Remove ads
From Wikipedia, the free encyclopedia
ശ്രീലങ്കയിലെ രാജവംശത്തെ അധികരിച്ച് എഴുതപ്പെട്ട ഒരു ഇതിഹാസ കാവ്യമാണ് മഹാവംശം (Mahavamsa)[1]. പാലി ഭാഷയിലാണ് ഇത് എഴുതിയിട്ടുള്ളത്. ശ്രീലങ്കയുടെ പൗരാണിക കാലം മുതൽ അനുരാധപുരത്തെ മഹാനേശ (എ. ഡി. 302) ന്റെ കാലം വരെയുള്ള ചരിത്രം ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. എ. ഡി. ആറാം നൂറ്റാണ്ടിൽ അനുരാധപുരത്തെ ബുദ്ധക്ഷേത്രത്തിൽ വെച്ച് ഒരു ബുദ്ധഭിക്ഷു ഇത് രചിച്ചതായി കരുതപ്പെടുന്നു.
മഹാവംശത്തിന്റെ ഒരു ഭാഗമായി പരിഗണിക്കപ്പെടുന്ന ചൂളവംശം (Chulavamsa) മൂന്ന് വ്യത്യസ്ത രചയിതാക്കൾ ചേർന്ന് രചിച്ചതാണ്. ചരിത്രത്തിലെ മൂന്ന് ഭരണകാലഘട്ടങ്ങളെ ആധാരമാക്കിയാണ് ഇവയുടെ രചന. മഹാനേശന്റെ കാലഘട്ടം (277 - 304 CE) മുതൽ 1815 ൽ ബ്രിട്ടീഷ് ഭരണത്തിന് കീഴടങ്ങിയതു വരെയുള്ള കാലഘട്ടം ചൂളവംശത്തിൽ പ്രതിപാദിക്കുന്നു.
മഹാവംശത്തിന്റെ ആദ്യത്തെ അച്ചടി രൂപം പുറത്തിറങ്ങിയത് ഇംഗ്ലീഷ് ഭാഷയിലാണ്. സിലോൺ സിവിൽ സർവ്വീസിൽ ഓഫീസറായിരുന്ന ചരിത്രകാരൻ 1837- ൽ ജോർജ്ജ് ടർണർ 1837 - ൽ ഇത് പ്രസിദ്ധീകരിച്ചു. വില്യം ഗീഗർ മഹാവംശം ജർമ്മൻ ഭാഷയിലേക്ക് ഭാഷാന്തരം നടത്തി 1912 ൽ പ്രസിദ്ധീകരിച്ചു[2].
ശ്രീലങ്കയിലെ ബുദ്ധിസത്തിന്റെ തുടക്കം മുതലുള്ള ചരിത്രരേഖയായി മഹാവംശത്തെ കാണാം. ഇന്ത്യയിലെ ബുദ്ധിസത്തിന്റെ ചെറിയൊരു ചരിത്രവിവരണവും ഇതിലുണ്ട്. അനുരാധപുരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ബുദ്ധ സന്യാസിമാർ മൂന്നാം നൂറ്റാണ്ട് മുതൽക്കുള്ള ശ്രീലങ്കയുടെ ചരിത്ര വസ്തുതകൾ രേഖപ്പെടുത്തി വെച്ചിരുന്നു. ഈ ചരിത്ര ശകലങ്ങൾ അഞ്ചാം നൂറ്റാണ്ടിൽ ശേഖരിച്ച് ഒരു രേഖയാക്കുകയായിരുന്നു. മുൻപ് പല കാലങ്ങളിലായി എഴുതപ്പെട്ട ദിപവംശം , കുലവംശം എന്നിവയും മഹാവംശത്തിന്റെ രചനയിൽ അവലംബമായിട്ടുണ്ട്[3],[4][5].
ഒരു ചരിത്രരേഖ എന്നതിന് ഉപരിയായി പാലി ഭാഷയിലുള്ള ഒരു ഇതിഹാസ കാവ്യം കൂടിയാണ് മഹാവംശം. ഇതിലെ കഥകൾ ആ കാലഘട്ടങ്ങളിൽ നടന്ന യുദ്ധങ്ങൾ, കടന്നുകയറ്റങ്ങൾ, കോടതി നടപടികൾ തുടങ്ങിയവയുടെ വ്യക്തമായ ഒരു രേഖാചിത്രം നൽകുന്നുണ്ട്. കൊട്ടാരങ്ങൾ, കോട്ടകൾ, സ്തൂപങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ ചരിത്രവും ഇവയിലുണ്ട്. അക്കാലത്തെ ബുദ്ധ ജീവിതക്രമത്തിന്റെ ഒരു നേർ ചിത്രമായും മഹാവംശത്തെ കാണാം. രാജഭരണത്തിന്റെ ചരിത്രമാണെങ്കിലും സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളുടെയും ജീവിത രീതികളുടേയും വിവരണം കൂടി ഇതിലുണ്ട്[6],[7].
മഹാവംശ മഹാകാവ്യത്തിന്റെ ഭാഗങ്ങൾ പല ലോകഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ടു. മഹാ വംശത്തിന്റെ അധികവിവരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ട രൂപം കമ്പോഡിയയിൽ നിന്നും ലഭിച്ചിട്ടുണ്ട്[8]. പാലി ഭാഷയുടേയും അതുവഴി ഒരു സംസ്കാരത്തിന്റേയും കേന്ദ്രമാകാൻ മഹാവംശത്തിന് സാധിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ രാഷ്ട്രീയ മേഖലയിലും മഹാവംശത്തിന്റെ സ്വാധീനവും പ്രസക്തിയും വലുതാണ്. ഭൂരിപക്ഷ വിഭാഗമായ സിംഹളർ, ശ്രീലങ്ക പുരാതന കാലം മുതൽ ബുദ്ധവിശ്വാസികളുടേതായിരുന്നു എന്ന് സ്ഥാപിക്കാൻ ഈ ഇതിഹാസ കാവ്യമാണ് ആധാരമാക്കുന്നത്[9],[9]:148[10] .
മഹാവംശത്തിൽ രേഖപ്പെടുത്തിയ കാലഘട്ടങ്ങൾ പലതും ചരിത്രപരമായി പൂർണ്ണമായും ശരിയല്ല എന്നൊരു വാദം കൂടിയുണ്ട്. വിജയ രാജാവ് ശ്രീലങ്കയിലെത്തിയ കാലഘട്ടം, ഗൗതമബുദ്ധന്റെ മരണ കാലവുമായി (543 BCE) ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം പൊരുത്തപ്പെടുന്നില്ല എന്നാണ് ചരിത്രകാരന്മാരുടെ വാദം[11][12]. മഹിന്ദ, ശ്രീലങ്കൻ രാജാവിനെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു എന്ന് പറയുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജർമ്മൻ പ്രതിഭയും ഇന്ത്യൻ ചരിത്ര ഗവേഷകനുമായ ഹെർമൻ ഓഡൻബെർഗ് (Hermann Oldenberg), ഇതിനെ " ശുദ്ധമായ കണ്ടു പിടിത്തം" എന്നാണ് വിശേഷിപ്പിക്കുന്നത്[13].
അശോക രാജാവ് ബുദ്ധ മിഷനറിമാരെ ശ്രീലങ്കയിലേക്ക് അയച്ച കാലത്തെക്കുറിച്ചും വിരുദ്ധ അഭിപ്രായമുണ്ട്. മഹാവംശം രേഖപ്പെടുത്തിയതു പ്രകാരം ഇത് 255 BCE യിലാണ്. എന്നാൽ, അശോക സ്തൂപങ്ങളിലെ ശാസനങ്ങൾ പ്രകാരം ഇത് 260 BCE യിൽ ആയിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.