ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു (ഇംഗ്ലീഷിൽ IPA: [ uːˈbuːntuː],[7] സുലുവിൽ IPA: [ùbúntú]). വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്.[8]
നിർമ്മാതാവ് | Canonical Ltd. |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open-source[1][2] |
പ്രാരംഭ പൂർണ്ണരൂപം | Ubuntu 4.10 (Warty Warthog) / 20 ഒക്ടോബർ 2004 |
നൂതന പൂർണ്ണരൂപം | Ubuntu 22.04 (Jammy Jellyfish) / 21 ഏപ്രിൽ 2022[3] |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Cloud computing, personal computers, servers, supercomputers, IoT |
ലഭ്യമായ ഭാഷ(കൾ) | More than 55 languages by LoCos |
പുതുക്കുന്ന രീതി | Software Updater, Ubuntu Software, apt |
പാക്കേജ് മാനേജർ | GNOME Software, dpkg (APT), Snap, Flatpak – graphical front-end: Snap Store |
സപ്പോർട്ട് പ്ലാറ്റ്ഫോം | |
കേർണൽ തരം | Monolithic (Linux kernel) |
Userland | GNU |
യൂസർ ഇന്റർഫേസ്' | GNOME |
സോഫ്റ്റ്വെയർ അനുമതി പത്രിക | Free software + some proprietary device drivers[6] |
വെബ് സൈറ്റ് | ubuntu |
ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. ജനപ്രിയങ്ങളായ ലിനക്സ് വിതരണങ്ങൾ കണ്ടെത്താനുള്ള സർവേയിൽ desktoplinux.com 2006-ലും, 2007-ലും ഉബുണ്ടുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 2007ൽ www.desktoplinux.com സംഘടിപ്പിച്ച, 38500 പേർ പങ്കെടുത്ത ഉപയോഗ നിർണ്ണയത്തിൽ, ലിനക്സ് ഡെസ്ക്ടോപ്പ് ഇൻസ്റ്റലേഷനുകളിൽ ഏകദേശം 30% പേർ ഉബുണ്ടു ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.[9][10] 2010 ഏപ്രിലിൽ കാനോനിക്കൽ നടത്തിയ അവകാശവാദമനുസരിച്ച് ഉബുണ്ടു 1.2 കോടി ആൾക്കാർ ഉപയോഗിക്കുന്നുണ്ട്.[11] ഇപ്പോൾ ലിനക്സ് ഉപയോഗിക്കുന്നവരിൽ ഉബുണ്ടു ഉപയോഗിക്കുന്നവർ 50% ആണെന്ന് ഇന്റർനെറ്റ് ഉപയോഗത്തിന്റെ കണക്കുകളിൽ സമർത്ഥിക്കപ്പെടാറുണ്ട്,[12][13] വെബ് സെർവറുകൾക്കിടയിലും ഉബുണ്ടു വ്യാപകമായിക്കൊണ്ടിരിക്കുന്നു.[14]
ഓപ്പൺ സോഴ്സ് അനുമതിയുള്ള വിവിധ സോഫ്റ്റ്വേർ പാക്കേജുകൾ ഉപയോഗിച്ചാണ് ഉബുണ്ടു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഗ്നു സാർവ്വ ജനിക അനുമതി (GNU General Public License) ആണ് പ്രധാന അനുമതി, ഒപ്പം തന്നെ ഗ്നു ലഘു സാർവ്വ ജനിക അനുമതിയും (GNU Lesser General Public License) ഉപയോഗിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക്, ഉബുണ്ടു പ്രവർത്തിപ്പിക്കാനും, വിതരണം ചെയ്യാനും, പകർത്താനും, മാറ്റം വരുത്താനും, പഠനങ്ങൾ നടത്താനും, വികസിപ്പിക്കാനും, അഴിച്ചുപണിയാനുമുള്ള അവകാശം നൽകുന്നു. കാനോനിക്കൽ ലിമിറ്റഡ് ആണ് ഉബുണ്ടുവിനായി പണം മുടക്കുന്നതെങ്കിലും, ഉബുണ്ടുവിനെ സ്വതന്ത്ര സോഫ്റ്റ്വേറായി നിർവ്വചിച്ചിരിക്കുന്നതിനാൽ സമൂഹത്തിലുള്ള വിദഗ്ദ്ധരുടെയും അവിദഗ്ദ്ധരുടെയും സേവനവും പ്രയോജനപ്പെടുത്താൻ കഴിയുന്നു. ഉബുണ്ടു വിൽക്കുന്നതിനു പകരം ഉബുണ്ടുവിനാവശ്യമായ സേവനങ്ങളും സാങ്കേതികസഹായവും പണം വാങ്ങി നൽകുന്നതുവഴിയാണ് കാനോനിക്കൽ പണം ശേഖരിക്കുന്നത്.
ഉബുണ്ടുവിന്റെ പുതിയ പതിപ്പുകൾ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്. എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട് വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു.[15] ഇത്തരം പതിപ്പുകളുടെ ഡെസ്ക്ടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, സെർവർ പതിപ്പുകൾക്ക് 5 വർഷവും ഔദ്യോഗിക സഹായം ലഭ്യമാണ്.[16]
1980 കളിൽ അക്കാലത്ത് പരക്കെ ഉപയോഗിച്ചിരുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ യുണിക്സ് കൂടുതൽ കൂടുതൽ കുത്തകസ്വഭാവം കൈക്കൊണ്ടു വന്നു. ഇത് സോഫ്റ്റ്വേർ കോഡുകൾ അഴിച്ചു പണിയാനും മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നവരെ ബുദ്ധിമുട്ടിലാക്കി. തുടർന്ന് റിച്ചാർഡ് സ്റ്റാൾമാൻ എന്നൊരാൾ ഈ പ്രതിസന്ധിയെ മറികടക്കാൻ യുണിക്സിന് ഒരു അപരനെ കൊണ്ടുവരാനും അത് സ്വതന്ത്രമായി വിതരണം ചെയ്യാനും ആഗ്രഹിച്ചു. ഈ പദ്ധതി ഗ്നു (GNU) എന്നാണ് വിളിക്കപ്പെട്ടത്. ഇതിനു ധാരാളം പിന്തുണ ലഭിച്ചെങ്കിലും പദ്ധതി വിജയിക്കാനാവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം കേണൽ ഉണ്ടായിരുന്നില്ല. 1990-കളുടെ തുടക്കത്തിൽ ലിനസ് ടോൾവാർഡ്സ് എന്ന പ്രോഗ്രാമർ യുണിക്സിനു സമാനമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം കേണലുണ്ടാക്കി. സ്റ്റാൾമാൻ സ്വതന്ത്രസോഫ്റ്റ്വെയറുകൾക്കായി നിർമ്മിച്ച അനുമതി പ്രകാരം തന്റെ കേണൽ പ്രസിദ്ധീകരിക്കാൻ ലിനസ് തീരുമാനിച്ചു. അപ്ലോഡ് ചെയ്ത സമയത്തുണ്ടായ കൈപ്പിഴ മൂലം[അവലംബം ആവശ്യമാണ്] ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ലിനക്സ് എന്നായി മാറി. ഗ്നു പദ്ധതി കേണലിന്റെ അഭാവത്തിൽ ഉഴലുകയായിരുന്നതിനാൽ, അതിലേയ്ക്ക് ലിനക്സ് കേണൽ കൂട്ടിച്ചേർക്കപ്പെട്ടു. ഗ്നു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ഗ്നു/ലിനക്സ് എന്നു വിളിക്കണമെന്നാണ് സ്റ്റാൾമാൻ കരുതുന്നത്. എന്നാൽ ലിനക്സ് ഗ്നുവിനു വേണ്ടി നിർമ്മിച്ചതല്ലാത്തതിനാൽ അതിനെ ലിനക്സെന്നു മാത്രം വിളിച്ചാലും മതിയെന്ന് ടോൾവാർഡ്സ് കരുതുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും സാമൂഹിക പങ്കാളിത്തത്തോടെ ഗ്നു/ലിനക്സ് ഏറെ വളർന്നുവെങ്കിലും സാധാരണ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ അപ്പോഴും ബുദ്ധിമുട്ടായിരുന്നു. സാങ്കേതികമായി യാതൊരു അറിവുമില്ലാത്തയാൾക്കും ഉപയോഗിക്കാൻ പറ്റുന്ന വിൻഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വഴി മൈക്രോസോഫ്റ്റ് വിപണിയിൽ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. പക്ഷെ വിൻഡോസ് അതിന്റെ ഉപയോക്താക്കൾക്ക് അത് ഉപയോഗിക്കാനുള്ള അനുമതി മാത്രമാണ് നൽകിയിരുന്നത്. സാങ്കേതികവിദ്യാ വ്യവസായ സംരംഭകനായ മാർക്ക് ഷട്ടിൽവർത്തിന് ഈ രീതി സ്വീകാര്യമായി തോന്നിയില്ല. ഗ്നു/ലിനക്സിനേറെ ഗുണമുണ്ടെങ്കിലും അത് വൈദഗ്ദ്ധ്യമുള്ളവർക്കു മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒന്നായതു കൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നും, ഇതു ദോഷകരമായ സ്ഥിതിയാണെന്നും(൧) ഷട്ടിൽവർത്ത് കരുതുകയും ലളിതമായ രീതിയിൽ ഉപയോഗിക്കാവുന്ന ഈ പദ്ധതി പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഉബുണ്ടു തത്ത്വചിന്തയിൽ ആകൃഷ്ടനായിരുന്നതിനാൽ ഷട്ടിൽ വർത്ത് ഈ പദ്ധതിയ്ക്ക് ഉബുണ്ടു എന്നു തന്നെ പേരു നൽകി. ഓരോ ആറുമാസത്തിലും പുതിയ പതിപ്പിറക്കുന്ന വിധത്തിലാണ് പദ്ധതി. ഓരോ പതിപ്പിനും പതിനെട്ടുമാസവും, ദീർഘകാല സേവന പതിപ്പുകൾക്ക് മൂന്നു വർഷവും ഉബുണ്ടുവിന്റെ സൗജന്യസേവനം ലഭ്യമായിരിക്കും. ഉബുണ്ടു പദ്ധതിയ്ക്കുള്ള സാമ്പത്തികപിന്തുണ നൽകുന്നത് കാനോനിക്കൽ ലി. ആണ്. 2005-ൽ ഷട്ടിൽ വർത്ത് ഉബുണ്ടു ഫൗണ്ടേഷൻ എന്നൊരു ഫൗണ്ടേഷൻ പദ്ധതി പ്രഖ്യാപിക്കുകയും ഫൌണ്ടേഷനു ഒരു കോടി യു.എസ്. ഡോളർ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. എപ്പോഴെങ്കിലും കാനോനിക്കൽ ലി. നൽകുന്ന പിന്തുണ അവസാനിക്കുകയാണെങ്കിൽ ഉപയോഗിക്കാനുള്ളതാണ് ഈ തുക.
ഉബുണ്ടു ലക്ഷ്യം വെയ്ക്കുന്നത് ഉപയോഗക്ഷമതയ്ക്കും[17] സുരക്ഷയ്ക്കുമാണ്. ഉബുണ്ടുവിന്റെ യൂബിക്വിറ്റി ഇൻസ്റ്റോളർ അതിനെ ഹാർഡ് ഡിസ്കിലേയ്ക്ക് ലൈവ് സിഡിയിൽ നിന്ന്, കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യാതെ തന്നെ ഇൻസ്റ്റോൾ ചെയ്യാൻ പ്രാപ്തമാക്കുന്നു. അഭിഗമ്യതയും അന്തർദേശീകരണവും വഴി കഴിയുന്നത്ര ആൾക്കാരിലേയ്ക്ക് എത്തിച്ചേരാനും ഉബുണ്ടു ശ്രമിക്കുന്നുണ്ട്. ഉബുണ്ടു പദ്ധതി ഒരു സോഫ്റ്റ്വെയർ സാർവ്വലഭ്യമായിരിക്കണം എന്ന ലക്ഷ്യത്തോടെയുള്ളതാണ്, അത് ഏവർക്കും, എവിടെയും ഉപയോഗിക്കാനും പുതുക്കി നിർമ്മിക്കാനും അനുവദിക്കുന്നതായിരിക്കണം എന്ന ആശയം പങ്കു വെയ്ക്കുന്നു. പരാധീനതകൾ (ഉദാ: ദൃഷ്ടിവൈകല്യം) ഉള്ളവർക്കും, ഉപയോക്താവിനു വശമുള്ള ഭാഷയിലും ഒക്കെ സോഫ്റ്റ്വെയർ ഉപയോഗക്ഷമമാകണം എന്ന ഉദ്ദേശ്യവും ഈ ആശയത്തിൽ ഉൾക്കൊള്ളുന്നു.[18] 5.04 പതിപ്പു മുതൽ ഉബുണ്ടുവിന്റെ സ്വതേയുള്ള കാരക്ടർ എൻകോഡിങ് UTF-8 ആണ്.[19] ഇത് ഒട്ടനവധി റോമനിതര ലിപികളെ പിന്തുണയ്ക്കുന്ന ഒന്നാണ്. ലിബ്രേ ഓഫീസ്(11.04 ന് മുൻപുള്ള പതിപ്പുകളിൽഓപ്പൺ ഓഫീസ്), ഫയർഫോക്സ്, എമ്പതി (മുമ്പ് എമ്പതിയ്ക്കു പകരം പിഡ്ജിൻ ആണുണ്ടായിരുന്നത്) തുടങ്ങി നിരവധി സോഫ്റ്റ്വേറുകളും, ഒരു പിടി ലഘുവിനോദോപാധികളും ഒക്കെ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുമ്പോൾ കൂടെ ഇൻസ്റ്റോൾ ആകുന്നു. യൂണിറ്റി] ആണ് സ്വതേയുള്ള ഡെസ്ക്ക്ടോപ്പ് ഇന്റർഫേസ്. വൈൻ തുടങ്ങിയ സോഫ്റ്റ്വേറുകൾ ഉപയോഗിച്ച് വിൻഡോസിൽ പ്രവർത്തിപ്പിക്കാവുന്ന നിരവധി സോഫ്റ്റ്വേറുകളും പ്രവർത്തിപ്പിക്കാവുന്നതാണ്. പരിപൂർണ്ണമായ സ്വതന്ത്ര സോഫ്റ്റ്വേറുകളായവ മാത്രമേ ഉബുണ്ടുവിനൊപ്പം വിതരണം ചെയ്യുന്നുള്ളു. പരിപൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്വേറുകൾ മാത്രം ഉപയോഗിക്കണമെന്നാണ് ഉബുണ്ടുവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്നാണ്. എങ്കിലും, വളരെ ചെറിയൊരളവ് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വെയറുകൾ - ഹാഡ് വെയർ ഫേംവെയറുകൾ - ഉബുണ്ടു ഉപയോഗിക്കുന്നുണ്ട്. അതിനു പറ്റിയൊരു ബദൽ കണ്ടെത്തുന്നതു വരെയുള്ള താത്കാലിക മാർഗ്ഗമായിട്ടാണിത്. ബഹുഭൂരിപക്ഷം ഹാഡ്വേർ ഭാഗങ്ങൾക്കുമുള്ള ഡ്രൈവർ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയുണ്ട്. ഡെബിയൻ പാക്കേജ് സിസ്റ്റം തന്നെയാണ് ഉബുണ്ടുവിലുമുള്ളത്.
സുരക്ഷയ്ക്കുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ ഗ്നു/ലിനക്സിലെ റൂട്ട് അംഗത്വം ഉബുണ്ടുവിൽ സജീവമല്ലാതാക്കിയിരിക്കുന്നു, പകരം സുഡോ (sudo) എന്ന സൌകര്യം ഉപയോഗിച്ച് താത്കാലിക കാര്യനിർവ്വാഹക പദവി നേടിയാണ് എന്തെങ്കിലും കാര്യനിർവ്വാഹക പ്രവർത്തനങ്ങൾ ചെയ്യണമെങ്കിൽ ചെയ്യുന്നത്. ഇത് അവിദഗ്ദ്ധരായ ഉപയോക്താക്കൾ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനേയും അങ്ങനെ സുരക്ഷ നശിപ്പിക്കാനിടയുള്ളതും തടയുന്നു.[20] ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുമ്പോൾ ആദ്യമുണ്ടാക്കുന്ന ഉപയോക്തൃനാമത്തിന് സ്വതേ സുഡോ ഉപയോഗിക്കാൻ കഴിയുന്നതാണ്. സുഡോ ഉപയോഗിക്കാൻ ഉപയോക്താവിന്റെ പാസ്വേഡ് ആണ് താക്കോൽ ആയി ഉപയോഗിക്കുന്നത്. സുഡോ ഉപയോഗിക്കാൻ കഴിവുള്ള ഉപയോക്താക്കളെ യൂസേഴ്സ് ആൻഡ് ഗ്രൂപ്സ് എന്ന ആപ്ലിക്കേഷനുപയോഗിച്ച് നിർണ്ണയിക്കാൻ കഴിയും. ഒരിക്കൽ സുഡോ ഉപയോഗിച്ച് കാര്യനിർവ്വാഹക ശേഷി കൈവരിച്ചാൽ പിന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്തേയ്ക്ക് വീണ്ടും പാസ്വേഡ് നൽകേണ്ടതില്ല.
ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് സ്വതേയുള്ളതു പോലെ കൺസോളുകൾ ഉബുണ്ടുവിലുമുണ്ട്. ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത്. Ctrl+Alt+F1 മുതൽ Ctrl+Alt+F6 വരെയുള്ള സംയുക്ത കീബോർഡ് ബട്ടൺ ഞെക്കലുകൾ വഴി ഓരോ കൺസോളിലുമെത്താവുന്നതാണ്. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിൽ നിന്ന് അഥവാ ഡെസ്ക്ക്ടോപ്പിൽ നിന്നാണ് കൺസോളിലെത്തിയതെങ്കിൽ Ctrl+Alt+F7 ഞെക്കി ഡെസ്ക്ൿടോപ്പിൽ തിരിച്ചെത്താവുന്നതാണ്. കൺസോൾ ഉപയോഗിക്കുന്നതിനു പകരം മിക്ക സന്ദർഭങ്ങളിലും കമാൻഡ് ലൈൻ (ടെർമിനൽ) ഉപയോഗിച്ചാൽ മതിയാവും.
എല്ലാ ഗ്നു/ലിനക്സ് സിസ്റ്റങ്ങൾക്കുമുള്ള പോലെ വിർച്ച്വൽ ഡെസ്ക്ക്ടോപ്പുകൾ ഉബുണ്ടുവിലും ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിലുള്ള 36 ഡെസ്ക്ക്ടോപ്പുകൾ വരെ ഉബുണ്ടുവിലുണ്ടാക്കാം.[18] ഇവ ഓരോന്നിനേയും പ്രത്യേകം പ്രത്യേകം മോണിട്ടർ പോലെ ഉപയോഗിക്കാവുന്നതാണ്.
ഉബുണ്ടു സാധാരണ ലൈവ് സി.ഡി. ആയി ഉപയോഗിക്കാവുന്നതാണ്. അതായത് പ്രത്യേകിച്ച് ഇൻസ്റ്റോൾ ചെയ്യാതെ തന്നെ സിഡിയിൽ നിന്നും ബൂട്ടു ചെയ്ത് കമ്പ്യൂട്ടറിൽ പ്രവേശിക്കാനും കമ്പ്യൂട്ടർ സാധാരണ പോലെ തന്നെ ഉപയോഗിക്കാനും കഴിയുന്നതാണ്. ഏതാനും ചില ഗുണങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ ലഭിക്കില്ല എന്നേയുള്ളു. അതുപോലെ തന്നെ യു.എസ്.ബി. ഉപകരണങ്ങളിൽ നിന്നും ബൂട്ടു ചെയ്തു കേറാൻ കഴിവുള്ള ബയോസുള്ള (BIOS) കമ്പ്യൂട്ടറുകൾക്കായി ലൈവ് യു.എസ്.ബി. നിർമ്മിക്കാനും ഉബുണ്ടു ഉപയോഗിച്ച് സാധിക്കുന്നതാണ്. ലൈവ് സി.ഡി. പോലെ തന്നെ ലൈവ് യു.എസ്.ബി. ഉപയോഗിക്കാൻ കഴിയും. അതേ പോലെ, ബയോസിൽ പിന്തുണയുള്ള കമ്പ്യൂട്ടറിൽ ഒരു യു.എസ്.ബി. ഡ്രൈവിൽ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യാനും അതിൽ തന്നെ ക്രമീകരിച്ചു സൂക്ഷിക്കാനും കഴിയും. യു.എസ്.ബി. ഡ്രൈവുകൾക്ക് ബയോസ് പിന്തുണയുള്ള മറ്റു കമ്പ്യൂട്ടറുകളിലും പിന്നീട് ഇതേ യു.എസ്.ബി. ഡ്രൈവ് ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയും. ഇത് കൊണ്ടു നടക്കാവുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം സാധ്യമാക്കുന്നു.[21]
വിൻഡോസിൽ നിന്ന് ഉബുണ്ടുവിലേയ്ക്ക് മാറുന്ന ആൾക്കാർക്ക് സഹായകമാകുന്ന വിധം വിൻഡോസിൽ ശേഖരിച്ചു വെച്ചിട്ടുള്ള ബുക്ക്മാർക്ക് പോലുള്ള വിവരങ്ങളും, വാൾപേപ്പറുകളും, മറ്റു സജ്ജീകരണങ്ങളും ഉബുണ്ടുവിലേയ്ക്ക് ഇറക്കുമതി ചെയ്യാവുന്നതാണ്.
പതിപ്പ് | കോഡ് നാമം | റിലീസ് ദിവസം | പിന്തുണ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
12.04 എൽടിഎസ് | പ്രിസൈസ് പാങ്കോലിൻ | 2012-04-26 | 2017-04 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
12.10 | ക്വാണ്ടൽ ക്വട്സൽ | 2012-10-18 | 2014-05-16 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
13.04 | റേറിംഗ് റിംഗ്ടെയിൽ | 2013-04-25 | 2014-01-27 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
13.10 | സോസി സലാമാണ്ടർ | 2013-10-17 | 2014-07-17 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
14.04 എൽടിഎസ്[22] | ട്രസ്റ്റി തഹർ | 2014-04-17 | 2019-04 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
14.10 | ഉട്ടോപ്പിക് യൂണികോൺ[23] | 2014-10-23[24] | 2015-07 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
15.04 | വിവിഡ് വെർവെറ്റ്[25] | 2015-04-23 | 2016-01 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
15.10 | വില്ലി വെർവുൾഫ്[26] | 2015-10-22[27] | 2016-07-28 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
16.04 എൽടിഎസ് | സെനിയൽ സെറസ്[28] | 2016-04-21[29] | 2021-04 (as 16.04.1) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
16.10 | യാക്കെറ്റി യാക്ക്[30] | 2016-10-20[31] | N/A | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Old version Older version, still supported Latest version Future release |
എല്ലാ വർഷവും ഉബുണ്ടുവിന്റെ രണ്ട് പതിപ്പുകൾ പുറത്തിറങ്ങുന്നു, പതിപ്പിന്റെ ക്രമസംഖ്യയായി പുറത്തിറങ്ങുന്ന വർഷവും മാസവും ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ആദ്യ പതിപ്പ് 4.10 വാർറ്റി വാർത്തോഗ് 2004 ഒക്ടോബർ മാസം പുറത്തിറങ്ങിയതാണ്.[32] ഭാവി പതിപ്പുകളുടെ ക്രമസംഖ്യ മുൻകൂട്ടി പറയാൻ സാധിക്കില്ല. എന്തുകൊണ്ടെന്നാൽ പുറത്തിറക്കൽ വൈകിയാൽ ക്രമസംഖ്യയും അതിനനുസരിച്ച് മാറുന്നതാണ്. ദീർഘകാല സേവന പതിപ്പ് 6.06 മാത്രം ആറുമാസത്തിൽ പുതിയ പതിപ്പിറക്കുക എന്നതിനു വ്യത്യസ്തമായി എട്ടുമാസം തികഞ്ഞപ്പോഴാണു പുറത്തിറങ്ങിയത്. ഓരോ പതിപ്പുകൾക്കും ഒരു നാമവും ഉണ്ടായിരിക്കും, ഈ നാമം ഒരു മൃഗത്തിന്റെ പേരും അതിനൊരു വിശേഷണവും കൂടിച്ചേർന്നുള്ളതായിരിക്കും (ഉദാ: ജോണ്ടി ജാക്കലോപ്പ്, കാർമിക് കോല). ഈ പേരുകൾ ഷട്ടിൽവർത്താണ് ഇടുന്നത്.[18] പതിപ്പുകളെ കുറിക്കാൻ ഇതിൽ വിശേഷണമായി ഉപയോഗിച്ചിരിക്കുന്ന ഭാഗം മാത്രമാണു സാധാരണ ഉപയോഗിക്കുക.[33] ആദ്യ രണ്ടു പതിപ്പുകളൊഴികെ ബാക്കിയുള്ളവയുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് നൽകിയിട്ടുള്ളത്.
പതിപ്പ് 5.04 മുതൽ ഉബുണ്ടുവിൽ സ്വതേയുള്ള എൻകോഡിങ് യൂണികോഡായി. വിൻഡോസിൽ നിന്നും ഉബുണ്ടുവിലേയ്ക്ക് കുടിയേറുന്നവർക്ക് സഹായകമാകത്തക്ക വിധത്തിൽ പതിപ്പ് 7.04 മുതൽ വിൻഡോസിലെ നിരവധി സജ്ജീകരണങ്ങളും ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങളും ഉബുണ്ടുവിലേയ്ക് എടുത്ത് ചേർക്കാൻ സഹായിക്കുന്ന ഉപകരണം കൂട്ടിച്ചേർത്തിട്ടുണ്ട്.[34][35] പതിപ്പ് 8.04 മുതൽ വിൻഡോസിനുള്ളിൽ ഇൻസ്റ്റോൾ ചെയ്യാൻ കഴിയുന്ന വുബി ഇൻസ്റ്റോളറും ഉബുണ്ടുവിനൊപ്പം വിതരണം ചെയ്യാൻ തുടങ്ങി. പതിപ്പ് 10.04 മുതൽ ഉബുണ്ടുവിനുള്ള സഹായപുസ്തകം പുറത്തിറങ്ങാൻ തുടങ്ങി.[36]
ഗ്നോമിന്റെ പുതിയ പതിപ്പിറങ്ങി ഏകദേശം ഒരു മാസത്തിനു ശേഷമാണ് ഉബുണ്ടുവിന്റെ പതിപ്പിറങ്ങുന്നത്. എക്സ്.ഓർഗിന്റെ പതിപ്പിറങ്ങി ഒരുമാസത്തിനു ശേഷമാണ് ഗ്നോം പുറത്തിറങ്ങുന്നത്. ഇവരണ്ടും ഓരോ ഉബുണ്ടു പതിപ്പിലും 11.04 വരെ ഉണ്ടായിരുന്നു. 11.04 മുതൽ സ്വതേയുള്ള ഉപയോക്തൃസമ്പർക്ക മുഖമായി ഉബുണ്ടു സ്വന്തം യൂണിറ്റി ഉപയോഗിക്കാൻ തുടങ്ങി. സ്വന്തം പുറത്തിറങ്ങി പതിനെട്ട് മാസങ്ങളിലേയ്ക്ക് അപ്ഡേറ്റുകൾ വഴി ഉബുണ്ടുവിന് പിന്തുണ ലഭിക്കുന്നതാണ്. ദീർഘകാല സേവന ഡെസ്ക്ൿടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, ദീർഘകാല സേവന സെർവർ പതിപ്പുകൾക്ക് 5 വർഷവും പിന്തുണ ലഭിക്കുന്നതാണ്.[37] അവയെ തിരിച്ചറിയാൻ പേരിനൊപ്പം LTS (Long Term Support - ദീർഘ കാല പിന്തുണ) എന്നുണ്ടാവും.[38]
വെബ്, ഇമെയിൽ സെർവർ ആയി ഉപയോഗിക്കാൻ ശേഷി കൂടുതലുള്ള ഹാഡ്വേറുകൾക്കായി നിർമ്മിച്ചിട്ടുള്ള പതിപ്പാണ് ഉബുണ്ടു സെർവർ. ഉബുണ്ടു 10.04 എൽടിഎസ് സെർവറിന് 2015 വരെ പിന്തുണയുണ്ട്. ഉബുണ്ടു 12.04ഉം അഞ്ച് വർഷ പിന്തുണ നൽകുന്നുണ്ട്.[39]
ഉബുണ്ടു സെർവർ വിഎംവെയർ ഇസിഎക്സ് സെർവർ, ഒറാക്കിൾ വിർച്വൽബോക്സ്, മൈക്രോസോഫ്റ്റ് ഹൈപ്പർ-വി മുതലായവയെ പിന്തുണക്കുന്നു. സുരക്ഷക്കായി ഉബുണ്ടു സെർവർ കെർണലിനോടൊപ്പം ആപ്ആർമർ ആണുപയോഗിക്കുന്നത്. സാധാരണ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തനങ്ങളിലേക്ക് ഫയർവാളിനെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. 10.04 സെർവർ പതിപ്പ് മൈഎസ്ക്യൂഎൽ 5.1, ടോംക്യാറ്റ് 6, ഓപൺജെഡികെ 6, സാംബ 3.4, നാജിയോസ് 3, പിഎച്ച്പി 5.3, പൈത്തൺ 2.6 എന്നിവ സ്വതേ ഉൾക്കൊള്ളുന്നു.
കാനോനിക്കൽ ലി. നൽകുന്ന ഔദ്യോഗിക പിന്തുണയിൽ വികസിപ്പിച്ചെടുക്കുന്ന നിരവധി പതിപ്പുകൾക്കു പുറമെ വളരെയധികം പതിപ്പുകൾ ഉബുണ്ടുവിൽ നിന്നും ഉണ്ടാക്കുന്നുണ്ട്.[40][41] മെച്ചപ്പെട്ട ഉപയോക്തൃസൗഹൃദ സ്വഭാവവും, പൂർണ്ണമായും ക്രമീകരിച്ചെടുക്കാവുന്നതുമായ മെനുവും മറ്റുമുള്ള ലിനക്സ് മിന്റ് ആണവയിൽ പ്രധാനം. ഗ്നോമിനേക്കാളും ലഘുവായ ഓപ്പൺബോക്സ് വിൻഡോ മാനേജറും ജിറ്റികെ+ ആപ്ലിക്കേഷനുകളുമുപയോഗിക്കുന്ന ക്രഞ്ച്ബാങ് ലിനക്സ് (CrunchBang Linux) ആണ് മറ്റൊരെണ്ണം. ക്രഞ്ച്ബാങ് ലിനക്സ് വേഗതയും ഉപയോഗഗുണവും തമ്മിലുള്ള മെച്ചപ്പെട്ട സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നു. ഉബുണ്ടുവിന്റെ മറ്റൊരു വ്യുൽപ്പന്നമായ ന്യൂസെൻസ് (gNewSense) ഗ്നു സാർവ്വ ജനിക അനുമതി പ്രകാരം പൂർണ്ണമായും സ്വതന്ത്രങ്ങളായ സോഫ്റ്റ്വെയറുകൾ മാത്രം ഉപയോഗിക്കുന്ന ഒന്നാണ്.[42] ഗ്നു ആണ് ന്യൂസെൻസിനാവശ്യമുള്ള പിന്തുണ നൽകുന്നത്. 2007-ൽ പുറത്തിറങ്ങിയ ഗോസ് (gOS) അതിന്റെ മെച്ചപ്പെട്ട ദൃശ്യരൂപത്താലും ഉപയോഗ ലാളിത്യത്താലും ഏറെ പ്രകീർത്തിക്കപ്പെട്ട ഒന്നാണ്. ഉബുണ്ടുവിലെ വരുത്തിയ ചില്ലറ മാറ്റങ്ങൾ കൊണ്ട് i386 രൂപകൽപ്പനയുമായി ഏറ്റവുമധികം ഒത്തുപോകുന്ന ഒരു ലിനക്സ് വിതരണമാണ് കിവി ലിനക്സ്.[43] കിവി, ഉബുണ്ടുവിനായി ലഭ്യമായ റെപ്പോസിറ്ററികളെല്ലാം ഉപയോഗിക്കുന്നു. അതുകൊണ്ട് സാധാരണ ഉബുണ്ടുവിൽ ലഭ്യമായ യാതൊന്നും കിവിയിൽ നഷ്ടമാകുന്നില്ല. എൻലൈറ്റന്മെന്റ് വിൻഡോ മാനേജർ (E17) ഉപയോഗിക്കുന്ന ലിനക്സ് വിതരണങ്ങളാണ് ഓപ്പൺജിഇയു (OpenGEU), ഓസീഓഎസ് (OzOs) തുടങ്ങിയവ. അസൂസിന്റെ ഇഇ നെറ്റ്ബുക്കുകൾക്കായി പുറത്തിറങ്ങിയിട്ടുള്ള ഉബുണ്ടു പതിപ്പാണ് ഈബുണ്ടു (Eebuntu). ബി.ഇ.ഒ.എസ്സിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ കൂടി പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള ഉബുണ്ടു വ്യുൽപ്പന്നമാണ് സീബുണ്ടു (Zebuntu). സുരക്ഷാ പരിശോധനകൾക്കുള്ള മണ്ഡലമായി ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് നൂബുണ്ടു (nUbuntu). ലൈവ് സി.ഡി. സൗകര്യത്തിലുപയോഗിക്കാവുന്ന ഒരു ഉബുണ്ടു വ്യുൽപ്പന്നമാണ് ഗ്നോപ്പിക്സ് (Gnoppix). ഓരോ പിക്സലിലും വിൻഡോസ് എക്സ്.പി.യ്ക്ക് സമാനമായ വിധത്തിൽ ഉബുണ്ടുവിന്റെ പതിപ്പ് ചൈനീസ് ഹാക്കേഴ്സ് പുറത്തിറക്കിയിട്ടുണ്ട്.[44]
ഡെസ്ക്ടോപ്പിനും ലാപ്ടോപ്പിനും[45] | സെർവർ[45] | ||
---|---|---|---|
ആവശ്യപ്പെടുന്നത് | നിർദ്ദേശിക്കുന്നത് | ||
പ്രോസ്സസർ | 300 MHz(x86) | 700 MHz(x86) | 300 MHz (x86) |
മെമ്മറി | 256 MB | 384 MB* | 64 MB[46] |
ഹാർഡ് ഡ്രൈവ് ശേഷി | 4 GB[47] | 8 GB[47] | 500 MB[46] |
വീഡിയോ കാർഡ് | VGA @ 640x480 | VGA @ 1024x768 | VGA @ 640x480 |
ഉബുണ്ടുവിന്റെ ഡെസ്ൿടോപ്പ് പതിപ്പ് ഇപ്പോൾ ഇന്റൽ എക്സ്86, എ.എം.ഡി 64, എ.ആർ.എം. തുടങ്ങിയവയെ പിന്തുണയ്ക്കുന്നുണ്ട്.[48] പവർ പിസി,[49] പ്ലേസ്റ്റേഷൻ 3 തുടങ്ങിയ രൂപകൽപ്പനയ്ക്ക് അനൌദ്യോഗിക സേവനവും ലഭ്യമാണ്. അനൗദ്യോഗികമായി ഇറ്റാനിയത്തിന് ലഭിച്ചിരുന്ന പിന്തുണയും, സെർവറിനായുള്ള ചില പതിപ്പുകൾ സ്പാർക്കിനു ലഭിച്ചിരുന്ന പിന്തുണയും[50][51] പ്രസക്തി നഷ്ടപ്പെട്ടതിനാൽ പതിപ്പ് 10.10 മുതൽ ലഭ്യമല്ല.[52]
ഡെസ്ൿടോപ്പ് ഇൻസ്റ്റലേഷനാവശ്യമായ കുറഞ്ഞ ശേഷി, 300 MHz ഉള്ള എക്സ്86 പ്രോസസ്സറും 256 എം.ബി. റാമും, ഹാർഡ് ഡിസ്കിൽ 4 ജി.ബി. ഇടവും,[47] 640x480 റെസലൂഷൻ പിന്തുണയ്ക്കുന്ന വിജിഎയും ആണ്. ഇപ്പോൾ പുറത്തിറങ്ങുന്ന പല ഓപ്പറേറ്റിങ് സിസ്റ്റത്തിനും ആവശ്യമായ ഹാർഡ്വെയർ ആവശ്യവുമായി തട്ടിച്ചു നോക്കുമ്പോൾ ഇതു വളരെ കുറവാണ്. നിർദ്ദേശിക്കുന്ന കമ്പ്യൂട്ടർ ശേഷി 700 ഹെർട്സുള്ള എക്സ്86 പ്രോസസ്സറും,384 എംബി റാമും, ഹാർഡ് ഡിസ്കിൽ 8 ജിബി ഇടയും[47] 1024x768 റെസലൂഷനുള്ള വി.ജി.എയുമാണ്. ഇത്രയും ശേഷിയില്ലാത്ത കമ്പ്യൂട്ടറുകൾക്കായി ക്സുബുണ്ടു ഉപയോഗിക്കാവുന്നതാണ്.[53]
ലൈവ് സിഡി ഉപയോഗിച്ചാണ് സാധാരണ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാറുള്ളത്. ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കിലേക്ക് ഇൻസ്റ്റാൾ ചെയ്യാതെ ലൈവ് സിഡിയിൽ നിന്നും നേരിട്ട് ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത് കൊണ്ടുള്ള പ്രയോജനം സ്ഥിരമായ ഇൻസ്റ്റലേഷന് മുൻപ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഹാർഡ്വെയർ പിന്തുണ, എല്ലാ ഹാർഡ്വെയറുകൾക്കും വേണ്ടിയുള്ള ഡ്രൈവർ സോഫ്റ്റ്വെയറുകൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉപയോക്താവിന് പരിശോധിക്കുവാൻ സാധിക്കും എന്നതാണ്. ഇതേ ലൈവ് സിഡി ഉപയോഗിച്ചു തന്നെ ഉബുണ്ടു സ്ഥിരമായി ഹാർഡ് ഡിസ്കിലേക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഇതിനായി യുബിക്വിറ്റി (Ubiquity) എന്ന ഒരു ഇൻസ്റ്റാളറും ലൈവ് സിഡിയിലുണ്ട്. ഉബുണ്ടു ലൈവ് സിഡി ലഭിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട്
ഉബുണ്ടൂ വെബ്സൈറ്റിൽ കയറിയ ശേഷം വേണ്ട ഉബുണ്ടു പതിപ്പ് (8.04 അഥവാ 9.04 വേണോ, 32 ബിറ്റ് അഥവാ 64 ബിറ്റ് പ്രോസസറിന് വേണ്ടിയുള്ളതാണോ, ഉബുണ്ടു വേണോ, കുബുണ്ടു വേണോ എന്നിങ്ങനെ) തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാം. ഒരു സിഡി ഇമേജ് (.ISO) ഫയൽ ആയാണ് ഡൗൺലോഡ് ലഭിക്കുന്നതു്. ഇത് ഒരു സിഡി/ഡിവിഡി യിലേക്ക് ആലേഖനം ചെയ്ത് ഉബുണ്ടു ലൈവ് സിഡി സൃഷ്ടിക്കാം.
വിവിധ തരത്തിൽ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യാം. ഒരു കമ്പ്യൂട്ടറിൽ ഉബുണ്ടു മാത്രമായി, മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം, വിൻഡോസിനുള്ളിൽ സാധാരണ സോഫ്റ്റ്വേർ ഇൻസ്റ്റോൾ ചെയ്യുന്നതു പോലെ, അല്ലെങ്കിൽ വി.എം.വെയർ പ്ലേയർ (VMware Player) പോലുള്ള സോഫ്റ്റ്വേറുകൾ ഉപയോഗിച്ച് വിർച്ച്വൽ കമ്പ്യൂട്ടറായി ഒക്കെ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യാൻ കഴിയുന്നതാണ്. ലൈവ് സിഡി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാണെങ്കിൽ അങ്ങനെയുമാവാം.
ഉബുണ്ടു മാത്രമായും ഇതര ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പവും ഇൻസ്റ്റോൾ ചെയ്യാൻ ലിനക്സ് പാർട്ടീഷനുകൾ നിർമ്മിച്ച് അതിൽ ഇൻസ്റ്റോൾ ചെയ്യേണ്ടതാണ്. ഉബുണ്ടുവിന്റെ പ്രവർത്തന മികവ് ഏറ്റവുമധികം ലഭിക്കുക ഇത്തരം ഇൻസ്റ്റലേഷനിലാണ്. വിൻഡോസിനൊപ്പം മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റമായി ഇൻസ്റ്റോൾ ചെയ്യുന്നതിനെ ഡുവൽ ബൂട്ടിങ് എന്നു വിളിക്കുന്നു. വുബി (Wubi) എന്ന ഇൻസ്റ്റോളർ ഉപയോഗിച്ച് വിൻഡോസിനുള്ളിൽ തന്നെ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യാൻ സാധിക്കുന്നതാണ്. വുബി ഉബുണ്ടുവിനായി ഒരു വിർച്ച്വൽ ഹാർഡിസ്ക് വിൻഡോസിൽ നിർമ്മിക്കുകയും പ്രവർത്തിക്കുകയുമാണ് ചെയ്യുക. ഈ വിർച്ച്വൽ ഹാർഡ് ഡിസ്ക് ഒരു ഒറ്റ ഫയലായിട്ടാവും ഉണ്ടാവുക. വുബി ഇൻസ്റ്റലേഷൻ താരതമ്യേന ലളിതമാണെങ്കിലും ഉബണ്ടുവിന്റെ കാര്യനിർവ്വഹണ ശേഷിയെ ചെറുതായി ബാധിക്കാറുണ്ട്.[18] ഇത്തരത്തിൽ ഇൻസ്റ്റോൾ ചെയ്താൽ സാധാരണ സോഫ്റ്റ്വേറുകൾ വിൻഡോസിൽ നിന്നും നീക്കം ചെയ്യുന്നതു പോലെ തന്നെ ഉബുണ്ടുവും നീക്കം ചെയ്യാവുന്നതാണ്. ഉപയോഗത്തിൽ സമാനവും എന്നാൽ ആന്തരികമായ പ്രവർത്തനത്തിൽ വ്യത്യസ്തവുമായ വിധത്തിലുള്ള ഇൻസ്റ്റലേഷനാണ് വിർച്ച്വൽ കമ്പ്യൂട്ടർ ഉപയോഗിച്ച് നടത്തുന്നത്. വിർച്ച്വൽ കമ്പ്യൂട്ടർ നിർമ്മിക്കാനാവശ്യമായ സോഫ്റ്റ്വെയർ ഉപയോഗിച്ച് അത് നിർമ്മിക്കുകയും അതിലേയ്ക്ക് ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുകയുമാണ് ചെയ്യുക. ഉബുണ്ടു റീസ്റ്റാർട്ട് ചെയ്യണമെങ്കിൽ വിർച്ച്വൽ കമ്പ്യൂട്ടറിനുള്ളിൽ നിന്ന് അപ്രകാരം സാധിക്കുന്നതാണ്. ശരിക്കുമുള്ള കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യേണ്ടി വരില്ല.[18]
ആപ്ലിക്കേഷനുകൾ കൂട്ടിച്ചേർക്കാനും നീക്കം ചെയ്യാനും ഉബുണ്ടുവിൽ പാക്കേജ് മാനേജർ ഉപയോഗിക്കുന്നു. മുൻകൂട്ടി ഉബുണ്ടുവിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പാക്കേജുകൾ ഇൻസ്റ്റോൾ ചെയ്യാൻ സഹായിക്കുന്ന ഉപകരണമാണ് പാക്കേജ് മാനേജർ. റെപ്പോസിറ്ററീസ് എന്നു വിളിക്കുന്ന ഓൺലൈൻ സ്രോതസ്സുകളിൽ നിന്നുമാണ് പ്രധാനമായും ആപ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യുക. ഇൻസ്റ്റലേഷനു sudo ഉപയോഗിച്ച് കാര്യനിർവ്വാഹക പദവി കൈവശപ്പെടുത്തേണ്ടതാണ്. പ്രധാനമായും മൂന്നു പാക്കേജ് മാനേജറാണ് ഉബുണ്ടുവിൽ ഉപയോഗിക്കുന്നത്.
എന്നിവയാണവ
ആദ്യ രണ്ടെണ്ണവും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യാൻ സഹായിക്കുന്നു. കമാൻഡ് ലൈൻ അഥവാ ടെർമിനൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഉപകരണമാണ് ആപ്റ്റ് (Advanced Packaging Tool - നൂതന പാക്കേജിങ് ഉപകരണം).
ഉബുണ്ടുവിനായി നിർമ്മിച്ചിരിക്കുന്ന ലഭ്യമായ സോഫ്റ്റ്വേറുകളെയെല്ലാം അതിന്റെ ഉപയോഗാനുമതിയും, പിന്തുണയുടെ തോതും അനുസരിച്ച് നാലായി തിരിച്ചിരിക്കുന്നു.[54] ഈ നാലു വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്വേറുകളേയും നാലു റെപ്പോസിറ്ററികളായി നിർവ്വചിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറുകൾക്ക് മാത്രമുള്ള മെയിൻ റെപ്പോസിറ്ററിയിൽ മറ്റു വിധത്തിലൊന്നും ഒഴിവാക്കാൻ സാധിക്കാത്ത ഫേംവെയർ തുടങ്ങിയ സ്വതന്ത്രമല്ലാത്തവയും ഉൾപ്പെടുന്നു.[55]
സ്വതന്ത്ര സോഫ്റ്റ്വേർ | സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വേർ | |
---|---|---|
പിന്തുണയുള്ളവ | Main | Restricted |
പിന്തുണയില്ലാത്തവ | Universe | Multiverse |
സോഴ്സ്കോഡ് ലഭ്യമല്ലാത്തതും എന്നാൽ ഒഴിവാക്കാൻ പറ്റാത്തതുമായ ഡിവൈസ് ഡ്രൈവർ സോഫ്റ്റ്വെയറുകൾക്കും ഔദ്യോഗിക പിന്തുണ ഉണ്ടാകാറുണ്ട്. സോഴ്സ് കോഡ് ലഭ്യമല്ലാത്തതിനാൽ ഇവയ്ക്കുള്ള പിന്തുണ താരതമ്യേന കുറവായിരിക്കും. ഇവയെ റെസ്ട്രിക്റ്റഡ് റെപ്പോസിറ്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവും. മെയിൻ, റെസ്ട്രിക്റ്റഡ് റെപ്പോസിറ്ററികളിലാണ് കമ്പ്യൂട്ടർ ഉപയോഗത്തിനാവശ്യമുള്ള എല്ലാ സാധാരണ സോഫ്റ്റ്വേറുകളും ഉണ്ടാവുക. പിന്തുണയില്ലാത്തവ എന്നതു കൊണ്ട് കാനോനിക്കൽ ലി. പിന്തുണ നൽകാത്തവ എന്നു മാത്രമേ ഉദ്ദേശ്യമുള്ളു. ഉബുണ്ടു സമൂഹമോ സോഫ്റ്റ്വേർ നിർമ്മാതാക്കളോ മറ്റാരെങ്കിലുമോ ഇവയ്ക്ക് പിന്തുണ നൽകുന്നുണ്ടായിരിക്കാം. മൾട്ടിവേഴ്സ് സോഫ്റ്റ്വേറുകളുടെ സോഴ്സ് കോഡ് ലഭ്യമല്ലാത്തതിനാൽ അവയ്ക്ക് എന്തെങ്കിലും വിധത്തിൽ പിന്തുണ കിട്ടാനുള്ള സാധ്യത കുറവാണ്. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വേറുകളെങ്കിലും വിതരണം ചെയ്യുന്നതിനു തടസ്സമില്ലാത്ത അഡോബ് ഫ്ലാഷ് പ്ലേയർ, സണ്ണിന്റെ ജാവ വിർച്ച്വൽ മെഷീൻ, എം.പി.3 ഫയലുകൾ പ്രവർത്തിപ്പിക്കാനുള്ള സൌകര്യം, തുടങ്ങിയവയെ റെസ്ട്രിക്റ്റഡ് ആയി കണക്കാക്കുന്നു.
പ്രധാന വിഭാഗങ്ങളിലേയ്ക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ആപ്ലിക്കേഷനുകൾ അവ അതിലേയ്ക്ക് ചേർക്കുന്നതിനു മുമ്പ് പ്രൊപ്പോസ്ഡ് (-proposed) എന്നൊരു റെപ്പോസിറ്ററിയിലേയ്ക്ക് ചേർക്കുന്നു. ഇവിടെ വച്ചവ പരീക്ഷിച്ച് ബഗ്ഗുകൾ നീക്കിയതിനു ശേഷമാണ് പ്രധാന വിഭാഗങ്ങളിലേയ്ക്ക് ചേർക്കുന്നത്.[56] പ്രൊപ്പോസ്ഡ് റെപ്പോസിറ്ററിയിലുള്ള ആപ്ലിക്കേഷനുകളും ഏവർക്കും ലഭ്യമാണ്. ഉബുണ്ടു കാലാനുസൃതമായി പുതുക്കുന്നതിനാവശ്യമുള്ള അപ്ഡേറ്റുകൾ അപ്ഡേറ്റ്സ് (-updates) എന്ന റെപ്പോസിറ്ററികളിൽ ഉണ്ടാവും. ഓരോ പതിപ്പിനും വ്യത്യസ്തങ്ങളായ അപ്ഡേറ്റ് റെപ്പോസിറ്ററികളാണുണ്ടാവുക. ഇവ ഓരോന്നും പതിപ്പിന്റെ സേവന കാലാവധി കഴിയുന്നതു വരെ (സാധാരണ പതിപ്പുകൾക്ക് 18 മാസം, ദീർഘകാല സേവന പതിപ്പുകൾക്ക് 3 വർഷം, ദീർഘകാല സേവന സെർവർ പതിപ്പുകൾക്ക് 5 വർഷം) നിലനിർത്തിയിരിക്കും. എല്ലാ അപ്ഡേറ്റുകളും, സോഫ്റ്റ്വേറുകളും ആദ്യം പ്രൊപ്പോസ്ഡ് റെപ്പോസിറ്ററിയിൽ പരീക്ഷിക്കുകയും, പുറത്തിറക്കുന്നതിനു ഒരു മാസം മുമ്പ് കൂടുതൽ സൌകര്യങ്ങളൊന്നും ചേർക്കാതെ പരിരക്ഷിച്ച് അവ മറ്റു ഘടകങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നവയാണൊയെന്നു പരിശോധിച്ച്, സ്ഥിരതയുള്ളവയെന്നുറപ്പു വരുത്തിയാണ് അനുസൃതമായ റെപ്പോസിറ്ററികളിലേയ്ക്ക് ചേർക്കുന്നത്.[57]
ആദ്യം പറഞ്ഞ ഏത് ഉപകരണം ഉപയോഗിച്ചാണു സോഫ്റ്റ്വേറുകൾ ഇൻസ്റ്റോൾ ചെയ്യുന്നതെങ്കിലും അവ ഇവയിലേതെങ്കിലും ഒരു റെപ്പോസിറ്ററിയിൽ നിന്നായിരിക്കും.
ഡെബിയൻ പാക്കേജുകൾ ഇൻസ്റ്റോൾ ചെയ്യാൻ dpkg എന്നൊരു കമാൻഡ് ലൈൻ റ്റൂളും. റെഡ്ഹാറ്റ് പാക്കേജ് മാനേജർ ഉപയോഗിച്ച് റെഡ്ഹാറ്റ് ലിനക്സ് വിതരണങ്ങൾക്കായി നിർമ്മിച്ച പാക്കേജുകൾ (.rpm) ഇൻസ്റ്റോൾ ചെയ്യാൻ alien എന്നൊരു റ്റൂളും ഇവയ്ക്കു പുറമേ ഉബുണ്ടുവിനായി ലഭ്യമാണ്.[58]
ഡെബിയൻ ലിനക്സിന്റെ കോഡ് ഉപയോഗിച്ചാണ് ഉബുണ്ടു ഉണ്ടാക്കിയിരിക്കുന്നത്.[59] ഡെബിയൻ വിതരണത്തിന്റെ സ്ഥിരതയുള്ളതോ അസ്ഥിരമായതോ ആയ പ്രാഥമിക കോഡിൽ നിന്നുമാണ് ഉബുണ്ടു ഉണ്ടാക്കിയിരിക്കുന്നത്. ഇരു ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഒരേ പാക്കേജിങ് സിസ്റ്റവും പാക്കേജ് മാനേജ്മെന്റ് ഉപകരണവും ഉപയോഗിക്കുന്നു. അതേ ഡെബിയൻ ഫയൽ ഫോർമാറ്റാണ് (.deb) പാക്കേജുകൾക്ക് ഉപയോഗിക്കുന്നതെങ്കിലും ഒരു പാക്കേജ് തന്നെ ഇരു ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവർത്തിക്കണമെന്നില്ല. പാക്കേജുകൾ സോഴ്സ് കോഡ് തലത്തിൽ നിന്നു തന്നെ ഉബുണ്ടുവിനായി നിർമ്മിക്കാറുണ്ട്.[60] ഡെബിയൻ ശൈലിയിൽ നിന്ന് ഉബുണ്ടു വളരെ വ്യത്യാസപ്പെട്ടു പോകുന്നുവെന്ന് ഡെബിയന്റെ സ്രഷ്ടാവായ ഇയാൻ മർഡോക്ക് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.[61]
സാധാരണ ഉപയോക്താക്കൾക്ക് സാങ്കേതിക കാര്യങ്ങളെക്കുറിച്ച് അറിവില്ലെങ്കിൽ കൂടി അയത്ന ലളിതമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഉബുണ്ടുവിന്റെ നിർമ്മാണം. എന്നിരുന്നാൽ കൂടി കമാൻഡ് ലൈനിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല.
ഉബുണ്ടു ഒരു ദക്ഷിണ ആഫ്രിക്കൻ തത്ത്വചിന്തയാണ്, പരസ്പര ബന്ധത്തിലും പരസ്പര സേവന സന്നദ്ധതയിലും അധിഷ്ഠിതമാണത്. സുലു, ക്സോസ (Xhosa) ഭാഷകളിൽ നിന്നാണ് ഉബുണ്ടു എന്ന പദം വരുന്നത്. പരമ്പരാഗത ആഫ്രിക്കൻ ചിന്താഗതി എന്ന തലത്തിൽ ആഫ്രിക്കൻ പുനരുത്ഥാനത്തിനും ദക്ഷിണാഫ്രിക്ക എന്ന റിപ്പബ്ലിക്ക് ഉണ്ടാകാനും ഉബുണ്ടു കാരണമായിരിക്കുന്നു. ഉബുണ്ടു തത്ത്വചിന്ത ഏകദേശം അർത്ഥമാക്കുന്നത് “മറ്റുള്ളവരോട് കാട്ടേണ്ട മനുഷ്യത്വം” എന്നാണ്.
ഉബുണ്ടു തത്ത്വചിന്ത ആസ്പദമാക്കിയാണ് ഉബുണ്ടു സമൂഹം സൃഷ്ടിച്ചിരിക്കുന്നത്. വിവരങ്ങൾ പരസ്പരം പങ്കുവെച്ച് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമാണ് സന്നദ്ധ സേവ സമൂഹമായ ഉബുണ്ടു സമൂഹത്തിലുള്ളത്. ഈ ആഗോള സമൂഹം വളരെ വലുതും ഉബുണ്ടു പദ്ധതിയ്ക്ക് ഏറെ സേവനങ്ങൾ ചെയ്തുകൊണ്ടുമിരിക്കുന്ന ഒന്നാണ്. ഉബുണ്ടു ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കൾക്കു വേണ്ട സഹായം മുതൽ ഉബുണ്ടുവിന്റെ സാങ്കേതിക വികസന പ്രക്രിയയിൽ വരെ ഈ സമൂഹം ക്രിയാത്മകമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഉബുണ്ടുവിലുണ്ടായിരിക്കേണ്ട വിശേഷഗുണങ്ങളും മറ്റു പ്രത്യേകതകളും സമൂഹം തന്നെയാണ് തിരഞ്ഞെടുക്കുന്നത്.
പ്രാദേശിക ഭാഷയിലുള്ള വികസനത്തിനായി അതിനു സന്നദ്ധരായവരെ അതതു ഭാഷയുടെ ലോകോ (LoCo) സംഘമായി കൂട്ടുന്നു. ഇതേ രീതിയിൽ മറ്റു പ്രത്യേകതകൾ അടിസ്ഥാനമാക്കിയും സമൂഹത്തെ ഉപസമൂഹങ്ങൾ ആയി തിരിച്ചിട്ടുണ്ട്.
പൂർണ്ണമല്ലെങ്കിൽ പോലും പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്വേറുകളുടെ സഹായം അവയോടൊപ്പം ഗ്നു ഡോക്യുമെന്റേഷൻ പദ്ധതി പ്രകാരം പ്രമാണീകരിച്ചു നല്കുന്നുണ്ട്. ഉബുണ്ടു അവയെ ഉൾക്കൊള്ളുന്നു. പ്രാഥമികമായ സഹായ ലഭ്യതയ്ക്ക് അവ ഉപയോഗിക്കാവുന്നതാണ്. അതിലധികം സഹായം ആവശ്യമുണ്ടെങ്കിൽ ഉബുണ്ടു ഡോക്യുമെന്റേഷൻ ടീം നിർമ്മിച്ചിരിക്കുന്ന ഡോക്യുമെന്റേഷൻ സൈറ്റിൽ നിന്നും[62] നിന്നും ലഭ്യമാണ്. ഉബുണ്ടു സമൂഹത്തിൽ നിന്നും ഫോറമുകൾ, ഐ.ആർ.സി. ചാനൽ, മെയിലിങ് ലിസ്റ്റ് തുടങ്ങി നിരവധി മാർഗ്ഗങ്ങളിലൂടെയും സഹായം ലഭിക്കുന്നതാണ്.[63] പ്രാദേശിക ഭാഷയിലുള്ള സഹായവും ബന്ധപ്പെട്ട പ്രാദേശിക സംഘത്തിൽ നിന്നും ലഭിക്കുന്നതാണ്. ഉബുണ്ടുവിനെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളെ പരാമർശിക്കുന്ന വിക്കിയും നിലവിലുണ്ട്.[64] ലോഞ്ച്പാഡ് സംവിധാനം ഉപയോഗിച്ചുള്ള സാങ്കേതിക ചോദ്യങ്ങൾക്ക് മറുപടികൾ നല്കുന്ന രീതിയും ഉബുണ്ടുവിനായി നിലവിലുണ്ട്.[65] സഹായ സേവനങ്ങൾ കാനോനിക്കൽ ലിമിറ്റഡിന്റെ പക്കൽ നിന്നോ ഔദ്യോഗിക പങ്കാളികളുടെ പക്കൽ നിന്നോ പണം കൊടുത്ത് വാങ്ങി ഉപയോഗിക്കാവുന്നതുമാണ്.[66] സിസ്റ്റം സജ്ജീകരണവും സഹായ സേവനവും ക്രമീകരിക്കാനായി ലാൻഡ്സ്ക്കേപ്പ് എന്നൊരു പദ്ധതിയും കാനോനിക്കൽ ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. സമൂഹ ബ്ലോഗുകൾക്കുള്ള പോർട്ടലായ പ്ലാനറ്റ് വഴി ഉബുണ്ടുവിന്റെ വികസനം സാധ്യമാക്കുന്നവരും ഒപ്പം പ്രവർത്തിക്കുന്നവരും നൽകുന്ന കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്.[67] ഫ്രിഡ്ജ് എന്നു വിളിക്കപ്പെടുന്ന പോർട്ടലിലൂടെ ഉബുണ്ടുവുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ ലഭിക്കുന്നതാണ്. ഓരോ ആഴ്ച്ചയിലും പുതിയ പുതിയ വാർത്തകൾ ക്രോഡീകരിച്ച എഴുത്തുകളും സമൂഹ പദ്ധതിയായ ഇവിടെ നിന്നു പ്രസിദ്ധീകരിക്കുന്നു.
സോഫ്റ്റ്വേറുകൾ സൃഷ്ടിക്കാനാഗ്രഹമുള്ളവർക്ക് അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഉബുണ്ടു ആർക്കും നൽകുന്നുണ്ട്. കലാപരമായ അഭിരുചിയുള്ളവർക്ക് ഉബുണ്ടുവിന്റെ ദൃശ്യാനുഭവത്തിൽ മാറ്റം വരുത്തി മെച്ചപ്പെടുത്താനുള്ള പദ്ധതിയിലും പങ്കുചേരാവുന്നതാണ്. ബഗ്ഗുകൾ കണ്ടെത്തുന്നവർക്ക് അവ സ്രഷ്ടാക്കളുടേയോ സമൂഹത്തിന്റേയോ ദൃഷ്ടിയിൽ പെടുത്തിയും പദ്ധതിയെ സഹായിക്കാവുന്നതാണ്.[68] സഹായക പ്രമാണങ്ങളുടെ നിർമ്മാണത്തിൽ പങ്കുകൊണ്ടും, ഐ.ആർ.സി, മെയിലിങ് ലിസ്റ്റ്, ഫോറം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ മറ്റുള്ളവർക്ക് കാര്യങ്ങൾ എങ്ങനെ ചെയ്യാം എന്നു പറഞ്ഞു കൊടുത്തും ഉബുണ്ടു പദ്ധതിയിൽ പങ്കെടുക്കാം. ഉബുണ്ടുവിനായി ലഭ്യമായ സോഫ്റ്റ്വേറുകൾ തർജ്ജമ ചെയ്ത് നൽകാനുള്ള അവസരവും പൊതുജനങ്ങൾക്കുണ്ട്.[69]
ഓഗസ്റ്റ് 2007-ൽ DesktopLinux.com 38,500 പേരിൽ നടത്തിയ സർവേയിൽ 30.3% പേരുടെ പിന്തുണയോടെ ഉപയോഗത്തിലുള്ള ലിനക്സ് വിതരണങ്ങളിൽ ഒന്നാമതെത്തിയിരുന്നു.[10] 2009 ജനുവരിയിൽ ന്യൂയോർക്ക് റ്റൈംസ് നൽകിയ വാർത്തയിൽ ഒരു കോടി ആൾക്കാരിലധികം പേർ ഉബുണ്ടു ഉപയോഗിക്കുന്നതായി കൊടുത്തിരുന്നു.[70] 2009 ജൂൺ മാസം സെഡ്.ഡി.നെറ്റ് നൽകിയ വിവരപ്രകാരം 1.3 കോടി സജീവരായ ഉപയോക്താക്കൾ ഉബുണ്ടുവിനുണ്ട്. ഇതു കൂടിക്കൊണ്ടുമിരിക്കുന്നു.[71] ലണ്ടനിൽ 2005-ൽ നടന്ന ലിനക്സ് വേൾഡ് കോൺഫറൻസ് ആൻഡ് എക്സ്പോയിൽ ഏറ്റവും നല്ല ലിനക്സ് വിതരണത്തിനുള്ള പുരസ്കാരം ഉബുണ്ടുവിനു ലഭിച്ചിട്ടുണ്ട്.[72] പല ഓൺലൈൻ, കടലാസ് മാദ്ധ്യമങ്ങളും ഉബുണ്ടു മെച്ചമാണെന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.[73][74][75] 2007-ൽ ഇൻഫോവേൾഡിന്റെ ഏറ്റവും നല്ല ഓപ്പൺ സോഴ്സ് ക്ലയന്റിനുള്ള ബോസ്സീ പുരസ്കാരം ഉബുണ്ടുവിനു ലഭിച്ചിട്ടുണ്ട്.[76] പി.സി. വേൾഡ് മാഗസിൻ ഉബുണ്ടുവിൽ സ്വതേ ഒരു ഡെസ്ക്ക്ടോപ്പ് ഇഫക്റ്റ് മാനേജർ ഇല്ലെന്നു വിമർശിച്ചിട്ടുണ്ടെങ്കിലും “എല്ലാം കൂടി നോക്കുമ്പോൾ ലഭ്യമായ ഏറ്റവും നല്ല ലിനക്സ് വിതരണമെന്നു” പറഞ്ഞിട്ടുണ്ട്.[77]
മാസിഡോണിയയിലെ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസ് മുറികളിൽ 1,80,000 ഉബുണ്ടു ലിനക്സ് ഡെസ്ക്ക്ടോപ്പുകൾ സജ്ജീകരിക്കുകയും, രാജ്യത്തെ എല്ലാ വിദ്യാർത്ഥികളോടും ഉബുണ്ടു ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.[78] 2005-ൽ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വേറുകളിലേയ്ക്കുള്ള മാറ്റത്തിന്റെ ഭാഗമായി 2008-ൽ ഫ്രഞ്ച് പോലീസ് അവർക്ക് മൈക്രോസോഫ്റ്റുമായുണ്ടായിരുന്ന കരാർ റദ്ദാക്കുകയും അവരുടെ 70,000 ഡെസ്ക്ടോപ്പുകൾ ഉബുണ്ടുവിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.[79][80] ഉബുണ്ടുവിലേയ്ക്ക് മാറിയതുവഴി ദശലക്ഷക്കണക്കിനു യൂറോ ലാഭിച്ചതായി 2013-ൽ ഫ്രഞ്ച് പോലീസ് വെളിപ്പെടുത്തിയിരുന്നു.[81][82] മുമ്പ് ഫെഡോറ, റെഡ്ഹാറ്റ് ലിനക്സ് കമ്പ്യൂട്ടറുകളിൽ പ്രവർത്തിച്ചിരുന്ന വിക്കിമീഡിയ സെർവറുകൾ ഒരൊറ്റ സാങ്കേതിക വിദ്യയിലേയ്ക്ക് മാറുന്നത് കൈകാര്യവും കാര്യനിർവഹണവും എളുപ്പമാക്കുമെന്നതിനാൽ ഉബുണ്ടുവിലേയ്ക്ക് മാറാൻ പദ്ധതിയിടുകയും[83] നടപ്പാക്കുകയും ചെയ്തു. ഇപ്പോൾ വിക്കിമീഡിയയുടെ എല്ലാ സെർവറുകളും (350[84] അല്ലെങ്കിൽ 400[85] എണ്ണം) ഉബുണ്ടുവിലാണ് പ്രവർത്തിക്കുന്നത്.[84] അവതാർ എന്ന ചിത്രത്തിലെ ഗ്രാഫിക്സുകൾ നിർമ്മിക്കാൻ പടുകൂറ്റൻ ഉബുണ്ടു സെർവർ ഫാമാണ് ഉപയോഗിച്ചിട്ടുള്ളത്.[86] അവതാറിന്റെ ഗ്രാഫിക്സ് പണികൾ നിർവഹിച്ച വേറ്റ ഡിജിറ്റൽ (Weta Digital) കമ്പനിയിലെ 35,000 പ്രോസസ്സറുകളടങ്ങുന്ന 4,000 എച്ച്.പി. ബ്ലേഡ് സെർവറുകളിലെ എല്ലാ റെൻഡറിങ് നോഡുകളും, 90% ഡെസ്ക്ടോപ്പുകളും ഉപയോഗിക്കുന്നത് ഉബുണ്ടുവാണ്.[87] 2007 മുതൽ ഡെൽ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്ത കമ്പ്യൂട്ടറുകൾ വിൽക്കുന്നുണ്ട്.[88] 2012 ജൂൺ മുതൽ ഡെൽ ഉബുണ്ടു പ്രീഇൻസ്റ്റോൾ ചെയ്ത കമ്പ്യൂട്ടറുകൾ ഇന്ത്യയിൽ വിൽക്കാൻ തുടങ്ങി. അതിനായി 850 ചില്ലറ വ്യാപാരസ്ഥാപനങ്ങൾ ഇന്ത്യയിൽ തുടങ്ങുകയും ചെയ്തു.[89] 2011 മുതൽക്കേ ചൈനയിൽ ഉബുണ്ടു പ്രീഇൻസ്റ്റോൾ ചെയ്ത കമ്പ്യൂട്ടറുകൾ ഡെൽ വിൽക്കുന്നുണ്ട്.[89] ഉബുണ്ടുവിനായുള്ള ക്ലൗഡ് കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യയിലും ഡെൽ പങ്കാളിയാണ്.[90] 2011 ജൂൺ 1 മുതൽ അസൂസ് ഉബുണ്ടു ഇൻസ്റ്റോൾ ചെയ്ത കമ്പ്യൂട്ടറുകൾ വിൽക്കാൻ തുടങ്ങിയിട്ടുണ്ട്.[91] പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ. നിർമ്മിക്കുന്ന എക്ലിപ്സ് 2009, 2010 വർഷങ്ങളിൽ നടത്തിയ സർവേകളിൽ, ഡെവലപ്പർമാർക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള ലിനക്സ് പതിപ്പായി ഉബുണ്ടുവിനെ കണ്ടെത്തിയിട്ടുണ്ട്.[92][93] ഈ സർവേ അനുസരിച്ച് 2010-ൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടായിട്ടുണ്ട്. സെർവർ വിപണിയിലും ഉബുണ്ടുവിന്റെ പങ്ക് 2010-ൽ ഉയർന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.[94] മീഡിയവിക്കി, ദ്രുപാൽ തുടങ്ങിയവ ഉപയോഗിക്കുന്ന സെർവറുകളും റൂബിയിൽ പ്രവർത്തിക്കുന്ന സൈറ്റുകൾക്കായുള്ള സെർവറുകളിലും വലിയൊരു ഭാഗം ഉബുണ്ടു ആണ്.[94] ഗൂഗിൾ ട്രെൻഡ്സിലെ സൂചനകളനുസരിച്ച്, അധികം വൈകാതെ, ലിനക്സ് (linux) എന്ന പദത്തേക്കാളുമധികം തിരയപ്പെടുക ഉബുണ്ടു (ubuntu) എന്ന പദമായിരിക്കും എന്നു കണക്കാക്കപ്പെടുന്നു.[95][96] 2015 ആകുമ്പോഴേക്കും 20 കോടി ഉപയോക്താക്കളാണ് നിർമ്മാതാക്കളുടെ ലക്ഷ്യം.[97] ഗൂഗിളിലെ പതിനായിരക്കണക്കിനു വരുന്ന ഉദ്യോഗസ്ഥർക്കായി ഗൂഗിൾ നൽകുന്നത് ഉബുണ്ടു ആണെന്ന്, ഉബുണ്ടു 12.10-നു വേണ്ടിയുള്ള ഉബുണ്ടു ഡെവലപ്പർ ഉച്ചകോടിയിൽ ഗൂഗിൾ വെളിപ്പെടുത്തി.[98] കാര്യമായ മാറ്റം വരുത്താതെയാണ് ഗൂഗിൾ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് ഉബുണ്ടു നൽകുന്നത്. സ്പെയിനിലെ ആൻഡാലൂസിയ പ്രവിശ്യയിലെ ഭരണകൂടം, അവിടുത്തെ രണ്ടായിരത്തിലധികം വിദ്യാലയങ്ങൾക്കായി 2,20,000 ഉബുണ്ടു അധിഷ്ഠിത കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.[99] അവ 6,00,000 വിദ്യാർത്ഥികളും 75,000 അദ്ധ്യാപകരും ഉപയോഗിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള ഒരു ഉബുണ്ടു കസ്റ്റം സ്പിൻ ആയ ഗ്വാഡാലിനക്സ് ഇ.ഡി.യു. ആണ് അവിടെ ഉപയോഗിക്കപ്പെടുന്നത്.[99]
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.[100] 50% ആണ് വാർഷികവളർച്ച.[101] ഇന്ത്യയിൽ ഡെൽ, എച്ച്.പി. തുടങ്ങിയ കമ്പനികൾ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്ത കമ്പ്യൂട്ടറുകൾ വിൽക്കുന്നുണ്ട്. ബംഗളുരുവിലെ നാരായണ ഹൃദയാലയ, ഓൺലൈൻസ് ഡയറക്ടറി സർവീസ് ആയ ജസ്റ്റ്ഡയൽ തുടങ്ങിയവയൊക്കെ പ്രവർത്തിക്കാൻ ഉബുണ്ടു ഉപയോഗിക്കുന്നു. സർക്കാർ മേഖലയിലും വിദ്യാഭ്യാസമേഖലയിലും ഉബുണ്ടു ശക്തമായ സാന്നിദ്ധ്യമാണ്. ഉത്തർ പ്രദേശ് സർക്കാരിന്റെ 15 ലക്ഷം ലാപ്ടോപ്പ് ഉടമ്പടിയും, ഡൽഹി സർവ്വകലാശാലയുടെ 61,000 ലാപ്ടോപ്പ് ഉടമ്പടിയുമൊക്കെ ഉബുണ്ടു ഉപയോഗിക്കാനുള്ളതാണ്. ആസാം ഇലക്ട്രോണിക് വികസന കോർപ്പറേഷൻ (ആംട്രോൺ) 28,000 ഉബുണ്ടു അധിഷ്ഠിത കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിട്ടുണ്ട്.[102] ഇന്ത്യയിലെ സുപ്രീം കോടതിയും മറ്റ് കോടതികളും 2011-ൽ ഉബുണ്ടുവിലോട്ട് മാറി.[103] സുപ്രീം കോടതി ഇ-കമ്മറ്റി നിർദ്ദേശം അനുസരിച്ചായിരുന്നു ഇത്. മുമ്പ് കോടതികൾ റെഡ്ഹാറ്റ് ലിനക്സ് ആയിരുന്നു ഉപയോഗിച്ചിരുന്നത്.
കേരളത്തിലെ ഗവൺമെന്റ്, എയിഡഡ്, അൺ എയിഡഡ് അംഗീകൃതം തുടങ്ങി ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഉബുണ്ടുവിലധിഷ്ഠിത വിവരസാങ്കേതികവിദ്യാപഠനമാണ് നടക്കുന്നത്. പത്താം ക്ലാസിലെ പൊതുപരീക്ഷയും ഉബുണ്ടുവിലാണ് നടക്കുന്നത്. ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 10.04 ആണ് നിലവിൽ സ്കൂളുകളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തരം പുതിയ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 12.04 ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതരത്തിലേക്ക് 32 ബിറ്റിനു പുറമെ 64 ബിറ്റ് രൂപവും തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ സ്കൂളുകളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്നോം രണ്ട് ഇന്റർഫേസിനു പകരമായി ഗ്നോം മൂന്നാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലുളളത്. ഐ.ടി. സ്കൂൾ പ്രോജക്ട് വികസിപ്പിച്ച പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 12.04 ന്റെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് 2013 ൽ നിർവ്വഹിച്ചു.[104]
കോട്ടയം കളക്റ്ററേറ്റ് 2009 മുതൽ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഉബുണ്ടു മാത്രമാണ് ഉപയോഗിക്കുന്നത്. 2009-ൽ കേരള നിയമസഭ, നിയമസഭാ സാമാജികർക്കു നൽകാനായി ഉബുണ്ടു 9.04, അല്ലെങ്കിൽ അതിലും പുതിയവ ഇൻസ്റ്റോൾ ചെയ്ത ലാപ്ടോപ്പുകൾക്കായി ടെൻഡർ വിളിക്കുകയും,[105] സാമാജികർക്ക് ഉബുണ്ടു ഇൻസ്റ്റോൾ ചെയ്ത ലാപ്ടോപ്പുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.[106]
ഡെബിയനിൽ നിന്നാണ് ഉബുണ്ടു വികസിപ്പിച്ചിരിക്കുന്നത്. ഉബുണ്ടു സെർവറിനായും ഡെസ്ക്ക്ടോപ്പ് ഉപയോഗത്തിനായും പ്രത്യേകം പതിപ്പുകൾ ഇറക്കുന്നുണ്ട്. എന്നാൽ ഫെഡോറ ഏതു രീതിയിലും ഉപയോഗിക്കാവുന്ന പതിപ്പുകളാണ് പുറത്തിറക്കുന്നത്. എന്റർപ്രൈസ് ആവശ്യങ്ങൾക്കായി പ്രത്യേകം പതിപ്പ് അതേസമയം റെഡ്ഹാറ്റ് പുറത്തിറക്കുന്നുണ്ട്. ഡെബിയൻ ഇത്തരത്തിൽ പതിപ്പുകളൊന്നും ഇറക്കുന്നില്ലെങ്കിലും അങ്ങേയറ്റം ക്രമീകരിച്ചെടുക്കാവുന്ന ഒന്നാണത്. ഫെഡോറ സർവ്വസ്വതന്ത്രങ്ങളായ സോഫ്റ്റ്വേറുകളേ പിന്തുണയ്ക്കുന്നുള്ളു. പക്ഷേ ഉബുണ്ടു ഒഴിവാക്കാൻ പറ്റാത്ത ഹാർഡ്വേർ ഭാഗങ്ങൾക്കായി സ്വന്തന്ത്രമല്ലാത്ത ഡ്രൈവറുകൾ ഉപയോഗിക്കുന്നുണ്ട്. ഡെബിയൻ എല്ലാത്തരം സോഫ്റ്റ്വേറുകളും ഉപയോഗിക്കുന്നുണ്ട്. ഉബുണ്ടു ഗ്രാഫിക്കലായ ഇന്റർഫേസ് ഉപയോഗിച്ചാണ് ഇൻസ്റ്റലേഷൻ നിർവഹിക്കുന്നത്, ഫെഡോറയും അപ്രകാരം തന്നെ. ഡെബിയൻ ഇൻസ്റ്റലേഷൻ ടെക്സ്റ്റ് രീതിയിലാണ്. ഇൻസ്റ്റലേഷൻ കൂടുതൽ വേഗത്തിൽ നടക്കുന്നത് ഉബുണ്ടുവിലാണ്. ഏറ്റവും ആവശ്യമായ പാക്കേജുകൾ മാത്രം ഉപയോഗിക്കുന്നതുകൊണ്ടും സിഡി ഇമേജ് അതേ പടി പകർത്തി, അവശ്യം വേണ്ട സജ്ജീകരണങ്ങൾ മാത്രം ചെയ്തെടുക്കുന്നതു കൊണ്ടുമാണിത്.[107] അക്കാരണം കൊണ്ടു തന്നെ ഇതര ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഓപ്പൺ സൂസിയോ, ഫെഡോറയോ പോലെയോ താരതമ്യേന കുറവു പാക്കേജുകൾ ഉപയോഗിക്കുന്ന ഡെബിയന്റെ അത്രയുമോ വിപുലമായ രീതിയിൽ ഉപയോക്താവിനാവശ്യമായ സോഫ്റ്റ്വേറുകൾ ഇൻസ്റ്റലേഷൻ സമയത്ത് ക്രമീകരിച്ചെടുക്കാനും കഴിയുന്നതല്ല. ബൂട്ടു ചെയ്ത് പ്രവേശിക്കാനുള്ള സമയം കുറവെടുക്കുന്നതും ഉബുണ്ടുവിൽ തന്നെ. ഫെഡോറയിലെ യം (yum) എന്ന പാക്കേജ് കൈകാര്യ ഉപകരണത്തേക്കാളും മികവുറ്റ ഡെബിയന്റെ dpkg പാക്കേജ് കൈകാര്യ ഉപകരണമാണ് ഉബുണ്ടുവും ഉപയോഗിക്കുന്നത്.[108] ഉപയോക്താവിന്റെ നിർദ്ദേശങ്ങളോടു പ്രതികരിക്കുന്നതിലും ഡെബിയനേക്കാളും, ഫെഡോറയേക്കാളും മുന്നിൽ ഉബുണ്ടു മുന്നിൽ നില്ക്കുന്നു, എന്നാൽ പി.എൽ.ഡി., കേറ്റ്ഓഎസ്, സെൻവാക് തുടങ്ങിയവയുടെയത്ര വേഗതയുണ്ടെന്നു പറയാനാവില്ല[109] . ലിനക്സ് വിതരണങ്ങളിൽ ഏറ്റവും സ്ഥിരതയുള്ള ഒന്നെന്നു കരുതപ്പെടുന്ന ഡെബിയന്റെ വ്യുൽപ്പന്നമായതിനാൽ ഉബുണ്ടുവും സ്ഥിരതയേറിയ ഓപ്പറേറ്റിങ് സിസ്റ്റമായി കണക്കാക്കുന്നു. പ്രാദേശീകരണത്തിലും ഉബുണ്ടു മുൻപന്തിയിലുണ്ട്. മെച്ചപ്പെടുത്തൽ സ്ഥിരമായും തുടർച്ചയായും നടക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു, അതുകൊണ്ട് തന്നെ ദിനംപ്രതിയെന്നോണം അപ്ഡേറ്റുകളും ലഭ്യമാണ്, ഒട്ടുമിക്ക ലിനക്സ് വിതരണങ്ങളും ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഫെഡോറയിലേതു പോലെ സുരക്ഷ മുൻനിർത്തിയുള്ള ആപ്ലിക്കേഷനായ എസ്.ഇ.ലിനക്സ് സ്വതേ ഇൻസ്റ്റോൾ ആകുന്നില്ല. സുരക്ഷാ ഉദ്ദേശം മുൻനിർത്തി ആപ്പ്ആർമർ, ഫയർവാൾ തുടങ്ങിയവ ഉബുണ്ടുവിനൊപ്പം ലഭ്യമാണെങ്കിലും അതു ഗ്രാഫിക്കലായി ക്രമീകരിക്കാനുള്ള ഒന്നും സ്വതേ ഇൻസ്റ്റോൾ ആകുന്നതല്ല.
വിവിധ ഉപയോഗങ്ങൾക്കനുസൃതമായും വിവിധ ഹാഡ്വേറുകൾക്ക് യോജിച്ച വിധത്തിലും പ്രൊഫഷണൽ, ഹോം തുടങ്ങി നിരവധി വിൻഡോസ് പതിപ്പുകൾ ലഭ്യമാണ്, അതുപോലെ തന്നെ ഉബുണ്ടുവും വ്യത്യസ്ത പതിപ്പുകളായി എഡ്യുബുണ്ടു, ക്സുബുണ്ടു എന്നിങ്ങനെ ലഭ്യമാണ്. ഈ തരംതിരിവുകൾ വിൻഡോസിലേതിനേക്കാളും ഉബുണ്ടുവിൽ വ്യത്യസ്തമാക്കപ്പെട്ടവയാണ്. ഇൻസ്റ്റലേഷൻ വിൻഡോസിനെ അപേക്ഷിച്ച് ഉബുണ്ടുവിൽ ലളിതമാണ്. വിൻഡോസ് വിസ്റ്റയിൽ ഇൻസ്റ്റലേഷനു ശേഷം ആദ്യം പ്രവേശിക്കുന്നതിനു മുമ്പ് ധാരാളം ക്രമീകരണങ്ങൾ ചെയ്തു കൊടുക്കേണ്ടതുണ്ട്. എന്നാൽ ഉബുണ്ടുവിൽ ഇൻസ്റ്റോൾ ചെയ്തതിനു ശേഷം നേരിട്ട് കമ്പ്യൂട്ടറിൽ പ്രവേശിക്കാവുന്നതാണ്. എന്നാൽ പകർപ്പവകാശമുള്ള സാങ്കേതിക വിദ്യകളൊന്നും ഉബുണ്ടുവിനൊപ്പം വിതരണം ചെയ്യാത്തതിനാൽ ഏറെ പ്രചാരമുള്ള പല ഫയൽതരങ്ങളും പ്രവർത്തിപ്പിക്കാൻ പിന്നീട് അവയ്ക്കാവശ്യമായ സോഫ്റ്റ്വെയർ ഉബുണ്ടുവിൽ ഇൻസ്റ്റോൾ ചെയ്ത് നൽകേണ്ടതാണ്. വിസ്റ്റയിൽ ലഭ്യമായ ത്രിമാന ഡെസ്ക്ക്ടോപ്പും മറ്റും ഉബുണ്ടുവിൽ സ്വതേ ഉള്ള ഡെസ്ക്ക്ടോപ്പ് എൻവിയണ്മെന്റായ ഗ്നോമിൽ നിരവധി പതിപ്പുകൾ മുമ്പേ ലഭ്യമായിരുന്നു, 11.04 മുതൽ ഉബണ്ടുവിനു സ്വതേയുള്ള ഉപയോക്തൃസമ്പർക്ക മുഖമായ യൂണിറ്റിയിലും ഇത് ലഭ്യമാണ്. ഹാർഡ്വെയർ ആവശ്യകതയും ഉബുണ്ടുവിനാണ് കുറവ്. വിൻഡോസ് വിസ്റ്റയോടൊപ്പം വരുന്ന എയ്റോ ഇന്റഫേസിനു സമാനമായ ബെറിൽ ഇന്റർഫേസ് ഉബുണ്ടുവിൽ നിരവധി പതിപ്പുകൾ മുമ്പേയുണ്ടായിരുന്നു. പിന്നീട് ബെറിൽ അതിന്റെ കോമ്പിസ് ഫ്യൂഷൻ എന്ന പദ്ധതിയായി മാറി.[110] പക്ഷേ ബെറിൽ ഉബുണ്ടുവിൽ സ്വതേ ലഭ്യമല്ല, അതുപോലെ തന്നെ എയ്റോ എല്ലാ വിൻഡോസ് പതിപ്പുകളിലും ഉണ്ടാവാറില്ല. വിൻഡോസ് വിസ്റ്റയെ അപേക്ഷിച്ച് വിപുലമായ ഹാഡ് വേർ തരങ്ങളിൽ വിൻഡോസ് 7 പ്രവർത്തിക്കും. എന്നിരുന്നാലും പഴയ ഹാഡ് വേറുകളിലെല്ലാം വിൻഡോസ് 7 പ്രവർത്തിക്കണമെന്നില്ല, ഉബുണ്ടു ബഹുഭൂരിഭാഗം ഹാഡ് വേറുകളിലും പ്രവർത്തിച്ചുകൊള്ളും. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ ഭാഗമായി ഉപയോഗിക്കാനുള്ള സൗകര്യം ഉബുണ്ടു 9.10 മുതൽ സ്വതേ ഉൾപ്പെടുത്തിയിരിക്കുന്നു. വിൻഡോസ് 7-ൽ ഇത്തരത്തിൽ ഒന്നും സ്വതേ ലഭ്യമല്ല.[111] വിസ്റ്റയിൽ നിന്ന് വിൻഡോസ് സെവനിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യൽ എളുപ്പമാണെങ്കിലും (ചിലപ്പോൾ ഇതിന് 20 മണിക്കൂർ വരെ സമയം എടുക്കാം[112]), വിസ്റ്റയിലും പഴയ പതിപ്പുകളിൽ നിന്നുള്ള അപ്ഗ്രേഡിങ് സങ്കീർണ്ണമാണ്. നിലവിൽ പിന്തുണയുള്ള ഏതു പതിപ്പിൽ നിന്നാണെങ്കിലും ഉബുണ്ടുവിന്റെ അപ്ഗ്രേഡിങ് ലളിതമാണ്. വിൻഡോസ് 7-ൽ സംഗീത, ചലച്ചിത്ര പ്രമാണങ്ങൾക്കായി സൃഷ്ടിച്ചിരിക്കുന്ന മീഡിയ സെന്റർ സൗകര്യത്തിനു സമാനമായ ഒന്നും ഉബുണ്ടുവിൽ ലഭ്യമല്ല. അപ്ഡേറ്റ് ചെയ്യുമ്പോൾ ഓപ്പറേറ്റിങ് സിസ്റ്റം ഭാഗങ്ങൾ മാത്രമേ വിൻഡോസ് അപ്ഡേറ്റ് ചെയ്യാറുള്ളു. എന്നാൽ ഓപ്പറേറ്റിങ് സിസ്റ്റം ഭാഗങ്ങൾക്കൊപ്പം ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന സോഫ്റ്റ്വേറുകളുടെ മെച്ചപ്പെടുത്തലുകളുടെ തത്സമയ വിവരങ്ങളും ഉബുണ്ടു തിരക്കി, ആവശ്യമെങ്കിൽ അപ്ഡേറ്റ് ചെയ്യുന്നു[113] വിൻഡോസിനെ അപേക്ഷിച്ചു നോക്കുമ്പോൾ മറ്റേതൊരു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തെ പോലെയും ഉബുണ്ടു സുരക്ഷിതമാണ്. ഇക്കാര്യം ഡെല്ലും സ്ഥിരീകരിച്ചിട്ടുണ്ട്.[88] വൈറസ് ആക്രമണങ്ങളും അതുപോലുള്ള പ്രശ്നങ്ങളും ലിനക്സ് കമ്പ്യൂട്ടറുകളിൽ ഉണ്ടാകാറില്ല. എന്നിരുന്നാലും ദിനംപ്രതിയെന്നോണം അപ്ഡേറ്റുകൾ ഉബുണ്ടുവിനുണ്ടാകുന്നു. സുരക്ഷാ ബഗുകളുടെ ആധിക്യം എന്നതിനേക്കാളും നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. സ്വതന്ത്രവും സമൂഹ പിന്തുണയുമുള്ള സോഫ്റ്റ്വേറുകളിലുള്ള ബഗുകളാണ് വിൻഡോസിനേക്കാളും വേഗത്തിൽ പരിഹരിക്കപ്പെടുന്നതും. വിൻഡോസിലുള്ള സോഫ്റ്റ്വേറുകളുടെ ഇൻസ്റ്റലേഷൻ, അണിൻസ്റ്റലേഷൻ ഉപകരണത്തേക്കാളും കൂടുതലായി ഉബുണ്ടു റെപ്പോസിറ്ററിയിൽ ലഭ്യമായ ആയിരക്കണക്കിനു സോഫ്റ്റ്വേറുകളിൽ നിന്നും ആവശ്യമുള്ളവ തിരഞ്ഞെടുത്ത് നേരിട്ട് ഇൻസ്റ്റോൾ ചെയ്യാനുള്ള സൗകര്യം ഉബുണ്ടുവിലുണ്ട്.
ലിനക്സ് പോലെ മാക് ഓ.എസ്സും യുണിക്സിനെ ഉപജീവിച്ച് നിർമ്മിച്ചിട്ടുള്ളതാണ്. എന്നാൽ ഉബുണ്ടു പഴയതും പുതിയതുമായ ഹാർഡ്വേറുമായി ഒത്തു പ്രവർത്തിക്കുമെങ്കിൽ മാക് ഓ.എസ്സ്. അതിനു വേണ്ടി നിർമ്മിച്ച ഹാർഡ്വേറുമായോ അല്ലെങ്കിൽ താരതമ്യേന പുതിയ ഘടകങ്ങളുമായോ മാത്രമേ ഒത്തു പോകാറുള്ളു. ഉബുണ്ടുവിനൊപ്പം ഫയർഫോക്സും, ഓപ്പൺ ഓഫീസും ഉള്ളതു പോലെ മാൿ ഓഎസ്സിനൊപ്പം സഫാരിയും ഐവർക്ക് സ്യൂട്ടും ലഭിക്കുന്നുണ്ട്. ഇവ എല്ലാ വിതരണങ്ങൾക്കുമൊപ്പം ഉണ്ടായിരിക്കണമെന്നുമില്ല. മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രദാനം ചെയ്യാൻ മാക് ഓഎസ് എക്സിൽ ഉള്ള ഭാഗമാണ് അക്വാ, മുമ്പ് പറഞ്ഞതു പോലെ ഉബുണ്ടുവിലിത് കോമ്പിസ് ഫ്യൂഷൻ, കോമ്പിസ് തുടങ്ങിയവയാണ് കൈകാര്യം ചെയ്യുന്നത്. വീഡിയോ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മാക് ഓ.എസ്. മികച്ചു നിൽക്കുന്നു. സ്ഥിരതയിലും മാക് ഓ.എസ്. പിന്നിലല്ല. എന്നാൽ ആപ്പിളിനായുള്ള ഇന്റൽ ഹാർഡ്വെയറിൽ മാക് ഓ.എസ്സിനേക്കാളും മെച്ചപ്പെട്ട പ്രകടനം ഉബുണ്ടു കാഴ്ചവെയ്ക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ കാണിക്കുന്നുണ്ട്.[114]
ഡെബിയൻ പദ്ധതി പിന്തുണയ്ക്കുന്നവരുടെ നിശിത വിമർശനത്തിനു ഉബുണ്ടു വിധേയമായിട്ടുണ്ട്. പ്രധാനമായും ഉബുണ്ടുവും ഡെബിയനും തമ്മിലുള്ള പരസ്പര പിന്തുണ ഇല്ലാതെ പോകുന്നതിനാണിതുണ്ടായിട്ടുള്ളത്.[115] ഉബുണ്ടു അടിസ്ഥാനം മുതൽ ഡെബിയനിൽ നിന്നും സൃഷ്ടിക്കണമെന്ന് ഡെബിയന്റെ സ്രഷ്ടാവായ ഇയാൻ മർഡോക്ക് ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു.[61] ഇക്കാര്യങ്ങളിൽ 2006 മെയ് 6-നു ഡെബിയന്റെ മുൻനിര വികസന പങ്കാളികളും മാർക്ക് ഷട്ടിൽവർത്തുമായി സംവാദം നടന്നിരുന്നു.[116] ഉബുണ്ടു ഡെബിയനു നൽകുന്ന പാച്ചുകളിലും ഡെബിയൻ സ്രഷ്ടാക്കൾ സന്തുഷ്ടരല്ല. അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും, പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട്. കൂട്ടത്തിൽ, ഡെബിയെനെ ദുർബലപ്പെടുത്തുമെന്നതിനാൽ അവ സ്വീകരിക്കുന്നതു സംബന്ധിച്ചും തർക്കമുണ്ടായിട്ടുണ്ട്.
നോവൽ (ഓപ്പറേറ്റിങ് സിസ്റ്റം) സ്രഷ്ടാവായ ഗ്രെഗ് ക്രോ-ഹാർട്ട്മാൻ ലിനക്സ് കെർണൽ വികസനത്തിൽ ഉബുണ്ടു തീരെ കുറച്ചുമാത്രമേ പങ്കുവഹിക്കുന്നുള്ളു എന്നാരോപിച്ചു. ഉബുണ്ടു വളരെകുറച്ചു പാച്ചുകൾ മാത്രമേ (<1%) ലിനക്സ് കെർണലിനു ഉബുണ്ടു നൽകിയിട്ടുള്ളു.[117] ഉബുണ്ടുവിന്റെ വികസനപ്രക്രിയയിൽ പങ്കെടുക്കുന്ന മാറ്റ് സിമ്മേഴ്സൺ നൽകിയ മറുപടിയിൽ ഇത് പൂർണ്ണമായും ശരിയല്ലെന്നു പറയുകയും ലിനക്സുമായി ബന്ധപ്പെട്ട നിരവധി ആപ്ലിക്കേഷനുകളിൽ (ഉദാ: ഗ്നോം, കെ.ഡി.ഇ.) ഉബുണ്ടു നൽകുന്ന സേവനങ്ങളെ എടുത്തുകാട്ടുകയും ചെയ്തു.[118] മുൻ റെഡ് ഹാറ്റ് ഉദ്യോഗസ്ഥനായിരുന്ന ഗ്രെഗ് ഡെക്കോണിസ്ബെർഗ് 2010-ൽ നടത്തിയ വിമർശനത്തിൽ കാനോനിക്കൽ ഗ്നോമിനും കാര്യമായ സംഭാവനയൊന്നും നൽകുന്നില്ലെന്നും നൽകുന്നതിനേക്കാളും എടുക്കുന്നതാണ് കാനോനിക്കലിന്റെ സ്വഭാവമെന്നുമാരോപിച്ചു. ഗ്നോമിലെ ആകെ സംഭാവനകളുടെ 16 ശതമാനം റെഡ്ഹാറ്റ് ചെയ്തപ്പോൾ കാനോനിക്കൽ ഒരു ശതമാനം മാത്രമാണ് ചെയ്തതെന്ന് ഗ്രെഗ് കണക്കുകൾ ഉപയോഗിച്ച് സ്ഥാപിച്ചു.[119] എന്നാൽ മാർക്ക് ഷട്ടിൽവർത്ത് ഇതിനു നൽകിയ മറുപടിയിൽ ഈ വാദം അപകടകരമാണെന്നും തങ്ങൾ സൃഷ്ടിച്ചത് മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ലെന്ന ഗോത്രവർഗ്ഗ സ്വഭാവമാണെന്നുമാരോപിച്ചു.[120] കാനോനിക്കലിന്റെ കമ്മ്യൂണിറ്റി മാനേജറായ ജോനോ ബേയ്ക്കൺ, ഗ്രെഗിനു നൽകിയ മറുപടിയിൽ ഉബുണ്ടു, ഡെസ്ക്ടോപ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനായി സ്വയം വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമായ ലോഞ്ച്പാഡ് ആണ് ഉപയോഗിക്കുന്നതെന്നും, അവിടെ 18,000 സോഫ്റ്റ്വേറുകളുടെ വികസനം നടക്കുന്നുണ്ടെന്നും ഒപ്പം ഏറെ പ്രചാരത്തിലുള്ളതും ലോഞ്ച്പാഡ് ഉപയോഗിച്ച് വികസിപ്പിച്ചതുമായ ചില സോഫ്റ്റ്വേറുകളുടെ പേരുകൾ നൽകുകയും ചെയ്തു.[121]
2010 അവസാനം ഉബുണ്ടു പതിപ്പ് 11.04 മുതൽ ഗ്നോം ഉപേക്ഷിച്ച് ഉബുണ്ടു, അവരുടെ സ്വന്തം ഡെസ്ക്ടോപ്പ് എൻവിയണ്മെന്റായ യൂണിറ്റി ആയിരിക്കും ഉപയോഗിക്കുക എന്ന ഷട്ടിൽവർത്തിന്റെ അറിയിപ്പ് ഏറെ വിമർശനങ്ങളെ വിളിച്ചു വരുത്തി.[122]
ഡെസ്ക്ക്ടോപ്പ് വിപണിയിൽ അതിന്റേതായ സ്ഥാനം ലഭിച്ചതിനാൽ ഉബുണ്ടു ഇനി സെർവർ വിപണിയിലും ശ്രദ്ധകേന്ദ്രീകരിക്കും എന്നു മാർക്ക് ഷട്ടിൽവർത്ത് പറഞ്ഞിട്ടുണ്ട്. കമ്പനികളും മറ്റും വ്യത്യസ്ത സെർവർ ക്ലയന്റ് സാങ്കേതിക വിദ്യകൾ ഒരു സ്ഥലത്ത് തന്നെ ഉപയോഗിക്കാൻ സാധ്യതയില്ല എന്നാണ് ഇതിനു കാരണമായി ഷട്ടിൽവർത്ത് അവകാശപ്പെട്ടത്.[123] അതേ സമയം ഡെസ്ക്ക്ടോപ്പ് വിപണിയെ അക്കൂടെ തന്നെ പരിപോഷിപ്പിക്കുകയും ചെയ്യും. ശക്തിയേറിയ കമ്പ്യൂട്ടർ വിന്യാസങ്ങൾക്കായി ക്ലൌഡ് കമ്പ്യൂട്ടിങ് മേഖലയിലേയ്ക്കും ഉബുണ്ടു വികസിക്കാൻ പോകുന്നു. ഇപ്പോൾ ഇതിനായുള്ള ഒരു ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയായ യൂക്കാലിപ്റ്റസ്[124] ഉപയോഗിച്ച് പരീക്ഷിച്ചു നോക്കാൻ[125]ഉബുണ്ടു 9.04 ജോണ്ടി ജാക്കലോപ്പ് സെർവർ മുതൽ അവസരം നൽകിയിരുന്നു. ഉബുണ്ടു വൺ എന്നറിയപ്പെടുന്ന സൗകര്യം ഉപയോഗിച്ച് സാധാരണ ഉപയോക്താക്കൾക്കും ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യം ഉബുണ്ടു 9.10 മുതൽ നൽകിത്തുടങ്ങി. എന്നാൽ സെർവറുകളിൽ പരക്കെ ഉപയോഗത്തിലിരിക്കുന്ന ഒറാക്കിൾ, സാപ് തുടങ്ങി നിരവധി സാങ്കേതിക വിദ്യകൾ സ്വതന്ത്രമല്ലാത്തതുകൊണ്ട് സെർവർ സാങ്കേതിക വിദ്യയിൽ എങ്ങനെയാണ് വിപണിയെ സമീപിക്കേണ്ടത് എന്നതു സംബന്ധിച്ച് ശരിയായ ഒരു തീരുമാനമുണ്ടായിട്ടില്ല. ഇത് ഒറ്റദിവസം കൊണ്ട് സാധിക്കുന്ന ഒന്നല്ല എന്നാണ് ഷട്ടിൽവർത്തിന്റെ അഭിപ്രായം. എന്നാൽ ഇമെയിൽ സെർവറുകൾക്കുള്ള സാങ്കേതിക വിദ്യകൾ പൂർണ്ണമായും വികസിപ്പിച്ചെടുക്കാൻ ഉബുണ്ടുവിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും സ്വതന്ത്രമല്ലാത്ത ഹാഡ് വെയർ ഡ്രൈവറുകൾ ഉബുണ്ടുവിലുണ്ട്. അതത് ഹാഡ് വെയർ നിർമ്മാതാക്കളെ നേരിട്ട് സമീപിച്ച് അവ സ്വതന്ത്രമാക്കാനുള്ള പദ്ധതിയും ഉബുണ്ടുവിനുണ്ട്. പരിപൂർണ്ണമായി സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള പദ്ധതിയായ ഗോബുണ്ടു പൊതുജനങ്ങൾ അത്ര കൈക്കൊള്ളാഞ്ഞതു മൂലം, അത് സമാന തരത്തിലുള്ളതും ഉബുണ്ടു ഉപയോഗിച്ചുള്ളതും എന്നാൽ ഉബുണ്ടുവുമായി ഔദ്യോഗിക ബന്ധമൊന്നുമില്ലാത്തതുമായ ന്യൂസെൻസ് (gNewSense) എന്ന ഗ്നൂവിന്റെ ഒരു പദ്ധതിയിലേയ്ക്ക് ലയിപ്പിക്കാനാണു സാദ്ധ്യത.[126] ഉബുണ്ടു ഇപ്പോൾ തന്നെ സ്വതന്ത്ര സോഫ്റ്റ്വേറുകൾ ഉപയോഗിക്കുന്നതു മൂലം, അവയുടെ സോഴ്സ് ഏവർക്കും ലഭ്യമാണ്. അതുകൊണ്ട് തന്നെ ഒരു കാര്യം ചെയ്യാനായി വ്യത്യസ്തങ്ങളായ രീതിയിൽ ഈ സോഴ്സ് കോഡുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വ്യത്യസ്ത സോഫ്റ്റ്വേറുകൾ ഉണ്ടാകാം. ഇത് ഇപ്പോൾ തന്നെ ഓരോ ഉപയോക്താവിനും അവരവർക്ക് താത്പര്യമുള്ള വിധത്തിൽ സോഫ്റ്റ്വേറുകൾ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു, ഭാവിയിലേതെങ്കിലും സോഫ്റ്റ്വെയറുകൾ അവയുടെ സ്രഷ്ടാക്കൾ ഉപേക്ഷിക്കുകയാണെങ്കിൽ മറ്റാർക്കെങ്കിലും അവ പിന്തുടർന്ന് തുടർവികസനം സാധ്യമാക്കാനുള്ള അവസരം ഇതുമൂലം ഉണ്ട്. കാനോനിക്കലിനോ മാർക്ക് ഷട്ടിൽവർത്തിനോ എന്തെങ്കിലും സംഭവിച്ചാലോ അല്ലെങ്കിൽ കാനോനിക്കൽ ഉബുണ്ടുവിനുള്ള പിന്തുണ അവസാനിപ്പിച്ചാലോ ഉബുണ്ടു പദ്ധതിയ്ക്ക് യാതൊരു തളർച്ചയും വരാതിരിക്കാനായി ഇപ്പോൾ സജീവമല്ലെങ്കിലും ഉബുണ്ടു ഫൌണ്ടേഷൻ എന്നൊരു ഫൌണ്ടേഷൻ ഷട്ടിൽവർത്ത് സ്ഥാപിച്ചിട്ടുണ്ട്. അത്തരമൊരവസരത്തിൽ ഉപയോഗിക്കാൻ ഉബുണ്ടു ഫൌണ്ടേഷന് ഷട്ടിൽവർത്ത് തന്നെ ഒരു കോടി ഡോളർ സംഭാവന നൽകിയിട്ടുമുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.