From Wikipedia, the free encyclopedia
മദ്ധ്യകാല യൂറോപ്പിൽ വിശാലമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത ഭരണാധികാരിയായിരുന്നു ഷാലമീൻ (ഇംഗ്ലീഷ്: Charlemagne ഷാർലിമെയ്ൻ, ലത്തീൻ: Carolus Magnus കാറോലുസ് മഗ്നുസ്, അർഥം: മഹാനായ ചാൾസ്). (ജനനം: ക്രി.വ. 742; മരണം: 814 ജനുവരി 28) ആദ്യകാലത്ത് ഫ്രാങ്കുകളുടെ രാജാവായിരുന്ന ഇദ്ദേഹം തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുകയും റോമൻ ചക്രവർത്തി എന്ന പദവി സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിൽ പടിഞ്ഞാറൻ യൂറോപ്പിന്റെയും മധ്യ യൂറോപ്പിന്റെയും മിക്ക ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. റോം കേന്ദ്രമായി പാശ്ചാത്യ റോമാ സാമ്രാജ്യവും , '''കോൺസ്റ്റാന്റിനോപ്പിൾ''' ഇന്നത്തെ '''ഇസ്താംപൂൾ''' കേന്ദ്രമായി പൗരസ്ത്യ റോമാ സാമ്രാജ്യവുമായി '''ഡയോക്ലീഷ്യൻ''' എന്ന റോമൻ ചക്രവർത്തി സി.ഇ നാലാം നൂറ്റാണ്ടിൽ സാമ്രാജ്യ വിസ്തൃതി ഭരണപരമായ അസൗകര്യം സൃഷ്ടിച്ചു എന്ന കാരണത്താൽ വിഭജിച്ചിരുന്നു. റോം കേന്ദ്രമായിരുന്ന പശ്ചിമ റോമാ സാമ്രാജ്യം ജർമ്മൻക്കാരായ ഗോത്രവർഗ്ഗക്കാരുടെ നിരന്തരമായ ആക്രമണത്താൽ തകർന്നു. ഈ ഗോത്രവർഗ്ഗക്കാരുടെ ഒരു വിഭാഗമായിരുന്നു ഫ്രാങ്കുകൾ. റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ നാടോടികളായിരുന്ന ഈ ആക്രമണകാരികൾ കൈയടക്കി. ഇവർ പശ്ചിമ റോമാ സാമ്രാജ്യം പൂർണമായും തകർത്തു. ഇതിന് ശേഷം ഫ്രാങ്കുകൾ ഒരു സാമ്രാജ്യം സ്ഥാപിച്ചു. ഫ്രാങ്കുകൾ സ്ഥാപിച്ച സാമ്രാജ്യമാണ് '''ഫ്രാങ്കിഷ് സാമ്രാജ്യം'''. ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തി കരോലിൻജിയൻ വംശജനായ ഷാലമീൻ ആയിരുന്നു. പൗരസ്ത്യ റോമാ സാമ്രാജ്യത്തിനേക്കാൾ വിസ്തൃതമായിരുന്നു ഷാലമീന്റെ സാമ്രാജ്യം. കൃസ്തീയ കത്തോലിക മതമേധാവിയായ (മാർപ്പാപ്പ) '''പോപ്പ് ലിയോ മൂന്നാമൻ''' നെ നാടോടികളായ ലൊമ്പാർഡുകൾ (The Lombards) എന്ന ആക്രമണകാരികളിൽ നിന്നും ഷാലമീൻ രക്ഷിച്ചു. ഇതിന് പ്രത്യുപകാരമായി ആദർശക്രിസ്തീയ സാമ്രാട്ടായി ഘോഷിക്കപ്പെട്ട ഷാലമീനെ, പോപ്പ് ലിയോ മൂന്നാമൻ മാർപ്പാപ്പ വിശുദ്ധറോമാസാമ്രാട്ടായി കിരീടധാരണം നടത്തി. തുടർന്ന് ഫ്രാങ്കിഷ് സാമ്രാജ്യം '''വിശുദ്ധ റോമാ സാമ്രാജ്യം''' എന്നറിയപ്പെട്ടാൻ തുടങ്ങി. പാശ്ചാത്യ യൂറോപ്പിനെ മാത്രമല്ല മധ്യകാലത്തെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പടയോട്ടങ്ങളും ആഭ്യന്തര ഭരണപരിഷ്കാരങ്ങളും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
സമർഥനായ യുദ്ധവീരനും കഴിവുറ്റ ഭരണകർത്താവുമായിരുന്നു ഷാലമീൻ ചക്രവർത്തി. പശ്ചിമ യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളെയും അദ്ദേഹം തന്നെ അധീനതയിൽ കൊണ്ടുവന്നു. രാഷ്ട്രീയസഖ്യങ്ങളിലൂടെയും വൈവാഹിക ബന്ധങ്ങളിലൂടെയും ഫ്രാങ്കിഷ് സാമ്രാജ്യവിസ്തൃതി ഷാലമീൻ വർധിപ്പിച്ചു. സാമ്രാജ്യത്തിൽ കേന്ദ്രീകൃതമായ ഭരണം ഷാലമീൻ കൊണ്ടുവന്നു. പ്രാദേശിക ഭരണം കൗണ്ടുകൾ എന്നറിയപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. കൗണ്ടുകളുടെ പ്രവർത്തനം പരിശോധിക്കാൻ '''മിസൈ ഡൊമിനിസി''' എന്ന രഹസ്യ വിഭാഗത്തെ ഷാലമീൻ രഹസ്യമായി നിയമിച്ചു. സാധുജനങ്ങൾക്കായി ദുരിതാശ്വാസനിധികൾ ഷാലമീൻ ആരംഭിച്ചു. ഷാലമീന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ (വിദ്യാലയങ്ങൾ) തുടങ്ങി. അതിനെത്തുടർന്നുണ്ടായ വൈജ്ഞാനികപുനരുത്ഥാനം കരോലിൻജിയൻ നവോത്ഥാനം എന്നറിയപ്പെടുന്നു.
ജർമനിയുടെയും ഫ്രാൻസിന്റെയും വിശുദ്ധ റോമാസാമ്രാജ്യത്തിന്റെയും ഭരണാധികാരികാരികളുടെ ശ്രേണിയിൽ അദ്ദേഹത്തെ ചാൾസ് ഒന്നാമൻ എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കത്തോലിക്കാസഭയോട് ഉദാരനയം സ്വീകരിച്ചിരുന്ന പിതാവിന്റെ പാത പിന്തുടർന്ന അദ്ദേഹം പോപ്പിന്റെ അധികാരത്തിന്റെ സംരക്ഷകനായി. ഫ്രഞ്ച്, ജർമ്മൻ രാജകുടുംബങ്ങളുടെ സ്ഥാപകനെന്നതിനുപരി, യൂറോപ്പിന്റെതന്നെ പിതാവായി ചിലപ്പോഴൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.[1] പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം യൂറോപ്പിന്റെ മിക്കഭാഗങ്ങളും ഒരു ഏകീകൃത ഭരണസംവിധാനത്തിനു കീഴിൽ വന്നത് കാറൽമാന്റെ കാലത്താണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് നാന്ദികുറിച്ച കരോളിനിയൻ നവോത്ഥാനമാണ് ഇന്നു കാണുന്ന യൂറോപ്യൻ സംസ്കാരികസ്വത്വത്തെ രൂപപ്പെടുത്തിയത് എന്നു ചിലർ അഭിപ്രായപ്പെടുന്നു.[2]
ഷാലമീന്റെ മരണത്തോടെ ഫ്രാങ്കിഷ് സാമ്രാജ്യം വിഭജിക്കപ്പെടുകയും കാലക്രമേണ ശിഥിലമാവുകയും ചെയ്തു.
തന്റെ മുത്തച്ഛനായ കാർലെസ് മാർട്ടലിന്റെ പേരിൽ നിന്നാണ് അദ്ദേഹത്തിനു പേര് ലഭിച്ചത്. "കാർലാസ്" എന്ന ജർമാനിക് പദത്തിന്റെ അർത്ഥം "സാധാരണക്കാരൻ"[3] എന്നാണെങ്കിലും അദ്ദേഹത്തിന്റെ പേരിന്റെ ആദ്യരൂപം ലത്തീനിൽ "കാറോലുസ്" എന്നായിരുന്നു. "കാർലെ ലെ മാഗ്നെ" എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം "മഹാനായ കാർലെ" എന്നാണ്. അദ്ദേഹത്തിന്റെ ചരിത്രമായി സങ്കല്പിക്കപ്പെടുന്ന "ഷാലമീൻ ചരിതം" ചവിട്ടുനാടകം പ്രസിദ്ധമാണ്.[4] ഇതിൽ നിന്നാണ് "ഷാലമീൻ" എന്ന പേര് മലയാളത്തിൽ പ്രചരിച്ചത്.
ഫ്രാങ്കിഷ് രാജ്ഞിയായിരുന്ന ബെർത്രാദായുടെയും പെപ്പിൻ രാജാവിന്റെയും പുത്രനായി അജ്ഞതമായ ഒരു സ്ഥലത്തു ജനിച്ച ഷാലമീന്റെ ഭാഷയും പൈതൃകവും ജർമാനിക് ആയിരുന്നു. ഏറെ വിദ്യാഭ്യാസത്തിനൊന്നും അവസരം കിട്ടാതിരുന്ന അദ്ദേഹത്തിന് പഴയ ട്യൂട്ടോണിക്, ലത്തീൻ ഭാഷകൾ സംസാരിക്കാനും ഗ്രീക്കു ഭാഷ മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. വാർദ്ധക്യത്തിൽ എഴുത്തു ശീലിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വലിയ പുരോഗതി നേടാനായില്ല.
പിതാവിന്റെ അനന്തരാവകാശിയായി സഹോദരൻ കാർലോമാൻ ഒന്നാമനോടൊപ്പം ക്രി.വ. 768-ൽ ഷാലമീൻ ഭരണമേറ്റെടുത്തു. ഇന്നത്തെ ജർമ്മനിയിലെ ഏറ്റവും പടിഞ്ഞാറുള്ള നഗരമായ ആക്കൻ ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. ഷാലമീനുമായി നല്ല ബന്ധത്തിലല്ലായിരുന്ന സഹോദരൻ 771-ൽ മരണമടഞ്ഞതിനെ തുടർന്ന്, ഷാലമീൻ പിതാവിന്റെ സിംഹാസനത്തിന്റെ ഏക അവകാശിയായിത്തീർന്നു. രണ്ടു വർഷത്തിനകം, തന്റെ അധികാരസീമയിൽ പെട്ട പ്രദേശങ്ങൾ ആക്രമിച്ച വടക്കൻ ഇറ്റലിയിലെ നാടോടികളായിരുന്ന ആക്രമകാരികളായ ലൊംബാർഡുകൾക്കെതിരെ ഹാഡ്രിയൻ രണ്ടാമൻ മാർപ്പാപ്പ ഷാലമീന്റെ സഹായം ആവശ്യപ്പെട്ടു. തുടർന്നു ലൊംബാർഡുകളെ ആക്രമിച്ചു കീഴടക്കിയ ഷാലമീൻ സഭയുടെ സംരക്ഷകനായി ചുമതലയേറ്റു. തുടർന്ന് ഒന്നിനൊന്നായ സൈനികനീക്കങ്ങളിൽ തന്റെ ഭരണസീമ വികസിപ്പിച്ച അദ്ദേഹം കിഴക്ക് വിസ്റ്റുല നദി മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം വരേയും വടക്ക് ബാൾട്ടിക്ക് ഉൾക്കടൽ മുതൽ തെക്ക് പിരണീസ് പർവതം വരേയും ഉള്ള പ്രദേശങ്ങളുടേയും അധിപനായി. കീഴടക്കിയ പ്രദേശങ്ങൾ മിക്കവയും അദ്ദേഹം ക്രൈസ്തവീകരിച്ചു. ഇക്കാര്യത്തിൽ ഷാലമീൻ പലപ്പോഴും നിഷ്ഠൂരമായ നടപടികൾ കൈക്കൊണ്ടു. ഒരു ദിവസം തന്നെ 4500 സാക്സൻ വിമതന്മാരെ വാളിനിരയാക്കിയ അദ്ദേഹം, സാക്സണിയിലെ ജനങ്ങളോട് "മാമ്മോദീസാ മുങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക അതുമല്ലെങ്കിൽ ജ്ഞാനസ്നാനം" എന്നിവയിലൊരു വഴി തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്.[5][6]
ഷാലമീന്റെ സാമ്രാജ്യത്തിൽ ഇന്നത്തെ ഫ്രാൻസ്, ബെൽജിയം, ഹോളണ്ട്, സ്വിറ്റ്സർലാന്റ്, ജർമ്മനിയുടെ പകുതി, ഇറ്റലിയുടെ പകുതി എന്നിവ ഉൾപ്പെട്ടിരുന്നു. അതിന്റെ തെക്കു പടിഞ്ഞാറേ അതിർത്തി അറബികളുടെ ഭരണത്തിലിരുന്ന സ്പെയിനിനെ തൊട്ടു നിന്നു. വടക്കു കിഴക്കു ഭാഗത്ത് സ്ലാവുകളുടേയും മറ്റു ഗോത്രവർഗ്ഗക്കാരുടേയും പ്രദേശങ്ങളായിരുന്നു; വടക്ക് ഡേനുകളേപ്പോലുള്ള ഉത്തരഗോത്രങ്ങളും, തെക്ക് ബൾഗേറിയാക്കാരും സെർബിയാക്കാരും, അതിനപ്പുറം കോൺസ്റ്റാന്റിനോപ്പിൾ ആസ്ഥാനമാക്കിയ കിഴക്കൻ റോമാസാമ്രാജ്യവും ആയിരുന്നു.[7] ഈ സാമ്രാജ്യം, കാടത്തത്തിന്റെ വിവിധ അവസ്ഥകളിലിരുന്ന ഒട്ടേറെ ഫ്യൂഡൽ ജർമ്മൻ രാജ്യങ്ങളുടെ സങ്കീർണ്ണസമൂഹമായിരുന്നു. അതിൽ റൈൻ നദിയുടെ കിഴക്കു ഭാഗത്തുള്ള പ്രദേശങ്ങളിലെ ജനതകൾ അവരുടെ ജർമ്മൻ മൊഴി നിലനിർത്തി. പടിഞ്ഞാറു ഭാഗത്തുള്ളവർ സംസാരിച്ചിരുന്ന ലത്തീനീകരിക്കപ്പെട്ട നാട്ടുഭാഷകളുടെ ഒന്നു ചേരൽ ഫ്രഞ്ച് ഭാഷ ആയിത്തീർന്നു. അങ്ങനെ, കിഴക്കും പടിഞ്ഞാറുമുള്ള ജനതകൾക്കിടയിൽ ഉണ്ടായ ഭാഷാപരമായ അകൽച്ച, ഷാലമീന്റെ കാലശേഷം അദ്ദേഹത്തിന്റെ ഭരണസീമയുടെ വിഭജനത്തിനു വഴിയൊരുക്കി.[8]
ക്രി.വ.795-ൽ തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ മൂന്നാമൻ മാർപ്പാപ്പ റോമൻ പൗരാവലിക്ക് അസ്വീകാര്യനായതുമൂലം ഉണ്ടായ കലാപം ഷാലമീന്റെ ഇടപെടൽ മൂലം ക്രി.വ.800-ലെ പിറവിത്തിരുനാളിനു മുൻപ് സൗമ്യമായി പരിഹരിക്കപ്പെട്ടു. ഇതേ തുടർന്ന് പിറവിത്തിരുനാളിൽ റോമിലെ പത്രോസിന്റെ ദേവാലയത്തിൽ നടന്ന ആഘോഷങ്ങളിൽ ഷാലമീൻ പങ്കെടുത്തു. ആഘോഷങ്ങൾക്കിടെ പ്രാർത്ഥനാനിരതനായി കുമ്പിട്ടുനിന്നിരുന്ന ഷാലമീന്റെ ശിരസ്സിൽ മാർപ്പാപ്പ രത്നഖചിതമായൊരു കിരീടം അണിയിച്ച് അദ്ദേഹത്തെ റോമാക്കാരുടെ അഗസ്റ്റസ് ചക്രവർത്തിയായി ഘോഷിക്കുകയും പടിഞ്ഞാറൻ റോമാസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം പൗരസ്ത്യസാമ്രാട്ടിനു മാത്രം അവകാശപ്പെട്ടതായി കരുതപ്പെട്ടിരുന്ന ബഹുമാനം അദ്ദേഹത്തിനു നൽകുകയും ചെയ്തു.
ഈ കിരീടധാരണം നടന്നത് ഷാലമീന്റെ മുന്നറിവോടെ ആയിരുന്നില്ല. ചക്രവർത്തിയുടെ കിരീടം താൻ ഷാലമീന് നൽകി എന്നു വരുത്തിതീർക്കണമെന്നു മാർപ്പാപ്പയും അങ്ങനെ സംഭവിക്കരുതെന്നു ഷാലമീനും ആഗ്രഹിച്ചിരുന്നു. ഒടുവിൽ പൊതുസഭയിൽ അപ്രതീക്ഷിതമായി അദ്ദേഹത്തെ കിരീടം ധരിപ്പിക്കുന്നതിൽ മാർപ്പാപ്പ വിജയിച്ചു. ഈ നടപടി ഷാലമീന് ഒട്ടും ഇഷ്ടമായില്ല. അത് അദ്ദേഹത്തെ ഒരു പരാജയം പോലെ നീറ്റി.[൧] തന്റെ പിൻഗാമികൾക്ക് ഈ അനുഭവം ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. കിരീടം തലയിൽ അണിയിക്കാൻ മാർപ്പാപ്പയെ അനുവദിക്കരുതെന്നും കിരീടധാരണച്ചടങ്ങിൽ അതു പിടിച്ചു വാങ്ങി സ്വയം തലയിൽ വയ്ക്കണമെന്നുമുള്ള നിർദ്ദേശം അദ്ദേഹം തന്റെ മകൻ ലൂയീസിനു നൽകിയിരുന്നു.[8] കിരീടധാരണപദ്ധതി അറിഞ്ഞിരുന്നെങ്കിൽ താൻ ദേവാലയത്തിൽ പ്രവേശിക്കുകയില്ലായിരുന്നു എന്നു ഷാലമീൻ പറഞ്ഞതായി അദ്ദേഹത്തിന്റെ സുഹൃത്തും, ജീവചരിത്രകാരനും സദസ്സിലെ വിദ്വാനുമായിരുന്ന ചരിത്രകാരൻ ഐയ്ൻഹാർഡ് (Einhard) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഷാലമീന്റെ കിരീടധാരണത്തിന്റെ ചരിത്രപ്രസക്തിയെപ്പറ്റി സംസ്കാരത്തിന്റെ കഥയിൽ വിൽ ഡുറാന്റ് ഇങ്ങനെ പറയുന്നു:-
“ | ഒരായിരം വർഷം നീണ്ടുനിന്ന ഫലങ്ങൾ ഈ കിരീടധാരണത്തിനുണ്ടായി. സഭാധികാരത്തെ രാഷ്ട്രാധികാരത്തിന്റെ സ്രോതസ്സാക്കുക വഴി, അത് മാർപ്പായേയും മെത്രാന്മാരേയും ശക്തരാക്കി. 800-ആമാണ്ടിൽ റോമിൽ നടന്ന സംഭവങ്ങളുടെ ബലത്തിൽ (മാർപ്പാപ്പാമാരായ) ഗ്രിഗോരിയോസ് ഏഴാമനും ഇന്നസെന്റ് മൂന്നാമനും കൂടുതൽ ശക്തമായ ഒരു സഭ പണിതുയർത്തി. ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി സ്ഥാനത്തേക്കുയർത്തുക വഴി, കീഴ്പ്രഭുക്കന്മാരുടെ ആക്രമണത്തിൽ നിന്ന് അത് ഷാലമീനെ രക്ഷിച്ചു. രാജാധികാരം ദൈവദത്തമാണെന്ന സിദ്ധാന്തത്തെ അത് എന്തെന്നില്ലാതെ ശക്തിപ്പെടുത്തി. കിഴക്കൻ സാമ്രാജ്യത്തിനു വെല്ലുവിളിയായിരിക്കുന്ന മറ്റൊരു സാമ്രാട്ടുമായി സഖ്യമുള്ള റോമൻ സഭയുടെ കീഴിലിരിക്കുന്നത് ഗ്രീക്കു സഭയ്ക്ക് ഇഷ്ടമായിരുന്നില്ല. അതിനാൽ ലത്തീൻ ക്രിസ്തീയതയും ഗ്രീക്ക് ക്രിസ്തീയതയും തമ്മിലുള്ള വേർപിരിയലിനെ അതു സഹായിച്ചു.[5] | ” |
അക്കാലത്തെ മറ്റു ഭരണാധികാരികളെപ്പോലെ തന്റെ അധികാരം ദൈവസിദ്ധമാണെന്നു വിശ്വസിച്ചിരുന്നെങ്കിലും അത് സമൂഹത്തിന്റേയും സഭയുടേയും കാര്യത്തിൽ തനിക്കു നൽക്കുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള അസാമാന്യബോധത്തിന്റെ കാര്യത്തിൽ ഷാലമീൻ വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന്റെ മതബോധം ആഴവും ആത്മാർത്ഥതയും തികഞ്ഞതായിരുന്നു. ക്രിസ്തീയധാർമ്മികത പിന്തുടരുന്ന ഭരണാധികാരിയായി അദ്ദേഹം സ്വയം സങ്കല്പിച്ചു. ഹിപ്പോയിലെ അഗസ്തീനോസിന്റെ ദൈവനഗരം എന്ന രചന ഷാലമീന്റെ ഇഷ്ടഗ്രന്ഥമായിരുന്നു. അതു വായിച്ചു കേൾക്കാൻ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ സാമ്രാജ്യം അഗസ്തീനോസ് സങ്കല്പിച്ച ദൈവനഗരമാകുന്നത് അദ്ദേഹം സ്വപ്നം കണ്ടു.[9]
നിരക്ഷരായിരുന്നെങ്കിലും വിജ്ഞാനപ്രേമിയായിരുന്ന അദ്ദേഹത്തിന് സാധാരണ ജനങ്ങൾക്കിടയിലും പൗരോഹിത്യത്തിന്റെ താഴേക്കിടയിലും നിലനിന്നിരുന്ന വിജ്ഞാനദാരിദ്ര്യം വിഷമമുണ്ടാക്കി. വിജ്ഞാനപ്രചരണത്തിനും മതപരമായ വിശുദ്ധീകരണത്തിനും കാര്യക്ഷമതയ്ക്കും ഊന്നൽ കൊടുക്കുന്ന ഒരു നവീകരണത്തിനു അദ്ദേഹം തുടക്കമിട്ടു. സന്യാസഭവനങ്ങളിലെ ക്രമക്കേടുകളും അച്ചടക്കമില്ലായ്മയും സദാചാരഭ്രംശവും ഇല്ലാതാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. സമൂഹത്തിന്റേയും സഭയുടേയും നവീകരണത്തിന് പുരോഹിതന്മാർ സമൂഹത്തിലെ വിജ്ഞാനവാഹകരാകണമെന്ന് അദ്ദേഹം കരുതി. മേലേക്കിടയിലെ ഒരുപറ്റം പണ്ഡിതന്മാരേയും സഭാനേതാക്കളേയും അദ്ദേഹം തന്റെ രാജസദസ്സിൽ ഉൾപ്പെടുത്തി. നാടൊട്ടുക്ക്, സന്യാസഭവനങ്ങളോടും ദേവാലയങ്ങളോടും ചേർത്ത് അദ്ദേഹം പാഠശാലകൾ തുടങ്ങി.[6] അദ്ധ്യാപകരുടെ കുറവു നികത്താനായി അയർലണ്ട്, ബ്രിട്ടൺ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് പണ്ഡിതന്മാരെ ക്ഷണിച്ചു വരുത്തി. അവരുടെ നിയന്ത്രണത്തിൽ സാമ്രാജ്യത്തിലെ പല നഗരങ്ങളിലും പേരെടുത്ത വിദ്യാലയങ്ങൾ വളർന്നുവന്നു. ഈ വിദ്യാലയങ്ങളിൽ നിന്നാണ് പിൽക്കാലത്ത് യൂറോപ്പിലെ പ്രമുഖ സർവകലാശലകളിൽ പലതും രൂപം കൊണ്ടത്.
കരോളിനിയൻ നവോത്ഥാനം എന്നറിയപ്പെടുന്ന ഈ വൈജ്ഞാനികപുനരുത്ഥാനെത്തെ പുകഴ്ത്തുന്നവർ തന്നെ അതിന്റെ കുറവുകളും ചൂണ്ടിക്കാണിക്കുന്നു. കുട്ടിത്തം വിടാത്ത ഉണർച്ച ആയിരുന്നു ഇതെന്നും പൗരസ്ത്യസാമ്രാജ്യത്തിലെ കോൺസ്റ്റാന്റിനോപ്പിളിലും, ഇസ്ലാമിക ഭരണത്തിൻ കീഴിലിരുന്ന ഇറാക്കിലെ ബാഗ്ദാദിലും, സ്പെയിനിലെ കൊർദോവയിലും മറ്റും അക്കാലത്തു തന്നെ സംഭവിച്ചിരുന്ന ബൗദ്ധികമുന്നേറ്റങ്ങളുടെ പക്വത അതിനുണ്ടായിരുന്നില്ലെന്നും വിമർശിക്കപ്പെട്ടിട്ടുണ്ട്.[5] ഈ മുന്നേറ്റത്തിനു പിന്നിലുള്ള ദർശനം യാഥാസ്ഥിതികവും ദൈവശാസ്ത്രപരമായ ലക്ഷ്യങ്ങളാൽ പരിമിതപ്പെടുത്തപ്പെട്ടതും ആയിരുന്നു.[6]
ഭരണാധികാരിയുടെ പദവിയിൽ പലപ്പോഴും കർക്കശവും ക്രൂരവുമായ നിലപാടെടുത്തെങ്കിലും, സ്വതേ ദയാലുവും, ഉദാരമതിയും, ഊഷ്മളപ്രകൃതിയും, സ്നേഹബന്ധങ്ങളിൽ വൈവിദ്ധ്യം പുലർത്തിയവനും ആയിരുന്നു ഷാലമീൻ. അദ്ദേഹത്തിന്റെ സഹപ്രവർത്തകനും കരോളിനിയൻ നവോത്ഥാനത്തിന്റെ നായകന്മാരിൽ ഒരുവനുമായ ഓർളിയൻസിലെ തിയോഡൾഫ് മെത്രാന്റെ, "ചാൾസ് രാജാവിന്" (Ad carolum regem) എന്ന കവിതയിൽ, കുടുംബത്തിനും സുഹൃത്തുക്കൾക്കുമിടയിൽ കഴിയുന്ന ചക്രവർത്തിയുടെ ചിത്രം കാണാം.
“ | ഔദ്യോഗികചുമതലകൾ തീർത്ത് കൊട്ടാരത്തിലെത്തുന്ന അദ്ദേഹത്തെ മക്കൾ പൊതിയുന്നു: മകൻ ചാൾസ് പിതാവിന്റെ മേൽക്കുപ്പായം എടുത്തു മാറ്റുന്നു; മറ്റൊരു മകൻ ലൂയീസ് വാൾ വാങ്ങി വയ്ക്കുന്നു; ചുറ്റും കൂടുന്ന ആറു പെണ്മക്കൾ അദ്ദേഹത്തിന് അപ്പവും, വീഞ്ഞും ആപ്പിളും പൂക്കളും കൊണ്ടുവരുന്നു; ഒരു മെത്രാൻ മുന്നോട്ടു വന്ന് ചക്രവർത്തിയുടെ ഭക്ഷണത്തെ ആശീർവദിക്കുന്നു; രാജസദസ്യനായ അൽകൂയിൻ(Alcuin), കത്തുകളുടെ കാര്യം ചർച്ച ചെയ്യുന്നു; മറ്റൊരു സദസ്യനായ ഐൻഹാർഡ് ഹ്രസ്വകായനായിരുന്നു; അയാൾ ഉറുമ്പിനെപ്പോലെ തിരക്കിട്ട് നാലുപാടും നടന്ന് ഒടുവിൽ എടുത്താൽ പൊങ്ങാത്ത പുസ്തകങ്ങളും ചുമന്നു വരുന്നു. | ” |
ഷാലമീന് നാലു ഭാര്യമാരും ആറു ഉപനാരിമാരും ഉണ്ടായിരുന്നു. എല്ലാവരിലുംകൂടി അദ്ദേഹത്തിനു പതിനെട്ടു മക്കൾ ഉണ്ടായിരുന്നു. അവരിൽ നിയമാനുസൃതബന്ധത്തിൽ പിറന്നവർ എട്ടു പേർ മാത്രമായിരുന്നു. ഷാലമീന് പെണ്മക്കളോട് വലിയ വാത്സല്യമായിരുന്നു. അവരെക്കൂടാതെ കഴിയുക വയ്യെന്നു പറഞ്ഞ് അദ്ദേഹം അവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തി. ഒടുവിൽ അവർ അവിഹിതബന്ധങ്ങളിൽ ആശ്വാസം കണ്ടെത്തി. ആ ബന്ധങ്ങളിൽ പിറന്ന പേരക്കിടാങ്ങളെ ഷാആ ഈർഷ്യ കാട്ടാതെ സ്വാഗതം ചെയ്തു.[5]
വിശാലമായ തന്റെ സാമ്രാജ്യം ഒരാൾക്കു മാത്രമായി ഭരിക്കാവുന്നതിലേറെയാണെന്നു കരുതിയ ഷാലമീൻ ക്രി.വ. 806-ൽ അതു തന്റെ മൂന്ന് ആണ്മക്കളായ പെപ്പിൻ, ചാൾസ്, ളൂയീസ് എന്നിവർക്കിടയിൽ വിഭജിച്ചു. എന്നാൽ എന്നാൽ അടുത്ത വർഷങ്ങളിൽ പെപ്പിനും ചാൾസും മരിച്ചു. ഭക്തിമാർഗ്ഗം പിന്തുടർന്നിരുന്ന ളൂയീസ്, "ഭക്തനായ ളൂയീസ്" (Louis the Pious) എന്നാണ് അറിയപ്പെട്ടിരുന്നത്. ളൂയീസ് രാജ്യഭാരമേൽക്കുമോ എന്നു പലരും സംശയിച്ചിരുന്നെങ്കിലും, ക്രി.വ.813-ൽ അദ്ദേഹം, പിതാവിന്റെ കണ്മുന്നിൽ വിശുദ്ധറോമാസാമ്രാട്ടായി കിരീടധാരണം ചെയ്തു. നാലു മാസത്തിനുള്ളിൽ, തന്റെ ഇഷ്ടനഗരമായ ആക്കനിൽ ശീതകാലം ചെലവഴിക്കെ, ഷാലമീൻ ജ്വരബാധിതനായി. ക്രി.വ. 814-ൽ രാജാധികാരത്തിന്റെ 47-അം വർഷം, 72-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ആക്കനിലെ ഭദ്രാസനപ്പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. രണ്ടര നൂറ്റാണ്ടുകൾക്കു ശേഷം ക്രി.വ. 1165-ൽ കത്തോലിക്കാസഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട ഷാലമീൻ ചക്രവർത്തി.
൧ ^ "Charlemagne was by no means pleased at the way in which the thing was done, it rankled in his mind as a defeat."[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.