Remove ads
From Wikipedia, the free encyclopedia
ഭാരതത്തിൽ സിംഹമായി കണക്കാക്കുന്ന നക്ഷത്രരാശിയാണ് ചിങ്ങം. സൂര്യൻ മലയാളമാസം ചിങ്ങത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഏപ്രിൽ മാസം മുഴുവനും ചിങ്ങം രാശി കാണാൻ കഴിയും. M65, M66, M95, M105, NGC 3268 എന്നീ ഗ്യാലക്സികൾ ഈ നക്ഷത്രഗണത്തിന്റെ പ്രദേശത്തുകാണാം. ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം ചിങ്ങം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു.[1]
റെഗുലസ് (α Leonis), ദെനെബോല (β Leonis), അൽജിബ (γ1 Leonis), സോസ്മ (δ Leo), ചോർട്ട് (θ Leo), അൽ മിൻലിയർ അൽ ആസാദ് (κ Leo ), അൽത്തെർഫ് (λ Leo), സുബ്രാ (ο Leo ) എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. 11 നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ചിങ്ങത്തിന്റെ തലഭാഗം ഒരു അരിവാൾ പോലെയാണ്. ഇതാണ് മകം നക്ഷത്രം. സോസ്മ, ചോർട്ട് എന്നിയാണ് പൂരം നക്ഷത്രം. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്നത് ഉത്രം.
വോൾഫ് 359 എന്ന നക്ഷത്രം ഭൂമിയുടെ അടുത്തു കിടക്കുന്ന നക്ഷത്രങ്ങളിൽ ഒന്നാണ് (7.78 പ്രകാശവർഷം). സൂര്യനിൽ നിന്ന് 33 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 436 (Gliese 436) എന്ന നക്ഷത്രത്തിന് നെപ്ട്യൂണിന് തുല്യമായ പിണ്ഡമുള്ള ഒരു ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
തിളക്കമുള്ള ഏതാനും നക്ഷത്രങ്ങൾ ഉൾപ്പെട്ട നക്ഷത്രരാശിയാണ് ചിങ്ങം. പുരാതന കാലത്തു തന്നെ അന്നത്തെ നിരീക്ഷകരുടെ പ്രത്യേക ശ്രദ്ധക്ക് ഈ നക്ഷത്രങ്ങൾ പാത്രമാവുകയും അന്നു തന്നെ പേരുകൾ നിർദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.[2]
പേര് | കാന്തിമാനം | അകലം |
---|---|---|
റെഗുലസ് | 1.3 | 69 പ്രകാശവർഷം |
അൽജിയെബ | 1.90 | 190 പ്രകാശവർഷം |
ഡെനബോള | 1.60 | 43 പ്രകാശവർഷം |
സോസ്മ | 2.60 | 82 പ്രകാശവർഷം |
എപ്സിലോൺ ലിയോണിസ് | 3 | 251 പ്രകാശവർഷം |
അസാഡ് ഒസ്ട്രാലിസ് | 2.98 | 310 പ്രകാശവർഷം |
സീറ്റ ലിയോണിസ് | 3.65 | 260 പ്രകാശവർഷം |
M 65, M 66, M 95, M96, M 105, NGC 3628 എന്നിവയാണ് ചിങ്ങം രാശിയിലെ പ്രധാന താരാപഥങ്ങൾ. പ്രസിദ്ധമായ ചിങ്ങ വലയം ഈ രാശിയിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ടെണ്ണവും അവസാനത്തേതും ചിങ്ങത്രയം എന്ന പ്രാദേശിക താരാപഥ ഗ്രൂപ്പിൽ ഉൾപ്പെടുന്നവയാണ്. ഹൈഡ്രജൻ, ഹീലിയം വാതകങ്ങളാണ് ഈ വലയത്തിൽ ഉള്ളത്.
ചിങ്ങത്രയത്തിൽ വരുന്ന ഒരു താരാപഥമാണ് M66. ഭൂമിയിൽ നിന്നും 370 ലക്ഷം പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ചിങ്ങത്രയത്തിലെ മറ്റു ഗാലക്സികളുടെ ഗുരുത്വ വലിവു മൂലം ഇതിന്റെ ആകൃതിക്ക് വൈരൂപ്യം വന്നിട്ടുണ്ട്.[3] M 65, M 66 എന്നിവ ഒരു ചെറിയ ദൂരദർശിനി ഉപയോഗിച്ചു കൊണ്ടു തന്നെ കണ്ടെത്താനാവുന്നതാണ്.[4]
M 95, M 96 എന്നിവ സർപ്പിള ഗാലക്സികളാണ്. ഭൂമിയിൽ നിന്നും 200 ലക്ഷം പ്രകാശവർഷം അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. വലിയ ദൂരദർശിനിയിൽ കൂടി നോക്കിയാൽ മാത്രമെ ഇവയുടെ ഘടന ശരിക്കും വ്യക്തമാവുകയുള്ളു. ഈ ജോഡികളുക്കു സമീപത്തായി തന്നെ M 105 എന്ന ഗാലക്സിയും കാണാൻ കഴിയും. ഇതൊരു ദീർഘവൃത്താകാര ഗാലക്സിയാണ്. കാന്തിമാനം 9 ഉള്ള ഇതും ഭൂമിയിൽ നിന്നും ഏകദേശം 200 ലക്ഷം പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[4]
1784ൽ വില്യം ഹെർഷൽ ആണ് NGC 2903 എന്ന സർപ്പിള ഗാലക്സി കണ്ടെത്തിയത്. വലിപ്പത്തിലും ആകൃതിയിലും ആകാശഗംഗയോട് സാമ്യമുള്ള ഈ താരാപഥം ഭൂമിയിൽ നിന്നും 250 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കേന്ദ്രഭാഗത്ത് നക്ഷത്ര രൂപീകരണം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ താരാപഥത്തിന്റെ പുറമെയുള്ള ഭാഗങ്ങളിൽ നിരവധി തുറന്ന താരാവ്യൂഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[3]
ചിങ്ങം നക്ഷത്രരാശിയിൽ ഏതാനും വലിയ ക്വാസാർ ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്.[5]
ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതിൽ തലഭാഗത്തെ നാലു നക്ഷത്രങ്ങളെ ചേർത്ത് ആയില്യം എന്ന ചാന്ദ്രഗണമായി കണക്കാക്കാറുണ്ട്. റെഗ്യുലസും തൊട്ടടുത്ത്, തോൾ ഭാഗത്തുള്ള നക്ഷത്രവും ചേർത്ത് മകം എന്ന ചാന്ദ്രഗണമായി പരിഗണിക്കുന്നു. (റഗ്യുലസിനെ മാത്രമായും മകം എന്നു വിളിക്കുന്നുണ്ട്). നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ ചേർന്ന് പൂരം ചാന്ദ്രഗണം രൂപപ്പെചുന്നു. വാലിന്റെ ഭാഗത്തുള്ള നക്ഷത്രമാണ് ഉത്രം.[6]
നവംബർ മാസത്തിലാണ് ലിയോണിഡ്സ് ഉൽക്കാവർഷം ഉണ്ടാകാറുള്ളത്. നവംബർ 14-15 എന്നീ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ഉൽക്കകളെ കാണാൻ കഴിയുക. 65P/ടെമ്പൽ-ടട്ടിൽ എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് ഈ ഉൽക്കകൾ രൂപം കൊള്ളുന്നത്. 35 വർഷത്തിലൊരിക്കലാണ് ഇത് ഏറ്റവും ശക്തി കൂടുക. മണിക്കൂറിൽ 10 ഉൽക്കകൾ വരെ ഈ സമയത്ത് കാണാൻ കഴിയും.[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.