മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1986 ൽ ജോൺ അബ്രഹാമിന്റെ സംവിധാനത്തിൽ മലയാളത്തിലിറങ്ങിയ ഒരു ചലച്ചിത്രമാണ് അമ്മ അറിയാൻ[1]. ഒരു നക്സ്ലൈറ്റ് യുവാവിന്റെ മരണത്തെ തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡോക്യുമെന്ററി ശൈലിയിലുള്ള ഒരു ചിത്രമാണിത്. ഭാവനയേയും സംഭവങ്ങളേയും ഇഴചേർക്കുന്ന സങ്കേതത്തിന്റെ ഭാഗമായിട്ടാവണം, അക്കാലത്ത് കേരളത്തിൽ നടന്ന ചില ഇടതുപക്ഷ രാഷ്ട്രീയസമരങ്ങളുടെ ശരിക്കുള്ള ദൃശ്യങ്ങളും സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്.
അമ്മ അറിയാൻ | |
---|---|
സംവിധാനം | ജോൺ അബ്രഹാം |
രചന | ജോൺ അബ്രഹാം |
അഭിനേതാക്കൾ | ജോയ് മാത്യു, മജി വെങ്കിടേഷ് |
സംഗീതം | സുനിത |
റിലീസിങ് തീയതി | 1986 |
ഭാഷ | മലയാളം |
സമയദൈർഘ്യം | 115 മിനുട്ട് |
ഒരു സങ്കീർണ്ണ ചലച്ചിത്രമായാണ് അമ്മ അറിയാൻ പരിഗണിക്കപ്പെടുന്നത്. 1986-ൽ പുറത്തിറങ്ങിയതു മുതൽ ചിത്രത്തിന്റെ ലളിതമായ കഥയ്ക്കുമേൽ നിരവധി അർത്ഥതലങ്ങളുള്ള കഥയായിട്ടാണ് സമയാസമയങ്ങളിൽ നിരൂപകർ ഈ ചിത്രത്തെ വായിച്ചത്.
ഈ ചിത്രത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉജ്ജ്വലവും അതോടൊപ്പം ചിത്രത്തിലെ തന്നെ കഥപോലെ ലളിതവുമാണ്. ജോൺ അബ്രഹാമിന്റെ ഒരു കൂട്ടം സുഹൃത്തുക്കൾ "ജനങ്ങളുടെ ചലച്ചിത്രം" നിർമ്മിക്കണമെന്ന് ആശിച്ചുകൊണ്ട് "ഒഡേസ കളക്ടീവ്" എന്ന ഒരു സംരംഭത്തിന് രൂപം നൽകുന്നു. പൊതു ജനങ്ങളുടെ പങ്കാളിത്തത്തിൽ വിപണിശക്തികളുടെ ഇടപെടലുകളില്ലാതെ നല്ല ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിക്കണമെന്നതായിരുന്നു ഈ സംരംഭത്തിന്റെ ഉദ്ദേശ്യം.
ഗ്രാമഗ്രാമാന്തരങ്ങളിലൂടെ വീടുകളായ വീടുകൾ കയറിയിറങ്ങിയും പാട്ടുപാടിയും സ്കിറ്റുകളും തെരുവ് നാടകങ്ങളുമവതരിപ്പിച്ചും 'ജനങ്ങളുടെ ചലച്ചിത്രത്തിനായി' സംഭാവന അഭ്യർത്ഥിച്ച് ശേഖരിക്കപ്പെട്ട പണത്തിലൂടെയാണ് ഈ ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയത്.[2] ഒഡീസ്സയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തേതുമായ ഈ ചിത്രം പരമ്പരാഗത ചലച്ചിത്രനിർമ്മാണരീതിയെ തിരുത്തിയെഴുതി.
പുരുഷൻ (ജോയ് മാത്യു) ഗവേഷണത്തിനായി ഡൽഹിയിലേക്ക് യാത്രതിരിക്കുന്നു. താൻ എവിടെയണെങ്കിലും കത്തയക്കും എന്ന് അമ്മയോട് വാഗ്ദാനം ചെയ്താണ് അദ്ദേഹത്തിന്റെ യാത്ര. പുരുഷൻ തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് ഈ ചിത്രത്തിലെ കഥ. യാത്രക്കിടയിൽ പുരുഷൻ ഒരു മൃതശരീരം കാണുകയും, അതു തന്റെ സുഹൃത്തായ ഹരിയുടെതാണെന്ന് (ഹരിനാരായണൻ) തിരിച്ചറിയുകയുമാണ്.
ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നതിനായി അവരുടെ വീട്ടിൽ പോകാൻ പുരുഷൻ തീരുമാനിക്കുന്നു. യാത്രാമദ്ധ്യേ ഹരിയുടെ സുഹൃത്തുക്കളെ പുരുഷൻ കണ്ടുമുട്ടുന്നുണ്ട്. സുഹൃത്തുക്കൾക്ക് തന്നെകുറിച്ചുള്ള പരസ്പരമേറ്റുമുട്ടുന്ന ഓർമ്മകളുടെ ചുരുൾനിവർത്തുകയാണ് ഹരിയെന്ന കഥാപാത്രം. പുരുഷന്റെ കൂടെ ഈ സുഹൃത്തുക്കളും ഹരിയുടെ വീട്ടിലേക്ക് യാത്രയാവുന്നു. പുറപ്പെടുമ്പോൾ ചെറിയ സംഘമായിരുന്ന ഇവർ ഹരിയുടെ വീട്ടിലെത്തുമ്പോൾ യുവാക്കളുടെ ഒരു വൻകൂട്ടമായി മാറിയിരുന്നു. അവർ ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുകയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.