From Wikipedia, the free encyclopedia
കണ്ണിലെ ഐറിസിന്റെ പിഗ്മെന്റേഷൻ, സ്ട്രോമ വഴി ചിതറുന്ന പ്രകാശത്തിൻ്റെ ആവൃത്തി, എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഘടകങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന ഒരു പോളിജനിക് ഫിനോടൈപ്പിക് സവിശേഷതയാണ് കണ്ണിൻ്റെ നിറം.[1][2][3]
ഐറിസ് പിഗ്മെന്റ് എപിത്തീലിയത്തിലെ (ഐറിസിന്റെ പിൻഭാഗത്ത് സ്ഥിതിചെയ്യുന്നു) മെലാനിൻ സാന്ദ്രത, ഐറിസ് സ്ട്രോമയ്ക്കുള്ളിലെ (മുൻവശത്ത് സ്ഥിതിചെയ്യുന്നു) മെലാനിൻ, സ്ട്രോമയുടെ സെല്ലുലാർ ഡെൻസിറ്റി എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യരിൽ, ഐറിസിന്റെ പിഗ്മെന്റേഷൻ ഇളം തവിട്ട് മുതൽ കറുപ്പ് വരെ നിറങ്ങളിൽ കാണപ്പെടുന്നു.[4] കണ്ണുകൾ നീല, പച്ച, ഹേസൽ നിറത്തിൽ കാണുന്നത്, ഐറിസ് സ്ട്രോമയിലെ പ്രകാശത്തിൻറെ ടിൻഡൽ പ്രതിഭാസം മൂലമാണ്. ആകാശത്തിന് നീലനിറം കിട്ടുന്നത് ഇതിന് സമാനമായ ഒരു പ്രതിഭാസം മൂലമാണ്, അത് റെയ്ലി വിസരണം എന്നാണ് അറിയപ്പെടുന്നത്.[5] മനുഷ്യന്റെ ഐറിസിലോ കണ്ണിനുള്ളിലെ ദ്രാവകത്തിലോ നീലയോ പച്ചയോ നിറങ്ങൾ ഇല്ല.[3][6] കണ്ണിൻറെ നിറം സ്ട്രക്ചറൽ കളറിൻ്റെ ഒരു ഉദാഹരണമാണ്, അതുപോലെ ഇത് പ്രകാശത്തിൻ്റെ അവസ്ഥയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നുമുണ്ട്, പ്രത്യേകിച്ച് ഇളം നിറമുള്ള കണ്ണുകൾ.
പല പക്ഷി ജീവിവർഗങ്ങളിൽ കാണുന്ന തിളക്കമുള്ള കണ്ണുകളുടെ കാരണം റ്റെറിഡിൻ, പ്യൂരിൻ, കരോട്ടിനോയിഡ് എന്നിങ്ങനെയുള്ള മറ്റ് പിഗ്മെൻറുകളുടെ സാന്നിധ്യമാണ്.[7] മനുഷ്യർക്കും മറ്റ് മൃഗങ്ങൾക്കും കണ്ണിന്റെ നിറത്തിൽ പല ഫിനോടൈപ്പിക് വ്യത്യാസങ്ങളുണ്ട്.[8]
തലമുറകളായി വരുന്ന കണ്ണിൻ്റെ നിറത്തിന്റെ കാര്യം തെറ്റായാണ് പലരും മനസ്സിലാക്കിയിരുന്നത്. ഉദാഹരണത്തിന്, നീലക്കണ്ണുകൾക്ക് സിംപിൾ റിസ്സെസ്സീവ് സ്വഭാവമാണെന്നാണ് മുമ്പ് കരുതിയിരുന്നത്. എന്നാൽ ഈ ധാരണ പിന്നീട് തെറ്റാണ് എന്ന് തെളിഞ്ഞു. കണ്ണ് നിറത്തിന്റെ ജനിതകവും പാരമ്പര്യവും സങ്കീർണ്ണമാണ്, കണ്ണിൻറെ നിറം നിർണ്ണയിക്കുന്നത് ഒന്നിലധികം ജീനുകളാണ്, കൂടാതെ ഇളം കണ്ണ് നിറത്തിനുള്ള ജീനുകൾ ഇല്ലെങ്കിലും ഒരു രക്ഷകർത്താവിൽ നിന്ന് കുട്ടിയുടെ കണ്ണിന് നീല അല്ലെങ്കിൽ പച്ച നിറം കിട്ടാം (ഏകദേശം 2% മുതൽ 3% വരെ).[9]
ഇതുവരെ, 15 ജീനുകൾ കണ്ണ് നിറത്തിൻ്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. OCA2, HERC2 എന്നിവ ഐ-കളർ ജീനുകളിൽ ചിലതാണ്.[10] നീലക്കണ്ണുകളുടെ നിറം സിംപിൾ റിസ്സെസ്സീവ് സ്വഭാവമാണെന്ന മുൻ വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. കണ്ണ് നിറത്തിന്റെ ജനിതകശാസ്ത്രം വളരെ സങ്കീർണ്ണമായതിനാൽ, ഏത് തരത്തിലുമുള്ള രക്ഷാകർതൃ-കുട്ടി കണ്ണ് നിറ സംയോജനങ്ങളും സംഭവിക്കാം.[11] [12] എന്നിരുന്നാലും, പ്രോക്സിമൽ 5′ റെഗുലേറ്ററി പ്രദേശത്തിന് സമീപമുള്ള OCA2 ജീൻ പോളിമോർഫിസം മനുഷ്യന്റെ കണ്ണിൻ്റെ നിറ വ്യതിയാനത്തെ വിശദീകരിക്കുന്നുണ്ട്.[13]
പാരമ്പര്യമായി, ഒന്നിലധികം ജീനുകൾ സ്വാധീനിക്കുന്ന റിസ്സെസ്സീവ് സ്വഭാവമാണ് കണ്ണിൻ്റെ നിറത്തിന്.[14] [15] ഈ ജീനുകൾ, ജീനുകളിലും അയൽ ജീനുകളിലും ചെറിയ മാറ്റങ്ങൾ വരുത്താൻ അസോസിയേഷനുകൾ ഉപയോഗിക്കുന്നു. ഈ മാറ്റങ്ങളെ സിംഗിൾ-ന്യൂക്ലിയോടൈഡ് പോളിമോർഫിസങ്ങൾ അല്ലെങ്കിൽ എസ്എൻപികൾ എന്ന് വിളിക്കുന്നു. കണ്ണ് നിറത്തിന് കാരണമാകുന്ന കുറച്ച് ജീനുകളെക്കുറിച്ച് അറിവുണ്ടെങ്കിലും, ജീനുകളുടെ യഥാർത്ഥ എണ്ണം നിലവിൽ അജ്ഞാതമാണ്. റോട്ടർഡാമിൽ (2009) നടത്തിയ ഒരു പഠനത്തിൽ വെറും ആറ് എസ്എൻപികൾ ഉപയോഗിച്ച് തവിട്ട്, നീല എന്നീ നിറങ്ങളുള്ള കണ്ണുകളിൽ 90% ൽ അധികം കൃത്യതയോടെ കണ്ണ് നിറം പ്രവചിക്കാൻ കഴിയുമെന്ന് കണ്ടെത്തി.[16] മനുഷ്യരിൽ കണ്ണ് നിറത്തിന് 16 വ്യത്യസ്ത ജീനുകൾ കാരണമാകുമെന്നതിന് തെളിവുകളുണ്ട്; എന്നിരുന്നാലും, കണ്ണ് നിറവ്യത്യാസവുമായി ബന്ധപ്പെട്ട പ്രധാന രണ്ട് ജീനുകൾ OCA2, HERC2 എന്നിവയാണ്, ഇവ രണ്ടും ക്രോമസോം 15 ൻ്റെ പരിധിയിൽ വരുന്നതാാണ്.[10]
ജീൻ ഒസിഎ2 ഒരു വേരിയൻ്റ് രൂപത്തിലായിരിക്കുമ്പോൾ, മനുഷ്യ ആൽബിനിസത്തിൽ സാധാരണ കാണപ്പെടുന്ന പിങ്ക് നിറത്തിലുള്ള കണ്ണ് നിറത്തിനും ഹൈപ്പോപിഗ്മെൻറേഷനും കാരണമാകുന്നു. (ജീനിന്റെ പേര് (oculocutaneous albinism type II) അസുഖത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.) ഒസിഎ2 വിനുള്ളിലെ വിവിധ എസ്എൻപികൾ നീല, പച്ച കണ്ണുകളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു, ഒപ്പം മറുകുകളിലെ വ്യതിയാനങ്ങൾ, മോളുകളുടെ എണ്ണം, മുടിയുടെയും ചർമ്മത്തിൻറെയും നിറവ്യത്യാസങ്ങൾ എന്നിവയുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു. പോളിമോർഫിസങ്ങൾ ഒരു ഒസിഎ2 റെഗുലേറ്ററി സീക്വൻസിലായിരിക്കാം, അവിടെ അവ ജീൻ പ്രൊഡക്റ്റ് എക്സ്പ്രഷനെ സ്വാധീനിച്ചേക്കാം, ഇത് പിഗ്മെന്റേഷനെ ബാധിക്കുന്നു.[13] ഒസിഎ2 എക്സ്പ്രഷനെ നിയന്ത്രിക്കുന്ന ഒരു ജീനായ എച്ച്ആർസി2 ജീനിനുള്ളിലെ ഒരു പ്രത്യേക മ്യൂട്ടേഷൻ നീലക്കണ്ണുകൾക്ക് ഭാഗികമായി കാരണമാകുന്നു.[17] കണ്ണിൻ്റെ നിറവ്യത്യാസത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് ജീനുകൾ SLC24A4[18], TYR എന്നിവയാണ്. ഉയർന്ന റെസല്യൂഷൻ ഡിജിറ്റൽ ഫുൾ-ഐ ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് കണ്ണ് നിറവ്യത്യാസത്തെക്കുറിച്ചും സാച്ചുറേഷൻ മൂല്യങ്ങളെക്കുറിച്ചും 2010-ൽ നടത്തിയ ഒരു പഠനത്തിൽ മൊത്തം പത്ത് ജീനുകൾക്ക് മൂന്ന് പുതിയ ലോക്കികൾ കണ്ടെത്തി, ഇതിലൂടെ ഇപ്പോൾ കണ്ണ് നിറവ്യത്യാസത്തിന്റെ 50% വരെ വിശദീകരിക്കാൻ കഴിയും.[19]
ജീനിന്റെ പേര് | കണ്ണ് നിറത്തിൽ പ്രഭാവം |
---|---|
OCA2 | മെലാനിൻ ഉത്പാദിപ്പിക്കുന്ന സെല്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണ് നിറത്തിന് കേന്ദ്ര പ്രാധാന്യം. |
HERC2 | OCA2 ന്റെ പ്രവർത്തനത്തെ ബാധിക്കുന്നു, ഒരു പ്രത്യേക മ്യൂട്ടേഷൻ നീലക്കണ്ണുകളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. |
SLC24A4 | നീലയും പച്ചയും തമ്മിലുള്ള വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.[18] |
TYR | നീലയും പച്ചയും തമ്മിലുള്ള വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. |
തവിട്ടുനിറമുള്ള പാടുകളുള്ള നീലക്കണ്ണുകൾ, പച്ച കണ്ണുകൾ, ചാരനിറമുള്ള കണ്ണുകൾ എന്നിവ ജീനോമിന്റെ തികച്ചും വ്യത്യസ്തമായ ഭാഗമാണ്.
യൂറോപ്യൻ വംശജരായ ആളുകളിൽ ലോകമെമ്പാടുമുള്ള മറ്റ് ഏതൊരു ജനസംഖ്യയുമായും താരതമ്യപ്പെടുത്തിയാൽ ഏറ്റവും വലിയ വൈവിധ്യമാർന്ന നിറങ്ങളിലുള്ള കണ്ണുകൾ കാണാം. പുരാതന ഡിഎൻഎ സാങ്കേതികവിദ്യയുടെ സമീപകാല മുന്നേറ്റങ്ങൾ യൂറോപ്പിലെ കണ്ണ് നിറത്തിന്റെ ചില ചരിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയിട്ടുള്ള എല്ലാ യൂറോപ്യൻ മെസോലിത്തിക് ഹണ്ടർ-ഗാതെറർ ശേഷിപ്പുകളും ഇളം നിറമുള്ള കണ്ണുകളുടെ ജനിതക അടയാളങ്ങൾ കാണിക്കുന്നു. പടിഞ്ഞാറൻ, മധ്യ യൂറോപ്യൻ ഹണ്ടർ-ഗാതെററുടെ കാര്യത്തിൽ, കണ്ണിൻ്റെ നിറത്തിനൊപ്പം ഇരുണ്ട ചർമ്മത്തിന്റെ നിറവും കൂടിയുണ്ട്. യൂറോപ്യൻ ജീൻ പൂളിൽ പിന്നീടുള്ള കൂട്ടിച്ചേർക്കലുകൾ മൂലം, ഏഷ്യാ മൈനറിൽ നിന്നുള്ള ആദ്യകാല നവീന ശിലായുഗ കർഷകർ, യംനയ സംസ്കാരം ചെമ്പ് യുഗം/ വെങ്കലയുഗ പാസ്റ്ററലിസ്റ്റുകൾ (ഒരുപക്ഷേ പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ജനസംഖ്യ) കരിങ്കടലിന്റെ വടക്ക് ഭാഗത്ത് നിന്നുള്ളവർ എന്നിവർക്കാണ് ഇരുണ്ട കണ്ണ് നിറമുള്ള അല്ലീലുകളും, യഥാർത്ഥ യൂറോപ്യൻ ജനസംഖ്യയേക്കാൾ വെളുത്ത ചർമ്മത്തിന് കാരണമാകുന്ന അല്ലീലുകളും ഉള്ളത്.[20]
ഐറിസ് നിറത്തിന് ഒരു വ്യക്തിയെക്കുറിച്ച് ധാരാളം വിവരങ്ങൾ നൽകാൻ കഴിയും, കൂടാതെ വർണ്ണങ്ങളുടെ വർഗ്ഗീകരണം പത്തോളജിക്കൽ മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിനോ അല്ലെങ്കിൽ ഒരു വ്യക്തി നേത്രചികിത്സാ മരുന്നുകളോട് എങ്ങനെ പ്രതികരിക്കുമെന്ന് നിർണ്ണയിക്കുന്നതിനോ ഉപയോഗപ്രദമാകും.[21] അടിസ്ഥാന തലത്തിലെ ഇളം-ഇരുണ്ട എന്നിങ്ങനെയുള്ള വിവരണം മുതൽ, താരതമ്യത്തിനായി ഫോട്ടോഗ്രാഫിക് മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ ഗ്രേഡിംഗുകൾ വരെ ഉൾപ്പെടുന്നതാണ് വർഗ്ഗീകരണ സംവിധാനങ്ങൾ. വർണ്ണ വർഗ്ഗീകരണത്തോടൊപ്പം, വർണ്ണ താരതമ്യത്തിന്റെ വസ്തുനിഷ്ഠ മാനദണ്ഡങ്ങൾ സജ്ജമാക്കാൻ മറ്റുള്ളവർ ശ്രമിച്ചു.[22]
സാധാരണ കണ്ണ് നിറങ്ങൾ തവിട്ടുനിറത്തിലുള്ള ഇരുണ്ട ഷേഡുകൾ മുതൽ നീലയുടെ ഇളം നിറങ്ങൾ വരെയാണ്.[14] സ്റ്റാൻഡേർഡൈസ്ഡ് വർഗ്ഗീകരണത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന്, ലളിതവും ഗവേഷണ ആവശ്യങ്ങൾക്കായി മതിയായതുമായ വിശദീകരണത്തിനായി, സെഡോണും സംഘവും, യഥാർഥ ഐറിസ് നിറവും ഐറിസിലെ തവിട്ട് നിറം അല്ലെങ്കിൽ മഞ്ഞ പിഗ്മെന്റിന്റെ അളവും അടിസ്ഥാനമാക്കി ഒരു ഗ്രേഡഡ് സിസ്റ്റം വികസിപ്പിച്ചു.[23] അതനുസരിച്ച് മൂന്ന് പിഗ്മെന്റ് നിറങ്ങളുണ്ട്, അവയുടെയും സ്ട്രക്ചറൽ കളറിൻ്റെയും അനുപാതത്തിന് അനുസരിച്ച് ഐറിസിൻ്റെ നിറം വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന് പച്ച ഐറിസുകൾക്ക്, നീല സ്ട്രക്ചറൽ കളറും കുറച്ച് മഞ്ഞ പിഗ്മെൻറുമുണ്ടാവും. തവിട്ട് നിറത്തിലുള്ള ഐറിസുകളിൽ കൂടുതലും തവിട്ട് പിഗ്മെൻറായിരിക്കും. ചില കണ്ണുകൾക്ക് ഐറിസിന് ചുറ്റും ഇരുണ്ട വളയം ഉണ്ട്, ഇതിനെ ലിംബൽ റിംഗ് എന്ന് വിളിക്കുന്നു.
മനുഷ്യേതര മൃഗങ്ങളിലെ കണ്ണ് നിറം മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി നിയന്ത്രിക്കപ്പെടുന്നു. ഉദാഹരണത്തിന്, മനുഷ്യരിലെ നീല കണ്ണുകളുടെ കാര്യത്തിലെന്നപോലെ, സ്കിങ്ക് ഇനത്തിലെ കൊറൂസിയ സീബ്രാറ്റകളിലെ ഓട്ടോസോമൽ റിസീസിവ് കണ്ണ് നിറം കറുത്തതാണ്, അവയിൽ ഓട്ടോസോമൽ ഡോമിനൻറ് നിറം മഞ്ഞ-പച്ചയുമാണ്.[24]
വർണ്ണത്തെക്കുറിച്ചുള്ള ധാരണ, കാണുന്ന അവസ്ഥയെ കൂടി ആശ്രയിച്ചിരിക്കുന്നു (ഉദാ. പ്രകാശത്തിന്റെ അളവും തരവും ചുറ്റുമുള്ള പരിസ്ഥിതിയുടെ നിറവും), അതുകൊണ്ട് തന്നെ കണ്ണ് നിറത്തെക്കുറിച്ചുള്ള ധാരണയും വ്യത്യാസപ്പെടാം.[25]
യൂറോപ്യൻ വംശജരായ മിക്ക നവജാത ശിശുക്കൾക്കും ഇളം നിറമുള്ള കണ്ണുകളുണ്ട്. കുട്ടി വലുതാകുമ്പോൾ മെലനോസൈറ്റുകൾ (മനുഷ്യന്റെ കണ്ണിലെ ഐറിസിനുള്ളിൽ കാണപ്പെടുന്ന കോശങ്ങൾ, അതുപോലെ ചർമ്മവും രോമകൂപങ്ങളും) മെലാനിൻ പതുക്കെ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. മെലനോസൈറ്റ് കോശങ്ങൾ തുടർച്ചയായി പിഗ്മെന്റ് ഉൽപാദിപ്പിക്കുന്നതിനാൽ, കണ്ണ് നിറം ശിശുക്കൾ വളരുന്നതിനനുസരിച്ച് മാറാം. സാധാരണയായി 3 മുതൽ 6 മാസം വരെ പ്രായമെത്തുമ്പോൾ കണ്ണിന്റെ നിറം സാധാരണ നിലയിലെത്താറുണ്ട്, ചിലപ്പോൾ അതിനു ശേഷവും മാറ്റങ്ങൾ ഉണ്ടാകാം.[27] ഐറിസിന്റെ പുറകിൽ നിന്ന് പ്രതിഫലനമില്ലാതെ നേരിട്ടുള്ള പ്രകാശം മാത്രം ഉപയോഗിച്ച് വശത്ത് നിന്ന് ഒരു ശിശുവിന്റെ ഐറിസ് നിരീക്ഷിക്കുന്നതിലൂടെ, കുറഞ്ഞ അളവിലുള്ള മെലാനിൻ സാന്നിധ്യമോ മെലാനിൻ അഭാവമോ കണ്ടെത്താനാകും. ഈ നിരീക്ഷണ രീതിക്ക് കീഴിൽ നീലയായി കാണപ്പെടുന്ന ഒരു ഐറിസ് നിറം ശിശു പ്രായമാകുമ്പോഴും നീലയായി തന്നെ തുടരാനുള്ള സാധ്യത കൂടുതലാണ്. സ്വർണ്ണ നിറത്തിൽ കാണപ്പെടുന്ന ഒരു ഐറിസിൽ ആ ചെറുപ്രായത്തിൽ പോലും കുറച്ച് മെലാനിൻ അടങ്ങിയിട്ടുണ്ട് എന്ന് കരുതണം, അതിനാൽ ശിശു വലുതാകുന്നതിന് അനുസരിച്ച് കണ്ണിൻ്റെ നിറം നീലയിൽ നിന്ന് പച്ചയിലോ തവിട്ടുനിറത്തിലോ ആകാൻ സാധ്യതയുണ്ട്.
കൊക്കേഷ്യൻ ഇരട്ടകളെക്കുറിച്ചുള്ള പഠനങ്ങൾ കാലക്രമേണ കണ്ണിന്റെ നിറം മാറ്റത്തിന് വിധേയമാകുമെന്ന് തെളിയിച്ചിട്ടുണ്ട്, കൂടാതെ ഐറിസിന്റെ പ്രധാന ഡീമെലനൈസേഷനും ജനിതകപരമായി നിർണ്ണയിക്കപ്പെടാം. കൊക്കേഷ്യൻ ജനസംഖ്യയിൽ, ഹേസൽ അല്ലെങ്കിൽ ആമ്പർ നിറത്തിലുള്ള കണ്ണുകൾ ഉള്ളവരിലാണ് മിക്ക കണ്ണ് വർണ്ണ മാറ്റങ്ങളും നിരീക്ഷിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തത്.[28]
യഥാർത്ഥ മാർട്ടിൻ സ്കെയിൽ പ്രകാരം കാൾട്ടൺ കൂൺ ഒരു ചാർട്ട് സൃഷ്ടിച്ചു. പിന്നീട് മാർട്ടിൻ-ഷുൾട്സ് സ്കെയിലിൽ ഈ നമ്പറിംഗ് വിപരീതമാക്കി. ഇത് ഭൗതിക നരവംശശാസ്ത്രത്തിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഐറിസിലെ മെലാനിൻ അളവ് കാരണം പ്രകൃതിയിൽ കാണപ്പെടുന്ന വ്യത്യസ്ത കണ്ണ് നിറങ്ങളുമായി പൊരുത്തപ്പെടുന്ന 20 നിറങ്ങൾ[29] (ഇളം നീല മുതൽ കടും തവിട്ട്-കറുപ്പ് വരെ) മാർട്ടിൻ-ഷുൾട്ട്സ് സ്കെയിലിൽ അടങ്ങിയിരിക്കുന്നു, ഇതിൽ ചെറിയ സംഖ്യകൾ ഇളം നിറത്തെയാണ് സൂചിപ്പിക്കുന്നത്:[30][31]
1-2 : നീല ഐറിസ് (1a, 1b, 1c, 2a : ഇളം നീല ഐറിസ് - 2b : കടും നീല ഐറിസ്)
3 : നീല-ചാര ഐറിസ്
4 : ചാര ഐറിസ് (4a, 4b)
5 : മഞ്ഞ/ ബ്രൗൺ പുള്ളികളുള്ള നീല - ചാര ഐറിസ്
6 : മഞ്ഞ/ ബ്രൗൺ പുള്ളികളുള്ള ചാര-പച്ച ഐറിസ്
7 : പച്ച എറിസ്
8 : മഞ്ഞ/ ബ്രൗൺ പുള്ളികളുള്ള പച്ച ഐറിസ്
9-10-11 : ഇളം ബ്രൗൺ അല്ലെങ്കിൽ ഹേസൽ ഐറിസ്
12-13 : മീഡിയം ബ്രൗൺ ഐറിസ്
14-15-16 : കടും ബ്രൗൺ അല്ലെങ്കിൽ കറുത്ത ഐറിസ്
കട്ടി നിറമുള്ള ആമ്പർ കണ്ണുകൾക്ക് ശക്തമായ മഞ്ഞ/സ്വർണ്ണ, റസ്സെറ്റ്/ചെമ്പ് നിറമുണ്ട്. ഐറിസിലെ ലിപ്പോക്രോം എന്ന മഞ്ഞ പിഗ്മെന്റ് നിക്ഷേപം കൊണ്ടാകാം ഇത് സംഭവിക്കുന്നത് (ഇത് പച്ച കണ്ണുകളിലും കാണപ്പെടുന്നു).[32][33] ആംബർ കണ്ണുകൾ തവിട്ടുനിറമുള്ള കണ്ണുകളുമായി തെറ്റിദ്ധരിക്കരുത്; തവിട്ടുനിറമുള്ള കണ്ണുകളിൽ ആമ്പർ അല്ലെങ്കിൽ സ്വർണ്ണ നിറങ്ങൾ അടങ്ങിയിരിക്കാമെങ്കിലും, പച്ച, തവിട്ട്, ഓറഞ്ച് എന്നിവയുൾപ്പെടെ മറ്റ് പല നിറങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ആമ്പർ കണ്ണുകൾ സ്വർണ്ണ നിറം പോലെ കരുതപ്പെടുന്നുണ്ടെങ്കിലും, ചില ആളുകൾക്ക് റസ്സെറ്റ് അല്ലെങ്കിൽ ചെമ്പ് നിറമുള്ള ആമ്പർ കണ്ണുകളുണ്ട്, പലരും ഇത് ഹേസൽ നിറമായി തെറ്റിദ്ധരിക്കുന്നു.
ചില പ്രാവുകളുടെ കണ്ണുകളിൽ, ടെറിഡിൻസ് എന്നറിയപ്പെടുന്ന മഞ്ഞ ഫ്ലൂറസിംഗ് പിഗ്മെന്റുകൾ അടങ്ങിയിട്ടുണ്ട്.[34] ഗ്രേറ്റ് ഹോൺഡ് മൂങ്ങകളുടെ മഞ്ഞനിറമുള്ള കണ്ണുകൾക്ക് കാരണം, ഐറിസ് സ്ട്രോമയിൽ സ്ഥിതിചെയ്യുന്ന ചില ക്രോമാറ്റോഫോറുകളിൽ (സാന്തോഫോറസ് എന്ന് വിളിക്കപ്പെടുന്ന) സ്റ്റെറിഡിൻ പിഗ്മെന്റ് സാന്തോപ്റ്റെറിൻ ഉള്ളതുകൊണ്ടാണ്.[35] മനുഷ്യരിൽ, മഞ്ഞകലർന്ന പാടുകളോ പാച്ചുകളോ ലിപോക്രോം എന്നറിയപ്പെടുന്ന പിഗ്മെന്റ് ലിപ്പോഫുസിൻ മൂലമാണെന്ന് കരുതപ്പെടുന്നു.[36] നായകൾ, വളർത്തു പൂച്ചകൾ, മൂങ്ങകൾ, പരന്തുകൾ, പ്രാവുകൾ, മത്സ്യം എന്നിങ്ങനെ പല ജീവികൾക്കും ഒരു സാധാരണ നിറമായി അംബർ കണ്ണുകളുണ്ട്, അതേസമയം മനുഷ്യരിൽ ഈ നിറം വളരെ കുറവാണ്.
ഐറിസിലോ ഒക്കുലാർ ദ്രാവകത്തിലോ നീല പിഗ്മെന്റേഷൻ ഇല്ല. മെലാനിൻ ഉള്ളതിനാൽ ഐറിസ് പിഗ്മെന്റ് എപിത്തീലിയം തവിട്ട് കറുപ്പാണെന്ന് ഡിസെക്ഷൻ വെളിപ്പെടുത്തുന്നു.[37] തവിട്ടുനിറമുള്ള കണ്ണുകളിൽ നിന്ന് വ്യത്യസ്തമായി, ഐറിസിന്റെ സ്ട്രോമയിൽ നീലക്കണ്ണുകൾക്ക് മെലാനിൻ സാന്ദ്രത കുറവാണ്. പ്രകാശത്തിന്റെ ദൈർഘ്യമേറിയ തരംഗദൈർഘ്യം ഇരുണ്ട അന്തർലീനമായ എപിത്തീലിയം ആഗിരണം ചെയ്യും, അതേസമയം ഹ്രസ്വ തരംഗദൈർഘ്യങ്ങൾ പ്രതിഫലിക്കുകയും സ്ട്രോമയിൽ റെയ്ലി വിസരണത്തിന് വിധേയമാവുകയും ചെയ്യുന്നു.[4] ആകാശത്തിന്റെ നീല നിറത്തിന് കാരണമാകുന്ന അതേ രീതിയിലാണ് ഇത് കണ്ണിണിൽ സംഭവിക്കുന്നത്.[3] [6]
മനുഷ്യരിൽ, നീലക്കണ്ണുകൾ പിന്തുടരുന്ന ഇൻഹെറിറ്റൻസ് പാറ്റേൺ ഒരു റിസസീവ് സ്വഭാവത്തിന് സമാനമായി കണക്കാക്കപ്പെടുന്നു (പൊതുവേ, കണ്ണ് നിറം ഒരു പോളിജനിക് സ്വഭാവമായി കണക്കാക്കപ്പെടുന്നു, അതായത് ഇത് നിയന്ത്രിക്കുന്നത് ഒന്നിലധികം ജീനുകളുടെ ഇടപെടലുകളിലൂടെയാണ്).[15] 2008 ൽ, പുതിയ ഗവേഷണങ്ങൾ നീലക്കണ്ണുകളിലേക്ക് നയിക്കുന്ന ഒരൊറ്റ ജനിതകമാറ്റം കണ്ടെത്തി. “തുടക്കത്തിൽ നമുക്കെല്ലാവർക്കും തവിട്ട് നിറമുള്ള കണ്ണുകളുണ്ടായിരുന്നു,” ഐബർഗ് പറഞ്ഞു. 'ഹ്യൂമൻ ജനിറ്റിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഐബർഗും സഹപ്രവർത്തകരും നിർദ്ദേശിച്ചത്, ഒസിഎ 2 ജീൻ പ്രമോട്ടറുമായി ഇടപഴകാൻ അനുമാനിക്കപ്പെടുന്ന എച്ച്ആർസി 2 ജീനിന്റെ 86-ാമത്തെ ഇൻട്രോൺ മ്യൂട്ടേഷൻ, ഒസിഎ 2 എക്സ്പ്രഷൻ കുറച്ച് മെലാനിൻ ഉൽപാദനത്തിൽ കുറവുണ്ടാക്കി.[38] കരിങ്കടൽ പ്രദേശത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മ്യൂട്ടേഷൻ ഉണ്ടായേക്കാമെന്ന് രചയിതാക്കൾ അഭിപ്രായപ്പെടുന്നു, കൂടാതെ "ഈ ജീൻ പരിവർത്തനത്തിന്റെ പ്രായം കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്" എന്നും കൂട്ടിച്ചേർത്തു.
വടക്കൻ, കിഴക്കൻ യൂറോപ്പിൽ, പ്രത്യേകിച്ച് ബാൾട്ടിക് കടലിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നീലക്കണ്ണുകൾ സാധാരണമാണ്. തെക്കൻ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, വടക്കേ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലും നീലക്കണ്ണുകൾ കാണപ്പെടുന്നു.[39] [40]
നീലക്കണ്ണുള്ള ആളുകൾക്കിടയിലെ ഒസിഎ 2 ജീനിന്റെ പ്രദേശത്തെ അതേ ഡിഎൻഎ സീക്വൻസ് സൂചിപ്പിക്കുന്നത് അവർക്ക് പൊതുവായ ഒരു പൂർവ്വികൻ ഉണ്ടായിരിക്കാം എന്നാണ്.[42][43][44]
2016 ലെ കണക്കനുസരിച്ച്, സ്വീഡനിലെ മോട്ടാലയിൽ നിന്നുള്ള 7,700 വർഷം പഴക്കമുള്ള മെസോലിത്തിക് ഹണ്ടറുകളിൽ ആണ് ഹോമോ സാപ്പിയൻസിലെ ഏറ്റവും പഴക്കമുള്ള ലൈറ്റ്-പിഗ്മെന്റ് നീല കണ്ണുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത്.[45]
അമേരിക്കൻ ഐക്യനാടുകളിലെ വെള്ളക്കാരിൽ നീലക്കണ്ണുകളുടെ നിറം 1936 മുതൽ 1951 വരെ ജനിച്ചവരിൽ 33.8% ആണെന്ന് 2002 ലെ ഒരു പഠനത്തിൽ കണ്ടെത്തി, 1899 മുതൽ 1905 വരെ ജനിച്ചവരിൽ ഇത് 57.4% ആയിരുന്നു.[15] 2006 ൽ, ഓരോ ആറ് ആളുകളിൽ ഒരാൾ, അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 16.6% (വെള്ളക്കാരിൽ 22.3%) ആളുകൾക്ക് നീലക്കണ്ണുകളാണ്. ഇപ്പോൾ അമേരിക്കൻ കുട്ടികളിൽ നീലക്കണ്ണുകൾ കുറഞ്ഞു വരികയാണ്.[46]
സസ്തനികളിൽ നീലക്കണ്ണുകൾ വിരളമാണ്; ഒരു ഉദാഹരണം അടുത്തിടെ കണ്ടെത്തിയ മാർസുപിയൽ, ബ്ലൂ ഐഡ് സപോട്ടഡ് കസ്കസ് (Spilocuscus wilsoni) ആണ്. ഈ സ്വഭാവം ഇതുവരെ മനുഷ്യരല്ലാത്ത ഒരൊറ്റ പ്രൈമേറ്റിൽ നിന്ന് മാത്രമേ അറിയൂ, മഡഗാസ്കറിലെ സ്ക്ലേറ്റേഴ്സ് ലെമൂർ (Eulemur flavifrons). ചില പൂച്ചകൾക്കും നായ്ക്കൾക്കും നീലക്കണ്ണുകളുണ്ടെങ്കിലും, ബധിരതയുമായി ബന്ധപ്പെട്ട മറ്റൊരു പരിവർത്തനം മൂലമാണ് ഇത് സംഭവിക്കുന്നത്. എന്നാൽ പൂച്ചകളിൽ മാത്രം, തിരിച്ചറിഞ്ഞ നാല് ജീൻ മ്യൂട്ടേഷനുകൾ നീലക്കണ്ണുകൾക്ക് കാരണമാവുന്നുണ്ട്, അവയിൽ ചിലത് ജന്മനായുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. സയാമീസ് പൂച്ചകളിൽ കാണപ്പെടുന്ന മ്യൂട്ടേഷൻ കോങ്കണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലക്കണ്ണുള്ള വെളുത്ത പൂച്ചകളിൽ കാണപ്പെടുന്ന മ്യൂട്ടേഷൻ ("എപ്പിസ്റ്റാറ്റിക് വൈറ്റ്" എന്ന ജീൻ മൂലമാണ് ഉണ്ടാകുന്നത്) ബധിരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഫിനോടൈപ്പിക്കായി സമാനമായ, എന്നാൽ ജനിതകപരമായി വ്യത്യസ്തമായ, നീലക്കണ്ണുള്ള വെളുത്ത പൂച്ചകളുണ്ട്, അവിടെ കോട്ട് നിറം ബധിരതയുമായി ശക്തമായി ബന്ധപ്പെടുന്നില്ല. നീലക്കണ്ണുള്ള ഓജോസ് അസുലസ് ഇനത്തിൽ മറ്റ് ന്യൂറോളജിക്കൽ വൈകല്യങ്ങളും ഉണ്ടാകാം. ജീനോടൈപ്പ് അജ്ഞാതമായ നീലക്കണ്ണുള്ള വെളുത്തതല്ലാത്ത പൂച്ചകളും ഉണ്ടാകാറുണ്ട്.
മനുഷ്യരിൽ, തവിട്ടുനിറമുള്ള കണ്ണുകൾ ഐറിസിന്റെ സ്ട്രോമയിൽ മെലാനിന്റെ താരതമ്യേന ഉയർന്ന സാന്ദ്രത മൂലമാണ് ഉണ്ടാകുന്നത്, ഇത് ഹ്രസ്വവും ദൈർഘ്യമുള്ളതുമായ തരംഗദൈർഘ്യങ്ങളുടെ പ്രകാശം ആഗിരണം ചെയ്യാൻ കാരണമാകുന്നു.[47]
ഇരുണ്ട തവിട്ടുനിറമുള്ള കണ്ണുകൾ മനുഷ്യരിൽ പ്രബലമാണ്[48] ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന ഏക ഐറിസ് നിറവും ഇതാണ്. യൂറോപ്പ്, കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ, പശ്ചിമേഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ തവിട്ട് നിറമുള്ള കണ്ണുകളുടെ ഇരുണ്ട പിഗ്മെന്റ് സാധാരണമാണ്.[18] മൊത്തത്തിൽ ലോകത്തിലെ ഭൂരിഭാഗം ആളുകൾക്കും തവിട്ട്-ഇരുണ്ട തവിട്ട് നിറമുള്ള കണ്ണുകളുണ്ട്.
തെക്കൻ യൂറോപ്പിലും അമേരിക്കയിലും മധ്യേഷ്യയുടെ ചില ഭാഗങ്ങളിലും (മിഡിൽ ഈസ്റ്റ്, തെക്കേ ഏഷ്യ) ഇളം അല്ലെങ്കിൽ ഇടത്തരം പിഗ്മെന്റ് തവിട്ട് കണ്ണുകൾ കാണാം.
നീലക്കണ്ണുകൾ പോലെ, ചാരനിറമുള്ള കണ്ണുകൾക്കും ഐറിസിന്റെ പിൻഭാഗത്ത് ഇരുണ്ട എപിത്തീലിയവും മുൻവശത്ത് താരതമ്യേന വ്യക്തമായ സ്ട്രോമയും ഉണ്ട്. ചാരനിറത്തിലുള്ള കണ്ണുകൾക്ക് നീല നിറമുള്ള കണ്ണുകളിൽനിന്നുള്ള വ്യത്യാസത്തിന് സാധ്യമായ ഒരു വിശദീകരണം, ചാരനിറത്തിലുള്ള കണ്ണുകൾക്ക് സ്ട്രോമയിൽ കൊളാജന്റെ വലിയ നിക്ഷേപമുണ്ട് എന്നതാണ്, അതിനാൽ എപിത്തീലിയത്തിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം റെയ്ലെയ് സ്കാറ്ററിംഗിനേക്കാൾ, മൈ സ്കാറ്ററിംഗിന് വിധേയമാകുന്നു. ഇത് ആകാശത്തിന്റെ നിറത്തിലെ മാറ്റത്തിന് സമാനമായ പ്രതിഭാസമാണ്. തെളിഞ്ഞ ആകാശത്തിൽ ചെറിയ വാതക തന്മാത്രകൾ കാരണം സൂര്യപ്രകാശം റയ്ലെയ് സ്കാറ്ററിങ്ങിന് വിധേയമാകുന്നത് മൂലം ആകാശം നീല നിറത്തിൽ കാണപ്പെടും. അതേസമയം ആകാശം മൂടിക്കെട്ടിയാൽ വലിയ വെള്ളത്തുള്ളികൾ കാരണം മൈ സ്കാറ്ററിങ്ങിന് വിധേയമാകുകയും ആകാശം ചാര നിറത്തിൽ ആകുകയും ചെയ്യും.[49] അതേപോലെ, സ്ട്രോമയുടെ മുൻവശത്തുള്ള മെലാനിൻ സാന്ദ്രത കാരണവും ചാരനിറത്തിലുള്ള കണ്ണുകളും നീല നിറമുള്ള കണ്ണുകളും വ്യത്യാസപ്പെട്ടിരിക്കാമെന്ന് അഭിപ്രായമുണ്ട്.
ചാരനിറമുള്ള കണ്ണുകൾ വടക്കൻ, കിഴക്കൻ യൂറോപ്പിൽ സാധാരണമാണ്.[50] വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ ഔറസ് പർവതനിരകളിലെ അൾജീരിയൻ ഷാവിയ ജനങ്ങൾ[51], മിഡിൽ ഈസ്റ്റ്, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ആളുകളിലും ചാര നിറത്തിലുള്ള കണ്ണുകൾ കാണാം. ഗ്രീക്ക് ദേവതയായ അഥീനക്ക് ചാര നിറത്തിലുള്ള കണ്ണുകൾ (γλαυκῶπις) ആണ് ഉള്ളത്.[52] വലുതാക്കിനോക്കിയാൽ, ചാരനിറത്തിലുള്ള കണ്ണുകളിലെ ഐറിസിൽ ചെറിയ അളവിൽ മഞ്ഞ, തവിട്ട് നിറങ്ങൾ കാണിക്കുന്നു.
നീലക്കണ്ണുകളെപ്പോലെ, പച്ച കണ്ണുകളുടെ നിറം ഐറിസിന്റെ പിഗ്മെന്റേഷനിൽ നിന്ന് ഉണ്ടാകില്ല. പച്ച നിറം ഉണ്ടാകുന്നത്: 1) ഐറിസിന്റെ സ്ട്രോമയിലെ ഒരു ആമ്പർ അല്ലെങ്കിൽ ഇളം തവിട്ട് പിഗ്മെന്റേഷൻ (ഇതിൽ കുറഞ്ഞതോ മിതമായതോ ആയ മെലാനിൻ സാന്ദ്രതയുണ്ട്) 2) റെയ്ലെയ് സ്കാറ്ററിങ്ങിലൂടെ ഉണ്ടാകുന്ന നീലനിറത്തിലുള്ള നിഴൽ, എന്നിവയുടെ സംയോജനത്താലാണ്.[47] പച്ച കണ്ണുകളിൽ മഞ്ഞകലർന്ന പിഗ്മെന്റ് ലിപ്പോക്രോം അടങ്ങിയിരിക്കുന്നു.[53]
ഒസിഎ 2, മറ്റ് ജീനുകൾ എന്നിവയ്ക്കുള്ളിലെ ഒന്നിലധികം വേരിയന്റുകളുടെ പ്രതിപ്രവർത്തനത്തിന്റെ ഫലമായി പച്ച കണ്ണുകൾ ഉണ്ടാകാം. വെങ്കലയുഗത്തിൽ തെക്കൻ സൈബീരിയയിൽ അവ ഉണ്ടായിരുന്നു.[54]
വടക്കൻ, പടിഞ്ഞാറൻ, മധ്യ യൂറോപ്പിൽ ഇവ ഏറ്റവും സാധാരണമാണ്.[55] അയർലണ്ടിലും സ്കോട്ട്ലൻഡിലും 14% ആളുകൾക്ക് തവിട്ട് നിറമുള്ള കണ്ണുകളും 86% പേർക്ക് നീല അല്ലെങ്കിൽ പച്ച കണ്ണുകളുമുണ്ട്.[56] ഐസ്ലാന്റിൽ 89% സ്ത്രീകളും 87% പുരുഷന്മാരും നീല അല്ലെങ്കിൽ പച്ച കണ്ണ് നിറമുള്ളവരാണ്.[57] ഐസ്ലാൻഡിക്, ഡച്ച് ജനസംഖ്യയിലെ മുതിർന്നവരെക്കുറിച്ചുള്ള ഒരു പഠനത്തിൽ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് പച്ച കണ്ണുകൾ കൂടുതലുള്ളതെന്ന് കണ്ടെത്തിയിരുന്നു.[58] യൂറോപ്യൻ അമേരിക്കക്കാർക്കിടയിൽ, സമീപകാല കെൽറ്റിക്, ജർമ്മനി വംശജരിൽ പച്ച കണ്ണുകൾ സാധാരണമാണ്. വെറോണയിൽ നിന്നുള്ള 37.2% ഇറ്റലിക്കാരും 56% സ്ലൊവേനികളും നീല/പച്ച കണ്ണുകളുള്ളവരാണ്.[59] [60]
റെയ്ലി സ്കാറ്ററിംഗും ഐറിസിന്റെ മുൻവശത്തെ അതിർത്തി പാളിയിലെ മിതമായ അളവിലുള്ള മെലാനിനും ആണ് ഹേസൽ കണ്ണുകൾക്ക് കാരണം.[4][36] ഹേസൽ കണ്ണുകൾ പലപ്പോഴും തവിട്ടുനിറത്തിൽ നിന്ന് പച്ചയിലേക്ക് നിറം മാറുന്നതായി കാണപ്പെടുന്നു. തവിട്ടുനിറവും പച്ചയും അടങ്ങിയതാണ് ഹേസൽ നിറം എങ്കിലും, കണ്ണിലെ പ്രധാന നിറം തവിട്ട്/സ്വർണ്ണം അല്ലെങ്കിൽ പച്ച നിറത്തിൽ ആകാം. ഇതിനാലാണ് ചിലർ ഹേസൽ കണ്ണുകളെ അംബർ എന്നും തിരിച്ചും തെറ്റിദ്ധരിക്കുന്നത്.[61][62][63][64][65][66] [67] ഹേസൽ കണ്ണുകൾ ചിലപ്പോൾ ഒരു മൾട്ടി കളർ ഐറിസ് ഉണ്ടാക്കാം, അതായത്, പ്യൂപ്പിളിന് സമീപം ഇളം തവിട്ട്/ആമ്പർ, സൂര്യപ്രകാശത്തിൽ കാണുമ്പോൾ ഐറിസിന്റെ പുറം ഭാഗത്ത് ചാർകോൾ അല്ലെങ്കിൽ കടും പച്ച (അല്ലെങ്കിൽ തിരിച്ച്).
കണ്ണ് നിറങ്ങളിൽ ഹേസൽ നിറത്തിന്റെ നിർവചനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു: ഇത് ചിലപ്പോൾ, ഒരു ഹേസൽനട്ട് ഷെല്ലിന്റെ നിറം പോലെ ഇളം തവിട്ട് അല്ലെങ്കിൽ സ്വർണ്ണത്തിന്റെ പര്യായമായി കണക്കാക്കപ്പെടുന്നു.[61] [63] [66] [68]
കോക്കസോയിഡ് ജനസംഖ്യയിലുടനീളം ഹേസൽ കണ്ണുകൾ കാണപ്പെടുന്നു, പ്രത്യേകിച്ചും നീല, പച്ച, തവിട്ട് കണ്ണുള്ള ആളുകൾ പരസ്പരം കൂടിച്ചേർന്ന പ്രദേശങ്ങളിൽ.
വളരെ കുറഞ്ഞ അളവിലുള്ള മെലാനിൻ കാരണം ചില ലൈറ്റിംഗ് സാഹചര്യങ്ങളിൽ കടുത്ത രൂപത്തിലുള്ള ആൽബിനിസമുള്ള ആളുകളുടെ കണ്ണുകൾ ചുവന്നതായി കാണപ്പെടാം. രക്തക്കുഴലുകൾ കാണുന്നത് മൂലം ആണിത്. കൂടാതെ, ഫ്ലാഷ് ഫോട്ടോഗ്രാഫി ചിലപ്പോൾ ഒരു "റെഡ്-ഐ ഇഫക്റ്റിന്" കാരണമാകും, അതിൽ ഒരു ഫ്ലാഷിൽ നിന്നുള്ള വളരെ തിളക്കമുള്ള പ്രകാശം റെറ്റിനയിൽ നിന്ന് പ്രതിഫലിക്കുന്നു, ഇത് പ്യൂപ്പിൾ ചുവപ്പായി കാണിക്കുന്നു. എലിസബത്ത് ടെയ്ലറിനെപ്പോലുള്ള ചിലരുടെ ആഴത്തിലുള്ള നീലക്കണ്ണുകൾക്ക് ചില സമയങ്ങളിൽ വയലറ്റ് ദൃശ്യമാകുമെങ്കിലും, "യഥാർത്ഥ" വയലറ്റ് നിറമുള്ള കണ്ണുകൾ സംഭവിക്കുന്നത് ആൽബിനിസം മൂലമാണ്.[69]
ഇരുണ്ട ഐറിസ് നിറമുള്ളവരേക്കാൾ ഇളം ഐറിസ് നിറമുള്ളവർക്ക് പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ (ARMD) കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്;[65] ഇളം കണ്ണ് നിറം മാക്യുലർ ഡീജനറേഷൻ പുരോഗതിയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.[70] ചാരനിറത്തിലുള്ള ഐറിസ് ഒരു യൂവിയൈറ്റിസിന്റെ സാന്നിധ്യം സൂചിപ്പിക്കാം, നീല, പച്ച അല്ലെങ്കിൽ ചാരനിറമുള്ള കണ്ണുകളുള്ളവരിൽ യൂവിയൽ മെലനോമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.[57][71] അതേപോലെ, 2000 ലെ ഒരു പഠനം സൂചിപ്പിക്കുന്നത് ഇരുണ്ട തവിട്ട് നിറമുള്ള കണ്ണുകൾ ഉള്ളവർക്ക് തിമിരം വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ്, അതിനാൽ സൂര്യപ്രകാശം നേരിട്ട് എത്തുന്നതിൽ നിന്ന് അവരുടെ കണ്ണുകളെ സംരക്ഷിക്കണം എന്ന് പറയുന്നു.[72]
എടിപേസ് 7 ബി എന്ന എൻസൈമിനുള്ള ജീൻ കോഡിംഗിന്റെ ഒരു പരിവർത്തനം വിൻസൺസ് രോഗത്തിൽ ഉൾപ്പെടുന്നു. ഇത് കരളിനുള്ളിലെ ചെമ്പ്, കോശങ്ങളിലെ ഗോൾഗി വസ്തുക്കളിലേക്ക് പ്രവേശിക്കുന്നത് തടയുന്നു. പകരം, കരൾ, കണ്ണിന്റെ ഐറിസ് ഉൾപ്പെടെയുള്ള മറ്റ് ടിഷ്യുകൾ എന്നിവയിൽ ചെമ്പ് അടിഞ്ഞു കൂടുന്നു. ഇത് ഐറിസിനെ ചുറ്റുന്ന ഇരുണ്ട വളയങ്ങളായ കെയ്സർ-ഫ്ലെഷർ വളയങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നു.[73]
ഐറിസിന് പുറത്തുള്ള കണ്ണിൻ്റെ നിറത്തിൽ വരുന്ന വ്യത്യാസങ്ങൾ ചില രോഗങ്ങളുടെ ലക്ഷണമായിരിക്കാം. സ്ലീറയുടെ ("കണ്ണുകളുടെ വെള്ള") മഞ്ഞനിറം മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു,[74] ഇത് സിറോസിസ് അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് പോലുള്ള കരൾ രോഗങ്ങളുടെ ലക്ഷണമായിരിക്കാം.[75] സ്ലീറയുടെ നീല നിറവും രോഗത്തിൻറെ ലക്ഷണമായിരിക്കാം. പൊതുവേ, സ്ലീറയുടെ നിറത്തിൽ എന്തെങ്കിലും പെട്ടെന്നുള്ള മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ഉടൻ തന്നെ ഒരു നേത്ര രോഗ വിദഗ്ദ്ധനെ സമീപിക്കണം.
സാധാരണ നേത്ര പരിശോധനയിൽ തന്നെ ഐറിസിന്റെ അസാന്നിദ്ധ്യം ദൃശ്യമാകുന്ന, ഐറിസ് അവികസിതമായ ഒരു അവസ്ഥ ആണ് അനൈറിഡിയ.
സാധാരണയായി, ഐറിസിന്റെ പിൻഭാഗത്ത് കട്ടിയുള്ള മെലാനിൻ പാളിയുണ്ട്. ഐറിസിന്റെ മുൻവശത്ത് മെലാനിൻ ഇല്ലാത്ത ഇളം നീലക്കണ്ണുകളുള്ള ആളുകൾക്ക് പോലും അതിന്റെ പിന്നിൽ ഇരുണ്ട തവിട്ട് നിറമുണ്ട്. ഇത് കണ്ണിന് അകത്ത് പ്രകാശം ചിതറുന്നത് തടയാൻ സഹായിക്കും. ആൽബിനിസം നേരിയ തോതിൽ ബാധിച്ചവരിൽ ഐറിസിന്റെ നിറം സാധാരണയായി നീലയാണ്, പക്ഷേ ഇത് നീല മുതൽ തവിട്ട് വരെ വ്യത്യാസപ്പെടാം. ആൽബിനിസത്തിന്റെ കടുത്ത രൂപങ്ങളിൽ, ഐറിസിന്റെ പിൻഭാഗത്ത് പിഗ്മെന്റ് ഇല്ല, കൂടാതെ കണ്ണിനുള്ളിൽ നിന്നുള്ള പ്രകാശം ഐറിസിലൂടെ മുൻവശത്തേക്ക് കടക്കും. ഈ സന്ദർഭങ്ങളിൽ, കാണപ്പെടുന്ന ഒരേയൊരു നിറം ഐറിസിന്റെ കാപ്പിലറികളിലെ രക്തത്തിന്റെ ഹീമോഗ്ലോബിനിൽ നിന്നുള്ള ചുവപ്പാണ്. അത്തരം ആൽബിനോകൾക്ക് പിങ്ക് നിറമുള്ള കണ്ണുകളുണ്ട്. ആൽബിനോ മുയലുകൾ, എലികൾ അല്ലെങ്കിൽ മറ്റേതെങ്കിലും മൃഗങ്ങൾക്ക് ഉള്ളപോലെയാണിത്. ട്രാൻസ് ഇലുമിനേഷൻ വൈകല്യങ്ങൾ ഏതാണ്ട് എപ്പോഴും, സാധാരണ നേത്ര പരിശോധനയിലൂടെ നിരീക്ഷിക്കാൻ കഴിയും. ഒക്കുലാർ ആൽബിനോയിൽ റെറ്റിനയിലും സാധാരണ അളവിൽ മെലാനിൻ ഇല്ല, ഇത് റെറ്റിനയിൽ നിന്നുള്ള പ്രകാശത്തിന്റെ പ്രതിഫലനം സാധാരണയിൽ കൂടുതൽ ആകാൻ കാരണമാകുന്നു. ഇക്കാരണത്താൽ, ആൽബിനോ വ്യക്തികളിൽ പ്യൂപ്പിളറി റിഫ്ലെക്സ് കൂടുതൽ പ്രകടമാണ്, ഇത് ഫോട്ടോഗ്രാഫുകളിലെ ചുവന്ന കണ്ണ് പ്രഭാവത്തെ ഊന്നിപ്പറയുന്നു .
ഒരു ഐറിസ് നിറം മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായ അവസ്ഥയാണ് സമ്പൂർണ്ണ ഹെറ്ററോക്രോമിയ, ഐറിസിന്റെ ഒരു ഭാഗം ബാക്കി ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ നിറത്തിൽ വരുന്നതാണ് ഭാഗിക ഹെറ്ററോക്രോമിയ അല്ലെങ്കിൽ സെക്ടറൽ ഹെറ്ററോക്രോമിയ. ഇത് ഒരു ഐറിസ് അല്ലെങ്കിൽ ഐറിസിന്റെ ചിലഭാഗങ്ങലിൽ പിഗ്മെന്റ് അളവ് കൂടുന്നത് മൂലം ആണ് ഉണ്ടാകുന്നത്. ഇത് രോഗമോ പരിക്കോ മൂലം അല്ലെങ്കിൽ പാരമ്പര്യമായി സംഭവിക്കാം.[76] അസമമായ മെലാനിൻ മൂലമാണ് ഈ അസാധാരണ അവസ്ഥ സാധാരണയായി ഉണ്ടാകുന്നത്. ജനിതക അസുഖങ്ങളായ ചിമെറിസം, ഹോർണേഴ്സ് സിൻഡ്രോം, വാർഡൻബർഗ് സിൻഡ്രോം എന്നിവ ഉൾപ്പെടെ നിരവധി കാരണങ്ങൾ ഇതിന് ഉത്തരവാദികളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.