Remove ads
From Wikipedia, the free encyclopedia
മദ്ധ്യപൂർവദേശത്തെ ഒരു വംശ-മതവിഭാഗമാണ് (Ethno-Religions group) ശമരിയർ (എബ്രായ|שומרונים; അറബി|السامريون). യഹൂദവിശ്വാസത്തിന്റെ ഒരു സമാന്തരരൂപമായ ശമരിയമതമാണ് അവർ പിന്തുടരുന്നത്. ശമരിയ പഞ്ചഗ്രന്ഥിയെ അടിസ്ഥാനമാക്കി, ബാബിലോണിലെ പ്രവാസത്തിനുമുൻപ് ഇസ്രായേലിൽ നിലനിന്നിരുന്ന യഥാർത്ഥമതമാണ് തങ്ങളുടേതെന്ന് അവർ അവകാശപ്പെടുന്നു.
ശമരിയർ שומרונים |
---|
ശമരിയർ, അവരുടെ വിശ്വാസത്തിന്റെ കേന്ദ്രസ്ഥാനമായ ഗെരിസിം മലയിൽ |
ആകെ ജനസംഖ്യ |
712 (2007)[1] |
സ്ഥാപകൻ |
Regions with significant populations |
Palestine (ഗെരിസിം മല, നാബ്ലസ്)
ഇസ്രയേൽ (ഹൊളോൺ) |
മതങ്ങൾ |
ശമരിയമതം |
വിശുദ്ധ ഗ്രന്ഥങ്ങൾ |
ശമരിയ പഞ്ചഗ്രന്ഥി |
ഭാഷകൾ |
Modern Vernacular ആധുനിക എബ്രായ & അറബി Past Vernacular അറബി, preceeded by അരമായ & earlier എബ്രായ Liturgical ശമരിയ എബ്രായ, ശമരിയ അരമായ , ശമരിയ അറബി |
പ്രവസത്തിലേക്ക് കൊണ്ടുപോകപ്പെടാതെ ഇസ്രായേലിൽ തങ്ങിയ തങ്ങളുടെ പൂർവികർ കലർപ്പില്ലാത്ത യഹൂദവിശ്വാസം പരിരക്ഷിച്ച് അതിൽ ഉറച്ചുനിന്നപ്പോൾ, പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയവർ കൊണ്ടുവന്ന മാറ്റങ്ങളും കലർപ്പുമുള്ള വിശ്വാസം പിലക്കാലത്തെ മുഖ്യധാരാ യഹൂദമതമായി പരിണമിച്ചെന്നാണ് ശമരിയരുടെ നിലപാട്. എബ്രായബൈബിളിലെ ആദ്യത്തെ അഞ്ചുഗ്രന്ഥങ്ങളടങ്ങിയ നിയമഗ്രന്ഥസംഹിതയായ പഞ്ചഗ്രന്ഥിയുടെ ശമരിയഭാഷ്യം മാത്രമാണ് ഇവർ അംഗീകരിക്കുന്നത്. പഞ്ചഗ്രന്ഥിയെ തുടർന്നു വരുന്ന എബ്രായബൈബിളിലെ ഇതരഗ്രന്ഥങ്ങളെയോ, മിഷ്നാ, താൽമൂദ് തുടങ്ങിയ റാബൈനിക ഗ്രന്ഥങ്ങളേയോ, ജനത്തിന് ദൈവവുമായുള്ള ബന്ധത്തിൽ യെരുശലേമിന് യഹൂദർ കല്പിക്കുന്ന പ്രാധാന്യത്തെയോ ശമരിയർ അംഗീകരിക്കുന്നില്ല. യോർദ്ദാൻ നദിയുടെ പടിഞ്ഞേറെക്കരയിലുള്ള ഗെരിസിം മലയാണ് അവരുടെ വിശുദ്ധസ്ഥലം. മോശെയെ പിന്തുടർന്ന് ജനനേതാവായിത്തീർന്ന യോശുവായുടെ നേതൃത്വത്തിൽ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങൾ വാഗ്ദത്തഭൂമിയിൽ പ്രവേശിച്ചപ്പോൾ, യഹൂദജനതയുടെ വിശുദ്ധസ്ഥലമായി നിശ്ചയിക്കപ്പെട്ടത് അനുഗ്രത്തിന്റെ കൊടുമുടിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഗെരിസിം മല ആണെന്ന് ശമരിയർ കരുതുന്നു. പൂർവപിതാവായ അബ്രാഹം പുത്രൻ ഇസഹാക്കിലെ ബലികഴിക്കാനൊരുങ്ങിയത് ഈ മലയിലാണെന്നും അവർ വിശ്വസിക്കുന്നു.[2] ശമരിയപഞ്ചഗ്രന്ഥിയിലെ പത്തുകല്പനകളിൽ പത്താമത്തെ കല്പന തന്നെ ഗെരിസിം മലയുടെ പ്രാധാന്യത്തെക്കുറിച്ചാണ്.
യഹൂദ-ശമരിയ വിശ്വാസങ്ങൾ വഴിപിരിഞ്ഞത് ഏതു ചരിത്രസന്ധിയിലാണെന്ന് കൃത്യമായി പറയുക വയ്യ. എന്നാൽ ക്രിസ്തുവിന് മുൻപ് നാലാം നൂറ്റാണ്ടിന്റെ അവസാനമായപ്പോൾ ആ വേർപാട് പൂർത്തിയായിരുന്നുവെന്ന് ഉറപ്പാണ്. ഗെരിസിം മലയിൽ നടന്ന പുരാവിജ്ഞാനഖനനങ്ങൾ, ക്രി.മു. 330-ൽ അവിടെ ശമരിയക്ഷേത്രം ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ചു.[3]
ക്രിസ്തുവിന് മുൻപ് ആറാം നൂറ്റാണ്ടിൽ നടന്നതായി കരുതപ്പെടുന്ന ബാബിലോണിലെ പ്രവാസകാലം മുതൽ ക്രിസ്തുവർഷാരംഭം വരെ പുരാതന ശമരിയപ്രദേശവുമായ ബന്ധം നിലനിർത്തിയ ഒരുകൂട്ടം ഇസ്രായേൽക്കാരാണ് തങ്ങളുടെ പൂർവികർ എന്ന് ശമരിയർ കരുതുന്നു. എന്നാൽ 'ശമരിയർ' എന്ന വാക്കിന്റെ ഉല്പത്തി ഭൂമിശാസ്ത്രപരമല്ല. "നിയമപരിരക്ഷകർ" എന്ന അർത്ഥമുള്ള എബ്രായ പദവുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്.[4]
ക്രിസ്തുവർഷാരംഭത്തിനുശേഷം ഉരുത്തിരിഞ്ഞതും, യഹൂദമതമതത്തിന്റെ കേന്ദ്രരചനകളിലൊന്നുമായ താൽമൂദ്, തങ്ങളുടെ ഉല്പത്തിയെക്കുറിച്ചുള്ള ശമരിയരുടെ അവകാശവാദത്തെ തള്ളിക്കളയുന്നു. ഇപ്പോഴത്തെ ഇറാഖിലുള്ള കൂത്താ എന്ന സ്ഥലത്തുനിന്നുള്ളവർ എന്ന അർത്ഥത്തിൽ കൂത്താക്കാർ(എബ്രായ|כותים}}, Kuthim) എന്നാണ് താൽമൂദ് ശമരിയരെ വിശേഷിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ശമരിയരുടേയും താൽമൂദിലേയും നിലപാടുകളിൽ ഭാഗികമായ സത്യം കണ്ടെക്കാമെന്നാണ് ജനിതകശാസ്ത്രത്തെ ആധാരമാക്കി ആധുനികകാലത്ത് നടന്ന അന്വേഷണങ്ങൾ നൽകുന്ന സൂചന. [5]
ആധുനിക ഇസ്രായേലിന്റെ സ്ഥാപനത്തെ തുടർന്ന് നടന്ന എബ്രായഭാഷയുടെ പുനർജ്ജീവനത്തിനും ഔദ്യോഗികവൽക്കരണത്തിനും ശേഷം, ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെങ്കിലുമുള്ള ശമരിയർ ആധുനിക എബ്രായ സംസാരഭാഷയായി സ്വീകരിച്ചു. നേരത്തേ, പലസ്തീനയിലെ മറ്റു മതവിഭാഗങ്ങളായ മുസ്ലിങ്ങളേയും, ക്രിസ്ത്യാനികളേയും ദ്രൂസുകളേയും പോലെ, അവരും സംസാരിച്ചിരുന്നത് അറബി ഭാഷയാണ്. യോർദ്ദൻ നദിയുടെ പടിഞ്ഞാറേക്കരയിലുള്ള നാബ്ലസ് നഗരത്തിലെ ശമരിയരുടെ സംസാരഭാഷ ഇപ്പോഴും അറബി തന്നെയാണ്. ദൈവാരാധനയിൽ അവർ ശമരിയ-എബ്രായ, ശമരിയ-അരമായ, ശമരിയ-അറബി എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കുന്നു. ഈ ഭാഷകളൊക്കെ ശമരിയ ലിപിയിൽ ആണ് എഴുതുന്നത്. പുരാതന എബ്രായ ലിപിയുടെ ഒരു വകഭേദമായ ഈ ലിപി, ആധുനിക എബ്രായ എഴുതാൻ ഉപയോഗിക്കുന്നതും അരമായ ലിപിയിൽ നിന്ന് ഉരുത്തിരിഞ്ഞതുമായ ചതുരലിപിയിൽ നിന്ന് വ്യത്യസ്തമാണ്.[6] എബ്രായ, അരമായ ഭാഷകൾ, റോമൻ ആധിപത്യത്തെ തുടർന്ന് അവർ ലോകമെമ്പാടുമായി ചിതറിപ്പോകുന്നതുവരെ, യൂദയായിലെ ഇസ്രായേൽക്കാരുടെ ഭാഷകൾ ആയിരുന്നു.[7]
പുരാതനകാലത്ത് ശമരിയർ ഒരു വലിയ ജനസമൂഹമായിരുന്നു. റോമൻ ഭരണകാലത്ത് അവരുടെ ജനസംഖ്യ പത്തുലക്ഷത്തിലേറെയായിരുന്നു. കാലക്രമത്തിൽ അത് കുറഞ്ഞ് ഏതാനും നൂറ്റാണ്ടുകൾക്കുമുൻപ് കുറേ പതിറ്റായിരങ്ങളിലെത്തി. അവരുടെ അമ്പരപ്പിക്കുന്ന ഈ ജനച്ചുരുക്കത്തെ പലചരിത്രസന്ധികളും വേഗത്തിലാക്കി. ബൈസാന്തിയൻ ക്രിസ്തീയ ഭരണാധികാരികൾക്കെതിരെ ക്രി.വ. 529-ൽ ശമരിയർ നടത്തിയ മൂന്നാം കലാപത്തിന്റെ രക്തപങ്കിലമായ അടിച്ചമർത്തലും, പലസ്തീനയിലെ മുസ്ലിം ആധിപത്യത്തിന്റെ തുടക്കത്തിൽ നടന്ന കൂട്ടനിർബ്ബന്ധിത മതപരിവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു.[8]2007 നവംബർ മാസം പ്രസിദ്ധീകരിച്ച ശമരിയരുടെ തന്നെ കണക്കനുസരിച്ച്, അവരുടെ ഇപ്പോഴത്തെ ജനസംഖ്യ 712 ആണ്.[1] പാലസ്തീൻ ഭരണത്തിൽ കീഴിലുള്ള യോർദ്ദാൻ നദിയുടെ പടിഞ്ഞാറേ തീരത്തെ നാബ്ലസ് നഗരത്തിനടുത്ത് ഗെരിസിം മലയിലെ കീര്യാത്ത് ലൂസാ, ഇസ്രായേൽ നഗരമായ ഹോളോൻ എന്നിവിടങ്ങളിലാണ് ഇന്ന് മിക്കവാറും ശമരിയർ താമസിക്കുന്നത്. [9] വ്യത്യസ്ത ചുറ്റുപാടുകളിൽ ശമരിയ പാരമ്പര്യങ്ങൾ പിന്തുടരുന്ന ജനങ്ങൾ മദ്ധ്യപൂർവദേശത്തിനു പുറത്ത്, അമേരിക്കൻ ഐക്യനാടുകളടക്കം മറ്റു സ്ഥലങ്ങളിലുമുണ്ട്.
തങ്ങളുടെ വ്യതിരിക്തമായ ആചാരാനുഷ്ടാനങ്ങൾ നിലനിർത്തുവാൻ ഈ ചെറിയ സമൂഹം ഇന്നും ശ്രമിക്കുന്നു. ശമരിയയുടെ പെസഹാ ആഘോഷത്തെക്കുറിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ എഴുതപ്പെട്ട ഈ വിവരണം ശ്രദ്ധേയമാണ്:-
“ | പെസഹാത്തിരുന്നാളിനെ തുടർന്ന് വരുന്ന ആഴ്ച മുഴുവൻ ശമരിയർ ഗെരിസിം മലയിൽ കഴിച്ചുകൂട്ടുന്നു. ആഴ്ചയുടെ അവസാനനാളിൽ അവർ വിശുദ്ധമലയുടെ ഉച്ചിയിലേക്ക് തീർത്ഥയാത്രനടത്തുന്നു. യാത്ര തുടങ്ങുന്നതിനു മുൻപ് ജനങ്ങൾ വസ്ത്രങ്ങൾ നിലത്തുവിരിച്ചിട്ട് മൗനമായി വിശ്വാസപ്രഖ്യാപനവും സൃഷ്ടിയുടെ കഥയും ഉരുവിടുന്നു. അതിനൊടുവിൽ പഞ്ചഗ്രന്ഥിയിലെ ഉല്പത്തി പുസ്തകവും പുറപ്പാടിന്റെ പുസ്തകത്തിന്റെ ആദ്യപാദവും ഉറക്കെ വായിച്ച് ആദ്യത്തെ പെസഹാബലിയുടേയും ഈജിപ്തിൽ നിന്നുള്ള പലായനത്തിന്റേയും കഥയിൽ അവസാനിപ്പിക്കുന്നു. [10] | ” |
യഹൂദരും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമായ അവരുടെ അയൽക്കാരുമായി വൈവിദ്ധ്യമുള്ള ബന്ധമാണ് ശമരിയർ പുലർത്തുന്നത്. 1954-ൽ അന്നത്തെ ഇസ്രായേൽ രാഷ്ട്രപതി യിത്സാക്ക് ബെൻ സ്വി, ഇസ്രായേലിലെ ഹോളോണിൽ ശമരിയരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഇസ്രായേലിൽ ജീവിക്കുന്ന ശമരിയർക്ക് അവിടത്തെ പൗത്വമുണ്ട്. പാലസ്തീനിയൻ ദേശാധികാരത്തിനു കീഴിൽ കഴിയുന്ന ശമരിയർ, അവിടങ്ങളിലെ ക്രിസ്ത്യാനികളേയും യഹൂദരേയും പോലെ ന്യൂനപക്ഷ വിഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പലസ്തീനിയൻ ദേശീയസഭയിൽ അവർക്കായി ഒരു സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. പലസ്തീനിയൻ ശമരിയർക്ക് ഇസ്രായേലും, പലസ്തീനിയൻ ദേശാധികാരികളും യാത്രാപത്രികകൾ (Passports) നൽകിയിട്ടുണ്ട്.
പാലസ്തീനിയിൽ പ്രദേശങ്ങളിൽ താമസിക്കുന്ന ശമരിയർ പോലും രാഷ്ട്രീയമായി കൂടുതൽ ചായ്‌വ് കാട്ടുന്നത് ഇസ്രായേലിനോടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു.[11] എന്നാൽ ശമരിയരുടെ നേതാവ് അൽ-കാഹെൻ വാസെഫ് അൽ-സാമെറി 1960-ൽ പ്രഖ്യാപിച്ചത്, ഇസ്രായേൽ അറബികളുടെയെന്നപോലെ തന്നെ തങ്ങളുടേയും ശത്രുവാണെന്നാണ്. പലസ്തീനിയൻ ഭരണത്തിൻ കീഴിലുള്ള നാബ്ലസിലെ ശമരിയർ തങ്ങളും യഹൂദരും തമ്മിലുള്ള വ്യതിരിക്തതക്ക് ഇസ്രായേലിലെ ഹോളോണിലെ ശമരിയരേക്കാൾ ഊന്നൽ കൊടുക്കുന്നു. സൈനിക അധികാരികൾ തങ്ങളുടെ ന്യൂനപക്ഷപദവിയെ വകവയ്ക്കാറില്ലെന്ന് ശമരിയർ പരാതിപ്പെടുന്നു.[12]. പലസ്തീനിയൻ പശ്ചിമതീരത്തേയും ഇസ്രായേലിലെ ഹോളോണിലേയും ശമരിയർ ചുറ്റുപാടുമുള്ള സംസ്കൃതികളെ സ്വാംശീകരിച്ചിട്ടുണ്ട്. എന്നാൽ രണ്ടിടങ്ങളിലും അവരുടെ മുഖ്യഗൃഹഭാഷയായിരിക്കുന്നത് എബ്രായ ആണ്. ഇസ്രായേൽ പൗരത്വമുള്ള ശമരിയർ, ഇസ്രായേലിലെ മറ്റു പൗരന്മാരെപ്പോലെ സൈനികസേവനത്തിന് നിയോഗിക്കപ്പെടാറുണ്ട്.
ശമരിയ സമൂഹത്തിന്റെ തലവൻ മുഖ്യപുരോഹിതനാണ്. ഒരു പുരോഹിതകുടുംബത്തിൽ നിന്ന് മൂപ്പിനെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെടുന്ന അദ്ദേഹം, താമസിക്കുന്നത് ഗെരിസിം മലയിലാണ്. ഇപ്പോഴത്തെ മുഖ്യപുരോഹിതൻ എലയാസർ ബെൻ സെദഖാ ബെൻ യിത്സാക്ക് ആണ്.
ഇന്ന് ശമരിയർ നേരിടുന്ന ഒരു മുഖ്യപ്രശ്നം നിലനില്പിന്റേതാണ്. നാലു കുടുംബങ്ങൾ മാത്രമായുള്ള ഒരു ചെറിയ ജനസമൂഹമാണവർ. കോഹൻ, സെദാഖ്, ദാൻഫി, മാർഹിബ് എന്നിവക്കു പുറമേ ഉണ്ടായിരുന്ന അഞ്ചാമത്തെ കുടുംബം കഴിഞ്ഞ നൂറ്റാണ്ടിൽ അന്യം നിന്നുപോയി. എണ്ണക്കുറവും മറ്റു സമൂഹങ്ങളിൽ നിന്ന് പരിവർത്തിതരെ സ്വീകരിക്കാനുള്ള അവരുടെ വൈമനസ്യവും ശമരിയരുടെ ജനിതകസ്രോതസ്സിന്റെ വൈവിദ്ധ്യം കുറച്ച് പാരമ്പര്യരോഗങ്ങൾ അവർക്കിടയിൽ പെരുക്കുന്നതിന് അവസരമൊരുക്കി. ഇത് കണക്കിലെടുത്ത്, തങ്ങളുടെ വിശ്വാസങ്ങൾ സ്വീകരിക്കാൻ തയ്യാറുള്ള യഹൂദസ്ത്രീകളുമായുള്ള വിവാഹം അനുവദിക്കാൻ അടുത്ത കാലത്ത് ശമരിയ സമൂഹം സമ്മതിച്ചു. പരിവർത്തനത്തിനുമുൻപ് ആറുമാസത്തെ നിരീക്ഷണകാലമുണ്ട്. പുതിയ വിശ്വാസത്തിന്റെ ബാദ്ധ്യതകൾ ഏറ്റെടുക്കാൻ വധു തയ്യാറാണെന്ന് ഉറപ്പാക്കാനാണിത്. ആർത്തവ-പ്രസവ കാലങ്ങളുമായി ബന്ധപ്പെട്ട ലേവ്യ വിശുദ്ധിനിയങ്ങളുടെ അക്ഷരാർത്ഥത്തിലുള്ള പാലനം അവശ്യപ്പെടുന്ന പുതിയ വിശ്വാസവുമായുള്ള ഒത്തുപോകൽ, സ്ത്രീകൾക്ക് പലപ്പോഴും പ്രശ്നമുണ്ടാക്കാറുണ്ട്. ഇതൊക്കെയാണെങ്കിലും ഇത്തരം വിവാഹങ്ങൾ ചുരുക്കമായെങ്കിലും നടക്കാറുണ്ട്. ഇതിനുപുറമേ, പാരമ്പര്യരോഗങ്ങളുടെ സാധ്യത ഒഴിവാക്കാനായി, ശമരിയ സമൂഹത്തിനുള്ളിൽ തന്നെ നടക്കുന്ന വിവാഹങ്ങൾക്കും, നിശ്ചയിക്കപ്പെട്ട പാരമ്പര്യശാസ്ത്രവിദഗ്ദ്ധന്റെ മുൻകൂർ സമ്മതം വാങ്ങുന്നതും പതിവാണ്.
ക്രിസ്തുവർഷാരംഭകാലത്ത് യഹൂദർക്കും ശമരിയർക്കുമിടയിൽ സഹഭോജനമോ മറ്റു സാമൂഹ്യബന്ധങ്ങളോ പതിവില്ലായിരുന്നു എന്നാണ് പുതിയനിയമം എന്ന് സാധാരണയായി അറിയപ്പെടുന്ന ക്രിസ്തീയലിഖിതസമുച്ചയം നൽകുന്ന സൂചന. യഹൂദർ പൊതുവേ ശമരിയരെ നികൃഷ്ടരായി കണക്കാക്കി അവഗണിച്ചു. യേശുവിനെ മതനേതൃത്വം ഒരിക്കൽ ശകാരിക്കുന്നത് "ശമരിയനും ഭൂതാവിഷ്ടനും" എന്നു വിളിച്ചാണ്.[13]
യേശു തന്നെ, ശിഷ്യന്മാരെ ആദ്യമായി സുവിശേഷ ദൗത്യത്തിനു നിയോഗിക്കുന്നത് ശമരിയരുടെ നഗരത്തിൽ പ്രവേശിക്കരുതെന്ന വിലക്കോടെയാണ്.[14][ക] എന്നാൽ ഈ നിലപാട് താൽക്കാലികമായിരുന്നു എന്നാണ് സുവിശേഷങ്ങളിലെ മറ്റു ഭാഗങ്ങൾ നൽകുന്ന സൂചന. വിശ്വാസസംബന്ധമായ കാര്യങ്ങളിൽ ശമരിയർക്കെതിരായ യഹൂദനിലപാടുകളെ പിന്തുണച്ച യേശു[ഖ], വ്യക്തികളെന്ന നിലയിൽ അവരെ സമീപിച്ചത് സഹോദര്യത്തോടെയാണ്. യെരുശലേമിൽ നിന്ന് തന്റെ നാടായ ഗലീലായിലേക്കുള്ള യാത്രയിൽ ശമരിയായിൽ കൂടി കടന്നുപോയ യേശു കിണറ്റുകരയിൽ ഒരു ശമരിയ സ്ത്രീയെ കണ്ടുമുട്ടുന്നതിന്റെ നാടകീയമായ വിവരണം യോഹന്നാന്റെ സുവിശേഷത്തിൽ കാണാം. യഹൂദരുടെ പാനഭോജനവിലക്കുകളെ അവഗണിച്ച് അവളോട് കുടിവെള്ളം ചോദിക്കുന്ന അദ്ദേഹം ഒടുവിൽ അവൾക്കും അവളുടെ കൂട്ടർക്കും ധർമ്മോപദേശം നൽകുന്നു.[15]
നല്ല ശമരിയന്റെ അന്യാപദേശത്തിൽ യേശു, അപായസ്ഥിതിയിൽ വഴിയിൽ കിടന്ന ഒരു മനുഷ്യനെ യാഥാസ്ഥിതികയഹൂദർ അവഗണിച്ചുപോയപ്പോൾ അയാളോട് കാരുണ്യം കാട്ടാൻ മുന്നോട്ടുവന്ന ഒരു ശമരിയനെ ഉയർത്തിക്കാട്ടി, വംശമേന്മയെക്കുറിച്ചുള്ള തന്റെ സഹമതസ്ഥരുടെ നാട്യങ്ങളെ വിമർശിക്കുന്നു.[16] 'ശമരിയൻ' എന്നത് പരോപകാരിയുടെ പര്യായം തന്നെയാകാൻ ഏറെ പ്രസിദ്ധമായ ഈ അന്യാപദേശം കാരണമായി.
യേശുവിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാരും ശമരിയർക്കിടയിൽ സുവിശേഷം പ്രസംഗിക്കുന്നതായി പുതിയനിയമത്തിലെ നടപടി പുസ്തകത്തിലുമുണ്ട്. [17]
ക. ^ ശമരിയ നഗരങ്ങൾക്കെതിരായ ഈ വിലക്ക്, യഹൂദനിലപാട് അവലംബിച്ച് എബ്രായക്രൈസ്തവർക്കുവേണ്ടി എഴുതപ്പെട്ടതായി കരുതപ്പെടുന്ന മത്തായിയുടെ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളു.
ഖ. ^ യേശുവും ശമരിയ സ്ത്രീയുമായുള്ള സംഭാഷണം രേഖപ്പെടുത്തുന്ന യോഹന്നാൻ, യേശു അവളോട് ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: "നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു; ഞങ്ങൾ അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യഹൂദന്മാരിൽ നിന്നാണല്ലോ."[18]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.