മലയാളചലച്ചിത്രവേദിയിലെ ഒരു നടനാണ് ജനാർദ്ദനൻ. ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്[3]
വ്യക്തിജീവിതം
1946 മെയ് അഞ്ചിനു വൈക്കം ഉല്ലല ഗ്രാമത്തിൽ കൊല്ലറക്കാട്ടുവീട്ടിൽ കെ ഗോപാലപിള്ളയുടെയും ഗൌരിയമ്മയുടെയും മകനായി ജനാർദ്ദനൻ പിള്ള ജനിച്ചു. വെച്ചൂർ എൻഎസ്എസ് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റിക്ക് ചേർന്നെങ്കിലും മുഴുമിക്കാതെ എയർഫോഴ്സിൽ ചേർന്നു. ഒരുവർഷത്തെ ട്രെയിനിംഗ് കഴിഞ്ഞ് വ്യോമസേന വിട്ടുതിനുശേഷം നാട്ടിൽ തിരിച്ചെത്തി ബിസിനസ്സ് ചെയ്യുന്നതിനിടയിൽ പ്രീ യൂണിവേഴ്സിറ്റി പാസായി. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. പിന്നീട് നെയ്യാറ്റിൻകര എൻഎസ്എസ് വേലുത്തമ്പി മെമ്മോറിയൽ കോളേജിൽനിന്ന് ബികോം പാസായി. . ഭാര്യ: വിജയലക്ഷ്മി അന്തരിച്ചു. മക്കൾ: രമാരഞ്ജിനി, ലക്ഷ്മി. പിന്നീടു് എസ് കെ നായരുടെ മദ്രാസിലെ ബിസിനസ്സ് നോക്കി നടത്തി. ഇതിനിടയിൽ പറവൂർ സെൻട്രൽ ബാങ്കിൽ ക്ളർക്കായി ജോലി കിട്ടിയെങ്കിലും അതുപേക്ഷിച്ച് പി.എൻ. മേനോൻ സംവിധാനംചെയ്ത ചെമ്പരത്തിയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി. കുറേനാൾ മലയാളനാട് വാരികയിൽ 'സങ്കൽപത്തിലെ ഭർത്താവ്' എന്ന പംക്തി കൈകാര്യംചെയ്തു. കെ.എസ്. സേതുമാധവന്റെ ആദ്യത്തെ കഥ എന്ന ചിത്രത്തിൽ പ്രേംനസീറിനൊപ്പം അഭിനയിച്ചു.
അഭിനയ ജീവിതം
1977-ൽ അടൂർ ഭാസി സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത്.[4]. പി.എൻ.മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവൻ എന്ന കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. ഇതിനിടയിൽ ശ്രീവരാഹം ബാലകൃഷ്ണനെ പരിചയപ്പെടുകയും അടൂർ ഗോപാലകൃഷ്ണനുമായി അടുക്കുകയുംചെയ്തു കെ. മധു സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് പ്രതിനായകവേഷത്തിൽ നിന്ന് ഹാസ്യാഭിനേതാവ് എന്ന നിലയിലേക്ക് ജനാർദ്ദനൻ മാറിയത്[3]. വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരെ ഭയത്തിന്റെയും വെറുപ്പിന്റെയും മുൾമുനയിൽ നിർത്തുകയും പിന്നീട് ഹാസ്യ വേഷങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാവുകയും ചെയ്ത ജനാർദ്ദനൻ കുടുംബാസൂത്രണത്തെപ്പറ്റി നിർമ്മിച്ച 'പ്രതിസന്ധി' എന്ന ഡോക്യുമെന്ററിയിൽ നാഷണൽ സാമ്പിൾ സർവ്വേയിലെ ഉദ്യോഗസ്ഥനായി അഭിനയിച്ചാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. മുപ്പതിലേറെ വർഷമായി അഭിനയരംഗത്തുള്ള അദ്ദേഹം പി എൻ മേനോൻ സംവിധാനംചെയ്ത 'ഗായത്രി'യിലെ മഹാദേവൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
1997-ൽ കഥാനായകൻ എന്ന ചിത്രത്തിൽ പിന്നണിഗായകനായും പ്രവർത്തിച്ചു.[4] പിന്നീട് 180 ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോഴും ചലച്ചിത്ര രംഗത്ത് സജീവമാണ്.
മറ്റു കാര്യങ്ങൾ
ജനാർദ്ദനന്റെ ഘനഗാംഭീര്യമുള്ള ശബ്ദം കൊണ്ട് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാണ്. പല മിമിക്രി താരങ്ങളും അദ്ദേഹത്തിന്റെ ശബ്ദം മിമിക്രി വേദികളിൽ അനുകരിക്കാറുണ്ട്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.