From Wikipedia, the free encyclopedia
ക്രസ്റ്റേഷ്യ വർഗത്തിൽപ്പെടുന്ന മാക്സിലോപോഡ(Maxillopoda)[2] യുടെ ഒരു ഉപവർഗമാണ് ടാന്റുലോകാരിഡ. മുമ്പ് കോപിപോഡയിലും (Copepoda)[3] സിറിപീഡിയയിലും (Cirripedia)[4] പെടുത്തിയിരുന്ന രണ്ടു സ്പീഷീസ് ഇതിലുൾപ്പെട്ടിരുന്നു. എന്നാൽ നാലു പുതിയ ജീനസ്സുകൾകൂടി കണ്ടുപിടിക്കപ്പെട്ടപ്പോഴാണ് ക്രസ്റ്റേഷ്യ വർഗത്തിലെ മാക്സിലോപോഡയുടെ ഉപവർഗമായി ടാന്റുലോകാരിഡ പരിഗണിക്കപ്പെട്ടത്. ഡിയോടെർത്രോൺ, ബാസിപ്പോഡെല്ല, മൈക്രോഡാജസ് എന്നിവയാണ് ഈ ഉപവർഗത്തിലെ പ്രധാന ജീനസ്സുകൾ.
ടാന്റുലോകാരിഡ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | Maxillopoda |
Subclass: | Tantulocarida G. A. Boxshall & R. J. Lincoln, 1983 [1] |
Families | |
|
0.3 മി.മീ. നീളമുള്ള സൂക്ഷ്മപരജീവികളാണ് ടാന്റുലോകാരിഡ ഉപവർഗത്തിലുള്ളത്. കോപ്പിപോഡുകൾ, ഐസോപോഡുകൾ, ഓസ്ട്രാകോഡുകൾ തുടങ്ങിയവയാണ് ഇവയുടെ ആതിഥേയർ. പരജീവനസ്വഭാവം കാരണം പെൺജീവികൾക്കു ക്രസ്റ്റേഷ്യൻ ഘടനയോടുണ്ടായിരുന്ന സാദൃശ്യം പാടേ നഷ്ടമായിരിക്കുന്നു. ആൺജീവികൾക്കു ഇത്രയും തന്നെ ഘടനാപരിവർത്തനം സംഭവിച്ചിട്ടില്ല. ഒരളവുവരെ ഇവ സ്വതന്ത്രജീവികളാണ് എന്നതാണ് ഇതിനു കാരണം. മുട്ടയിൽ നിന്നു വിരിഞ്ഞ് ഏറെത്താമസിയാതെ ടാന്റുലേറിയൻ ലാർവ ആതിഥേയ ശരീരത്തിൽ പ്രവേശിക്കുന്നു. ലാർവയുടെ ശീർഷത്തിന്റെ (cephalon) ഉപരിഭാഗത്തായി കൂർത്ത മുനപോലുള്ള ഒരവയവം (rostrum) മുന്നിലേക്കു തള്ളിനിൽക്കുന്നു. ആതിഥേയ ശരീരത്തിൽ തുളച്ചുകയറുന്നതിന് ഈ അവയവം സഹായമേകുന്നു. റോസ്ട്രത്തിനു കീഴ്ഭാഗത്ത് ആതിഥേയ ശരീരത്തിൽ ബന്ധിക്കാനുള്ള മുഖനാളം സ്ഥിതിചെയ്യുന്നു. ഇതിനു ചുറ്റും ചക്രരൂപത്തിലുള്ള ഡിസ്ക്കും മുഖനാളത്തിലേക്ക് തള്ളിനിൽക്കുന്ന ദീർഘക്കുഴലും ആതിഥേയ ബന്ധം ദൃഢമാക്കാനുപകരിക്കുന്നു. മുഖഭാഗത്തു മുന്നോട്ടു തള്ളിനിൽക്കുന്ന ശിരോശൂലവും ശ്രദ്ധേയമാണ്.
മുട്ടയിൽ നിന്നു വിരിയുന്ന ലാർവ ആൺജീവിയോ പെൺജീവിയോ ആയി രൂപപ്പെടാം. ക്രസ്റ്റേഷ്യൻ ശരീരഘടനയോടുകൂടിയ ആൺജീവികൾക്ക് വ്യക്തമായി രൂപപ്പെട്ട തലയും തലയ്ക്കു പിന്നിലായി ആറു ഖണ്ഡങ്ങൾ ചേർന്ന വക്ഷഭാഗവുമുണ്ട്. ഓരോ ഖണ്ഡത്തിലും വികാസം പ്രാപിച്ച കവചവും ഒരു ജോടി വക്ഷാംഗംവീതവുമുണ്ടായിരിക്കും. ഇതിൽ ആദ്യത്തെ അഞ്ചു ജോടിയിലും ആധാരഘടകവും ഒരു ജോടി റാമസുകളും (rami) കാണപ്പെടുന്നു. ആറാമത്തെ ജോടി ചെറുതും അവികസിതവുമാണ്. വക്ഷത്തിനു പുറകിലുള്ള ഉദരത്തിൽ ഖണ്ഡങ്ങളുടെ എണ്ണം ഇനഭേദമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഡിയൊടെർത്രോൺ (Deoterthron),[5] മൈക്രോഡാജസ് (Microdajus)[6] എന്നിവയിൽ രണ്ടും സ്റ്റെഗോടാന്റുലസിൽ (Stygotantulus)[7] ഏഴും ഖണ്ഡങ്ങൾ കാണാം. പൂർണ വളർച്ചയെത്തുമ്പോൾ അഞ്ചും ആറും വക്ഷഖണ്ഡങ്ങൾക്കിടയിലുള്ള ഭാഗം വീർത്തു വികസിക്കുന്നു. ചിലപ്പോൾ ഈ വികാസം ആറാം ഖണ്ഡത്തിനു പുറകിലുമാവാം. ഉദരം ഖണ്ഡിതമോ അഖണ്ഡിതമോ ആയിരിക്കും. അഖണ്ഡിതമായ ഉദരത്തിന്റെ അഗ്രഭാഗം നീളംകൂടിയ ഒരു ജോടി പുച്ഛീയസീറ്റയിൽ അവസാനിക്കുന്നു.
പെൺ ജീവികൾ രൂപപ്പെടുമ്പോൾ ശിരോകവചം ആതിഥേയ ശരീരത്തിൽ തുളച്ചുകയറുകയും തലയ്ക്കു പിന്നിലായി ടാന്റുലസ് വീർത്തുവികസിക്കുകയും ചെയ്യുന്നു. അതിനു പിന്നിലെ ശരീരഭാഗം വെറും സഞ്ചിപോലുള്ള അവശിഷ്ടഘടകമായി ചുരുങ്ങിപ്പോവുകയും ചെയ്യും.
ക്രസ്റ്റേഷ്യനുകളുടെ സാർവത്രിക ലക്ഷണമായ ശൃംഗികകളും (antenna) ലഘുശൃംഗികകളും (antennule) ടാന്റുലോകാരിഡുകളിൽ കാണുന്നില്ലെങ്കിലും ആൺജീവിയുടെ ശരീരാഗ്രത്തിൽ കാണുന്ന സംവേദക രോമങ്ങൾ ഇതേ അവയവങ്ങളുടെ പരിശിഷ്ടമായിരിക്കാമെന്നു കരുതപ്പെടുന്നു. ജനിരന്ധ്ര (gonopore)ത്തിന്റെ സ്ഥാനം തുടങ്ങിയ ചില സവിശേഷതകൾ ടാന്റുലോകാരിഡുകളും സിറിപീഡുകളും തമ്മിലുള്ള ബന്ധുത്വത്തെ സൂചിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും ടാന്റുലോകാരിഡുകളുടെ പരിണാമപരമായ സ്ഥാനം ഇന്നും ഒരു തർക്കവിഷയമായി തുടരുന്നു
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.