കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
അഞ്ച് തവണ നിയമസഭാംഗം, മൂന്ന് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, രണ്ട് തവണ ലോക്സഭാംഗം, ഒരു കേന്ദ്രഭരണ പ്രദേശമുൾപ്പെടെ രണ്ട് സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു വക്കം ബി. പുരുഷോത്തമൻ. [1][2][3] (1928-2023) രണ്ട് തവണയായി കൂടുതൽ കാലം (5 വർഷം) കേരള നിയമസഭ സ്പീക്കറായിരുന്നയാളും വക്കം പുരുഷോത്തമൻ തന്നെയാണ്. 2006 ജനുവരി - ഫെബ്രുവരി കാലയളവിൽ യു.ഡി.എഫ് സർക്കാരിൻ്റെ നിയമസഭ കക്ഷി നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. [4]
വക്കം പുരുഷോത്തമൻ | |
---|---|
മിസോറാം ഗവർണർ | |
ഓഫീസിൽ 2011 - 2014 | |
മുൻഗാമി | മദൻ മോഹൻ ലഖേര |
പിൻഗാമി | കംല ബെനിവാൾ |
ത്രിപുര ഗവർണർ | |
ഓഫീസിൽ 30 ജൂൺ 2014 – 14 ജൂലൈ 2014 | |
മുൻഗാമി | ദേവാനന്ദ് കുൻവാർ |
പിൻഗാമി | പത്മനാഭ ആചാര്യ |
സംസ്ഥാന ധനകാര്യ - എക്സൈസ് വകുപ്പ് മന്ത്രി | |
ഓഫീസിൽ 2004-2006 | |
കേരള നിയമസഭ സ്പീക്കർ | |
ഓഫീസിൽ 2001-2004, 1982-1984 | |
നിയമസഭാംഗം | |
ഓഫീസിൽ 2001, 1982, 1980, 1977, 1970 | |
മണ്ഡലം | ആറ്റിങ്ങൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വക്കം, തിരുവിതാംകൂർ രാജ്യം, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ തിരുവനന്തപുരം, കേരളം, ഇന്ത്യ) | 12 ഏപ്രിൽ 1928
മരണം | 31 ജൂലൈ 2023 95) തിരുവനന്തപുരം, കേരളം, ഇന്ത്യ | (പ്രായം
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ലില്ലി പുരുഷോത്തമൻ |
കുട്ടികൾ | 3 |
As of 31 ജൂലൈ, 2023 ഉറവിടം: കേരള നിയമസഭ |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദവും അലിഗഢ് സർവകലാശാലയിൽ നിന്ന് എം.എ,എൽ.എൽ.ബി ബിരുദവും നേടിയ ശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. നിയമബിരുദദാരിയാണ്. എം.എ.എൽ.എൽ.ബിയാണ് വക്കത്തിൻ്റെ വിദ്യാഭ്യാസ യോഗ്യത.
1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കറിൻ്റെ നിർദ്ദേശപ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡൻറ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.[5]
ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ നിന്ന് 1970, 1977, 1980, 1982, 2001 വർഷങ്ങളിൽ നിയമസഭയിലെത്തി. 1971-1977, 1980-1981, 2004-2006 കാലയളവിൽ സംസ്ഥാന മന്ത്രിസഭകളിലംഗമായി. 1971-1977-ലെ സി.അച്യുതമേനോൻ മന്ത്രിസഭയിലെ കൃഷി, തൊഴിൽ എന്നീ വകുപ്പുകളുടെ മന്ത്രിയായ വക്കം 1980-ലെ നായനാർ സർക്കാരിൽ ആരോഗ്യ, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു.
1982-1984, 2001-2004 കാലയളവിൽ കേരള നിയമസഭ സ്പീക്കറായിരുന്ന വക്കം 1984 മുതൽ 1991 വരെ ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
2004-ൽ എ.കെ.ആൻറണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ പകരം മുഖ്യമന്ത്രിയാവാൻ ലീഡർ കെ.കരുണാകരൻ പിന്തുണച്ചെങ്കിലും ഐ ഗ്രൂപ്പുകാരുടെ പിന്തുണ ഉമ്മൻ ചാണ്ടിക്കായിരുന്നു. പിന്നീട് 2004-2006-ലെ ഒന്നാം ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ധനകാര്യ - എക്സൈസ് വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.
2006-ൽ ലോക സാമ്പത്തിക ഫോറത്തിൻ്റെ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി മഞ്ഞിൽ തെന്നിവീണ് പരിക്കേറ്റ് വിശ്രമത്തിലായിരുന്നപ്പോൾ ഇടക്കാലത്ത് യു.ഡി.എഫ് നിയമസഭ കക്ഷി നേതാവിൻ്റെ ചുമതല വഹിച്ചു. മുഖ്യമന്ത്രിയാവാതെ ക്ലിഫ് ഹൗസിൽ താമസിച്ച സംസ്ഥാനത്തെ ഏക കാബിനറ്റ് വകുപ്പ് മന്ത്രിയാണ് വക്കം പുരുഷോത്തമൻ.
1965, 1967 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ ആദ്യമായി ആറ്റിങ്ങലിൽ നിന്ന് നിയമസഭാംഗമായ വക്കം 1977, 1980, 1982 എന്നീ വർഷങ്ങളിൽ ആറ്റിങ്ങലിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി നിയമസഭ സ്പീക്കർ പദവി രാജിവച്ചു. 1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സുശീല ഗോപാലനെ തോൽപ്പിച്ച് ആലപ്പുഴയിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി. 1989-ൽ ലോക്സഭയിലേക്ക് അലപ്പുഴയിൽ നിന്ന് വീണ്ടും ജയിച്ചെങ്കിലും 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് നേതാവായിരുന്ന ടി.ജെ.ആഞ്ചലോസിനോട് പരാജയപ്പെട്ടു.
പിന്നീട് 1993 മുതൽ 1996 വരെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൻ്റെ ലെഫ്റ്റനൻ്റ് ഗവർണറായി പ്രവർത്തിച്ചു. 1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് നേതാവ് ആനത്തലവട്ടം ആനന്ദനോട് പരാജയപ്പെട്ടു. 2001-ൽ മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി. 2001 മുതൽ 2004 വരെ പതിനൊന്നാം കേരള നിയമസഭയുടെ സ്പീക്കർ, 2004-2006 കാലയളവിൽ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച വക്കം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
2011 മുതൽ 2014 വരെ മിസോറാമിൻ്റെയും 2014-ൽ ത്രിപുരയുടെ അധിക ചുമതലയുള്ള ഗവർണറായും പ്രവർത്തിച്ച വക്കം 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയതോടെ ഗവർണർ പദവി രാജിവയ്ക്കുകയായിരുന്നു.[6]
പ്രധാന പദവികളിൽ
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 95-മത്തെ വയസിൽ 2023 ജൂലൈ 31ന് അന്തരിച്ചു. ഓഗസ്റ്റ് രണ്ടിന് പകൽ 12ന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. [8][9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.