Remove ads
From Wikipedia, the free encyclopedia
കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ താലൂക്കിൽ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം (കന്നഡ:ಕೊಲ್ಲೂರು ಮೂಕಾಂಬಿಕಾದೇವಿ ದೇವಸ್ಥಾನ). മൂകാംബിക എന്നറിയപ്പെടുന്ന ഭഗവതിക്ക് സമർപ്പിച്ചിരിയ്ക്കുന്ന ഒരു മഹാക്ഷേത്രമാണിത്. കുടജാദ്രി മലകളുടെ താഴ്വരയിൽ ആണ് ഈ ക്ഷേത്രം. ലോകമെമ്പാടുമുള്ള ഭഗവതി ഭക്തരുടെയും ശക്തി ഉപാസകരുടെയും ഒരു പുണ്യകേന്ദ്രം കൂടിയാണ് ഇവിടം. എല്ലാ ജാതിമതസ്ഥർക്കും ഇവിടെ ദർശനം അനുവദനീയമാണ്. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ സാക്ഷാൽ ആദിപരാശക്തി "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നി മൂന്ന് ഭാവങ്ങളുടെ ഐക്യരൂപിണിയായി മൂകാംബിക എന്ന പേരിൽ ഇവിടെ ആരാധിയ്ക്കപ്പെടുന്നു. എന്നാൽ, ഇവിടെ മൂന്നു രീതിയിലുള്ള പ്രത്യേക പൂജയില്ല. എല്ലാ പൂജകളും ഈ മൂന്നു സങ്കല്പങ്ങളെയും ചേർത്തുള്ളതാണ്. ശ്രീചക്രപീഠത്തിൽ ഭഗവതിയോടൊപ്പം ത്രിമൂർത്തിസാന്നിധ്യം ഉൾക്കൊള്ളുന്ന ശിവലിംഗം കൂടിയുള്ളതിനാൽ ശിവശക്തി-ത്രിമൂർത്തി ഐക്യരൂപത്തിലാണ് പ്രതിഷ്ഠ. ആദിപരാശക്തിയുടെ വാസസ്ഥാനം എന്ന് കരുതപ്പെടുന്ന ശ്രീചക്രപ്രതിഷ്ഠയ്ക്ക് ഇവിടെ അതീവപ്രാധാന്യമുണ്ട്. വടക്ക് ഗോകർണം മുതൽ തെക്ക് കന്യാകുമാരി വരെ കിടന്നിരുന്ന പുരാതന കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിയ്ക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് മൂകാംബിക എന്ന് സങ്കല്പമുണ്ട്. അതിനാൽ മലയാളികൾ ധാരാളമായി ദർശനം നടത്തുന്ന ക്ഷേത്രമാണിത്. നിലവിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ നല്ലൊരു ശതമാനവും കേരളത്തിൽ നിന്നാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു. ഇവിടെ എന്നും മലയാളികളുടെ പ്രവാഹമാണ്. എന്നെങ്കിലും മലയാളികൾ വരാതായാൽ പരാശക്തി കേരളത്തിലേയ്ക്ക് പോകും എന്നൊരു വിശ്വാസമുണ്ട്.
കൊല്ലൂർ മൂകാംബികാക്ഷേത്രം | |
---|---|
ಕೊಲ್ಲೂರು ಮೂಕಾಂಬಿಕಾ ದೇವಸ್ಥಾನ | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | കൊല്ലൂർ |
നിർദ്ദേശാങ്കം | 13.8638°N 74.8145°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ശ്രീ മൂകാംബിക (മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഐക്യരൂപിണി) |
ആഘോഷങ്ങൾ | രഥോത്സവം, നവരാത്രി, വിജയദശമി |
ജില്ല | ഉഡുപ്പി |
സംസ്ഥാനം | കർണാടക |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | ഹാലുഗല്ലു വീര സംഗയ്യ മഹാരാജാവ് |
പൂർത്തിയാക്കിയ വർഷം | ~800 എ.ഡി |
ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. [1] ഭഗവതീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലും, ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്. മീനമാസത്തിലെ കൊടിയേറ്റുത്സവവും അതിനോടനുബന്ധിച്ചുള്ള മഹാരഥോത്സവവും ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന "നവരാത്രി-വിജയദശമി ഉത്സവവും "വിദ്യാരംഭവും" ഇവിടെ പ്രധാനമാണ്. കൂടാതെ യുഗാദി, ശിവരാത്രി, ദേവീജന്മാഷ്ടമി, ദീപാവലി തുടങ്ങിയ ദിവസങ്ങളും വിശേഷങ്ങളാണ്. കർണാടക സർക്കാരിന് കീഴിലുള്ള ഹിന്ദുമത സാംസ്കാരികസ്ഥാപനത്തിന് കീഴിലാണ് ഈ മഹാക്ഷേത്രം.
ശിവശക്തി ഐക്യരൂപത്തിലാണ് മൂകാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് ഇവിടെ ഭഗവതിയെ ഇന്ന് കാണുന്ന രീതിയിൽ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്ന് കരുതപ്പെടുന്നു. ശ്രീചക്രത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ജ്യോതിർലിംഗവും അതോടൊപ്പമുള്ള ശങ്കരാചാര്യരാൽ പ്രതിഷ്ഠിയ്ക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന സിംഹവാഹനയായ മൂകാംബികാദേവിയുടെ പഞ്ചലോഹവിഗ്രഹവുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. മുകളിൽ ഒരു സ്വർണ്ണരേഖയുള്ള മേല്പറഞ്ഞ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്, വിഷ്ണു, മഹാദേവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് പരാശക്തിയുടെ മൂന്ന് ഭാവങ്ങളായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. മേൽപ്പറഞ്ഞ സ്വർണ്ണരേഖ തുല്യമായിട്ടല്ല ശിവലിംഗത്തെ പകുത്തിരിയ്ക്കുന്നത്, മറിച്ച് അല്പം വലത്തോട്ട് മാറിയാണ്. ത്രിമൂർത്തികളെ പ്രതിനിധീകരിയ്ക്കുന്ന വലതുഭാഗത്തിന് തന്മൂലം വലുപ്പം കുറവാണ്. ഇതുമൂലമാണ് ഇവിടെ ദേവീസാന്നിദ്ധ്യത്തിന് കൂടുതൽ പ്രാധാന്യം വന്നതും. എങ്കിലും ത്രിമൂർത്തികളെ, അവരിൽത്തന്നെ പ്രധാനമായും ശിവനെ ഒട്ടും പ്രാധാന്യം കുറവില്ലാതെ കണ്ടുവരാറുണ്ട്. ശംഖ്, ചക്രം, വരം, അഭയം എന്നി മുദ്രകളിഞ്ഞ ചതുർബാഹുവായ രൂപമാണ് മൂകാംബികാദേവിയുടെ പ്രതിഷ്ഠ. സിംഹാസനസ്ഥയായ രാജ്ഞിയുടെ ഭാവമാണ് ശ്രീചക്രത്തിൽ കുടിയിരിക്കുന്ന ഭഗവതിയ്ക്ക്. കോലാപുരേശിയായ മഹാലക്ഷ്മിയായും മൂകാംബിക ആരാധിയ്ക്കപ്പെടുന്നു. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ വിദ്യാഭഗവതിയായ സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയുമുണ്ട്. കലോപാസകരുടെ കേന്ദ്രമാണ് ഈ സരസ്വതി മണ്ഡപം എന്ന് പറയാം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി മറ്റൊരു ചെറിയ ക്ഷേത്രം കാണാം. ഇവിടെ ചാമുണ്ഡിയാണ് പ്രതിഷ്ഠ. ചൗഡേശ്വരി എന്ന പേരിലാണ് ഈ ദേവി അറിയപ്പെടുന്നത്. ഇങ്ങനെ മൂന്ന് രൂപങ്ങളിൽ ദേവിയ്ക്ക് ഇവിടെ പ്രതിഷ്ഠകളുണ്ട്. ഇതെല്ലാം ചേർന്നതാണ് മൂകാംബികാദേവിയുടെ സങ്കല്പം.
പ്രധാന ശ്രീകോവിലിലെ സ്വയംഭൂലിംഗത്തിൽ കുകൊള്ളുന്ന മഹാദേവനെ, ഉപദേവസ്ഥാനത്ത് വ്യത്യസ്തമായ നാല് ഭാവങ്ങളിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു - പ്രാണലിംഗേശ്വൻ, പാർത്ഥേശ്വരൻ (കിരാതമൂർത്തി), നഞ്ചുണ്ടേശ്വരൻ, ചന്ദ്രമൗലീശ്വരൻ എന്നീ പേരുകളിൽ. ഗണപതി (അഷ്ടാദശഭുജഗണപതി, സ്തംഭഗണപതി, പഞ്ചമുഖഗണപതി ഉൾപ്പെടെ മൂന്ന് രൂപങ്ങൾ), മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഹനുമാൻ, ശ്രീകൃഷ്ണൻ, വീരഭദ്രൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. മൂകാംബികയുടെ സേനാനായകനായ വീരഭദ്രനെ തൊഴുതശേഷമാണ് ദേവീദർശനം നടത്തേണ്ടത് എന്നതാണ് ആചാരം. കൂടാതെ, ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് തെക്കുകിഴക്കുഭാഗത്തായി വലമ്പിരി (ബലമുറി) ഗണപതിയുടെ ഒരു ക്ഷേത്രവുമുണ്ട്. വടക്കോട്ട് ദർശനം നൽകുന്ന ഈ ഗണപതിഭഗവാനെ തൊഴുതശേഷം വേണം മതിൽക്കെട്ടിനകത്ത് ദർശനം നടത്താൻ എന്നാണ് വിശ്വാസം. വലമ്പിരി ഗണപതിയ്ക്ക് നാളികേരമുടയ്ക്കുന്നത് അതിവിശേഷമായി കണക്കാക്കപ്പെടുന്നു.
ശ്രീലകത്ത് ഭഗവതിയായ മൂകാംബിക, ശംഖു-ചക്ര-അഭയ-വരദഹസ്തയായി പത്മാസനസ്ഥിതയാണ്.
കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തെക്കുറിച്ചുള്ള പുരാണം ഇപ്രകാരമാണ്. രാക്ഷസ ചക്രവർത്തിയായ മഹിഷാസുരൻ ത്രിലോകങ്ങളും കീഴടക്കി സ്വർഗത്തിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ സ്ഥാനഭ്രഷ്ടരായ ദേവൻമാർ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവ് പരമശിവനെയും കൂട്ടി പാലാഴിയിലെത്തി മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. മഹാവിഷ്ണു അഭിപ്രായ പ്രകാരം, പുരുഷന്മാരാൽ നിഗ്രഹിക്കാനാവാത്ത മഹിഷനെ നിഗ്രഹിക്കാൻ കുടജാദ്രിയിലെത്തി കോലമഹർഷിയെയും കൂട്ടി സർവേശ്വരിയായ ആദിപരാശക്തിയെ കണ്ട് പ്രാർഥിച്ചു.
ഇവരുടെ അപേക്ഷ പ്രകാരം ദുർഗ്ഗാ ഭഗവതി മഹിഷാസുരനെ വധിച്ച് തേജോരൂപിണിയായി വാനിൽ തിളങ്ങി നിന്നു. ഈ സമയം ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് ഇന്നു കാണുന്ന ക്ഷേത്ര കേന്ദ്രത്തിൽ ജ്യോതിർമയിയായ ശ്രീചക്രം ഉണ്ടാക്കി ഭൂമിയുടെ രക്ഷാർഥം മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഐക്യരൂപത്തിൽ പരാശക്തിയെ പ്രതിഷ്ഠിച്ചെന്നാണു വിശ്വാസം. ദേവലോകം നശിപ്പിക്കാൻ ശക്തിയും അമരത്വവും നേടാനായി കംഹാസുരൻ മഹാദേവനെ തപസ്സ് ചെയ്യുന്നതിൽ പരിഭ്രാന്തരായ ദേവന്മാർ പരാശക്തിയെ വീണ്ടും അഭയം പ്രാപിച്ചു. തപസ്സിൽ പ്രീതനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ, കംഹാസുരന്റെ നാവിൽ കുടിയേറിയ ഭഗവതി ഇയാളെ മൂകനാക്കിയത്രെ.
മൂകനായ കംഹൻ വരമൊന്നും ചോദിക്കാതെ വന്നപ്പോൾ ബ്രഹ്മാവ് മടങ്ങി. ഇങ്ങനെ കംഹനെ മൂകനാക്കിയതിനാലാണു ദേവിക്കു മൂകാംബിക എന്ന പേരു വന്നതെന്നാണു വിശ്വാസം. കംഹൻ അതിനു ശേഷം മൂകാസുരൻ എന്നും അറിയപ്പെട്ടത്രെ. തപോലക്ഷ്യത്തിനു വിഘ്‌നം നേരിട്ടതോടെ കോപിതനായ മൂകാസുരൻ ദേവലോകം ആക്രമിച്ചു. പിന്നീട് ഭഗവതി, എല്ലാ ശക്തിയുമാർജിച്ച ശരീരം ധരിച്ച് മൂകാസുര നിഗ്രഹം നടത്തുകയായിരുന്നു. തുടർന്ന് ത്രിമൂർത്തികൾ ഈ ഭാവത്തിൽ ആദിപരാശക്തിയെ കൊല്ലൂരിൽ കുടിയിരുത്തുകയും ചെയ്തു.
ഇങ്ങനെ ത്രിമൂർത്തികൾ പ്രതിഷ്ഠിച്ചതാണത്രെ ഇന്നു കാണുന്ന ത്രിമൂർത്തി സമേതയായ മൂകാംബിക പ്രതിഷ്ഠ. പിന്നീട്, ശ്രീശങ്കരാചാര്യർ ഇവിടെയെത്തി തപസ്സു ചെയ്തു ഭഗവതിയെ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹം കണ്ട സ്വരൂപത്തിൽ ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇന്നു കാണുന്ന നാലു കരങ്ങളോടു കൂടിയ ഭഗവതിയുടെ പ്രതിഷ്ഠ എന്നാണു വിശ്വാസം. അതിനു മുമ്പ് സ്വയംഭൂ ലിംഗം മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ ഇന്നു നിലനിൽക്കുന്ന ആരാധനാ സമ്പ്രദായങ്ങളുമെല്ലാം ശ്രീശങ്കരാചാര്യർ ഉണ്ടാക്കിയതാണത്രെ.
ശ്രീശങ്കരൻ പ്രതിഷ്ഠ നടത്തിയെന്നതാണ് മൂകാംബിക ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. പൂജയ്ക്കു വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടാണ് മേൽശാന്തി രാത്രിയിൽ നടയടയ്ക്കുന്നത്. തുടർന്ന് ദേവന്മാരുടെ പൂജകൾ നടക്കുന്നതായി വിശ്വസിക്കുന്നു. രാവിലെ നട തുറക്കുമ്പോൾ വിഗ്രഹത്തിൽ ചില പ്രത്യേക ലക്ഷണങ്ങൾ കാണാം. 'അകത്തുകണ്ടത് പുറത്ത് പറയരുതെന്നാണല്ലോ. അതുകൊണ്ട് പലതും രഹസ്യമായിരിക്കുന്നു. ഏത് ഭാവത്തിൽ നമ്മൾ സങ്കൽപിച്ചുപ്രാർത്ഥിക്കുന്നുവോ ആ ഭാവത്തിൽ അമ്മ നമ്മെ അനുഗ്രഹിക്കുന്നു. ക്ഷേത്രത്തിന്റെ പിറകിലായി ഒരു സ്ഥാനത്ത് ശ്രീശങ്കരന്റെ ചിത്രം കാണാം. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം ഒരു മുറിയാക്കിമാറ്റിയിട്ടുണ്ട്. ഗണപതി, ശിവൻ (4 ഭാവങ്ങൾ), മഹാവിഷ്ണു, സുബ്രഹ്മണ്യൻ എന്നിവരുടെ ഉപദേവ ക്ഷേത്രങ്ങളും ഇവിടെ ഉണ്ട്.
മൂകാംബിക സന്നിധിയിലെത്തണമെങ്കിൽ ഭഗവതി വിളിക്കണം എന്ന വിശ്വാസം കേരളത്തിലുണ്ട്. എത്ര സമയമെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയാലും മനസ്സിൽ മൂകാംബികാ ദേവിയുടെ വിളിയെത്തിയില്ലെങ്കിൽ കൊല്ലൂരിലേക്കുള്ള യാത്ര മുടങ്ങുമത്രെ.
ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷത്തിലെ അഷ്ടമിനാളിലാണ് ഭഗവതി ഇവിടെ സ്വയംഭൂവായി അവതരിച്ചതെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ആ ദിവസം ഇവിടെ ജന്മാഷ്ടമി എന്ന് അറിയപ്പെടുന്നു.
ക്ഷേത്രത്തിന്റെ 18 കിലോമീറ്റർ ചുറ്റളവിൽ ക്ഷേത്രത്തിലെ ശ്രീചക്രത്തിന്റെ ശക്തി പ്രഭാവം ഉണ്ടെന്നാണ് സങ്കല്പം. ശ്രീ ലളിതാ പരമേശ്വരിയുടെ വാസസ്ഥലവും ശിവ ശക്തി ഐക്യത്തിന്റെ പ്രതീകവുമാണ് മഹാമേരുവിന്റെ ചെറു പതിപ്പായ ശ്രീചക്രം. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണ് ഇന്നും ക്ഷേത്രത്തിൽ പിന്തുടർന്നുവരുന്നത്.
ഒരിക്കൽ രോഗബാധിതനായി കിടന്ന ശങ്കരാചാര്യർക്ക് വേണ്ടി ഭഗവതി കഷായവുമായി പ്രത്യക്ഷപെട്ടു എന്നാണ് ഐതീഹ്യം. ഇതിന്റെ സ്മരണയ്ക്കായി ക്ഷേത്രത്തിൽ ഇന്നും കഷായ പ്രസാദം നൽകി വരുന്നു.
കൊല്ലൂർ ഗ്രാമത്തിന്റെ നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുവശവും നിരവധി മലകൾ ചുറ്റിനിൽക്കുന്നു. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ കാണാം. പടിഞ്ഞാറുഭാഗത്ത് അര കിലോമീറ്റർ മാറി മാരികാംബാക്ഷേത്രം (മാരിയമ്മൻ ക്ഷേത്രം) എന്ന മറ്റൊരു ദേവീക്ഷേത്രവും, അവിടുന്ന് അല്പം മാറി സിദ്ധേശ്വരക്ഷേത്രം എന്ന ചെറിയ ശിവക്ഷേത്രവുമുണ്ട്. തെക്കേ നടയിൽ ക്ഷേത്രം തന്ത്രിമാരുടെ വീട് സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ അഗ്നിതീർത്ഥം എന്ന പേരിൽ ഒരു കൊച്ചു അരുവി ഒഴുകിപ്പോകുന്നുണ്ട്. ഇതിന്റെ തെക്കുഭാഗത്തുകൂടെ പോയാൽ മറുകരയിലെത്താം. കുടജാദ്രിയിൽ നിന്ന് വരുന്ന ഈ അരുവിയും മറ്റ് 63 അരുവികളും ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുവച്ച് സംഗമിച്ചാണ് സൗപർണ്ണികയാകുന്നത്. കിഴക്കേ നടയിൽ ക്ഷേത്രം വക ചെരുപ്പ് കൗണ്ടറുണ്ട്. ഇതിനടുത്താണ് ക്ഷേത്രത്തിലെ ആനകളെ പാർപ്പിയ്ക്കുന്നത്.
കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയുംതന്നെ വലിപ്പമുള്ള ദീപസ്തംഭവുമാണ്. തനി കന്നഡ ശൈലിയിലാണ് ഇവിടെ കൊടിമരം പണിതിട്ടുള്ളത്. ഇതിന്റെ മുകളിലെ ഭാഗം സ്തൂപാകൃതിയിലും താഴെയുള്ള ഭാഗം ചതുരാകൃതിയിലുമാണ്. ഏറ്റവും മുകളിൽ ദേവിയുടെ വാഹനമായ സിംഹത്തിന്റെ രൂപം കാണാം; താഴേയ്ക്ക് വരുമ്പോൾ വിവിധ ദേവീദേവന്മാരുടെ രൂപങ്ങളും. ദീപസ്തംഭത്തിൽ ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. 'സ്തംഭഗണപതി' എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളെല്ലാം ഈ ഗണപതിയെ വണങ്ങിയേ തുടങ്ങാറുള്ളൂ. മൂകാംബികാക്ഷേത്രത്തിൽ ഗണപതിയ്ക്ക് വലിയ പ്രാധാന്യം നൽകിവരുന്നുണ്ട്. ക്ഷേത്രത്തിൽ പലയിടങ്ങളിൽ ഗണപതിപ്രതിഷ്ഠകൾ കാണാം. നാലമ്പലത്തിനകത്ത് ദശഭുജഗണപതി, പുറത്ത് സ്തംഭഗണപതി, പഞ്ചമുഖഗണപതി, മതിൽക്കെട്ടിനും പുറത്ത് വലമ്പിരി ഗണപതി - ഇങ്ങനെ പലയിടങ്ങളിലായി പല രൂപങ്ങളിൽ ഗണപതിപ്രതിഷ്ഠകൾ കാണാം. ദേവി ആറാട്ടിനെത്തുന്ന സൗപർണ്ണികാ നദിയുടെ തീരത്തും ഒരു ഗണപതിക്ഷേത്രം കാണാം. ഇതെല്ലാം ഗണപതിയ്ക്ക് ഇവിടെ നൽകിവരുന്ന പ്രാധാന്യത്തിന്റെ തെളിവാണ്.
തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിൽ കാണാം. ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ വജ്രായുധവും ധരിച്ച ഭഗവാന്റെ മുന്നിലെ ഇടതുകൈ അഭയമുദ്രയാക്കി താഴേയ്ക്കും മുന്നിലെ വലതുകൈ വരദമുദ്രയാക്കി നേരെയും പിടിച്ചിരിയ്ക്കുന്നു. വലതുചുമലിൽ വേൽ കാണാം. മുകളിലായി ചെറിയൊരു നാഗരൂപവും കാണാം. ഇത് നാഗഭാവത്തെ സൂചിപ്പിയ്ക്കുന്നു. ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കിയ ശാപത്തിൽ നിന്ന് മുക്തിനേടാൻ സുബ്രഹ്മണ്യൻ നാഗരൂപം സ്വീകരിച്ച് തപസ്സിനുപോയ പുരാണകഥയെ അനുസ്മരിപ്പിയ്ക്കുന്നതാണ് ഈ രൂപം. എല്ലാമാസത്തിലും വരുന്ന വെളുത്ത ഷഷ്ഠി ഇവിടെ അതിവിശേഷമാണ്. അവയിൽ, തുലാമാസത്തിൽ വരുന്ന സ്കന്ദഷഷ്ഠിയും വൃശ്ചികമാസത്തിൽ വരുന്ന ചമ്പാഷഷ്ഠിയും കൂടുതൽ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്. സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത മൂന്ന് നാഗരൂപങ്ങളാണ് ഇവിടെയുള്ളത്. നാഗദോഷനിവാരണത്തിന് ഇവിടെ നിരവധി പൂജകൾ നടത്താറുണ്ട്.
സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ സരസ്വതീമണ്ഡപം. ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ സ്ഥലം. ഇവിടെ സരസ്വതീദേവിയുടെ പ്രതിഷ്ഠയുണ്ട്. വെള്ളിയിൽ തീർത്ത, ഏകദേശം രണ്ടടി ഉയരം വരുന്ന വിഗ്രഹം സാധാരണ കാണുന്ന സരസ്വതീരൂപത്തിൽ തന്നെയാണ്. സമീപം തന്നെ ഒരു ഗണപതിവിഗ്രഹവും കാണാം. ഇത് വിദ്യാഗണപതിയായി സങ്കല്പിയ്ക്കപ്പെടുന്നു. ഇതിൽ ദിവസവും പൂജകൾ നടക്കുന്നുണ്ട്. അത്താഴശീവേലിസമയത്ത് ദേവിയെ ഇവിടെ കൊണ്ടുവന്ന് അല്പസമയം ഇരുത്തുന്നത് പ്രധാന ചടങ്ങാണ്. ഈ സമയത്ത് ദേവിയെ തൊഴുന്നത് വിദ്യാഭിവൃദ്ധിയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. അവിൽ നിവേദ്യമാണ് ഈ സമയത്തെ പ്രധാന വഴിപാട്. ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ ഇവിടെ വന്ന് തങ്ങളുടെ നൃത്തസംഗീതമികവുകൾ പ്രകടമാക്കാറുണ്ട്. ഒട്ടുമിക്ക ദിവസവും ഇവിടെ ധാരാളം കലാകാരന്മാരെ കാണാം. ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് എല്ലാ വർഷവും തന്റെ ജന്മദിനമായ ജനുവരി 10-ന് ഇവിടെ വന്ന് സംഗീതാർച്ചന നടത്താറുണ്ട്. ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം ചെയ്യുന്നതും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്.
സരസ്വതീമണ്ഡപത്തിന്റെ തൊട്ടടുത്ത് തിടപ്പള്ളിയും ഹോമപ്പുരയും സ്ഥിതിചെയ്യുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി അടുത്തടുത്ത് അഞ്ച് ശ്രീകോവിലുകൾ കാണാം. ഇവയിൽ ആദ്യത്തെ ശ്രീകോവിലിൽ പഞ്ചമുഖഗണപതിപ്രതിഷ്ഠയും മറ്റ് നാലിടത്തും ശിവപ്രതിഷ്ഠകളുമാണ്. ശിവപ്രതിഷ്ഠകൾ കുടികൊള്ളുന്ന ശ്രീകോവിലുകളിലെ പ്രതിഷ്ഠകൾ യഥാക്രമം (തെക്കുനിന്ന് വടക്കോട്ട്) പ്രാണലിംഗേശ്വരൻ, പാർത്ഥേശ്വരൻ, നഞ്ചുണ്ടേശ്വരൻ, ചന്ദ്രമൗലീശ്വരൻ എന്നിങ്ങനെ അറിയപ്പെടുന്നു. വ്യത്യസ്ത വലുപ്പങ്ങളിലുള്ള ശിവലിംഗങ്ങളാണ് ഇവിടെയുള്ളത്. നഞ്ചുണ്ടേശ്വരന്റെ ശ്രീകോവിലിൽ മാത്രമാണ് നന്ദിപ്രതിഷ്ഠയുള്ളത്. അതിനാൽ ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. പടിഞ്ഞാറേ ഗോപുരത്തിന് പുറത്ത് വടക്കുഭാഗത്തായി ഒരു ചെറിയ ക്ഷേത്രം കാണാം. ഇവിടെ ഉഗ്രരൂപിണിയായ ചാമുണ്ഡിയാണ് (കാളി) പ്രതിഷ്ഠ. ദേവീസങ്കല്പത്തിൽ മൂന്ന് വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. വടക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി രണ്ട് ശ്രീകോവിലുകൾ കാണാം. ഇവയിൽ ഒന്നിൽ ഹനുമാനും മറ്റേതിൽ മഹാവിഷ്ണുവുമാണ് പ്രതിഷ്ഠകൾ. ലങ്കയിലേയ്ക്ക് ചാടാൻ ഒരുങ്ങിനിൽക്കുന്ന ഭാവത്തിലുള്ള വീരഹനുമാന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം പൂർണ്ണമായും കുങ്കുമത്തിൽ പൊതിഞ്ഞിരിയ്ക്കുന്നു. ലക്ഷ്മീദേവിയ്ക്കും ഭൂമീദേവിയ്ക്കുമൊപ്പം നിൽക്കുന്ന രൂപത്തിലാണ് ഇവിടെ മഹാവിഷ്ണുവിഗ്രഹം. നാലുകൈകളിലായി ശംഖ്, ചക്രം, ഗദ, താമര എന്നിവ കാണാം. രണ്ട് പ്രതിഷ്ഠകൾക്കും താരതമ്യേന പഴക്കം കുറവാണ്. വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ രഥങ്ങൾ ഉത്സവക്കാലമൊഴിച്ചുള്ള സമയങ്ങളിൽ സൂക്ഷിച്ചുവയ്ക്കുക. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രൻ കുടികൊള്ളുന്നു. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രന്റെ സങ്കല്പം. ആദ്യം വീരഭദ്രനെ തൊഴണം എന്നാണ് ആചാരം. വീരഭദ്രന്റെ ശ്രീകോവിലിന് സമീപം ഒരു തുളസിത്തറയും അതിന് ചുവട്ടിലുള്ള ഒരു പ്രത്യേക ദ്വാരത്തിൽ ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണഭഗവാന്റെ ഒരു വിഗ്രഹവുമുണ്ട്. ഈ പ്രതിഷ്ഠ പിൽക്കാലത്ത് വന്നതാണ്. വിഗ്രഹം കാണണമെങ്കിൽ താഴേയ്ക്ക് നോക്കേണ്ടതുണ്ട്. അതിനാൽ പലരും ഇത് കാണാതെ പോകുന്ന പതിവുണ്ട്.
ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി വലംപിരി ഗണപതിഭഗവാന്റെ ചെറിയൊരു ക്ഷേത്രമുണ്ട്. വലത്തോട്ട് തുമ്പിക്കൈ നീട്ടിനിൽക്കുന്ന ഗണപതിയാണ് വലംപിരി ഗണപതി എന്നറിയപ്പെടുന്നത്. കന്നഡഭാഷയിൽ ബലമുറി ഗണപതി എന്നാണ് പ്രതിഷ്ഠയുടെ പേര്. സാമാന്യം വലുപ്പമുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ ഗണപതിയെ തൊഴുതുവേണം ദേവിയെ ദർശിയ്ക്കാൻ എന്നാണ് ചിട്ട. തീരാത്ത തടസ്സങ്ങൾ മാറാൻ ഇവിടെ ദർശിച്ചാൽ മതി എന്നാണ് വിശ്വാസം. ഇവിടെ നാളികേരമുടയ്ക്കുന്നത് അതിവിശേഷമാണ്. വിനായക ചതുർത്ഥി ദിവസം ഇവിടെ പ്രത്യേകം പൂജകൾ നടത്തപ്പെടുന്നു.
കന്നഡശൈലിയിൽ കരിങ്കല്ലിൽ തീർത്തതാണ് ഇവിടെയുള്ള ചതുരശ്രീകോവിൽ. കേരളത്തിലെ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളെ അപേക്ഷിച്ച് കാഴ്ചയിൽ വളരെ ചെറുതും അനാകർഷകവുമാണ് ഈ ശ്രീകോവിൽ. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നില്ല. എങ്കിലും സ്വതേ ഒരു ആകർഷണമുണ്ട്. മുകളിലേയ്ക്ക് കന്നഡശൈലിയിൽ കെട്ടിപ്പൊക്കിയ ശ്രീകോവിലിന്റെ സ്വർണ്ണത്താഴികക്കുടം ക്ഷേത്രത്തിന്റെ മുഖമുദ്രയാണ്. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹവും സ്വയംഭൂലിംഗവും പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന ഇരിയ്ക്കുന്ന രൂപത്തിലുള്ള പഞ്ചലോഹവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീമൂകാംബികാദേവി കുടികൊള്ളുന്നു. ചതുർബാഹുവായ ദേവിയുടെ തൃക്കൈകളിൽ ശംഖചക്രവരദാഭയമുദ്രകൾ കാണാം. പഞ്ചലോഹവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. വിഗ്രഹത്തിന്റെ തൊട്ടുമുന്നിലാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ സ്വയംഭൂലിംഗം കാണപ്പെടുന്നത്. സുവർണ്ണരേഖയോടുകൂടിയ ഈ ലിംഗത്തിന് ഏകദേശം ഒരടി ഉയരം കാണും. സുവർണ്ണരേഖ ഇതിനെ രണ്ടായി പകുത്തിട്ടുണ്ട്. ഇവയിൽ വലത്തെ പകുതി ത്രിമൂർത്തികളെയും ഇടത്തെ പകുതി അവരുടെ ശക്തികളെയും പ്രതിനിധീകരിയ്ക്കുന്നു. നിർമ്മാല്യദർശനത്തിനു മാത്രമേ ഈ രൂപത്തിൽ ദർശനമുണ്ടാകൂ. പ്രധാനവിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല. എല്ലാം സ്വയംഭൂലിംഗത്തിലാണ് നടത്തുന്നത്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ചുകൊണ്ട് ജഗദംബികയായ ശ്രീമൂകാംബികാദേവി മഹാകാളി-മഹാലക്ഷ്മി-മഹാസരസ്വതി-ശിവശക്തി ഐക്യരൂപമായി കൊല്ലൂരിൽ കുടികൊള്ളുന്നു.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. കന്നഡശൈലിയിൽ തന്നെയാണ് നാലമ്പലവും പണിതിരിയ്ക്കുന്നതെങ്കിലും കേരളീയശൈലിയിലാണ് ഇതിന്റെ മേൽക്കൂര കാണപ്പെടുന്നത്. മേൽക്കൂര ചെമ്പുമേഞ്ഞാണ് ഇരിയ്ക്കുന്നത്. നാലുവശത്തും വരിനിൽക്കാനുള്ള സൗകര്യമുണ്ട്. ഇതിൽ എന്നും ഭക്തജനങ്ങളുടെ തിരക്കായിരിയ്ക്കും. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി ദശഭുജഗണപതിപ്രതിഷ്ഠയുണ്ട്. പത്തുകൈകളോടുകൂടിയ ഗണപതിയാണ് ദശഭുജഗണപതി എന്ന പേരിൽ അറിയപ്പെടുന്നത്. അത്യുഗ്രമൂർത്തിയാണ് ദശഭുജഗണപതി. തെക്കുപടിഞ്ഞാറുഭാഗത്താണ് ശങ്കരപീഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യർ ദേവിയെ സ്തുതിച്ച് സൗന്ദര്യലഹരി എന്ന പ്രസിദ്ധമായ സ്തോത്രം എഴുതിയത് ഇവിടെ വച്ചാണെന്ന വിശ്വാസത്തെത്തുടർന്നാണ് ഈ പേരുവന്നത്. ഇവിടെ ശങ്കരാചാര്യരുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തെക്കുഭാഗത്തുതന്നെയാണ് ചില വിശേഷാൽ പൂജകൾ നടത്തുന്നതും. നാലമ്പലത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു കിണറുണ്ട്. ഈ കിണറ്റിലാണ് പണ്ട് ത്രിമധുരം നിക്ഷേപിച്ചിരുന്നത്. പിന്നീട് ഇത് നിരോധിച്ചു.
ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. കേരളീയമായ തന്ത്രപദ്ധതികളുമായി വളരെയധികം സാദൃശ്യമുള്ള സങ്കല്പങ്ങളാണ് ഇവിടെയും ബലിക്കല്ലുകൾക്ക്. ശീവേലിസമയത്ത് ഇവിടങ്ങളിലും ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവിയുടെ വികാരഭേദങ്ങളാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബികാക്ഷേത്രം. അഞ്ചു മണിക്ക് നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം സ്വയംഭൂലിംഗത്തിൽ അഭിഷേകം. പഞ്ചലോഹവിഗ്രഹത്തിൽ അഭിഷേകങ്ങൾ നടത്താറില്ല. അഞ്ചരയോടെ ഒരു നാളികേരം ഉപയോഗിച്ചുള്ള ഗണപതിഹോമം തുടങ്ങുന്നു. രാവിലെ ആറരയ്ക്ക് ഉഷഃപൂജ. ദന്തധാവനപൂജ എന്നാണ് ഇവിടെ ഉഷഃപൂജ അറിയപ്പെടുന്നത്. ദേവി പല്ലുതേയ്ക്കുന്ന സങ്കല്പത്തിൽ നടത്തുന്ന പൂജയായതുകൊണ്ടാണ് ഈ പേരുവന്നത്. ഏഴേകാലിന് ദന്തധാവന മംഗളാരതിയും ഏഴരയ്ക്ക് പഞ്ചാമൃതാഭിഷേകവും നടത്തുന്നു. ഏഴേമുക്കാലിന് ദേവിയ്ക്ക് നിവേദ്യമാണ്. തുടർന്ന് എട്ടുമണിയോടെ എതിരേറ്റുപൂജയും അതിനുശേഷം ഉഷഃശീവേലിയും നടത്തപ്പെടുന്നു. ക്ഷേത്രത്തിൽ ആനകളുണ്ടെങ്കിലും ശീവേലി നടത്തുന്നത് ആനപ്പുറത്തേറിയല്ല. ആദ്യ പ്രദക്ഷിണത്തിൽ തലയിലേറ്റിയും പിന്നീടുള്ള മൂന്ന് പ്രദക്ഷിണങ്ങളിൽ പല്ലക്കിൽ കിടത്തിയും അവസാനം തേരിലേറ്റിയുമാണ് ശീവേലി നടത്തുക. അകമ്പടിയായി പ്രത്യേക രീതിയിൽ നിർമ്മിച്ച ചെണ്ടയും നാദസ്വരവുമുണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും ഉപയോഗിച്ചുവരുന്ന നാദസ്വരത്തേക്കാൾ ചെറുതാണ് ഇവിടെയുള്ളത്. തന്മൂലം ഇതിന് ശബ്ദവും കൂടുതലായിരിയ്ക്കും. പതിനൊന്നരയ്ക്ക് ഉച്ചപ്പൂജയും പന്ത്രണ്ടരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കുന്നു.
ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. മൂന്ന് മുതൽ വൈകുന്നേരം ആറുവരെ ഭക്തർക്ക് ദർശനത്തിന് വേണ്ടി മാത്രമുള്ള സമയമാണ്. തിരക്ക് കുറച്ചു ദർശനം നടത്താൻ വേണ്ടിയാണ് ഇത്തരമൊരു സംവിധാനം. അതിനാൽ സൗകര്യപ്രദമായി ദർശനം നടത്തണം എന്നുള്ളവർക്ക് ഈ സമയം പ്രയോജനപ്പെടുത്താം. സന്ധ്യയ്ക്ക് സൂര്യാസ്തമായത്തോടനുബന്ധിച്ച് മഹാദീപാരാധന. പ്രദോഷപൂജ എന്നാണ് ഇവിടെ ദീപാരാധന അറിയപ്പെടുന്നത്. ഈ പൂജയോടനുബന്ധിച്ച് പഞ്ചാമൃതാഭിഷേകവും പതിവാണ്. തുടർന്ന് രാത്രി ഏഴുമണിയ്ക്ക് നിവേദ്യവും ഏഴേകാലിന് അത്താഴപ്പൂജയും നടത്തുന്നു. അത്താഴപ്പൂജയോടനുബന്ധിച്ചുള്ള മംഗളാരതിയ്ക്ക് സലാം മംഗളാരതി എന്നാണ് പേര്. ഒരിയ്ക്കൽ ഈ മംഗളാരതിയുടെ സമയത്ത് ക്ഷേത്രത്തിനടുത്തുകൂടെ കടന്നുപോയ ടിപ്പു സുൽത്താൻ ഈ കാഴ്ച കണ്ട് സ്തബ്ധനാകുകയും ഇസ്ലാമിക രീതിയിൽ സലാം പറയുകയും ചെയ്തു എന്ന കഥയെ ആസ്പദമാക്കിയാണ് ഈ പേര് പറയപ്പെടുന്നത്. അത്താഴപ്പൂജ കഴിഞ്ഞാൽ ഉപദേവതകൾക്കുള്ള പൂജകളാണ്. തുടർന്ന് എട്ടുമണിയോടെ ഇവർക്കുള്ള നിവേദ്യവും ദീപാരാധനയും. എട്ടേകാലിന് അത്താഴശീവേലി തുടങ്ങുന്നു. ഈയവസരത്തിൽ ദേവീവിഗ്രഹം സരസ്വതീമണ്ഡപത്തിൽ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങുമുണ്ട്. അതിപ്രധാനമാണ് ഈ ചടങ്ങ്. ഈ സമയത്ത് അവിലും നാളികേരവുമാണ് നിവേദ്യങ്ങളായി ഭഗവതിയ്ക്ക് സമർപ്പിയ്ക്കുന്നത്. വിദ്യാഭിവൃദ്ധി ആഗ്രഹിയ്ക്കുന്നവർക്ക് ഈ ദർശനം അതിവിശേഷമായി കണക്കാക്കപ്പെടുന്നു. നിവേദ്യത്തിനുശേഷം വിശേഷാൽ പൂജയും മംഗളാരതിയും നടത്തുന്നു. ഈ സമയത്ത് എല്ലാ വാദ്യോപകരണങ്ങളും അകമ്പടിയായി വായിയ്ക്കുന്നു. ഇവയ്ക്കൊപ്പം ഭക്തരുടെ നാമജപവുമുണ്ടാകും. ഈ ചടങ്ങ് കഴിഞ്ഞാൽ ദേവിയെ ശ്രീകോവിലിലേയ്ക്ക് തിരിച്ചെഴുന്നള്ളിയ്ക്കുന്നു. തുടർന്ന് ഒമ്പതുമണിയോടെ ദേവിയുടെ പ്രധാന നിവേദ്യമായ കഷായതീർത്ഥം നേദിയ്ക്കുന്നു. ഇതിനോടനുബന്ധിച്ചും ഒരു പൂജയുണ്ട്. അത് പൂർത്തിയാകുന്നതോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നവരാത്രി, മൂകാംബികാ ജന്മാഷ്ടമി) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണദിവസങ്ങളിലും പൂജകൾക്ക് മാറ്റം വരും. മഹാനവമിനാളിൽ രാത്രി എല്ലാ ഭക്തരും തൊഴുതിറങ്ങിയശേഷമേ നടയടയ്ക്കൂ. പുലർച്ചെ അഞ്ചുമണി മുതൽ രാത്രി ഒൻപത് വരെ പൂജയ്ക്ക് വേണ്ടിയുള്ള ചെറിയ ഇടവേളകൾ ഒഴിച്ചാൽ ഭക്തർക്ക് എല്ലാ സമയത്തും ദർശനം സാധ്യമാണ്. ഉച്ചയ്ക്ക് ഒന്നരമണിക്കൂർ മാത്രമാണ് നട അടയ്ക്കുന്നത് (ഒന്നര മുതൽ മൂന്ന് വരെ).
അഡിഗ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ബ്രാഹ്മണസമൂഹമാണ് ഈ ക്ഷേത്രത്തിലെ തന്ത്രി, മേൽശാന്തി സ്ഥാനങ്ങൾ അലങ്കരിയ്ക്കുന്നത്. ഇവർ സാധാരണയായി ദേവിയെ മാത്രം പൂജിയ്ക്കുന്നവരാണ്. വിവാഹിതരായവർക്ക് മാത്രമേ അമ്മയെ പൂജിയ്ക്കാനുള്ള അനുവാദമുള്ളൂ. പ്രതിഷ്ഠ ശിവ-ശക്തി ഐക്യഭാവത്തിലുള്ളതായതുകൊണ്ടാണ് ഇങ്ങനെയൊരു നിബന്ധന. ഭട്ട് എന്നറിയപ്പെടുന്ന മറ്റൊരു ബ്രാഹ്മണസമൂഹമാണ് ഇവിടെ കീഴ്ശാന്തിപ്പണി ചെയ്തുവരുന്നത്.
ഫാൽഗുനമാസത്തിലെ (മലയാളം കലണ്ടറിൽ മീനമാസം) ഉത്രം നാളിൽ കൊടിയേറി ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷം. ഇതിനോടനുബന്ധിച്ച് മൂലം നാളിൽ നടക്കുന്ന രഥോത്സവം വളരെ വിശേഷമാണ്. രഥോത്സവം എട്ടാം നാൾ വരും വിധത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്. കർണാടക മാതൃകയിൽ നടത്തപ്പെടുന്ന ഉത്സവമാണെങ്കിലും കേരളീയഭക്തരും ധാരാളമായി പങ്കെടുക്കുന്ന വിശേഷമാണ്. ഒമ്പതുദിവസവും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. ഉച്ചയ്ക്കുള്ള ശതരുദ്രാഭിഷേകമാണ് പ്രധാന താന്ത്രികവിശേഷം. നൂറുതരം അഭിഷേകദ്രവ്യങ്ങൾ കൊണ്ട് സ്വയംഭൂലിംഗത്തിൽ നടത്തുന്ന അഭിഷേകത്തിനാണ് ശതരുദ്രാഭിഷേകം എന്ന പേരുവന്നത്. വൈകീട്ട് അഞ്ചരയ്ക്കും രാത്രി പത്തുമണിയ്ക്കും ദേവിയെ പുറത്തേയ്ക്കെഴുന്നള്ളിയ്ക്കുന്ന ചടങ്ങുണ്ടാകും. ഓരോ ദിവസവും ഓരോ വാഹനത്തിലിരുത്തിയാണ് എഴുന്നള്ളത്ത്.
എട്ടാം ദിവസമായ മൂലം നാളിലാണ് ക്ഷേത്രത്തിലെ മഹാരഥോത്സവം നടത്തപ്പെടുന്നത്. ദേവിയുടെ ജന്മനക്ഷത്രദിവസമാണ് ഫാൽഗുനമാസത്തിലെ മൂലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. ബ്രഹ്മരഥം എന്നറിയപ്പെടുന്ന ഏഴുനിലകളോടുകൂടിയ മഹാരഥം അന്നാണ് എഴുന്നള്ളിയ്ക്കുന്നത്. ഈ ദിവസം പതിവിലും രണ്ടുമണിക്കൂർ നേരത്തേ നടതുറക്കുന്നു. തുടർന്ന് ഗണപതിഹോമം. ഇവയ്ക്കുശേഷം രാവിലെ എട്ടുമണിയോടെ രഥോത്സവത്തിനുള്ള പൂജകൾ തുടങ്ങും. മുഹൂർത്തബലി, ക്ഷിപ്രബലി, രഥബലി തുടങ്ങിവയാണ് രഥോത്സവത്തിന് മുന്നോടിയായ പ്രധാന ചടങ്ങുകൾ. തുടർന്ന് രഥാരോഹണവും അതിനുശേഷം പ്രതീകാത്മക രഥചലനവും തുടങ്ങും. ക്ഷേത്രനടയിൽ നിന്ന് ഏതാനും ദൂരം വരെ രഥം എഴുന്നള്ളിയ്ക്കുന്നതാണ് ഈ ചടങ്ങ്. ദേവിയുടെ രണ്ട് വിഗ്രഹങ്ങൾ ഒരുമിച്ച് എഴുന്നള്ളിയ്ക്കുന്ന ഏക അവസരം ഇതാണ്.
എന്നാൽ, പ്രധാന എഴുന്നള്ളത്ത് നടക്കുന്നത് വൈകീട്ട് അഞ്ചുമണിയ്ക്കാണ്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് സൗപർണ്ണികാതീരത്തെ ഓലകമണ്ഡപം (ആറാട്ട് മണ്ഡപം) വരെയാണ് എഴുന്നള്ളത്ത്. രഥം വലിയ്ക്കാൻ ആയിരക്കണക്കിന് ഭക്തരാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് മൂകാംബികാസന്നിധിയിലേയ്ക്ക് വരുന്നത്. വാദ്യമേളങ്ങളുടെയും ദേവീമന്ത്രജപങ്ങളുടെയും അകമ്പടിയോടെ രഥം വലിച്ച് ഓലകമണ്ഡപത്തിലെത്തിയ്ക്കുകയും അവിടെ വിശേഷാൽ പൂജകൾ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയ്ക്കുകയും ചെയ്യുന്നു. ക്ഷേത്രനടയിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം ദൂരമേയുള്ളൂവെങ്കിലും എഴുന്നള്ളത്ത് അവിടെയെത്താൻ ഏകദേശം ഒരു മണിക്കൂറെടുക്കും. തിരിച്ചും അത്രയും സമയം തന്നെ.
പിറ്റേദിവസം വൈകീട്ടാണ് ആറാട്ട്. അന്ന് വിശേഷാൽ പൂജകൾക്കുശേഷം ദേവീവിഗ്രഹം പ്രദക്ഷിണമായി സൗപർണ്ണികാതീരത്തേയ്ക്ക് കൊണ്ടുപോകുകയും ഓലകമണ്ഡപത്തിൽ വയ്ക്കുകയും ചെയ്യുന്നു. ഏഴുമണിയോടെ ഓക്കുളി മഹോത്സവം തുടങ്ങുന്നു. ഉത്തരേന്ത്യൻ മഹോത്സവമായ ഹോളിയോട് സാദൃശ്യമുള്ള ഒരു ചടങ്ങാണിത്. ശാന്തിക്കാരും ഭക്തരും പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞും പീച്ചാംകുഴൽ വഴി നിറമടങ്ങിയ വെള്ളം തെറിപ്പിച്ചും ആഘോഷിയ്ക്കുന്ന ഈ ചടങ്ങ് കഴിഞ്ഞിട്ടാണ് ദേവിയുടെ ആറാട്ട്. ഇതിനുമുമ്പായി ദേവീവിഗ്രഹത്തിൽ അഭിഷേകവും പുഷ്പാർച്ചനയും നടത്തുന്നു. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ വിഗ്രഹവുമായി സൗപർണ്ണികാനദിയിൽ മൂന്നുപ്രാവശ്യം മുങ്ങുന്നു. ദേവീസാന്നിദ്ധ്യം കൊണ്ട് പവിത്രമായ നദിയിൽ ഭക്തരും മുങ്ങുന്നു. പിന്നീടാണ് തെപ്പോത്സവം എന്നറിയപ്പെടുന്ന ചടങ്ങ്. ദേവീവിഗ്രഹം തോണിയിലിരുത്തി മൂന്നുവട്ടം പ്രദക്ഷിണം വയ്പിയ്ക്കുന്ന ചടങ്ങാണിത്. ഈ ചടങ്ങുകൾക്കെല്ലാം ശേഷമാണ് ദേവിയുടെ പള്ളിവേട്ട. ആറാട്ടിനുശേഷം പള്ളിവേട്ട നടക്കുന്നത് കേരളീയാചാരത്തിന് വിരുദ്ധമാണെന്നത് ശ്രദ്ധേയമാണ്. നദീതീരത്തെ ഒരു പറമ്പിൽ പ്രത്യേകം തയ്യാറാക്കി വച്ച സ്ഥലത്ത് അമ്പെയ്യുന്നതാണ് ഈ ചടങ്ങ്. തുടർന്ന് ഓലകമണ്ഡപത്തിൽ വിശ്രമിയ്ക്കുന്ന ദേവിയെ പിറ്റേദിവസം രാവിലെയാണ് ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളിയ്ക്കുന്നത്. തുടർന്ന് കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപ്തിയാകുന്നു.
ആശ്വിനമാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ, അതായത് കന്നിമാസത്തിലെ വെളുത്ത പ്രഥമ (അമാവാസിയുടെ പിറ്റേദിവസം) മുതൽ നവമി വരെ നീണ്ടുനിൽക്കുന്ന ഒമ്പതുദിവസങ്ങളാണ് നവരാത്രി എന്ന പേരിൽ ആചരിച്ചുവരുന്നത്. രാജ്യമെമ്പാടും പല പേരുകളിലും പല ഭാവങ്ങളിലും ഈ മഹോത്സവം ആഘോഷിയ്ക്കപ്പെടുന്നു. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ ഈ ഒമ്പതുദിവസങ്ങളും പ്രധാനമാണെങ്കിലും ഏറ്റവും പ്രധാനം ഒമ്പതാം ദിവസമായ മഹാനവമി ദിവസം നടത്തുന്ന പുഷ്പരഥോത്സവവും കനകവർഷം എന്ന ചടങ്ങും വിജയദശമി നാളിലെ വിദ്യാരംഭവുമാണ്. ഈ ദിവസങ്ങളിൽ ധാരാളം കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും. കലകളുടെ അമ്മയായ മൂകാംബികയ്ക്കുമുന്നിൽ നടത്തുന്ന അരങ്ങേറ്റം പുണ്യകരമായി കണക്കാക്കപ്പെടുന്നു. നവരാത്രി ഉത്സവത്തിന് കൊടിയേറ്റമില്ല.
പ്രഥമദിവസം രാവിലെ നടക്കുന്ന കലശസ്ഥാപനത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നത്. സുവാസിനി പൂജ, ചണ്ഡികാഹോമം തുടങ്ങിയവ ഉണ്ടാകാറുണ്ട്. അതോടെ കേരളത്തിൽ നിന്നടക്കമുള്ള ആയിരക്കണക്കിന് ഭക്തരും ക്ഷേത്രത്തിലേക്ക് എത്തുന്നു. തുടർന്നുള്ള ഒമ്പതുദിവസങ്ങളിലും ദേവിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കുന്നു. മഹാനവമി നാളിൽ ക്ഷേത്രത്തിൽ രാവിലെ മഹാചണ്ഡികാഹോമവും സുവാസിനിപൂജയും വൈകിട്ട് പുഷ്പ രഥോത്സവവും നടക്കുന്നു. പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച പരാശക്തിയുടെ രഥം വലിക്കുന്ന ചടങ്ങ് ഭക്തരാണ് നടത്തുന്നത്. കനകവർഷം എന്ന ചടങ്ങും ഈ സമയത്ത് നടക്കുന്നു. രഥത്തിൽ നിന്നും പൂജാരി ഭക്തരുടെ നേർക്ക് പൂജിച്ച നാണയങ്ങൾ വിതറുന്ന ചടങ്ങാണ് ഇത്. മഹാനവമി ദിവസം മഹാലക്ഷ്മി ഭാവം പൂണ്ട മൂകാംബികാ അമ്മ തന്റെ ഭക്തർക്ക് സമ്പത്തും സമൃദ്ധിയും ചൊരിയുന്നു എന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. എല്ലാ ഭക്തരും തൊഴുതിറങ്ങിയ ശേഷം രാത്രി വളരെ വൈകി മാത്രമേ അന്ന് നടയടയ്ക്കുകയുള്ളു. പിറ്റേന്ന് വിജയദശമിനാളിൽ രാവിലെ മൂന്ന് മണിക്ക് വിദ്യാരംഭത്തിന്റെ ചടങ്ങുകൾ തുടങ്ങുന്നു. അന്ന് ആയിരക്കണക്കിന് കുരുന്നുകൾ മൂകാംബികാസന്നിധിയിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. അപ്പോൾ മൂകാംബികയെ മഹാസരസ്വതി ഭാവത്തിൽ ആരാധിക്കുന്നു. ഭഗവതിയെ സ്വർണ്ണ തേരിലും വെള്ളി തേരിലും എഴുന്നള്ളിക്കുന്ന ചടങ്ങുകളാണ് വിജയദശമി ദിവസത്തെ മറ്റൊരു പ്രധാന ചടങ്ങ്. വൈകിട്ട് നടക്കുന്ന വിജയയാത്രയോടെ നവരാത്രിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു.
ജ്യേഷ്ഠമാസത്തിലെ (മലയാളം കലണ്ടറിൽ ഇടവമാസം) (ജൂൺ/ ജൂലൈ മാസത്തിലെ) വെളുത്തപക്ഷത്തിലെ അഷ്ടമി ദിവസമാണ് മൂകാംബികാ ജന്മാഷ്ടമിയായി ആചരിച്ചുവരുന്നത്. മൂകാസുരവധത്തിനുശേഷം ദുർഗ്ഗാ ഭഗവതി ആദ്യമായി സ്വയംഭൂലിംഗത്തിൽ കുടികൊണ്ട ദിവസമാണ് ഇതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അന്നേദിവസം ദേവിയ്ക്ക് ശതരുദ്രാഭിഷേകവും പഞ്ചാമൃതാഭിഷേകവും രാത്രി പുഷ്പരഥോത്സവവും നടത്തപ്പെടുന്നു. നിരവധി ഭക്തരാണ് ഈ ദിവസം ക്ഷേത്രത്തിലെത്തുന്നത്. ജന്മാഷ്ടമി കഴിഞ്ഞാൽ മഹാനവമി വരെ രഥോത്സവങ്ങളുണ്ടാകാറില്ല.
കുടജാദ്രി മലകളിൽ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപർണിക. ഗരുഡൻ തന്റെ മാതാവായ വിനതയുടെ സങ്കടമോക്ഷാർത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കൽപം. ഗരുഡൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ "ഗരുഡ ഗുഹ" എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപർണിക നദിയിലെ സ്നാനം സർവ്വരോഗനിവാരണമായി കരുതി വരുന്നു. എന്നാൽ, ഈയടുത്ത കാലത്ത് നദി വല്ലാതെ മലിനമായിട്ടുണ്ട്. തന്മൂലം 2014-ലെ ആറാട്ട് ക്ഷേത്രത്തിനുസമീപം പ്രത്യേകം തീർത്ത കുളത്തിലേയ്ക്ക് മാറ്റിയിരുന്നു. എങ്കിലും, ക്ഷേത്രക്കമ്മിറ്റി മാലിന്യനിർമ്മാർജ്ജനപ്രക്രിയ മികച്ചരീതിയിൽ നടത്തിപ്പോരുന്നുമുണ്ട്. കുടജാദ്രി മലകളിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി 100 കിലോമീറ്ററിൽ കൂടുതൽ ദൂരം ഒഴുകി കുന്താപുരയിൽ വച്ച് അറബിക്കടലിൽ പതിയ്ക്കുന്നു. സൗപർണികാനദിയും അറബിക്കടലും ചേരുന്ന സ്ഥലത്ത് മനോഹരമായ പ്രകൃതിക്കാഴ്ചയാണ്.
മൂകാംബിക ക്ഷേത്രത്തിൽ നിന്നും കുറച്ചു കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രത്തിനു ഒരു ഐതിഹ്യം നിലവിലുണ്ട്. വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യഭഗവതിയായ മഹാസരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ വിഷമിച്ച ആദിശങ്കരൻ ഈ മലനിരകളിൽ തപസ്സു ചെയ്യുകയും ഈ തപസ്സിൽ പ്രസാദിച്ചു ഭഗവതി മഹാസരസ്വതീഭാവത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ കൂടെ ഭഗവതി വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിയ്ക്കണം എന്നും ആഗ്രഹം അറിയിയ്ക്കുകയും ചെയ്തു. ഇത് സമ്മതിച്ച ഭഗവതി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരൻ തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ഭഗവതി കൊല്ലൂരെത്തിയപ്പോൾ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിയ്ക്കുകയും ഇതിൽ സംശയാലുവായ ശങ്കരൻ തിരിഞ്ഞുനോക്കുകയും അങ്ങനെ മഹാസരസ്വതി അവിടെയുണ്ടായിരുന്ന ആദിപരാശക്തിയുടെ സ്വയംഭൂവിഗ്രഹത്തിൽ വിലയം പ്രാപിയ്ക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണ് സ്വയംഭൂവിനുപിറകിൽ ഭഗവതിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യർക്ക് നിർബന്ധമാണെങ്കിൽ കേരളത്തിൽ എറണാകുളം ജില്ലയിലുള്ള പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ പ്രഭാത സമയത്ത് താൻ കുടികൊള്ളാമെന്ന് ഭഗവതി അറിയിച്ചുവെന്നും കഥയുണ്ട്. തന്മൂലം മൂകാംബികാക്ഷേത്രത്തിൽ രാവിലെ നടതുറക്കുന്നത് ചോറ്റാനിക്കരയിൽ നടതുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞാണ്.
പലതരം സസ്യലതാതികളാലും സൗപർണികാ നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകൾ ഉള്ള ഒരു ഇടമാണ്. ഇവിടെ ആദിശങ്കരൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ചിത്രമൂല ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബികാദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തിൽ ഒരു ഭദ്രകാളി ക്ഷേത്രം കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി. അതികഠിനമായ ഈ മലനിരകൾ അംബാവനത്തിൽ മൂകാംബികയിൽ നിന്ന് നാല്പത് കിലോമീറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്നു. മൂകാംബികയിൽ നിന്ന് ചില ജീപ്പുകൾ ഇങ്ങോട്ട് സർവീസ് നടത്താറുണ്ട്.
ജമ്മു കശ്മീരിലെ ശരദ പീഠം എന്നും വിളിക്കപ്പെടുന്ന സർവ്വജ്ഞ പീoത്തിന് സമാനമായ സ്ഥലമാണ് ഇവിടം.ശ്രീ ആദി ശങ്കരാചാര്യൻ തന്റെ നീണ്ട ആത്മീയ യാത്രയിൽ ഇവിടെ വരികയും പ്രാർത്ഥിക്കുകയും ചെയ്ത
(ട്രെയിൻ നമ്പർ: 16346 തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി മേലെ കൊടുത്ത രണ്ട് സ്ഥലങ്ങളിൽ നിർത്തുന്നു. ട്രെയിൻ നമ്പർ: 16336 നാഗർകോവിൽ-ഗാന്ധിധം, ട്രെയിൻ നമ്പർ: 16334 തിരുവനന്തപുരം-വെരാവൽ, ട്രെയിൻ നമ്പർ: 16312 കൊച്ചുവേളി-ശ്രീഗംഗാനഗർ, ട്രെയിൻ നമ്പർ: 19259 കൊച്ചുവേളി-ഭാവനഗർ, ട്രെയിൻ നമ്പർ: 16338 എറണാകുളം-ഓഖ, ട്രെയിൻ നമ്പർ: 12977 മരുസാഗർ, ട്രെയിൻ നമ്പർ: 11098 എറണാകുളം-പൂനെ പൂർണ എക്സ്പ്രസ്സ് തുടങ്ങിയ കേരളത്തിൽ നിന്നുള്ള അനേകം തീവണ്ടികൾ ക്ഷേത്രത്തിന് അടുത്തുള്ള ബൈണ്ടൂർ മൂകാംബിക റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നു. മംഗലാപുരം-ഗോവ റൂട്ടിലുള്ള മറ്റ് ട്രെയിനുകളും ഇവിടെ നിർത്താറുണ്ട്. ബൈണ്ടൂരിൽ നിന്നും ഏതാണ്ട് മുപ്പത് മിനിറ്റ് ദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്, മരുസാഗർ, എറണാകുളം പുണെ സൂപ്പഫാസ്റ്റ് എക്സ്പ്രസ്സ് അടക്കമുള്ള പല ട്രെയിനുകളും ക്ഷേത്രത്തിന് അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷനായ കുന്താപുര സ്റ്റേഷനിൽ നിർത്താറുണ്ട്. ബസുകൾ, ടാക്സി എന്നിവ ലഭ്യമാണ്.) [2]
കേരളത്തിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും മൂകാംബികയിലേയ്ക്ക് ബസ് സർവ്വീസുകളുണ്ട്. കെ.എസ്ആ.ർ.ടി.സി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന് കൊല്ലൂരേക്ക് സർവീസ് നടത്തുന്നു. ഗുരുവായൂർ, ബെംഗളൂരു, കൊട്ടാരക്കര, കണ്ണൂർ, തിരുവനന്തപുരം,ആലപ്പുഴ എന്നീ സ്ഥലങ്ങളിലേക്കു ഇവിടെനിന്നു നേരിട്ടു ബസ് സർവീസ് ഉണ്ട്. മംഗലാപുരത്ത് നിന്നും NH 66 പാത വഴി ഏകദേശം 130 കിലോമീറ്റർ റോഡ് വഴി സഞ്ചരിച്ചാലും ഈ ക്ഷേത്രത്തിലെത്താം. മംഗലാപുരത്തുനിന്നും ക്ഷേത്രത്തിലേക്ക് ധാരാളം ബസുകൾ സർവീസ് നടത്താറുണ്ട്. അനേകം ബസുകൾ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് സർവീസ് നടത്തുന്നു. കെ.എസ്ആ.ർ.ടി.സി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന് കൊല്ലൂരേക്ക് സർവീസ് നടത്തുന്നുണ്ട്.
കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് ബംഗളൂരു വഴി പ്രതിദിനം 14 കണക്റ്റിംഗ് ഫ്ലൈറ്റുകളാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ, അലയൻസ് എയർ, ആകാശ എയർ, എയർ ഏഷ്യ, ഗോ ഫസ്റ്റ് എന്നിവയാണ് ഈ റൂട്ടി ലെ ചില പ്രധാന എയർലൈനുകൾ.
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ബംഗളൂരു വഴി പ്രതിദിനം അഞ്ച് കണക്റ്റിംഗ് ഫ്ലൈറ്റുകളാണ് സർവീസ് നടത്തുന്നത്. ഇൻഡിഗോയും എയർ ഇന്ത്യയുമാണ് ഈ റൂട്ടിലെ ചില പ്രധാന എയർലൈനുകൾ.[3]
കൊല്ലൂർ മൂകാംബികാക്ഷേത്രത്തിനും മൂകാംബികാ ദേവിയ്ക്കും കേരളീയരോടുള്ള അടുപ്പത്തെക്കുറിച്ച് ധാരാളം കഥകളുണ്ട്. മൂകാംബികാ സന്നിധിയിൽ നിത്യവും മലയാളികളുടെ ഒരു പ്രവാഹമാണ്. ഇവരിൽ പലരും കലാരംഗത്തുനിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്. ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ത്രിമധുരം തദ്ദേശീയരെക്കാൾ കൂടുതൽ മലയാളികൾക്ക് പ്രിയങ്കരമാണെന്നും ഇത് കഴിച്ച മലയാളികൾക്ക് അത്ഭുതസിദ്ധിയുണ്ടാകുമെന്നും വിശ്വസിയ്ക്കപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി തദ്ദേശീയരായ പൂജാരിമാർ പൂജ കഴിഞ്ഞാൽ കിണറ്റിലിട്ടു പോകുന്നത് പതിവായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധകൃതിയായ ഐതിഹ്യമാലയിൽ ഇത്തരത്തിൽ ത്രിമധുരം അകത്താക്കി അത്ഭുതസിദ്ധി നേടിയ രണ്ട് വ്യക്തികളുടെ കഥ പറയുന്നുണ്ട്. ഒരാൾ സരസകവിയായിരുന്ന മുട്ടസ്സ് നമ്പൂതിരിയും മറ്റേയാൾ വാദ്യപ്രതിഭയായിരുന്ന മുണ്ടേമ്പിള്ളി കൃഷ്ണമാരാരുമാണ്. പക്ഷേ ഇരുവരും ഇത് കള്ളത്തരത്തിലൂടെയാണ് സ്വന്തമാക്കിയത്. തന്മൂലം ഇവർക്ക് പ്രവൃത്തിയിൽ വികടതയുണ്ടാകുകയും ചെയ്തു. ഇതുപോലെ നിരവധി കഥകൾ കേരളീയരുമായി ബന്ധപ്പെട്ട് മൂകാംബികാക്ഷേത്രത്തിൽ പ്രചരിയ്ക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ തന്നെ മൂകാംബികാ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില ക്ഷേത്രങ്ങളുണ്ട്. അവയിൽ ചിലതിന് ദക്ഷിണമൂകാംബിക എന്ന അപരനാമവുമുണ്ട്. അത്തരത്തിൽ ചില ക്ഷേത്രങ്ങളാണ് താഴെ ചേർക്കുന്നത്.
കോട്ടയം ജില്ലയിൽ പനച്ചിക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം. ഇവിടത്തെ പ്രധാനപ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും മഹാസരസ്വതീക്ഷേത്രമായാണ് ഇതിനെ പരിഗണിച്ചുവരുന്നത്. ഐതിഹ്യമനുസരിച്ച് പനച്ചിക്കാട്ടെ കീഴുപുറം നമ്പൂതിരിയോടൊപ്പം ഓലക്കുടയിൽ കയറിവന്ന മൂകാംബികാദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഒരിയ്ക്കലും വറ്റാത്ത ഒരു കൊച്ചുകുളവും അതിനടുത്ത് ഒരു വള്ളിപ്പടർപ്പുമുണ്ട്. ആ വള്ളിപ്പടർപ്പിനകത്തെ ഒരു പ്രത്യേക ദ്വാരത്തിലാണ് ദേവീപ്രതിഷ്ഠ. എന്നാൽ, പൂജാവിധികൾ ഇതിന് അഭിമുഖമായ പൂജാവിഗ്രഹത്തിലാണ് നടത്തിപ്പോരുന്നത്. ഈ വള്ളിപ്പടർപ്പുകളിലൊന്ന് മറ്റൊരിടത്തും കാണാനാകാത്ത സരസ്വതീലതയാണെന്ന് വിശ്വസിച്ചുപോരുന്നു. അതിനാൽ, പ്രതിഷ്ഠയ്ക്ക് ദിവ്യത്വം കല്പിച്ചുപോരുന്നു. ദേവീവിഗ്രഹത്തിൽ നിന്നൊഴുകിവരുന്ന നീരുറവ അടുത്തുള്ള കൊടൂരാറ്റിലെത്തിച്ചേരുന്നു എന്നാണ് വിശ്വാസം. പ്രധാന ക്ഷേത്രത്തിലെ മഹാവിഷ്ണു കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്ക് പ്രതിഷ്ഠകളുണ്ട്. കീഴുപുറം, കരുനാട്ട്, കൈമുക്ക് എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ത്രിമധുരവും സാരസ്വതഘൃതവുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. മഹാനവമിയൊഴികെ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്. നവരാത്രിയാണ് ഈ ക്ഷേത്രത്തിലെയും പ്രധാന ഉത്സവം.
എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ആദിശക്തി മാതാവായ ശ്രീ മൂകാംബികാദേവിയാണ്. ഐതിഹ്യമനുസരിച്ച് ഇവിടെയുള്ള ദേവി, തികഞ്ഞ മൂകാംബികാഭക്തനായിരുന്ന പറവൂർ തമ്പുരാന്, പ്രായാധിക്യം കാരണം മൂകാംബികാദർശനം നടത്താൻ സാധിയ്ക്കാതായപ്പോൾ ഇവിടെ വന്ന് കുടികൊള്ളുകയായിരുന്നു. ഒരു കൊച്ചു താമരക്കുളവും അതിന് നടുവിൽ കെട്ടിപ്പൊക്കിയ ഒരു കൊച്ചുശ്രീകോവിലുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങൾ. ഈ ശ്രീകോവിലിൽ വിദ്യാസ്വരൂപിണിയായ ശ്രീമൂകാംബികാദേവി സരസ്വതീഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഗണപതി, സുബ്രഹ്മണ്യൻ, മഹാവിഷ്ണു, ഹനുമാൻ, നാഗദൈവങ്ങൾ, യക്ഷി എന്നിവരാണ് ഈ ക്ഷേത്രത്തിലെ ഉപദേവതകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം കയ്യാളുന്നത്. മകരമാസത്തിലെ ഉത്രട്ടാതി ആറാട്ടായുള്ള പത്തുദിവസത്തെ ഉത്സവവും നവരാത്രിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. മഹാനവമിയൊഴികെ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്.
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. സാക്ഷാൽ മഹാലക്ഷ്മി മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ദേവി മൂന്നു ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിക്കപ്പെടുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ മഹാസരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുർഗ്ഗാഭഗവതിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. ഈ മൂന്നുഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കരയമ്മയെ ആദിപരാശക്തി അല്ലെങ്കിൽ രാജരാജേശ്വരീ സങ്കല്പത്തിലാണ് ആരാധിയ്ക്കുന്നത്. ഐതിഹ്യമനുസരിച്ച് വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയ്ക്ക് ഒരു ക്ഷേത്രം പോലുമില്ലാത്തതിൽ ദുഃഖിച്ച ശങ്കരാചാര്യർ, കുടജാദ്രിയിൽ പോയി ദേവിയെ തന്റെ നാട്ടിലേയ്ക്ക് കൊണ്ടുപോരുന്ന വഴിയിൽ ഇടയ്ക്കുവച്ച് ദേവിയുടെ കാലൊച്ച നിലച്ചുപോയെന്നും തിരിഞ്ഞുനോക്കരുതെന്ന വ്യവസ്ഥ ലംഘിച്ച് ശങ്കരാചാര്യർ തിരിഞ്ഞുനോക്കിയപ്പോൾ ദേവി പാറയായതായി അറിയുകയും തുടർന്ന് പ്രാർത്ഥിച്ച് പ്രത്യക്ഷപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ കൂടെ പോരാനാകില്ലെന്ന് ദേവി പറയുകയും എന്നാൽ അത്രയും നിർബന്ധമാണെങ്കിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ കുടികൊള്ളാമെന്നും അതുകഴിഞ്ഞേ മൂകാംബികയിലെത്തൂ എന്നും ദേവി അറിയിയ്ക്കുകയും ചെയ്തു. ഇന്നും മൂകാംബികാ ക്ഷേത്രത്തിൽ നടതുറക്കുന്നത് രാവിലെ അഞ്ചുമണിയ്ക്കാണ്. ചോറ്റാനിക്കരയിൽ രാവിലെ നാലുമണിയ്ക്ക് നടതുറന്ന് നിർമ്മാല്യവും അഭിഷേകവും നിവേദ്യവും കഴിഞ്ഞാണിത്.
ചോറ്റാനിക്കരയിൽ രണ്ട് ക്ഷേത്രങ്ങളുണ്ട്. ഉയരത്തിലുള്ള പ്രധാന ക്ഷേത്രം മേൽക്കാവ് എന്നും അവിടെ നിന്ന് താഴെക്കിടക്കുന്ന കൊച്ചു ക്ഷേത്രം കീഴ്ക്കാവ് എന്നും അറിയപ്പെടുന്നു. പ്രാചീന കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ രണ്ടും ഉൾപ്പെടുന്നുണ്ട്. മേൽക്കാവിലെ പ്രതിഷ്ഠ സരസ്വതി, ലക്ഷ്മി, ദുർഗ്ഗ, കാളി, പാർവ്വതി തുടങ്ങി എല്ലാ ദേവീസങ്കല്പങ്ങളുടെയും സംഗമമായി കണക്കാക്കപ്പെടുന്നു. കീഴ്ക്കാവിലേത് അത്യുഗ്രഭാവത്തിലുള്ള ഭദ്രകാളിയാണ്. മേൽക്കാവിലെ പ്രതിഷ്ഠ വിശേഷാൽ ആകൃതിയൊന്നുമില്ലാത്ത സ്വയംഭൂവായ ഒരു ശിലയാണ്. ഇത് രുദ്രാക്ഷശിലയാണെന്ന് വിശ്വസിച്ചുവരുന്നു. നിർമ്മാല്യസമയത്തുമാത്രമേ ഇത് കാണാനാകൂ. അല്ലാത്തപ്പോഴെല്ലാം സ്വർണ്ണഗോളക ചാർത്തിയ രൂപമാണ് പുറത്ത് കാണാനുക. ശ്രീരത്നാങ്കിതപീഠത്തിൽ കാലുകൾ രണ്ടും താഴോട്ടിട്ടിരിയ്ക്കുന്ന ചതുർബാഹുവായ ദേവിയുടെ രൂപമാണിത്. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവി, മുന്നിലെ ഇടതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുകയും വലതുകൈ കൊണ്ട് ഭക്തഹൃദയങ്ങൾ സ്വീകരിയ്ക്കുകയും ചെയ്യുന്നു. ദേവീവിഗ്രഹത്തിന്റെ വലതുവശത്ത് കൃഷ്ണശിലയിൽ മഹാവിഷ്ണുസാന്നിദ്ധ്യവുമുണ്ട്. ഇതുമൂലം അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ എന്നാണ് ഇവിടെ വരുന്ന ഭക്തർ ജപിയ്ക്കുന്നത്. കീഴ്ക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവർക്കും സന്നിധികളുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവർക്ക് ചോറ്റാനിക്കര ഭജനം ഉത്തമമായി കണക്കാക്കപ്പെടുന്നു. അതിനാൽ നിരവധി മനോരോഗികൾ ക്ഷേത്രത്തിൽ നിത്യേന വരാറുണ്ട്. കീഴ്ക്കാവിൽ രാത്രി നടക്കുന്ന ഗുരുതി പൂജ വളരെ വിശേഷമാണ്. എല്ലാ മാനസികാസ്വസ്ഥ്യങ്ങളും ഗുരുതിയോടെ തീരും എന്നാണ് വിശ്വാസം. ബാധോപദ്രവമുള്ളവർ ഈ സമയത്ത് ഉറഞ്ഞുതുള്ളുന്നതും അങ്ങനെ ഒഴിഞ്ഞുപോകുന്ന ബാധകൾ അടുത്തുള്ള പാലമരത്തിൽ ആണിയടിച്ച് കയറ്റുന്നതും ശ്രദ്ധേയമാണ്. കൂടാതെ ഉദയാസ്തമനപൂജ, അന്നദാനം, പട്ടും താലിയും ചാർത്തൽ, നെയ്പായസം, വെടിവഴിപാട് തുടങ്ങിയവയും ക്ഷേത്രത്തിൽ പ്രധാനമാണ്. കുംഭമാസത്തിൽ രോഹിണിനാളിൽ കൊടികയറി ഉത്രം നാളിൽ വലിയ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ പ്രധാനം. ഇതിനിടയിൽ വരുന്ന മകം തൊഴൽ ഏറ്റവും സവിശേഷമായ പ്രാധാന്യം അർഹിയ്ക്കുന്നു. ഈ ദിവസം നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. മംഗല്യസൗഭാഗ്യത്തിന് മകം തൊഴൽ വിശേഷമാണെന്ന് വിശ്വസിച്ചുവരുന്നു. കൂടാതെ വൃശ്ചികത്തിലെ തൃക്കാർത്തികയും നവരാത്രിയും വിശേഷങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡ് വകയാണ് ഈ മഹാക്ഷേത്രം.
കണ്ണൂർ ജില്ലയിൽ കണ്ണൂർ നഗരത്തിന് വടക്കുഭാഗത്ത് കണ്ണൂർ കോർപ്പറേഷനിൽ തന്നെ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പള്ളിക്കുന്ന് മൂകാംബികാക്ഷേത്രം. പുരാതന കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതും പരശുരാമനാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കണ്ണൂർ സെൻട്രൽ ജയിലിന് സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവതയായ മൂകാംബികാദേവി പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ആദ്യകാലത്ത് ദുർഗ്ഗയായിത്തന്നെയായിരുന്നു ആരാധനയെന്നും പിൽക്കാലത്ത് സരസ്വതീഭാവം കൊണ്ടുവരികയായിരുന്നുവെന്നുമാണ് കഥ. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവപാർവതിമാർ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവരിൽ ഭദ്രകാളിയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട്. കേരളത്തിലെ പുരാതന മാന്ത്രികകുടുംബമായ കാട്ടുമാടം മന വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം. കൃഷ്ണഗാഥയുടെ കർത്താവായ ചെറുശ്ശേരി നമ്പൂതിരി ഇവിടത്തെ ശാന്തിക്കാരനായിരുന്നുവെന്ന് പറയപ്പെടുന്നു. മീനമാസത്തിൽ രോഹിണിനാളിൽ കൊടികയറി നടക്കുന്ന ഒമ്പതുദിവസത്തെ ഉത്സവവും അതിനിടയിൽ വരുന്ന പൂരംകുളിയുമാണ് ഇവിടത്തെ പ്രധാന ആഘോഷം. നവരാത്രിയും അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. [4]
കേരളത്തിലെ അറിയപ്പെടുന്ന മറ്റൊരു ദേവീക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന മലയാലപ്പുഴ ദേവീക്ഷേത്രം. അത്യുഗ്രദേവതയായ ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠയെങ്കിലും മൂകാംബികാചൈതന്യം കൂടി സങ്കല്പിച്ചുവരുന്നു. ഐതിഹ്യമനുസരിച്ച്, ഇവിടത്തുകാരായ രണ്ട് നമ്പൂതിരിമാർ, കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ പോയി ദീർഘകാലം ഭജനമിരുന്നപ്പോൾ അവരുടെ പ്രാർത്ഥനയിൽ സംപ്രീതയായി അമ്മ മലയാലപ്പുഴയിൽ എത്തിച്ചേരുകയായിരുന്നു. എന്നാൽ, എന്തോ കാരണം കൊണ്ട് ഇവിടെ ദേവി ഭദ്രകാളി സങ്കല്പത്തിലാകുകയായിരുന്നു. തുടർന്ന് കടുശർക്കരയോഗക്കൂട്ടിൽ വിഗ്രഹം പണിത് ഇവിടെ പ്രതിഷ്ഠിയ്ക്കുകയായിരുന്നത്രേ. ഏകദേശം ആറടി ഉയരം വരുന്ന ഇവിടത്തെ വിഗ്രഹം കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഉപദേവതകളായി ഗണപതി, ശിവൻ, മുഹൂർത്തി, മലദൈവങ്ങൾ തുടങ്ങിയവർക്കും പ്രതിഷ്ഠകളുണ്ട്. ഇവരിൽ സ്വയംഭൂവായ ശിവന്ന് പ്രത്യേക പ്രാധാന്യമുണ്ട്. എന്നും വളർന്നുകൊണ്ടിരിയ്ക്കുന്ന ശിവലിംഗമാണ് ഇവിടെയുള്ളത്. തന്മൂലം, ഇവിടെ ശ്രീകോലിൽ പണിതിട്ടില്ല. എന്നും പൂക്കുന്ന ഒരു കൊന്നമരം ഇവിടെയുണ്ട്. അതിന് ചുവട്ടിലാണ് ശിവപ്രതിഷ്ഠ. പാർവതീദേവിയുടെ മടിയിലിരിയ്ക്കുന്ന രൂപത്തിലുള്ള ഗണപതിഭഗവാന്റെ പ്രതിഷ്ഠയും ശ്രദ്ധേയമാണ്. അഞ്ചുമലകളുടെ സംരക്ഷകയാണ് മലയാലപ്പുഴയമ്മ എന്നൊരു വിശ്വാസമുണ്ട്. ഇവിടങ്ങളിലെല്ലാം മലദൈവങ്ങളെ കുടിയിരുത്തിയിട്ടുണ്ട്. തന്മൂലം, പ്രകൃത്യാ തന്നെ മൂകാംബികാക്ഷേത്രവുമായി ബന്ധം വരുന്ന ക്ഷേത്രമാണിത്. കുംഭമാസത്തിൽ തിരുവാതിര നാളിൽ കൊടിയേറി നടക്കുന്ന പതിനൊന്നുദിവസത്തെ ഉത്സവം, നവരാത്രി, തൃക്കാർത്തിക, മകരപ്പൊങ്കാല തുടങ്ങിയവയാണ് ഇവിടെ വിശേഷദിവസങ്ങൾ. അഞ്ചുപൂജകളുള്ള ഇവിടെ അടിമറ്റത്ത് മനയ്ക്കാണ് തന്ത്രാധികാരം. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് ക്ഷേത്രഭരണം.
മൂകാംബികാ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന മറ്റൊരു കേരളീയക്ഷേത്രമാണ് തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഉത്രാളിക്കാവ് ശ്രീ മഹാകാളിക്ഷേത്രം. ഉഗ്രദേവതയായ ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച്, വടക്കാഞ്ചേരിയിലെ വലിയ ഭൂവുടമയായിരുന്ന കേളത്തച്ചൻ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ പോയി ഭജനമിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറി ഇവിടെ വന്നതാണ് ഇവിടെയുള്ള രുധിര മഹാകാളി. അകമല താഴ്വരയിലെ പാടത്ത് സ്വയംഭൂവായി ദേവി അവതരിച്ചു. പിൽക്കാലത്തെന്നോ ഒരിയ്ക്കൽ ഇവിടെ പുല്ലുചെത്താൻ വന്ന ഒരു പുലയസ്ത്രീ, തന്റെ അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അതിൽ നിന്ന് രക്തപ്രവാഹമുണ്ടാകുകയും, തുടർന്ന് പ്രശ്നവിധിയിൽ ദേവീസാന്നിദ്ധ്യം കണ്ടതിനെത്തുടർന്ന് ക്ഷേത്രം പണിയുകയുമായിരുന്നു. മൂകാംബികയിൽ നിന്നുവന്ന് കുടികൊണ്ടതായിട്ടും എന്തോ കാരണം കൊണ്ട് ദേവി രുധിര മഹാകാളിയായി മാറുകയായിരുന്നു. രുധിരമഹാകാളിക്കാവ്, പിന്നീട് ഉതിരകാളിക്കാവും അവസാനം ഉത്രാളിക്കാവുമായി ലോപിച്ചു എന്നാണ് കഥ.
കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയ്ക്കും റെയിൽപ്പാതയ്ക്കുമിടയിൽ, പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഉത്രാളിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരുവശത്ത് അകമല നിരകളും മറുവശത്ത് നെൽപ്പാടങ്ങളുമാണ്. പ്രധാനദേവതയായ ഭദ്രകാളി, സ്വയംഭൂവായ ശിലയിൽ പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നു. ഇവിടെ ഉപദേവതകളില്ല എന്നൊരു വലിയ പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്. മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രാധികാരം സ്രാമ്പിയ്ക്കൽ മഠം എന്നുപേരുള്ള ഒരു തമിഴ് ബ്രാഹ്മണകുടുംബത്തിനാണ്. കേരളത്തിൽ തമിഴ് ബ്രാഹ്മണർക്ക് തന്ത്രാധികാരമുള്ള ഏക ക്ഷേത്രമാണിത്. മുമ്പ് ഇവിടെ തന്ത്രിയായിരുന്ന നമ്പൂതിരി കുടുംബം അന്യം നിന്നുപോയപ്പോഴാണ് ഈ കുടുംബത്തിന് അവകാശം ലഭിച്ചത്. കുംഭമാസത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച നടക്കുന്ന ഉത്രാളിക്കാവ് പൂരമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കേരളത്തിലെ ഏറ്റവും വലിയ പൂരങ്ങളിലൊന്നാണ് ഉത്രാളിക്കാവ് പൂരം. നവരാത്രിയും അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.