പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാം ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബാണ് ചെൽസി ഫുട്ബോൾ ക്ലബ്ബ്. 1905-ൽ സ്ഥാപിതമായ ഈ ക്ലബ്ബ് പ്രീമിയർ ലീഗിലാണ് കളിക്കുന്നത്. ക്ലബ്ബ് അതിന്റെ ചരിത്രത്തിലെ ഒട്ടുമിക്ക സമയങ്ങളിലും ഇംഗ്ലീഷ് ഫുട്ബോളിന്റെ മുകൾ നിലയിലാണ് നിലനിന്നത്. ക്ലബ്ബിന്റെ രൂപീകരണം മുതൽ, 41,837 സീറ്റുകളുള്ള[2] സ്റ്റാംഫോർഡ് ബ്രിഡ്ജ് മൈതാനമാണ് അവരുടെ ഹോം ഗ്രൗണ്ട്.

വസ്തുതകൾ പൂർണ്ണനാമം, വിളിപ്പേരുകൾ ...
ചെൽസി
Thumb
പൂർണ്ണനാമംചെൽസി ഫുട്ബോൾ ക്ലബ്ബ്
വിളിപ്പേരുകൾദ പെൻഷണേഴ്സ് (1952 വരെ),
ദ ബ്ലൂസ് (ഇപ്പോൾ)
സ്ഥാപിതം10 മാർച്ച് 1905; 119 വർഷങ്ങൾക്ക് മുമ്പ് (1905-03-10)[1]
മൈതാനംസ്റ്റാംഫോർഡ് ബ്രിഡ്ജ്,
ഫുൾഹാം, ലണ്ടൻ
(കാണികൾ: 41,837[2])
ഉടമറോമൻ അബ്രാമോവിച്ച്
ചെയർമാൻബ്രൂസ് ബക്ക്
മാനേജർഅന്റോണിയോ കൊണ്ടേ
ലീഗ്പ്രീമിയർ ലീഗ്
2018-19പ്രീമിയർ ലീഗ്, 3-ആം സ്ഥാനം
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Thumb
Thumb
 
ഹോം കിറ്റ്
Team colours Team colours Team colours
Thumb
Thumb
 
എവേ കിറ്റ്
Team colours Team colours Team colours
Thumb
Thumb
 
മൂന്നാം കിറ്റ്
Current season
അടയ്ക്കുക

1955 ലീഗ് ചാംപ്പ്യൻഷിപ് വിജയത്തോടെയാണ് ചെൽസിയുടെ പ്രധാന നേട്ടങ്ങൾ ആരംഭിക്കുന്നത്. കൂടാതെ 1960, 1970, 1990, 2000 കാലഘട്ടങ്ങളിൽ മറ്റ് പല നേട്ടങ്ങളും ക്ലബ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ക്ലബ്ബ് മികച്ച വിജയങ്ങൾ രുചിക്കുകയും, 1997 മുതലുള്ള വർഷങ്ങളിൽ പ്രധാനപ്പെട്ട 15 കിരീടങ്ങൾ ചെൽസി നേടുകയും ചെയ്തു.[3] ചെൽസി ഇതുവരെ 4 പ്രീമിയർ ലീഗ് കിരീടങ്ങളും, 7 എഫ്.എ. കപ്പുകളും, 4 ലീഗ് കപ്പുകളും, 4 എഫ്.എ. കമ്മ്യൂണിറ്റി ഷീൽഡുകളും നേടി. യൂറോപ്യൻ മത്സരങ്ങളിൽ 2 തവണ യുവേഫ കപ്പ് വിന്നേഴ്സ് കപ്പും, ഓരോ തവണ വീതം യുവേഫ സൂപ്പർ കപ്പും, യുവേഫ യൂറോപ്പ ലീഗും, യുവേഫ ചാമ്പ്യൻസ് ലീഗും നേടി. യുവേഫ ചാമ്പ്യൻസ് ലീഗ് നേടിയ ഒരേയൊരു ലണ്ടൻ ക്ലബ്ബും ചെൽസിയാണ്.[4] യുവേഫയുടെ ക്ലബ്ബ് മത്സരങ്ങളിലെ പ്രധാന മൂന്ന് കിരീടങ്ങളും നേടിയ നാലു ക്ലബ്ബുകളിൽ ഒന്നും, ആദ്യത്തെ ബ്രിട്ടീഷ് ക്ലബ്ബും, ഒരേതവണ പ്രധാന രണ്ട് യൂറോപ്യൻ കിരീടങ്ങൾ നേടിയ ആദ്യ ക്ലബ്ബും ചെൽസിയാണ്.[5][6] 2009-2010 സീസണിൽ ആദ്യ ഇരട്ടക്കിരീടവും ചെൽസി നേടി.

ചെൽസിയുടെ സാധാരണ കിറ്റ് റോയൽ ബ്ലൂ ഷർട്ടും, ഷോർട്ട്സും വെളുത്ത സോക്സും ആണ്. ക്ലബ്ബിന്റെ പ്രതിച്ഛായ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പലതവണ ചെൽസിയുടെ ക്രെസ്റ്റ് (Crest) പുതുക്കിയിട്ടുണ്ട്. 1950-കളിൽ രൂപകൽപ്പന ചെയ്യപ്പെട്ട ക്രെസ്റ്റിന്റെ പുതിക്കിയ രൂപമായ, ആചാരപൂർവ്വം കയ്യിലൊരു വടിയുമേന്തി ആക്രമണോത്സുകതയോടെ നിൽക്കുന്ന ഒരു സിംഹമാണ് ചെൽസിയുടെ നിലവിലെ ക്രെസ്റ്റ്.[7] കാണികളുടെ സാന്നിധ്യത്തിന്റെ കണക്കിൽ, ഇംഗ്ലീഷ് ഫുട്ബോളിൽ ഏറ്റവുമുയർന്ന അഞ്ചാമത്തെ ശരാശരി ക്ലബ്ബ് നിലനിർത്തിപ്പോരുന്നുണ്ട്.[8] പ്രീമിയർ ലീഗിലെ ഏറ്റവുമുയർന്ന ആറാമത്തെ ശരാശരിയായിരുന്ന 41,462 ആയിരുന്നു 2012-13 സീസണിൽ ചെൽസിയുടെ സ്വന്തം മൈതാനത്തിലെ കാണികളുടെ ശരാശരി.[9] 2003 ജൂലൈ മുതൽ റഷ്യൻ കോടീശ്വരൻ റോമൻ അബ്രാമോവിച്ചിന്റെ ഉടമസ്ഥതയിലാണ് ക്ലബ്ബ്.[10] 2013 ഏപ്രിലിൽ, ക്ലബ്ബിന്റെ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 18% ഉയർന്ന് £588 ദശലക്ഷം ($901 ദശലക്ഷം) ആയതോടെ, ഫോബ്സ് മാസിക ക്ലബ്ബിനെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഏഴാമത്തെ ഫുട്ബോൾ ക്ലബ്ബായി തിരഞ്ഞെടുത്തു.[11][12]

ചരിത്രം

Thumb
ആദ്യത്തെ ചെൽസി ടീം, 1905 സെപ്റ്റംബർ


ഒരു ഫുട്ബോൾ മൈതാനമാക്കുക എന്ന ഉദ്ദേശത്തോടെ, 1904-ൽ സ്റ്റാംഫോർഡ് ബ്രിഡ്ജ് മൈതാനത്തെ ഗസ് മിയേഴ്സ് കരസ്ഥമാക്കി. ആ മൈതാനത്തെ അടുത്തു തന്നെ ഉണ്ടായിരുന്ന ക്ലബ്ബായ ഫുൾഹാമിന് പാട്ടത്തിന് കൊടുക്കാൻ ശ്രമിച്ച് നടക്കാതിരുന്നതിനാൽ, ആ മൈതാനം ഉപയോഗപ്പെടുത്താനായി അദ്ദേഹം സ്വന്തമായി ഒരു ക്ലബ്ബിന് രൂപം കൊടുത്തു. പട്ടണത്തിൽ ഫുൾഹാം എന്ന പേരിൽ ഒരു ക്ലബ്ബ് നിലവിലുണ്ടായിരുന്നതിനാൽ, തൊട്ടടുത്ത പട്ടണത്തിന്റെ പേരായ ചെൽസി എന്ന പേര് പുതിയ ക്ലബ്ബിന് തിരഞ്ഞെടുത്തു; കെൻസിംഗ്ടൺ എഫ്.സി., സ്റ്റാംഫോർഡ് ബ്രിഡ്ജ് എഫ്.സി., ലണ്ടൻ എഫ്.സി. എന്നീ പേരുകളും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നു.[13] 1905 മാർച്ച് 10-ന്, ഫുൾഹാം റോഡിലെ മൈതാനത്തിന്റെ പ്രധാന കവാടത്തിന് നേരെ എതിർദിശയിലുള്ള, ദ റൈസിങ്ങ് സൺ പബ്ബിൽ (ഇപ്പോൾ ദ ബുച്ചേഴ്സ് ഹുക്ക്)[1] വെച്ച് ഈ ക്ലബ്ബ് രൂപീകരിക്കപ്പെടുകയും, അധികം താമസിയാതെ ഫുട്ബോൾ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

രണ്ടാം സീസണിൽ തന്നെ ക്ലബ്ബ് ഫസ്റ്റ് ഡിവിഷനിൽ ഇടംപിടിച്ചെങ്കിലും പിന്നീട് കുറച്ച് കാലങ്ങളിൽ ഒന്നും രണ്ടും ഡിവിഷനുകളിലായി തട്ടിക്കളിക്കുകയായിരുന്നു. ഓൾഡ് ട്രാഫോർഡിൽ നടന്ന 1915-ലെ എഫ്.എ.കപ്പ് ഫൈനലിൽ എത്തിയെങ്കിലും ഷെഫീൽഡ് യുണൈറ്റഡിനോട് പരാജയപ്പെടുകയും, 1920-ൽ ഫസ്റ്റ് ഡിവിഷനിൽ മൂന്നാമതായതോടെ അതുവരെയുള്ള അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തുകയും ചെയ്തു.[14] ചെൽസി ധാരാളം കാണികളെ ആകർഷിക്കുകയും[15] പ്രശസ്തരായ കളിക്കാരെ ടീമിലെത്തിച്ച് കൊണ്ട് ഖ്യാതി നേടുകയും ചെയ്തു,[16] എന്നാൽ മഹായുദ്ധകാലത്ത് വിജയം മാത്രം ക്ലബ്ബിൽ നിന്ന് തെന്നിമാറിക്കൊണ്ടിരുന്നു.

ആഴ്സണലിന്റേയും ഇംഗ്ലണ്ടിന്റേയും മുൻകാല സെന്റർ ഫോർവേഡായ ടെഡ് ഡ്രേക്ക് 1952-ൽ ക്ലബ്ബിന്റെ മാനേജറാവുകയും ക്ലബ്ബിനെ ആധുനികവൽക്കരിക്കാൻ മുൻകൈ എടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ക്ലബ്ബിന്റെ ചെൽസി പെൻഷണർ ക്രെസ്റ്റ് എടുത്തുമാറ്റുകയും, ക്ലബ്ബിന്റെ യുവനിരയും പരിശീലന പരിപാടികളും മെച്ചപ്പെടുത്തുകയും, അമച്വർ ലീഗുകളിൽ നിന്നും താഴെയുള്ള ഫുട്ബോൾ ഡിവിഷനുകളിൽ നിന്നുമുള്ള കളിക്കാരുമായി കരാറിലേർപ്പെടാനുള്ള കൗശലം ഉപയോഗിക്കുകയും, അതോടെ ക്ലബ്ബിന്റെ ആദ്യ പ്രധാന കിരീടമായ ലീഗ് ചാമ്പ്യൻഷിപ്പ് 1954-55 സീസണിൽ ചെൽസിയിലെത്തിക്കുകയും ചെയ്തു. തൊട്ടടുത്ത സീസണിൽ യൂറോപ്യൻ ചാമ്പ്യൻസ് കപ്പ് എന്ന സംരംഭം യുവേഫ ആരംഭിച്ചുവെങ്കിലും, ദ ഫുട്ബോൾ ലീഗിന്റേയും എഫ്.എ.യുടേയും എതിർപ്പ് മൂലം, മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ആ പരമ്പരയിൽ നിന്നും പിന്മാറാൻ ചെൽസി പ്രേരിപ്പിക്കപ്പെട്ടു.[17] വിജയങ്ങൾ തുടർന്ന് പോകാൻ ചെൽസിക്ക സാധിക്കാതിരുന്നതിനാൽ, 1950-കളിലെ ബാക്കി സീസണുകളിൽ പോയന്റ് പട്ടികയുടെ മധ്യഭാഗത്തായിരുന്നു ക്ലബ്ബിന്റെ സ്ഥാനം. 1961-ൽ ഡ്രേക്ക് പുറത്താക്കപ്പെടുകയും ഒരേസമയം കളിക്കാരനും കോച്ചുമായി ടോമി ഡോകെർട്ടി നിയമിക്കപ്പെടുകയും ചെയ്തു.

Thumb
1905-1906 സീസൺ മുതൽ ഇന്നുവരെയുള്ള ചെൽസിയുടെ പ്രകടനം ചാർട്ട് കാണിക്കുന്നു.

ക്ലബ്ബിന്റെ യുവനിരയിലുള്ള കഴിവുള്ള കളിക്കാരുടെ ഒരു സംഘത്തെ ചേർത്ത് ഡോകെർട്ടി ഒരു പുതിയ ടീം ക്ലബ്ബിനായി രൂപപ്പെടുത്തി. 1964-65 സീസണിൽ ലീഗ്, എഫ്.എ. കപ്പ്, ലീഗ് കപ്പ് എന്നിവയുടെ ഫൈനലിൽ എത്തിയതിലൂടെ ട്രെബിൾ (treble)' എന്നറിയപ്പെടുന്ന, ഒരേ സീസണിൽ മൂന്ന് കിരീടങ്ങളെന്ന അപൂർവ്വനേട്ടം കൈവരിക്കാനുള്ള അവസരം അവർക്കുണ്ടായെങ്കിലും, ലീഗ് കപ്പ് നേടുകയും മറ്റ് രണ്ടു മത്സരങ്ങളിലും പരാജയപ്പെടുകയും ചെയ്തു.[18] മൂന്ന് സീസണുകളിൽ, മൂന്ന് പ്രധാന സെമി-ഫൈനലുകളിൽ അവർ പരാജയപ്പെടുകയും, എഫ്.എ. കപ്പിൽ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്തു. ഡോകെർട്ടിയുടെ പിൻഗാമിയായ ഡേവ് സെക്സ്റ്റണിനു കീഴിൽ, ലീഡ്സ് യുണൈറ്റഡിനെ 2-1 എന്ന സ്കോറിന് തോൽപ്പിച്ച് ചെൽസി, 1970-ൽ എഫ്.എ. കപ്പ് നേടി. തൊട്ടടുത്ത വർഷം, ഏഥൻസിൽ വെച്ച് റയൽ മാഡ്രിഡിനെ തോൽപ്പിച്ചു കൊണ്ട് ക്ലബ്ബ് തങ്ങളുടെ ആദ്യത്തെ യൂറോപ്യൻ നേട്ടമായ യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് നേടി.

1970-കളുടെ അവസാനം മുതൽ 80-കൾ വരെയുള്ള കാലഘട്ടം ചെൽസിയെ പിടിച്ചുലച്ച കാലഘട്ടമായിരുന്നു. തീവ്രമായ ഉത്സാഹത്തോടെ സ്റ്റാംഫോർഡ് ബ്രിഡ്ജ് മൈതാനത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള തീരുമാനം ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിരതയെ ചോദ്യം ചെയ്യുകയും,[19] അതുമൂലം പല മികച്ച കളിക്കാരേയും വിറ്റതിലൂടെ ടീം താഴേത്തട്ടിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു. ആ ദശവർഷകാലം മുഴുവൻ ക്ലബ്ബിനെ വിടാതെ പിന്തുടർന്ന മറ്റൊരു പ്രശ്നം ക്ലബ്ബിന്റെ ആരാധകരുടെ തന്നെ മോശമായ പെരുമാറ്റമായിരുന്നു.[20] 1982-ൽ ക്ലബ്ബ് അവരുടെ ഏറ്റവും മോശം അവസ്ഥയിലേക്കെത്തുകയും കെൻ ബേറ്റ്സ് എന്ന വ്യവസായി നാമമാത്രമായ £1 തുകക്ക് ക്ലബ്ബിനെ സ്വന്തമാക്കുകയും, ഏതാണ്ടതേ അവസരത്തിൽ ക്ലബ്ബിന്റെ സ്വന്തം മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിന്റെ ഓഹരികൾ വസ്തു ഇടപാടുകാർക്ക് വിറ്റതിലൂടെ ക്ലബ്ബിന് സ്വന്തം മൈതാനം നഷ്ടപ്പെടുമെന്ന അവസ്ഥയുമുണ്ടായി.[21] മൈതാനത്തിൽ ടീം വീണ്ടും മോശമാവുകയും തേർഡ് ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടേണ്ട അവസ്ഥയിലെത്തുകയും ചെയ്തെങ്കിലും, 1983-ൽ മാനേജറായിരുന്ന ജോൺ നീൽ കുറഞ്ഞ മുടക്കുമുതലിൽ മികച്ചൊരു ടീമിനെ ക്ലബ്ബിനായി അണിനിരത്തി. 1983-84 സീസണിൽ, ക്ലബ്ബ് സെക്കന്റ് ഡിവിഷൻ ജേതാക്കളാവുകയും പ്രധാന ഡിവിഷനിലേക്ക് തിരിച്ചെത്തുകയും ചെയ്തുവെങ്കിലും 1988-ൽ വീണ്ടും സെക്കന്റ് ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. എന്നാൽ 1988-89 സീസണിൽ തന്നെ സെക്കന്റ് ഡിവിഷൻ ജയിച്ചുകൊണ്ട് ടീം വീണ്ടും ഒന്നാം ഡിവിഷനിലേക്ക് ഉയർത്തപ്പെട്ടു.

Thumb
2012-ൽ ബയേൺ മ്യൂണികിനെ പരാജയപ്പെടുത്തി നേടിയ തങ്ങളുടെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം ചെൽസി കളിക്കാർ ആഘോഷിക്കുന്നു.

വളരെക്കാലം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ, 1992-ൽ, ബേറ്റ്സ് സ്റ്റേഡിയത്തെ ക്ലബ്ബിനോടൊപ്പം ഒരുമിപ്പിച്ചു.[22] ഗ്ലെൻ ഹോഡിലിനൊപ്പം 1994 എഫ്. എ. കപ്പ് ഫൈനലിൽ എത്തിയെങ്കിലും, പുതിയ പ്രീമിയർ ലീഗിലെ ചെൽസിയുടെ പ്രകടനം നല്ലതായിരുന്നില്ല. കളിക്കാരനും മാനേജരുമായി 1996-ൽ റൂഡ് ഗള്ളിറ്റ് എത്തുന്നതു വരെ ചെൽസിയുടെ പ്രകടനം ഭേദപ്പെട്ടിരുന്നില്ല. അദ്ദേഹം ധാരാളം മികച്ച അന്താരാഷ്ട്ര കളിക്കാരെ ടീമിലെത്തിക്കുകയും, അത് മൂലം 1997 എഫ്. എ. കപ്പ് നേടുകയും, ഇംഗ്ലണ്ടിലെ മുൻനിര ടീമുകളിലൊന്നായി ചെൽസി തിരിച്ചെത്തുകയും ചെയ്തു. അതിനു ശേഷം, ജിയാൻലൂക വിയാല്ലി ഗള്ളിറ്റിന് പകരക്കാരനായി വരുകയും ഫുട്ബോൾ ലീഗ് കപ്പ്, യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ 1998 ലും എഫ്. എ. കപ്പ് 2000 ലും ചെൽസി കരസ്ഥമാക്കുകയും ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുകയും ചെയ്തു. അതിനു ശേഷം ക്ലോഡിയോ റെനിയേരിക്ക് വേണ്ടി വിയാല്ലി പുറത്താക്കപ്പെടുകയും, റെനിയേരി 2002 എഫ്. എ. കപ്പ് ഫൈനലിലേക്കും 2002-03 സീസണിലെ ചാമ്പ്യൻസ് ലീഗിലേക്കും ചെൽസിയെ നയിക്കുകയും ചെയ്തു.

2003 ജൂണിൽ, ബേറ്റ്സ്, ചെൽസിയെ റഷ്യൻ ശതകോടീശ്വരനായ റോമൻ അബ്രാമോവിച്ചിന് 140 ദശലക്ഷം പൗണ്ടുകൾക്ക് വിറ്റു.[10] 100 ദശലക്ഷം പൗണ്ടുകളേക്കാൾ കൂടുതൽ തുക പുതിയ കളിക്കാരെ ടീമിലെത്തിക്കാൻ വേണ്ടി ചിലവഴിച്ചെങ്കിലും കപ്പുകളൊന്നും നേടാൻ റെനിയേരിക്ക് കഴിയാഞ്ഞതിനാൽ അദ്ദേഹത്തെ പുറത്താക്കി പകരം ഹോസെ മൗറീന്യോയെ മാനേജർ സ്ഥാനത്തേക്ക് കൊണ്ടുവന്നു.[23][24] മൗറീന്യോക്ക് കീഴിൽ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അടുത്തടുത്ത സീസണുകളിൽ ലീഗ് ചാമ്പ്യൻഷിപ്പ് നേടുന്ന അഞ്ചാമത്തെ ടീമായി ചെൽസി മാറി (2004-05, 2005-06 സീസണുകളിൽ).[25] അതിനു പുറമേ ഒരു എഫ്.എ. കപ്പും (2007) രണ്ട് ലീഗ് കപ്പുകളും (2005, 2006) മൗറീന്യോക്ക് കീഴിൽ ചെൽസി നേടി. അതിനു ശേഷം, അവ്റാം ഗ്രാന്റ് മൗറീന്യോക്ക് പകരക്കാരനായി വരുകയും[26] അദ്ദേഹം ടീമിനെ തങ്ങളുടെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ഫൈനലിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പെനാൽട്ടിയിൽ തോൽപ്പിക്കപ്പെട്ടു.

2009-ൽ ഗസ് ഹിഡിങ്ക് ചെൽസിയെ മറ്റൊരു എഫ്.എ. കപ്പ് വിജയത്തിലേക്ക് നയിച്ചു.[27] 2009-10ൽ ഹിഡിങ്കിന്റെ പിൻഗാമിയായെത്തിയ കാർലോ ആൻസലോട്ടി ടീമിനെ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗും എഫ്.എ. കപ്പും ഉൾപ്പെടുന്ന ഡബിളിലേക്ക് നയിച്ചു. അതോടൊപ്പം 1963 ന് ശേഷം ഒരു സീസണിൽ 100 ഗോൾ നേടുന്ന ആദ്യ മുൻനിര ഇംഗ്ലീഷ് ക്ലബ്ബാകാനും ചെൽസിക്ക് കഴിഞ്ഞു.[28] 2012-ൽ താൽക്കാലിക മാനേജറായെത്തിയ റോബർട്ടോ ഡി മാറ്റിയോക്ക് കീഴിൽ അവർ തങ്ങളുടെ ഏഴാമത് എഫ്.എ. കപ്പും,[29] പെനാൽട്ടിയിൽ 4-3 എന്ന സ്കോറിന് ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി.[30] അതിലൂടെ, ഈ കിരീടം നേടുന്ന ആദ്യ ലണ്ടൻ ക്ലബ്ബാകാനും ചെൽസിക്ക് കഴിഞ്ഞു.[30] ഇടക്കാല മാനേജറായെത്തിയ റാഫേൽ ബെനിറ്റസിനു കീഴിൽ ബെൻഫിക്കയെ പരാജയപ്പെടുത്തി ചെൽസി യുവേഫ യൂറോപ്പ ലീഗ് കിരീടം നേടി.[31] അതിലൂടെ അടുത്തടുത്ത വർഷങ്ങളിൽ പ്രധാനപ്പെട്ട രണ്ട് യൂറോപ്യൻ കിരീടങ്ങൾ നേടുന്ന ആദ്യ ടീമായും, യുവേഫയുടെ മൂന്ന് പ്രധാന കിരീടങ്ങൾ നേടിയ നാല് ക്ലബ്ബുകളിൽ ഒന്നായും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്രിട്ടീഷ് ടീമായും ചെൽസി മാറി.[32]

മൈതാനം

വസ്തുതകൾ സ്ഥാനം, ഉടമ ...
സ്റ്റാംഫോർഡ് ബ്രിഡ്ജ്
ദി ബ്രിഡ്ജ്
Thumb
സ്ഥാനംഫുൾഹാം റോഡ്,
ഫുൾഹാം
ലണ്ടൻ,
ഇംഗ്ലണ്ട്,
SW6 1HS
ഉടമചെൽസി പിച്ച് ഓണേഴ്സ് plc
ഓപ്പറേറ്റർചെൽസി എഫ്.സി.
ശേഷി41,837-സീറ്റുകൾ[2]
Field size103 x 67 മീറ്റർ (112.6 x 73.3 വാര)[2]
Construction
തുറന്നുകൊടുത്തത്28 ഏപ്രിൽ 1877[33]
നവീകരിച്ചത്1904–1905, 1990-കളിൽ
ആർക്കിടെക്ക്ആർച്ചിബാൾഡ് ലെയ്ച്ച് (1887)
Tenants
ലണ്ടൻ അത്‌ലറ്റിക് ക്ലബ്ബ് (1877–1904)
ചെൽസി എഫ്.സി. (1905–present)
അടയ്ക്കുക

ക്ലബ്ബിന്റെ രൂപീകരണം മുതൽ സ്റ്റാംഫോർഡ് ബ്രിഡ്ജ് ആണ് ചെൽസിയുടെ മൈതാനം. 1877 ഏപ്രിൽ 28-ന് ഔദ്യോഗികമായി തുറന്ന ഈ മൈതാനം ആദ്യ 28 വർഷങ്ങളിൽ തീർത്തും ഫുട്ബോളിനു വേണ്ടിയല്ലാതെ മറ്റു കായിക മത്സരങ്ങൾ (പ്രധാനമായും അത്‌ലറ്റിക്സ്) നടത്താനായിട്ടാണ് ലണ്ടൻ അത്‌ലറ്റിക് ക്ലബ്ബാണ് ഉപയോഗിച്ച് വന്നത്. 1904-ൽ, വ്യാപാരിയായിരുന്ന ഗസ് മിയേഴ്സും സഹോദരൻ ജോസഫ് മിയേഴ്സും ഫുട്ബോൾ മത്സരങ്ങൾക്കായി സ്ഥലം കണ്ടെത്തുക എന്ന ഉദ്ദ്യേശത്തോടെ മൈതാനവും 12.5 ഏക്കറോളം (51,000 മീ2) വരുന്ന അതിനടുത്തുള്ള സ്ഥലവും കൈവശപ്പെടുത്തി.[33] ഇബ്രോക്സ്, സെൽട്ടിക് പാർക്ക്, ഹാംപ്‌ഡെൻ പാർക്ക് എന്നിവ രൂപകൽപ്പന ചെയ്ത പ്രശസ്ത ഫുട്ബോൾ ആർക്കിടെക്ട് ആർച്ചിബാൾഡ് ലെയ്ച്ച്, മിയേഴ്സ് കുടുംബത്തിനു വേണ്ടി സ്റ്റാംഫോർഡ് ബ്രിഡ്ജ് മൈതാനവും രൂപകൽപ്പന ചെയ്തു.[34] മിക്ക ഫുട്ബോൾ ക്ലബ്ബുകളും രൂപീകരിക്കപ്പെട്ടതിനു ശേഷമാണ് മൈതാനങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ചെൽസി രൂപീകരിക്കപ്പെട്ടതു തന്നെ സ്റ്റാംഫോർഡ് ബ്രിഡ്ജ് എന്ന മൈതാനത്തിനു വേണ്ടിയായിരുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.