതിഷ്ഠയാണ്)
5)പ്രായിക്കര ശ്രീ ധന്വന്തരി ക്ഷേത്രം
6) കണിച്ചു കുളങ്ങര ഭഗവതി ക്ഷേത്രം (ധന്വന്തരിയുടെ പ്രത്യേക പ്രതിഷ്ഠ കാണാം).
എറണാകുളം ജില്ല
1) തോട്ടുവാ ധന്വന്തരി ക്ഷേത്രം, പെരുമ്പാവൂർ
(എറണാകുളം ജില്ലയിലെ കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പെരുമ്പാവൂർ-കോടനാട് റൂട്ടിലാണ് തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിളപ്പിക്കാത്ത പാൽ അഭിക്ഷേകം ചെയ്യുന്നു, മറ്റൊരു പ്രധാന വഴിപാട് വെണ്ണയാണ്. മലയാള മാസമായ വൃശ്ചികത്തിലെ ഏകാദശിയിലും , മേടം മാസത്തിലെ പൂയം നക്ഷത്രത്തിലും, അതായത് പ്രതിഷ്ഠാ ദിനത്തിലും ഉത്സവങ്ങൾ നടത്തപ്പെടുന്നു . ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് കിഴക്കോട്ട് ഒഴുകുന്ന ഒരു ചെറിയ അരുവിയുണ്ട്. ഈ തോട്ടിൽ കുളിച്ച് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കുകയാണ് പതിവ്. ഭക്തർ ഇവിടെ താമസിച്ച് ധ്യാനിച്ചാൽ രോഗദുരിതങ്ങൾ ഭേദമാകും എന്നാണ് വിശ്വാസം)
2)പള്ളുരുത്തി വെളിയിൽ ധന്വന്തരി ക്ഷേത്രം, എറണാകുളം
3)കുത്താട്ടുകുളം നെല്യക്കാട്ട് ഔഷധേശ്വരി ധന്വന്തരി ക്ഷേത്രം
ഇടുക്കി ജില്ല
1)ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൊടുപുഴ (ധന്വന്തരി സങ്കല്പം)
തൃശ്ശൂർ ജില്ല
1) നെല്ലുവായ് ധന്വന്തരി ക്ഷേത്രം (കേരളത്തിലെ ഒരു വലിയ ധന്വന്തരി ക്ഷേത്രമാണ് ഇത്. ഗുരുവായൂർ ക്ഷേത്രത്തിന് അഭിമുഖമായാണ് ഇവിടുത്തെ പ്രതിഷ്ഠ)
2) പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം 3) മനയ്ക്കലപ്പടി ധന്വന്തരി ക്ഷേത്രം 5) താനിയകുന്ന് ധന്വന്തരി ക്ഷേത്രം 6) ഒല്ലൂർ ധന്വന്തരി ക്ഷേത്രം 7) കീരംകുളങ്ങര ധന്വന്തരി ക്ഷേത്രം 8)ചിയാരം മാധവപുരം ധനന്തരി ക്ഷേത്രം 9) പറപ്പൂർ ശ്രീ ധന്വന്തരീ ക്ഷേത്രം
പാലക്കാട് ജില്ല
1) ശേഖരപുരം ധന്വന്തരി ക്ഷേത്രം അടക്കാപുത്തൂർ, വെള്ളിനേഴി 2) കുറുവട്ടൂർ ധന്വന്തരി ക്ഷേത്രം, തിരുവാഴിയോട് 3) വടക്കന്തറ ഭഗവതി ക്ഷേത്രം (ധന്വന്തരിയുടെ പ്രത്യേകം പ്രതിഷ്ഠ കാണാം)
മലപ്പുറം ജില്ല
1) കോട്ടക്കൽ ധന്വന്തരി ക്ഷേത്രം 2) പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരിക്ഷേത്രം, മലപ്പുറം 3) അങ്ങാടിപ്പുറം ആൽക്കൽമണ്ണ ശ്രീധന്വന്തരി ക്ഷേത്രം, പെരിന്തൽമണ്ണ
കോഴിക്കോട് ജില്ല
1) ചേളന്നൂർ അമ്പലത്തകുളങ്ങര കോരായി ശ്രീ ധന്വന്തരി ക്ഷേത്രം 2) കുഴക്കോട് ധന്വന്തരി നരസിംഹമൂർത്തിക്ഷേത്രം, ചാത്തമംഗലം, കുന്നമംഗലം
കണ്ണൂർ ജില്ല
1)ചിറക്കൽ ധന്വന്തരി ക്ഷേത്രം 2)ചാവശ്ശേരി എടവട്ടശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം (ധന്വന്തരി പ്രതിഷ്ഠ) 3)കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം (ശിവ ക്ഷേത്രം, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെ)
കാസർഗോഡ് ജില്ല
1)ഉളിയ മധൂർ ധന്വന്തരി ക്ഷേത്രം. [1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.