തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം
From Wikipedia, the free encyclopedia
മദ്ധ്യകേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. പരമാത്മാവായ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനും അനന്തശേഷനാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നും ഭാരതത്തിലെ അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ, ക്ഷേത്രത്തിൽനിന്നും മൂന്ന് കിലോമീറ്റർ ദൂരം വടക്കുമാറി ഒഴുകുന്നു. ക്ഷേത്രം ഒരു കുന്നിന്റെ മുകളിലായതിനാൽ താഴോട്ട് നോക്കിയാൽ ഭാരതപ്പുഴയൊഴുകുന്നത് കാണാം. ചുറ്റും നിരവധി കുന്നുകളും മലകളും പാടങ്ങളും കുളങ്ങളും തോടുകളുമുണ്ട്. ഇവ ക്ഷേത്രപരിസരത്തെ ഭൂപ്രകൃതിയ്ക്ക് മാറ്റുകൂട്ടുന്നു. ഇന്നും ഗ്രാമീണത്തനിമയ്ക്ക് കാര്യമായ കോട്ടം തട്ടാതെ നിൽക്കുന്ന പ്രദേശമാണ് തിരുവില്വാമല.
തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°44′26″N 76°25′51″E |
പേരുകൾ | |
മറ്റു പേരുകൾ: | രാമഭദ്രസ്വാമിക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ |
പ്രദേശം: | തിരുവില്വാമല, തലപ്പിള്ളി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശ്രീരാമൻ ലക്ഷ്മണൻ |
പ്രധാന ഉത്സവങ്ങൾ: | നിറമാല, തിരുവില്വാമല ഏകാദശി |
ചരിത്രം | |
സൃഷ്ടാവ്: | പരശുരാമൻ ആമലകൻ |
ക്ഷേത്രഭരണസമിതി: | കൊച്ചിൻ ദേവസ്വം ബോർഡ് |
ക്ഷേത്രത്തിൽ, പരസ്പരം അനഭിമുഖമായ രണ്ട് ശ്രീകോവിലുകളിലാണ് ശ്രീരാമലക്ഷ്മണന്മാർ സാന്നിദ്ധ്യമരുളുന്നത്. ചതുർബാഹു മഹാവിഷ്ണു പ്രതിഷ്ഠകളിലാണ് ഇരുവരുടെയും തേജസ്സുകൾ ആവാഹിച്ചുവച്ചിരിയ്ക്കുന്നത്. പടിഞ്ഞാറോട്ട് ദർശനമായി ശ്രീരാമസ്വാമിയും കിഴക്കോട്ട് ദർശനമായി ശ്രീലക്ഷ്മണസ്വാമിയും വാഴുന്നു. ശ്രീരാമലക്ഷ്മണന്മാർ അനുഗ്രഹവർഷം ചൊരിയുന്ന ഈ സന്നിധിയിൽ അവരുടെ നിത്യദാസനായ ഹനുമാൻസ്വാമിയും സാന്നിദ്ധ്യമരുളുന്നുണ്ട്. മഹാഗണപതി, ധർമ്മശാസ്താവ്, ശ്രീ മഹാദേവൻ, പാർവ്വതീദേവി, നാഗദൈവങ്ങൾ, ശ്രീഗുരുവായൂരപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് ഉപദേവതകൾ. ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യപ്രാധാന്യമായതിനാൽ രണ്ടുപേർക്കും പ്രത്യേകം തന്ത്രിമാരും ശാന്തിക്കാരുമുണ്ട്. കുംഭമാസത്തിൽ കറുത്തപക്ഷത്തിൽ വരുന്ന ഏകാദശിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഇതിനോടനുബന്ധിച്ച് നാലുദിവസം ചുറ്റുവിളക്കും കലാപരിപാടികളുമുണ്ടാകാറുണ്ട്. ഇതുകൂടാതെ, കന്നിമാസത്തിലെ മുപ്പെട്ട് (ആദ്യത്തെ) വ്യാഴാഴ്ച വരുന്ന നിറമാലയും അതിവിശേഷമാണ്. ശ്രീരാമനവമി, ഹനുമാൻ ജയന്തി, ശിവരാത്രി, മണ്ഡലകാലം എന്നിവയാണ് മറ്റുള്ള വിശേഷദിവസങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് വില്വാദ്രിനാഥക്ഷേത്രം.