കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണവാദി From Wikipedia, the free encyclopedia
കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിതനേതൃത്വത്തിന്റെ തീവ്രവിമർശകനുമാണ് ജോസഫ് പുലിക്കുന്നേൽ. 1932 ഏപ്രിൽ 14-ന് ഭരണങ്ങാനത്തു ജനിച്ചു. കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുന്പ്, അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളായിരുന്നിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1] കേരളാ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ (കെ.പി.സി.സി.) അംഗമായിരുന്നിട്ടുള്ള പുലിക്കുന്നേൽ, കോൺഗ്രസ് കക്ഷിയിൽ നിന്നു വിഘടിച്ചുപോയവർ ചേർന്ന് 1964-ൽ രൂപം കൊടുത്ത കേരളാ കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ്.[2] 2017 ഡിസംബർ 28 ന് മരണമടഞ്ഞു.[3]
പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാരുടെ ആഗമനത്തോടെ തുടങ്ങിയ വിദേശമേൽക്കോയ്മയ്ക്കു മുൻപ് നിലവിലിരുന്ന ഭരണവ്യവസ്ഥയിൽ കേരളക്രിസ്ത്യാനികളുടെ ഓരോ പള്ളിയും സ്വതന്ത്രമായിരുന്നെന്നും, പള്ളിയുടെ സമ്പത്തും ഭരണവും, അതിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ചേർന്ന പള്ളിയോഗത്തിൽ നിക്ഷിപ്തമായിരുന്നെന്നും പോർത്തുഗീസ് മേൽക്കോയ്മക്കു കീഴിൽ നടപ്പായ പാശ്ചാത്യമാതൃകയിലുള്ള സഭാഘടനയാണ് ഇതിന് അന്ത്യം കുറിച്ചതെതെന്നും പുലിക്കുന്നേൽ ചൂണ്ടിക്കാട്ടുന്നു.[4] കേരളത്തിലെ കത്തോലിക്കാസഭയുടെ പാശ്ചാത്യസഭാമാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിതനേതൃത്വത്തിന് റോമിലെ മാർപ്പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ ദേശീയമായ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമോ വിധേയത്വമോ ഇല്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിനു ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.[5]
സഭയുടെ സേവനസംരംഭങ്ങളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളേയും അഴിമതിയേയും, പൗരോഹിത്യത്തിന്റെ ആഡംബരഭ്രമത്തേയും വിമർശിക്കുന്ന അദ്ദേഹം, മാമ്മോദീസാക്കു പോലും വിലപേശുന്ന പുരോഹിതസംസ്കാരം വളരുമ്പോൾ, ശുഷ്കമായ ആചാരങ്ങൾ കൊണ്ട് ബുദ്ധിയുള്ള വിശ്വാസികളെ സഭയിൽ നിലനിർത്താമെന്നു പുരോഹിതർ ചിന്തിക്കുന്നതായി കുറ്റപ്പെടുത്തുന്നു.[6]
സഭയുടെ അധികാരസംവിധാനങ്ങളിൽ സാധാരണവിശ്വാസികൾക്കു കൂടുതൽ പങ്കു കിട്ടും വിധമുള്ള സമൂലപരിവർത്തനത്തിനു വേണ്ടി വാദിക്കുന്ന പുലിക്കുന്നേൽ, 'ഓശാന' എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമാണ്. സഭാനേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖ്യമാധ്യമമാണ് ഈ പത്രിക. സഭയുടെ സംഘടനയിലും, സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിലും, ദൈവശാസ്ത്രത്തിന്റെ വിശകലന-നിഗമനങ്ങളിലും, "സുവിശേഷഗന്ധിയായ പരിവർത്തനവും നവീകരണവും" ആണ് ഈ പ്രസിദ്ധീകരണം ലക്ഷ്യം വയ്ക്കുന്നതെന്ന് 'ഓശാന' മാസികയുടെ ആദ്യലക്കത്തിൽ ചേർത്ത മുഖപ്രസംഗത്തിൽ പുലിക്കുന്നേൽ വ്യക്തമാക്കി[7]
1983-ൽ മലയാളഭാഷയിൽ ഒരു സമ്പൂർണ്ണ 'എക്യൂമെനിക്കൽ' ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് ഇദ്ദേഹം മുൻകൈയ്യെടുത്തു. ആ സംരംഭത്തിന്റെ ഓർഗനൈസിങ്ങ് എഡിറ്ററായിരുന്നു പുലിക്കുന്നേൽ.[8]
ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ചില സന്നദ്ധസംഘടനകളിൽ വിദേശസഹായത്തിന്റെ വൻ തോതിലുള്ള തിരിമറി നടന്നതായി ആരോപണമുണ്ട്. ഇതേക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു എന്ന അവകാശവാദം 2012-ൽ വാർത്തയായിരുന്നു. ഈ സ്ഥാപനങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ പോലും നടന്നതായി ആരോപിക്കുന്ന സുപ്രീം കോടതി അഭിഭാഷകൻ വിൻസെന്റ് പാനിക്കുളങ്ങര, കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.