From Wikipedia, the free encyclopedia
ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ഇംഗ്ലീഷിൽ ബയോളജി (Biology) എന്നറിയപ്പെടുന്നു. ജീവികളുടെ ഘടന, ധർമ്മം, വളർച്ച, ഉത്ഭവം, പരിണാമം, വർഗീകരണം തുടങ്ങിയ കാര്യങ്ങൾ ജീവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു. വിവിധ ഉപവർഗ്ഗങ്ങളും വിഷയങ്ങളും അടങ്ങുന്ന ഒരു ബൃഹദ്ശാഖയാണ് ജീവശാസ്ത്രം. ഏറ്റവും സൂക്ഷ്മജീവി മുതൽ തിമിംഗിലങ്ങൾ വരെയുള്ള എല്ലാ ജന്തുക്കളിലും സെക്വയ വരെയുള്ള സസ്യങ്ങളിലും ജീവന്റെ തുടിപ്പുകൾ ഏകദേശം ഒരേ പ്രകാരത്തിൽ കാണപ്പെടുന്നു. ഈ ജൈവഅടിസ്ഥാനം അവ പ്രകടിപ്പിക്കുന്നത് നിരന്തരമായി ജീവകോശങ്ങളിൽ നടക്കുന്ന ഉപാപചയപ്രവർത്തനങ്ങളിലൂടെയാണ്. അതിനാൽ ജീവന്റെ അടയാളമായി ഉപാപചയപ്രവർത്തനങ്ങളെ കണക്കാക്കുന്നുണ്ട്. ഇത്തരം അടിസ്ഥാനസ്വഭാവവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെ ജീവികൾ കാലത്തിനും സ്ഥലത്തിനും അനുകൂലനപ്പെട്ട് പരിണമിക്കുകയും നിലനിൽക്കുകയും നശിക്കുകയും ചെയ്യുന്നു. ഉൽപ്പരിവർത്തനം പോലെയുള്ള ക്രോമസോം-ജീൻ ആകസ്മികവ്യതിയാനങ്ങൾ, ഒറ്റപ്പെടൽ എന്നിവ വഴി പുതിയ ഉപവർഗ്ഗങ്ങൾ രൂപപ്പെടുന്നു.
ഓരോ ജീവിയും പരസ്പരാശ്രയത്തിലൂടെയും പരിസ്ഥിതിയോട് സമരസപ്പെട്ടും ജീവിക്കുന്നു. ചില ജീവിവർഗ്ഗങ്ങൾ മറ്റുള്ളവയ്ക്കുമേൽ ആത്യന്തികമായി അധീശത്വം നേടുന്നതുവഴി ചിലയിനങ്ങളുടെ വംശനാശവും ആവാസവ്യവസ്ഥയുടെ ശോഷണവും നടക്കുന്നു. ആധീശത്വത്തിലൂടെ ജീവന്റെ നിയന്താവായി മനുഷ്യൻ മാറുന്നു. എങ്കിലും മഹാമാരികൾക്കുമുൻപിൽ അവൻ നിരായുധനാകുന്നു. ഇങ്ങനെ ആദിമകോശത്തിൽ നിന്ന് ഇന്നത്തെ ജൈവസമ്പന്നത രൂപപ്പെട്ടതും ഈ പ്രക്രിയയിൽ അനിവാര്യമായി കാണപ്പെട്ട ജീവധർമ്മങ്ങളും അവയുടെ പാരമ്പര്യകൈമാറ്റവും പഠിക്കുന്ന അതിബൃഹത്തായ ശാസ്ത്രശാഖയാണ് ജീവശാസ്ത്രം.
ജീവൻ എന്നർഥമുള്ള ബയോസ് എന്ന ഗ്രീക്ക് പദവും പഠനം എന്നർഥമുള്ള ലോഗോസ് എന്ന ഗ്രീക്ക് പദവും ചേർന്നാണ് ബയോളജി എന്ന പദം ഉണ്ടായിരിക്കുന്നത്.
ബയോ(βίος) ലോജിയ(-λογία) എന്നീ ഗ്രീക്കു പദങ്ങൾ ചേർന്നാണു ബയോളജി എന്ന പദം ഉണ്ടായത്. മലയാളത്തിൽ ജീവശാസ്ത്രം എന്നാണീ പദം വിഅർത്തനം ചെയ്തിരിക്കുന്നത്. 1736 ൽ ലിന്നയുസ് തന്റെ ബിബ്ലിയോതെക്ക ബൊട്ടാണിക്ക എന്ന കൃതിയിൽ ഈ പദത്തിന്റെ ലാറ്റിൻ രൂപമായ ബയൊലോജി എന്ന് ആദ്യമായി ഉപയോഗിച്ചതായി കാണുന്നു. മിഷേൽ ക്രിസ്റ്റോഫ് ഹാനോവ് ഈ പദം വീണ്ടും തന്റെ കൃതിയായ ഫിലൊസൊഫിയേ നച്ചുറാലിസ് സൈവി ഫിസിക്കെ യിൽ ഉപയോഗിച്ചു. ജെർമനിയിൽ ഈ പദം 1771ലാണുപയോഗിക്കാൻ തുടങ്ങിയത്. മനുഷ്യന്റെ ശാരീർശസ്ത്ര പഠനത്തിലും മട്ടും ഈ പദം 1800ൽ കാൾ ഫെദെരിക്ക് ബർദാഷ് ആണുപയോഗിച്ചത്. എന്നാൽ ഈ പദത്തെ ആധുനികമായി ഇന്നത്തെ അർത്ഥത്തിൽ ഉപയൊഗിക്കാൻ തുടങ്ങിയതു ഗൊട്ട്ഫ്രയിഡ് റെയിൻഹോൾഡ് ട്രെവിറനസ് ആയിരുന്നു.[1]
ആധുനിക ജീവശാസ്ത്രം താരതമ്യേന അടുത്തകാലത്തുണ്ടായ ശാസ്ത്രശാഖയാണ്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രശാഖകൾ പ്രാചീനകാലം തൊട്ടേ പഠിച്ചുവന്നിരുന്നു. പുരാതന സംസ്ക്കാരങ്ങളായ മെസപ്പൊട്ടാമിയ, ഈജിപ്ത്, ഇന്ത്യൻ ഉപദ്വീപ്, ചൈന എന്നിവിടങ്ങളിൽ പ്രകൃതിതത്വശാസ്ത്രം പഠിച്ചുവന്നിരുന്നു. എന്നിരുന്നാലും, ആധുനിക ജീവശാസ്ത്രത്തിന്റെ ഉദ്ഭവവും അതിന്റെ പ്രകൃതിപഠനത്തോടുള്ള സമീപനവും പ്രാചീന ഗ്രീസിൽ വരെയുണ്ടായിരുന്നതായി കാണാം. ഹിപ്പോക്രാറ്റസിന്റെ (ca. 460 BC – ca. 370 BC) കാലത്തുള്ള മരുന്നുകളെപ്പറ്റിയുള്ള പഠനം ഔപചാരികമായിരുന്നു. അരിസ്റ്റോട്ടിൽ (384 BC – 322 BC) ആയിരുന്നു ആധുനിക ജീവശാസ്ത്രത്തിന്റെ വികാസത്തിനു കനത്ത സംഭാവന നൽകിയത്. അദ്ദേഹത്തിന്റെ ജന്തുക്കളുടെ ചരിത്രം (History of Animals) തുടങ്ങിയ ഗ്രന്ഥങ്ങളിൽ അദ്ദേഹം പ്രകൃതിയോടുള്ള തന്റെ ചായ്വു പ്രകടമാക്കുകയും തുടർന്ന് കൂടുതൽ പ്രായോഗികമായ കാഴ്ച്ചപ്പാടുള്ള ജീവശാസ്ത്ര കാരണവും ജീവന്റെ വൈവിധ്യവും വെളിവാക്കുന്ന കൂടുതൽ രചനകൾ നടത്തുകയും ചെയ്തു. ലൈസിയത്തിലെ അരിസ്റ്റോട്ടിലിന്റെ പിൻ ഗാമിയായ തിയോഫ്രാസ്റ്റസ് സസ്യശാസ്ത്രത്തെക്കുറിച്ച് ഒരു പുസ്തക പരമ്പര തന്നെ എഴുതിയിട്ടുണ്ട്. മധ്യകാലഘട്ടത്തിൽ പോലും ഈ പുസ്തകങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരുന്നില്ല. [2] മധ്യകാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതരായിരുന്ന അൽ-ജാഹിസ്(781–869), അൽ-ദിനാവരി (828–896) എന്നിവർ ജീവശാസ്ത്രത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ജീവശാസ്ത്രം പെട്ടെന്നു വളരാനും വികസിക്കാനും തുടങ്ങിയത് അന്റോൺ വാൻ ല്യൂവെൻഹോക്കിന്റെ സൂക്ഷ്മദർശിനിയുടെ പരിഷ്കരണത്തോടെയാണ്. ഇതിൽപ്പിന്നീടയിരുന്നു, പണ്ഡിതന്മാർ സൂക്ഷ്മജീവികളേയും ബാക്ടീരിയകളേയും സൂക്ഷ്മജലജീവികളേയും കണ്ടെത്തി സൂക്ഷ്മജീവജാലവൈവിധ്യത്തെപ്പറ്റി മനസ്സിലാക്കിയത്. ജാൻ സ്വമ്മെർദാമിന്റെ സൂക്ഷ്മപരിശോധന കീടശാസ്ത്രത്തിൽ പുതിയ താത്പര്യമുണ്ടാക്കി. ഇത് സൂക്ഷ്മ ശസ്ത്രക്രിയയ്ക്കും( dissection) നിറംകോടുക്കുന്ന വിദ്യയ്ക്കും(staining) അടിസ്ഥാനമുണ്ടാക്കി. സൂക്ഷ്മദർശിനിയുടെ മേഖലയിൽ ഉണ്ടായ പുരോഗതി ജീവശാസ്ത്രചിന്തയിൽ ആഴത്തിലുള്ള മാറ്റമാണുണ്ടാക്കിയത്. 19 ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ, കോശത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒട്ടനവധി ജീവശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട്, 1838ൽ ഷ്ലീഡനും ഷ്വാനും ഇന്നത്തെ പൊതുധാരണകളായ 1. ജീവികളുടെ അടിസ്ഥാനഘടകം കോശമാണ് 2. ഘടകകോശങ്ങൾക്കോരോന്നിനും ജീവന്റെ എല്ലാ സ്വഭാവങ്ങളും കാണും എന്നിവ ഉറപ്പിച്ചു. പക്ഷെ അവർ 3. മറ്റു കോശങ്ങൾ വിഭജിച്ചാണു എല്ലാ കോശങ്ങളും ഉണ്ടാകുന്നത് എന്ന വസ്തുതയോടു യോജിച്ചില്ല. റോബർട്ട് റിമാക്ക്, റുഡോൾഫ് വിർചൗ എന്നിവരാണ് മറ്റു കോശങ്ങൾ വിഭജിച്ചാണു എല്ലാ കോശങ്ങളും ഉണ്ടാകുന്നത് എന്നതു സ്ഥിരീകരിച്ചത്. അങ്ങനെ, 1860കളോടെ ഈ മൂന്നു അടിസ്ഥാനതത്വങ്ങളും അംഗീകരിച്ചു. ഇവയെ ചേർത്താണു കോശസിദ്ധാന്തം എന്നു പറയുന്നത്. Jan Sapp ഇതിനിടയിൽ, പ്രകൃതിചരിത്രകാരന്മാരുടെ ചിന്ത കേന്ദ്രീകരിച്ചത് വർഗ്ഗീകരണശാസ്ത്രത്തിലായിരുന്നു.
ജീവശാസ്ത്രകാരന്മാരെ സസ്യശാസ്ത്രജ്ഞരെന്നും ജന്തുശാസ്ത്രജ്ഞരെന്നും തിരിച്ചിരിക്കുന്നു. സസ്യശാസ്ത്രജ്ഞർ
താഴെപ്പറയുന്നവയാണു പ്രധാന ജീവശാസ്ത്രശാഖകൾ[3] [4]
അഗ്രോസ്റ്റോളജി, എത്ത്നോബോട്ടണി, പാലിയോബോട്ടണി, പാലിനോളജി, ഫൈറ്റോസോഷ്യോളജി , പോമോളജി , ഫൈറ്റോസോഷ്യോളജി , പാലിയോഎത്ത്നോബോട്ടണി.
ജന്തുക്കളുടെ വർഗ്ഗീകരണം, ശരീരധർമശാസ്ത്രം, വളർച്ച, പരിണാമം, സ്വഭാവസവിശേഷതകൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനം.
ബാക്ടീരിയോളജി, വൈറോളജി, മൈക്കോളജി.
ആധുനിക ജീവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടവയെന്ന് പറയാവുന്നത് അഞ്ച് ഏകീകരിക്കപ്പെട്ട മൗലിക പ്രത്യക്ഷപ്രമാണങ്ങളാണ്.
റഷ്യൻ ജൈവരസതന്ത്രജ്ഞനായിരുന്ന അലക്സാണ്ടർ ഐ. ഒപ്പാരിൻ ജീവന്റെ ഉൽപത്തി എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ജീവന് രാസപരിണാമപിതൃത്വം കൽപിച്ച ഇദ്ദേഹവും 1957 ജൂലൈയിൽ ഇന്ത്യയിലെത്തി പൗരത്വമെടുത്ത മാർക്സിയൻ ജീവശാസ്ത്രകാരനായ ജെ.ബി.എസ്. ഹാൽഡേനും [5] സ്വതന്ത്രമായി രൂപം നൽകിയ ജീവന്റെ രാസപരിണാമസിദ്ധാന്തത്തെ ഇങ്ങനെ പ്രസ്താവിക്കാം.
ജീവികളെ കണ്ടെത്തുകയും ശാസ്ത്രീയമായി തരംതിരിക്കുകയും ലോകമെമ്പാടും അംഗീകരിക്കത്തക്ക തരത്തിൽ പേരുനൽകുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് ടാക്സോണമി, ബയോളജിക്കൽ ടാക്സോണമി അഥവാ ജെവവർഗ്ഗീകരണശാസ്ത്രം. ജീവാലങ്ങളെ വ്യത്യസ്ത 'ടാക്സ' കളിൽ ഉൾപ്പെടുത്തുകയാണ് ടാക്സോണമിയിൽ ചെയ്യുന്നത്. സ്വീഡിഷ് ജീവശാസ്ത്രകാരനായിരുന്ന കാൾ ലിന്നേയസിന്റെ വർഗ്ഗീകരണരീതിയാണ് ലോകമെമ്പാടും ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. സ്പീഷീസ് മുതൽ ഡൊമെയ്ൻ വരെയുള്ള എട്ടോളം ടാക്സകളിലാണ് ഇതനുസരിച്ച് ജീവജാലങ്ങളെ ഉൾപെടുത്തുന്നത്. സാദൃശ്യത്തിന്റെ അടിസഥാനത്തിൽ ജീവജാലങ്ങളെ ഉയർന്ന തലത്തിലേയ്ക്കും വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ താഴ്ന്ന ടാക്സകളിലേയ്ക്കും ഉൾപ്പെടുത്തുകവഴി ജീവജാലങ്ങൾ തമ്മിലുള്ള പരിണാമപരമായ ബന്ധവും വൈവിധ്യവും തിരിച്ചറിയാൽ സഹായിക്കുന്നു.[6]
വിവിധ ശാസ്ത്രകാരൻമാർ ടാക്സോണമിയിൽ വൈവിധ്യപൂർണ്ണമായ ടാക്സകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി വർഗ്ഗീകരണശാസ്ത്രത്തിൽ ഉപയോഗിക്കുന്ന വിവിധടാക്സകളെ ഇങ്ങനെ തരംതിരിക്കാം.
വർഗ്ഗീകരണശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനവിഭാഗമാണിത്. പരസ്പര പ്രത്യുൽപ്പാദനത്തിലൂടെ പ്രത്യുൽപ്പാദനക്ഷമമായ പുതിയ തലമുറയെ ഉത്പാദിപ്പിക്കാൻ കഴിയുന്ന, ശരീരപ്രത്യേകതകളിൽ മികച്ച സാദൃശ്യമുള്ള ജീവികളെ ഒരു സ്പീഷീസിൽ ഉൾക്കൊള്ളിക്കുന്നു. പ്രാദേശികസാഹചര്യങ്ങൾക്കനുസരിച്ചുള്ള അനുകൂലനങ്ങൾ സൃഷ്ടിക്കുന്ന വ്യതിയാനങ്ങളെ അടിസ്ഥാനപ്പെടുത്തി സ്പീഷീസിനെ ജന്തുശാസ്ത്രത്തിൽ സബ് സ്പീഷീസെന്നും സസ്യശാസ്ത്രത്തിൽ വെറൈറ്റി, സബ്വെറൈറ്റി, ഫോർമേ എന്നിങ്ങനെ ഉപവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. സ്പീഷീസ് ആയി പരിഗണിക്കപ്പെടുന്നവയ്ക്ക് രണ്ടുപദങ്ങൾ ഉൾക്കൊള്ളുന്ന ശാസ്ത്രീയനാമം നൽകുന്നു. ആദ്യപദം ജീനസ് നാമവും രണ്ടാം പദം സ്പീഷീഷ് നാമവുമാണ്. ദ്വിനാമപദ്ധതി എന്നറിയപ്പടുന്ന ഈ നാമകരണപദ്ധതി കാൾ ലിനേയസ് ആവിഷ്കരിച്ചതാണ്. സ്പീഷീസ് നാമത്തിന്റെ ആദ്യക്ഷരം ഇംഗ്ലീഷ് ചെറിയ അക്ഷരത്തിലാണെഴുതുന്നത്. ഇതനുസരിച്ച് മനുഷ്യന്റെ ശാസ്ത്രീയനാമം ഹോമോ സാപിയൻസ് എന്നാണ്. ഒരു സ്പീഷീസ് വളരെ വിപുലമാണെങ്കിൽ അതിനെ സബ്സ്പീഷീസുകളായി യ്ഹിരിക്കാവുന്നതാണു. ഇങ്ങനെ വരുമ്പോൾ അവയ്ക് നാമകരണം നടത്താൻ ത്രിനാമകരണം ഉപയോഗിക്കുന്നു.
സാദൃശ്യമുള്ള ഒന്നോ അതിലധികമോ സ്പീഷീസുകൾ ചേർന്നാണ് ജീനസ്സുകൾ രൂപ്പെടുന്നത്. ജനേറിക് നെയിം, ജനേറിക് എപ്പിതെറ്റ് എന്നിങ്ങനെ ജീനസ് നാമത്തെ വിവക്ഷിക്കുന്നു. ജീനസ് നാമത്തിന്റെ ആദ്യ അക്ഷരം എപ്പോഴും ഇംഗ്ളീഷ് വലിയ അക്ഷരമായിരിക്കും. ഒരു ജീനസ്സിൽ ഒന്നോ അതിലധികമോ വിവിധരീതികളിൽ സാദൃശ്യമുള്ള സ്പീഷീസുകൾ ഉൾക്കൊണ്ടിരിക്കാം. ഇതനുസരിച്ച് മനുഷ്യന്റെ ജനേറിക് നാമം ഹോമോ എന്നാണ്.
പരസ്പരബന്ധമുള്ള ജീനസ്സുകൾ ഉൾക്കൊള്ളുന്ന വിഭാഗമാണിത്. ഉദാഹരണമായി സിംഹം, കടുവ, പുള്ളിപ്പുലി എന്നിവയെ മുഴുവൻ ഉൾക്കൊള്ളുന്ന ഫാമിലിയാണ് ഫെലിഡേ.
പരസ്പരബന്ധമുള്ള ഫാമിലികൾ ഉൾക്കൊള്ളുന്ന വർഗ്ഗീകരണതലമാണിത്. ഇതിനുതൊട്ടുമുകളിൽ മാഗ്നോർഡർ, സൂപ്പർ ഓർഡർ, ഗ്രാൻഡ് ഓർഡർ, മിർ ഓർഡർ എന്നും തൊട്ടുതാഴെയായി സബ്ഓർഡർ, ഇൻഫ്രാഓർഡർ, പാർവോർഡർ എന്നുമുള്ള വിഭാഗങ്ങൾ ലനിൽക്കുന്നുണ്ട്. സസ്യശാസ്ത്രത്തിൽ കൊഹോർട്ടുൾ എന്ന് ഇവ അറിയപ്പെട്ടിരുന്നു. ജന്തുശാസ്ത്രത്തിൽ സുവ്യക്തമായി ഈ വർഗ്ഗീകരണതലം നിലനിൽക്കുന്നു. ഉദാഹരണമായി ലെപ്പിഡോപ്റ്റീറ എന്ന ഓർഡറിൽ നിശാശലഭങ്ങളും ചിത്രശലഭങ്ങളും ഉണ്ട്.
ഓർഡറിനും മുകളിലുള്ള വർഗ്ഗീകരണതലമാണിത്. പരസ്പരബന്ധമുള്ള നിരവധി ഓർഡറുകൾ ഉൾക്കൊള്ളുന്നതാണിത്. കാർണിവോറ എന്ന ഓർഡറിൽ വരുന്ന സിംഹവും പൂച്ചയും മമേലിയ എന്ന ക്ലാസ്സിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ക്ലാസ്സിന് തൊട്ടുമുകളിൽ സൂപ്പർക്ലാസ്സും താഴെയായി സബ്ക്ലാസ്സ്, ഇൻഫ്രാക്ലാസ്സ്, പാർവ് ക്ലാസ്സ് എന്നിങ്ങനെയും വിഭജനമുണ്ട്.
കിംങ്ഡത്തിനു തൊട്ടുതാഴെയുള്ള വർഗ്ഗീകരണതലമാണിത്. സസ്യശാസ്ത്രത്തിൽ ഡിവിഷൻ എന്ന് ഇതിനെ സൂചിപ്പിക്കുന്നു. ആനിമൽ കിംങ്ഡത്തിൽ ഏകദേശം 35 ഫൈലങ്ങളും പ്ലാന്റ് കിങ്ഡത്തിൽ ഏകദേശം 12ഡിവിഷനുകളുമുണ്ട്. ഫംഗസ്, ബാക്ടീരിയ ഇവയെയും സുവ്യക്തമായ ഫൈലങ്ങളിൽ ഉൾച്ചേർത്തിട്ടുണ്ട്..
വർഗ്ഗീകരണശാസ്ത്രത്തിലെ ഏറ്റവും ഉയർന്ന തലമായി ഇപ്പോഴും ഇത് പരിഗണിക്കപ്പെടുന്നു. ത്രീ ഡോമെയ്ൻ സിസ്റ്റത്തിൽ ഡൊമെയ്നുതാഴെയായി കിങ്ഡം വരുന്നു. കാൾ ലിനേയസ് വിഭാവനം ചെയ്ത ദ്വികിംങ്ഡം വർഗ്ഗീകരണം, ആന്റോൺ വാൻ ല്യൂവൻ ഹോക്ക് ആവിഷ്കരിച്ച ത്രികിങ്ഡം വർഗ്ഗീകരണം, ഹെർബേർട്ട് കോപ്പ്ലാൻഡിന്റെ ഫോർ കിംങ്ഡം വർഗ്ഗീകരണം, റോബർട്ട് എച്ച്. വിറ്റാകറുടെ ഫൈവ് കിംങ്ഡം വർഗ്ഗീകരണം, കാൾ വൂയിസിന്റേയും കവലിയാർ സ്മിത്തിന്റെയും വ്യത്യസ്ത സിക്സ് കിംങ്ഡം വർഗ്ഗീകരണം എന്നിങ്ങനെ കിംങ്ഡത്തിൽ അവ്യവസ്ഥിതി നിലനിൽക്കുകയാണ്. ഫൈവ്കിങ്ഡം വർഗീകരണമാണു ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മൊണിറ, പ്രോട്ടിസ്റ്റ, ഫഞ്ജൈ, പ്ലാന്റെ, അനിമേലിയ എന്നിവയാണു അഞ്ച് കിങ്ഡം.
സസ്യങ്ങളിലെ ആഹാരനിർമ്മാണരീതിയാണു പ്രകാശസംശ്ലേഷണം. ഇലകളിൽ വച്ച് ഹരിതകത്തിന്റെ സാന്നിദ്ധ്യത്തിൽ സൂര്യപ്രകാശത്തിന്റെ സഹായത്തോടെയാണു ഈ പ്രക്രിയ നടക്കുന്നത്.
കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്നും ഇലകളിൽ എത്തുന്നു.ആസ്യരന്ധ്രങ്ങൾ(stomata )എന്ന ചെറു സുഷിരങ്ങൾ വഴിയാണ് കാർബൺ ഡയോക്സൈഡ് ഇലകളുടെ കോശങ്ങളിൽ എത്തുന്നത്.വേരുകൽ വഴി എത്തുന്ന ജലം ഇലകളിലെ കോശങ്ങളിൽ നിറയുന്നു.ഇതോടെ ആസ്യരന്ധ്രങ്ങൾക്കിരു പുറവുമുള്ള കാവൽ കോശങ്ങൾ വീർക്കുകയും പുറത്തേക്കു വളയുകയും ചെയ്യുന്നു.ഇതോടെ ആസ്യരന്ധ്രങ്ങൾ വലുതാവുന്നു.ഇതിലൂടെ,ജലതന്മാത്രകൾ പുറത്തേക്കു രക്ഷപ്പെടുന്നു.ഇലകളിലേയ്ക്കു കൂടുതൽ ജലം വേരു വഴി എത്തുന്നു.ഇത് ഒരു തുടർ പ്രവർത്തനമായി മാറുന്നു.ഇങ്ങനെ ഇലകളിൽ എത്തുന്ന ജലം വിഘടിക്കുകയും അതിലെ ഹൈഡ്രജൻ പ്രകാശസംശ്ലേഷണപ്രക്രിയയിൽ ഉപയോഗിക്കുകയും ഉണ്ടാകുന്ന അന്നജത്തിന്റെ ഘടകമാകുകയും ചെയ്യുന്നു.ഓക്സിജനാകട്ടെ,ആസ്യരന്ധ്രം വഴി പുറത്തു പോവുകയും ചെയ്യുന്നു.ഈ ഒക്സിജനാണ് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു നിലനിർത്താൻ സഹായിക്കുന്നതു.ഈ ഓക്സിജൻ ജന്തുക്കൾ ശ്വസിക്കുകയോ വസ്തുക്കൾ കത്തുമ്പോൾ ഉപയോഗിക്കുകയോ ചെയ്യുന്നു.ശ്വസന ശേഷം ഇതു കാർബൺ ഡയോക്സൈഡ് ആകാൻ കാരണമാകുന്നു.ഈ കാർബൺ ഡയോക്സൈഡ് തിരികെ സസ്യങ്ങൾ വലിച്ചെടുത്ത് ആഹാരം നിർമ്മിക്കുന്നു.
പ്രകാശ സംശ്ലേഷണത്തിനു രണ്ട് ഘട്ടങ്ങൾ ഉണ്ട്. 1 പ്രകാശം ആവശ്യമായ ഘട്ടം, 2 പ്രകാശം ആവശ്യമില്ലാത്ത ഘട്ടം .
ഹരിത കണത്തിലെ ഗ്രാനയിലാണ് പ്രകാശഘട്ടം നടക്കുന്നത്.ഈ ഘട്ടത്തിന് പ്രകാശം ആവശ്യമാണ്.പ്രകാശ ഘട്ടത്തിൽ രണ്ട് പ്രധാന പ്രവർത്തനങ്ങളുണ്ട്.പ്രകാശോർജ്ജത്തെ,അഡിനോസിൻ ട്രൈഫോസ്ഫേറ്റ്(Adinosine Tri phosphate) എന്ന തന്മാത്രയിലുള്ള രാസോർജ്ജമാക്കി മാറ്റുന്നതു ഈ ഘട്ടത്തിലാണ്.ഈ ഘട്ടത്തിൽ തന്നെ പ്രകാശോർജ്ജം ഉപയോഗിച്ച് ജലത്തെ ഹൈഡ്രജനും ഓക്സിജനുമാായി വിഘടിപ്പിക്കുന്നു.ഹൈഡ്രജനും ഏ. റ്റി. പി (A.T.P) യും അടുത്ത ഘട്ടമായ ഇരുണ്ട ഘട്ടത്തിൽ അന്നജനിർമ്മാണത്തിനായി ഉപയോഗിക്കുന്നു.ഓക്സിജൻ സ്വതന്ത്രമാക്കപ്പെടുന്നു.
ഹരിത കണത്തിലെ സ്ട്രോമയിലാണ് ഇരുണ്ട ഘട്ടം നടക്കുന്നത്.ഈ ഘട്ടത്തിലെ രാസപ്രവർത്തങ്ങൾക്ക് പ്രകാശം ആവശ്യമില്ല.പ്രകാശഘട്ടത്തിൽ ജലതന്മാത്രകൾ വിഘടിക്കുമ്പോൾ വേർതിരിയുന്ന ഹൈഡ്രജൻ ആറ്റങ്ങളെ കർബൺ ഡയോക്സൈഡിലെ കാർബൺ ആറ്റങ്ങളുമായി ചേർത്താണ് ഇരുണ്ട ഘട്ടത്തിൽ സസ്യങ്ങൾ ഗ്ലൂക്കോസ്(Glucose) നിർമ്മിക്കുന്നു.ഈ ഗ്ലൂക്കോസ് ജലത്തിൽ വളരെ വെഗം ലയിക്കുന്നതുനാൽ സസ്യശരീരത്തിൽ സംഭരിച്ചു വയ്ക്കാൻ പറ്റില്ല.അതിനാൽ,സസ്യങ്ങൾ ഗ്ലൂക്കോസിനെ അന്നജ(Starch) രൂപത്തിൽ കലകളിൽ സംഭരിച്ചു വയ്ക്കുന്നു.
സസ്യങ്ങളെപ്പോലെ തന്നെ സ്വപോഷികളായ ബാക്റ്റീരിയാകളുമുണ്ട്.അവയിൽ ഹരിതകത്തിനു സമാനമായ വർണ്ണവസ്തുവുണ്ട്.ബാൿറ്റീരിയാ ഹരിതകം(Bacteria chlorophyll) എന്ന പേരിൽ ഇത് അറിയപ്പെടുന്നു.പ്രകാശത്തിലെ ഇൻഫ്രാ റെഡ് കിരണങ്ങളെയാണിവ ആഹാര നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്.
ഊർജ്ജോത്പാദനത്തിനായി ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ പൊതുവായി പറയുന്ന പേരാണ് ശ്വസനം.ശ്വസനം വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്.ശ്വസന പ്രക്രിയയ്ക്ക് രണ്ട് ഘട്ടങ്ങളുണ്ട്.ആദ്യ ഘട്ടമാണ് ശ്വാസോച്ഛ്വാസം.ഉച്ഛ്വാസവും നിശ്വാസവും ചേർന്നതാണ് ശ്വാസോച്ഛ്വാസം.അടുത്ത ഘട്ടമാണു കോശശ്വസനം.കോശങ്ങളിൽ നടക്കുന്ന ഊർജ്ജോൽപ്പാദനമാണു കോശശ്വസനം.
ശ്വസന വ്യവസ്ഥ നാസാരന്ധ്രം (nasal pores) മുതൽ ശ്വാസകോശം (lungs)വരെ വ്യാപിച്ചു കിടക്കുന്നു. നാസാരന്ധ്രങ്ങളെ തുടർന്ന് നാസാഗഹ്വരം( ) കാണപ്പെടുന്നു. നാസാഗഹ്വരം ഗ്രസനി(pharynx)യിലേക്കു തുറക്കുന്നു. ഗ്രസനിയിൽ നിന്ന് അന്നനാള(oesophagus)വും,ശ്വാസനാള( )വും ആരംഭിക്കുന്നു, ശ്വാസനാളത്തിൽ സ്ഥിതി ചെയ്യുന്ന സ്വന പേടകത്തിനു(larynx) മുകളിലായി ക്ലോമപിധാനം (epiglottis)കാണപ്പെടുന്നു.ശ്വാസനാളം ശ്വസനികളെന്ന രണ്ടു ശാഖകളായി പിരിയുന്നു.ഇവ ഔരസാശയത്തിനുള്ളിൽ ഇരുവശത്തായി കാണപ്പെടുന്ന ശ്വാസകോശങ്ങളിലേയ്ക്കു പ്രവേശിക്കുന്നു.ശ്വസനികൾ(bronchi) വീണ്ടും ശാഖോപശാഖകളായി പിരിയുന്നു.ഇവ ശ്വസനികകൾ (bronchioles)എന്നറിയപ്പെടുന്നു.ഓരോ ശ്വസനികയും ഒരു കൂട്ടം വായുഅറക(alveoli)ളിലേയ്ക്കാണു പ്രവേശിക്കുന്നതു.ശ്വാസകോശം മുഴുവൻ ഇത്തരത്തിലുള്ള വായു അറകളാണുള്ളത്.വായു അറകളുടെ ഉപരിതലത്തിൽ ധാരാളം രക്ത ലോമികകൾ കാണപ്പെടുന്നു.വായു അറകൾ ശ്വാസകോശത്തിന്റെ പ്രതലവിസ്തീർണ്ണം വർധിപ്പിക്കുന്നതിനാൽ വാതകവിനിമയത്തിന്റെ നിരക്കു കൂടുന്നു.
അഹാരം അന്നപഥത്തിലൂടെ കടന്നു പോകുകയും അന്നപഥത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ വച്ച് വിഘടിച്ച് ലഘു ഘടകങ്ങളായി മാറുന്ന പ്രക്രിയയാണ് ദഹനം.ദഹനം രണ്ടു വിധമുണ്ട്,യാന്ത്രികദഹനവും രാസിക ദഹനവും.
ആഹാരം ചവച്ചരക്കുക ആമാശയത്തിൽ വച്ച് ആമാശയഭിത്തികളാൽ മർദ്ദിക്കപ്പെടുക ഇവ യാന്ത്രിക ദഹനമാണ്.ഇതുമൂലം ആഹാരം ചെറിയ തരികളാവുന്നു.ചുറ്റുപാടുമുള്ള ദഹനരസങ്ങളുമായി കലർന്ന് കുഴമ്പുപരുവത്തിലാകുന്നു.
ദഹനരസങ്ങളിലെ എൻസൈമുകളാണു അഹാരത്തിലെ സങ്കീർണ്ണമായ പോഷകഘടകങ്ങളെ ലഘു ഘടകങ്ങളാക്കി ആഗിരണം ചെയ്യാൻ സഹായിക്കുന്നതു.ഈ പ്രക്രിയയെ ആണ് രാസികദഹനം എന്നു പറയുന്നതു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.