![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/95/Padmanabhapuram_Clock_Tower.jpg/640px-Padmanabhapuram_Clock_Tower.jpg&w=640&q=50)
കന്യാകുമാരി ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല / From Wikipedia, the free encyclopedia
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ തെക്കേ അറ്റത്തുള്ള ജില്ലയാണ് കന്യാകുമാരി ജില്ല. മുമ്പ് തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുണ്ടായിരുന്ന അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻകോട് എന്നീ നാലു താലൂക്കുകൾ വേർപ്പെടുത്തിക്കൊണ്ട് 1956 നവംബർ 1ന് ആണ് ഈ ജില്ല രൂപീകരിച്ചത്.[1]
കന്യാകുമാരി ജില്ല | |
---|---|
ജില്ല | |
![]() തിരുവിതാംകൂർ മഹാരാജ്യത്തിന്റെ ആദ്യകാല തലസ്ഥാനം ആയിരുന്ന പദ്മനാഭപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരം. കേരളീയ വാസ്തുവിദ്യയുടെ ഉത്തമോദാഹരണം ആയി ഇന്നും ഈ കൊട്ടാരം കന്യാകുമാരി ജില്ലയിൽ നിലനിൽക്കുന്നു. | |
കന്യാകുമാരി ജില്ലയുടെ സ്ഥാനം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | കന്യാകുമാരി |
സ്ഥാപിതമായത് | 1 നവംബർ 1956 |
ജില്ലാ ആസ്ഥാനം | നാഗർകോവിൽ |
താലൂക്കുകൾ | അഗസ്തീശ്വരം, തോവാള, കൽക്കുളം, തിരുവട്ടാർ, വിളവൻകോട്, കിള്ളിയൂർ |
• ജില്ലാ കളക്ടർ | എസ്. നാഗരാജൻ |
• ആകെ | 1,672 ച.കി.മീ.(646 ച മൈ) |
(2011) | |
• ആകെ | 1,870,374 |
• ജനസാന്ദ്രത | 1,005.7/ച.കി.മീ.(2,605/ച മൈ) |
• സംസാരിക്കപ്പെടുന്നവ | തമിഴ്, മലയാളം |
സമയമേഖല | UTC+5:30 (IST) |
PIN | 629000 |
ടെലിഫോൺ കോഡ് | 04652 & 04651 |
വാഹന റെജിസ്ട്രേഷൻ | TN-74 & TN-75 |
തീരദേശം | 72 kilometres (45 mi) |
ലിംഗാനുപാതം | ആൺ-1000/പെൺ-1014 ♂/♀ |
സാക്ഷരതാ നിരക്ക് | 97.6% |
നിയമ നിർമാണ സഭയുടെ രൂപം | തിരഞ്ഞെടുക്കപ്പെട്ടത് |
തമിഴ്നാട് നിയമ നിർമാണ സഭയിലെ അംഗബലം | 6 |
ലോക്സഭാ മണ്ഡലം | കന്യാകുമാരി |
വർഷാനുപാതം | 1,865 millimetres (73.4 in) |
ശരാശരി ഉഷ്ണകാല താപനില | 23 °C (73 °F) |
ശരാശരി ശൈത്യകാല താപനില | 11 °C (52 °F) |
വെബ്സൈറ്റ് | kanniyakumari |
1729ൽ പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ആരംഭകാലം മുതൽ 1949ൽ തിരുവിതാംകൂർ കൊച്ചിയുമായി ലയിക്കുന്നതു വരെ തിരുവിതാംകൂറിന്റെയും പിന്നീടുള്ള ഏഴു വർഷക്കാലം തിരു-കൊച്ചി സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു ഈ ജില്ല.[1] അതിനു മുമ്പ് കൊല്ലം ആസ്ഥാനമായ വേണാടു രാജവംശത്തിന്റെ ഒരു താവഴിയായ തൃപ്പാപ്പൂർ സ്വരൂപത്തിന്റെ ഭരണത്തിനു കീഴിൽ ആയിരുന്നു കന്യാകുമാരി.[1] എ ഡി 1741ൽ പദ്മനാഭപുരം ആസ്ഥാനമായ തൃപ്പാപ്പൂർ സ്വരൂപത്തിലെ രാജാവ് ആയിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഉണ്ടായ കുളച്ചൽ യുദ്ധം നടന്നത് ഈ ജില്ലയിൽ വെച്ചായിരുന്നു.[1] തുടർന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളിലൂടെ വടക്ക് എറണാകുളം ജില്ലയിലെ ആലുവ വരെയുള്ള നാട്ടുരാജ്യങ്ങളെ എല്ലാം ലയിപ്പിച്ചു കൊണ്ടു രൂപീകരിച്ച തിരുവിതാംകൂറിന്റെ ആദ്യകാല തലസ്ഥാനം ആയിരുന്ന പത്മനാഭപുരം ഈ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.[1] "തിരുവിതാംകൂറിന്റെ നെല്ലറ" എന്നറിയപ്പെട്ടിരുന്ന നാഞ്ചിനാടു പ്രദേശവും ഈ ജില്ലയിലാണുള്ളത്.[2]
തമിഴ്നാട്ടിലെ സാക്ഷരതാ നിരക്കിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയായ കന്യാകുമാരിയെ സംസ്ഥാനത്തെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന ജില്ലയായി മാനവ വിഭവ ശേഷി വകുപ്പ് വിലയിരുത്തുന്നു.[3][4] പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിലും തമിഴ്നാട്ടിൽ ഒന്നാമതാണ് കന്യാകുമാരി ജില്ല.[5] ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കന്യാകുമാരിക്കാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. സംസ്ഥാനത്ത് പ്രവാസികൾ കൂടുതലുള്ള ഒരു ജില്ലയുമാണിത്. തമിഴ്നാടിന്റെ വിനോദസഞ്ചാര ഭൂപടത്തിലും മുൻപന്തിയിൽ ആണ് കന്യാകുമാരി.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നാണ്യവിളകൾ കൃഷി ചെയ്യുന്ന ജില്ലകളിൽ ഒന്നാണ് കന്യാകുമാരി.[6] പശ്ചിമഘട്ടവും ഇന്ത്യൻ മഹാസമുദ്രവും കന്യാകുമാരിയിൽ വെച്ച് സമ്മേളിക്കുന്നതിനാൽ സൂര്യോദയവും സൂര്യാസ്തമയവും ഒരുമിച്ചു ദൃശ്യമാകുന്ന ലോകത്തിലെ തന്നെ അത്യപൂർവം സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റമായ കന്യാകുമാരി.[6] അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ജില്ലയ്ക്കു കേരളത്തിനു സമാനമായ ഭൂമിശാസ്ത്രവും കാലാവസ്ഥയും സംസ്കാരവും വാസ്തുവിദ്യയും ആണുള്ളത്. തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യൻ തീരത്ത് ആദ്യമായി എത്താറുള്ളത് കന്യാകുമാരിയിൽ ആണ്.[1] പിന്നീട് അതിന്റെ ഒരു ശാഖ അറബിക്കടലിലേക്കും രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലേക്കും ആയി വേർപിരിഞ്ഞു പോകുന്നു.[1] കന്യാകുമാരി പട്ടണത്തിൽ നിന്നും ഇരുപത് കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന നാഗർകോവിൽ പട്ടണമാണ് ജില്ലാ ആസ്ഥാനം.