From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ചഷകം (Crater). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിൽ ദൃശ്യകാന്തിമാനം 4ൽ കൂടുതലുള്ള നക്ഷത്രങ്ങളൊന്നുമില്ല. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന ക്രേറ്റർ എന്ന പേര് ഗ്രീക്ക് ഭാഷയിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ്. ഈ ഗ്രീക്ക് വാക്കിനർത്ഥം കപ്പ്, വൈൻ കപ്പ് എന്നെല്ലാമാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ 48 നക്ഷത്രഗണങ്ങളടങ്ങിയ പട്ടികയിലും ഈ രാശി സ്ഥാനം പിടിച്ചിരുന്നു. അപ്പോളോ ദേവന്റെ പാനപാത്രവുമായാണ് ഗ്രീക്ക് പുരാണങ്ങളിൽ ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ജലസർപ്പമായ ഹൈഡ്രയുടെ (ആയില്യൻ) പിൻഭാഗത്താണ് ഇത് ഇരിക്കുന്നത്.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ചഷകം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Crt |
Genitive: | Crateris |
ഖഗോളരേഖാംശം: | 11 h |
അവനമനം: | -16° |
വിസ്തീർണ്ണം: | 282 ചതുരശ്ര ഡിഗ്രി. (53-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
4 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
12 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
1 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
|
സമീപ നക്ഷത്രങ്ങൾ: | |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
δ Crt (3.57m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
γ Crt (83.85 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | Eta Craterids |
സമീപമുള്ള നക്ഷത്രരാശികൾ: |
ചിങ്ങം (Leo) സെക്സ്റ്റന്റ് (Sextans) ആയില്യൻ (Hydra) അത്തക്കാക്ക (Corvus) കന്നി (Virgo) |
അക്ഷാംശം +65° നും −90° നും ഇടയിൽ ദൃശ്യമാണ് ഏപ്രിൽ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ഏഴ് നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഏതാനും താരാപഥങ്ങളും ചഷകം നക്ഷത്രരാശിയിലുണ്ട്.
ബിൽ.സി.ഇ 1100ൽ നിർമ്മിച്ചതെന്നു കരുതുന്ന ബാബിലോണിയൻ നക്ഷത്രകാറ്റലോഗിൽ ചഷകത്തിലെ നക്ഷത്രങ്ങളെ അത്തക്കാക്ക നക്ഷത്രരാശിയിലാണ് ഉൾപ്പെടുത്തിയിരുന്നത്.[1] മൈത്രായിസ്റ്റുകളുടെ വിശ്വാസങ്ങളിൽ ഈ രാശികൾക്ക് സ്ഥാനമുണ്ടായിരുന്നു. മദ്ധ്യപൂർവ്വ രാജ്യങ്ങളിൽ നിന്നും മൈത്രായിസ്റ്റുകൾ ഗ്രീസ്, റോം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചപ്പോൾ അവരിലൂടെയായിരിക്കാം യൂറോപ്പിലും ഈ ഐതിഹ്യങ്ങൾ പ്രചരിച്ചത് എന്നു വിശ്വസിക്കുന്നു.[2]
ഗ്രീക്ക് ഐതിഹ്യത്തിൽ അപ്പോളോ ദേവൻ തന്റെ സേവകനായ കാക്കയെ (അത്തക്കാക്ക) വെള്ളം കൊണ്ടുവരാനായി പറഞ്ഞയക്കുന്നു. പോകുന്ന വഴിക്ക് കാക്ക അത്തിപ്പഴം കാണുകയും അത് പഴുക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നു. ഇതു കാരണം വൈകിയെത്തിയ വെള്ളം കൊണ്ടുവരുന്നതിനു വൈകിയതിന്റെ കാരണം ജലസർപ്പമായ ഹൈഡ്രയാണെന്ന് (ആയില്യൻ) വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു.[3] എന്നാൽ അപ്പോളോ ദേവൻ ഇത് കണ്ടെത്തുകയും സർപ്പത്തേയും കാക്കയേയും വെള്ളമെടുത്ത പാത്രത്തെയും ആകാശത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്നു.[4] കാക്കയ്ക്ക് വെള്ളമെടുക്കാൻ പറ്റാത്ത വിധത്തിൽ സർപ്പത്തിന്റെ ഇരുവശത്തുമായാണ് കാക്കയുടെയും ചഷകത്തിന്റെയും സ്ഥാനം. ദൈവങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചാൽ ഇതായിരിക്കും അനുഭവമെന്നതിനുള്ള ദൃഷ്ടാന്തമാണത്രെ ഇത്.[3]
ഫൈലാർക്കസ് ചഷകത്തിന്റെ ഉത്ഭവത്തെ പറ്റി മറ്റൊരു കഥയാണ് പറഞ്ഞത്. ഒരിക്കൽ എല്യൂസയിലെ ഒരു നഗരത്തിൽ പ്ലേഗ് പടർന്നു പിടിച്ചു. രാജാവായ ഡമിഫോൺ ഒരു മന്ത്രവാദിയെ സമീപിച്ചു. ഓരോ വർഷവും ഓരോ കന്യകയെ ബലി നൽകണം എന്നതായിരുന്നു മന്ത്രവാദിയുടെ കല്പന. ഓരോ വർഷത്തേക്കുമുള്ള കന്യകമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കാൻ ഡമിഫോൺ തീരുമാനിച്ചു. പക്ഷെ ഇതിൽ അദ്ദേഹത്തിന്റെ മക്കളെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതിനെ മറ്റൊരു പ്രഭുവായ മാസ്റ്റ്യൂസ്യൂസ് എതിർത്തതിനാൽ ഡമിഫോൺ അദ്ദേഹത്തിന്റെ മകളെ ബലി നൽകി. പിന്നീട് മാസ്റ്റ്യൂസ്യൂസ് ഡമിഫോണിന്റെ പെണ്മക്കളെ കൊല്ലുകയും അവരുടെ രക്തവും വീഞ്ഞും കലർത്തി ഒരു ചഷകത്തിലാക്കി ഡമിഫോണിന് കുടിക്കാൻ നൽകുകയും ചെയ്തു. ഇതു കണ്ടെത്തിയ ഡെമിഫോൺ മാസ്റ്റ്യൂസ്യൂസിനെയും ചഷകത്തേയും കടലിലേക്കു വലിച്ചെറിയാൻ ആജ്ഞാപിച്ചു. ഈ ചഷകത്തെയാണത്രേ ആകാശത്തിലെ നക്ഷത്രഗണം പ്രതിനിധീകരിക്കുന്നത്.[3]
ആകാശത്തിന്റെ 282.4 ച.ഡിഗ്രി സ്ഥലത്താണ് ചഷകം സ്ഥിതി ചെയ്യുന്നത്. ആധുനിക നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് 53-ആം സ്ഥാനമാണ് ഇതിനുള്ളത്.[5] ഇതിന്റെ അതിരുകളിൽ വടക്ക് ചിങ്ങവും കന്നിയും കിഴക്ക് അത്തക്കാക്കയും തെക്കും പടിഞ്ഞാറും ആയില്യനും വടക്ക്-പടിഞ്ഞാറു ഭാഗത്ത് സെക്സ്റ്റെന്റ്സും ആണുള്ളത്. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന Crt എന്ന ചുരുക്കെഴുത്ത് അംഗീകരിച്ചു.[6] ഔദ്യോഗികമായ അതിർത്തികൾ 1930ൽ ബൽജിയൻ ജ്യോതിശ്ശ്സ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് അടയാളപ്പെടുത്തി. ആറു വശങ്ങളുള്ള ഒരു ബഹുഭുജാകൃതിയാണ് ഇതിന്. ഖഗോളരേഖാംശം 10മ.51മി.14സെ.നും 11മ.56മി.24സെ.നും ഇടയിലും അവനമനം -6.66°ക്കും -25.20°ക്കും ഇടയിലാണ് ഈ രാശി കിടക്കുന്നത്.[7] തെക്കൻ ഖഗോളാർദ്ധത്തിലാണ് ഇതുള്ളത്. വടക്കെ അക്ഷാംശം 65°ക്ക് തെക്കുള്ളവർക്കെല്ലാം ഇതിനെ കാണാം.[5][lower-roman 1]
ജർമ്മൻ കാർട്ടോഗ്രാഫറായ ജോൺ ബെയർ ആൽഫ മുതൽ ലാംഡ വരെയുള്ള അക്ഷരന്നാങ്ങൾ ഉപയോഗിച്ച് പ്രധാന നക്ഷത്രങ്ങൾക്ക് പേരുകൾ നൽകി. ബോഡ് കൂടുതൽ പേരുകൾ കൂട്ടിച്ചേർത്തെങ്കിലും അവയിൽ ഇന്ന് സൈ ക്രേറ്ററിസ് മാത്രമേ ഉപയോഗിക്കുന്നുള്ളു. ജോൺ ഫ്ലാംസ്റ്റീഡ് ആയില്യനിലേയും ചഷകത്തിലേയും നക്ഷത്രങ്ങളെ ഒന്നിച്ചെടുത്താണ് പേരു നൽകിയത്. ഇതിലെ ഭൂരിഭാഗം നക്ഷത്രങ്ങളും ആയില്യനിലേതായിരുന്നു.[8] തിളക്കമുള്ള ആൽഫ, ഗാമ, ഡെൽറ്റ എന്നീ നക്ഷത്രങ്ങൾ ചേർന്ന് ഒരു ത്രികോണം സൃഷ്ടിക്കുന്നുണ്ട്. ആയില്യനിലെ ന്യൂ ഹൈഡ്ര എന്ന തിളക്കമുള്ള നക്ഷത്രം ഇതിനു സമീപത്താണുള്ളത്.[9] കാന്തിമാനം 6.5ഉം അതിൽ കൂടുതലും തിളക്കമുള്ള 33 നക്ഷത്രങ്ങളാണ് ഇതിലുള്ളത്.[lower-roman 2][5]
ഡെൽറ്റ ക്രേറ്ററിസ് ആണ് ചഷകത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം.[11] ഇതിന്റെ കാന്തിമാനം 3.6 ആണ്. ഭൂമിയിൽ നിന്ന് 163 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്പെക്ട്രൽ തരം K0III ആണ്. സൂര്യന്റെ 1.0-1.4 മടങ്ങ് പിണ്ഡം ഇതിനുണ്ട്. ഈ വയസ്സൻ നക്ഷത്രം താപനില താരതമ്യേന കുറഞ്ഞതും സൂര്യനേക്കാൾ 22.44 മടങ്ങ് ആരമുള്ളതുമാണ്. 4408 കെൽവിൻ ആണ് ഇതിന്റെ ഉപരിതല താപനില.[12] കപ്പ് എന്നർത്ഥമുള്ള ആൽക്കെസ് എന്ന പേരിൽ അറിയപ്പെടുന്ന ആൽഫ ക്രേറ്ററിസ് ഒരു ഓറഞ്ച് നക്ഷത്രമാണ്.[13][lower-roman 3][3] ഇതിന്റെ കാന്തിമാനം 4.1 ആണ്.[14] ഭൂമിയിൽ നിന്നും 142 പ്രകാശവർഷം അകലെയാണ് ഇത് കിടക്കുന്നത്.[15] ഏകദേശം സൂര്യന്റെ 1.75 മടങ്ങ് പിണ്ഡം ഇതിനുണ്ടാവുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ ഹൈഡ്രജൻ ഏതാണ്ട് കഴിഞ്ഞിരിക്കുന്ന ഇതിന്റെ വ്യാസം സൂര്യന്റെ വ്യാസത്തിന്റെ 13 മടങ്ങിൽ കൂടുതൽ വരും.[16] ഇതിന്റെ ഉപരിതല താപനില ഏകദേശം 4600 കെൽവിൻ ആണ്.[17]
ബീറ്റ ക്രേറ്ററിസ് ഒരു ദ്വന്ദനക്ഷത്രമാണ്. സ്പെക്ട്രൽ തരം A1III ആയ ഒരു വെളുത്ത ഭീമൻ നക്ഷത്രവും സ്പെക്ട്രൽ തരം DA1.4 ആയ ഒരു വെള്ളക്കുള്ളൻ നക്ഷത്രവുമാണ് ഇതിലുള്ളത്.[18] ഭൂമിയിൽ നിന്നും 296 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.5 ആണ്.[19] വെള്ളക്കുള്ളൻ പ്രാഥമിക നക്ഷത്രത്തേക്കാൾ വളരെയേറെ ചെറുതായതിനാൽ ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയിലൂടെ മാത്രമേ ഇതിനെ വേർതിരിച്ചു കാണാൻ കഴിയൂ.[20] ഗാമ ക്രേറ്ററിസ് ഒരു ഇരട്ടനക്ഷത്രമാണ്. ഒരു അമേച്വർ ദൂരദർശിനിയിലൂടെ തന്നെ രണ്ടു നക്ഷത്രങ്ങളേയും വേർതിരിച്ചു കാണാം.[21] പ്രധാന നക്ഷത്രം വെള്ളമുഖ്യധാരാ നക്ഷത്രമാണ്. ഇതിന് സൂര്യന്റെ 1.81 മടങ്ങ് പിണ്ഡമുണ്ട്.[22] രണ്ടാമത്തേതിന് സൂര്യന്റെ 75% പിണ്ഡം മാത്രമേയുള്ളു.[22] ഭൂമിയിൽ നിന്നും ഏകദേശം 86 പ്രകാശവർഷം അകലെയാണിതിന്റെ സ്ഥാനം.[23]
എപ്സിലോൺ, സീറ്റ എന്നീ നക്ഷത്രങ്ങളാണ് കപ്പിന്റെ വക്ക്. എപ്സിലോൺ ക്രേറ്ററിസ് കെ ടൈപ്പ് ഭീമൻ നക്ഷത്രമാണ്. ഇതിന്റെ സ്പെക്ട്രൽ തരം K5 III ആണ്.[24] സൂര്യനു തുല്യമായ പിണ്ഡമുള്ള ഇതിന്റെ ആരം സൂര്യന്റെ ആരത്തിന്റെ 44.7 മടങ്ങുണ്ട്.[25] സൂര്യന്റെ 391 മടങ്ങ് തിളക്കവും ഇതിനുണ്ട്.[26] ഇത് സൂര്യനിൽ നിന്ന് 366 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[27] സീറ്റ ക്രേറ്ററിസ് ഒരു ദ്വന്ദനക്ഷത്ര വ്യവസ്ഥയാണ്. പ്രധാന നക്ഷത്രം സ്പെക്ട്രൽ തരം G8 III ആയ ഭീമൻ നക്ഷത്രമാണ്.[28] ഇതിന്റെ കാന്തിമാനം 4.95 ആണ്. ചുവപ്പു ഭീമൻ നക്ഷത്രമായ ഇതിന്റെ കേന്ദ്രത്തിൽ ഹീലിയം ജ്വലനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.[29] സൂര്യന്റെ 13 മടങ്ങ് ആരവും 157 മടങ്ങ് തിളക്കവും ഇതിനുണ്ട്.[30][31] രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.84 ആണ്.[32] സിറിയസ് സൂപ്പർ ക്ലസ്റ്ററിലെ ഒരംഗം കൂടിയാണ് സീറ്റ ക്രേറ്ററിസ്.[33] സൂര്യനിൽ നിന്നും 326 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[34]
അൽക്കിസിനടുത്ത് കിടക്കുന്ന ആർ ക്രേറ്ററിസ് അർദ്ധക്രമരഹിത ചരനക്ഷത്രമാണ്.[9] ഇതിന്റെ കാന്തിമാനം 9.8നും 11.2നും ഇടയിൽ മാറിക്കൊണ്ടിരിക്കും. ഇതിനെടുക്കുന്ന സമയം 160 ദിവസമാണ്.[35] ഇത് ഭൂമിയിൽ നിന്നും ഏകദേശം 770 പ്രകാശവർഷം അകലെയാണുള്ളത്.[36] ടി ടി ക്രേറ്ററിസ് കാറ്റക്ലിസ്മിക് ചരനക്ഷത്രമാണ്. സൂര്യനു സമാനമാനമായ പിണ്ഡമുള്ള ഒരു വെള്ളക്കുള്ളനും ഇതിനെ വളരെ അടുത്തു കൂടി പരിക്രമണം ചെയ്യുന്ന ഒരു ഓറഞ്ചു കുള്ളനും ചേർന്ന ദ്വന്ദനക്ഷത്രമാണിത്. 6 മണിക്കൂർ 26 മിനിറ്റു കൊണ്ട് ഇവ പരസ്പരമുള്ള ഒരു പരിക്രമണം പൂർത്തിയാക്കും. ഇതിന്റെ കാന്തിമാനം 15.9നും 12.7നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[37] എസ് സെഡ് ക്രേറ്റണിസ് ബിൽ വൈ ഡ്രക്കോണിസ് ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 8.5 ആണ്. സൂര്യനിൽ നിന്നും 42.9 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[38] ഇത് ഉർസാമേജർ മൂവിങ് ഗ്രൂപ്പിലെ അംഗമാണ്.[39]
എച്ച് ഡി 98800 എന്ന ടി വി ക്രേറ്ററിസ് മൂന്നു നക്ഷത്രങ്ങൾ അടങ്ങിയ നക്ഷത്രവ്യവസ്ഥയാണ്. ഇവയിൽ രണ്ടെണ്ണം വളരെ അടുത്തും മൂന്നാമത്തേത് കുറച്ചകന്നുമാണ് പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ മൂന്നാമത്തേതിന് വാതകവും പൊടിപടലവുമടങ്ങിയ ഒരു അവശിഷ്ട ഡിസ്കുമുണ്ട്. നക്ഷത്രത്തിൽ നിന്ന് 3-5 ജ്യോതിർമാത്ര അകലം വരെ വ്യാപിച്ചു കിടക്കുന്ന ഇത് ഗ്രഹരൂപീകരണ മേഖയാണെന്നു കരുതുന്നു.[40] സൂര്യന്റെ 5.5% മാത്രം പിണ്ഡമുള്ള തവിട്ടുകുള്ളനാണ് ഡെനിസ് പി ജെ1058.7-1548. ഇതിന്റെ ഉപരിതല താപനില 1700 കെൽവിനും 2000 കെൽവിനും ഇടയിലാണ്. ദൃശ്യപ്രകാശത്തിന്റെയും ഇൻഫ്രാറെഡിന്റെ സ്പെക്ട്രത്തിലെ വ്യതിയാനങ്ങൾ ഇതിന്റെ അന്തരീക്ഷം മേഖാവൃതമാണ് എന്നു കാണിക്കുന്നു.[41]
എച്ച് ഡി 96167 സൂര്യനേക്കാൾ 1.31 മടങ്ങ് പിണ്ഡമുള്ള നക്ഷത്രമാണ്. വികസിച്ചു കൊണ്ടിരിക്കുന്ന ഇതിന്റെ കേന്ദ്രത്തിലെ ഹൈഡ്രജൻ തീർന്നിരിക്കുന്നു. സൂര്യന്റെ 1.86 മടങ്ങ് വ്യാസവും 3.4 മടങ്ങ് തിളക്കവുമ്മാണ് ഇതിനുള്ളത്. ഇതിനെ പരിക്രമണം ചെയ്യുന്ന ഒരു ഗ്രഹത്തേയും കണ്ടെത്തിയിട്ടുണ്ട്. റേഡിയൽ വെലോസിറ്റി രീതി ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. ചുരുങ്ങിയത് വ്യാഴത്തിന്റെ 68% പിണ്ഡമെങ്കലും ഇതിനുണ്ടാവുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 498.9 ദിവസമാണ് ഈ ഗ്രഹം ഒരു പരിക്രമണത്തിനെടുക്കുന്ന സമയം. ഗ്രഹത്തിന്റെ ഭ്രമണപഥവും നക്ഷത്രവും തമ്മിലുള്ള കുറഞ്ഞ ദൂരം 0.38 ജ്യോതിർമാത്രയും കൂടിയ ദൂരം 2.22 ജ്യോതിർമാത്രയുമാണ്. വളരെ കൂടിയ ഉൽക്കേന്ദ്രതയുള്ള ഭമണപഥമാണിത്.[43] ഭൂമിയിൽ നിന്നും ഏകദേശം 279 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[44] എച്ച് ഡി 98649 മഞ്ഞ മുഖ്യധാരാനക്ഷത്രമാണ്. സൂര്യനു തുല്യമായ പിണ്ഡവും വ്യാസവുമാണ് ഇതിനുള്ളത്. പക്ഷെ സൂര്യന്റെ 86% തിളക്കം മാത്രമേ ഇതിനുള്ളു. ഇതിനും ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുണ്ട്. വ്യാഴത്തിന്റെ 6.8 മടങ്ങ് പിണ്ഡമുണ്ട് ഇതിന്. റേഡിയൽ വെലോസിറ്റി രീതി ഉപയോഗിച്ചാണ് ഇതിനെയും കണ്ടെത്തിയത്. അതിദീർഘഭ്രമണപഥമാണ് ഇതിനുമുള്ളത്. നേരിട്ടുള്ള ചിത്രം പകർത്തുന്നതിനു സാധ്യതയുള്ള ഗ്രഹമായാണ് ഇതിനെ കണക്കാക്കുന്നത്.[45] ചഷകം രാശിയിൽ ഗ്രഹമുള്ള മറ്റൊരു നക്ഷത്രമാണ് ബിൽ ഡി 10°3166. ഭൂമിയിൽ നിന്നും 268 പ്രകാശവർഷം അകലെയുള്ള ഈ നക്ഷത്രം ഒരു ഓറഞ്ച് മുഖ്യധാരാ നക്ഷത്രമാണ്.[46] ഇതിന്റെ ഗ്രഹത്തിന് ചുരുങ്ങിയത് വ്യാഴത്തിന്റെ 48% പിണ്ഡമെങ്കിലും കാണുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 3.49 ദിവസമാണ് ഒരു പരിക്രമണം പൂർത്തിയാക്കാനെടുക്കുന്നത്.[47] സ്പെക്ട്രൽ തരം G5V ആയ സൂര്യസമാന നക്ഷത്രമാണ് വാസ്പ്-34. വ്യാഴത്തിന്റെ പിണ്ഡത്തിനോട് ഏകദേശം തുല്യമായ പിണ്ഡമുള്ള ഒരു ഗ്രഹം ഇതിനുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. 4.317 ദിവസമാണ് ഇതിന് ഒരു പരിക്രമണത്തിന് ആവശ്യമായി വരുന്നത്.[48] ഭൂമിയിൽ നിന്നും ഏകദേശം 432 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[49]
ക്രേറ്റർ 2 ഡ്വാർഫ് ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയാണ്.[50] സൂര്യനിൽ നിന്നും ഏകദേശം 3,80,000 പ്രജാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[51] എൻ ജി സി 3511 ഒരു സർപ്പിള ഗാലക്സിയാണ്. ബീറ്റ ക്രേറ്ററിസിൽ നിന്നും 2° പടിഞ്ഞാറാണ് ഇതിന്റെ സ്ഥാനം. 11' മാറി എൻ ജി സി 3513 എന്ന വർത്തുള താരാപഥം ഉണ്ട്.[52] എൻ ജി സി 3951ഉം ഒരു വർത്തുള താരാപഥമാണ്. ഇതിന്റെ രണ്ടു കരങ്ങൾ വിശാലമായതും ചിതറിയതുമാണ്.[53] ഇത് വിർഗോ സൂപ്പർക്ലസ്റ്ററിലെ ക്രേറ്റർ ക്ലൗഡ് എന്ന ഗ്രൂപ്പിലെ അംഗമാണ്.[54]
സൂര്യനിൽ നിന്നും 6 ബില്യൻ പ്രകാശവർഷം അകലെയുള്ള ക്വാസാർ ആണ് ആർ എക്സ് ജെ1131. നേരിട്ട് സ്പിൻ അളക്കാൻ കഴിഞ്ഞ ആദ്യത്തെ തമോദ്വാരമായിരുന്നു ഈ ക്വാസാറിന്റെ നടുവിലുള്ളത്.[55] ജി ആർ ബി 011211 എന്ന ഗാമാ റേ വിസ്ഫോടനം 2001 ഡിസംബർ 11നായിരുന്നു നിരീക്ഷിച്ചത്. ഇതുവരെ നിരീക്ഷിക്കപ്പെട്ടതിൽ ഏറ്റവും ദൈർഘ്യമേറിയ സ്ഫോടനമായിരുന്നു 270 മിനിറ്റ് നീണ്ടുനിന്ന ഈ പൊട്ടിത്തെറി. ബെപ്പോസാക്സ് എന്ന ഉപഗ്രഹമായിരുന്നു ഇത് നിരീക്ഷിച്ചത്.[56] 2003 മാർച്ച് 23ന് നിരീക്ഷിച്ച ജി ആർ ബി 030323 എന്ന സ്ഫോടനത്തിന്റെ സമയം 26 സെക്കന്റ് ആയിരുന്നു.[57]
ഈറ്റ ക്രാറ്റെറിഡ്സ് വളരെ മങ്ങിയ ഉൽക്കാവർഷമാണ്. ജനുവരി 11 മുതൽ 22 വരെയാണ് ഇതിന്റെ സമയം. ജനുവരി 16, 17 ദിവസങ്ങളാണ് പീക്ക് സമയം.[58]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.