From Wikipedia, the free encyclopedia
മനുഷ്യസാഹോദര്യത്തിനും സാന്മാർഗ്ഗിക മൂല്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പുരാതനമായ ഒരു ആഗോളസാഹോദര്യമാണ് ഫ്രീമേസണ്മാർ. ആധുനികരൂപത്തിൽ ഈ സമൂഹത്തിന്റെ ഉല്പത്തി 16-17 നൂറ്റാണ്ടുകളിലാണെന്നു കരുതപ്പെടുന്നെങ്കിലും അതിന്റെ സാഹചര്യങ്ങൾ വ്യക്തമല്ല. ഒരു മതപ്രസ്ഥാനമല്ലെങ്കിലും, മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള ഇവരുടെ ബോദ്ധ്യം, എല്ലാവരേയും പരിപാലിക്കുന്ന ഒരു പരമശക്തിയിലുള്ള വിശ്വാസത്തെ ആധാരമാക്കിയുള്ളതാണ്. മദ്ധ്യയുഗങ്ങളിൽ ഭദ്രാസനപ്പള്ളികളുടേയും മറ്റും നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കല്പണിക്കാരുടെ സംഘങ്ങളിലാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം എന്ന ഊഹിക്കപ്പെടുന്നു.[1] ഫ്രീമേസൺ സമൂഹത്തിലെ പ്രവേശനച്ചടങ്ങ് (initiation) കല്പണിവിദ്യയിലെ മുറകളും ഉപകരണങ്ങളും പ്രതീകരൂപത്തിൽ ഉപയോഗിക്കുന്ന ഒരു അനുഷ്ഠാനനാടകത്തിന്റെ (ritual drama) രൂപത്തിലാണ്.[2]
ഇപ്പോൾ ലോകമെമ്പാടുമായി 60 ലക്ഷത്തോളം അംഗസംഖ്യയുള്ളതായി കണക്കാക്കപ്പെടുന്ന ഈ പ്രസ്ഥാനത്തിന്, വ്യവസ്ഥാപിത ധാർമ്മികതകളേയും ലോകവ്യവസ്ഥയെ തന്നെയും തകിടം മറിക്കാൻ ഒരു നിഗൂഢപദ്ധതിയനുസരിച്ചു പ്രവർത്തിക്കുന്ന കൂട്ടായ്മ എന്ന ദുഷ്കീർത്തിയുണ്ട്. എന്നാൽ ഇമ്മാതിരി ആരോപണങ്ങളെ നിഷേധിക്കുന്ന ഫ്രീമേസന്മാർ, തങ്ങൾ 'മേസണികരഹസ്യങ്ങൾ' പരിപാലിക്കുന്നതായി സമ്മതിക്കുന്നെങ്കിലും ഫ്രീമേസണ്മാർക്കു രഹസ്യപദ്ധതികളൊന്നുമില്ലെന്നു വാദിക്കുന്നു. [3]
ഫ്രീമേസൺ സാഹോദര്യത്തിന്റെ ഭരണപരമായ ഘടന "മഹാ-ലോഡ്ജുകൾ" (Grand Lodges) അല്ലെങ്കിൽ 'ഓറിയന്റുകൾ' എന്നറിയപ്പെടുന്ന പ്രാദേശികഘടകങ്ങൾ ചേർന്നതാണ്. ഇവയോരോന്നും, കീഴേയുള്ള ഉപഘടകങ്ങളെ നിയന്ത്രിക്കുകയും സ്വന്തം പ്രദേശസീമയിൽ അധികാരം ചെലുത്തുകയും ചെയ്യുന്നു. മഹാലോഡ്ജുകൾ പരസ്പരം അംഗീകരിക്കുന്നവയോ അംഗീകരിക്കാത്തവയോ ആകാം. ഫ്രീമേസൺ സാഹോദര്യത്തിലെ വിശ്വാസപ്രമാണങ്ങൾ 'നാഴികക്കല്ലുകൾ' (landmarks) എന്നറിയപ്പെടുന്നു. നാഴികക്കല്ലുകളുടെ കാര്യത്തിൽ പൊരുത്തമുള്ള ലോഡ്ജുകൾ പരസ്പരം അംഗീകരിക്കുമ്പോൾ പൊരുത്തക്കേടുള്ളവ ഒന്നൊന്നിനെ 'വഴിപിഴച്ചവയോ' (irregular) 'നിഗൂഢങ്ങളോ" (clandestine) ആയി കണക്കാക്കുന്നു. ഫ്രീമേസൺ സാഹോദര്യത്തിന്റെ മുഖ്യധാരയുമായി ബന്ധപ്പെട്ട അനുബന്ധസംഘടനകളുമുണ്ട്. അവയ്ക്കു സ്വതന്ത്രമായ ഭരണസംവിധാനമാണുള്ളത്.
പതിനെട്ടാം നൂറ്റാണ്ടിൽ സ്കോട്ട്ലണ്ടുകാരൻ ജെയിംസ് ആൻഡേഴ്സൺ എഴുതിയ മേസണികതയുടെ 'ഭരണഘടന'-യിലെ അവകാശവാദം പിന്തുടർന്നാൽ, മേസണികസാഹോദര്യത്തിന്റെ ആദിമചരിത്രം ലോകചരിത്രത്തോളം പഴക്കമുള്ളതാണ്. ഇതനുസരിച്ച്, ആദിശില്പിയായ സ്രഷ്ടാവു തന്നെയാണ് ഫ്രീമേസൺ സമൂഹത്തിന്റെ സ്ഥാപകൻ; നോഹയുടെ പേടകവും, ബാബേലിലെ ഗോപുരവും, ഈജിപ്തിലെ പിരമിഡുകളും, യെരുശലേമിൽ സോളമന്റെ ദേവാലയവും നിർമ്മിച്ച ആദിമമേസണ്മാരുടെ പൈതൃകം ആധുനികകാലത്തെ മേസൺസാഹോദര്യത്തിന് അവകാശപ്പെട്ടതുമാണ്.[4]
ആദിമചരിത്രത്തെക്കുറിച്ചുള്ള ഈ അവകാശവാദങ്ങൾ മാറ്റിനിർത്തിയാൽ, മേസണികതയുടെ അറിയപ്പെടുന്ന ചരിത്രം മൂന്നു ഘട്ടങ്ങൾ ചേരുന്നതാണ്. മദ്ധ്യയുഗങ്ങളിൽ കല്പണിക്കാർ സംഘടിച്ചുണ്ടാക്കിയ തൊഴിൽസാഹോദര്യങ്ങളായ ലോഡ്ജുകളുടെ വികാസത്തിന്റേതാണ് ആദ്യഘട്ടം. മേസൺസാഹിത്യത്തിലെ ഏറ്റവും പുരാതനപാഠമായി കരുതപ്പെടുന്ന 1390-ലെ "റീജിയസ് കവിത" (Regius Poem) എന്ന കൈയെഴുത്തുപ്രതി ഈ പ്രാരംഭഘട്ടത്തെ സൂചിപ്പിക്കുന്നു. കല്പണിക്കലയുടെ ചരിത്രവിവരണത്തോടെ തുടങ്ങുന്ന കവിത, ക്ഷേത്രഗണിതജ്ഞനായ യൂക്ലിഡിൽ ആരംഭിച്ച കല്പണിവിദ്യ വിവിധനാടുകളിൽ പ്രചരിച്ച് ഒടുവിൽ ഇംഗ്ലണ്ടിൽ എത്തിയതായി പറയുന്നു. തുടർന്ന് കവിതയിൽ, മുഖ്യമേസണ്മാരുടെ (Master Masons) തൊഴിൽപരവും ധാർമ്മികവുമായി പെരുമാറ്റം ചിട്ടപ്പെടുത്തുന്ന 15 അനുശാസനങ്ങളാണ്: കള്ളന്മാർക്ക് അഭയം കൊടുക്കരുത്, കൈക്കൂലി വാങ്ങരുത്, പതിവായി പള്ളിയിൽ പോകണം, കീഴ്പ്പണിക്കാരെ രാത്രിയിൽ ജോലിചെയ്യിക്കരുത്, പരിശീലിപ്പിക്കുന്നവരെ നന്നായി പഠിപ്പിക്കണം, തീർക്കാനാകാത്ത പണികൾ ഏറ്റെടുക്കരുത് തുടങ്ങിയവ ആ അനുശാസനങ്ങളിൽ പെടുന്നു.[6]
ചരിത്രത്തിന്റെ രണ്ടാം ഘട്ടത്തിൽ പണിക്കാരല്ലാതെ കേവലം ചിന്താശീലന്മാരായ 'ധ്യാനി'-മേസന്മാർ (speculative masons) മേസൺലോഡ്ജുകളിൽ അംഗത്ത്വം നേടി. അവസാനഘട്ടത്തിൽ ധ്യാനികൾക്കു മാത്രമായുള്ള മേസൺ ലോഡ്ജുകളും അവയെ നിയന്ത്രിക്കുന്ന മഹാലോഡ്ജുകളും രൂപം കൊണ്ടു. ആദ്യത്തെ മഹാലോഡ്ജ് ലണ്ടണിൽ രൂപപ്പെട്ടത് ഈ പ്രക്രിയയിലെ നിർണ്ണായകസംഭവമായി പൊതുവേ പരിഗണിക്കപ്പെടുന്നു. 1717 ജൂൺ 24-നാണ് അതു സംഭവിച്ചത്. നഗരത്തിൽ മുന്നേയുണ്ടായിരുന്ന നാലു ലോഡ്ജുകൾ അന്ന് അത്താഴവിരുന്നിന് "ഗൂസ് ആൻഡ് ഗ്രിദിരോൺ" എന്ന മദ്യവില്പനശാലയിൽ ഒത്തുകൂടി ചരിത്രത്തിലെ ആദ്യത്തെ മാഹാലോഡിജിനു രൂപം കൊടുത്തു.[5]
1734-ൽ ഇംഗ്ലണ്ടിൽ നിന്നു ഫ്രാൻസിലെത്തിയ ജാക്കോബിയ അഭയാർത്ഥികൾ പാരിസിൽ ആരംഭിച്ച ആദ്യലോഡ്ജിൽ വിഖ്യാതചിന്തകൻ മൊണ്ടെസ്ക്യൂ അംഗമായി.[7] ഫ്രെഞ്ചു ചിന്തയിലെ ഇംഗ്ലീഷ് സ്വാധീനത്തിന്റെ വഴികളിലൊന്നായിത്തീർന്ന ഈ പ്രസ്ഥാനം ഫ്രെഞ്ചുവിപ്ലവത്തിനു വഴിതെളിച്ച സ്വതന്ത്രചിന്തയെ പ്രോത്സാഹിപ്പിച്ചു. 1738-ൽ ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ ഫ്രീമേസൺ കൂട്ടായ്മയുമായുള്ള ബന്ധം നിരോധിച്ചു കല്പന പുറപ്പെടുവിച്ചെങ്കിലും അതിനു നിയമസാധുത നൽകാൻ ഫ്രെഞ്ചു പാർലമെന്റ് വിസമ്മതിച്ചു. 1789-ൽ ഫ്രഞ്ച് വിപ്ലവം തുടങ്ങുമ്പോൾ പാരിസിൽ മാത്രം 50 മുതൽ നൂറുവരെ അംഗങ്ങൾ വീതമുള്ള 629 ഫ്രീമേസൺ ലോഡ്ജുകൾ ഉണ്ടായിരുന്നു. ഒട്ടേറെ പ്രഭുക്കന്മാരും പുരോഹിതന്മാരും, ഫ്രെഞ്ചു ജ്ഞാനോദയത്തിന്റെ നേതാക്കളിൽ മിക്കവരും അവയിൽ അംഗങ്ങളായിരുന്നു. അതിനിടെ ഫ്രീമേസൺ ലോഡ്ജുകൾ യൂറോപ്പിലെ മിക്കവാറും രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.[8]
വടക്കേ അമേരിക്കയിലെ ബ്രിട്ടീഷ് കോളണികളിലേക്കുള്ള മേസണികതയുടെ 'കയറ്റുമതി' നടന്നത് 1730-കളിൽ ആയിരുന്നു. ഇംഗ്ലണ്ടിലേയും സ്കോട്ട്ലണ്ടിലേയും ലോഡ്ജുകൾ അമേരിക്കയിൽ പുത്രീലോഡ്ജുകൾ ആരംഭിച്ചു. അവയിൽ ആദ്യത്തേത് പെൻസിൽവാനിയ പ്രദേശത്ത് ആയിരുന്നു. അവിടെ ഏതാനും ലോഡ്ജുകൾ പ്രവർത്തിച്ചിരുന്ന കാര്യം സ്വയം ഫ്രീമേസൺ ആയിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[9] അമേരിക്കൻ വിപ്ലവത്തിനു ശേഷം, പുതുതായി രൂപപ്പെട്ട ഐക്യനാടുകളിൽ ഓരോ സംസ്ഥാനത്തും സ്വതന്ത്രലോഡ്ജുകൾ രൂപം കൊണ്ടു. സംസ്ഥാനങ്ങളിലെ ഗ്രാൻഡ് ലോഡ്ജുകൾക്കുപരിയായി ദേശവ്യാപകമായ ഒരു മഹാലോഡ്ജ് രൂപീകരിക്കാനും ഈ ഘട്ടത്തിൽ നിർദ്ദേശമുണ്ടായി. വിർജീനിയ സംസ്ഥാനത്തെ ലോഡ്ജിന്റെ അദ്ധ്യക്ഷനായിരുന്ന ജോർജ്ജ് വാഷിങ്ടണെ അതിന്റെ തലവനാക്കാനായിരുന്നു പദ്ധതി. എന്നാൽ സംസ്ഥാനങ്ങളിലെ ലോഡ്ജുകൾ അവയുടെ സ്വാതന്ത്ര്യം കുറയുന്നത് ഇഷ്ടപ്പെടായ്കയാൻ ഈ പദ്ധതി നടപ്പായില്ല.[10]
ലോകമൊട്ടാകെയായി ഫ്രീമേസൺ സാഹോദര്യത്തിൽ ഇപ്പോൾ അറുപതു ലക്ഷത്തോളം അംഗങ്ങൾ ഉള്ളതായി പറയപ്പെടുന്നു. ഒന്നര ലക്ഷത്തോളം പേർ സ്കോട്ട്ലൻഡ്, അയർലണ്ട് എന്നിവിടങ്ങളിലും, രണ്ടര ലക്ഷത്തോളം പേർ ഇംഗ്ലണ്ടിലും ഇരുപതു ലക്ഷത്തോളം പേർ അമേരിക്കൻ ഐക്യനാടുകളിലും ഫ്രീമേസൺ സാഹോദര്യത്തിലെ അംഗങ്ങളായുണ്ട്. ഈ പ്രസ്ഥാനം അതിന്റെ ചരിത്രത്തിലുടനീളം പ്രമുഖവ്യക്തികളേയും പ്രതിഭാശാലികളേയും ആകർഷിച്ചിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമരാഷ്ട്രപതി ജോർജ് വാഷിംഗ്ടൺ, പ്രസിദ്ധ അമേരിക്കൻ ചിന്തകൻ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ഫ്രെഞ്ചു ദാർശനികൻ വോൾട്ടയർ ഉൾപ്പെടെയുള്ളവർ ഈ സാഹോദര്യത്തിൽ അംഗങ്ങളായിരുന്നു.[11]
തുടക്കം മുതൽ ഈ സാഹോദര്യം പൊതുവേ പുരുഷന്മാർക്കു മാത്രം പ്രവേശനമുള്ളതാണ്. സ്ത്രീകളുടെ അംഗത്വം, ഫ്രീമേസൺ വിശ്വാസസംഹിതയിലെ പുരാതനമായ "നാഴികക്കല്ലുകളുടെ' ലംഘനമായി കരുതപ്പെടുന്നതിനാൽ, മിക്കവാറും പ്രാദേശികഘടകങ്ങൾ, അംഗത്വം പുരുഷന്മാർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.[12] സ്ത്രീകൾക്ക് പതിവുലോഡ്ജുകളിൽ അംഗത്വം നിഷേധിക്കപ്പെട്ടിരിക്കുന്നെങ്കിലും അമേരിക്കയിലും മറ്റും, ഫ്രീമേസൺ കൂട്ടായ്മയുടെ അനുബന്ധസംഘടനകളിൽ പലതിലും സ്ത്രീകൾ സജീവമാണ്. 18-19 നൂറ്റാണ്ടുകളിലെ ഫ്രാൻസിൽ, സ്ത്രീകൾക്ക് അംഗത്വവും അനുഷ്ഠാനപരമായ പങ്കാളിത്തവുമുള്ള 'ദത്തു-ലോഡ്ജുകൾ' (adoption lodges) നടപ്പുണ്ടായിരുന്നു. എന്നാൽ ഈ വിധമുള്ള ദത്തു-ലോഡ്ജുകൾക്ക് പുരുഷന്മാർക്കു മാത്രമായുള്ള സാധാരണ ലോഡ്ജുകളുടെ നില കല്പിക്കപ്പെട്ടിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ മിശ്രമായ സാധാരണ ലോഡ്ജുകളും ഫ്രാൻസിൽ നിലവിലുണ്ട്.
"ദൈവനിഷേധികളായ താന്തോന്നികളേയും മൂഢനിരീശ്വരന്മാരേയും" (Godless libertines and stupid atheists) അകറ്റിനിർത്തുകയും പ്രപഞ്ചവിധാതാവായ മഹാശില്പിയിലുള്ള വിശ്വാസം നിർബ്ബന്ധമാക്കുകയും ചെയ്തെങ്കിലും ഫ്രീമേസണ്മാരുടെ ദൈവശാസ്ത്രം, മതേതരമായ കേവലം ദൈവവാദത്തിൽ (deism) ഒതുങ്ങി നിൽക്കുന്നു. സാമൂഹികവും, അനുഷ്ഠാനപരവുമായ ഒത്തൊരുമയിൽ, പരസ്പരസഹായ പ്രതിജ്ഞയോടെ സംഘടിച്ച് വിശ്വാസസഹിഷ്ണുതയ്ക്കും, രജനീതിയിലെ നവീകരത്തിനും വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന രഹസ്യസാഹോദര്യം എന്ന നിലയാണ് ഈ പ്രസ്ഥാനത്തിനുള്ളത്.[8]
ദൈവവിശ്വാസത്തോടും വ്യവസ്ഥാപിതമതങ്ങളോടുമുള്ള തങ്ങളുടെ സമീപനത്തെ, വടക്കേ അമേരിക്കയിലെ മേസണിക സേവാസംഘടന (Masonic Service Association of North America) ഈ വിധം വിവരിക്കുന്നു: ഒരു മതമോ മതങ്ങൾക്കു പകരമായുള്ള ധാർമ്മികതയോ ആണ് തങ്ങളുടേതെന്നു ഫ്രീമേസണ്മാർ അവകാശപ്പെടുന്നില്ല. എന്നാൽ മേസൺ സാഹോദര്യത്തിലെ അംഗത്വത്തിനുള്ള വ്യവസ്ഥകളിലൊന്ന് പ്രപഞ്ചസ്രഷ്ടാവായ ഏകദൈവത്തിലുള്ള വിശ്വാസമാണ്. അതേസമയം വിവിധങ്ങളായ വ്യവസ്ഥാപിതവിശ്വാസവ്യവസ്ഥകളിൽ ഏതെങ്കിലുമൊന്നിനെ മേസണികത പിന്തുണക്കുന്നില്ല. മനുഷ്യർ പല മാർഗ്ഗങ്ങളിൽ അന്വേഷിക്കുകയും പലവിധത്തിൽ വിവരിക്കുകയും ചെയ്യുന്ന ഒരു ദൈവമുണ്ടെന്ന് ഫ്രീമേസണ്മാർ കരുതുന്നു. "പ്രപഞ്ചത്തിന്റെ മഹാശില്പി" എന്നും മറ്റുമുള്ള മതേതരമായ പദസമുച്ചയങ്ങളാണ് ദൈവത്തെ വിവരിക്കാൻ മേസൺ സാഹോദര്യം ഉപയോഗിക്കുന്നത്. വിവിധ വിശ്വാസധാരകളിൽ പെട്ട മേസണ്മാരെ, മതഭേദങ്ങൾ മറന്ന് ഒത്തൊരുമയോടെ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ സമീപനം സഹായിക്കുന്നു. മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന മേസണ്മാർ, വ്യക്തികളും ദൈവവുമായുള്ള ബന്ധത്തെ സ്വകാര്യവും വിശുദ്ധവുമായി കരുതുന്നു. ദൈവത്തിലുള്ള ആശ്രയം ഏറ്റുപറയാനും ദൈവികമാർഗ്ഗനിദ്ദേശം തേടാനുമായുള്ള പ്രാർത്ഥനകൾ മേസണികാനുഷ്ടാനങ്ങളുടെ ഭാഗമാണ്. ഏതു വിശ്വാസധാര പിന്തുടരുന്നവർക്കും ഫ്രീമേസൺ കൂട്ടായ്മയിൽ അംഗമാകാമെങ്കിലും വിശ്വാസഭേദങ്ങളെക്കുറിച്ചുള്ള ചർച്ച സമ്മേളനങ്ങളിൽ അനുവദിക്കപ്പെട്ടിട്ടില്ല."[13]
ചിട്ടപ്പെടുത്തപ്പെട്ട അനുഷ്ഠാനങ്ങളുടെ അകമ്പടിയോടെയാണ് ഫ്രീമേസൺ സമ്മേളനങ്ങൾ ചേരുന്നത്. എങ്കിലും, എല്ലായിടത്തും നടപ്പുള്ള ഏകീകൃതമായ അനുഷ്ഠാനവിധി എന്നൊന്നില്ല. ഒരോ അധികാരസീമക്കും അതിന്റേതായ അനുഷ്ഠാനങ്ങൾ നിശ്ചയിക്കാൻ അധികാരമുണ്ട്. അധികാരസീമകൾക്കുള്ളിൽ അനുഷ്ഠനപരമായ സമാനത നിലവിലുണ്ടാകും. എല്ലാത്തരം അനുഷ്ഠാനങ്ങളിലും മദ്ധ്യകാലത്തെ കല്പണിവിദ്യയിൽ നടപ്പുണ്ടായിരുന്ന ഉപകരണങ്ങളുടെ പ്രതീകാത്മകമായ ഉപയോഗം കാണാം. മദ്ധ്യകാലത്തെ പണിമേസന്മാരുടെ ഈ ഉപകരണങ്ങളുടെ സഹായത്തോടെ ആധുനികരായ ധ്യാനിമേസണ്മാർ, സാഹോദരസ്നേഹം, നിർവൃതി, സത്യം എന്നിവയെ സംബന്ധിച്ച സന്മാർഗ്ഗപാഠങ്ങൾ അഭ്യസിക്കുന്നു. ഫ്രാൻസിന്റെ പശ്ചാത്തലത്തിൽ ഈ സന്മാർഗ്ഗപാഠങ്ങളുടെ പേരുകൾ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality, Fraternity) എന്നിങ്ങനെയാവുന്നു.
ഫ്രീമേസൺ അനുഷ്ഠാനങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത രണ്ടുപകരണങ്ങൾ മട്ടവും കോമ്പസ്സുമാണ്. ഈ ഉപകരണങ്ങളെ അഭികാമ്യമായ ജീവിതനിഷ്ടകളുടെ മാതൃകകളായി അവതരിപ്പിക്കുക പതിവാണ്: ഉദാഹരണമായി നന്മയുടെ ചത്വരം ഉപയോഗിച്ച് മേസണ്മാർ അവരുടെ കർമ്മങ്ങളെ സമീകരിക്കണമെന്ന പാഠം, കല്പണിയുപകരണമായ മട്ടത്തിൽ നിന്നു പഠിക്കാം എന്നു നിർദ്ദേശിക്കപ്പെടുന്നു. കാമനകളെ സീമിതമാക്കുകയും വികാരങ്ങൾ അതിരുവിടാതെ നോക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയുടെ സൂചകമായി കോമ്പസ്സിനേയും അവതരിപ്പിക്കാം. അതേസമയം, ഫ്രീമേസണ്മാരുടെത് ഒരു സൈദ്ധാന്തിക സാഹോദര്യം അല്ലാത്തതിനാൽ, ഫ്രീമേസൺ പ്രതീകങ്ങളുടെ സന്ദേശത്തിന്റെ കാര്യത്തിൽ, മുഴുവൻ ഫ്രീമേസണ്മാർക്കും പിന്തുടരാൻ ബാദ്ധ്യതയുള്ള പ്രമാണങ്ങളൊന്നുമില്ല.[14]
മേസൺ സന്മാർഗ്ഗപാഠങ്ങളുടെ പ്രബോധനം പ്രതീകാത്മകമായ ക്രിയാവിധികളെ ആശ്രയിച്ചാണ്. പ്രബോധനങ്ങളുടെ രൂപകപശ്ചാത്തലം, സോളമന്റെ യെരുശലേമിലെ ദേവാലയത്തിന്റെ നിർമ്മിതിയാണ്. അവയിൽ ഒരു സന്മാർഗ്ഗവ്യവസ്ഥ അന്യാപദേശങ്ങളുടെ മൂടുപടം അണിഞ്ഞ്, പണിമേസണ്മാരുടെ ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും പ്രതീകരൂപത്തിലുള്ള അകമ്പടിയോടെ പ്രത്യക്ഷപ്പെടുന്നു. പ്രബോധത്തിന്റെ ഘട്ടങ്ങൾ ഓരോന്നിലും മേസണ്മാർ പുരോഗതിയുടെ പടികളിലൂടെ[15] ആത്മജ്ഞാനത്തിലും ആത്മബോധത്തിലും ദൈവാനുഭവത്തിലും മുന്നേറുന്നു. മേസൺ സാഹോദര്യത്തിന്റെ ദാർശനികതലങ്ങൾ ലോഡ്ജുകളിലെ പ്രബോധനങ്ങളിലും അന്വേഷണങ്ങളിലും ചർച്ച ചെയ്യപ്പെടുന്നു. ഫ്രീമേസൺ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളേയും ലക്ഷ്യങ്ങളേയും കുറിച്ച് അന്വേഷിക്കാൻ എല്ലാ മേസണ്മാർക്കും സ്വാതന്ത്ര്യമുണ്ട്. മേസണികജ്ഞാനത്തിന്റെ പടികളിലൂടെയുള്ള മുന്നേറ്റത്തിനായി അത്തരം അന്വേഷങ്ങൾ നടത്താൻ മേസണ്മാർക്ക് ചുമതല തന്നെയുണ്ട്. അതേസമയം, ഏതെങ്കിലും ഒരു വ്യാഖ്യാനം നിർണ്ണായകമല്ല. ആരുടെയെങ്കിലും വ്യാഖ്യാനം മുഴുവൻ സാഹോദര്യത്തിന്റേയും നിശ്ചിതവ്യാഖ്യാനം ആകുന്നുമില്ല.[16]
വ്യവസ്ഥാപിത സംവിധാനങ്ങളെ തകിടം മറിച്ച്, വ്യതിരിക്തമായൊരു ലോകവ്യവസ്ഥയും ധാർമ്മികതയും സ്ഥാപിക്കാനായി രഹസ്യപദ്ധതിയനുസരിച്ചു പ്രവർത്തിക്കുന്ന അപകടകാരികളായ മനുഷ്യരുടെ നിഗൂഢസംഘം എന്ന പേരുദോഷം ഈ പ്രസ്ഥാനത്തെ ചുറ്റിയുണ്ട്. മിക്കവാറും വ്യവസ്ഥാപിതമതങ്ങൾ മേസൺ സാഹോദര്യത്തെ തീവ്രമായ ആശങ്കകളോടെ കാണുന്നു. ചില ക്രിസ്തീയസഭാവിഭാഗങ്ങൾ ഫ്രീമേസൺ സാഹോദര്യത്തോടുള്ള തീവ്രമായ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും ശക്തവും നിരന്തരവുമായ മേസൺവിരോധം പ്രകടിപ്പിച്ചിട്ടുള്ള ക്രിസ്തുമതവിഭാഗം കത്തോലിക്കാസഭയാണ്. ഫ്രീമേസണ്മാരുടെ ദൈവവിശ്വാസം അക്രൈസ്തവമായ കേവലം ദൈവവാദം (deism) മാത്രമാണെന്നതാണ് കത്തോലിക്കാസഭയുടെ വിമർശനത്തിന്റെ കാതൽ. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്മാരായ മാർപ്പാപ്പാമാരിൽ ക്ലെമന്റ് പന്ത്രണ്ടാമൻ മുതൽ ലിയോ പതിമൂന്നാമൻ വരെയുള്ളവർ ഈ പ്രസ്ഥാനത്തെ കാലാകാലങ്ങളിൽ നിശിതമായി വിമർശിക്കുകയും അതിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിശ്വാസികളെ വിലക്കുകയും ചെയ്തിട്ടുണ്ട്.[17] 1917-ലെ കത്തോലിക്കാ കാനൻ നിയമസംഹിത ഫ്രീമേസൺബന്ധത്തെ മതഭ്രഷ്ട് അർഹിക്കുന്ന കുറ്റമാക്കി. മേസൺ സാഹോദര്യത്തെ പിന്തുണയ്ക്കുന്ന പുസ്തകങ്ങൾക്കും കാനൻ നിയമം വിലക്കു കല്പിച്ചു. 1983-ലെ പരിഷ്കരിച്ച കാനൻ നിയമസംഹിതയോടെ ഈ നയം മയപ്പെട്ടതായി ആദ്യം ഊഹം പരന്നിരുന്നു. എന്നാൽ മേസൺ ആശയങ്ങൾ കത്തോലിക്കാ വിശ്വാസവുമായി ചേർന്നുപോകാത്തതിനാൽ ആ സാഹോദര്യത്തിലെ അംഗത്വത്തിനുള്ള വിലക്കു തുടരുന്നെന്നും അംഗങ്ങളാകുന്ന കത്തോലിക്കർ മാരകമായ പാപാവസ്ഥയിൽ ആയതിനാൽ വിശുദ്ധകൂദാശകൾ സ്വീകരിച്ചുകൂടാത്തതാണെന്നും പിന്നീടു വിശദീകരിക്കപ്പെട്ടു. അന്ന് വിശ്വാസസിദ്ധാന്തസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്ന ശേഷം പിന്നീടു ബെനഡിക്ട് 16-ആമൻ എന്ന പേരിൽ മാർപ്പയായിത്തീർന്ന കർദ്ദിനാൾ റാറ്റ്സിഞ്ഞറുടേതായിരുന്നു ആ വിശദീകരണം. വിശ്വാസനിഷേധവുമായി സഖ്യം ചേർന്ന ഫ്രീമേസൺ പ്രസ്ഥാനമാണ്, ഫ്രെഞ്ചു വിപ്ലവത്തിനു വഴിയൊരുക്കിയതെന്നും 1908-ൽ തുർക്കിയിൽ നടന്ന യുവതുർക്കിവിപ്ലവത്തിൽ ഫ്രീമേസണ്മാർ നിർണ്ണായകമായ പങ്കുവഹിച്ചെന്നും കത്തോലിക്കാ വിജ്ഞാനകോശം ചൂണ്ടിക്കാട്ടുന്നു.[17]
പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതയുടെ ഫ്രീമേസൺവിമർശനം, ആ പ്രസ്ഥാനം നിഗൂഢതാവാദത്തേയും(mysticism), ഗുപ്തവിദ്യകളേയും, സാത്താൻഭക്തിയേയും പ്രോത്സാഹിപ്പിക്കുന്നു എന്ന ആശങ്കയെ അടിസ്ഥാനമാക്കിയാണ്. 19-ആം നൂറ്റാണ്ടിൽ സ്വതന്ത്ര മെഥഡിസ്റ്റ് സഭയുടെ സ്ഥാപകനായിരുന്ന ബി.ടി. റോബർട്ട്സ് മേസണികതയുടെ തീവ്രവിമർശകനായിരുന്നു. "ലോഡ്ജിലെ ദൈവം ബൈബിളിലെ ദൈവമല്ല" എന്നായിരുന്നു റോബർട്ട്സിന്റെ നിലപാട്.
ഫ്രീമേസൺ സാഹോദര്യത്തിന്റെ തുടക്കം മുതൽ, ജെഫ്രി ഫിഷൻ മെത്രാപോലീത്തയെപ്പോലെ, ആംഗ്ലിക്കൻ സഭയിലെ മെത്രാന്മാരിൽ പലരും അതിൽ അംഗങ്ങളായിട്ടുണ്ട്.[18] മുൻകാലങ്ങളിൽ ആഗ്ലിക്കൻ സഭാംഗത്വവും ഫ്രീമേസൺ സാഹോദര്യവും തമ്മിൽ ചേരായ്കയൊന്നും ഉള്ളതായി സഭാംഗങ്ങൾ കരുതിയിരുന്നില്ല. എന്നാൽ അംഗ്ലിക്കൻ സഭയിൽ ഇവാഞ്ചെലിക്കൽ പക്ഷം ശക്തി പ്രാപിച്ചതോടെ ഈ സഹിഷ്ണുത മാറിയിട്ടുണ്ട്. ഇപ്പോഴത്തെ ആംഗ്ലിക്കൻ സഭാദ്ധ്യക്ഷൻ റൊവാൻ വില്യംസ് തന്നെ ഫ്രീമേസൺ ആചാരങ്ങളിൽ ചിലതിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും 2003-ൽ, ഫ്രീമേസൺ സാഹോദര്യം ക്രിസ്തീയവിശ്വാസത്തിനു നിരക്കാത്തതാണെന്നു പ്രസ്താവിച്ച അദ്ദേഹം പിന്നീട് അതിന്റെ പേരിൽ ബ്രിട്ടണിലെ ഫ്രീമേസണ്മാരോട് മാപ്പു ചോദിച്ചു.[19]
ഫ്രീമേസൺ വിശ്വാസങ്ങൾ ക്രിസ്തുമതവിരുദ്ധമാണെന്നും അതിലെ പങ്കുപറ്റൽ മതത്യാഗവും കൂദാശകൾ സ്വീകരിക്കുന്നതിനു തടസ്സമാകുന്ന പാപവും ആണെന്നും ഓർത്തഡോക്സ് സഭകളും പഠിപ്പിക്കുന്നു.
ഇസ്ലാമിക നിലപാടിൽ നിന്നുള്ള മേസൺവിമർശനം ജൂതവിരോധവും സയണിസവിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഇസ്ലാമികവിമർശനങ്ങൾ ഫ്രീമേസൺ സാഹോദ്യത്തെ ഇസ്ലാമികസങ്കല്പത്തിലെ അന്ത്യകാലദുഷ്ടമൂർത്തി, ദജ്ജാലുമായി ബന്ധപ്പെടുത്തുന്നു. ലോമകൊട്ടാകെ ജൂതതാപര്യങ്ങളുടെ പ്രോത്സാഹനമാണ് ഫ്രീമേസണ്മാരുടെ ലക്ഷ്യമെന്നും യെരുശലേമിലെ അൽ-അക്സാ പള്ളി നശിപ്പിച്ച് സോളമന്റെ ദേവാലയം പുനർനിർമ്മിക്കാൻ അവർക്കു പദ്ധതിയുണ്ടെന്നും ഇസ്ലാമിലെ മേസൺ-വിമർശകരിൽ ചിലർ കരുതുന്നു. ഇസ്ലാമിക സംഘടനയായ ഹാമാസിന്റെ വിശ്വാസംഹിതയിലെ 28--ആം വകുപ്പ്, ഫ്രീമേസൺ സാഹോദര്യത്തേയും, റോട്ടറി പ്രസ്ഥാനത്തേയും, ജൂതതാത്പര്യങ്ങൾക്കു വേണ്ടി സയണിസ്റ്റുകളുടെ മാർഗ്ഗനിർദ്ദേശമനുസരിച്ചു പ്രവർത്തിക്കുന്ന സംഘടനകളെന്നു വിശേഷിപ്പിക്കുന്നു. പല മുസ്ലിം രാഷ്ട്രങ്ങളിലും ഫ്രീമേസൺ പ്രവർത്തനം നിരോധിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും തുർക്കി, മൊറോക്കോ എന്നിവിടങ്ങളിൽ മഹാലോഡ്ജുകൾ പ്രവർത്തിക്കുന്നുണ്ട്.
തങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനമില്ലാത്തതാണെന്നു ഫ്രീമേസണ്മാർ വാദിക്കുന്നു. ഫ്രീമേസൺ സാഹോദര്യത്തിലെ അംഗങ്ങൾ, അപക്വമതികൾക്കു പകർന്നു കൊടുത്തുകൂടാത്ത മസോണികതയുടെ വിശുദ്ധരഹസ്യങ്ങൾ സൂക്ഷിക്കുന്നെങ്കിലും അവർക്ക് രഹസ്യപദ്ധതികളൊന്നുമില്ലെന്നാണ് അവരുടെ വിശദീകരണം. രഹസ്യസംഘം (secret society) എന്നതല്ല, പ്രവർത്തനത്തിന്റെ ചില ഘടകങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്ന 'ഉത്കൃഷ്ടസംഘം' (esoteric society) എന്ന വിശേഷണമാണു തങ്ങളുടെ പ്രസ്ഥാനത്തിനു ചേരുകയെന്നു ഫ്രീമേസണ്മാർ വാദിക്കുന്നു.[15] കൂടുതൽ തുറവിയോടു കൂടി പ്രവർത്തിക്കാനുള്ള ഇരുപതാം നൂറ്റാണ്ടിലെ ശ്രമം ഫ്രീമേസൺ കൂട്ടായ്മയെ 'രഹസ്യസംഘം' അല്ലാതാക്കിയെങ്കിലും അത് "രഹസ്യങ്ങളുടെ സംഘം" (society of secrets) ആയി തുടരുന്നു എന്ന നിരീക്ഷണം ഈ പ്രസ്ഥാനത്തോടുള്ള ഇന്നത്തെ സാമാന്യസമീപനത്തെ പ്രതിഫലിപ്പിക്കുന്നു.[20]ഫ്രീമേസണ്മാർ പരപ്സരം തിരിച്ചറിയാൻ ഉപയോഗിക്കുന്ന വഴികളും അവരുടെ അനുഷ്ഠാനമുറയിലെ ചില ഘടകങ്ങളും ഇന്നും ഗോപ്യമായി തുടരുന്നു.[21]
ആധുനികകാലത്ത് ഇംഗ്ലണ്ടിൽ വികസിച്ച മേസൺ സാഹോദര്യം, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയിൽ താമസിയാതെ എത്തി. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഫ്രീമേസൺ ലോഡ്ജുകൾ പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ തുടങ്ങി. ഇന്ത്യയിലെ ആദ്യ ഫ്രീമേസൺ ലോഡ്ജ് 1730-ൽ കൽക്കത്തയിൽ തുടങ്ങി. 1752-ൽ മദ്രാസിലും, 1758-ൽ ബോംബെയിലും, 1786-ൽ പഞ്ചാബിലും ലോഡ്ജുകൾ തുടങ്ങി. തിരുച്ചിറപ്പള്ളിയിലെ ലോഡ്ജ് 1765-ൽ തുടങ്ങി.[22]
1806 ൽ കേരളത്തിലെ ആദ്യ ഫ്രീ മേസൺ ലോഡ്ജ് ട്രാവൻകൂർ യൂണിയൻ എന്ന പേരിൽ കൊല്ലത്തു സ്ഥാപിക്കപ്പെട്ടു. 1822 ൽ ഹൈബേർണിയ ആൻഡ് യൂണിയൻ എന്ന പേരിൽ കൊല്ലത്തു തന്നെ മറ്റൊരു ലോഡ്ജും തുടങ്ങി. ഇക്കാലത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അധിക വിവരങ്ങൾ ലഭ്യമല്ല. 1837--ൽ പ്രവർത്തന രഹിതമായതായി കരുതപ്പെടുന്നു. പിന്നീട് കണ്ണൂരും 1886 ൽ കോഴിക്കോടും കൊച്ചിയിലും പ്രവർത്തിച്ചു വരുന്നു. 1941 മുതൽ കൊല്ലത്ത് സംഘം സജീവമാണ്. ഇപ്പോഴും ക്രൗതർ മസോണിക് ഹാളിൽ സംഘടന പ്രവർത്തിക്കുന്നുണ്ട്[23].
ഇന്ത്യയിലെ ഫ്രീ മേസൺമാരുടെ വെബ്സൈറ്റ് Archived 2012-09-21 at the Wayback Machine.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.