മലയാളം ചലച്ചിത്ര സംവിധായകൻ From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് ജോൺ എബ്രഹാം (ഓഗസ്റ്റ് 11, 1937 - മേയ് 31, 1987). തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോൺ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.
ജോൺ എബ്രഹാം | |
---|---|
ജനനം | |
മരണം | 31 മേയ് 1987 49) | (പ്രായം
തൊഴിൽ | ചലച്ചിത്രസംവിധായകൻ തിരക്കഥാകൃത്ത് |
കുറിപ്പുകൾ | |
"ലോകസിനിമയിലെ ഒരു അത്ഭുതം" - അടൂർ ഭാസി |
ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനനം.[1] ചങ്ങനാശ്ശേരിക്ക് സമീപമുള്ള കുട്ടനാട്ടിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് കോട്ടയം സി.എം.എസ് സ്കൂളിലും ബോസ്റ്റൺ സ്കൂളിലും എം.ഡി സെമിനാരി സ്കൂളിലുമായി ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തീകരിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ദർവാസ് യൂണിവേഴ്സിറ്റിയിൽ രാഷ്ട്ര മീമാംസയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല. 1962-ൽ കോയമ്പത്തൂരിലെ എൽ.ഐ.സി ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തു .എന്നാൽ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വർഷത്തിന് ശേഷം ജോലി രാജി വച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സ്വർണ്ണമെഡലോടു കൂടി സംവിധാനത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയ ഇദ്ദേഹം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു.
ഋത്വിക് ഘട്ടക് ജോണിന്റെ സിനിമകളെ ആഴത്തിൽ സ്വാധീനിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുൻപ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ഉസ്കി റൊട്ടി (1969) എന്ന സിനിമയിൽ സഹായിയായി പ്രവർത്തിച്ചു. ഈ ചിത്രത്തിൽ ജോൺ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു.
1972-ൽ നിർമ്മിച്ച വിദ്യാർത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടർന്നുവന്ന 1977-ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986-ലെ അമ്മ അറിയാൻ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യൻ സിനിമയിൽ അവിസ്മരണീയനാക്കി. വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിർത്തി.'അഗ്രഹാരത്തിലെ കഴുത' യെന്ന ചിത്രത്തിനെതിരേ ഒരു വിഭാഗം ശക്തമായ പ്രതിഷേധത്തോടെ രംഗത്തിറങ്ങി. അഗ്രഹാരത്തിലേക്കു ജോൺ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ മേധാവിത്വത്തിന് എതിരേയുള്ള വെല്ലുവിളിയോടെയായിരുന്നു. 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ' ഫ്യൂഡൽ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും ജോൺ വരച്ചുകാട്ടി. ചിത്രത്തിൽ ഒരു ഭൂപ്രഭുവിനെ ജോൺ തെങ്ങിൻമുകളിലേക്കു കയറ്റിയതു ഒട്ടേറെ അർഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്ത നക്സലിസത്തിന്റെ അനന്തരഫലമായിരുന്നു 'അമ്മ അറിയാൻ' എന്ന ചലച്ചിത്രം.[2]
സാധാരണക്കാരന്റെ സിനിമ എന്നും ജോൺ എബ്രഹാമിന്റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ നിർമ്മിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി. ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് അമ്മ അറിയാൻ നിർമ്മിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്ത്, “ജനങ്ങളുടെ സിനിമ” എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെട്ടു.
ഒരേ സമയം സിനിമ തന്റെ ഏറ്റവും വലിയ ദൗർബല്യവും തന്റെ ഏറ്റവും വലിയ ശക്തിയും ആണെന്നു ജോൺ എപ്പോഴും വിശ്വസിച്ചിരുന്നു. സിനിമയിലെ ഒരു ഒറ്റയാൻ ആയിരുന്ന ജോൺ എബ്രഹാം തന്റെ സിനിമാജീവിതത്തെക്കുറിച്ച് വിലയിരുത്തിയിരുന്നതിങ്ങനെയാണ് :
“ | ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട്. | ” |
കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന് അതുപോലെ തന്നെ സുഹൃത്തുക്കളും ലഹരിയും ജീവശ്വാസമായിരുന്നു.[2] 50-ആമത്തെ വയസ്സിൽ, 1987 മേയ് 31-ന് കോഴിക്കോട്ട് വച്ച് ഒരു ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് ജോൺ അന്തരിച്ചു. 'ജനകീയ സിനിമയുടെ പിതാവ് ' എന്ന് ചലച്ചിത്ര-മാധ്യമ ലോകം ജോൺ എബ്രഹാമിനെ വിശേഷിപ്പിക്കാറുണ്ട്.[1] ഡോകടർമാരുടെ അനാസ്ഥമൂലമാണ് ജോൺ അബ്രഹാം മരണപ്പെട്ടത് എന്ന് പ്രമുഖ ചികിത്സകനും അക്കാലത്ത് കോഴിക്കോട് മെഡിക്കൾ കോളേജിലെ ന്യൂറോസർജനുമായിരുന്ന ഡോ. ബി.ഇഖ്ബാൽ കുറിക്കുന്നു. ആന്തരിക രതസ്രാവം കാരണമാവാം അദ്ദേഹം മരണപ്പെട്ടത് എന്നും ഇതു ആദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജോണിനെ രക്ഷപ്പെടുത്താമായിരുന്നെന്നും ഇഖ്ബാൽ അഭിപ്രായപ്പെടുന്നു.[അവലംബം ആവശ്യമാണ്]
അഗ്രഹാരത്തിൽ കഴുതൈ (തമിഴ്)- സംവിധായകനുള്ള സംസ്ഥാന അവാർഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും , ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ -സംവിധാനത്തിനുള്ള പ്രത്യേക അവാർഡ് , അമ്മ അറിയാൻ- ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് .
നിരവധി ചെറുകഥകൾ ജോൺ രചിച്ചിട്ടുണ്ട്. "കോട്ടയത്ത് എത്ര മത്തായിമാർ" എന്നത് പ്രശസ്തമായ ഒരു കഥയാണ്. അദ്ദേഹത്തിന്റെ കഥകൾ നേർച്ചക്കോഴി(1986), ജോൺ എബ്രഹാം കഥകൾ(1993) എന്നീ പേരുകളിൽ പുറത്തിറങ്ങിയിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.