ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനാണ് എം.എൻ. നമ്പ്യാർ എന്ന പേരിൽ അറിയപ്പെട്ട മഞ്ഞേരി നാരായണൻ നമ്പ്യാർ (മാർച്ച് 7, 1919 - നവംബർ 19, 2008). തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1]
എം.എൻ. നമ്പ്യാർ | |
---|---|
പ്രമാണം:MGR (Marudu Gopalan Ramachandran) and Nambiar.jpg | |
ജനനം | മഞ്ഞേരി നാരായണൻ നമ്പ്യാർ |
തൊഴിൽ | നടൻ |
സജീവ കാലം | 1935 മുതൽ 2008 വരെ |
ജീവിതപങ്കാളി(കൾ) | രുക്മിണി |
കുട്ടികൾ | സുകുമാരൻ നമ്പ്യാർ, മോഹൻ നമ്പ്യാർ, ഡോ. സ്‌നേഹ |
മാതാപിതാക്ക(ൾ) | കേളുനമ്പ്യാർ, കല്യാണിയമ്മ |
പുരസ്കാരങ്ങൾ | കലൈമാമണി പുരസ്കാരം (1967) എം.ജി.ആർ. അവാർഡ് (1990) |
1919 മാർച്ച് 7-ന് കണ്ണൂരിൽ ചെറുകുന്ന് കേളുനമ്പ്യാരുടെയും കല്ല്യാണിയമ്മയുടെയും മകനായി എം.എൻ. നമ്പ്യാർ ജനിച്ചു.[2][3] ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോൾ, നവാബ് രാജമാണിക്യത്തിന്റെ നാടകക്കമ്പനിയിൽ ചേർന്ന ഇദ്ദേഹം, പിന്നീട് കോയമ്പത്തൂരിലെ ജൂപ്പിറ്റർ നാടകക്കമ്പനിയിലെ നടനായി. ഈ കമ്പനിയുടെ 'ഭക്തരാമദാസ്' എന്ന നാടകം സിനിമയാക്കിയപ്പോൾ അതിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു. 1946 വരെ സ്റ്റേജ് നടനായി തുടർന്നു. 1938-ൽ പുറത്തിറങ്ങിയ 'ബൻപസാഗര'യാണ് ആദ്യചിത്രം.
അഭിനയിച്ച ചലച്ചിത്രങ്ങളിൽ ഭൂരിഭാഗവും തമിഴ് ആണ്. 1935-ൽ ഹിന്ദിയിലും തമിഴിലും ഇറങ്ങിയ ഭക്ത രാമദാസ് ആണ് ആദ്യചലച്ചിത്രം.[4] ആറ് ദശകത്തോളം ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന് നമ്പ്യാർ പ്രമുഖ തമിഴ് ചലച്ചിത്രനടന്മാരായ എം.ജി. രാമചന്ദ്രൻ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, രജനികാന്ത്, കമലഹാസൻ തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചു.[2] 1950-ൽ പുറത്തിറങ്ങിയ എം.ജി.ആർ. ചിത്രമായ മന്ത്രികുമാരിയാണ് നമ്പ്യാരുടെ ജീവിതത്തിൽ വഴിത്തിരിവായത്.[3] തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 'വേലൈക്കാരൻ', 'കാട്', 'മക്കളെ പെറ്റ മഹരാശി', 'കർപ്പൂരക്കരശി' തുടങ്ങിയ ഇദ്ദേഹത്തിന്റെചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ദിഗംബര സ്വാമികൾ', 'എൻ തങ്കൈ', 'കല്യാണി' എന്നീ ചിത്രങ്ങളിൽ നായക കഥാപാത്രത്തെയാണവതരിപ്പിച്ചത്. 1952-ൽ പുറത്തിറങ്ങിയ ജംഗിൾ ആണ് ഇദ്ദേഹത്തിന്റെ ഏക ഇംഗ്ലീഷ് സിനിമ. അവസാനമായി അഭിനയിച്ചത് സ്വദേശി (2006) എന്ന തമിഴ് ചിത്രത്തിലാണ്.
1952-ൽ അമ്മ എന്ന ചിത്രത്തിലൂടെയാണ് എം.എൻ. നമ്പ്യാരുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം. 'ആത്മസഖി' (1952), 'കാഞ്ചന' (1952), 'ആനവളർത്തിയ വാനമ്പാടി' (1959) 'ജീസസ്' (1975), 'തച്ചോളി അമ്പു' (1978), 'ശക്തി' (1980), 'ചന്ദ്രബിംബം (1980)', 'തടവറ' (1981), 'ചിലന്തിവല' (1982), 'ഷാർജ ടു ഷാർജ' (2001) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു മലയാളചിത്രങ്ങൾ.
ഇതിൽ ദിഗംബര സ്വാമിയാരിൽ 11 വേഷങ്ങളിൽ അദ്ദേഹം അഭിനയിക്കുകയുണ്ടായി.[1] ഇതിനുപുറമെ 1952-ൽ റോഡ് കാമറോണിന്റെ ജംഗിൾ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലും അഭിനയിച്ചു.[2] കല്യാണി, കവിത എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം നായകനായി അഭിനയിച്ചു. മലയാളത്തിൽ അവസാനമായി അഭിനയിച്ചത് ജയറാം നായകനായ ഷാർജ ടു ഷാർജ എന്ന ചിത്രത്തിലാണ്. തമിഴിൽ വിജയകാന്ത് നായകനായ സുദേശിയിലും.[1][3]
വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന നമ്പ്യാർ 2008 നവംബർ 19-ന് ചെന്നൈയിലെ സ്വവസതിയിൽ വെച്ച് അന്തരിച്ചു.[1] രുക്മിണിയാണ് ഭാര്യ. ബി.ജെ.പി. നേതാവും ചെന്നൈ കോർപ്പറേഷൻ മുൻ കൗൺസിലറുമായിരുന്ന പരേതനായ സുകുമാരൻ നമ്പ്യാർ (2012-ൽ അന്തരിച്ചു), മോഹൻ നമ്പ്യാർ, ഡോ. സ്‌നേഹ എന്നിവർ മക്കൾ.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.