From Wikipedia, the free encyclopedia
ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്. ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ കപ്പ എന്നും പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.
മരച്ചീനിയുടെ ഇല | |
---|---|
മരച്ചീനിക്കിഴങ്ങ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Crotonoideae |
Tribe: | Manihoteae |
Genus: | |
Species: | M. esculenta |
Binomial name | |
Manihot esculenta Crantz
| |
മരച്ചീനിയുടെ ജന്മദേശം ബ്രസീലാണ്. അവിടെയാണ് ഏറ്റവുമധികം ഇനം കപ്പകളും കാട്ടുകപ്പയും കാണപ്പെടുന്നത്. പോ ര്ത്തുഗീസ്കാരുടെ വരവോടെയാണ് ഏഷ്യ ഭൂഖണ്ഡത്തിൽ കപ്പകൃഷി തുടങ്ങിയത്. 1740 ൽ മൌറീഷ്യസിൽ മരച്ചീനി കൃഷി ചെയ്തിരുന്നതായി കാണുന്നു. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും ഇന്ത്യ, ശ്രീലങ്ക, ജാവാ, ചൈനാ, ഫിലിപ്പീൻസ്, മലേഷ്യ, തായ്വാൻ, താഇലൻസ് എന്നിവിടങ്ങളിൽ ഈ കൃഷി വ്യാപകമായികഴിഞ്ഞു.
ഇന്ത്യയിൽ മരച്ചീനി മൂന്നു നൂറ്റാണ്ടുകളായി കൃഷിചെയ്തുവരുന്നു. തങ്ങളുടെ കോളനിയായിരുന്ന ബ്രസീലിൽനിന്നും പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ മരച്ചീനി കൃഷി എത്തിച്ചത്[1]. കേരളത്തിൽ കൃഷി ചെയ്തുവരുന്ന കിഴങ്ങുവിളകളിൽ സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനമാണ് കപ്പയ്ക്കുള്ളത്. ദേശീയ ഉത്പാദനത്തിൽ 54% ആണ് കേരളത്തിന്റെ സംഭാവന. മലബാറിലായിരുന്നു പോർച്ചുഗീസുകാരുടെ മേൽനോട്ടത്തിൽ മരച്ചീനികൃഷി പ്രചരിച്ചിരുന്നത്. ഭക്ഷ്യവിഭവമെന്ന നിലയിൽ മരച്ചീനിയുടെ സാധ്യത മനസ്സിലാക്കിയ വിശാഖം തിരുനാൾ മഹാരാജാവാണ് തിരുവിതാംകൂർ പ്രദേശത്ത് ഇതു ജനകീയമാക്കാൻ മുഖ്യകാരണക്കാരൻ.[2][൧] മലയ തുടങ്ങിയ ദേശങ്ങളിൽ നിന്നും പുതിയ ഇനം മരച്ചീനികൾ മഹാരാജാവ് കേരളീയർക്കു പരിചയപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധനാളുകളിലെ ക്ഷാമകാലത്ത് (1939-45) ബർമ്മയിൽ നിന്നും അരി ഇറക്കുമതി നിലച്ചപ്പോൾ തിരുവിതാംകൂറിൽ പ്രധാനഭക്ഷ്യവിഭവം മരച്ചീനിയായിരുന്നു[1].
മരച്ചീനി കയാലച്ച്ചാടി, ആമ്പക്കാടൻ, ആനകൊമ്പൻ, മലയന്ഫോർ, സുമോ, 35 കിലോവരെ തൂക്കം ലഫിക്കും തോടലിമുള്ളൻ (ആദിവാസി ഇനം ) കാരിമുള്ളൻ, ചെരുമുള്ളൻ, വേള്ളൻ കിഴങ്ങ് (നന ക്കിഴങ്ങ് )രാമൻ കപ്പ സിലോൺ
നീർവാർച്ചയുള്ള മണ്ണാണ് കപ്പ കൃഷിക്ക് അനുയോജ്യം. മണ്ണ് ഇളക്കി കൂനകൾ ഉണ്ടാക്കിയാണ് സാധാരണ കൃഷി ചെയ്യാറ്. ഇത്തരം കൂനകളെ കപ്പക്കൂടം എന്നു വിളിക്കുന്നു. ശൈത്യം കപ്പ കൃഷിക്ക് അനുയോജ്യമല്ല. വെള്ളം കെട്ടിനിൽക്കാത്ത മണൽക്കൂട്ടുന്ന നിലങ്ങളിൽ ചെടി നന്നായി വളരുന്നു. കപ്പത്തണ്ട് ഒരു ചാൺ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ വേണം നടാൻ. എട്ട് മുതൽ പത്ത് മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു. കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ട്കിളിശല്യമോ മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല.
മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മെസേക് രോഗമാണ്. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻകരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ് രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം കാണപ്പെടുന്ന. ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ഈ രോഗം മൂലം ചിലയിനങ്ങളിൽ 75% വരെ വിളവ് കുറവായി കാണപ്പെടുന്നു. സങ്കരയിനങ്ങളായ എച്ച് - 165, എച്ച് - 97, ശ്രീവിശാഖം, ശ്രീസഹ്യ, മലയൻ - 4 എന്നിവയിൽ രോഗം പകരുന്നത് 5% മാത്രമാണ്. രോഗമില്ലാത്ത കമ്പുകൾ തിരഞ്ഞെടുത്ത് നടുന്നതിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം അകറ്റി നിർത്തുവാൻ സാധിക്കും. കൂടാതെ ഇങ്ങനെയുള്ള കമ്പുകളുടെ മുകുളങ്ങൾ മാത്രം വേർതിരിച്ച് പ്രത്യേക മാധ്യമത്തിൽ വികസിപ്പിച്ച് എടുത്തു നടുന്നതുവഴിയും ഈ രോഗം കുറച്ചുകൊണ്ടുവരുവാൻ സാധിക്കും.
ജലാംശം--59.4 ഗ്രാം
മാംസ്യം—0.7 ഗ്രാം
അന്നജം—38.1 ഗ്രാം
കൊഴുപ്പ്--0.2 ഗ്രാം
ഊർജം--157 കാലോരി
നാര്--0.6 ഗ്രാം
പൊട്ടാസ്യം—10 മില്ലിഗ്രാം
സോഡിയം—2 മില്ലിഗ്രാം
കാത്സ്യം—50 മില്ലിഗ്രാം
ഫോസ്ഫറ്സ്—40 മില്ലിഗ്രാം
കരോട്ടീൻ--ഇല്ല
ജീവകം സി--25 മില്ലിഗ്രാം
ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ കപ്പ പോഷകഗുണം കുറഞ്ഞ ഒരു ആഹാരവസ്തുവായാണ് കണക്കാക്കപ്പെടുന്നത്. കപ്പയിലെ ‘കട്ട്’ ആണ് ഭക്ഷ്യവസ്തു എന്ന നിലയിൽ ഉള്ള പോരായ്മ. പച്ചക്കപ്പയിൽ ലിനാമാറിൻ,ലോട്ടയുസ്ത്രാലിൻ എന്നീ രണ്ട് ഗ്ലൈകോസൈഡുകളാണ് പ്രധാനം. ഇവയിൽ നിന്ന് ഹൈഡ്രോസയനിക് ആസിഡ് അല്പാംശമായി ഉണ്ടാകുന്നതാണ് കപ്പയിലെ കട്ട്. തിളപ്പിച്ച് ഊറ്റുമ്പോൾ ഈ വിഷാംശം ഏറെക്കുറെ മാറ്റപ്പെടുന്നു. കൃത്രിമവളം ചേർത്ത് കൃഷി ചെയ്യുന്ന കപ്പയിലാണ് കട്ടിന്റെ അംശം ഏറെ കൂടുതൽ. എന്നാൽ ചാരം വളമായി ചേർത്തുണ്ടാക്കുന്ന കപ്പയിൽ കട്ടിന്റെ അംശം കുറവായിരിക്കും.
കപ്പ പുതുപുതുരൂപങ്ങളണിഞ്ഞ് തീന്മേശയിൽ എത്താറുണ്ട്. വ്യവസായിക പ്രാധാന്യമുള്ള കപ്പയുടെ നൂറാണ് റൊട്ടി നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. കേക്ക്,മിഠായി,ഇവയുടെ നിർമ്മാണത്തിലും കപ്പനൂറിന്റെ ഉപയോഗം ഉണ്ട്. സ്പഗത്തി,നൂഡിത്സ് തുടങ്ങിയ ഉല്പന്നങ്ങൾ കപ്പമാവിൽനിന്നും ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ കപ്പയുടെ വലിയ ഒരു വ്യവസായിക ഉപയോഗം കന്നുകാലിത്തീറ്റ നിർമ്മാണരംഗത്ത് ഉണ്ടായിട്ടുണ്ട്.കപ്പ ചേർത്ത തീറ്റ നൽകുന്ന പശുക്കൾ കൂടുതൽ പാലുല്പാദിപ്പിക്കുന്നതായി നിരീക്ഷണങ്ങൾ തെളിയിക്കുന്നു.
കപ്പ ഇലയും നല്ല കാലിത്തീറ്റയാണ്. ഉണക്കിപൊടിച്ച കപ്പ ഇലയിൽ 20-30 ശതമാനം മാംസ്യമാണ് ഉള്ളത്. കാലികൾക്ക് ഇത് പ്രിയവുമാണ്.കപ്പയുടെ മുഖ്യമായ വ്യവസായിക പ്രാധാന്യം അതിൽനിന്ന് ഉല്പാദിപ്പിക്കുന്ന സ്റ്റാർച്ചിനാണ്. ഭക്ഷ്യ,പേപ്പർ,എണ്ണ,തുണി വ്യവസായങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുള്ളതാണ്. ആൽക്കഹോൾ,ഗ്ലൂ നിർമ്മാണത്തിന് ആവശ്യമായ ഡെക്സ്റ്റ്രിൻ കപ്പയുടെ മാവിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇതു കൂടാതെ മരച്ചീനിമാവ് ഉപയോഗിച്ച് ഹൈ ഫ്രക്ടോസ് സിറപ്പ് (high fructose syrup),എറിത്ത്രിറ്റോൾ മുതലായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നു. സംസ്ഥാനത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ പഴയ പദ്ധതിയായിരുന്നു മരച്ചീനിചാരായം. പൊതുജനാഭിപ്രായം എതിരായിരുന്നത് കൊണ്ട് ഉപേക്ഷിക്കേണ്ടിവന്നു.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, വെള്ളായണി കാർഷിക കോളേജ്, പ്രാദേശിക കൃഷി ഗവേഷണകേന്ദ്രം കായംകുളം, കുമരകം എന്നിവിടങ്ങളിൽ വികസിപ്പിച്ച അത്യുത്പാദനശേഷിയും രോഗപ്രതിരോധശേഷിയും കൂടിയ ഇനങ്ങൾ പട്ടികയിൽ
കപ്പയുടെ കിഴങ്ങ്, കിഴങ്ങിന്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷകരമാണ്. കപ്പയിൽ ലിനാമാരിൻ, ലോട്ടോസ്ട്രാലിൻ എന്നീ സയാനോജീനിക് ഗ്ലൂക്കോസൈടുകൾ ഉള്ളതാണ് കാരണം. കപ്പയിൽ ഉള്ള ലിനാമരേസ് എന്ന എൻസൈം ഇവയെ വിഘടിപ്പിച്ച് ഹൈഡ്രജൻ സയനൈഡ് (HCN) ഉത്പാദിപ്പിക്കുന്നു.[3] കയ്പ്പുള്ള (കട്ടൻ) കപ്പയിൽ ആണ് സയാനോജീനിക് ഗ്ലൂക്കോസൈടുകൾ കൂടുതലായി ഉള്ളത്. കയ്പ്പില്ലാത്ത കപ്പയിൽ കിലോയിൽ 20 മില്ലിഗ്രാം സയനൈഡ് ഉള്ളപ്പോൾ കയ്പ്പുള്ള കപ്പയിൽ കിലോയിൽ 1000 മില്ലിഗ്രാം വരെ സയനൈഡ് (CN) കാണാം. വരൾച്ചക്കാലത്ത് ഈ വിഷാംശങ്ങളുടെ അളവ് കൂടുതലാകുന്നു.[4][5] കപ്പയിൽ നിന്നും എടുത്ത ശുദ്ധമായ 25 മില്ലിഗ്രാം സയാനോജീനിക് ഗ്ലൂക്കോസൈട് മതിയാകും ഒരു എലിയെ കൊല്ലാൻ.[6] പാചക രീതിയിലെ പിഴവ് മൂലം മിച്ചം വരുന്ന സയനൈഡ് അംശം മൂലം താത്കാലികമായ സയനൈഡ് ലഹരി, ഗോയിറ്റർ, നാഡീരോഗമായ അടാക്സിയ, പാൻക്രിയാസ് വീക്കം എന്നിവ ഉണ്ടാകാം.[7]
ചില ഗവേഷകർ കപ്പയുടെ ഔഷധസാധ്യതകളെ കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ആഫ്രിക്കൻ ജനതയുടെ ഇടയിലുള്ള സിക്കിൾസെൽ അനീമിയ (ഒരു തരം വിളർച്ചരോഗം)രോഗത്തിന് പ്രതിവിധിയായി കപ്പയുടെ ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ട്. കപ്പയിലെ വിഷാംശമായ ഗ്ലൈകോസൈഡുകൾ കാൻസർ രോഗത്തെ ചെറുക്കാൻ സമർഥമാണെന്ന ഒരു വാദഗതിയും ഉയർന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
ഭക്ഷണത്തിൽ മാംസ്യത്തിന്റെ അംശം തീരെയില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ,കപ്പ മാത്രം കഴിക്കുന്നവരുടെ ഇടയിൽ ഗോയിറ്റർ രോഗം,വാമനത്തം,ബുദ്ധിമാന്ദ്യം തുടങ്ങിയ തകരാറുകൾ പ്രകടമായി കാണുന്നു.
മരച്ചീനിയുടെ പ്രധാന ഇനങ്ങൾ | |||||
ഇനം | പ്രത്യേകത | രോഗപ്രതിരോധശേഷി | ഉത്പാദനക്ഷമത ടൺ./ഹെക്ടർ | മൂപ്പ് കാലം | |
---|---|---|---|---|---|
എച്ച് - 97 | 27% - 29% അന്നജം, | മൊസേക് രോഗപ്രതിരോധശേഷി | 25-30 ടൺ | 10 മാസം | |
എച്ച് - 165 | 23% - 25% അന്നജം | രോഗപ്രതിരോധശേഷി കൂടിയ ഇനം | 33 - 38 ടൺ | 8 മാസം | |
എച്ച് - 226 | 28% - 30% വ്യാവസായികാവശ്യം | രോഗപ്രതിരോധ ശേഷി കുറവ് | 30 - 35 ടൺ | 10 മാസം | |
ശ്രീവിശാഖം | 25%-27% അന്നജം, വേവുകുറവ് | മെസേക് രോഗപ്രതിരോധശേഷി കൂടിയത് | 35 -38 ടൺ | 10 മാസം | |
ശ്രീസഹ്യ | 29%-31% അന്നജം, | രോഗപ്രതിരോധശേഷി കൂടിയത് | 44.9 ടൺ | 10 മാസം | |
ശ്രീപ്രകാശ് | മെസേക് രോഗപ്രതിരോധം കുറവ് | 40 ടൺ | 8 മാസം | ||
ശ്രീഹർഷ | 38%-41% അന്നജം | 60 ടൺ | 10 മാസം | ||
ശ്രീജയ | 24%-27% അന്നജം | 58 ടൺ | 7 മാസം | ||
ശ്രീവിജയ | 27%- 30% അന്നജം | 32 ടൺ | 7 മാസം | ||
ശ്രീരേഖ | കൂടിയ തോതിലുള്ള അന്നജം, പാചകഗുണം കൂടിയത് | 41 - 48 ടൺ | 10 മാസം | ||
ശ്രീപ്രഭ | കൂടിയ തോതിലുള്ള അന്നജത്തിന്റെ അളവ് | 41 - 48 ടൺ | 10 മാസം | ||
നിധി | ഹ്രസ്വകാലയിനം, പാചകഗുണം, ഓണാട്ടുകര പ്രദേശങ്ങൾക്ക് യോജിച്ചത് | 25.2 ടൺ | |||
കല്പക | കുട്ടനാട്ടിൽ തെങ്ങിന്റെ ഇടവിളയായി ഉപയോഗിക്കാവുന്നയിനം | 52.8 ടൺ | 6 മാസം | ||
വെള്ളായണി ഹ്രസ്വ | തെക്കൻ മേഖലയ്ക്ക് അനുയോജ്യമായത് | 44 ടൺ | 155 - 180 ദിവസം | ||
1 ^ തിരുവിതാംകൂറിലെ ജനസാമാന്യത്തിന്റെ ദാരിദ്ര്യം കണ്ട് അതിന്റെ നിവൃത്തിക്കായി മരച്ചീനികൃഷി നാട്ടിൽ നടപ്പാക്കിയത് അവിടുന്നാണെന്ന് പറഞ്ഞാൽ, ജനങ്ങൾ എത്രത്തോളം അവിടുത്തെ നേരേ കൃതജ്ഞന്മാരായിരിക്കണം എന്നു മനസ്സിലാകുന്നതാണ്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.