ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ് ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമിക മതങ്ങളിൽ ഒന്നുമാണത്. ദൈവം ഏകനാണെന്നും,യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ് യഹൂദധാർമ്മികതയുടെ കാതൽ. യഹോവ (YHWH) എന്ന ചതുരക്ഷരി (Tetragrammaton) ഇവരുടെ പൂജ്യമായ ദൈവനാമമാണ്. തെക്കൻ മെസപ്പൊട്ടോമിയയിലെ കൽദായരുടെ ഉറിൽ നിന്ന് (Ur of the Chaldees) ഹാരാൻ വഴി, ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും "എല്ലാ വിശ്വാസികളുടേയും പിതാവുമായ" അബ്രഹാമിന്റെ ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ "യഹൂദ"-യുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. 'യഹൂദ' എന്ന പേരാകട്ടെ 'യഹോവ' എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.[1]
എബ്രായബൈബിൾ അനുസരിച്ച് ഈജിപ്തിൽ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികൾ മോശയുടെ നേതൃത്വത്തിൽ വിമോചിതരായി വാഗ്ദത്തഭൂമിയിൽ മടങ്ങിയെത്തി. 450 വർഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളിൽ പെടുന്നു. 40 വർഷം ദീർഘിച്ച മടക്കയാത്രയുടെ തുടക്കത്തിൽ വിമോചകനായ മോശയ്ക്ക്, സീനായ് മലമുകളിൽ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി യഹൂദർ കരുതുന്നു.[2]
ഫേബ്രായ ബൈബിൾ അഥവാ തനക്ക് ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളിൽ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' തോറ ആണ്. പിൽക്കാലത്തു മുഖ്യധാരയായി മാറിയ റാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങളുടേയും അവയുടെ വ്യാഖ്യാനങ്ങളുടേയും രേഖ എന്ന നിലയിൽ പിൽക്കാലരചനയായ താൽമുദിനേയും തോറയ്ക്കൊപ്പം മാനിക്കുന്നു.[3]
ചരിത്രം
ആദിമകാലം
എബ്രായബൈബിളിലെ കഥാപാത്രങ്ങളിൽ, അല്പമാത്രമെങ്കിലും ചരിത്രാംശം കണ്ടെത്താൻ കഴിയുന്ന ആദ്യത്തെയാൾ അബ്രഹാം ആണെന്നും, മെസൊപ്പോട്ടേമിയയിലെ ജന്മനാട്ടിൽ നിന്ന് തെക്കുകിഴക്ക് കൽദായരുടെ ഊർ ദേശത്തേക്കും അവിടന്ന് പടിഞ്ഞാറ് കാനാനിലേക്കുമുള്ള അബ്രഹാമിന്റെ കുടിമാറ്റങ്ങൾ അമോരിയജനതയുടെ കുടിയേറ്റ, വാണിജ്യപഥങ്ങൾ തന്നെയാണു പിന്തുടർന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4] അബ്രഹാമിന്റെ സന്തതികൾ ഈജിപ്തിൽ അനുഭവിച്ചതായി പറയപ്പെടുന്ന അടിമത്തത്തിന്റേയും വിമോചനത്തെ തുടർന്നു നടന്ന ദീർഘമായ പലായനത്തിന്റേയും കഥകളെ ബൈബിളിനു പുറത്തുള്ള ചരിത്രവുമായി ബന്ധിപ്പിക്കുക എളുപ്പമല്ല. ബിസി പതിനാലാം നൂറ്റാണ്ടിലെ അമാർണാ എഴുത്തുകളിൽ പരാമർശിക്കപ്പെടുന്ന കലാപകാരികളുടെ അസംതൃപ്തസമൂഹമായ 'ഹബിരുകൾ' (The Habiru)[5] ഹീബ്രൂജനതയുടെ പൂർവികരായിരിക്കാം എന്ന അനുമാനമുണ്ട്. എങ്കിലും 'ഹബിരുപ്രശ്നം' (The Habiru problem) ഇപ്പോഴും ഒരു സമസ്യയായി തുടരുന്നതേയുള്ളു[6]
എബ്രായജനത ഇസ്രായേൽ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കാനാൻ ദേശത്തെത്തിയത് ബി.സി. 1600-നും 1300-നും ഇടക്കുള്ള കാലത്തായിരിക്കാം.[7] അവർ കാനാൻ കൈയ്യടക്കിയത് കേന്ദ്രീകൃതമായ ഒരു സൈനികമുന്നേറ്റത്തിലൂടെ ആയിരിക്കണമെന്നില്ലെന്നും അവരുടെ നാടോടിസംഘങ്ങൾ കുടിയേറ്റങ്ങൾ വഴി നൂറ്റാണ്ടുകളിലൂടെ സാധിച്ച നേട്ടത്തെ പിൽക്കാലവംശസ്മൃതിയിൽ സൈനികനേട്ടമായി ഘോഷിച്ചതാകാം എന്നും വാദമുണ്ട്.[8]
രാജവാഴ്ച, ആദ്യദേവാലയം
കാനാൻ ദേശത്തെത്തിയ എബ്രായഗോത്രങ്ങൾ ഏറെക്കാലം അവിടെ, പരസ്പരം പോരടിച്ചും ഇതരജനവിഭാഗങ്ങളുമായി ഏറ്റുമുട്ടിയും ഒരപ്രധാന വിഭാഗമായി കഴിഞ്ഞു. താരതമ്യേനയുള്ള അരാജകത്വത്തിന്റെ ആ നാളുകളിൽ ന്യായാധിപന്മാർ (Judges) എന്നറിയപ്പെട്ട ഗോത്രവീരന്മാരാണ് അവരെ നയിച്ചിരുന്നത്. ഓത്ത്നിയേൽ മുതൽ സാംസൺ വരെയുള്ള 12 ഗോത്രാധിപന്മാരുടെ കഥ പറയുന്ന എബ്രായബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ പശ്ചാത്തലം ഈ കാലഘട്ടമാണ്. ദെബോറാ എന്ന വനിതയും ന്യായാധിപർക്കിടയിൽ എണ്ണപ്പെടുന്നു.[9] ന്യായാധിപശാസനത്തിനൊടുവിൽ ബി.സി. 11-ആം നൂറ്റാണ്ടിൽ എബ്രായഗോത്രങ്ങൾ യെരുശലേം കേന്ദ്രീകരിച്ച് ഒരു രാജശാസനമായി സംഘടിച്ചു. ബെഞ്ചമിൻ ഗോത്രക്കാരനായ ശൗൽ ആയിരുന്നു ആദ്യത്തെ രാജാവ്.[10]
ശൗലിനെ പിന്തുടർന്ന യഹൂദാഗോത്രജനായ ദാവീദാണ് യഹൂദരുടെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ. ബൈബിളിന്റെ ഭാഗമായ സങ്കീർത്തനപ്പുസ്തകത്തിലെ പ്രാർത്ഥനാഗീതങ്ങളിൽ പലതും അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. ദാവീദിന്റെ മകനായിരുന്നു ജ്ഞാനിയും, ദാർശനികനും, പ്രേമഗായകനും ഒക്കെയായി വിശേഷിപ്പിക്കപ്പെടുന്ന സോളമൻ രാജാവ്. യെരുശലേമിൽ യഹോവയുടെ ആരാധനക്കായി ആദ്യത്തെ ആലയം നിർമ്മിച്ചത് സോളമനായിരുന്നു.
സോളമന്റെ പിൻഗാമികളുടെ കാലത്ത് എബ്രായജനത രണ്ടു രാജശാസനങ്ങളുടെ കീഴിൽ ഭിന്നിച്ചു. ഉത്തരരാജ്യമായ ഇസ്രായേലിന്റെ തലസ്ഥാനം സമരിയയും ദക്ഷിണദേശത്തെ യൂദയാ രാജ്യത്തിന്റെ തലസ്ഥാനം യെരുശലേമും ആയിരുന്നു. ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകങ്ങൾ തെക്കും വടക്കുമുള്ള ഈ വാഴ്ചകളുടെ സമാന്തരമായ കഥയാണ്. ഈ ആഖ്യാനം രാജാക്കന്മാരെ വിലയിരുത്തുന്നതിൽ പിന്തുടരുന്ന മാനദണ്ഡം യഹോവയോടു പുലർത്തിയ വിശ്വസ്തതയാണ്. അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിക്കുന്നത് രാജധർമ്മമായി കരുതപ്പെട്ടതിനാൽ, മുഖ്യധാർമ്മികതയെ പിന്തുണക്കുകയും അന്യദേവാരാധനയെ നിരുത്സാഹപ്പെടുത്തുകയും ചെയ്ത രാജാക്കന്മാർ നല്ലവരും അല്ലാത്തവർ അധമന്മാരുമായി ഈ ചരിത്രവിവരണത്തിൽ പ്രത്യക്ഷപ്പെടുന്നു.
പ്രവാചകന്മാർ
ചെറിയ ജനതയായ എബ്രായർക്ക് തെക്കും വടക്കുമുള്ള വലിയ സാമ്രാജ്യങ്ങളുടെ മത്സരങ്ങൾക്കിടയിൽ സ്വന്തം ദേശീയസ്വാതന്ത്ര്യം ഏറെക്കാലം നിലനിർത്താനായില്ല. തെക്ക് ഈജിപ്തും വടക്ക് അസീറിയയും ബാബിലോണും അവർക്കു ഭീഷണിയായിരുന്നു. സമരിയാ കേന്ദ്രമായുള്ള യഹൂദരുടെ ഉത്തരരാജ്യം ബിസി 721_ൽ അസീറിയക്ക് കീഴ്പെട്ട് ചരിത്രത്തിൽ നിന്നു തന്നെ അപ്രത്യക്ഷമായി. ഒരു നൂറ്റാണ്ടിലേറെക്കാലം കൂടി ഒരു പരിധിയോളം സ്വാതന്ത്ര്യം നിലർനിത്താനായ യൂദയായുടെ ചരിത്രവും ദുരിതപൂർണ്ണമായിരുന്നു.
എബ്രായധാർമ്മികതയുടെ മുഖ്യഘടകങ്ങളിലൊന്ന് അതിലെ പ്രവചനപാരമ്പര്യമായിരുന്നു. മതപരവും രാഷ്ട്രീയവുമായ ശൈഥില്യത്തിന്റെ ഈ കാലത്ത് യഹൂദർക്കിടയിൽ പ്രവാചകന്മാരുടെ ഒരു ദീർഘപരമ്പര പ്രത്യക്ഷപ്പെട്ടു. ഏശയ്യാ, ജെറമിയാ, എസക്കിയേൽ എന്നിങ്ങനെ മൂന്നു വലിയപ്രവാചകന്മാരുടേയും 12 ചെറിയ പ്രവാചകന്മാരുടേയും[൧] അരുളപ്പാടുകളുടെ വ്യതിരിക്തഗ്രന്ഥങ്ങൾ എബ്രായബൈബിളിന്റെ ഭാഗമാണ്. ജനങ്ങളോടു നേരിട്ടു സംസാരിച്ച പ്രവാചകന്മാർ അവരുടെ ദൗത്യത്തിനു നിയുക്തിപത്രങ്ങളെയോ അഭിഷേകത്തെയോ ആശ്രയിച്ചില്ല. "കർത്താവിന്റെ അരുളപ്പാട് ഇപ്പോൾ എനിക്കുണ്ടായിരിക്കുന്നു" എന്ന അവതരണവാക്യമാണ് അവരിൽ മിക്കവരും ഉപയോഗിച്ചത്.[11] അവർ വ്യത്യസ്ത ദേശക്കാരും വിവിധ ജീവിതസാഹചര്യങ്ങളിൽ നിന്നുള്ളവരും ആയിരുന്നു. കേവലം ആട്ടിടയനായിരുന്ന ആമോസും പ്രമുഖ പ്രവാചകന്മാരിൽ ഒരുവനായി.
ദൈവാരാധന രാജശാസനത്തിന്റെ ഇരിപ്പിടമായ യെരുശലേം കേന്ദ്രമായി ചിട്ടപ്പെടുത്തപ്പെട്ടിരുന്നെങ്കിലും യഹോവയ്ക്കു പുറമേയുള്ള ദൈവങ്ങളുടെ ആരാധനകൾ ഈ വിശ്വാസവ്യവസ്ഥയുമായി മത്സരിച്ചിരുന്നു. ഈ മത്സരത്തിൽ പ്രവാചകന്മാർ പൊതുവേ, യഹോവപക്ഷത്തെയാണു പിന്തുണച്ചത്. ഇതരദൈവങ്ങളുടെ ആരാധനയേയും യെരുശലേമിനു പുറത്തുള്ള യഹോവാരാധനയെ തന്നെയും അവർ എതിർത്തു. അന്യദൈവങ്ങൾ അവർക്ക് യഹോവയുമായുള്ള താരതമ്യത്തിൽ ബലഹീനന്മാരായ അധമശക്തികളോ, ദുഷ്ടരൂപികളോ, വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തികളെപ്പോലുള്ള നിർജ്ജീവമൂർത്തികളോ ആയിരുന്നു.[12]
പ്രവാചകന്മാർ യഹോവയെ സർവശക്തനും വിശ്വസ്തരെ അനുഗ്രഹങ്ങൾ നൽകി സംരക്ഷിക്കുകയും അവിശ്വസ്തരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന നീതിമാനും ആയി കണ്ടു. മരണാനന്തരജീവിതത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം യഹൂദധാർമ്മികതയിൽ അതേവരേ രൂപപ്പെട്ടിട്ടില്ലായിരുന്നതിനാൽ ദൈവികമായ ശിക്ഷാസമ്മാനങ്ങൾക്ക് ഐഹികമാനമാണ് സങ്കല്പിക്കപ്പെട്ടിരുന്നത്. രാഷ്ട്രീയമായ ദുരിതങ്ങളും പ്രകൃതിക്ഷോഭങ്ങളും മറ്റും ജനങ്ങളുടെ അവിശ്വസ്തതയ്ക്കുള്ള ദൈവികശിക്ഷകളായും; സമാധാനവും, സന്താനഭാഗ്യവും സമ്പദ്സമൃദ്ധിയും ആയുരാരോഗ്യങ്ങളും വിശ്വസ്തതയ്ക്കുള്ള ദൈവികസമ്മാനങ്ങളായും വിലയിരുത്തപ്പെട്ടു.
യഹോവയോടുള്ള പ്രതിബദ്ധതക്കെന്ന പോലെ വ്യക്തിപരമായ നീതിനിഷ്ഠക്കും സാമൂഹികസമത്വത്തിനും പ്രവാചകപാരമ്പര്യം പ്രാധാന്യം കല്പിച്ചു. പരദേശികളുടേയും അനാഥരുടേയും വിധവകളുടേയും കണ്ണുനീരിനു പ്രതികാരം ചെയ്യുന്ന കാരുണ്യവാനായി അവർ ദൈവത്തെ കണ്ടു. ബലികളേയും വഴിപാടുകളേയും മാത്രം ആശ്രയിക്കുന്ന അനുഷ്ഠാനവ്യഗ്രവും നീതിരഹിതവുമായ ധാർമ്മികതയെ ആമോസിനേയും[13]ഏശയ്യായേയും[14] പോലുള്ള പ്രവാചകന്മാർ നിശിതമായി വിമർശിച്ചു. യഹൂദപ്രവാചകപാരമ്പര്യത്തിന്റെ ഉദയം, ചരിത്രത്തിൽ ഒരു പുതിയ മനുഷ്യജനുസ്സിന്റെ അരങ്ങേറ്റമായിരുന്നു എന്ന് എച്ച്. ജി. വെൽസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.[11]"ആമോസിലും ഏശയ്യായിലും ആണ് ക്രിസ്തുമതത്തിന്റേയും സോഷ്യലിസത്തിന്റേയും തുടക്കമെന്നും ദാരിദ്ര്യത്തിനും യുദ്ധത്തിനുമിടയിലും മനുഷ്യസാഹോദര്യം സാധ്യമാക്കുന്ന ആദർശനിഷ്ഠയുടെ നദി (Stream of Utopias) ഉറവെടുത്തത് അവരിൽ നിന്നാണ്" എന്നും വിൽ ഡുറാന്റ് പറയുന്നു.[15]
ജോസിയാ, നിയമഗ്രന്ഥം
യൂദയാ ദേശത്തിന്റെ പതനത്തിനു പതിറ്റാണ്ടുകൾ മാത്രം ബാക്കിയിരിക്കെ മൂന്നു ദശകക്കാലം അവിടെ രാജാവായിരുന്ന ജോസിയാ അധികാരത്തിലെത്തിയത് എട്ടാമത്തെ വയസ്സിലായിരുന്നു. യഹോവപക്ഷക്കാരായ നവീകരണവാദികളുടെ സംരക്ഷണത്തിൽ ഭരിച്ച അദ്ദേഹം യഹൂദധാർമ്മികതയുടെ പിൽക്കാലചരിത്രത്തിൽ നിർണ്ണായകമായിത്തീർന്ന പരിഷ്കാരങ്ങൾ നടപ്പാക്കി. മുഴുവൻ ദേശത്തേയും യെരുശലേം കേന്ദ്രീകരിച്ചുള്ള യഹോവാപക്ഷ ധാർമ്മികതയുടെ കീഴിൽ കൊണ്ടുവരാനും അന്യമതവിശ്വാസങ്ങളെ അടിച്ചമർത്താനും അവരുടെ ആരാധനാലയങ്ങൾ നശിപ്പിക്കാനും അദ്ദേഹം മുൻകൈയ്യെടുത്തു.
ജോസിയായുടെ ഭരണത്തിന്റെ പതിനെട്ടാം വർഷം ദേവാലയത്തിലെ രഹസ്യശേഖരങ്ങളിലൊന്നിൽ, ദൈവം മോശെക്ക് പറഞ്ഞുകൊടുത്തെഴുതിച്ച നിയമഗ്രന്ഥത്തിന്റെ ചുരുൾ കണ്ടുകിട്ടിയതായി എബ്രായബൈബിളിലെ രാജാക്കന്മാരുടെ പുസ്തകത്തിൽ പറയുന്നു. എബ്രായബൈബിളിന്റെ ആദ്യഖണ്ഡമായ തോറയിലെ പുസ്തകങ്ങളിൽ ചിലതൊക്കെ അവയുടെ ആദിമലിഖിതരൂപത്തിൽ അക്കാലത്തു നിലവിലുണ്ടായിരുന്നിരിക്കാമെങ്കിലും ഈ 'കണ്ടെത്തലിന്റെ' യഥാർത്ഥസ്വഭാവം വ്യക്തമല്ല. കണ്ടെത്തപ്പെട്ടതായി അവകാശപ്പെട്ട ഗ്രന്ഥത്തിന്റെ പരസ്യവായനക്കും പ്രചാരണത്തിനും ജോസിയാ അവസരമൊരുക്കി. ഈജിപ്തിൽ നിന്നുള്ള ഇസ്രായേലിന്റെ മോചനത്തേയും ദൈവവും എബ്രായജനതയുമായുള്ള ഉടമ്പടിയേയും സംബന്ധിച്ച യഹോവപക്ഷബോദ്ധ്യങ്ങളായിരുന്നു ഈ നിയമഗ്രന്ഥത്തിന്റെ ഉള്ളടക്കം. പിൽക്കാലത്ത് രൂപപ്പെട്ട എബ്രായബൈബിളിലെ നിയമാവർത്തനപ്പുസ്തകത്തിന്റേയോ, പുറപ്പാടിന്റെ പുസ്തകം ഒരു ഖണ്ഡത്തിന്റേയോ (പുറപ്പാട് 20-23) ആദിരൂപം ആയിരിക്കാം അതെന്നു കരുതപ്പെടുന്നു.[16]നിയമപുസ്തകം ആദ്യമായി എഴുതപ്പെട്ടതുതന്നെ ജോസിയായുടെയോ അദ്ദേഹത്തിന്റെ മുത്തച്ഛൻ മനാസ്സേയുടേയോ കാലത്തു മാത്രമാണെന്നും ജോസിയായുടെ യഹോവപക്ഷ ഭരണപരിഷ്കാരങ്ങളെ ന്യായീകരിക്കാൻ വേണ്ടിയാവാം ഇതിൽ മോശയുടെ കർതൃത്വം ആരോപിച്ചതെന്നും ഒരു പക്ഷമുണ്ട്.[17]
31 വർഷം ഭരണം നടത്തിയ ജോസിയാ, ഇസ്രായെലിൽ കൂടി മുന്നേറി ബാബിലോൺ ആക്രമിക്കാൻ പുറപ്പെട്ട ഈജിപ്തിലെ ഫറവോ നീക്കോയുടെ സൈന്യത്തെ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെ ഇസ്രായേലിലെ മെഗിദ്ദോയിലെ യുദ്ധത്തിൽ 40-ആം വയസ്സിൽ ബിസി 609-ൽ കൊല്ലപ്പെട്ടു.[18][19]
ബാബിലോൺ പ്രവാസം
ജോസിയായുടെ മരണത്തിനു കാൽനൂറ്റാണ്ടിനകം ബിസി 587-ൽ ബാബിലോണിയൻ സൈന്യം യെരുശലേം കീഴ്പെടുത്തുകയും രാജാവായിരുന്ന സിദക്കിയായേയും യൂദയായിലെ പൗരസഞ്ചയത്തിന്റെ വെണ്ണപ്പാളിയെയും ബാബിലോണിലെക്ക് അടിമകളായി കൊണ്ടു പോവുകയും ചെയ്തു. യെരുശലേം ദേവാലയം അവർ നിലംപരിശാക്കി. യഹൂദജനതയുടേയും യഹൂദധാർമ്മികതയുടേയും ചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ച ബാബിലോണിലെ പ്രവാസത്തിന് അങ്ങനെ തുടക്കമായി. "ബാബിലോൺ നദികളുടെ തീരത്ത് സിയോനെയോർത്തു കരഞ്ഞ്"[20] പ്രവാസികൾ എഴുപതു വർഷത്തോളം കഴിഞ്ഞു. ബാബിലോണിൽ യഹൂദപ്രവാസികൾ അവരുടെ വ്യതിരിക്തത നിലനിർത്തുകയും സ്വന്തം രാഷ്ട്രീയ-ധാർമ്മികാവസ്ഥകളെ ആഴത്തിൽ വിലയിരുത്തുകയും ചെയ്തു. എസെക്കിയേലിനേയും ഉത്തര-ഏശയ്യായേയും [൨] പോലുള്ള പ്രവാചകന്മാർ അവരുടെ ദൗത്യം നിർവഹിച്ചത് പ്രവാസികൾക്കിടയിലായിരുന്നു. യഹൂദജനത സ്വന്തം ചരിത്രത്തെ ക്രോഡീകരിച്ചതും ഏറെയും വാമൊഴിയായി നിലനിന്നിരുന്ന വംശസ്മൃതി വിശുദ്ധലിഖിതങ്ങളാക്കുന്ന പ്രക്രിയയിൽ ഗണ്യമായ പുരോഗതി നേടിയതും പ്രവാസത്തിലായിരുന്നു. പ്രവാസം വിശ്വാസികൾക്ക് സാംസ്കാരികമായ അഭിവൃദ്ധിയും തീവ്രമായ സ്വത്വബോധവും നൽകി. ബാബിലോണിൽ നിന്നു മടങ്ങി വന്നത് ഒരു പുതിയ ജനതയായിരുന്നു.[7]
രണ്ടാം ദേവാലയം
ബി.സി. 539-ൽ ബാബിലോൺ കീഴടക്കിയ പേർഷ്യൻ ചക്രവർത്തി സൈറസ് യഹൂദപ്രവാസികളെ സ്വദേശത്തേയ്ക്കു മടങ്ങാനും യെരുശലേമിലെ ദേവാലയം പുനർനിർമ്മിക്കാനും അനുവദിച്ചു. ബാബിലോണിൽ നിന്നു മടങ്ങിവന്നവരുടെ നവീകൃതമായ തീവ്രധാർമ്മികത യഹൂദവിശ്വാസത്തിന്റെ മുഖ്യധാരയായി മാറി. പ്രവാസകാലത്ത് ദേശത്ത് തുടർന്നിരുന്നവരിൽ ചിലർ ഇതിൽ നിന്നു വിട്ടുനിൽക്കുയോ ഇതിന്റെ ഫലമായി പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്തു.[൩] സെറുബാബേലും, എസ്രായും, നെഹമിയായും മറ്റും ബാബിലോണിലെ പ്രവാസത്തിൽ നിന്നുള്ള തിരിച്ചുവരവിനും ദേവാലയത്തിന്റെ പുനർനിർമ്മിതിക്കും നേതൃത്വം കൊടുത്തവരിൽ പെടുന്നു. പ്രവാസികളിൽ വലിയൊരു വിഭാഗം ബാബിലോണിൽ തന്നെ തുടർന്നു. യഹൂദമതത്തിന്റെ പിൽക്കാലചരിത്രത്തെ ബാബിലോണിൽ നിലനിന്ന ഈ യഹൂദസമൂഹം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സഖറിയാ മുതൽ മലാഖി വരെയുള്ള പ്രവാചകന്മാർ ഇസ്രായേലിൽ പ്രഘോഷിച്ചു. എബ്രായബൈബിളിന്റെ വികാസം പൂർത്തിയായത് ഇക്കാലത്താണ്.
പേർഷ്യൻ ആധിപത്യത്തിലിരുന്ന ഇസ്രായേൽ, ബി.സി. 332-ൽ അലക്സാണ്ടറുടെ ആക്രമണത്തിൽ ഗ്രീക്ക് സാമ്രാജ്യത്തിന്റെ ഭാഗമായി. അലക്സാണ്ടറുടെ മരണത്തെ തുടർന്ന് ഈജിപ്തിൽ അലക്സാണ്ട്രിയ കേന്ദ്രമാക്കി ഭരിച്ചിരുന്ന ഗ്രീക്കു ഭരണാധികാരികളായ ടോളമിമാരുടെ കീഴിലായി ഇസ്രായേൽ. ഈ കാലഘട്ടത്തിൽ യഹുദത ഒരു ആഗോളധർമ്മമായി. ഗ്രീക്കു ഭാഷയും സംസ്കാരവും യഹുദരെ കാര്യമായി സ്വാധീനിച്ചു. ഗ്രീക്കു ഭാഷയിൽ ബൈബിളിന്റെ സെപ്ത്വജിന്റ് പരിഭാഷ രൂപപ്പെട്ടത് ടോളമിമാരുടെ കാലത്താണ്.[21]
മക്കബായയുഗം
ബിസി 200-ൽ ഇസ്രായേൽ സിറിയയിലെ സെലൂക്കിഡ് ചക്രവർത്തി അന്തിയോക്കോസ് മൂന്നാമൻ ഈജിപ്തിലെ ടോളമി അഞ്ചാമനെ തോല്പിച്ച് യൂദയായും ഗലീലായും പിടിച്ചെടുത്തു. സെല്യൂക്കിഡുകളുടെ നയങ്ങളിൽ പലതും യഹൂദരെ അസ്വസ്ഥരാക്കി. സിറിയയുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസത്തിനായി യെരുശലേം ദേവാലയത്തിലെ സമ്പത്തു പിടിച്ചെടുക്കാൻ ശ്രമിച്ചതും അതിന്റെ ഭാഗമായി, മഹാപുരോഹിതന്റെ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ സെല്യൂക്കിഡുകൾ വഹിച്ച പങ്കും യഹുദരെ ആശങ്കാകുലരാക്കി. ടോളമി ഭരണത്തിൽ സ്വാഭാവികമായി നടന്നിരുന്ന യവനീകരണത്തെ നിർബ്ബന്ധപൂർവം മുന്നോട്ടു കൊണ്ടു പോകാനും യഹൂദരുടെ മതവിശ്വാസത്തിൽ ഇടപെടാനും സെല്യൂക്കിഡുകൾ തുനിഞ്ഞതോടെ യഹൂദർക്കിടയിലെ തീവ്രധാർമ്മികർ, യൂദാസ് മക്കാബിയസിന്റെ നേതൃത്വത്തിൽ കലാപമുയർത്തി. ബിസി 169-ൽ ആരംഭിച്ച ഈ കലാപം 141-ൽ സ്വതന്ത്ര യഹൂദരാഷ്ട്രത്തിന്റേയും ഹാസ്മോനിയൻ രാജവംശത്തിന്റേയും സ്ഥാപനത്തിൽ കലാശിച്ചു. ഈ യഹൂദരാജവംശം ഒരു നൂറ്റാണ്ടോളം യൂദയാ ഭരിച്ചു.[22]
റോമൻ ആധിപത്യം
ബിസി 63-ൽ ഹാസ്മോനിയൻ രാജാവ് ജോൺ ഹൈർക്കാനസ് രണ്ടാമൻ റോമൻ സൈന്യാധിപൻ പോമ്പിയുടെ മുൻപിൽ കീഴടങ്ങിയതോടെ യൂദയാ റോമൻ ആധിപത്യത്തിലായി. സ്വാതന്ത്ര്യത്തിന്റെ പുനസ്ഥാപനത്തിനായി റോമിനെതിരെ പൊതുവർഷം 66-70-ൽ യഹൂദർ നടത്തിയ പോരാട്ടം നിഷ്ഠൂരമായി അടിച്ചമർത്തപ്പെട്ടു. യഹൂദസ്വത്വത്തിന്റെ പ്രതീകസ്ഥാനമായിരുന്ന യെരുശലേം ദേവാലയം റോമൻ ഭരണം തകർത്തു. പൊതുവർഷം 132-36-ൽ ശിമയോൻ ബാർ കൊഖബ എന്ന കലാപകാരിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ കലാപവും അടിച്ചമർത്തപ്പെട്ടു. യെരുശലേമിൽ യഹുദരുടെ പ്രവേശനം തന്നെ വിലക്കപ്പെട്ടു. തുടർന്ന് ഇസ്രായേലിലെ യഹൂദർ പ്രവാസികളായി ലോകമെമ്പാടും ചിതറി.
ജൂതവിരോധം
ഒന്നാം നൂറ്റാണ്ടിൽ യഹൂദതയിലെ ഒരു വിമതമുന്നേറ്റമായി ഉത്ഭവിച്ച് ക്രമേണ വ്യതിരിക്തധർമ്മമായി മാറിയ ക്രിസ്തുമതം, തുടർന്നു വന്ന നൂറ്റാണ്ടുകളിൽ യഹൂദമതത്തിനു വെല്ലുവിളിയായി. സുവിശേഷങ്ങൾ യഹൂദനിയമമായ തോറയ്ക്കു പകരമായെന്നു കരുതിയ ക്രിസ്ത്യാനികൾ, ക്രിസ്തുസന്ദേശത്തിന്റെ തിരസ്കാരത്തിനു യഹൂദരെ കുറ്റപ്പെടുത്തുകയും സുവിശേഷങ്ങളിലെ പീഡാനുഭവാഖ്യാനത്തിലെ സൂചനകൾ പിന്തുടർന്ന്, അവരെ ക്രിസ്തുഘാതകരായി പഴിക്കുകയും ചെയ്തു.[23] [൪]യഹൂദരുടെ സ്വത്വബോധത്തിന്റെ പ്രത്യേകതകളും അവർക്കെതിരായുള്ള മനോഭാവങ്ങളുടെ വളർച്ചയെ സഹായിച്ചു. ദൈവികപദ്ധതിയിൽ സവിശേഷസ്ഥാനമുള്ള വിശുദ്ധജനവും, വിശിഷ്ടവെളിപാടിന്റെ സ്വീകർത്താക്കളുമാണു തങ്ങളെന്ന യഹൂദരുടെ അവകാശവാദം ഈർഷ്യയുണർത്തി. മതപരമായ മത്സരത്തിന്റെയും രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങളിലെ പൊരുത്തക്കേടുകളുടേയും ചേരുവ, വ്യാപകമായ ജൂതവിരോധമായി പരിണമിച്ച് ആധുനികകാലം വരെ നിലനിന്നു. പല യൂറോപ്യൻ രാജ്യങ്ങളിലും യഹൂദർ, അടിസ്ഥാനപരമായ പൗരാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട പാർശ്വവൽക്കൃത ജനതയെന്ന നിലയിൽ കഴിയേണ്ട അവസ്ഥയിലായി.[24]
റാബിനികത
ബാബിലോൺ പ്രവാസത്തെ തുടർന്നുള്ള പേർഷ്യൻ, യവന, ഹാസ്മോനിയൻ, റോമൻ ആധിപത്യകാലങ്ങളിൽ നിരന്തരം മാറിക്കൊണ്ടിരുന്ന രാഷ്ട്രീയസാഹചര്യങ്ങൾക്കനുസരിച്ച് യഹൂദവിശ്വാസം പരിവർത്തനങ്ങളിലൂടെ കടന്നുപോയി. മരണാനന്തരജീവിതത്തിലും മാലാഖമാരിലും മറ്റുമുള്ള വിശ്വാസങ്ങൾ വ്യക്തരൂപത്തിൽ യഹൂദതയിൽ കടന്നു വന്നത് ഈ നൂറ്റാണ്ടുകളിലെ തിക്തമായ ലൗകികസാഹചര്യങ്ങളിലായിരുന്നു. ഈവിധമുള്ള നവീനതകൾക്കൊപ്പം അവയെ എതിർത്ത മൗലികവാദപക്ഷങ്ങളും നിലവിലിരുന്നു. ഹാസ്മോനിയൻ ഭരണകാലം മുതൽ, പരീശന്മാരും സദുക്കായരും ഈ ചിന്താധാരകളുടെ വക്താക്കളായി. പരീശന്മാർ മരണാനന്തരജീവിതത്തിലും വിശുദ്ധലിഖിതങ്ങൾക്കു പുറമേയുള്ള പാരമ്പര്യങ്ങളിലും വിശ്വസിച്ചപ്പോൾ സദുക്കായർ അവയെ തിരസ്കരിച്ചു. ക്രിസ്തുവർഷാരംഭത്തിനടുത്ത് എസ്സീനുകൾ എന്ന ജൂതമൗലികവാദിവിഭാഗവും നിലവിലിരുന്നു. സ്വജനങ്ങളെ ഉദ്ധരിക്കാനായി സമയത്തിന്റെ തികവിൽ ദൈവം ഒരു രക്ഷകനെ അയക്കുമെന്ന വിശ്വാസത്തെ ആശ്രയിച്ചുള്ള മിശിഹാപ്രതീക്ഷയും അക്കാലത്ത് വളർന്നു വികസിച്ച് യഹുദധാർമ്മികതയുടെ ഭാഗമായി.
പരീശന്മാർ പിൽക്കാലങ്ങളിൽ റാബൈമാർ എന്നറിയപ്പെട്ടു. ഈജിപ്തിൽ നിന്നുള്ള പ്രയാണത്തിനിടെ സീനായ് മലമുകളിൽ മോശെക്ക് ലിഖിതനിയമം നൽകിയ യഹോവ അതിനൊപ്പം അലിഖിതമായ വാചികനിയമവും നൽകിയിരുന്നെന്നും തലമുറകളിലൂടെ കൈമാറപ്പെട്ട് പാരമ്പര്യത്തിന്റെ ഭാഗമായി നിലനിൽക്കുന്ന ഈ നിയമം ലിഖിതനിയമത്തിനൊപ്പം പ്രധാനമാണെന്നും റാബൈമാർ പഠിപ്പിച്ചു. എബ്രായബൈബിളിന്റേയും യഹൂദപാരമ്പര്യങ്ങളുടേയും റാബിനികവ്യാഖ്യാനമായ താൽമുദ് പൊതുവർഷം രണ്ടാം നൂറ്റാണ്ടു മുതൽ പലസ്തീനയിലേയും ബാബിലോണിലേയും വേദപാഠശാലകളിൽ രൂപപ്പെട്ടു. ആറാം നൂറ്റാണ്ടിനടുത്ത് ഈ സംഹിതയുടെ അന്തിമരൂപമായ "ബാബിലോണിയൻ താൽമുദ്" ക്രോഡീകരിക്കപ്പെട്ടതോടെ റാബിനികത, യഹൂദമതത്തിന്റെ മുഖ്യധാരയായി. ദേവാലയം തകർക്കപ്പെടുകയും ദേശീയാഭിലാഷങ്ങൾ അടിച്ചമർത്തപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ദേവാലയത്തിനു പകരം വേദപുസ്തകത്തേയും അതിന്റെ അനുബന്ധപാരമ്പര്യങ്ങളേയും കേന്ദ്രമാക്കി യഹുദതയെ പുനർനിമ്മിക്കുകയാണ് റാബൈമാർ ചെയ്തത്.[25]
മദ്ധ്യയുഗം
മദ്ധ്യയുഗങ്ങളിലെ ക്രൈസ്തവ, ഇസ്ലാമിക മേൽക്കോയ്മകളിൽ യഹൂദമതം ബഹുവിധമായ പ്രതിബന്ധങ്ങളും വിലക്കുകളും നേരിട്ടാണ് നിലനിന്നത്. ക്രൈസ്തവലോകത്ത് യഹുദത പൂർണ്ണമായും പാർശ്വവൽക്കരിക്കപ്പെട്ടു. യൂറോപ്യൻ നഗരങ്ങളിൽ യഹൂദർ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട്, ജൂതച്ചേരികളിൽ (Ghettos) ജീവിക്കാൻ നിർബ്ബന്ധിതരായി. കുരിശുയുദ്ധങ്ങളും പകർച്ചവ്യാധികളും, ജൂതപീഡനത്തിനുള്ള അവസരങ്ങളായി. പകർച്ചവ്യാധികൾ പോലുള്ള സ്വാഭാവികദുരന്തങ്ങളിൽ പോലും യഹൂദർ കുറ്റക്കാരായി പരിഗണിക്കപ്പെട്ടു. ഈ പരാധീനതകൾക്കിടയിലും യഹൂദമതം ഇക്കാലത്ത് വളരുകയും വൈവിദ്ധ്യമാർജ്ജിക്കുകയും ചെയ്തു. യഹൂദതയിലെ മിസ്റ്റിക് മുന്നേറ്റമായ കബ്ബല്ല, യഹൂദവിശ്വാസത്തിന്റെ റാബിനികഭാഷ്യമായ താൽമുദിനെ നിരസിച്ച് തോറയുടെ ആദിമസംശുദ്ധിയിലേക്കു മടങ്ങാൻ ആഹ്വാനം ചെയ്ത 'കരായിസം' തുടങ്ങിയവ യഹുദമതത്തിൽ ഇക്കാലത്തു രൂപപ്പെട്ട പ്രസ്ഥാനങ്ങളായിരുന്നു.[26]
ഇസ്ലാമികശാസനങ്ങളിലും യഹുദർക്കെതിരായ നിരോധനങ്ങൾ നിലനിന്നിരുന്നു. അറബി ഭാഷയിൽ, സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി. ബൈബിളിലെ ദൈവവെളിപാടിനെ ദാർശനികയുക്തിയുമായി പൊരുത്തപ്പെടുത്താൻ ശ്രമിച്ച് യഹൂദസ്കൊളാസ്റ്റിക് ദർശനത്തിന്റെ പ്രാരംഭകനായിത്തീർന്ന സാദിയാ ബെൻ ജോസഫ് എബ്രായബൈബിൾ അറബിയിലേക്കു പരിഭാഷപ്പെടുത്തി. ഇസ്ലാമികഭരണത്തിലിരുന്ന സ്പെയിനിൽ ജനിച്ച് ഈജിപ്തിലെ സുൽത്താന്റെ കൊട്ടാരം വൈദ്യനായിത്തീർന്ന വിഖ്യാതയഹുദചിന്തകൻ മൈമോനിഡിസിന്റെ പല കൃതികളും അറബി ഭാഷയിൽ ആയിരുന്നു.[26]
ആധുനികകാലം
ജൂതവിമോചനം
മദ്ധ്യയുഗത്തിന്റെ സമാപനം കുറിച്ച യൂറോപ്യൻ നവോത്ഥാനവും, പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ ഫലമായി നടന്ന പാശ്ചാത്യ-ക്രിസ്തീയതയുടെ വിഭജനവും, യഹൂദമതത്തോടുള്ള മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. നവീകർത്താക്കളായ മാർട്ടിൻ ലൂഥറും മറ്റും തീവ്രമായ യഹൂദവിരോധം പ്രകടിപ്പിച്ചു. എങ്കിലും രാഷ്ട്രീയ-സാമൂഹ്യമേഖലകളിൽ മതത്തിന്റെ പ്രാബല്യം അസ്തമിച്ചതോടെ മതപരമായ വിവേചനം എളുപ്പമല്ലാതായി. പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയവും മനുഷ്യസാഹോദര്യത്തിന് ഊന്നൽ കൊടുത്ത ഫ്രെഞ്ചു വിപ്ലവവും ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി, ജൂതവിമോചനത്തെ സഹായിച്ചു. നെപ്പോളിയന്റെ പടയോട്ടം കടന്നു പോയ ഇടങ്ങളിലെല്ലാം ജൂതച്ചേരികൾ അപ്രത്യക്ഷമായി. ചേരികൾക്കുള്ളിലെ ഒറ്റപ്പെടൽ അവസാനിച്ചതോടെ യഹുദസമൂഹങ്ങളിലും ആധുനികതയുടെ സ്വാധീനം കടന്നുചെന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ജർമ്മനിയിലെ പ്രസിദ്ധയഹൂദചിന്തകൻ മോസസ് മെൻഡെൽസന്റെ ജീവിതവും ചിന്തയും ഈ മാറ്റത്തെ പ്രതീകവൽക്കരിച്ചു. യഹൂദർക്കിടയിൽ ഹസ്കല എന്ന ജ്ഞാനോദയമുന്നേറ്റത്തിന് 18-19 നൂറ്റാണ്ടുകളിൽ ഇത് പശ്ചാത്തലമൊരുക്കി.
സിയോണിസം, ഇസ്രായേൽ
മതപരമായ യഹൂദവിരോധം ക്രമേണ ക്ഷയിച്ചെങ്കിലും വംശീയരൂപത്തിൽ അത് ജർമ്മനിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും തലപൊക്കി. യഹൂദവംശജരുടെ കൂട്ടക്കൊലകൾ ജർമ്മനിയിലും റഷ്യയിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും 19-ആം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നടന്നിരുന്നു. ജൂതസംസ്കാരത്തിനും ദേശീയാഭിലാഷങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിക്ക് ഈ സാഹചര്യങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രചോദനമായി. ജെറുസലേം എന്നർത്ഥം വരുന്ന സിയോൺ എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് 'സിയോണിസം' എന്ന പദം ഉത്ഭവിച്ചത്.[27]വാഗ്ദത്തഭൂമിയായി അവകാശപ്പെട്ട പലസ്തീനയിലേക്കുള്ള യഹൂദരുടെ വൻതോതിലുള്ള കുടിയേറ്റത്തെ ഈ പ്രസ്ഥാനം പ്രോത്സാഹിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കിയുടെ പരാജയത്തെ തുടർന്ന് ബ്രിട്ടന്റെ നിയന്ത്രണത്തിലായ പലസ്തീനയിൽ യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിനെ തത്ത്വത്തിൽ അംഗീകരിക്കുന്ന 1917-ലെ ബാൾഫോർ പ്രഖ്യാപനം പുറപ്പെടുവിക്കാൻ ബ്രിട്ടീഷ് സർക്കാരിനെ പ്രേരിപ്പിച്ചത് ബ്രിട്ടണിലെ സിയോണിസ്റ്റുകളായിരുന്നു.[28]
രണ്ടാം ലോകമഹായുദ്ധത്തിനിടെ ജർമ്മനിയിലെ നാത്സി ഭരണകൂടം വ്യാപകമായി നടത്തിയ ജൂതഹത്യ, യൂറോപ്പിലെ യഹൂദരുടെ അവസ്ഥയിലേക്കു ലോകശ്രദ്ധ തിരിച്ചു. 1948-ൽ സ്വതന്ത്ര ഇസ്രായേൽ രാഷ്ട്രം ഐക്യരാഷ്ട്രസഭയിലെ ഭൂരിപക്ഷതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്നു. ലോകമൊട്ടാകെയുള്ള ജൂതന്മാരിൽ 40 ശതമാനത്തോളം ഇതിനകം ഇസ്രായേലിലേയ്ക്ക് കുടിയേറിക്കഴിഞ്ഞതായി കരുതപ്പെടുന്നു.[29]പലസ്തീനയിലേക്കുള്ള ജൂതക്കുടിയേറ്റം അറബി-ഇസ്ലാമിക ലോകത്ത് അമർഷത്തിനും പ്രതിക്ഷേധങ്ങൾക്കും തീവ്രമായ പ്രതികരണങ്ങൾക്കും കാരണമായി. ബൈബിളിനെ പ്രമാണമാക്കി വാഗ്ദത്തെഭൂമിയെക്കുറിച്ച് യഹൂദർ നടത്തിയ അവകാശവാദം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു.[30] ജൂതക്കുടിയേറ്റവും ഇസ്രായേലിന്റെ സ്ഥാപനവും തുടർന്നുണ്ടായ യുദ്ധങ്ങളും ലക്ഷക്കണക്കിനു പലസ്തീനികളെ അഭയാർത്ഥികളാക്കി. ഇതിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും പരിഹൃതമാവാതെ നിലനിൽക്കുന്നു.
വിശുദ്ധലിഖിതങ്ങൾ
എബ്രായബൈബിൾ
തനക്ക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എബ്രായബൈബിളാണ് യഹുദമതത്തിലെ പ്രാമാണികമായ വിശുദ്ധഗ്രന്ഥം. യഹൂദസ്വത്വത്തിന്റെ നിർവചനത്തേയും നിലനില്പിനേയും അത്ഭുതകരമായി സ്വാധീനിച്ച കൃതിയാണത്. ദേശകാലങ്ങളുടെ അകലവും വൈവിദ്ധ്യവും മറികടന്ന് ഒരു ജനതയെ ലിഖിതവചനത്തിന്റെ മാത്രം ശക്തികൊണ്ട് ഒരുമിപ്പിക്കുകയും നിലനിർത്തുകയും ചെയ്ത കൃതിയെന്ന് എബ്രായബൈബിളിനെ പുകഴ്ത്തുന്ന എച്ച്. ജി.വെൽസ്, യെരുശലേം യഹൂദതയുടെ ശിരസ്ഥാനമായിരുന്നത് പേരിനു മാത്രമാണെന്നും എക്കാലത്തും അതിന്റെ "യഥാർത്ഥ നഗരി ഈ പുസ്തകങ്ങളുടെ പുസ്തകം" ആയിരുന്നെന്നും [൫] നിരീക്ഷിക്കുന്നു. യഹൂദർ ബൈബിൾ നിർമ്മിക്കുകയല്ല, ബൈബിൾ യഹൂദരെ നിർമ്മിക്കയാണു ചെയ്തതെന്നും അദ്ദേഹം കരുതി. "രാജ്യവും രാജാവും ദേവാലയവും നഷ്ടപ്പെട്ട് ലോകമെമ്പാടും ചിതറിപ്പോയ യഹൂദജനതയുടെ ഐക്യവും തുടർച്ചയും അത് ഉറപ്പാക്കി."[11]
തനക്ക് എന്ന വാക്ക് ഈ സംഹിതയിലടങ്ങിയിരിക്കുന്ന ഗ്രന്ഥവിഭാഗങ്ങളുടെ പേരുകളായ തോറ, നബിയിം, കെത്തുവിം എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർന്നുണ്ടായതാണ്. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളിൽ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' ആണ്. തോറ എന്ന ഹെബ്രായ പദത്തിന്റെ അർത്ഥം വഴികാട്ടുക എന്നാണ്. പഞ്ചഗ്രന്ഥങ്ങളായ ഉല്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നിവയാണ് തോറായിൽ അടങ്ങിയിരിക്കുന്നത്. നബിയിമിൽ പ്രവചനഗ്രന്ഥങ്ങളും കെത്തുബിമിൽ മറ്റ് ലിഖിതങ്ങളുമാണ്.[31]
തനക്കിന്റെ ആദ്യശകലങ്ങൾ വാമൊഴിയായി പ്രചരിച്ചതാകാനാണു സാദ്ധ്യത. തുടർന്ന്, രചനയുടേയും, സംശോധനയുടേയും, സമ്പാദന-സമന്വയങ്ങളുടേയും സഹസ്രാബ്ദക്കാലത്തിലധികം കൊണ്ടാണ് കൃതി അതിന്റെ അന്തിമരൂപം കൈവരിച്ചത്. തനക്കിന്റെ മുന്നു ഖണ്ഡങ്ങളിൽ പ്രധാനവും ആദ്യത്തേതുമായ 'തോറ'-യുടെ നിലവിലുള്ള പാഠത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കാൻ 18, 19 നൂറ്റാണ്ടുകളിലെ പണ്ഡിതന്മാർ മുന്നോട്ടുവച്ച രേഖാപരികല്പന ( Documentary Hypothesis) ഈ പ്രക്രിയയെ ഉദാഹരിക്കുന്നു. മോശെയുടെ പേരിൽ അറിയപ്പെടുന്ന തോറയിലെ അഞ്ചു പുസ്തകങ്ങൾ, സ്വതന്ത്രവും അവയിൽ തന്നെ സമ്പൂർണ്ണവും, ഒന്നൊന്നിനു സമാന്തരവുമായിരുന്ന നാലു പൂർവരേഖകൾ സമന്വയിപ്പിച്ച് സംശോധകരുടെ ഒരു പരമ്പര രൂപപ്പെടുത്തിയതാണ് എന്നാണ് ഈ പരികല്പന.[32]
പ്രാചീനലോകത്തിലെ യഹൂദവേദഗ്രന്ഥങ്ങൾക്കിടയിൽ എബ്രായയ്ക്കു പുറമേയുള്ള ഭാഷകളിലെ രചനകളും ഉണ്ടായിരുന്നു. എങ്കിലും അന്തിമസഞ്ചയത്തിൽ സ്വീകരിക്കപ്പെട്ടത് എബ്രായഭാഷയിലുള്ള ഗ്രന്ഥങ്ങൾ മാത്രമാണ്. ബൈബിളിന്റെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിലെ പല ഗ്രന്ഥങ്ങളും, മൂലഭാഷ എബ്രായ അല്ല എന്ന കാരണത്താൽ തള്ളപ്പെട്ടു. പൊതുവർഷം 90-നടുത്ത് മദ്ധ്യധരണി തീരത്തെ യാമ്നിയയിൽ ചേർന്ന യഹൂദവേദശാസ്ത്രികളുടെ സമ്മേളനത്തിലാണ് ഈ അന്തിമസഞ്ചയം തീരുമാനിക്കപ്പെട്ടത് എന്നു കരുതപ്പെടുന്നു. [33]
ഭാഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടായില്ലെങ്കിലും ഒരു മതഗ്രന്ഥമെന്ന നിലയിൽ പരിഗണിക്കുമ്പോൾ, വൈവിദ്ധ്യമാർന്ന ചിന്താധാരകളോടുള്ള സഹിഷ്ണുത ഈ സമാഹാരത്തിൽ പ്രകടമാണ്. അസ്തിത്വത്തിന്റെ ദുരൂഹസമസ്യകളേയും ദൈവനീതിയേയും കുറിച്ച് അമ്പരപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന ഇയ്യോബിന്റെ പുസ്തകവും, ജീവിതത്തിന്റെ മടുപ്പിക്കുന്ന അർത്ഥരാഹിത്യത്തെക്കുറിച്ചു പരാതിപറയുന്ന സഭാപ്രസംഗിയും, രതിസ്മൃതിയുണർത്തുന്ന ബിംബങ്ങൾ നിറഞ്ഞ പ്രേമഗാനമായ ഉത്തമഗീതവും എബ്രായബൈബിൾ സഞ്ചയത്തിന്റെ ഭാഗമാണ്.
എബ്രായബൈബിൾ ലിഖിതരൂപത്തിന്റെ പുരാതനപാഠങ്ങൾ വ്യഞ്ജനമാത്രമായിരുന്നു. മദ്ധ്യയുഗങ്ങളിലെ 'മസോറട്ടുകൾ' ഈ പാഠത്തെ, സ്വരങ്ങളുടേയും ഉച്ചാരണത്തിലെ ബലഭേദങ്ങളുടേയും(accents) ചിഹ്നങ്ങളും, ഓരക്കുറിപ്പുകളും (marginal notes) ചേർത്ത് നിശ്ചിതമാക്കി. കാലക്രമേണ വ്യാപകമായ സ്വീകൃതി നേടിയ ഈ മസോറട്ടിക് പാഠമാണ് എബ്രായബൈബിളിന്റെ ആധികാരികപാഠമായി ഇന്നു കരുതപ്പെടുന്നത്.[34]
താൽമുദ്
പിൽക്കാലത്തു മുഖ്യധാരയായി മാറിയ റാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങളുടേയും അവയുടെ വ്യാഖ്യാനങ്ങളുടേയും രേഖ എന്ന നിലയിൽ പിൽക്കാലരചനയായ താൽമുദിനേയും തോറയ്ക്കൊപ്പം മാനിക്കുന്നു. 'പഠിപ്പിക്കുക', 'പഠിക്കുക' എന്നീ അർത്ഥങ്ങളുള്ള സെമറ്റിക് മൂലശബ്ദത്തിൽ നിന്നുത്ഭവിച്ച 'താൽമുദ്' എന്ന പദത്തിന് എബ്രായഭാഷയിൽ 'പ്രബോധനം', 'പഠനം' എന്നൊക്കെയാണർത്ഥം. യഹൂദനിയമത്തേയും, സന്മാർഗ്ഗശാസ്ത്രത്തേയും, ദർശനത്തേയും, ചരിത്രത്തേയും സബന്ധിച്ച റാബിനിക സംവാദങ്ങളുടെ രേഖ എന്ന നിലയിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്.
താൽമുദിന് രണ്ടു ഭാഗങ്ങൾ ഉണ്ട്: പൊതുവർഷം രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രൂപപ്പെട്ട ആദ്യഭാഗമായ മിശ്നാ, യഹൂദരുടെ വാചികനിയമങ്ങളുടെ ആദ്യത്തെ ലിഖിതരൂപമാണ്; അഞ്ചാം നൂറ്റാണ്ടവസാനത്തോടെ ഉരുത്തിരിഞ്ഞ രണ്ടാം ഭാഗമായ ഗെമാറ, ആദ്യഭാഗത്തിന്റെ വിശദീകരണമാണ്. താൽമൂദ്, ഗെമാറ എന്നീ പദങ്ങൾ ഒന്നിനു പകരം മറ്റൊന്നായും ഉപയോഗിക്കപ്പെടാറുണ്ട്.[35] 'താൽമുദ്' എന്ന പദം പലപ്പോഴും ഗെമാറയുടെ മാത്രം പേരാകുന്നു. ആ നിലപാടിൽ, മിശ്നാ താൽമുദിന്റെ വിഷയവും ഗെമാറ മാത്രം താൽമുദും ആകുന്നു.[3][36] മിശ്നായുടെ സ്രഷ്ടാക്കളായ മനീഷികൾ 'തന്നായി'-മാർ എന്നും ഗെമാറയുമായി ബന്ധപ്പെട്ട വേദജ്ഞാനികൾ 'അമോറ'-മാർ എന്നും അറിയപ്പെടുന്നു.[37] മിശ്നാ എഴുതിയിരിക്കുന്നത് എബ്രായഭാഷയിലാണ്; ഗെമാറകൾ അരമായ ഭാഷയിലും.
താൽമുദ് രണ്ടു സമാന്തരസഞ്ചയങ്ങളിൽ ലഭ്യമാണ്. ഇവയിൽ ഹ്രസ്വവും കൂടുതൽ പുരാതനവും ആയത് പലസ്തീനയിൽ രൂപപ്പെട്ട 'യെരുശാൽമി' താൽമുദാണ്. മെസോപ്പെട്ടൊമിയായിൽ പിന്നീടു രൂപപ്പെട്ട 'ബാബ്ലി' താൽമുദ്, യെരുശലേം താൽമുദിനേക്കാൾ വലിപ്പം കൂടിയതാണ്. ഇരു സഞ്ചയങ്ങളുടെയും മിശ്നാ ഖണ്ഡം ഒന്നായതിനാൽ അവയുടെ വ്യത്യസ്തത ഗെമാറ ഖണ്ഡത്തിലാണ്. 'ബാബ്ലി' താൽമുദിന്റെ ഗെമാറക്ക് മിശ്നായുടെ പതിനൊന്നിരട്ടി വലിപ്പമുള്ളതിനാലാണ് 'ബാബ്ലി' താൽമുദിന് മൊത്തത്തിൽ ദൈർഘ്യം കൂടുതലുള്ളത്.[38] വിശേഷണമൊന്നും ചേർക്കാതെ താൽമുദ് എന്നു മാത്രം പറഞ്ഞാൽ ബാലിലോണിയൻ താൽമുദ് ആണ് സൂചിതമാകുന്നത്.
വിശ്വാസങ്ങൾ
വിട്ടുവീഴ്ചയില്ലാത്ത ഏകദൈവവിശ്വാസമാണ് യഹൂദധാർമ്മികതയുടെ കാതൽ. പ്രഭാത-സായാഹ്നപ്രാർത്ഥനകളുടെ ഭാഗമായ ഷെമാ എന്ന വിശ്വാസപ്രഖ്യാപനം, ഇതിന്റെ സംഗ്രഹവും ഘോഷണവുമാണ്. "യിസ്രായേലേ കേട്ടാലും: കർത്താവാണ് ദൈവം; കർത്താവ് ഏകനാണ്" എന്നാണ് ആ പ്രഖ്യാപനം. പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദചിന്തകൻ മൈമോനിഡിസ്, യഹൂദവിശ്വാസത്തെ താഴെപ്പറയുന്ന 13 പ്രമാണങ്ങളിൽ സംഗ്രഹിച്ചിട്ടുണ്ട്. [39]
- ദൈവം ഉണ്ട്
- ദൈവം കണിശമായും ഏകനാണ്
- ദൈവം അരൂപിയാണ്
- ദൈവം നിത്യനാണ്
- ദൈവത്തെ മാത്രമേ ആരാധിക്കാവൂ
- ദൈവം പ്രവാചകരിലൂടെ മനുഷ്യരാശിയെ പ്രബോധിപ്പിക്കുന്നു
- ഏറ്റവും വലിയ പ്രവാചകൻ മോശെ ആണ്
- യഹൂദനിയമം(തോറ) ദൈവദത്തമാണ്
- തോറ മാറ്റമില്ലാത്തതാണ്
- ദൈവം പരിപാലിക്കുന്നവനാണ്
- ദൈവം സമ്മാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനാണ്
- മിശിഹാ വരാനിരിക്കുന്നു
- മരിച്ചവർ ഉയിർത്തെഴുന്നേൽക്കും
ആചാരാനുഷ്ഠാനങ്ങൾ
സാബത്ത്
ആറുദിവസം കൊണ്ട് പ്രപഞ്ചത്തേയും ചരാചരങ്ങളേയും സൃഷ്ടിച്ച യഹോവ ഏഴാം ദിവസം പ്രവൃത്തിയിൽ നിന്നു വിരമിച്ച് വിശ്രമിച്ചതായും ആ ദിവസത്തെ അനുഗ്രഹിച്ചതായും എബ്രായബൈബിളിലെ ഉല്പത്തിപ്പുസ്തകം പറയുന്നു.[40] ആഴ്ചയുടെ അന്തിമദിനമായ സാബത്തിന്റെ സവിശേഷമായ ആചരണത്തിന് യഹൂദമതത്തിന്റെ ആദിമചരിത്രത്തോളം പഴക്കമുണ്ട്. ബാബിലോണിയൻ സംസ്കാരത്തിൽ നിന്ന് ഏഴു ദിവസങ്ങളുള്ള ആഴ്ച കടം കൊണ്ട യഹൂദർ, ഏഴാം ദിവസത്തിന്റെ സവിശേഷത എന്ന സങ്കല്പവും അതിനൊപ്പം സ്വീകരിച്ചതാവാം. എന്നാൽ ബാബിലോണിയർക്ക് ദുർദ്ദേവതയുടെ ദിവസമായിരുന്ന ഏഴാം ദിവസം യഹൂദർക്ക് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട വിശ്രമദിനമായി. വെള്ളിയാഴ്ച വൈകിട്ട് ആദ്യനക്ഷത്രത്തിന്റെ പ്രത്യക്ഷസമയം മുതൽ ശനിയാഴ്ച അതേസമയം വരെയാണ് സബത്തിന്റെ വിശ്രമം. വെള്ളിയാഴ്ച രാത്രി ഗൃഹനായിക സാബത്തു വിളക്കു കൊളുത്തുന്നതിനെ തുടർന്നുള്ള ഒരു പ്രാർത്ഥനയിലാണ് ആചരണത്തിന്റെ തുടക്കം. തുടർന്ന് ഗൃഹനാഥന്റെ നേതൃത്വത്തിൽ കുടുംബം ഭക്ഷണം പങ്കിടുകയും നിശ്ചിതമായ വേദപുസ്തകഭാഗം വായിക്കുകയും ചെയ്യുന്നു. ശനിയാഴ്ച സമൂഹമൊന്നായി സിനഗോഗിൽ പ്രാർത്ഥനക്കായി സമ്മേളിക്കുന്നു.[41]
തീൻകുടിനിയമങ്ങൾ
പാനഭോജനങ്ങളുമായി ബന്ധപ്പെട്ട യഹൂദനിഷ്ഠകളുടെ സഞ്ചയം 'കസ്രുത്ത്' എന്നറിയപ്പെടുന്നു. ഉചിതം, ശരിയായത്, എന്നൊക്കെയാണ് ആ പേരിനർത്ഥം. നിഷ്ഠാപരമായ ശുദ്ധിയുള്ള ഭക്ഷണപാനീയങ്ങൾക്ക് 'കോഷർ' എന്ന പേരാണുള്ളത്. എബ്രായബൈബിളിലെ ആദ്യഖണ്ഡമായ തോറയിലെ അനുശാസനങ്ങളാണ് ഈ നിഷ്ഠകൾക്കു പിന്നിൽ. 'കസ്രുത്ത്'-നിഷ്ഠകളിൽ ചില വർഗ്ഗം ജന്തുക്കളുടെ മാംസവും മുട്ടയും പാലും ഭക്ഷിക്കുന്നതിനുള്ള വിലക്ക്; അനുവദിക്കപ്പെട്ടിരിക്കുന്ന ജന്തുക്കളെത്തന്നെ ആഹാരത്തിനു വേണ്ടി കൊല്ലുമ്പോൾ പിന്തുടരേണ്ട നിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. മുഴുവൻ ചോരയും വാർത്തിക്കളയണം എന്ന നിർബ്ബന്ധം ഇതിന്റെ ഭാഗമാണ്. ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെല്ലാം ആഹരിക്കാവുന്നവയാണ്[42]. പന്നി, ശുക്തിമത്സ്യം (shell fish), ഞണ്ട്, ചെമ്മീൻ തുടങ്ങിയവ വിലക്കപ്പെട്ട ജന്തുക്കളിൽ പെടുന്നു. പുൽച്ചാടിയും വെട്ടുക്കിളിയും ഒഴിച്ചുള്ള ഷ്ഡ്പദങ്ങൾക്കും വിലക്കുണ്ട്. മാംസവും പാലും ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കും കസ്രുത്തിന്റെ ഭാഗമാണ്. "കുഞ്ഞിനെ അമ്മയുടെ പാലിൽ വേവിക്കരുത്" എന്ന ബൈബിൾ വചനമാണ് ഈ നിയമത്തിനു പിന്നിൽ.[43] മീനും പാലും ഒരുമിച്ചു കഴിക്കുന്നതിന് ഈ വിലക്കില്ല. മാംസം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ പാലിനും, തിരിച്ചും ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. യഹൂദേതരർ നിർമ്മിച്ച മുന്തിരി ഉല്പന്നങ്ങളും വിലക്കിന്റെ പരിധിയിൽ വരുന്നു.
ഈ നിഷ്ഠകൾക്കു പിന്നിലുള്ള യുക്തിയെ സംബന്ധിച്ച അന്വേഷണം, അവയെ കേവലും ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെടുത്താറുണ്ട്. മാംസവും പാലും ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കിനെ ഇത്തരം യുക്തി ഉപയോഗിച്ചു ന്യായീകരിക്കാറുണ്ട്. എങ്കിലും ഒട്ടകത്തിന്റേയോ മുയലിന്റേയോ മാംസത്തിനുള്ള വിലക്കിനേയും മറ്റും ശുചിത്വത്തിന്റേയോ ആരോഗ്യത്തിന്റേയോ പരിഗണനകളുമായി ബന്ധിപ്പിക്കുക എളുപ്പമല്ല. ഈ നിയമങ്ങൾ പിന്തുടരുന്നതിന് യാഥാസ്ഥിതികയഹൂദർ കാണുന്ന അന്തിമന്യായം അവ ദൈവികമായ അനുശാസനമാണ് എന്നതാണ്.[44]
ഛേദനാചാരം
പൂർവപിതാവായി പറയപ്പെടുന്ന അബ്രാഹവുമായി യഹോവ സ്ഥാപിച്ച ഉടമ്പടിയുടെ ചിഹ്നമായി യഹൂദർ ഛേദനാചാരത്തെ കാണുന്നു. യഹൂദപാരമ്പര്യത്തിൽ പിറക്കുന്ന ആൺകുട്ടികളുടേയും യഹൂദമതത്തിലേക്കു പരിവർത്തിതരാവുന്ന പുരുഷന്മാരുടേയും ലിംഗാഗ്രചർമ്മത്തിന്റെ അനുഷ്ഠാനപരമായ ഛേദനമാണ് ഈ ആചാരം. അബ്രാഹമിന്റെ 99-ആം വയസ്സിൽ ദൈവം അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞതായി എബ്രായബൈബിളിലെ ഉല്പത്തിപ്പുസ്തകം പറയുന്നു:-
“ | നിങ്ങളിൽ പുരുഷന്മാരെല്ലാവരും പരിച്ഛേദനം ചെയ്യണം. നിങ്ങൾ അഗ്രചർമ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്. എട്ടുദിവസം പ്രായമായ ആൺകുട്ടിക്കു പരിച്ഛേദനം ചെയ്യണം....പരിച്ഛേദനം ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തിൽ നിന്നു പുറന്തള്ളണം. അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.[45] | ” |
അബ്രഹാമിനോളം പഴക്കമുള്ള മതകർമ്മമായി ബൈബിൾ ചിത്രീകരിക്കുന്നെങ്കിലും യഹൂദപൗരാണികതയിൽ ഈ ആചാരത്തിന്റെ തുടക്കവും വ്യാപ്തിയും വ്യക്തമല്ല. അബ്രഹാമിനു ശേഷം ജീവിച്ചിരുന്നെങ്കിലും മോശെ പരിഛേദനകർമ്മത്തിനു വിധേയനായില്ലെന്നതിനു ബൈബിളിൽ തന്നെ സൂചയുണ്ട്. ഒരിക്കൽ യഹോവ മോശെയുടെ ജീവനൊടുക്കാൻ ഒരുങ്ങിയതായും ഭാര്യ സിപ്പോറ അവരുടെ പുത്രന്റെ അഗ്രചർമ്മം ഛേദിച്ച് അതുകൊണ്ട് മോശെയുടെ പാദം സ്പർശിച്ച് യഹോവയെ അതിൽ നിന്നു പിന്തിരിപ്പിച്ചതായും പുറപ്പാടിന്റെ പുസ്തകത്തിൽ പറയുന്നു.[൬] ഈജിപ്തിൽ നിന്ന് വാഗ്ദത്തദേശത്തേക്ക് മരുഭൂമിയിലൂടെയുള്ള പ്രയാണത്തിന്റെ നാല്പതു വർഷക്കാലത്തിനിടെ ജനിച്ചവരും ശൈശവത്തിൽ പരിഛേദിതരായില്ല.[46] പരിച്ഛേദനകർമ്മത്തിന് അലംഘനീയമായ ആചാരം എന്ന നില കൈവന്നത് ബിസി രണ്ടാം നൂറ്റാണ്ടിൽ മക്കബായ യുഗത്തിലാണെന്നു കരുതുന്നവരുണ്ട്. ലൈംഗികശുചിത്വത്തിനു വേണ്ടിയുള്ള മുൻകരുതലായി ആരംഭിച്ചിരിക്കാവുന്ന ഈ അനുഷ്ഠാനം കാലക്രമേണ യഹൂദതയുടെ അടയാളവും, യഹൂദസ്വത്വം മറച്ചുവക്കുക അസാദ്ധ്യമാക്കി മതപരമായ കൂറ് ഉറപ്പാക്കാനുള്ള വഴിയും ആയിത്തീർന്നു.[47][൭]
യഹൂദമതത്തിലെ ഒരേയൊരു 'കൂദാശ' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ അനുഷ്അനം ആൺകുട്ടിയുടെ ജനനത്തിന്റെ എട്ടാം ദിനം ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആഘോഷമായാണ് നടത്താറ്. കുട്ടിയുടെ നാമകരണത്തിനുള്ള അവസരം കൂടിയാണ് ഇത്.
ബാർ മിത്സ്വാ, ബാത് മിത്സ്വാ
'ബാർ' എന്നത്, അരമായ ഭാഷയിൽ മകൻ എന്നർത്ഥമുള്ള പദമാണ്. 'ബാത്' എന്ന വാക്കിന് എബ്രായഭാഷയിൽ മകളെന്നും അർത്ഥം. 'മിത്സ്വാ' എന്ന വാക്ക് ദൈവകല്പനയെ സൂചിപ്പിക്കുന്നു. അങ്ങനെ ബാർ മിത്സ്വാ, ബാത് മിത്സ്വാ എന്നീ പേരുകൾക്ക് "കല്പനയുടെ മകൻ" എന്നും "കല്പനയുടെ മകൾ" എന്നുമാണർത്ഥം. താരുണ്യോദയത്തിൽ യഹൂദസമൂഹത്തിലെ മുതിർന്ന അംഗങ്ങളായി ഔപചാരിക പദവി ലഭിക്കുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കുമുള്ള വിശേഷണങ്ങളാണ് ബാർ മിത്സ്വായും ബാത് മിത്സ്വായും. ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം 13 വയസ്സും പെൺകുട്ടിക്കു വേണ്ടത് 12 വയസ്സുമാണ്. നിശ്ചിതമായ പ്രായമെത്തിയ കുട്ടികളുടെ പ്രായപൂർത്തി ആഘോഷിച്ച് സമൂഹത്തിൽ ഔപചാരികമായി സ്വീകരിക്കുന്ന ചടങ്ങിനും ഇതേ പേരുകൾ തന്നെയാണ്. മതപരമായ അവകാശങ്ങളും കടമകളും കയ്യേൽക്കുന്ന ബാർ മിത്സ്വാ അവസ്ഥ മുന്നേ പ്രധാനമായിരുന്നെങ്കിലും അതിന്റെ ആഘോഷപൂർവമായ കൊണ്ടാടൽ താരതമ്യേന ആധുനികമായ ഒരു പ്രതിഭാസമാണ്.[48]
തിരുനാളുകൾ
- റോഷ് ഹസാന എന്ന വർഷാരംഭാഘോഷത്തോടെ സെപ്തംബർ മാസത്തിലാണ് യഹൂദസംവത്സരത്തിന്റെ തുടക്കം. അതിന്റെ ആചരണം, ആഘോഷവും ഭക്തിയും ഇടകലർന്നതാണ്.
- ആണ്ടുപിറവിയിലെ ആദ്യത്തെ പത്തുദിവസങ്ങൾ പാപങ്ങളെ ഓർത്തുള്ള പശ്ചാത്താപത്തിന്റേതാണ്. റോഷ് ഹസാനയെ തുടർന്നുള്ള പത്താം ദിവസം യോം കിപ്പൂർ അഥവാ പ്രായശ്ചിത്തദിനം എന്നറിയപ്പെടുന്നു. വ്യക്തിപരവും സാമൂഹികവുമായ പാപങ്ങളുടെ പൊറുതിക്കുവേണ്ടിയുള്ള പ്രാർത്ഥനകളുടെ ദിവസമാണത്.
- യോം കിപ്പറിനെ തുടർന്ന് യഹൂദപഞ്ചാംഗത്തിലെ തിഷ്രി മാസം പതിനഞ്ചാം തിയതി കൂടാരത്തിരുനാൾ ആണ്. ഗ്രിഗോരിയൻ പഞ്ചാംഗപ്രകാരം സെപ്തംബർ അവസാനം മുതൽ ഒക്ടോബർ അവസാനം വരെ എന്നെങ്കിലുമാകാം അത്. ഈജിപ്തിൽ നിന്നുള്ള പ്രയാണത്തിനിടെ ഇസ്രായേൽക്കാർ മരുഭൂമിയിൽ ചെലവഴിച്ച നാല്പതുവർഷക്കാലത്തിന്റെ അനുസ്മരണമായി യഹൂദരിൽ പലരും ഈ തിരുനാളിൽ വീടുകൾക്കു പുറത്തുണ്ടാക്കിയ കൂടാരങ്ങളിൽ താമസിക്കുന്നു.
- ബിസി രണ്ടാം നൂറ്റാണ്ടിലെ മക്കബായമുന്നേറ്റത്തിനിടെ യെരുശലേം ദേവാലയത്തെ ശുദ്ധീകരിച്ച് പുനപ്രതിഷ്ഠിച്ചതിന്റെ അനുസ്മരണമാണ് ഹനുക്കാ. മകരസംക്രാന്തിയോടടുത്തു വരുന്ന ഈ തിരുനാൾ അമേരിക്കൻ ഐക്യനാടുകളിലും മറ്റും ക്രിസ്മസിനു സമാന്തരമായി ആഘോഷിക്കപ്പെടുന്നു.
- പേർഷ്യൻ സാമ്രാജ്യത്തിലെ യഹൂദർ അവരെ നശിപ്പിക്കാൻ ശ്രമിച്ച നാമാൻ എന്ന ഉദ്യോഗസ്ഥനിൽ നിന്ന് എസ്തേർ എന്ന യഹൂദവനിതയുടെ ഇടപെടൽ വഴി രക്ഷിക്കപ്പെട്ടതിന്റെ അനുസ്മരണമായ പൂരിം, ആഘോഷിക്കപ്പെടുന്നത് ശീതകാലത്തിനൊടുവിലാണ്. എബ്രായബൈബിളിലെ എസ്തേറിന്റെ പുസ്തകത്തിന്റെ വായന പൂരിം ആഘോഷത്തിന്റെ ഭാഗമാണ്.
- ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള ഇസ്രായേൽ ജനതയുടെ മോചനത്തിന്റെ അനുസ്മരണമായ പെസഹാത്തിരുനാൾ തിരുനാൾചക്രത്തിന്റെ പരകോടിയായി വസന്തകാലത്ത് ആഘോഷിക്കപ്പെടുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് പങ്കിടുന്ന 'സെദർ' എന്ന പെസഹാഭോജനം ഈ ആഘോഷത്തിന്റെ പ്രധാനഭാഗമാണ്.
- പെസഹായെ തുടർന്ന് 50 ദിവസത്തിനു ശേഷമാണ് ഷെബുവോത്ത് അഥവാ പെന്തക്കുസ്താ തിരുനാൾ. പലസ്തീനയിൽ യവം കൊയ്ത്തിനെ തുടർന്നുള്ള വിളവെടുപ്പുത്സവം എന്ന നിലയിൽ തുടങ്ങിയ ഇത്, സീനായ് മലമുകളിൽ യഹൂദർക്ക് ദൈവനിയമം നൽകപ്പെട്ടതിന്റെ അനുസ്മരണമായി കാലക്രമേണ രൂപാന്തരപ്പെട്ടു.[49]
സിനഗോഗ്
യഹൂദരുടെ ആരാധനാലയങ്ങളെന്നതിനു പുറമേ മതബോധനത്തിന്റേയും സാമൂഹ്യജീവിതത്തിന്റേയും കേന്ദ്രം എന്ന നിലയിലും പ്രധാന്യമുള്ള സ്ഥാപനങ്ങളാണ് സിനഗോഗുകൾ. നീതിന്യായക്കോടതികളുടേയും നഗരസഭകളുടേയും ചുമതലകളും യഹൂദസമൂഹങ്ങളിൽ അവ ചിലപ്പോൾ നിർവഹിക്കാറുണ്ട്.[50] യാഥാസ്ഥിതികയഹൂദർ ഇവയെ പരാമർശിക്കുന്നത് യൂറോപ്യൻ യഹൂദതയിൽ പ്രചാരമുള്ള യിദ്ദിഷ് ഭാഷയിലെ 'ശൂൽ' എന്ന വാക്കുപയോഗിച്ചാണ്. അമേരിക്കയിലെ യഹൂദർ ഈ സ്ഥാപനങ്ങളെ 'ക്ഷേത്രങ്ങൾ' (Temples) എന്നും വിളിക്കാറുണ്ട്. ഒരു സിനഗോഗിലെ അംഗബലം പൂർത്തിയാകാൻ ചുരുങ്ങിയത് പ്രായപൂർത്തിയായ 10 പുരുഷന്മാരെങ്കിലും വേണം. ഇതിൽ കുറഞ്ഞ ആളെണ്ണത്തിൽ (quorum) സാമൂഹ്യാരാധന അനുവദിക്കപ്പെട്ടിട്ടില്ല.[51]
പുരോഹിതഗണത്തിന്റെ മേൽനൊട്ടത്തിലുള്ള ആഹുതികൾക്കു പകരം പ്രാർത്ഥന, പഠനം, ഉദ്ബോധനം എന്നിവയെ ദൈവസേവനത്തിനുള്ള മാർഗ്ഗങ്ങളാക്കിയ പുത്തൻ യഹൂദതയെ സൂചിപ്പിച്ച വിപ്ലവകരമായ സംഭവമായിരുന്നു സിനഗോഗുകളുടെ ആവിർഭാവം. എങ്കിലും യഹൂദധാർമ്മികതയിലേയും സാമൂഹ്യജീവിതത്തിലേയും കേന്ദ്രസ്ഥാപനങ്ങളെന്ന നിലയിൽ സിനഗോഗുകളുടെ ചരിത്രപരമായ തുടക്കം വ്യക്തമല്ല. [52]
യെരുശലേമിലെ ദേവാലയത്തിന് കല്പിക്കപ്പെട്ടിരുന്ന അതുല്യമായ സ്ഥാനം പരിഗണിക്കുമ്പോൾ, ആരാധനക്കായി യെരുശലേമിലെത്താൻ നിവൃത്തിയില്ലാതിരുന്ന പ്രാചീനകാലത്തെ ജൂതപ്രവാസികൾക്കിടയിലും തുടർന്ന് എഡി 70-ൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു ശേഷം പലസ്തീനയിൽ തന്നെയും സിനഗോഗുകൾ രൂപപ്പെട്ടിരിക്കാം എന്നു കരുതാം. എന്നാൽ യെരുശലേം ദേവാലയത്തിന്റെ നാശത്തിനു മുൻപു തന്നെ പലസ്തീനയിൽ സിനഗോഗുകൾ നിലവിൽ വന്നിരുന്നു എന്നത് ഈ അനുമാനത്തെ ദുർബ്ബലമാക്കുന്നു.[53] യഹൂദതയുടെ കേന്ദ്രസ്ഥാപനമായി സിനഗോഗുകൾ അംഗീകരിക്കപ്പെട്ടപ്പോഴേക്ക് അവ മോശെയോളം പൗരാണികതയുള്ളതായി സങ്കല്പിക്കപ്പെട്ടിരുന്നെന്നും യഹൂദചരിത്രത്തിലെ ഒരു യുഗത്തേയും അവയെ ഒഴിവാക്കി സങ്കല്പിക്കുക സാദ്ധ്യമല്ലെന്നും യഹൂദവിജ്ഞാനകോശം പറയുന്നു.[54]
മഹദ്‌വ്യക്തികൾ
അബ്രഹാം
യഹൂദപുരാവൃത്തത്തിലെ കേന്ദ്രസ്ഥാനികളിൽ ഒരാളാണ് അബ്രഹാം. സ്വന്തം പുത്രനെ ബലികഴിക്കാനുള്ള കല്പന പോലും അനുസരിക്കാൻ മാത്രം ദൈവത്തോടു വിശ്വസ്തത പുലർത്തിയവനായി അദ്ദേഹം കാണപ്പെടുന്നു.[55] യഹൂദതക്കു പുറമേയുള്ള സെമറ്റിക് മതപാരമ്പര്യങ്ങളും അദ്ദേഹത്തെ, "വിശ്വസിക്കുന്നവരുടെയെല്ലാം പിതാവായി" മാനിക്കുന്നു. അബ്രഹാമിന്റെ പൈതൃകം അവകാശപ്പെടുന്ന യഹൂദ, ഇസ്ലാമിക,ക്രൈസ്തവമതങ്ങളെ പൊതുവേ അബ്രഹാമിക മതങ്ങൾ എന്നു വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ബാബിലോണിയൻ ചരിത്രത്തിലെ പ്രസിദ്ധ നിയമദാതാവായ ഹമ്മുറാബിയുടെ സമകാലീനനായിരുന്നു അദ്ദേഹമെന്ന വാദത്തിനു സ്വീകൃതി കുറവാണ്.
അബ്രഹാമിന്റെ കഥയിൽ ചരിത്രാംശം ഉണ്ടെങ്കിലും അദ്ദേഹത്തിന്റേതായി അവതരിപ്പിക്കപ്പെടുന്ന ജീവിതകഥ വ്യക്തതക്കും പിൽക്കാലത്തുണ്ടായ ഗോത്രൈക്യത്തിന്റെ സാധൂകരണത്തിനും വേണ്ടി നടത്തിയ സംശോധനയുടെ സൃഷ്ടിയാകാം. മെസപ്പോത്തേമിയയിലെ ഹാറാനിൽ നിന്ന് കാനാൻ ദേശത്തേക്കും ഈജിപ്തിലേക്കും നടത്തിയ യാത്രകൾക്കിടെ ഇസ്രായേലിലെ ഷെച്ചെമിലും, ബെഥേലിലും, ഹെബ്രോണിലും, ബീർഷെബായിലും, മോറിയായിലും അദ്ദേഹത്തിനുണ്ടാകുന്ന ദൈവാനുഭവങ്ങൾ ഈ കഥയുടെ ഭാഗമാണ്. ഈ പ്രദേശങ്ങളുടെ മേൽ ഇസ്രായേലിനു പിന്നീടു ലഭിച്ച കൈവശാവകാശത്തിന്റേയും, അവിടങ്ങളിലെ പ്രാദേശികമൂർത്തിയായിരുന്ന ഏലിന്റെ ആരാധന യഹോവാരാധനയിൽ വിലയം പ്രാപിച്ചതിന്റേയും സാധൂകരണമാകാം അബ്രഹാം പുരാവൃത്തത്തിന്റെ അന്തിമരൂപം എന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[56]
അബ്രഹാമിന്റെ കഥ ആധുനികചിന്തകന്മാരേയും ആകർഷിച്ചിട്ടുണ്ട്. അസ്തിത്വവാദിയായ സോറൻ കീർക്കഗോറിന്റെ "ഭയവും വിറയലും" (Fear and Trembling) എന്ന കൃതി, അബ്രഹാമിന്റെ ബലിയുടെ പുരാവൃത്തം പശ്ചാത്തലമാക്കിയുള്ള മനുഷ്യാവസ്ഥയുടെ പരിചിന്തനമാണ്.[57]
മോശെ
ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള മോചനത്തിൽ ഇസ്രായേലിനെ നയിച്ചവനും നിയമദാതാവുമായി എബ്രായബൈബിളിൽ പ്രത്യക്ഷപ്പെടുന്ന മോശെയെ, പ്രവാചകന്മാരിൽ സർവപ്രധാനിയായി യഹൂദപാരമ്പര്യം ഘോഷിക്കുന്നു. അടിമത്തത്തിൽ കഴിഞ്ഞ ഒരു ഇസ്രായേൽ കുടുംബത്തിൽ പിറന്ന മോശെയെ, ഇസ്രായേൽക്കാർക്കു പിറക്കുന്ന ആൺകുട്ടികളെയെല്ലാം കൊല്ലാനുള്ള ഫറവോന്റെ കല്പനയിൽ നിന്ന് രക്ഷിക്കാനായി അമ്മ, കുട്ടയിൽ കിടത്തി നൈൽനദിയിൽ ഒഴുക്കിവിട്ടു. ഫറവോന്റെ മകൾ കണ്ടെത്തി രക്ഷപെടുത്തിയ കുട്ടി, അവളുടെ സംരക്ഷണയിൽ വളർന്നെങ്കിലും ഒടുവിൽ സ്വന്തം ജനങ്ങളുടേ വിമോചകനായി. യഹോവ അദ്ദേഹത്തോട് മുഖാമുഖമായും സ്പഷ്ടമായും സംസ്കാരിച്ചതായി ബൈബിൾ പറയുന്നു. യഹൂദരുടെ അടിസ്ഥാന നിയമസംഹിതയായ പഞ്ചഗ്രന്ഥി ഉപസംഹരിക്കുന്നത് നിയമദാതാവായ മോശെയെ ഈവിധം പുകഴ്ത്തിക്കൊണ്ടാണ്: "കർത്താവ് അയാളെ മുഖത്തോടുമുഖം അറിഞ്ഞു....ഇസ്രായേലിന്റെ ദൃഷ്ടിയിൽ എത്ര ശക്തമായിരുന്നു മോശെയുടെ അധികാരം! എത്ര മഹത്തും ഭീതിദവുമായ കൃത്യങ്ങളാണ് അയാൾ പ്രവർത്തിച്ചത്!"[58]
ദാവീദ്
എബ്രായബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പാരമ്പര്യം അനുസരിച്ച്, ബി.സി. പതിനൊന്നാം നൂറ്റാണ്ട് അവസാനം നിലവിൽ വന്ന ഏകീകൃത ഇസ്രായേൽ രാജ്യത്തിന്റെ രണ്ടാമത്തെ രാജാവായിരുന്നു ദാവീദ്. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഏകസ്രോതസ്സ് ബൈബിളിലെ സാമുവേലിന്റെ പുസ്തകങ്ങളും, രാജാക്കന്മാരുടെ ഒന്നാം പുസ്തകവും, ദിനവൃത്താന്തം ഒന്നാം പുസ്തകവുമാണ്. മികച്ച ഭരണാധികാരിയെന്നതിനു പുറമേ, രണവീരനും, ഗായകനും, കവിയും മറ്റുമായി ഈ ആഖ്യാനങ്ങൾ അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എബ്രായബൈബിളിലെ പ്രസിദ്ധമായ സങ്കീർത്തനങ്ങളിൽ പലതിന്റേയും കർത്താവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. ദൈവത്തോടു വിശ്വസ്തത പുലർത്തിയ ഭക്തനായ ദാവീദിന്റെ സ്വഭാവത്തിന്റെ സങ്കീർണ്ണതകളും കൗശലങ്ങളും കുടിലതകളും ഈ ആഖ്യാനത്തിൽ കടന്നുവരുന്നു. തന്റെ സേനാനായകന്മാരിൽ ഒരുവന്റെ പത്നിയോടു തോന്നിയ മോഹം സാധിക്കാനായി അയാളെ തന്ത്രത്തിൽ അപായപ്പെടുത്തിയ ദാവീദിന്റെ പാപത്തിന്റെ വഴിയും പ്രത്യാഘാതങ്ങളും ഈ കഥയിലുണ്ട്. യെരുശലേമിൽ ദൈവത്തിന്റെ ആലയം നിർമ്മിക്കാനുള്ള അവകാശം ദാവീദിന് നിഷേധിക്കപ്പെടുന്നതിനും അയാളുടെ ഭവനത്തിൽ ഛിദ്രം മുളപൊട്ടുന്നതിനും ഈ പാപം കാരണമായി.
ക്രൈസ്തവ ഇസ്ലാമിക പാരമ്പര്യങ്ങളിലും ദാവീദിനു സ്ഥാനമുണ്ട്. യഹൂദർക്കിടയിൽ കാലക്രമേണ വികസിച്ചു വേരുറച്ച രക്ഷകപ്രതീക്ഷ, ദാവീദിന്റെ വംശത്തിൽ പിറക്കുന്ന രക്ഷകൻ മുഖേനയുള്ള വിമോചനത്തിലാണ് പ്രത്യാശ വച്ചത്. ഈ പാരമ്പര്യം പിൻപറ്റിയ സുവിശേഷകന്മാർ യേശുക്രിസ്തുവിനെ ദാവീദിന്റെ വംശത്തിൽ പിറന്ന 'മിശിഹാ' ആയി ചിത്രീകരിച്ചു.[59]
ആമോസ്
യഹൂദായിലെ തെക്കോവ എന്ന സ്ഥലത്തെ ആട്ടിടയനായിരുന്ന ആമോസ് വടക്കൻ രാജ്യമായ ഇസ്രായേലിൽ ജറോബോവാം രാജാവായിരുന്ന കാലത്ത് ചുരുങ്ങിയ കാലയളവിൽ മാത്രമാണ് പ്രവാചകദൗത്യം നിർവ്വഹിച്ചത് (ബിസി 760). താൻ പ്രവാചകനോ, പ്രവാചകന്റെ പുത്രനോ അല്ലെന്നും ഇടയനും കാട്ടത്തിമരം (സിക്കമൂർ) വെട്ടിയൊരുക്കുന്ന ജോലി ചെയ്യുന്നവനും മാത്രമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ "ദാസരായ പ്രവാചകരോട് തന്റെ പദ്ധതികൾ വെളിപ്പെടുത്താതെ ഒന്നും ചെയ്യാത്ത ദൈവം", ആട്ടിൻ പറ്റത്തിന്റെ പിന്നാലെ നടക്കുമ്പോൾ തന്നെ പിടികൂടിയെന്നും ദൈവം അരുൾചെയ്തപ്പോൾ തനിക്കു പ്രവചിക്കാതിരിക്കാൻ കഴിയാതെ വന്നു എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
സാമൂഹ്യമായ അസമത്വങ്ങളുടേയും ഉപരിവർഗ്ഗത്തിന്റെ ഭോഗലാലസതയുടേയും വിമർശകനായിരുന്നു ഈ പ്രവാചകൻ. "ന്യായം വെള്ളംപോലെയും നീതി വറ്റാത്ത അരുവിപോലെയും ഒഴുകട്ടെ" എന്ന് ഉദ്ബോധിപ്പിക്കുന്ന അദ്ദേഹം, "ആനക്കൊമ്പു പതിച്ച തല്പങ്ങളിൽ ചാരിക്കിടന്ന് ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളേയും, തൊഴുത്തിലെ കൊഴുത്ത പശുക്കളേയും തിന്ന് മഞ്ചത്തിൽ പുളയ്ക്കുന്നവർക്ക് ദുരിതം... പ്രവാസത്തിലേക്കു പോകുന്നവരുടെ മുമ്പിൽ അവരായിരിക്കും" എന്ന മുന്നറിയിപ്പും നൽകുന്നു.[60]
എബ്രായബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവചനങ്ങളിലൂടെയാണ്, മനുഷ്യരാശിയുടെ ചരിത്രത്തിലേക്ക് അനുഷ്ഠാനബദ്ധമായ മതത്തെയും രഷ്ട്രീയാധികാരത്തേയും മറികടന്നു നിൽക്കുന്ന പുതിയ ധാർമ്മികശക്തിയുടെ പ്രവേശനം സംഭവിച്ചതെന്നു കരുതുന്നവരുണ്ട്.[11] സ്വന്തം പേരിൽ വ്യതിരിക്തമായ ഗ്രന്ഥമുള്ള ആദ്യത്തെ പ്രവാചകനെന്ന നിലയിൽ, ഈ തുടക്കം ആമോസിലാണെന്നതു മാത്രമല്ല അദ്ദേഹത്തിന്റെ പ്രാധാന്യം. എബ്രായ പ്രവാചകന്മാരിലെ പന്ത്രണ്ടു 'ചെറിയവരിൽ' ഒരുവനായി എണ്ണപ്പെടുന്നെങ്കിലും, പൗരാണികലോകത്തെ ധർമ്മഗുരുക്കൾക്കിടയിൽ വലിയ പ്രാധാന്യമുള്ള അതികായനാണ് ആമോസ്.[61]
'ഏശയ്യാമാർ'
ഏശയ്യാ പ്രവാചകന്റെ ദൗത്യപശ്ചാത്തലമായി കരുതപ്പെടുന്നത് ബി. സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ (740-700) യെരുശലേമാണ്. ബൈബിളിലെ ഏറ്റവും പ്രസിദ്ധമായ പ്രവചനഗ്രന്ഥം ഇദ്ദേഹത്തിന്റെ പേരിലാണുള്ളത്. എങ്കിലും അദ്ധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോൾ ഏശയ്യായുടെ പുസ്തകം ഏകവ്യക്തിയുടെ തൂലികയിൽ നിന്നു വന്നതാകാൻ വിഷമമാണ്. ആധുനിക പണ്ഡിതന്മാർ ഈ പുസ്തകത്തെ 39 വരെ അദ്ധ്യായങ്ങൾ ചേർന്ന പൂർവ-ഏശയ്യാ(Proto-Isaiah), 40-55 അധ്യായങ്ങൾ ചേർന്ന രണ്ടാം ഏശയ്യാ, തുടർന്നുള്ള 56-66 അധ്യായങ്ങൾ ചേർന്ന മൂന്നാം ഏശയ്യാ എന്നിങ്ങനെ വിഭജിക്കാറുണ്ട്. രണ്ടാം ഏശയ്യാ ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞ ഇസ്രായേൽക്കാരെ സംബോധന ചെയ്യുന്നതായി കരുതപ്പെടുന്നു. മൂന്നാം ഏശയ്യായുടെ ശ്രോതാക്കൾ പ്രവാസം കഴിഞ്ഞ് ജറുസലെമിൽ തിരിച്ചെത്തിയ സമൂഹമായിരിക്കണം.
ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവചനങ്ങളുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ് ഈ സമുച്ചയം. ഭൂമിയെ മുഴുവൻ നീതിയും സമാധാനവും കൊണ്ടുപൊതിയുന്ന ദൈവത്തിന്റെ ശാസനത്തെ അത് സ്വപ്നം കാണുന്നു. മനുഷ്യർ തങ്ങളുടെ "വാളുകളെ (കലപ്പയുടെ) കൊഴുക്കളായും കുന്തങ്ങളെ അരിവാളുകളായും അടിച്ചുപണിയുന്ന" ശാന്തിയുടെ യുഗമാണ് അതിന്റെ സങ്കല്പം. എബ്രായപ്രവാചകപാരമ്പര്യം ഏശയ്യായിൽ അതിന്റെ പരകോടിയിലെത്തുന്നു. അനുഷ്ഠാനമാത്രമായ മതാത്മകതയുടെ കഠിനവിമർശനവും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ശക്തമായ വാദവും ഏശയ്യായെ ശ്രദ്ധേയനാക്കുന്നു. ദരിദ്രരെ ഇടിച്ചുപിഴിഞ്ഞിട്ട് ലോകത്തിനുമുൻപിൽ ഭക്തിയുടെ പൊയ്മുഖം അണിയുന്നവർക്കുനേരേയുള്ള ദൈവകോപത്തിന്റെ സംവാഹകരായിരുന്നു 'ഏശയ്യാമാർ'.[62]
ഹില്ലൽ
യഹൂദരചനാസമുച്ചയങ്ങളായ മിഷ്‌ന, താൽമുദ് എന്നിവയുടെ വികാസത്തിൽ ഗണ്യമായ പങ്കുവഹിച്ച മനീഷിയും പണ്ഡിതനുമായിരുന്നു ഹില്ലൽ. മിഷ്‌നയുടെ വികാസവുമായി ബന്ധപ്പെട്ട ഹില്ലൽ കുടുംബപരമ്പരയുടേയും, ക്രി.വ.അഞ്ചാം നൂറ്റാണ്ടുവരെ ഇസ്രായേലിലെ യഹൂദർക്ക് നേതൃത്വം കൊടുത്ത മനീഷിവംശത്തിന്റേയും സ്ഥാപകനും അദ്ദേഹമാണ്. ഹേറോദോസ് ഇസ്രായേലിൽ റോമിന്റെ സാമന്തരാജാവും, അഗസ്റ്റസ് റോമൻ ചക്രവർത്തിയും ആയിരിക്കെ ഹില്ലൽ യെരുശലേമിൽ ജീവിച്ചു. മോശയെപ്പോലെ ഹില്ലലും 120 വയസ്സുവരെ ജീവിച്ചിരുന്നെന്നാണ് യഹൂദപാരമ്പര്യത്തിന്റെ സാക്ഷ്യം. ഇതനുസരിച്ച്, ബാബിലോണിൽ ജനിച്ച അദ്ദേഹം നാല്പതാം വയസ്സിൽ ഇസ്രായേലിലേയ്ക്കു പോയി, അടുത്ത നാല്പതു വർഷം അവിടെ പഠനത്തിൽ ചെലവഴിച്ചു; പിന്നെ മരിക്കുന്നതുവരെയുള്ള നാല്പതുവരുഷം അദ്ദേഹം ഇസ്രായേലിലെ യഹൂദജനതയുടെ നേതാവായിരുന്നു.[63] പ്രായപൂർത്തിയായ ശേഷമാണ് ഹില്ലൽ ഇസ്രായേലിലെത്തിയെന്നും അവിടെ അദ്ദേഹം അതീവ വൃദ്ധാവസ്ഥവരെ ജീവിച്ചെന്നും മാത്രം സാമാന്യമായി പറയാം. അദ്ദേഹത്തിന്റെ നേതൃത്വകാലം ക്രി.മു. 30 മുതൽ ക്രി.വ. 10 വരെയുള്ള നാലു പതിറ്റാണ്ടായിരുന്നിരിക്കാം.
"നിനക്ക് പ്രിയമല്ലാത്തത് അപരനോട് ചെയ്യരുത്; ഇതിൽ ദൈവനിയമം മുഴുവനുമുണ്ട്; ബാക്കിയുള്ളത് വിശദീകരണം മാത്രമാണ്" എന്ന് ഹില്ലൽ പഠിപ്പിച്ചു.[63] നീതിയിലുറച്ച മനുഷ്യവ്യാപാരങ്ങളുടെ മാനദണ്ഡമെന്ന നിലയിൽ ഈ "സുവർണ്ണ"-നിയമം(Golden Rule) പേരെടുത്തിരിക്കുന്നു. "ഞാൻ എനിക്കുവേണ്ടിയല്ലെങ്കിൽ പിന്നെ ആരാണ് എനിക്കുണ്ടാവുക?"; "ഞാൻ എനിക്കുവേണ്ടിയാകുമ്പോൾ ഞാൻ എന്താണ്?" "ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ? എന്നീ മഹദ്വചനങ്ങളുടെ പേരിലും ഹില്ലൽ അറിയപ്പെടുന്നു.
അഖീവ
റബൈ അഖീവ എന്ന് സാധാരണ അറിയപ്പെടുന്ന അഖീവ ബെൻ യോസെഫ് (എബ്രായ: רבי עקיבא) ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും രണ്ടാം നൂറ്റാണ്ട് ആരംഭത്തിലുമായി(ക്രി.വ. 50–135) യൂദയായിൽ ജീവിച്ചു. യഹൂദപാരമ്പര്യത്തിൽ മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ട മിഷ്നാ, മിദ്രാശ് എന്നീ സംഹിതകളുടെ മുഖ്യധാരയായിൽ പെടുന്നു. യഹൂദരചനാസംഹിതയായ താൽമുദ് അഖീവയെ മനീഷികളിൽ മുഖ്യൻ (റോഷ്-ല-ചഖോമിം) എന്നു വിശേഷിപ്പിക്കുന്നു. റാബിനിക യഹൂദമതത്തിന്റെ സ്ഥാപകരിൽ പ്രധാനിയായി അദ്ദേഹം കണക്കാക്കപ്പെടുന്നു.[64] പൊതുവർഷം 132-136 കാലത്തു റോമൻ ആധിപത്യത്തിനെതിരെ പലസ്തീനയിലെ യഹൂദർ ബാർ കൊഖബ എന്ന കലാപകാരിയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനില്പിനെ പിന്തുണച്ച അഖീവ, ആ കാലാപത്തിന്റെ അർടിച്ചമർത്തലിൽ കൊല്ലപ്പെട്ടു.
റാശി
റാശി എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധനായ റബൈ ഷോളോ യിത്‌സാക്കി എബ്രായബൈബിളിന്റേയും യഹൂദരചനാസംഹിതയായ താൽമുദിന്റേയും ആദ്യത്തെ സമഗ്ര വ്യാഖ്യാനത്തിന്റെ സ്രഷ്ടാവായ പതിനൊന്നാം നൂറ്റാണ്ടിലെ (1040 1105) ഒരു റബൈ ആയിരുന്നു. ഉത്തര ഫ്രാൻസിൽ വീഞ്ഞുല്പാദനത്തിനു പേരെടുത്ത ഷാംപെയിൻ പ്രദേശത്തെ ട്ര്വാ(Troyes) എന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ സ്വദേശം.
ഏതുരചനയുടേയും അർത്ഥം ഹ്രസ്വമായും ലളിതമായും അവതരിപ്പിക്കാനുള്ള റാശിയുടെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. തുടക്കക്കാരായ വിദ്യാർത്ഥികളും ഉറച്ച പണ്ഡിതന്മാരും അദ്ദേഹത്തെ ഒരുപോലെ ഇഷ്ടപ്പെടുന്നു. റാശിയുടെ പാണ്ഡിത്യവും വ്യാഖ്യാനപാടവവും മൂലം ട്ര്വാ, ലൊറേയിൻ പ്രദേശത്തെ യഹൂദപഠനത്തിന്റെ മുഖ്യകേന്ദ്രമായി മാറി. ശിഷ്യന്മാർക്കുമുൻപിൽ നടത്തിയ നടത്തിയ പ്രഭാഷണങ്ങളിൽ നിന്നും അവരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടികളിൽ നിന്നുമാണ് റാശിയുടെ വ്യാഖ്യാനരചനകൾ വികസിച്ചുവന്നതെന്നാണ് പണ്ഡിതന്മാർ കരുതുന്നത്. താൽമുദിന്റെ എല്ലാ പതിപ്പുകളിലും യഹൂദപഞ്ചഗ്രന്ഥിയായ തോറയുടെ മിക്കവാറും പതിപ്പുകളിലും പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ, യഹൂദമതത്തിന്റെ അടിസ്ഥാനരചനകളെ സമീപിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്തവയാണ്. ബാബിലോണിയൻ താൽമുദ് മുഴുവൻ അടങ്ങുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാനം താൽമുദിന്റെ അച്ചടിപ്പതിപ്പുകളുടേയും അവശ്യഭാഗമാണ്.
റാശിയുടെ ജീവിതത്തിന്റെ അവസാനകാലം അദ്ദേഹത്തിന്റെ നാട്ടിലെ യഹൂദർക്ക് കഷ്ടതയുടെ നാളുകളായിരുന്നു. 1096-ൽ ലൊറേയിനിലൂടെ കടന്നുപോയ ഒന്നാം കുരിശുയുദ്ധത്തിന്റെ സൈന്യം അനേകം യഹൂദരെ കൊന്നൊടുക്കുകയും യഹൂദസമൂഹങ്ങളെ ഒന്നോടെ പിഴുതെറിയുകയും ചെയ്തു. ഈ കൊലകളിലും, കയ്യേറ്റങ്ങളിലും, ലൊറേയിനിലെ പേരുകേട്ട യഹൂദവേദപാഠശാലകളുടെ നാശത്തിലും മനംനൊന്ത് റാശി എഴുതിയ വിലാപഗാനങ്ങളിൽ ചിലതൊക്കെ യഹൂദർ പ്രത്യേക അവസരങ്ങളിൽ ഇന്നും ആലപിക്കാറുണ്ട്.
മൈമോനിഡിസ്
എ.ഡി. 1135-നും 1204-നും ഇടക്ക് ജീവിച്ചിരുന്ന പ്രഖ്യാത യഹൂദചിന്തകനും ഭിഷഗ്വരനും ആണ് മൈമോനിഡിസ് എന്നറിയപ്പെടുന്ന റാബൈ മോസസ് ബെൻ മൈമോൻ. യഹൂദർക്കിടയിൽ അദ്ദേഹം 'റാംബാം എന്ന ചുരുക്കപ്പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. മുസ്ലിം ഭരണത്തിൻ കീഴിലിരുന്ന തെക്കൻ സ്പെയിനിലെ കൊർദോവയിലാണ് മൈമോനിഡിസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതൃഭാഷ അറബി ആയിരുന്നു. 1148-ൽ മതസഹിഷ്ണുതയില്ലാത്ത അൽ മുവഹ്ഹിദുകൾ അധികാരത്തിലെത്തിയതോടെ മൈമോനിഡിസിനും കുടുംബത്തിനും കൊർദോവ വിട്ടുപോകേണ്ടി വന്നു. വർഷങ്ങളോളം പല നാടുകളിൽ ചുറ്റിത്തിരിഞ്ഞ അദ്ദേഹം 1166-ൽ ഈജിപ്തിൽ, കെയ്റോക്ക് അടുത്തുള്ള ഫുസ്ത്വാത് എന്ന സ്ഥലത്ത് താമസമാക്കി. താമസിയാതെ, വൈദ്യശാസ്ത്രനിപുണനായിരുന്ന മൈമോനിഡിസ് ഈജിപ്തിലെ സുൽത്താന്റെ കൊട്ടാരം വൈദ്യനായി. തുടർന്ന്, വൈദ്യൻ, കൈറോയിലെ യഹൂദസമൂഹത്തിന്റെ നേതാവ്, ഗ്രന്ഥകാരൻ എന്നീ നിലകളിൽ തിരക്കൊഴിയാതെയുള്ള ജീവിതമാണ് അദ്ദേഹം നയിച്ചത്. [65]
യഹൂദചിന്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്, യഹൂദനിയമത്തിന്റെ ക്രോഡീകരണമായി 1170-നും 1180-നും ഇടക്ക് ഹീബ്രൂവിൽ എഴുതിയ മിഷ്നെ തോറാ എന്ന ഗ്രന്ഥമാണ്. ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ദൈവനിയമം (തോറാ) എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുകയാണ് ഈ കൃതിയിൽ അദ്ദേഹം ചെയ്തത്. തോറയിലെ ഓരോ കല്പനക്കും യുക്തിസഹമായ ഒരു ലക്‌ഷ്യമുണ്ടെന്നും, വിശ്വാസികളുടെ അനുസരണ പിടിച്ചുവാങ്ങാൻ മാത്രമായി നൽകപ്പെട്ട ഒരു കല്പനയുമില്ലെന്നും അദ്ദേഹം വാദിച്ചു. മൈമോനിഡിസിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധം 1190-ൽ പൂർത്തിയാക്കിയ സന്ദേഹികൾക്കു വഴികാട്ടി (Guide of the Perplexed)ആണ്.[66] അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചാണ് ഇതെഴുതിയത്. യഹൂദവിശ്വാസത്തെ അരിസ്റ്റോട്ടലിന്റെ യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി' നടത്തിയത്. ദൈവത്തെ മനുഷ്യവൽക്കരിക്കുന്ന തരത്തിൽ ദൈവനിയമങ്ങളെ അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയിൽ മൈമോനിഡിസ് നിശിതമായി വിമർശിച്ചു. മനുഷ്യന്റെ ഗുണങ്ങൾ പെരുപ്പിച്ച് ദൈവത്തിൽ അരോപിക്കുന്നതിനേക്കാൾ നല്ലത്, ദൈവം എന്തല്ല എന്നു നിഷേധാത്മകമായി പറയുന്നതാണെന്ന് അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സർവശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.[67]
മദ്ധ്യയുഗങ്ങളിലെയും, ഒരുപക്ഷേ എല്ലാക്കാലത്തേയും, ഏറ്റവും പ്രധാനപ്പെട്ട യഹൂദചിന്തകനായിരുന്നു മൈമോനിഡിസ്. "മോസസ് മുതൽ മോസസ് വരെ മോസസിനെപ്പോലെ മറ്റൊരാളുണ്ടായില്ല"[൮] എന്ന് പ്രസിദ്ധമായൊരു ചൊല്ലു തന്നെയുണ്ട്. യഹൂദമതത്തിന്റെ കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലത്തെ ചരിത്രത്തിൽ മൈമോനിഡിസിനെക്കാൾ പ്രധാന്യമുള്ള മറ്റൊരു ചിന്തകനില്ലെന്നു പറയാം. യഹൂദർക്കിടയിൽ പരിഷ്കരണവാദികളും കടുത്ത യാഥാസ്ഥിതികരും യുക്തിവാദികളും മിസ്റ്റിക്കുകളും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു. ഇസ്ലാമിക പാശ്ചാത്തലത്തിൽ ജീവിച്ച് അറബി ഭാഷയിൽ രചനനടത്തിയ അദ്ദേഹത്തിന്റെ ചിന്തയിൽ ഇസ്ലാമിക-അറേബ്യൻ സംസ്കാരങ്ങളുടെ വലിയ സ്വാധീനമുണ്ടായിരുന്നു. യൗവനാരംഭത്തിനുമുൻപ് മൈമോനിഡിസും കുടുംബവും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും കുറേക്കാലത്തേക്ക്, ബാഹ്യ ആചാരങ്ങളിലെങ്കിലും ഇസ്ലാം മതാനുയായി ആയിരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.[68] എല്ലാത്തിനുമുപരി അദ്ദേഹം ഒരു അറബി ചിന്തകനായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഗ്രീക്കോറോമൻ, അറേബ്യൻ, യഹൂദ, പാശ്ചാത്യ സംസ്കാരങ്ങൾ അദ്ദേഹത്തിന്റെ ചിന്തയിൽ ഒന്നുചേർന്നിരിക്കുന്നു.[69]
വിഭാഗങ്ങൾ
പശ്ചാത്തലം
ദീർഘമായ ചരിത്രപ്രയാണത്തിനിടെ യഹുദമതത്തിനുള്ളിൽ ഏറെ പ്രസ്ഥാനങ്ങളും വിഭാഗങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യഹൂദതയുടെ ആദിമചരിത്രത്തിൽ തന്നെ മുഖ്യധാരയിൽ നിന്നു വേർപിരിഞ്ഞുപോയ ശമരിയർ, രണ്ടാംദേവാലയകാലത്തെ തീവ്രധാർമ്മികരായിരുന്ന എസ്സീനുകൾ, അതേകാലത്ത് ഇഹലോകത്തേയും പരലോകത്തേയും കേന്ദ്രമാക്കിയുള്ള യുഗാന്തശാസ്ത്രങ്ങളുടെ (Eschatology) വൈപരീത്യത്തിൽ ഭിന്നിച്ചു നിന്ന സദൂക്യരും പരീശരും മറ്റും പുരാതനയഹൂദതയിലെ മതഭേദങ്ങളെ ഉദാഹരിക്കുന്നു. ക്രിസ്തുവർഷാരംഭകാലത്തെ സംഘർഷങ്ങൾക്കിടയിൽ യഹൂദതയിലെ ഇതരപക്ഷങ്ങൾ ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും റാബിനികതയായി രൂപാന്തരം പ്രാപിച്ച പരീശപക്ഷം നിലനിന്നു. ദൈവികമായ ലിഖിതനിയമങ്ങൾക്കു പുറമേ ഉണ്ടായിരുന്നതായി അവകാശപ്പെട്ട വാചികനിയമങ്ങളുടെ ക്രോഡീകരണമായി റബൈനികപാരമ്പര്യം പുതിയ ലിഖിതസഞ്ചയമായ താൽമുദിനു രൂപം കൊടുത്തു. റാബിനികത വാചികനിയമത്തിനു നൽകിയ ഈ പ്രാധാന്യത്തോടുള്ള പ്രതിക്ഷേധത്തിൽ പിറന്ന പ്രസ്ഥാനമാണ് മദ്ധ്യയുഗങ്ങളിലെ കരായീയ മുന്നേറ്റം (Karaite Movement).[70]
വിശ്വാസഭേദത്തിന്റെ പേരിലല്ലാതെ ചില ചരിത്രസാഹചര്യങ്ങൾ നൽകിയ സാംസ്കാരികവ്യതിരിക്തതയുടെ പേരിൽ അറിയപ്പെടുന്ന യഹൂദവിഭാഗമാണ് 'സെഫാർദികൾ'. സ്പെയിനും പോർച്ചുഗലും ചേർന്ന ഐബീരിയൻ ഉപദ്വീപിൽ നിന്നുള്ള യഹൂദരുടെ പിൻഗാമികളാണ് ഈ പേരിൽ അറിയപ്പെടുന്നത്. മദ്ധ്യയൂറോപ്പിലേയും കിഴക്കൻ യൂറോപ്പിലേയും പുരാതനയഹൂദസമൂഹങ്ങളുടെ പശ്ചാത്തലമുള്ള യഹൂദർ 'അസ്കെനാസികൾ' എന്നും അറിയപ്പെടുന്നു. ഇസ്രായേൽ ബെൻ എലിയാസർ എന്ന പരിഷ്കർത്താവിന്റെ ആശയങ്ങൾ പിന്തുടർന്ന് 18-ആം നൂറ്റാണ്ടിൽ അസ്കെനാസി യഹൂദതയിൽ ഉടലെടുത്ത ഒരു യഹൂദനവീകരണ മുന്നേറ്റമാണ് 'ഹാസിദീയത' (Hasidism). ക്രമേണ യൂറോപ്പിലാകമാനം പ്രചാരം നേടിയ ഹാസിദീയത പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ജൂതക്കുടിയേറ്റങ്ങളുടെ ഭാഗമായി അമേരിക്കൻ വൻകരയിലും എത്തി. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ കുടിയേറ്റങ്ങളിൽ ഹാസിദീയയഹൂദർ ലോകമെമ്പാടും എത്തി.[71]
ആധുനികകാലം
വിഭാഗീയതയുടെ ഈ ചരിത്രം നിലനിക്കുമ്പോഴും മൂന്നു സഹസ്രാബ്ധത്തിന്റെ പൗരാണികത അവകാശപ്പെടുന്ന ഒരു മതപാരമ്പര്യം എന്ന നിലയിൽ പരിഗണിക്കുമ്പോൾ, യഹൂദമതത്തിൽ അവാന്തരവിഭാഗങ്ങൾ താരതമ്യേന കുറവാണെന്നു പറയാം.[72] ഇന്നത്തെ യഹുദതയിൽ പൊതുവേ, പ്രത്യേകിച്ച് അമേരിക്കയിൽ, ആധുനികതയുമായുള്ള പാരസ്പര്യത്തിൽ രൂപപ്പെട്ട നാലു മതഭേദങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട്. അവ താഴെപ്പറയുന്നവയാണ്.[73]
യാഥാസ്ഥിതികർ
സിനായ് മലയിൽ ദൈവം നൽകിയതായി കരുതപ്പെടുന്ന ലിഖിതനിയമങ്ങളുടെ സഞ്ചയമായ തോറയുടേയും, അതോടൊപ്പമുള്ള വാചികനിയമങ്ങളുടെ ക്രോഡീകരണമായ താൽമുദിന്റേയും അക്ഷരാർത്ഥവ്യാഖ്യാനത്തിലും പാലനത്തിലും വിശ്വസിക്കുന്നവരാണ് യഥാസ്ഥിതിക യഹൂദർ (Orthodox Jews). ലിഖിത-വാചികനിയമങ്ങളെ ദൈവദത്തമായി കരുതുന്ന ഇവർ അവയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ല. യാഥാസ്ഥിതികസമൂഹങ്ങളിൽ ദൈവാരാധനയുടെ മാദ്ധ്യമം എബ്രായ ഭാഷ മാത്രമാണ്. യാഥാസ്ഥിതികയഹൂദരുടെ സിനഗോഗുകളിൽ സ്ത്രീപുരുഷന്മാർ വേർതിരിഞ്ഞാണ് ഇരിക്കാറ്. ആരാധനാവിധിയുടെ പല ഘടകങ്ങളിലും സ്ത്രീകൾക്ക് പങ്കാളിത്തമില്ല.[74]
യാഥാസ്ഥിതികയഹൂദതക്കുള്ളിൽ തന്നെ ഏറെ വൈവിദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും സാമാന്യമായ ഐകരൂപ്യവും കാണാനാകും. യഹൂദനിയമത്തിന്റെ പാലനത്തിലെ മാർഗ്ഗദർശനത്തിനായി യാഥാസ്ഥിതികർ പൊതുവേ, പതിനാറാം നൂറ്റാണ്ടിൽ യോസെഫ് കാരോ സമാഹരിച്ച ശൂൽഹാൻ അരൂഹ് ( Shulchan Aruch) എന്ന സംഹിതയെ ആശ്രയിക്കുന്നു.
നവീകരണവാദികൾ
പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മനിയിൽ "നവീകരണത്തിന്റെ സുഹൃത്തുക്കളുടെ ഫ്രാങ്ക്ഫർട്ട് സംഘം" (Frankfurt society of Friends of Reform) എന്ന കൂട്ടായ്മയിലും മറ്റുമാണ് ഊ വിഭാഗത്തിന്റെ പിറവി. 1843-ൽ ആ സംഘം ഇറക്കിയ ഒരു പ്രസ്താവന, ഇവരുടെ വിശ്വാസങ്ങളുടെ തീവ്രപ്രകടനമായിരുന്നു.
“ | ഒന്നാമതായി, മോശയുടെ മതത്തിന്റെ അതിരില്ലാത്ത വികാസസാദ്ധ്യതയിൽ ഞങ്ങൾ വിശ്വസിക്കുന്നു. രണ്ടാമതായി, താൽമുദ് എന്ന പേരിൽ അറിയപ്പെടുന്ന വാഗ്സമരങ്ങളുടേയും ആജ്ഞകളുടേയും ശേഖരത്തിന് ഞങ്ങൾ ഒരാധികാരികതയും കല്പിക്കുന്നില്ല. മൂന്നാമതായി, ഇസ്രായേൽക്കാരെ പലസ്തീനയിലെത്തിക്കാൻ വരുന്ന ഒരു മിശിഹായെ ഞങ്ങൾ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. ജനനവും പൗരത്വവും കൊണ്ട് ഞങ്ങളുടേതായ പിതൃഭൂമിയല്ലാതെ മറ്റൊരു പിതൃഭൂമി ഞങ്ങൾക്കില്ല.[26] | ” |
ലിഖിതനിയമമായ തോറയുടെ ഉല്പത്തിക്കു പിന്നിലുള്ള ദൈവപ്രചോദനത്തെ അംഗീകരിക്കുന്നെങ്കിലും, അതിന്റെ രചന മനുഷ്യഹസ്തങ്ങളാൽ ഏറെ തലമുറകളിലൂടെ സംഭവിച്ചതാണെന്നു നവീകരണവാദികൾ കരുതുന്നു. താൽമുദിനെ തികച്ചും മനുഷ്യനിർമ്മിതമായി കരുതുന്ന അവർ, അതിനെ യഹൂദതയുടെ നിയമചരിത്രമായി (legal history) വിലയിരുത്തുന്നു. അതിലെ തീർപ്പുകളുടെ പ്രസക്തി കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ധാർമ്മികലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്തതായി കാണപ്പെടുന്ന അനുശാസനങ്ങളെ അവഗണിക്കണമെന്നുമാണ് അവരുടെ പക്ഷം. സമ്പൂർണ്ണ സ്ത്രീപുരുഷസമത്വത്തിൽ വിശ്വസിക്കുന്ന ഇവർ മതജീവിതത്തിന്റെ എല്ലാം മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം അനുവദിക്കുന്നു.[75]
മിതവാദികൾ
യാഥാസ്ഥിതിക, നവീകരണപക്ഷങ്ങൾക്കിടയിലെ മദ്ധ്യമാർഗ്ഗമാണ് മിതവാദിയഹൂദത (Conservative Judaism).[76] പാരമ്പര്യങ്ങളെ യാഥാസ്ഥിതിക വിഭാഗത്തിന്റെ തീക്ഷ്ണതയോടെ പിന്തുടരുന്നില്ലെങ്കിലും, നവീകരണത്തേക്കാൾ പാരമ്പര്യങ്ങളോടാണ് ഇവരുടെ ചായ്‌വ്. നവീകരണവാദികളുടെ തീവ്രനിലപാടുകളിൽ മടുപ്പുതോന്നി അവരിൽ നിന്നു ഭിന്നിച്ചുപോയവർക്കിടയിലാണ് ഇവരുടെ തുടക്കം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജർമ്മനിയിൽ അസ്കെനാസി യഹൂദതയിലെ ചിന്താസരണികൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ഈ പക്ഷം, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കയിൽ കൃത്യമായ രൂപം കൈവരിച്ച് സ്ഥാപനവൽക്കരിക്കപ്പെട്ടു. തോറയുടെ ദൈവികമായ ആധികാരികതയിൽ വിശ്വസിക്കുന്നെങ്കിലും ബൈബിളിന്റെ സ്വതന്ത്രപഠനത്തെ (Bible scholarship) ഇവർ തള്ളിപ്പറയുന്നില്ല.[77] ന്യൂയോർക്കിലെ യഹൂദ ദൈവശാസ്ത്ര സെമിനാരി, മിതവാദിയഹൂദതയുടെ ആത്മീയ, ബൗദ്ധിക കേന്ദ്രങ്ങളിലൊന്നും യഹൂദമതവിഷയകമായ അക്കാദമിക പാണ്ഡിത്യത്തിന്റെ ആസ്ഥാനവുമാണ്.
പുനർനിർമ്മാണവാദികൾ
യഹൂദതയുടെ ഉത്ഭവം ദൈവത്തിൽ നിന്നല്ല യഹൂദരിൽ നിന്നാണ് - അതിനപ്പുറമുള്ളതൊക്കെ വ്യാഖ്യാനം മാത്രമാണ്.[൯]
- റബൈ റിച്ചാർഡ് ഹിർഷ്[78]
മിതവാദിയഹൂദപശ്ചാത്തലത്തിൽ ഇരുപതാം നൂറ്റാണ്ടിൽ പിറന്ന ഒരു ന്യൂനപക്ഷമാണ് 'പുനർനിർമ്മാണവാദം' (Reconstructionism). പുനർനിർമ്മാണവാദികൾ യഹൂദതയുടെ സാംസ്കാരികവും ഐതിഹാസികവുമായ വശങ്ങൾക്കു കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. യഹൂദതയെ ഇവർ, ഓരോ തലമുറയിലും പുനർനിർമ്മിക്കപ്പെടുന്ന ഒരു സംസ്കൃതിയായി കാണുന്നു. തോറയെ മനുഷ്യഹസ്തങ്ങൾ നൂറ്റാണ്ടുകളിലൂടെ രൂപപ്പെടുത്തിയ ചരിത്രവും നിയമവും സന്മാർഗ്ഗദർശികയുമായി വിലയിരുത്തുന്ന ഇവർ, അതിന്റെ പിന്നിൽ ഉണ്ടായിരിക്കാവുന്ന ദൈവപ്രചോദനത്തെ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. "യഹൂദതയുടെ ഉത്ഭവം ദൈവത്തിൽ നിന്നല്ല യഹൂദരിൽ നിന്നാണ്" എന്നും അതിനപ്പുറത്തുള്ള വാദങ്ങളൊക്കെ വ്യാഖ്യാനം മാത്രമാണെന്നും[൯] ആണ് അവരുടെ വക്താവായ റബൈ റിച്ചാർഡ് ഹിർഷിന്റെ വാദം. ഭൂതകാലത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ഏറ്റവും സ്വതന്ത്രവും പരീക്ഷണങ്ങൾക്ക് ഏറ്റവും സന്നദ്ധവുമായ യഹൂദവിഭാഗമെന്ന് ഇവർ വിശേഷിപ്പിക്കപ്പെടുന്നു.[78]
കുറിപ്പുകൾ
൧ ^ വലിയ/ചെറിയ പ്രവാചകന്മാർ എന്ന വിഭജനം പ്രവാചകന്മാർക്കിടയിൽ പ്രാധാന്യത്തിന്റെ ഏറ്റക്കുറച്ചിലിനെ സൂചിപ്പിക്കുന്നില്ല. പ്രവചനഗ്രന്ഥത്തിന്റെ വലിപ്പത്തെ മാത്രമാണ് അതു സൂചിപ്പിക്കുന്നത്. വലിപ്പം കൂടിയ പ്രവചനഗ്രന്ഥമുള്ളവരായ ഏശയ്യായും ജെറമിയായും എസക്കിയേലും അങ്ങനെ വലിയ പ്രവാചകന്മാരും മറ്റുള്ളവർ ചെറിയ പ്രവാചകന്മാരും ആകുന്നു.
൨ ^ ഏശയ്യായുടെ പ്രവചനഗ്രന്ഥത്തിന്റെ ഉത്തരഭാഗത്തിനു പിന്നിലുള്ള വ്യക്തിയാണ് ഉത്തര-ഏശയ്യാ (Deutero-Issaiah) എന്നറിയപ്പെടുന്നത്.
൩ ^ അങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ ഒന്നിന്റെ പിന്തുടർച്ചക്കാരാണ് ഇസ്രായേലിലും പലസ്തീനിലും ഇന്നുമുള്ള ന്യൂനപക്ഷമായ ശമരിയർ.
൪ ^ "നമ്മുടെ രക്ഷകനെതിരെ ഗൂഢാലോചന നടത്തി ഏറെ താമസിയാതെ യഹൂദവംശത്തിന് വന്നുപെട്ട സർവ്വനാശത്തിന്റെ കഥ പറയുകയാണ്" തന്റെ രചനാലക്ഷ്യങ്ങളിൽ ഒന്നെന്ന് നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേസറിയായിൽ മെത്രാനായിരുന്ന യൂസീബിയസ് തന്റെ സഭാചരിത്രത്തിന്റെ തുടക്കത്തിൽ തുറന്നു പറയുന്നു.[23]
൫ ^ "......their real city was this Book of Books."[11]
൬ ^ ആദാമും മോശെയും, സെറുബാബേലും ഉൾപ്പെടെയുള്ള മഹാത്മാക്കൾ ജന്മനാ പരിഛേദിതരായിരുന്നു എന്ന പാരമ്പര്യവും നിലവിലുണ്ട്.[79]
൭ ^ തുടക്കത്തിൽ പേരിനു മാത്രമായിയിരുന്നു ഈ ആചാരമെന്നതിനാൽ അതിന്റെ തെളിവു മറച്ചു വച്ച് അന്യജാതിപ്പെണ്ണുങ്ങളുടെ പരിഹാസത്തിൽ നിന്നു രക്ഷപെടുക എളുപ്പമായിരുന്നെന്നും, അഗ്രചർമ്മം സമ്പൂർണ്ണമായി നീക്കം ചെയ്യണമെന്നു വ്യവസ്ഥ ചെയ്ത് ഈ 'സൗകര്യം' ഇല്ലാതാക്കിയത് മക്കബായ കാലത്തെ പുരോഹിതദേശീയവാദികളാണെന്നും പറയപ്പെടുന്നു.[47]
൮ ^ "എബ്രായബൈബിളിലെ മോസസ് മുതൽ മോസസ് മൈമോനിഡിസ് വരെ മോസസ് മൈമോനിഡിസിനെപ്പോലെ മറ്റൊരാളുണ്ടായില്ല" എന്നർത്ഥം.
൯ ^ "Judaism doesn't come from God, it comes from the Jews - and the rest is commentary."[78]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.