കാഴ്ചയ്ക്കായുള്ള മനുഷ്യ അവയവം From Wikipedia, the free encyclopedia
മനുഷ്യരിൽ പ്രകാശത്തോട് പ്രതികരിക്കുകയും കാഴ്ച എന്ന അനുഭവം സാധ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു അവയവമാണ് മനുഷ്യ നേത്രം. റെറ്റിനയിലെ റോഡ്, കോൺ കോശങ്ങൾ ബോധപൂർവമായ പ്രകാശ ധാരണയും, വർണ്ണ കാഴ്ചയും, ആഴത്തെക്കുറിച്ചുള്ള ധാരണയും ഉൾപ്പെടെയുള്ള കാഴ്ച സാധ്യമാകുന്നതിൽ പങ്ക് വഹിക്കുന്നു. മനുഷ്യന്റെ കണ്ണിന് ഏകദേശം 10 ദശലക്ഷം നിറങ്ങൾ[1] തമ്മിൽ വേർതിരിച്ചറിയാൻ കഴിയും, മാത്രമല്ല ഒരൊറ്റ ഫോട്ടോൺ കണ്ടെത്താനും ഇത് പ്രാപ്തമാണ്. [2] ശരീരത്തിലെ സെൻസറി നാഡീവ്യവസ്ഥയുടെ ഭാഗമാണ് കണ്ണ്.
മനുഷ്യ നേത്രം | |
---|---|
Details | |
Identifiers | |
Latin | Oculi Hominum |
Greek | ἀνθρώπινος ὀφθαλμός |
MeSH | D005123 |
TA | A01.1.00.007 A15.2.00.001 |
FMA | 54448 |
Anatomical terminology |
മറ്റ് സസ്തനികളുടെ കണ്ണുകൾക്ക് സമാനമായി, മനുഷ്യന്റെ കണ്ണിലും കാഴ്ചയിൽ പങ്കില്ലാത്ത മൂന്നാമത്തെ തരം കോശങ്ങളുണ്ട്. ഫോട്ടോസെൻസിറ്റീവ് ഗാംഗ്ലിയൻ സെല്ലുകൾ എന്ന് അറിയപ്പെടുന്ന ഇവ പ്യൂപ്പിളിൻറെ വലുപ്പം ക്രമീകരിക്കൽ, മെലറ്റോണിൻ എന്ന ഹോർമോൺ നിയന്ത്രണവും അടിച്ചമർത്തലും, ശരീര ക്ലോക്കിന്റെ പ്രവർത്തനം എന്നിവയെ സഹായിക്കുന്നു.[3]
മനുഷ്യ നേത്രം തികഞ്ഞ ഗോളാകൃതിയിലല്ല ഉള്ളത്, മറിച്ച് ഇത് മുൻഭാഗത്തെ സെഗ്മെന്റും പിൻഭാഗത്തെ സെഗ്മെന്റും ചേർന്ന ഒരു ഫ്യൂസ്ഡ് ടു-പീസ് യൂണിറ്റാണ്. കോർണിയ, ഐറിസ്, ലെൻസ് എന്നിവ ചേർന്നതാണ് ആന്റീരിയർ സെഗ്മെന്റ്. കോർണിയ സുതാര്യവും കൂടുതൽ വളഞ്ഞതുമാണ്, ഇത് വലിയ പിൻഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പോസ്റ്റീരിയർ സെഗ്മെന്റിൽ, വിട്രിയസ്, റെറ്റിന, കോറോയിഡ്, സ്ലീറ (വെളുത്ത ഭാഗം) എന്നിവ ഉൾക്കൊള്ളുന്നു. കോർണിയ വ്യാസം ഏകദേശം 11.5 മില്ലിമീറ്റർ ആണ് (0.3 ഇഞ്ച്), കേന്ദ്ര ഭാഗത്തുള്ള കനം ഏകദേശം 0.5 മില്ലിമീറ്ററും (500 μm). കണ്ണിന്റെ ആറിൽ അഞ്ച് ഭാഗവും വരുന്നത് പിൻഭാഗത്തെ അറയാണ്. അതിന്റെ വ്യാസം സാധാരണയായി 24 മില്ലിമീറ്റർ ആണ്. ലിംബസ് എന്ന് വിളിക്കുന്ന ഒരു പ്രദേശമാണ് കോർണിയയും സ്ക്ലെറയും കൂടിച്ചേരുന്നത്. കണ്ണിന്റെ മധ്യഭാഗത്തുള്ള ഇരുണ്ട നിറത്തിൽ കാണുന്ന വൃത്താകൃതിയിലുള്ള ഘടനയാണ് ഐറിസ്, ഐറിസിനു നടുക്കുള്ള ദ്വാരമായ പ്യൂപ്പിൾ കറുത്തതായി കാണപ്പെടുന്നു. കണ്ണിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്ന പ്യൂപ്പിളിൻറെ വലുപ്പം, ഐറിസിലെ ഡൈലേറ്റർ, സ്പിൻക്റ്റർ പേശികൾ എന്നിവ നിയന്ത്രിക്കുന്നു.
കോർണിയയിലൂടെ കടക്കുന്ന പ്രകാശം പ്യൂപ്പിളിലൂടെ കടന്ന് ലെൻസിലൂടെ റെറ്റിനയിൽ കേന്ദ്രീകരിക്കുന്നു. അടുത്തുള്ള വസ്തുക്കളിൽ ദൃഷ്ടി കേന്ദ്രീകരിക്കുവാൻ (അക്കൊമഡേഷൻ) ലെൻസിൻറെ ആകൃതി സിലിയറി പേശികളാൽ നിയന്ത്രിക്കപ്പെടുന്നു. റെറ്റിനയിലെ പ്രകാശ-സെൻസിറ്റീവ് സെല്ലുകളിൽ വീഴുന്ന പ്രകാശത്തിന്റെ ഫോട്ടോണുകൾ (ഫോട്ടോറിസെപ്റ്റർ കോണുകളും റോഡുകളും) വൈദ്യുത സിഗ്നലുകളായി പരിവർത്തനം ചെയ്യപ്പെടുന്നു, അവ ഒപ്റ്റിക് നാഡി വഴി തലച്ചോറിലേക്ക് എത്തുകയും കാഴ്ച ആയി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
അനുബന്ധ ഘടനകൾ ഒഴിവാക്കി ഗ്ലോബ് ആകൃതിയിലുള്ള ഐബോൾ മാത്രം സൂചിപ്പിക്കാൻ കണ്ണിന്റെ ഗ്ലോബ്, അല്ലെങ്കിൽ ബൾബസ് ഒക്കുലി (bulbus oculi) എന്നീ പദങ്ങൾ ഉപയോഗിക്കാറുണ്ട്.
കണ്ണിന്റെ വലുപ്പം മുതിർന്നവരിൽ ആളുകൾക്കിടയിൽ ഒന്നോ രണ്ടോ മില്ലിമീറ്റർ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. ഐബോളിന്റെ വീതി സാധാരണയായി നീളത്തെക്കാൾ കുറവാണ്. ഒരു മുതിർന്നയാളിന്റെ കണ്ണിന്റെ സാഗിറ്റൽ ലംബ ഉയരം ഏകദേശം 23.7 മില്ലിമീറ്റർ ആണ്, തിരശ്ചീന വ്യാസം ഏകദേശം 24.2 മില്ലീമീറ്ററും ആണ്. ആൻറീരിയോ-പോസ്റ്റീരിയർ വലുപ്പം (ആഴം) ശരാശരി 22.0–24.8 മില്ലിമീറ്റർ ആണ്. ഈ അളവുകളിൽ ലിംഗഭേദവും പ്രായ വിഭാഗവും തമ്മിൽ കാര്യമായ വ്യത്യാസമില്ല.[4] തിരശ്ചീന വ്യാസവും ഓർബിറ്റിന്റെെ വീതിയും (r = 0.88) തമ്മിൽ ശക്തമായ ബന്ധം കണ്ടെത്തിയിട്ടുണ്ട്.[5] സാധാരണ മുതിർന്ന കണ്ണിന് 24 മില്ലിമീറ്റർ മുൻ-പിൻ വ്യാസവും, ആറ് ക്യുബിക് സെന്റിമീറ്റർ വ്യാപ്തവും (0.4 ക്യുബി. ഇഞ്ച്) ഉണ്ട്. [6]
വിവിധ ഘടനകളെ ഉൾക്കൊള്ളുന്ന മൂന്ന് കോട്ടുകൾ അല്ലെങ്കിൽ പാളികളാലാണ് കണ്ണ് നിർമ്മിച്ചിരിക്കുന്നത്. ഫൈബ്രസ് ട്യൂണിക് എന്നറിയപ്പെടുന്ന ഏറ്റവും പുറം പാളി കോർണിയയും സ്ലീറയും ചേർന്നതാണ്, ഇത് കണ്ണിന് രൂപം നൽകുകയും ആഴത്തിലുള്ള ഘടനകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വാസ്കുലർ ട്യൂണിക് അല്ലെങ്കിൽ യൂവിയ എന്നറിയപ്പെടുന്ന മധ്യ പാളിയിൽ കോറോയിഡ്, സിലിയറി ബോഡി, പിഗ്മെന്റഡ് എപിത്തീലിയം, ഐറിസ് എന്നിവ അടങ്ങിയിരിക്കുന്നു. ഏറ്റവും ആന്തരികമായ പാളി റെറ്റിനയാണ്, റെറ്റിനയ്ക്ക് കോറോയിഡിന്റെ രക്തക്കുഴലുകളിൽ നിന്നും (പിൻവശം) റെറ്റിന രക്തക്കുഴലുകളിൽ നിന്നും (മുൻഭാഗത്ത്) ഓക്സിജൻ ലഭിക്കുന്നു.
കോർണിയയ്ക്കും ലെൻസിനുമിടയിലെ ഇടങ്ങൾ അക്വസ് ഹ്യൂമർ കൊണ്ട് നിറഞ്ഞിരിക്കുന്നു. ലെൻസിന് പിന്നിൽ, വിട്രിയസ് അറ നിറഞ്ഞിരിക്കുന്നത് ജെല്ലി പോലുള്ള പദാർത്ഥമായ വിട്രിയസ് ബോഡി കൊണ്ടാണ്. കോർണിയയ്ക്കും ഐറിസിനും ഇടയിലുള്ള മുൻ അറ, ഐറിസിനും ലെൻസിനും ഇടയിലുള്ള പിൻ അറ എന്നീ രണ്ട് അറകളിൽ നിറഞ്ഞിരിക്കുന്ന അക്വസ് ഹ്യൂമർ ജലമയമാണ്. നൂറുകണക്കിന് മികച്ച സുതാര്യമായ നാരുകൾ ചേർന്ന സസ്പെൻസറി ലിഗമെന്റ് (സോണ്യൂൾ ഓഫ് സിൻ) ഉപയോഗിച്ച്, ലെൻസ് സിലിയറി ബോഡിയിലേക്ക് സസ്പെൻഡ് ചെയ്യുന്നു. അടുത്ത് കാണുന്നതിന്, പേശികളുടെ സഹായത്താൽ ലെൻസിന്റെ ആകൃതി മാറ്റുന്നതിന് (ഫോക്കസിംഗ്) സഹായിക്കുന്നത് സീലിയറി പേശിയാണ്. ജലവും പ്രോട്ടീനും ചേർന്ന വ്യക്തമായ പദാർത്ഥമാണ് വിട്രിയസ് ബോഡി, ഇത് ജെല്ലി പോലുള്ളതും സ്റ്റിക്കി ഘടനയുള്ളതുമാണ്.[7]
ഒരു വ്യക്തിയുടെ കണ്ണിന്റെ ഏകദേശ കാഴ്ച വ്യാപ്തി സാധാരണയായി ഫിക്സേഷൻ പോയിന്റിൽ, അതായത്, ഒരാളുടെ നോട്ടം നയിക്കപ്പെടുന്ന പോയിൻറിൽ നിന്ന്, മുകളിലേക്ക് 60° ( നെറ്റിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു), മൂക്കിൻറെ വശത്തേക്ക് 60° (മൂക്കിനാൽ പരിമിതപ്പെടുത്തിയിരിക്കുന്നു), താഴേക്ക് 70°, മൂക്കിന് എതിർ വശത്തേക്ക് 90° യിലും കൂടുതൽ എന്നിങ്ങനെയാണ്. രണ്ട് കണ്ണുകൾക്കും കൂടി (ബൈനോക്കുലർ) വിഷ്വൽ ഫീൽഡ് 135° ലംബവും 200° തിരശ്ചീനവുമാണ്.[8] [9] 4.17 സ്റ്റെറാഡിയൻസ് അല്ലെങ്കിൽ 13700 ചതുരശ്ര ഡിഗ്രി വിസ്തൃതിയുള്ള സ്ഥലമാണിത്.[10] വശത്ത് നിന്ന് വലിയ കോണുകളിൽ കാണുമ്പോൾ, ഐറിസും പ്യൂപ്പിളും കാഴ്ചക്കാരന് ദൃശ്യമാകാം, ഇത് ആ കോണിൽ വ്യക്തിക്ക് പെരിഫറൽ കാഴ്ച ഉണ്ടെന്ന് സൂചിപ്പിക്കുന്നു.[11] [12] [13] ഫേഷ്യൽ അനാട്ടമി അനുസരിച്ച് അളവുകളിൽ വ്യത്യാസമുണ്ടാവാം.
ഏകദേശം 15° മാറിയും തിരശ്ചീനത്തിന് 1.5° താഴെയുമാണ് ഒപ്റ്റിക് നാഡി സൃഷ്ടിച്ച അന്ധത, ഇത് അന്ധബിന്ദു എന്ന് അറിയപ്പെടുന്നു. ഇത് ഏകദേശം 7.5° ഉയരവും 5.5° വീതിയുമുള്ളതാണ്.[14]
റെറ്റിനയ്ക്ക് 100:1 എന്ന സ്റ്റാറ്റിക് കോൺട്രാസ്റ്റ് അനുപാതമുണ്ട് (ഏകദേശം 6.5 എഫ്-സ്റ്റോപ്പുകൾ). ഒരു ലക്ഷ്യത്തിലേക്ക് (സാക്കേഡുകൾ) നോട്ടമുറപ്പിക്കുന്നതിനായി കണ്ണ് അതിവേഗം നീങ്ങുമ്പോൾ, കണ്ണിലെ ഐറിസ് പ്യൂപ്പിൾ വലുപ്പം ക്രമീകരിച്ചുകൊണ്ട് എക്സ്പോഷർ വീണ്ടും ക്രമീകരിക്കുന്നു. ഇരുട്ടിനോടുള്ള പ്രാരംഭ അഡാപ്റ്റേഷൻ ഏകദേശം നാല് സെക്കൻഡിൽ തന്നെ നടക്കുന്നു. മുപ്പത് മിനിറ്റിനുള്ളിൽ, റെറ്റിന റോഡ് ഫോട്ടോറിസെപ്റ്ററുകളിലെ ക്രമീകരണങ്ങളിലൂടെയുള്ള അഡാപ്റ്റേഷൻ 80% പൂർത്തിയാകും. ഈ പ്രക്രിയ ലീനിയറും ബഹുമുഖവുമാണ്, അതിനാൽ ലൈറ്റ് എക്സ്പോഷർ തടസ്സപ്പെടുത്തുന്നതിന് ഡാർക്ക് അഡാപ്റ്റേഷൻ പ്രക്രിയ വീണ്ടും ആരംഭിക്കേണ്ടതുണ്ട്. പൂർണ്ണമായ അഡാപ്റ്റേഷൻ നല്ല രക്തപ്രവാഹത്തെ കൂടി ആശ്രയിച്ചിരിക്കുന്നതിനാൽ റെറ്റിന രോഗം, മോശം വാസ്കുലർ രക്തചംക്രമണം, ഉയർന്ന എക്സ്പോഷർ എന്നിവ ഇരുട്ടിനോടുള്ള കണ്ണിൻ്റെ പൊരുത്തപ്പെടുത്തലിനെ തടസ്സപ്പെടുത്താം. മനുഷ്യന്റെ കണ്ണിന് 1014 വരെയുള്ള പ്രകാശ ശ്രേണി (അല്ലെങ്കിൽ നൂറു ട്രില്യൺ (100,000,000,000,000) (ഏകദേശം 46.5 എഫ്-സ്റ്റോപ്പുകൾ), അല്ലെങ്കിൽ ഒരു ചതുരശ്ര മീറ്ററിന് ഒരു മില്ല്യൺ (0.000001) മുതൽ 108 സിഡി/എം2 വരെ അല്ലെങ്കിൽ ഒരു ചതുരശ്ര മീറ്ററിന് നൂറു ദശലക്ഷം (100,000,000) കാൻഡല) കണ്ടെത്താൻ കഴിയും.[15] [16] [17] ഈ ശ്രേണിയിൽ ഉച്ചതിരിഞ്ഞ് സൂര്യനെ നോക്കുന്നത് (109 സിഡി/മീ2 )[18] അല്ലെങ്കിൽ മിന്നൽ ഡിസ്ചാർജ് ഉൾപ്പെടുന്നില്ല.
ശ്രേണിയുടെ താഴ്ന്ന അറ്റത്ത്, വിശാലമായ കാഴ്ച പരിധിയിയിൽ, സ്ഥിരമായ ഒരു പ്രകാശത്തിനായുള്ള കാഴ്ചയുടെ കേവല പരിധി ഏകദേശം 10−6 സിഡി/മീ2 (ചതുരശ്ര മീറ്ററിന് 0.000001 കാൻഡെല) വരും.[19] [20] സാധാരണ വിഷ്വൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 108 സിഡി/മീ2 (ചതുരശ്ര മീറ്ററിന് 100,000,000 അല്ലെങ്കിൽ നൂറു ദശലക്ഷം കാൻഡല) ആയി ശ്രേണിയുടെ മുകൾഭാഗം നൽകിയിരിക്കുന്നു.[21]
ക്യാമറകൾ പോലുള്ള ഒപ്റ്റിക്കൽ ഉപകരണങ്ങളിൽ കാണപ്പെടുന്ന ലെൻസുകൾക്ക് സമാനമായ ലെൻസ് കണ്ണിലും ഉൾപ്പെടുന്നതിനാൽ അതേ ഭൗതികശാസ്ത്ര തത്വങ്ങളും പ്രയോഗിക്കാൻ കഴിയും. മനുഷ്യന്റെ കണ്ണിലെ പ്യൂപ്പിൾ അതിന്റെ അപ്പർച്ചറാണ്; അപ്പർച്ചർ സ്റ്റോപ്പായി പ്രവർത്തിക്കുന്ന ഡയഫ്രമാണ് ഐറിസ്. കോർണിയയിലെ റിഫ്രാക്ഷൻ കാരണം ഫലപ്രദമായ അപ്പർച്ചർ, ഫിസിക്കൽ പ്യൂപ്പിൾ വ്യാസത്തിൽ നിന്ന് അല്പം വ്യത്യാസപ്പെടാൻ കാരണമാകുന്നു. പ്യൂപ്പിൾ ദ്വാരത്തിന് സാധാരണയായി 4 മില്ലീമീറ്റർ വ്യാസമുണ്ട്, ഇത് നല്ല പ്രകാശത്തിൽ 2 മി.മീ (എഫ്8.3) മുതൽ, തീരെ വെളിച്ചമില്ലാത്ത അവസ്ഥയിൽ 8 മില്ലീമീറ്റർ (എഫ്2.1) വരെയാകാം. പ്രായത്തിനനുസരിച്ച് ഇതിൽ വ്യത്യാസം വരാം. പ്രായമായവരുടെ പ്യൂപ്പിൾ വ്യാസം ഇരുട്ടിൽ 5–6 മില്ലിമീറ്ററിൽ കൂടാറില്ല, വെളിച്ചത്തിൽ ഇത് 1 മില്ലിമീറ്റർ വരെ ചെറുതാകുകയും ചെയ്യാം.[22] [23]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.