Remove ads
From Wikipedia, the free encyclopedia
ഉത്തരാർദ്ധഖഗോളത്തിലെ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശിയാണ് ചെറു ചിങ്ങം (Leo Minor). ഇതിൽ പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളൊന്നുമില്ല.[1][2][3] വടക്ക് സപ്തർഷിമണ്ഡലത്തിനും തെക്ക് ചിങ്ങത്തിനും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചെറുചിങ്ങച്ചെ ക്ലാസിക്കൽ ജ്യോതിശാസ്ത്രജ്ഞർ ഒരു പ്രത്യേക നക്ഷത്രസമൂഹമായി കണക്കാക്കിയിരുന്നില്ല; 1687-ൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഇതീനെ ഒരു പ്രത്യേക നക്ഷത്രരാശിയായി അവതരിപ്പിച്ചത്.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ചെറു ചിങ്ങം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | LMi |
Genitive: | Leonis Minoris |
ഖഗോളരേഖാംശം: | 10 h |
അവനമനം: | +35° |
വിസ്തീർണ്ണം: | 232 ചതുരശ്ര ഡിഗ്രി. (64-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
2 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
34 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
0 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 2 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
46 LMi (Praecipua) (3.83m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
11 LMi (36.5 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
സപ്തർഷിമണ്ഡലം (Ursa Major) കാട്ടുപൂച്ച (Lynx) ചിങ്ങം (Leo) |
അക്ഷാംശം +90° നും −45° നും ഇടയിൽ ദൃശ്യമാണ് ഏപ്രിൽ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
കാന്തിമാനം 6.5ൽ കൂടുതലുള്ള 37 നക്ഷത്രങ്ങൾ നക്ഷത്രസമൂഹത്തിലുണ്ട്. ഇവയിൽ മൂന്നെണ്ണം കാന്തിമാനം 4.5ൽ കൂടുതലള്ളവയാണ്. ഭൂമിയിൽ നിന്ന് 95 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ലിയോണിസ് മൈനോറിസ് എന്ന ഓറഞ്ച് ഭീമന്റെ കാന്തിമാനം 3.8 ആണ്. 4.4 കാന്തിമാനമുള്ള ബീറ്റ ലിയോണിസ് മൈനോറിസ് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ്. ഇതൊരു ദ്വന്ദ്വനക്ഷത്രമാണ്. ഇതിലെ തിളക്കമുള്ള നക്ഷത്രം ഒരു ഓറഞ്ച് ഭീമനും മങ്ങിയത് മുഖ്യധാരാ മഞ്ഞനക്ഷത്രവുമാണ്. ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ നക്ഷത്രം 21 ലിയോനിസ് മൈനോറിസ് ആണ്. ശരാശരി കാന്തിമാനം 4.5 ഉള്ള ഒരു വെളുത്ത മുഖ്യധാരാ നക്ഷത്രമാണിത്.
ക്ലാസിക്കൽ ജ്യോതിശാസ്ത്രജ്ഞരായ അരാറ്റസും ടോളമിയും ഇന്നത്തെ ചെറുചിങ്ങം ഉൾപ്പെടുന്ന നക്ഷത്രങ്ങൾ നിർവചിക്കപ്പെട്ടിട്ടില്ലെന്നും വ്യതിരിക്തമായ ആകൃതികൾ രൂപപ്പെടുത്തിയിട്ടില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ജൊഹാന്നസ് ഹെവേലിയസ് ആണ് ആദ്യമായി ചെറുചിങ്ങത്തെ ചിത്രീകരിച്ചത്. 1687-ൽ അദ്ദേഹം തന്റെ നക്ഷത്ര അറ്റ്ലസായ ഫിർമമെന്റെം സോബിസ്സിയാനത്തിൽ[4] പത്ത് പുതിയ നക്ഷത്രസമൂഹങ്ങളുടെ രൂപരേഖ നൽകുകയും അതിലെ 18 വസ്തുക്കളെ കാറ്റലോഗസ് സ്റ്റെല്ലാറം ഫിക്സാരത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു .[5] ഹെവെലിയസ് ചെറുചിങ്ങത്തെ അതിൻ്റെ മൃഗരൂപത്തിലുള്ള അയൽക്കാരായ സിംഹത്തോടും വലിയ കരടിയോടും യോജിപ്പിക്കുന്ന ഒരു ചിത്രമായി അവതരിപ്പിച്ചു.[6] 1845-ൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ഫ്രാൻസിസ് ബെയ്ലി ഹെവെലിയസിന്റെ പുതിയ നക്ഷത്രസമൂഹങ്ങളുടെ കാറ്റലോഗ് പരിഷ്ക്കരിക്കുകയും 4.5ൽ കൂടുതൽ കാന്തിമാനമുള്ള നക്ഷത്രങ്ങൾക്ക് ബേയർ പദവി നൽകുകയും ചെയ്തു.[7] റിച്ചാർഡ് എ. പ്രോക്ടർ 1870-ൽ ഈ നക്ഷത്രസമൂഹത്തിന് ലീന (പെൺസിംഹം) എന്ന പേര് നൽകി.[8] ആകാശ ചാർട്ടുകളിൽ കൂടുതൽ നന്നായി കൈകാര്യം ചെയ്യുന്നതിനു വേണ്ടി നക്ഷത്രസമൂഹങ്ങളുടെ പേരുകൾ ചുരുക്കാൻ ശ്രമിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു.[9]
ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ലുഡ്വിഗ് ഐഡെലർ ചെറുചിങ്ങത്തിലെ നക്ഷത്രങ്ങളെ 13-ാം നൂറ്റാണ്ടിലെ അറബിക് ആകാശ ഗ്ലോബിൽ അൽ തിബാ വാ-ഔലാദുഹാ എന്ന് രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തി. ഇത് കർദ്ദിനാൾ സ്റ്റെഫാനോ ബോർജിയ കണ്ടെടുക്കുകയും വെല്ലേത്രിയിലെ പ്രെലേറ്റിന്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയും ചെയ്തു.[10][11]
നിലാവില്ലാത്തതും തെളിഞ്ഞതുമായ ആകാശമാണെങ്കിൽ ചെറുചിങ്ങത്തിലെ തിളക്കം കൂടിയ നക്ഷത്രങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവും.[12] ചെറുചിങ്ങത്തെ ഒരു പ്രത്യേക രാശിയായി കാണേണ്ടതുണ്ടോ എന്ന കാര്യത്തിൽ പാട്രിക് മൂർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.[13] സപ്തർഷിമണ്ഡലം (വടക്ക്), കാട്ടുപൂച്ച (പടിഞ്ഞാറ്), ചിങ്ങം (തെക്ക്), കർക്കടകം,(തെക്കു പടിഞ്ഞാറ്) എന്നീ നക്ഷത്രരാശികൾക്കിടയിലാണ് ഈ ചെറിയ രാശി കിടക്കുന്നത്. 1922-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന "LMi" എന്ന ചുരുക്കനാമം അംഗീകരിച്ചു.[14] 1930-ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് ഇതിന് 16 വശങ്ങളുള്ള ഒരു ബഹുഭുജാകൃതിയിൽ അതിരുകൾ നിർണ്ണയിച്ചു. ഇക്വറ്റോറിയൽ കോർഡിനേറ്റ് സിസ്റ്റത്തിൽ ചെറുചിങ്ങം കിടക്കുന്നത് ഖഗോളരേഖാംശം 9h 22.4mനും 11h 06.5mനും ഇടയിലും അവനമനം 22.84°ക്കും 41.43°ക്കും ഇടയിലാണ്.[15] 88 നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 64-ാം സ്ഥാനത്താണ് ചെറുചിങ്ങത്തിന്റെ സ്ഥാനം.[16]
കാന്തിമാനം 4.5ൽ കൂടുതലുള്ള മൂന്ന് നക്ഷത്രങ്ങൾ മാത്രമേ ഈ നക്ഷത്രസമൂഹത്തിൽ ഉള്ളൂ.[6] 6.5ൽ കൂടുതൽ കാന്തിമാനമുള്ള 37 നക്ഷത്രങ്ങൾ ഉണ്ട്.[16] ചെറുചിങ്ങത്തിൽ ആൽഫ എന്ന പേരിൽ ഒരു നക്ഷത്രം ഇല്ല. ബെയ്ലി ബീറ്റ എന്ന ഒരു നക്ഷത്രത്തിന് മാത്രമേ ഗ്രീക്ക് അക്ഷരം നൽകിയുള്ളു.[17] ബീറ്റയ്ക്കും 46 ലിയോനിസ് മൈനോറിസിനും സമാനമായ തിളക്കമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനാൽ 46 ലിയോനിസ് മൈനോറിസിന് ഒരു ബയർ പദവി നൽകാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ല. തൻ്റെ തെളിവുകൾ പുനഃപരിശോധിക്കുന്നതിന് മുമ്പു തന്നെ അദ്ദേഹം മരിച്ചു.
ചെറുചിങ്ങത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം 46 ലിയോണിസ് മൈനോറിസ് അഥവാ പ്രെസിപുവ എന്ന ഓറഞ്ച് ഭീമനാണ്. ഇതിന്റെ കാന്തിമാനം 3.8 ആണ്.[18] ഭൂമിയിൽ നിന്ന് 95 പ്രകാശവർഷം (29 പാർസെക്ക്) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[17] ഇതിന് സൂര്യന്റെ ഏകദേശം 32 മടങ്ങ് തിളക്കവും 8.5 മടങ്ങ് വലുപ്പവുമുണ്ട്. ജോഹാൻ എലർട്ട് ബോഡ് ഇതിനെ ഒ (O) ലിയോണിസ് മൈനോറിസ് എന്ന് നാമകരണം ചെയ്തു.[6]
ബീറ്റ ലിയോണിസ് മൈനോറിസ് ഒരു ദ്വന്ദ്വനക്ഷത്രമാണ്.[19] പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 4.4 ആണ്. ഇതിന് ഏകദേശം സൂര്യന്റെ ഇരട്ടി പിണ്ഡവും 7.8 മടങ്ങ് അരവും 36 മടങ്ങ് തിളക്കവും ഉണ്ട്. രണ്ടാമത്തേത് ഒരു മുഖ്യധാരാ നക്ഷത്രമാണ്. ഓരോ 38 വർഷത്തിലും ഇവ രണ്ടും ഒരു പൊതു ഗുരുത്വാകർഷണ കേന്ദ്രത്തിനു ചുറ്റും പരിക്രമണം ചെയ്യുന്നു.[20] സൗരയൂഥത്തിൽ നിന്ന് 154 പ്രകാശവർഷം (47 പാർസെക്ക്) അകലെയാണ് സ്ഥിതി മുഖ്യധാരാത്.
ഏകദേശം 98 പ്രകാശവർഷം (30 പാർസെക്സ്) അകലെയുള്ള 21 ലിയോണിസ് മൈനോറിസ് സൂര്യൻ്റെ 10 മടങ്ങ് പ്രകാശമുള്ളതും അതിവേഗം ഭ്രമണം ചെയ്യുന്നതുമായ വെളുത്ത മുഖ്യധാരാ നക്ഷത്രമാണ്. 12 മണിക്കൂറു കൊണ്ട് അതിൻ്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം കറങ്ങുന്നു.[21] ദൃശ്യകാന്തിമാനം 4.5ഉം സ്പെക്ട്രൽ തരം A7Vഉം ആണ്. ഇത് ഒരു ചരനക്ഷത്രമാണ്.[22]
10 ലിയോനിസ് മൈനോറിസ്, 11 ലിയോനിസ് മൈനോറിസ് എന്നിവ മഞ്ഞ ഭീമന്മാരാണ്. ഇവയുടെ ശരാശരി കാന്തിമാനം യഥാക്രമം 4.54 ഉം 5.34 ഉം ആണ്. ഇവ രണ്ടും RS കാനം വെനാറ്റിക്കോറം ചരങ്ങളാണ്.[23][24] 10 ലിയോനിസ് മൈനോറിസിന്റെ കാന്തിമാനം 40.4 ദിവസം കൊണ്ട് 0.012ലേക്കെത്തുന്നു. 11 ലിയോ മൈനറിന്റേത് 18 ദിവസം കൊണ്ട് 0.033 കാന്തിമാനത്തിലും എത്തുന്നു.[25] 11 ലിയോണിസ് മൈനോറിസിന് സ്പെക്ട്രൽ തരം M5V ആയ ഒരു ചുവപ്പു കുള്ളൻ കൂട്ടാളിയുണ്ട്. ഇതിന്റെ ദൃശ്യകാന്തിമാനം 13.0} 20 ലിയോണിസ് മൈനോറിസ് സൂര്യനിൽ നിന്ന് 49 പ്രകാശവർഷം (15 പാർസെക്ക്) അകലെയുള്ള ഒരു ബഹുനക്ഷത്ര വ്യവസ്ഥയാണ്.
R ലിയോണിസ് മൈനോറിസ്, S ലിയോണിസ് മൈനോറിസ് എന്നിവ ദീർഘകാല മിറ ചരങ്ങളാണ്. U ലിയോണിസ് മൈനോറിസ് ഒരു അർദ്ധചര നക്ഷത്രമാണ്.[26] ഇവ മൂന്നും ചുവപ്പു ഭീമന്മാരാണ്. 372 ദിവസ കാലയളവിൽ R ലിയോണിസ് മൈനോറിസിന്റെ കാന്തിമാനം 6.3നും 13.2നും ഇടയിൽ വ്യത്യാസപ്പെടുന്നു. S ലിയോണിസ് മൈനോറിസിന്റെ കാന്തിമാനം 234 ദിവസ കാലയളവിൽ 8.6നും 13.9നും ഇടയിൽ വ്യത്യാസപ്പെടുന്നു. RY ലിയോണിസ് മൈനോറിസ് ഒരു സ്പന്ദിക്കുന്ന വെള്ളക്കുള്ളൻ ആണ്. ഇതിന്റെ കാന്തിമാനം 15.5 ആണ്.[27] ഏകദേശം 215 സെക്കൻഡ് ആണ് ഒരു സ്പന്ദനത്തിനെടുക്കുന്ന സമയം. ഓരോ 8.9 ദശലക്ഷം വർഷത്തിലും ഒരു സെക്കൻഡ് വീതം കുറയുന്നു. 400 ദശലക്ഷം വർഷം പഴക്കമുള്ള ഈ നക്ഷത്രം ഏറ്റവും സ്ഥിരതയുള്ള ആകാശ ഘടികാരമായി കണക്കാക്കുന്നു.[28]
SX ലിയോണിസ് മൈനോറിസ് SU ഉർസെ മജോറിസ് ഇനത്തിലെ ഒരു കുള്ളൻ നോവയാണ്. 1994-ലാണ് ഇതിനെ തിരിച്ചറിഞ്ഞത്.[29] ഓരോ 97 മിനിറ്റിലും പരസ്പരം പരിക്രമണം ചെയ്യുന്ന ഒരു വെള്ളക്കുള്ളനും മറ്റൊരു നക്ഷത്രവും ഇതിനോട് ചേർന്നുണ്ട്.വെള്ളക്കുള്ളൻ അടുത്ത നക്ഷത്രത്തിൽ നിന്ന് ദ്രവ്യം വലിച്ചെടുക്കുന്നതും നിരീക്ഷിച്ചിട്ടുണ്ട്. ഓരോ 34 മുതൽ 64 ദിവസങ്ങളിലും കുള്ളൻ നക്ഷത്രം പൊട്ടിത്തെറിക്കുന്നു. ഇങ്ങനെ പൊട്ടിത്തെറിക്കുമ്പോൾ അതിന്റെ കാന്തിമാനം 13.4 വരെ എത്തുന്നു. അല്ലാത്ത സമയത്ത് 16.8 ആണ് അതിന്റെ കാന്തിമാനം.[30] ലിയോ മൈനറിലെ മറ്റൊരു കുള്ളൻ നോവ, RZ ലിയോണിസ് മൈനോറിസ് ആണ്. ഇതിന്റെ സാധാരണ കാന്തിമാനം 17 ആണ്. എന്നാൽ പൊട്ടിത്തെറിയുടെ സമയത്ത് ഇത് 14.2 എത്താറുണ്ട്.[31]
ഗ്രഹങ്ങളുള്ള രണ്ട് നക്ഷത്രങ്ങൾ ചെറുചിങ്ങത്തിൽ കണ്ടെത്തിയിട്ടുണ്ട്. HD 87883 എന്ന ഓറഞ്ച് കുള്ളന്റെ കാന്തിമാനം 7.57 ആണ്. ഭൂമിയിൽ നിന്ന് 18 പാർസെക്ക് അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. സൂര്യൻ്റെ നാലിൽ മൂന്നു ഭാഗം വ്യാസമുള്ള ഇതിന്റെ തിളക്കം സൂര്യന്റെ 31 ശതമാനം മാത്രമാണ്. വ്യാഴത്തിൻ്റെ 1.78 മടങ്ങ് പിണ്ഡമുള്ള ഒരു ഗ്രഹം ഇതിനുണ്ട്. 7.9 വർഷമാണ് ഇതിന്റെ പരിക്രമണകാലം. കൂടാതെ മറ്റ് ചെറിയ ഗ്രഹങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.[32] HD 82886 (ഇല്ലിറിയൻ)[33] കാന്തിമാനം 7.63 ഉള്ള ഒരു മഞ്ഞ കുള്ളനാണ്.[34] ഇതിന് വ്യാഴത്തിൻ്റെ 1.3 മടങ്ങ് പിണ്ഡമുള്ള ഒരു ഗ്രഹത്തെ 2011ൽ കണ്ടെത്തി. ഈ ഗ്രഹം ഓരോ 705 ദിവസത്തിലും ഒരു പരിക്രമണം പൂർത്തിയാക്കുന്നു.[35]
അമച്വർ ദൂരദർശിനികളിൽ പോലും കാണാൻ കഴിയുന്ന നിരവധി ഗാലക്സികൾ ചെറുചിങ്ങത്തിൽ ഉണ്ട്.[36] 38 ലിയോനിസ് മൈനോറിസിന് 3 ഡിഗ്രി തെക്കുകിഴക്കായി NGC 3432 കാണാം. ഇതിന്റെ കാന്തിമാനം 11.7 ആണ്.[12] ഭൂമിയിൽ നിന്നും 420 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇത് സൗരയൂഥത്തിൽ നിന്ന് സെക്കൻഡിൽ 616 കിമീ വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. NGC 3003, ഒരു ബാർഡ് സർപ്പിള ഗാലക്സിയാണ്. ഇതിന്റെ കാന്തിമാനം 12.3 ആണ്.[37] NGC 3344 ഭൂമിയിൽ നിന്നും 250 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു.[38] 6.5 കോണീയ മിനുട്ട് വ്യാസമുള്ള ഇതിന്റെ കാന്തിമാനം 10.45 ആണ്. NGC 3504 നിരന്തരമായി നക്ഷത്രസ്ഫോടനങ്ങൾ നടക്കുന്ന ഒരു ബാർഡ് സർപ്പിള ഗാലക്സിയാണ്. ഇതിന്റെ കാന്തിമാനം 11.67 ആണ്.[39] 1998ലും[40] 2001ലും[41] ഇതിൽ സൂപ്പർനോവ സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ കൂടാതെ NGC 3486, NGC 2859 എന്നീ ഗാലക്സികളും ചെറുചിങ്ങത്തിലുണ്ട്.
രണ്ട് ജോഡി ഇന്ററാക്ടിങ് ഗാലക്സികളെയും നിരീക്ഷിച്ചിട്ടുണ്ട്. ഭൂമിയിൽ നിന്നും 450 ദശലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ആർപ്പ് 107 പരസ്പരം കൂടിച്ചേരാൻ പോകുന്ന ഒരു ജോടി താരാപഥങ്ങളാണ്.[42] NGC 3395, NGC 3396 എന്നിവ യഥാക്രമം 46 ലിയോണിസ് മൈനോറിസിൻ്റെ 1.33 ഡിഗ്രി തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സർപ്പിളവും ക്രമരഹിതവുമായ ബാർഡ് സർപ്പിള ഗാലക്സിയാണ്.[43]
ഹാനിയുടെ വൂർവെർപ് എന്നറിയപ്പെടുന്ന ഗാലക്സി 2007-ൽ ഡച്ച് സ്കൂൾ അധ്യാപകനായ ഹാനി വാൻ കണ്ടെത്തി. 6500 ലക്ഷം പ്രകാശവർഷം അകലെയുള്ള സർപ്പിള ഗാലക്സിയായ IC 2497ന് സമീപത്തു തന്നെയാണ് ഇത് കിടക്കുന്നത്. ഇതിന് ക്ഷീരപഥത്തിൻ്റെ അതേ വലുപ്പം തന്നെയാണുള്ളത്.[44] ഈ ഗാലക്സിയിൽ 16,000 പ്രകാശവർഷം വിസ്താരമുള്ള ഒരു ദ്വാരം ഉണ്ട്. ഇപ്പോൾ നിർജ്ജീവമായ ഒരു ക്വാസറിൻ്റെ ദൃശ്യപ്രകാശ പ്രതിഫലനമാണ് വൂർവെർപ്പ് എന്ന് കരുതപ്പെടുന്നു.[45]
ഒക്ടോബർ 18നും 29നും ഇടയിൽ ശക്തിപ്പെടുന്ന ലിയോണിസ് മൈനോറിഡ് ഉൽക്കാവർഷം 1959-ൽ ഹാർവാർഡ് മീറ്റിയോർ പ്രോഗ്രാമിലെ ഡിക്ക് മക്ക്ലോസ്കിയും അനെറ്റ് പോസനും ചേർന്ന് കണ്ടെത്തി.[46] C/1739 K1 (സനോട്ടി) എന്ന ദീർഘകാല ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് ഈ ഉൽക്കാവർഷത്തിന് കാരണമാവുന്നത്.[47] വടക്കൻ അർദ്ധഗോളത്തിൽ നിന്ന് മാത്രം കാണാൻ കഴിയുന്ന ചെറിയൊരു ഉൽക്കാവർഷമാണിത്.[48]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.