ക്രിസ്തു വർഷം 16,17,18 നൂറ്റാണ്ടുകളിൽ മുഗളരുടെ ഭരണകാലത്ത് നിലനിന്നിരുന്ന വാസ്തുശൈലിയാണ് മുഗൾ വാസ്തുവിദ്യ (Mughal architecture) എന്നറിയപ്പെടുന്നത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീരാജ്യങ്ങളിലെല്ലാം മുഗൾ സാമ്രാജ്യകാലത്തെ നിർമിതികൾ അവശേഷിക്കുന്നുണ്ട്. ഇസ്ലാമിക്-പേർഷ്യൻ-തുർകി-ഭാരതീയ വാസ്തുവിദ്യകളുടെ സങ്കരരൂപമാണ് മുഗൾ വാസ്തുവിദ്യ[1][2]
സാമ്രാജ്യസ്ഥാപകനായ ബാബർ നിർമിച്ച ചില നിർമിതികളോടെയാണ് മുഗൾ വാസ്തുവിദ്യയുടെ ബാല്യകാലം ആരംഭിക്കുന്നത്. അഞ്ചുവർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലത്തെ നിർമിതികളിൽ വളരെ കുറച്ചെണ്ണം മാത്രമേ ഇന്നവശേഷിക്കുന്നുള്ളൂ. പ്രമുഖ മുഗൾചക്രവർത്തിമാരിൽ ഔറംഗസേബ് ഒഴികെയുള്ളവരെല്ലാം വാസ്തുവിദ്യയെ പ്രോത്സാഹിപ്പിച്ചിരുന്നു. മുഗൾ വാസ്തുവിദ്യയുടെ ഒരു പ്രധാന ഘട്ടം അക്ബറിന്റെ ഭരണകാലമാണ്. ചുവന്ന മണൽക്കല്ലിൽ പൊതിഞ്ഞ നിർമിതികളായിരുന്നു ഈ കാലത്തെ പ്രത്യേകത. രണ്ടാമത് ഷാജഹാന്റെ കാലഘട്ടമാണ് പ്രസിദ്ധം. വെണ്ണക്കല്ല്, മുഗൾനിർമിതികളിൽ അതിന്റെ അദ്വിതീയ സ്ഥാനം ഉറപ്പിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഷാജഹാനുശേഷം വന്ന ഔറംഗസേബിന്റെ കാലത്ത് മുഗൾ വാസ്തുവിദ്യ വികസിച്ചില്ല. പിന്നീടുവന്ന ചക്രവർത്തിമാരും മുഗൾ വാസ്തുവിദ്യയ്ക്ക് കാര്യമായ സംഭാവനകൾ ഒന്നുംതന്നെ നൽകിയില്ല. ഇന്ത്യൻ, പാകിസ്താനി, അഫ്ഗാനി, ഇറാനി വാസ്തുവിദ്യകളിലെല്ലം ഇന്നും മുഗൾ വാസ്തുവിദ്യയുടെ സ്വാധീനം ദർശിക്കാൻ സാധിക്കും.[3]
ബാബർ
ബാബറിന്റെ കാലത്ത് വളരെയധികം നിർമിതികളൊന്നും സൃഷ്ടിക്കപ്പെട്ടില്ല. കേവലം അഞ്ചുവർഷങ്ങൾ മാത്രമാണ് ബാബർ ഭരണത്തിലിരുന്നത് എന്നതാണ് ഒരു കാരണം. ഹൈന്ദവ വാസ്തുവിദ്യയിലെപോലെ സങ്കീർണ്ണമായ കൊത്തുപണികളും പേർഷ്യ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഇസ്ലാമിക ശൈലിയുടേയും സ്വധീനം ബാബറിന്റെ നിർമിതികളുടെ പ്രത്യേകതയാണ്. നിർവധി ഉദ്യാനങ്ങളും ഈ കാലത്ത് രാജ്യ വ്യാപകമായി നിർമ്മിക്കുകയുണ്ടായി.
ഹുമയൂണിന്റെ ശവകുടീരം
യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിരിക്കുന്ന പുരാസ്മാരകമായ ഹുമയൂണിന്റെ ശവകുടീരം, രണ്ടാമത്തെ മുഗൾ ചക്രവർത്തിയായ ഹുമയുണിന്റെ കല്ലറയടങ്ങുന്ന സമുച്ചയമാണ്. താജ്മഹലിനേക്കാളും ഉൽകൃഷ്ട സൃഷ്ടിയായാണ് ഈ ശവകുടീരത്തെ ചില ചരിത്രകാരന്മാർ കണക്കാക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ ഉദ്യാനശവകുടീരമാണ് ഇത്. ഡൽഹിയിലാണ് ഈ നിർമിതി സ്ഥിതിചെയ്യുന്നത്. ചാർ ബാഗ് എന്നറിയപ്പെടുന്ന ഉദ്യാനവും ശവകുടീരമന്ദിരവും ചേരുന്ന നിർമിതിയെ അനുകരിച്ചാണ് താജ്മഹൽ നിർച്ചിരിക്കുന്നത്. അക്ബറിന്റെ കാലത്ത് പണിതീർത്തതാണെങ്കിലും ഈ ശവകുടീരത്തിന്റെ നിർമ്മാണ മേൽനോട്ടം വഹിച്ചത് ഹുമയൂണിന്റെ പത്നിയായിരുന്ന ഹമീദാ ബാനു ബീഗമാണ്. അതിനായി അവർ മിരാക് മിർസ ഘിയാസ് എന്ന വാസ്തുശില്പിയെ പേർഷ്യയിൽ നിന്നും വരുത്തി. ഹുമയൂണിന്റെ മാത്രമല്ല മുഗൾ രാജവംശത്തില്പെട്ട നിരവധി ആളുകളുടെ ശവകല്ലറകളും ഈ സമുച്ചയത്തിനകത്തുണ്ട്. അതുകൊണ്ടുതന്നെ മുഗളരുടെ കിടപ്പാടം എന്നൊരു വിളിപ്പേരും ഈ നിർമിതിക്കുണ്ട്.
അക്ബർ
ഹുമയൂണിന്റെ മരണശേഷം അധികാരത്തിലെത്തിയത് തന്റെ പുത്രനായ അക്ബറായിരുന്നു. നിരക്ഷരനായിരുന്നിട്ടുകൂടിയും സാഹിത്യം, സംഗീതം, കലാ എന്നീരംഗങ്ങളിൽ അക്ബർ വലിയ തല്പരനായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നിലനിന്നിരുന്ന വാസ്തുവിദ്യയെ അക്ബറി വാസ്തുവിദ്യ (Akbari Architecture) എന്നാണ് വിശേഷിപ്പിക്കുന്നത്. അക്ബറിന്റെ ഭരണകാലത്ത് ആഗ്രയായിരുന്നു മുഗളന്മാരുടെ ആസ്ഥാനം. ആയതിനാൽ അക്ബർ പണികഴിപ്പിച്ച ഭൂരിഭാഗം നിർമിതികളും ആഗ്രയിലാണുള്ളത്. ഈദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി മന്ദിരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആഗ്ര കോട്ട, ഫത്തേപ്പൂർ സിക്രി, ബുലന്ദ് ദർവാസ്സ, ജോധാ ബായ് മഹൽ എന്നിങ്ങനെ പോകുന്നു ആ പട്ടിക.
ആഗ്രാ കോട്ട
അക്ബറിന്റെ കാലത്ത് പണിത മറ്റൊരു പ്രധാനനിർമിതിയാണ് ആഗ്രയിലെ കോട്ട. യമുനയുടെ തീരത്താണ് ആഗ്രാകോട്ട സ്ഥിതിചെയ്യുന്നത്. ചുവന്ന മണൽക്കല്ലിൽ നിർമിച്ചിരിക്കുന്ന ഈ കോട്ടയ്ക്ക്, 2.5മീറ്റർ നീളമുണ്ട്. കോട്ടയ്ക്കകത്തെക്ക് പ്രധാനമായും രണ്ട് പ്രവേശനകവാടങ്ങളാണുള്ളത്. ഡൽഹി കവാടവും ഹാഥീ പോളും. ഒരു കിടങ്ങാൽ ചുറ്റപ്പെട്ടിരിക്കുന്നതാണ് കോട്ട. കോട്ടയ്ക്കകത്തെ പല ചെങ്കൽ മന്ദിരങ്ങളും ഷാജഹാൻ പൊളിച്ച് മാർബിളിൽ പുനഃസൃഷ്ടിക്കുകയുണ്ടായി. കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്ന പ്രധാന മന്ദിരങ്ങളാണ് ജഹാംഗീറി മഹൽ, മോത്തി മസ്ജിത് എന്നിവ.
ഫത്തേപ്പൂർ സിക്രി
വാസ്തുപരമായ് അക്ബറിന്റെ ഏറ്റവും വലിയ നേട്ടം ഫത്തേപ്പൂർ സിക്രി എന്ന നഗരത്തിന്റെ നിർമ്മാണമാണ്. 1569ലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 1574 പണിപൂർത്തിയാകുകയും ചെയ്തു. മതപരവും മതേതരമായ മന്ദിരങ്ങളെ ഉൾക്കൊള്ളുന്ന ഫത്തേപ്പൂർ സിക്രി ചക്രവർത്തിയുടെ സാമൂഹിക-രാഷ്ടീയ-സാംസ്കാരിക നേട്ടങ്ങളെ സാക്ഷ്യപ്പെടുത്തുന്നവയാണ്. ജോധ് ഭായ് മഹൽ, ബുലന്ദ് ദർവാസ്സ, പഞ്ച് മഹൽ ദിവാൻ-ഇ-ഘാസ് തുടങ്ങിയവയാണ് ഫത്തേപുർ സിക്രിയിലെ മതേതര മന്ദിരങ്ങൾ. അക്ബറിന്റെ പ്രിയപത്നിയായ ജോധാ ഭായിക്കു വേണ്ടി പണികഴിപ്പിച്ച കൊട്ടാരമാണ് ജോധ് ഭായ് മഹൽ. വിശാലമായ ഒരു നടുമുറ്റവും അതിനുചുറ്റും നിരവധി മുറികളും ചേർന്ന ഒരു നിർമിതിയാണിത്.
ജഹാംഗീർ
ജഹാംഗീറിന്റെ കാലത്ത് മുഗൾ വാസ്തുവിദ്യയിൽ നിന്നും ഹിന്ദു വാസ്തുശൈലികൾ പിന്മാറി. ലാഹോറിലെ മുസ്ലിം പള്ളി ജഹാംഗീർ നിർമിച്ച പേർഷ്യൻ ശൈലിയിലുള്ള ഒരു പ്രധാന മന്ദിരമാണ്. ശ്രീനഗറിലെ ഷാലിമാർ ഉദ്യാനവും ജഹാംഗീർ പണികഴിപ്പിച്ചതാണ്.
ഷാജഹാൻ
മുഗൾ വാസ്തുവിദ്യ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നത് ഷാജഹാൻ ചക്രവർത്തിയുടെ ഭരണകാലത്താണ് കാലത്താണ് (1628–58). രാജകീയ പ്രൗഢിയുള്ള താജ്മഹലാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ഇരട്ട മകുടങ്ങൾ, ചതുരാകൃതിയിലുള്ള അങ്കണത്തിൽനിന്നും പിന്നിലോട്ട് തള്ളിനിൽക്കുന്ന കമാനമാർഗങ്ങൾ, പ്രധാന നിർമിതിക്ക് ചുറ്റുമുള്ള ഉദ്യാനങ്ങൾ എന്നിവയായിരുന്നു അക്ബറിന്റെ കാലത്തെ കെട്ടിടങ്ങളുടെ തനത് സവിശേഷതകൾ. കെട്ടിടങ്ങളുടെ ഭാഗങ്ങൾ തമില്ലുള്ള പ്രതിസമതയ്ക്കും തുലനത്തിനും എപ്പോഴും ഊന്നൽകൊടുത്തിരുന്നു. വെള്ളമാർബ്ബിളായിരുന്നു പ്രധാന നിർമ്മാണശില.
താജ്മഹലിനുശേഷം ഷാജഹാൻ മേൽനോട്ടം വഹിച്ചത് ഡൽഹിയിലെ ചെങ്കോട്ടയ്ക്കായിരുന്നു. ഇന്ത്യയുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന് കണ്ണി എന്നാണ് ചെങ്കല്ലിൽ തീർത്ത ഈ മഹാനിർമിതി വിശേഷിക്കപ്പെടുന്നത്. 1638ലായിരുന്നു അതിന്റെ നിർമ്മാണം ആരംഭിച്ചത്. നിരവധി മോസ്ക്കുകളും, കൊട്ടാരങ്ങളും, മറ്റു രാജകീയ മന്ദിരങ്ങളും ഈ കോട്ടയ്ക്കകത്തുണ്ട്. ദിവാൻ-ഇ-ആമും ദിവാൻ-ഇ-ഘാസുമാണ് കോട്ടയ്ക്കകത്തെ രണ്ട് പ്രധാന നിർമിതികൾ.[4] ചക്രവർത്തി സാധാരണക്കാരുമായി സംവദിച്ചിരുന്ന മണ്ഡപമാണ് ദിവാൻ-ഇ-ആം. രാജ്യസഭാംഗങ്ങളുമായി ചക്രവർത്തി ഭരണകാര്യങ്ങൾ ചർച്ചചെയ്തിരുന്നത് ദിവാൻ-ഇ-ഘാസിൽ വെച്ചും. ഷാജഹാൻ ചക്രവർത്തിയുടെ പ്രശസ്തമായ മയൂരസിംഹാസനം ദിവാൻ-ഇ-ഘാസിലാണ് സ്ഥാപിച്ചിരുന്നത്
ഔറംഗസേബ്
അതിരൂക്ഷ ധാർമ്മികമതാചാരങ്ങളുള്ള ചക്രവർത്തിയായിരുന്നിട്ടു കൂടിയും തന്റെ പിതാവായ ഷാജഹാനെപോലെ ഇദ്ദേഹം കലയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. വാസ്തുകലയും ലളിതകലകളും ഈ കാലയളവിൽ പുരോഗമിച്ചില്ല. ഔറംഗസേബിന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട അത്യപൂർവം മന്ദിരങ്ങളിൽ ഒന്നാണ് സ്ത്രീയുടെ ശവകുടീരം(Tomb of the Lady) എന്നർത്ഥം വരുന്ന ബീവി കാ മക്ക്ബറാ. ഔറംഗസേബിന്റെ ആദ്യഭാര്യയായിരുന്ന റാബിയ ഉദ് ദുറാനിക്ക് വേണ്ടി പുത്രൻ മുഹമ്മദ് അസം ഷാ പണീതീർത്താണ് ഈ ശവകുടീരമന്ദിരം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഇത് സ്ഥിതിചെയ്യുന്നത്. താജ്മഹലിന്റെ അതേമാതൃകയിൽ പണിതിരിക്കുന്ന ഈ നിർമിതിക്ക് ഡെക്കാനിലെ താജ് എന്നൊരു അപരനാമവുമുണ്ട്. താജ്മഹലുപോലെ അത്ര മികച്ച ഒരു സൃഷ്ടിയല്ല ഇത്. ഷാജഹാന്റെ കാലത്തെ നിർമിതികളുമായി ബീവി കാ മക്ക്ബറയെ താരതമ്യം ചെയ്താൽ ഔറംഗസേബിന്റെ കാലത്ത് മുഗൾവാസ്തുവിദ്യയ്ക്കുണ്ടായ അധഃപതനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം.[5]
മുഗൾ ഉദ്യാനങ്ങൾ
മുഗൾ സാമ്രാജ്യകാലത്ത് ഇസ്ലാമിക ശൈലിയെ അനുവർത്തിച്ച് നിർമ്മിക്കപ്പെട്ട ഉദ്യാനങ്ങളാണ് മുഗൽ ഉദ്യാനങ്ങൾ. പേർഷ്യൻ, തിമൂറിത് ഉദ്യാനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മുഗളന്മാർ ഇവയ്ക്ക് രൂപം നൽകിയത്. ആകെ സ്ഥലത്തെ നാലായ് വിഭജിച്ച് നിർമിച്ച ചാർ ബാഗുകളും മുഗൾ ഉദ്യാനങ്ങൾക്ക് ഒരു ഉദാഹരണമാണ്. ജലധാരകൾ, നീർചാലുകൾ, പുൽത്തകിടികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു മുഗൾ ഉദ്യാനങ്ങൾ. പാകിസ്താനിലെ ഷാലിമാർ ഉദ്യാനം ഒരു പ്രശസ്ത മുഗൾ ഉദ്യാനമാണ്. ഡൽഹി, ലാഹോർ, പിൻജോർ, കാശ്മീർ, ഹരിയാന എന്നിവിടങ്ങളിലെല്ലാം മുഗൾ ഉദ്യാനങ്ങൾ കാണാൻ സാധിക്കും.
ഇതും കാണുക
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.